നൂറ്റിനാല്പത്തിമൂന്നാം ദിവസം: 1 മക്കബായര്‍ 12, 13


അദ്ധ്യായം 12

സ്പാര്‍ത്തായുമായി സഖ്യം
1: സമയം അനുകൂലമാണെന്നുകണ്ടു ജോനാഥാന്‍ റോമാക്കാരുമായുള്ള സൗഹൃദമുറപ്പിക്കുന്നതിനും നവീകരിക്കുന്നതിനുംവേണ്ടി ഏതാനുംപേരെ തിരഞ്ഞെടുത്തു റോമായിലേക്കയച്ചു.
2: അതിനുവേണ്ടിത്തന്നെ സ്പാര്‍ത്തായിലേക്കും മറ്റു സ്ഥലങ്ങളിലേക്കും അവന്‍ സന്ദേശമയച്ചു.
3: അവര്‍ റോമായിലെത്തിഅവിടത്തെ പ്രതിനിധിസഭയില്‍ പ്രവേശിച്ചുപറഞ്ഞു: പ്രധാനപുരോഹിതനായ ജോനാഥാനും യഹൂദജനതയും റോമാക്കാരുമായുള്ള മുന്‍സൗഹൃദവും സഖ്യവും നവീകരിക്കുന്നതിനു ഞങ്ങളെ അയച്ചിരിക്കുന്നു.
4: യൂദാദേശത്തേക്കു സുരക്ഷിതരായി മടങ്ങിപ്പോകുന്നതിന് അവര്‍ക്ക് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശംനല്കിക്കൊണ്ടുള്ള കത്തുകള്‍ റോമാക്കാര്‍ അവരെയേല്പിച്ചു.
5: ജോനാഥാന്‍ സ്പാര്‍ത്താക്കാര്‍ക്കെഴുതിയ കത്തിന്റെ പകര്‍പ്പാണിത്:
6: പ്രധാനപുരോഹിതനായ ജോനാഥാനുംരാജ്യത്തിലെ പ്രതിനിധിസഭയും പുരോഹിതന്മാരും മറ്റു യഹൂദരും സ്പാര്‍ത്തായിലെ തങ്ങളുടെ സഹോദരര്‍ക്ക് അഭിവാദനമര്‍പ്പിക്കുന്നു.
7: ഇതോടൊപ്പമയയ്ക്കുന്ന പകര്‍പ്പു വ്യക്തമാക്കുന്നതുപോലെനിങ്ങള്‍ ഞങ്ങളുടെ സഹോദരരാണെന്നു പ്രസ്താവിച്ചുകൊണ്ടു നിങ്ങളുടെ രാജാവായ ആരിയൂസ്, പ്രധാനപുരോഹിതനായ ഓനിയാസിനു മുമ്പൊരു കത്തയച്ചിരുന്നല്ലോ.
8: ഓനിയാസ് ദൂതനെ ആദരപൂര്‍വ്വം സ്വീകരിക്കുകയും സഖ്യത്തിന്റെയും സൗഹൃദത്തിന്റെയും വ്യക്തമായ പ്രഖ്യാപനമടങ്ങുന്ന ആ കത്തു കൈപ്പറ്റുകയുംചെയ്തു.
9: ഞങ്ങളുടെ കൈവശമുള്ള വിശുദ്ധഗ്രന്ഥങ്ങള്‍ ഞങ്ങള്‍ക്ക് ആത്മധൈര്യം പകരുന്നതുകൊണ്ടു ഞങ്ങള്‍ക്കിവയൊന്നും ആവശ്യമില്ലെങ്കിലും നിങ്ങളുമായുള്ള സാഹോദര്യവും സൗഹൃദവും നവീകരിക്കുന്നതിന് ആളയയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
10: നിങ്ങള്‍ ഞങ്ങള്‍ക്കു കത്തയച്ചിട്ട് ഏറെക്കാലം കഴിഞ്ഞിരിക്കയാല്‍, നാം തമ്മില്‍ അകല്‍ച്ചയുണ്ടാകാതിരിക്കേണ്ടതിനുതന്നെ.
11: ഞങ്ങള്‍ നിങ്ങളെ ഓരോ അവസരത്തിലുംതിരുനാളുകളിലും മറ്റു വിശേഷദിവസങ്ങളിലും ബലിയര്‍പ്പണത്തിലും പ്രാര്‍ത്ഥനകളിലും നിരന്തരം അനുസ്മരിക്കുന്നു. സഹോദരരെ അനുസ്മരിക്കുക ഉചിതവും ന്യായവുമാണല്ലോ.
12: നിങ്ങളുടെ മഹത്വത്തില്‍ ഞങ്ങളാഹ്ലാദിക്കുന്നു.
