നൂറ്റിയമ്പത്തിരണ്ടാം ദിവസം: ജോബ്‌ 10 - 14


അദ്ധ്യായം 10

1: എന്റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു; എന്റെ പരാതികള്‍ ഞാനുച്ചത്തില്‍ വിളിച്ചുപറയും; എന്റെ മനോവ്യഥയില്‍നിന്ന് ഞാന്‍ സംസാരിക്കും.
2: എന്നെ കുറ്റംവിധിക്കരുതെന്നും എന്നെയെതിര്‍ക്കാന്‍ കാരണമെന്തെന്ന് അറിയിക്കണമെന്നും ഞാന്‍ ദൈവത്തോടു പറയും.
3, 4: അങ്ങയുടെ സൃഷ്ടികളെ പീഡിപ്പിക്കുന്നതും നിന്ദിക്കുന്നതും ദുഷ്ടന്റെ പദ്ധതികളെ അനുകൂലിക്കുന്നതും അങ്ങേയ്ക്കു യോജിച്ചതാണോ?
5: ഞാന്‍ നിഷ്‌കളങ്കനാണെന്നും അങ്ങയുടെ കരങ്ങളില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ആരുമില്ലെന്നും അറിയുന്ന അങ്ങ്,
6: എന്റെ അനീതികളും പാപങ്ങളും അന്വേഷിച്ചു കണ്ടുപിടിക്കാന്‍ അങ്ങേയ്ക്കു മനുഷ്യനേത്രങ്ങളാണോ ഉള്ളത്?
7: മനുഷ്യന്‍ കാണുന്നതുപോലെയാണോ അങ്ങു ദര്‍ശിക്കുന്നത്? അങ്ങയുടെ ദിനങ്ങളും വര്‍ഷങ്ങളും മനുഷ്യന്റേതുപോലെയാണോ?
8: അങ്ങയുടെ കരങ്ങള്‍ എനിക്കു രൂപംനല്കി, എന്നെ സൃഷ്ടിച്ചു. എന്നാലിപ്പോള്‍, അങ്ങെനിക്കെതിരേതിരിഞ്ഞ്, എന്നെ നശിപ്പിക്കുന്നു.
9: കളിമണ്ണുകൊണ്ടാണ് അങ്ങെന്നെ സൃഷ്ടിച്ചതെന്ന് അനുസ്മരിക്കണമേ! പൊടിയിലേക്കുതന്നെ അങ്ങെന്നെ തിരിച്ചയയ്ക്കുമോ?
10: അങ്ങെന്നെ പാലുപോലെ പകര്‍ന്ന്‌, തൈരുപോലെ ഉറകൂട്ടിയില്ലേ?
11: അങ്ങു ചര്‍മ്മവും മാംസവുംകൊണ്ട് എന്നെയാവരണംചെയ്തു; അസ്ഥിയും സ്നായുക്കളുംകൊണ്ട് എന്നെ തുന്നിച്ചേര്‍ത്തു.
12: അങ്ങെന്നില്‍ ജീവനും ഗാഢമായ സ്നേഹവും നിക്ഷേപിച്ചു. അങ്ങയുടെ പരിപാലന, എന്റെയാത്മാവിനെ സംരക്ഷിച്ചു.
13: എന്നിട്ടും ഇവയെല്ലാം അങ്ങു ഹൃദയത്തില്‍ മറച്ചുവച്ചിരുന്നു; അങ്ങയുടെ ഉദ്ദേശ്യം ഇതായിരുന്നുവെന്നു ഞാന്‍ മനസ്സിലാക്കുന്നു.
14: ഞാന്‍ പാപംചെയ്താല്‍ അങ്ങെന്നെ ശ്രദ്ധിക്കുന്നു; എന്റെ അതിക്രമങ്ങള്‍ക്ക്, എന്നെ ശിക്ഷിക്കാതെവിടുന്നുമില്ല.
15: ഞാന്‍ ദുഷ്ടനാണെങ്കില്‍, എനിക്കു ദുരിതം! ഞാന്‍ നീതിമാനാണെങ്കില്‍ എനിക്കു ശിരസ്സുയര്‍ത്താന്‍ സാധിക്കുന്നില്ല. അവമാനബോധത്തോടെ ഞാനെന്റെ പീഡകളെ കാണുന്നു.
16: ഞാന്‍ ശിരസ്സുയര്‍ത്തിയാല്‍ സിംഹത്തെപ്പോലെ അങ്ങെന്നെ വേട്ടയാടും; വീണ്ടും അങ്ങെനിക്കെതിരായി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.
17: എനിക്കെതിരേ അങ്ങു പുതിയ സാക്ഷികളെ അവതരിപ്പിക്കും. എന്റെനേര്‍ക്കുള്ള പീഡനങ്ങള്‍ അങ്ങു വര്‍ദ്ധിപ്പിക്കും. പുതിയ സൈന്യനിരയെ അങ്ങെനിക്കെതിരേ അണിനിരത്തും.
18: അമ്മയുടെ ഉദരത്തില്‍നിന്ന് എന്തിന് അങ്ങെന്നെ പുറത്തുകൊണ്ടുവന്നു?
19: ജന്മം ലഭിക്കാത്തവനെപ്പോലെ, അമ്മയുടെ ഉദരത്തില്‍നിന്ന് എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോയിരുന്നെങ്കില്‍ ! ആരുമെന്നെ കാണുന്നതിനുമുമ്പു ഞാന്‍ മരിച്ചിരുന്നെങ്കില്‍ !
20, 21: അന്ധകാരാവൃതമായ സ്ഥലത്തേക്ക്, പ്രകാശം തമസ്സുപോലെയിരിക്കുന്ന, അന്ധകാരത്തിന്റെയും ശൂന്യതയുടെയും ദേശത്തേക്ക്, ഒരിക്കലും മടങ്ങിവരാത്തവിധം ഞാന്‍ പോകുന്നതിനുമുമ്പ് എന്നെ ഏകനായി വിടുക;
22:ഞാനല്പം ആശ്വാസംകണ്ടെത്തട്ടെ. എന്റെ ജീവിതകാലം ഹ്രസ്വമല്ലേ?