13: ഞങ്ങളെയാകട്ടെ ഏറെ പീഡനങ്ങളും യുദ്ധങ്ങളും വലയംചെയ്തിരിക്കുന്നു. ചുറ്റുമുള്ള രാജാക്കന്മാര്‍ ഞങ്ങള്‍ക്കെതിരേ യുദ്ധത്തിനുവരുകയുംചെയ്തിരിക്കുന്നു.
14: നിങ്ങളുടെ മറ്റു സഖ്യകക്ഷികളെയോ സുഹൃത്തുക്കളെയോ ഈ യുദ്ധങ്ങളുടെപേരില്‍ ബുദ്ധിമുട്ടിക്കാന്‍ ഞങ്ങളാഗ്രഹിച്ചില്ല.
15: സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്ന സഹായം ഞങ്ങള്‍ക്കുണ്ട്. ശത്രുവില്‍നിന്നു ഞങ്ങള്‍ രക്ഷനേടിഅവര്‍ ലജ്ജിതരായി.
16: റോമാക്കാരുമായുള്ള ഞങ്ങളുടെ മുന്‍സൗഹൃദവും സഖ്യവും നവീകരിക്കുന്നതിന് അന്തിയോക്കസിന്റെ മകന്‍ നുമേനിയൂസിനെയും ജാസന്റെ മകന്‍ അന്തിപ്പാത്തറിനെയും ഞങ്ങള്‍ തിരഞ്ഞെടുത്തയച്ചിരിക്കുന്നു.
17: നിങ്ങളുടെയടുത്തുവന്ന് അഭിവാദനമര്‍പ്പിക്കുന്നതിനും നമ്മുടെ സാഹോദര്യം നവീകരിക്കുന്നതു സംബന്ധിച്ചുള്ള ഈ കത്തു നിങ്ങളെയേല്പിക്കുന്നതിനും ഞങ്ങള്‍ അവരോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്.
18: ദയവായി ഞങ്ങള്‍ക്കിതിനു മറുപടിതരുവിന്‍.
19: ഓനിയാസിനയച്ച കത്തിന്റെ പകര്‍പ്പിതാണ്:
20: സ്പാര്‍ത്തായിലെ രാജാവായ ആരിയൂസ് പ്രധാനപുരോഹിതനായ ഓനിയാസിനു മംഗളമാശംസിക്കുന്നു.
21: സ്പാര്‍ത്താക്കാരും യഹൂദരുടെ സഹോദരരാണെന്നുംഅബ്രാഹമിന്റെ വംശത്തില്‍പ്പെട്ടവരാണെന്നും രേഖകളില്‍ക്കാണുന്നു.
22: ഇതറിഞ്ഞ സ്ഥിതിക്ക്നിങ്ങളുടെ ക്ഷേമമറിയിച്ചാലും.
23: ഞങ്ങള്‍ക്കെഴുതാനുള്ളതിതാണ്: നിങ്ങളുടെ കന്നുകാലികളും വസ്തുവകകളും ഞങ്ങള്‍ക്കുള്ളതാകുന്നുഞങ്ങളുടേതു നിങ്ങള്‍ക്കുള്ളതും. ഈ വിവരം നിങ്ങളെ അറിയിക്കണമെന്നു ദൂതന്മാരോടു ഞങ്ങളാജ്ഞാപിച്ചിട്ടുണ്ട്.

ദമെത്രിയൂസിനെതിരേ യുദ്ധം
24: ദമെത്രിയൂസിന്റെ സേനാധിപന്മാര്‍ മുമ്പത്തെക്കാള്‍ വലിയൊരു സൈന്യവുമായി തനിക്കെതിരേ, വീണ്ടും പടയ്ക്കുവന്നിട്ടുണ്ടെന്നു ജോനാഥാന്‍ കേട്ടു.
25: ജറുസലെമില്‍നിന്നു പുറപ്പെട്ടു ഹാമാത്തുപ്രദേശത്തുവച്ച് അവനവരുമായി ഏറ്റുമുട്ടി. തന്റെ രാജ്യമാക്രമിക്കാന്‍ അവന്‍ അവര്‍ക്കവസരം നല്കിയില്ല.
26: അവന്‍ അവരുടെ പാളയത്തിലേക്കു ചാരന്മാരെയയച്ചു. രാത്രിയില്‍ യഹൂദരുടെമേല്‍ ചാടിവീഴാന്‍ ശത്രു ഒരുങ്ങിനില്ക്കുകയാണെന്ന് അവര്‍ അവനു വിവരംനല്കി.
27: സൂര്യാസ്തമയമായപ്പോള്‍, രാത്രിമുഴുവന്‍ യുദ്ധത്തിനു തയ്യാറായി ആയുധവുമേന്തി ജാഗരൂകതയോടെ നില്‍ക്കാന്‍ ജോനാഥാന്‍ തന്റെ സേനകളോടാജ്ഞാപിക്കുകയും പാളയത്തിനുചുറ്റും ഉപരക്ഷാസേനയെ ഏര്‍പ്പെടുത്തുകയും ചെയ്തു.
28: ജോനാഥാനും സൈന്യവും യുദ്ധസജ്ജരാണെന്നുകേട്ട്, ശത്രുക്കള്‍ ഭയചകിതരും നഷ്ടധൈര്യരുമായി. പാളയത്തില്‍ വിളക്കു കൊളുത്തിയിട്ട് അവര്‍ പിന്‍വാങ്ങി.
29: വിളക്കുകള്‍ കത്തിക്കൊണ്ടിരുന്നതു കാണുകയാല്‍ ജോനാഥാനും സൈന്യവും നേരംപുലരുന്നതുവരെ ഇക്കാര്യമറിഞ്ഞില്ല.
30: ജോനാഥാന്‍ പിന്തുടര്‍ന്നുവെങ്കിലും അവര്‍ എലുത്തെരൂസ്‌ നദി കടന്നിരുന്നതിനാല്‍ അവരെ മറികടക്കാന്‍ കഴിഞ്ഞില്ല.
31: ജോനാഥാന്‍ സബദിയര്‍ എന്നറിയപ്പെട്ടിരുന്ന അറബികളെ ആക്രമിച്ചു കീഴടക്കുകയും അവരെ കൊള്ളയടിക്കുകയും ചെയ്തു.
32: പാളയംവിട്ട് അവന്‍, ദമാസ്ക്കസിലെത്തുകയും ആ പ്രദേശത്തിലൂടെ മുന്നേറുകയും ചെയ്തു.
33: ശിമയോന്‍ അസ്കലോണും അതിനടുത്തുള്ള ശക്തികേന്ദ്രങ്ങളുംവരെ രാജ്യത്തുടനീളം മുന്നേറിഅവന്‍ ജോപ്പായില്‍ക്കടന്ന്, ഓര്‍ക്കാപ്പുറത്ത് അതധീനമാക്കി.
34: ദമെത്രിയൂസയച്ചിരുന്ന സൈന്യത്തിനു കോട്ട വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നുവെന്ന് അവന്‍ കേട്ടിരുന്നു. അതിന്റെ സംരക്ഷണത്തിനായി ഒരു കാവല്‍സേനയെ അവന്‍ നിയോഗിച്ചു.

ജറുസലെം സുരക്ഷിതമാക്കുന്നു
35: ജോനാഥാന്‍ തിരിച്ചുവന്ന് ജനത്തിലെ ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി യൂദയായില്‍ ശക്തിദുര്‍ഗ്ഗങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു.
36: ജറുസലെമിന്റെ മതിലുകള്‍ക്ക് ഉയരം കൂട്ടുകസൈന്യത്തിനു ക്രയവിക്രയം നടത്താനാകാത്തവിധം നഗരത്തെ ഒറ്റപ്പെടുത്തുവാന്‍ അതിനും കോട്ടയ്ക്കുമിടയില്‍ ഉയര്‍ന്ന മതില്‍ നിര്‍മ്മിക്കുക എന്നിവയെക്കുറിച്ചും അവരാലോചിച്ചു.

ജോനാഥാന്‍ ശത്രുകരങ്ങളില്‍
39: ഏഷ്യയുടെ രാജാവായി കിരീടം ധരിക്കുന്നതിനുംഅന്തിയോക്കസ് രാജാവിനെതിരേ കരമുയര്‍ത്തുന്നതിനും ട്രിഫൊ ശ്രമിച്ചു.
40: ജോനാഥാന്‍ അതു സമ്മതിക്കുകയില്ലെന്നും തനിക്കെതിരേ യുദ്ധത്തിനു വന്നേക്കുമെന്നും അവന്‍ ഭയപ്പെട്ടു. തന്മൂലംജോനാഥാനെ പിടികൂടി വധിക്കുന്നതിന് അവസരമന്വേഷിച്ച് അവന്‍ സൈന്യവുമായി ബേത്ഷാനിലെത്തി.
41: സമര്‍ത്ഥരായ നാല്പതിനായിരം യോദ്ധാക്കളുമായി അവനെ നേരിടാന്‍ ജോനാഥാന്‍ ബേത്ഷാനിലെത്തി.
42: വലിയൊരു സൈന്യവുമായാണ് അവന്‍ വരുന്നതെന്നുകണ്ട്, ട്രിഫൊ അവനെതിരേ കരമുയര്‍ത്താന്‍ ഭയപ്പെട്ടു.
43: ട്രിഫൊ ആദരപൂര്‍വ്വം അവനെ സ്വീകരിക്കുകയും സുഹൃത്തുക്കളോട് അവനെപ്പറ്റി പ്രശംസിച്ചു പറയുകയുംചെയ്തുഅവനു സമ്മാനങ്ങള്‍ നല്കുകയും തന്നോടെന്നപോലെ വിധേയത്വംപുലര്‍ത്താന്‍ സൈന്യത്തിനും സുഹൃത്തുക്കള്‍ക്കും നിര്‍ദ്ദേശംകൊടുക്കുകയും ചെയ്തു.