അദ്ധ്യായം 11

സോഫാറിന്റെ പ്രഭാഷണം
1: നാമാത്യനായ സോഫാര്‍ പറഞ്ഞു:
2: അതിഭാഷണത്തിനു മറുപടി ലഭിക്കാതിരിക്കുമോ? ഏറെപ്പറഞ്ഞാല്‍ ന്യായീകരണമാകുമോ?
3: നിന്റെ ജല്പനം മനുഷ്യരെ നിശ്ശബ്ദരാക്കുമോ? നിന്റെ പരിഹാസത്തിന് ആരും നിന്നെ ലജ്ജിതനാക്കുകയില്ലേ?
4: ഞാന്‍ പറയുന്നതു കളങ്കരഹിതമാണ്; ദൈവത്തിന്റെ ദൃഷ്ടിയില്‍ ഞാന്‍ നിര്‍മ്മലനാണെന്നു നീ പറയുന്നു.
5: ദൈവം അധരം തുറന്നു നിന്നോടു സംസാരിക്കുകയും ദുര്‍ഗ്രഹമായ ജ്ഞാനത്തിന്റെ രഹസ്യങ്ങള്‍ നിന്നെയറിയിക്കുകയുംചെയ്തിരുന്നെങ്കില്‍!
6: നിന്റെ അകൃത്യങ്ങള്‍ അര്‍ഹിക്കുന്നതിനെക്കാള്‍ കുറച്ചുമാത്രമേ ദൈവം നിന്നില്‍നിന്ന് ഈടാക്കിയിട്ടുള്ളു എന്നു മനസ്സിലാക്കുക.
7: ദൈവത്തിന്റെ ദുരൂഹരഹസ്യങ്ങള്‍ ഗ്രഹിക്കാന്‍ നിനക്കു കഴിയുമോ? സര്‍വ്വശക്തന്റെ സീമ നിര്‍ണ്ണയിക്കാന്‍ നിനക്കു സാധിക്കുമോ?
8: അത്, ആകാശത്തെക്കാള്‍ ഉന്നതമാണ്; നിനക്കെന്തുചെയ്യാന്‍ കഴിയും? അതു പാതാളത്തെക്കാള്‍ അഗാധമാണ്; നിനക്കെന്തു മനസ്സിലാക്കാന്‍ സാധിക്കും?
9: അതു ഭൂമിയെക്കാള്‍ നീളമുള്ളതും സമുദ്രത്തെക്കാള്‍ വീതിയേറിയതുമാണ്.
10: അവിടുന്നു കടന്നുവന്നു ബന്ധനത്തിലാക്കുകയും ന്യായവിധിക്കു വിളിക്കുകയുംചെയ്താല്‍ ആര്‍ക്കവിടുത്തെ തടയാന്‍ കഴിയും?
11: എന്തെന്നാല്‍, നിസ്സാരരായ മനുഷ്യരെ അവിടുന്നറിയുന്നു; അകൃത്യങ്ങള്‍ കാണുമ്പോള്‍ അവിടുന്ന്, അതു കണക്കിലെടുക്കാതിരിക്കുമോ?
12: കാട്ടുകഴുതയുടെ കുട്ടി മനുഷ്യനായിപ്പിറക്കുമ്പോള്‍ മൂഢന്‍ ബുദ്ധിമാനായിത്തീരും.
13: ഹൃദയത്തെ ദൈവത്തിലുറപ്പിച്ച്, കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍ !
14: നിന്റെ കൈകള്‍ അകൃത്യംചെയ്യുന്നതെങ്കിൽ‍, അതു നീക്കിക്കളയുക. നിന്റെ കൂടാരത്തില്‍ ദുഷ്ടത കുടിപാര്‍ക്കാതിരിക്കട്ടെ!
15: അപ്പോള്‍ നിശ്ചയമായും കളങ്കരഹിതനായി നീ നിന്റെ മുഖമുയര്‍ത്തും. നീ സുരക്ഷിതനും നിര്‍ഭയനുമായിരിക്കും.
16: നിന്റെ ദുരിതങ്ങള്‍ നീ വിസ്മരിക്കും. ഒഴുകിപ്പോയ ജലംപോലെയേ നീ അതിനെ ഓര്‍ക്കുകയുള്ളു.
17: നിന്റെ ജീവിതം മധ്യാഹ്നത്തെക്കാള്‍ പ്രകാശമേറിയതായിരിക്കും; അതിന്റെ ഇരുട്ടു പ്രഭാതംപോലെയായിരിക്കും.
18: പ്രത്യാശയുള്ളതുകൊണ്ടു നിനക്കാത്മവിശ്വാസമുണ്ടാകും. നീ സംരക്ഷിക്കപ്പെടുകയും സുരക്ഷിതനായി വിശ്രമിക്കുകയും ചെയ്യും.
19: വിശ്രമിക്കുന്ന നിന്നെ ആരും ഭയപ്പെടുത്തുകയില്ല. അനേകര്‍ നിന്റെ പ്രസാദം യാചിക്കും.
20: ദുഷ്ടരുടെ കണ്ണുകള്‍ നിഷ്പ്രഭമാകും. രക്ഷാമാര്‍ഗ്ഗങ്ങള്‍ അവര്‍ക്കു ലഭിക്കുകയില്ല. മരണംമാത്രമാണ് അവര്‍ക്കു പ്രത്യാശിക്കാനുള്ളത്.