44: അവന്‍ ജോനാഥാനോടു പറഞ്ഞു: നാം യുദ്ധത്തിലല്ലാതിരിക്കെ ഈ ആളുകളെ നീ എന്തിനു ബുദ്ധിമുട്ടിച്ചു?
45: ഏതാനും പേരെ നിന്നോടൊത്തു നിറുത്തിയിട്ട് മറ്റുള്ളവരെ അവരവരുടെ വീടുകളിലേക്കു പറഞ്ഞയയ്ക്കുക. എന്നിട്ട് എന്നോടൊപ്പം ടോളമായിസിലേക്കു വരുക. ഞാന്‍ അതും മറ്റു ശക്തിദുര്‍ഗ്ഗങ്ങളും ശേഷിക്കുന്ന സൈന്യത്തെയും ഉദ്യോഗസ്ഥന്മാരെയും നിനക്കു വിട്ടുതരാം. ഞാന്‍ തിരിച്ചു വീട്ടിലേക്കു പൊയ്‌ക്കൊള്ളാം. ഇക്കാര്യം സാധിക്കുന്നതിനു വേണ്ടിയാണ് ഞാനിങ്ങോട്ടു വന്നത്.
46: ജോനാഥാന്‍ അവനെ വിശ്വസിച്ച്, അവന്‍ പറഞ്ഞതുപോലെ ചെയ്തു. അവന്‍ സൈന്യത്തെ തിരിച്ചയച്ചുഅവര്‍ യൂദാദേശത്തേക്കു മടങ്ങി.
47: മൂവായിരംപേരെ അവന്‍ തന്നോടൊത്തു നിറുത്തി. അതില്‍ രണ്ടായിരംപേരെ ഗലീലിയില്‍ നിയോഗിച്ചു. ആയിരംപേര്‍ അവനെ അനുഗമിച്ചു.
48: ജോനാഥാന്‍ ടോളമായിസില്‍ വന്നയുടനെഅവിടത്തുകാര്‍ കവാടങ്ങളടച്ച് അവനെ പിടികൂടി. അവനോടൊപ്പം അകത്തുകടന്നവരെയെല്ലാം അവര്‍ വാളിനിരയാക്കി.
49: ജോനാഥാന്റെ യോദ്ധാക്കളെ നശിപ്പിക്കുന്നതിനായി ട്രിഫൊ ഗലീലിയിലേക്കും മഹാസമതലത്തിലേക്കും ഭടന്മാരെയും കുതിരപ്പടയാളികളെയുമയച്ചു.
50: ജോനാഥാന്‍ പിടിക്കപ്പെട്ടുവെന്നും അവനോടൊത്തുണ്ടായിരുന്ന ഭടന്മാര്‍ കൊല്ലപ്പെട്ടുവെന്നും മനസ്സിലാക്കിയ അവര്‍, പരസ്പരം പ്രോത്സാഹിപ്പിച്ച്‌ യുദ്ധസജ്ജരായ വ്യൂഹങ്ങളായി മുന്നേറി.
51: അവര്‍ ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണെന്നു മനസ്സിലാക്കിഅവരെ അനുധാവനം ചെയ്തിരുന്നവര്‍ പിന്തിരിഞ്ഞു.
52: അവരെല്ലാം സുരക്ഷിതരായി യൂദാദേശത്തെത്തി. ജോനാഥാനെയും അവനോടൊത്തുണ്ടായിരുന്ന വരെയും കുറിച്ച് അവര്‍ വിലപിച്ചു. അവര്‍ അത്യധികം ഭയപ്പെട്ടു. ഇസ്രായേല്യര്‍ മുഴുവന്‍ അഗാധമായി ദുഃഖിച്ചു.
53: അവര്‍ക്കു നേതാവോ വിമോചകനോ ഇല്ല. അതിനാല്‍ നമുക്കവരോട്‌ യുദ്ധംചെയ്തു മനുഷ്യകുലത്തില്‍നിന്ന് അവരുടെ ഓര്‍മ്മതന്നെ മായിച്ചുകളയാം എന്നുപറഞ്ഞു ചുറ്റുമുള്ള ജനതകള്‍ അവരെ നശിപ്പിക്കാന്‍ ശ്രമിച്ചു.

അദ്ധ്യായം 13

ശിമയോന്‍ നേതാവ്
1: യൂദാദേശം ആക്രമിച്ചുനശിപ്പിക്കുന്നതിന്, ട്രിഫൊ വലിയൊരു സൈന്യം ശേഖരിച്ചിട്ടുണ്ടെന്നു ശിമയോനറിഞ്ഞു.
2: ജനങ്ങള്‍ ചകിതരും പരിഭ്രാന്തരുമാണെന്ന് അവന്‍കണ്ടു.
3: അതിനാല്‍, ജറുസലെമില്‍ച്ചെന്നു ജനത്തെ വിളിച്ചുകൂട്ടിഅവര്‍ക്ക് ആത്മധൈര്യം പകര്‍ന്നുകൊണ്ട് അവന്‍ പറഞ്ഞു: നിയമങ്ങള്‍ക്കും വിശുദ്ധസ്ഥലത്തിനുംവേണ്ടി ഞാനും എന്റെ സഹോദരന്മാരുംപിതൃഭവനവും എത്രമഹത്തായ കാര്യങ്ങളാണു ചെയ്തിട്ടുള്ളതെന്നു നിങ്ങള്‍ക്കറിയാമല്ലോ. ഞങ്ങള്‍നടത്തിയ യുദ്ധങ്ങളും അനുഭവിച്ച ദുരിതങ്ങളും നിങ്ങള്‍ക്കറിയാം.
4: ഇങ്ങനെ ഇസ്രായേലിനുവേണ്ടി എന്റെ സഹോദരന്മാരെല്ലാവരും ജീവന്‍ഹോമിക്കുകയുംചെയ്തിരിക്കുന്നുഞാന്‍മാത്രമവശേഷിക്കുന്നു.
5: ഒരു വിപദ്ഘട്ടത്തിലും ജീവരക്ഷാര്‍ത്ഥം ഞാന്‍ മാറിനില്‍ക്കുകയില്ല. എന്റെ സഹോദരന്മാരെക്കാള്‍ മേന്മ എനിക്കില്ലല്ലോ.
6: എന്റെ ജനത്തിനും വിശുദ്ധസ്ഥലത്തിനും നിങ്ങളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കുംവേണ്ടി ഞാന്‍ പ്രതികാരംചെയ്യും. ജനതകളെല്ലാം നമ്മെ നശിപ്പിക്കുന്നതിനു വിദ്വേഷത്തോടെ ഒരുമിച്ചുകൂടിയിരിക്കുകയാണ്.
7: ഈ വാക്കുകള്‍ കേട്ടപ്പോള്‍ ജനങ്ങള്‍ ആവേശഭരിതരായി.
8: അവര്‍ അത്യുച്ചത്തില്‍ വിളിച്ചുപറഞ്ഞു: യൂദാസിന്റെയും നിന്റെ സഹോദരനായ ജോനാഥാന്റെയും സ്ഥാനത്ത്, ഇനി നീതന്നെ ഞങ്ങളുടെ നേതാവ്.
9: ഞങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്താലും. നീ പറയുന്നതെന്തും ഞങ്ങള്‍ ചെയ്യും.
10: യോദ്ധാക്കളെ എല്ലാവരെയും അവന്‍ വിളിച്ചുകൂട്ടുകയുംജറുസലെംമതിലിന്റെ പണി തിടുക്കത്തില്‍ പൂര്‍ത്തിയാക്കുകയും അതിനെ എല്ലാ വശങ്ങളിലും സുരക്ഷിതമാക്കുകയും ചെയ്തു.
11: വലിയൊരു സൈന്യവുമായി അബ്‌സലോമിന്റെ മകന്‍ ജോനാഥാനെ അവന്‍ ജോപ്പായിലേക്കയച്ചുതദ്ദേശവാസികളെ തുരത്തി. അവര്‍ അവിടെ നിലയുറപ്പിച്ചു.

ജോനാഥാന്റെ മരണം
12: യൂദാദേശം ആക്രമിക്കുന്നതിനു വലിയൊരു സൈന്യവുമായി ട്രിഫൊ ടോളമായിസില്‍നിന്നു പുറപ്പെട്ടു. തടവിലാക്കപ്പെട്ട ജോനാഥാനും അവനോടൊത്തുണ്ടായിരുന്നു.
13: സമതലത്തിനെതിരേയുള്ള അദിദായില്‍ ശിമയോന്‍ പാളയമടിച്ചു.
14: സഹോദരനായ ജോനാഥാനു പകരം ശിമയോന്‍ നേതൃത്വമേറ്റെടുത്തുവെന്നും അവര്‍ തന്നോട് ഏറ്റുമുട്ടാന്‍പോകുന്നുവെന്നുമറിഞ്ഞ ട്രിഫൊ, ദൂതന്മാരെയയച്ച് അവനോടു പറഞ്ഞു:
15: താന്‍ അലങ്കരിച്ചിരുന്ന സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നിന്റെ സഹോദരനായ ജോനാഥാന്‍ രാജകീയ ഭണ്ഡാരത്തിലേക്കു നല്‍കേണ്ട പണത്തിനുവേണ്ടിയാണ്, ഞങ്ങള്‍ അവനെ തടഞ്ഞുവച്ചിരിക്കുന്നത്.
16: വിമോചിതനാകുമ്പോള്‍ അവന്‍ ഞങ്ങള്‍ക്കെതിരേ വിപ്ലവമുണ്ടാക്കാതിരിക്കേണ്ടതിന് നൂറുതാലന്തു വെള്ളിയും ആള്‍ജാമ്യമായി അവന്റെ രണ്ടു പുത്രന്മാരെയും തരുക. അപ്പോള്‍ ഞങ്ങള്‍ അവനെ വിട്ടുതരാം.
17: ചതി നിറഞ്ഞതാണ് അവന്റെ വാക്കുകളെന്നറിഞ്ഞിട്ടും,
18: പണവും പുത്രന്മാരെയുംകൊണ്ടുവരാന്‍ ശിമയോന്‍ ആളയച്ചു. അങ്ങനെ താന്‍ ചെയ്യാതിരുന്നാല്‍, ജനങ്ങള്‍ക്കിടയില്‍ ഉഗ്രമായ വിദ്വേഷത്തിനു പാത്രമാകുമെന്നും ശിമയോന്‍ പണവും പുത്രന്മാരെയും അയച്ചുകൊടുക്കാതിരുന്നതിനാലാണ് അവന്‍ മരിക്കാനിടയായതെന്ന് അവര്‍ കുറ്റപ്പെടുത്തുമെന്നും അവന്‍ ഭയപ്പെട്ടു.
19: പുത്രന്മാരെയും നൂറു താലന്തും അവന്‍ കൊടുത്തുവിട്ടുഎങ്കിലും ട്രിഫൊ വാക്കുപാലിച്ചില്ല. ജോനാഥാനെ വിട്ടയച്ചതുമില്ല.
20: രാജ്യം ആക്രമിച്ചു നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ട്രിഫൊ അദോരയിലേക്കുള്ള മാര്‍ഗ്ഗത്തിലൂടെ ചുറ്റിവന്നു. എന്നാല്‍, അവര്‍ ചെന്നിടങ്ങളിലെല്ലാം ശിമയോനും സൈന്യവും അവര്‍ക്കെതിരേ മുന്നേറിക്കൊണ്ടിരുന്നു.
21: മരുഭൂമിയിലൂടെ വരണമെന്നും തങ്ങള്‍ക്കു ഭക്ഷണമെത്തിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോട്ടയിലുണ്ടായിരുന്നവര്‍ ട്രിഫൊയുടെ അടുക്കല്‍ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു.
22: തന്റെ അശ്വസൈന്യത്തോടെ പുറപ്പെടാന്‍ ട്രിഫൊ തയ്യാറായി. എന്നാല്‍, ആ രാത്രിയില്‍ കനത്ത ഹിമപാതമുണ്ടായതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഗിലയാദ് ദേശത്തേക്കു കടന്നു.
23: ബാസ്ക്കാമായുടെ സമീപമെത്തിയപ്പോള്‍ അവന്‍ ജോനാഥാനെ വധിച്ച് അവിടെ സംസ്കരിച്ചു.
24: ട്രിഫൊ തിരിച്ചു സ്വന്തം നാട്ടിലേക്കു മടങ്ങി.
25: ശിമയോന്‍ തന്റെ സഹോദരനായ ജോനാഥാന്റെ അസ്ഥികളെടുപ്പിച്ച്പിതാക്കന്മാരുടെ നഗരമായ മൊദെയിനില്‍ സംസ്‌കരിച്ചു.
26: ഇസ്രായേല്‍ മുഴുവന്‍ അതിയായ ദുഃഖത്തോടെ അവനെച്ചൊല്ലി വിലപിച്ചുഅനേകദിവസം അവര്‍ ദുഃഖമാചരിച്ചു.
27: ശിമയോന്‍, തന്റെ പിതാവിന്റെയും സഹോദരന്മാരുടെയും ശവകുടീരങ്ങള്‍ക്കുമേല്‍ ഒരു സ്മാരകം പണിതു. എല്ലാവര്‍ക്കും കാണത്തക്കവിധം മിനുക്കിയ കല്ലുകള്‍കൊണ്ട് അതിന്റെ മുമ്പിന്‍ഭാഗങ്ങള്‍ ഉയര്‍ത്തിപ്പണിതു.
28: പിതാവിനും മാതാവിനും നാലു സഹോദരര്‍ക്കുമായിപരസ്പരാഭിമുഖമായ ഏഴു പിരമിഡുകള്‍ അവന്‍ സംവിധാനംചെയ്തു.
29: ചുറ്റും സ്തംഭങ്ങള്‍ നാട്ടുകയും സ്തംഭങ്ങളിന്മേല്‍ ശാശ്വതസ്മാരകമായി ആയുധസാമഗ്രികളുടെ മാതൃക കൊത്തിവയ്ക്കുകയുംചെയ്തു. അവയോടുചേര്‍ന്ന്സമുദ്രസഞ്ചാരികള്‍ക്കു കാണത്തക്കവിധം കപ്പലുകളുടെ മാതൃകയും കൊത്തിവച്ചു.
30: മൊദെയിനില്‍ അവന്‍ പണികഴിപ്പിച്ചഈ ശവകുടീരം ഇന്നും നിലനില്‍ക്കുന്നു.

ദമെത്രിയൂസുമായി സഖ്യം
31: യുവരാജാവായ അന്തിയോക്കസിനെ ട്രിഫൊ ചതിച്ചുകൊന്നു.
32: അവന്റെ സ്ഥാനത്ത്, ഏഷ്യയുടെ കിരീടമണിഞ്ഞ് അവന്‍ രാജാവായിദേശത്തു വലിയ വിപത്തു വരുത്തിവച്ചു.
33: എന്നാല്‍, ശിമയോന്‍ യൂദയായിലെ ശക്തിദുര്‍ഗ്ഗങ്ങള്‍ പുനരുദ്ധരിക്കുകയും ചുറ്റും, ഉയര്‍ന്ന ഗോപുരങ്ങളും വന്മതിലുകളും നിര്‍മ്മിക്കുകയും വാതിലുകള്‍ക്ക് ഓടാമ്പലുകള്‍ പിടിപ്പിക്കുകയുംചെയ്ത്അവയെ സുരക്ഷിതമാക്കി. ശക്തിദുര്‍ഗ്ഗങ്ങളില്‍ ഭക്ഷണപദാര്‍ത്ഥങ്ങളും സംഭരിച്ചു.
34: അവന്‍ ഏതാനുംപേരെ തെരഞ്ഞെടുത്ത്, ദുരിതാശ്വാസ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടു ദമെത്രിയൂസിന്റെ അടുത്തേക്കയച്ചു. എന്തുകൊണ്ടെന്നാല്‍, രാജ്യം കൊള്ളയടിക്കുകമാത്രമേ ട്രിഫൊ ചെയ്തുള്ളു.
35: അവരുടെ അഭ്യര്‍ത്ഥനയ്ക്കു ദമെത്രിയൂസ് രാജാവ് അനുകൂലമായ മറുപടി നല്കി. കത്ത് ഇപ്രകാരമായിരുന്നു:
36: പ്രധാന പുരോഹിതനും രാജാക്കന്മാരുടെ മിത്രവുമായ ശിമയോനും ശ്രേഷ്ഠന്മാര്‍ക്കും യഹൂദജനത്തിനും ദമെത്രിയൂസ്‌ രാജാവിന്റെ അഭിവാദനം!
37: നിങ്ങള്‍ കൊടുത്തയച്ച സ്വര്‍ണ്ണക്കിരീടവും ഈന്തപ്പനക്കൊമ്പും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നിങ്ങളുമായി ശാശ്വത സമാധാനം സ്ഥാപിക്കാന്‍വേണ്ടികപ്പത്തില്‍നിന്നു നിങ്ങള്‍ക്ക് ഇളവു നല്‍കേണ്ടതിന്, ഞങ്ങളുടെ സേവകര്‍ക്കെഴുതാന്‍ ഞങ്ങള്‍ തയ്യാറാണ്.
38: നിങ്ങള്‍ക്കനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളൊക്കെ പ്രാബല്യത്തില്‍ തുടരുംനിങ്ങള്‍ നിര്‍മ്മിച്ച ശക്തിദുര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ അധീനതയില്‍ത്തന്നെയിരിക്കും.
39: ഇന്നോളമുണ്ടായിട്ടുള്ള വീഴ്ചകളും അതിക്രമങ്ങളും ഞങ്ങള്‍ ക്ഷമിക്കുന്നു. നിങ്ങള്‍ നല്കേണ്ട കിരീടനികുതി ഞങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നു. ജറുസലെമില്‍നിന്നു പിരിച്ചിരുന്ന മറ്റു നികുതികള്‍ ഇനി പിരിക്കുന്നതല്ല.
40: എന്റെ അംഗരക്ഷകരാകാന്‍ യോഗ്യതയുള്ളവര്‍ നിങ്ങള്‍ക്കിടയിലുണ്ടെങ്കില്‍ അവരെ നിയമിക്കുന്നതാണ്. നാം തമ്മില്‍ സമാധാനം നിലനില്‍ക്കട്ടെ.
41: നൂറ്റിയെഴുപതാമാണ്ടില്‍ വിജാതീയരുടെ നുകം ഇസ്രായേലില്‍നിന്നു നീക്കം ചെയ്യപ്പെട്ടു.
42: സമുന്നതനായ പ്രധാനപുരോഹിതനും യഹൂദരുടെ സേനാധിപനും നേതാവുമായ ശിമയോന്റെ ഒന്നാം ഭരണവര്‍ഷമെന്ന്അന്നുമുതല്‍ തങ്ങളുടെ പ്രമാണങ്ങളിലും കരാറുകളിലും അവര്‍ എഴുതാന്‍തുടങ്ങി.

ഇസ്രായേലിനു സ്വാതന്ത്ര്യം
43: ശിമയോന്‍ ഗസറായ്‌ക്കെതിരേ പാളയമടിച്ച്, അതിനെ വളഞ്ഞു. യന്ത്രമുട്ടിയുണ്ടാക്കി നഗരത്തിന്റെ മതിലുകള്‍ ഇടിച്ചുപൊളിച്ച് ഒരു ഗോപുരം കൈവശപ്പെടുത്തി.
44: യന്ത്രമുട്ടിയോടൊപ്പമുണ്ടായിരുന്നവര്‍ നഗരത്തില്‍ കടന്നു. അവിടെ വലിയ സംഭ്രാന്തിയുളവായി.
45: നഗരവാസികള്‍ ഭാര്യമാരോടും കുട്ടികളോടുമൊപ്പം മതിലിന്മേല്‍ കയറിവസ്ത്രങ്ങള്‍കീറി അത്യുച്ചത്തില്‍ നിലവിളിച്ച്, ശിമയോനോട് സമാധാനത്തിനപേക്ഷിച്ചു.
46: ഞങ്ങളുടെ അകൃത്യങ്ങള്‍ക്കനുസൃതമായല്ലഅങ്ങയുടെ കാരുണ്യത്തിനൊത്തവിധം ഞങ്ങളോടു പെരുമാറണമേ എന്നഭ്യര്‍ത്ഥിച്ചു.
47: ശിമയോന്‍ അവരുമായി ഒരു കരാറുണ്ടാക്കുകയും യുദ്ധമവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍, നഗരത്തില്‍നിന്ന് അവന്‍ അവരെ പുറത്താക്കുകയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്ന ഭവനങ്ങള്‍ ശുദ്ധീകരിക്കുകയും സ്തുതിഗീതങ്ങളാലപിച്ചുകൊണ്ട് അതില്‍ പ്രവേശിക്കുകയും ചെയ്തു.
48: അവന്‍ അതിലെ അശുദ്ധികളൊക്കെ നീക്കിനിയമം പാലിക്കുന്നവരെ അവിടെ വസിപ്പിച്ചു. അതിന്റെ കോട്ടകള്‍ ബലപ്പെടുത്തുകയും തനിക്കായി അവിടെ ഒരു ഭവനം പണിയുകയും ചെയ്തു.
49: ജറുസലെമിലെ കോട്ടയിലുള്ളവര്‍ ക്രയവിക്രയത്തിനു പുറത്തുപോകുന്നതോ അകത്തുകടക്കുന്നതോ നിരോധിച്ചിരുന്നു. തന്മൂലംഅവര്‍ വിശന്നുവലഞ്ഞു. അനേകര്‍ പട്ടിണിമൂലം മരണമടഞ്ഞു.
50: സമാധാനത്തിനായി ശിമയോനോട് അവര്‍ കേണപേക്ഷിച്ചു. അവന്‍ അപ്രകാരം ചെയ്തു. എങ്കിലും അവിടെനിന്ന് അവരെ ബഹിഷ്‌കരിക്കുകയും മാലിന്യങ്ങളില്‍നിന്ന് കോട്ടയെ ശുദ്ധമാക്കുകയും ചെയ്തു.
51: നൂറ്റിയെഴുപത്തൊന്നാമാണ്ട് രണ്ടാംമാസം ഇരുപത്തിമൂന്നാം ദിവസം യഹൂദര്‍ സ്തുതിഗീതങ്ങളാലപിച്ച്ഈന്തപ്പനക്കൊമ്പുകളേന്തിവീണകൈത്താളംതന്ത്രിവാദ്യങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ അതില്‍ പ്രവേശിച്ചു. ഇസ്രായേലിന്റെ ഒരു മഹാശത്രു തകര്‍ക്കപ്പെടുകയും നീക്കംചെയ്യപ്പെടുകയുംചെയ്തതുകൊണ്ടുതന്നെ.
52: എല്ലാവര്‍ഷവും ആദിവസം ആഹ്ലാദപൂര്‍വ്വം ആഘോഷിക്കണമെന്നു ശിമയോന്‍ കല്പിച്ചു. കോട്ടയ്ക്കെതിരേയുള്ള ദേവാലയഗിരിയുടെ മതിലുകള്‍ ബലപ്പെടുത്തി. അവനും സൈന്യവും അവിടെ താമസമാക്കി.
53: തന്റെ മകന്‍ യോഹന്നാനു പ്രായപൂര്‍ത്തിയായി എന്നുകണ്ട്ശിമയോന്‍ അവനെ സര്‍വ്വസൈന്യാധിപനാക്കി. അവന്‍ ഗസറായില്‍ വാസമുറപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