അദ്ധ്യായം 12

ജോബിന്റെ മറുപടി
1: ജോബ് പറഞ്ഞു:
2: നിങ്ങളുടേതു ജനസ്വരമാണ്, സംശയമില്ല. നിങ്ങള്‍ മരിച്ചാല്‍ വിജ്ഞാനവുമില്ലാതാകും.
3: എന്നാല്‍, നിങ്ങളെപ്പോലെ എനിക്കും ജ്ഞാനമുണ്ട്. ഞാന്‍ നിങ്ങളെക്കാള്‍ താഴെയല്ല. ഇതൊക്കെ ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
4: ഞാനെന്റെ സ്നേഹിതന്മാര്‍ക്കു പരിഹാസപാത്രമാണ്. ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു; അവിടുന്നെനിക്കുത്തരമരുളി; ഞാന്‍ നിഷ്കളങ്കനും നീതിമാനുമാണ്, എന്നിട്ടും ഞാന്‍ പരിഹാസപാത്രമായിത്തീര്‍ന്നു.
5: സ്വസ്ഥതയനുഭവിക്കുന്നവന്‍ നിര്‍ഭാഗ്യത്തെ അവജ്ഞയോടെ നോക്കുന്നു. കാലിടറുന്നവനെ അതു തള്ളിയിടുന്നു.
6: കവര്‍ച്ചക്കാരുടെ കൂടാരങ്ങള്‍ സമാധാനപൂര്‍ണ്ണമാണ്. ദൈവം തങ്ങള്‍ക്ക് അധീനനെന്നു വിചാരിച്ച് അവിടുത്തെ പ്രകോപിപ്പിക്കുന്നവന്‍ സുരക്ഷിതനാണ്.
7: വന്യമൃഗങ്ങളോടു ചോദിക്കുവിന്‍, അവ നിങ്ങളെ പഠിപ്പിക്കും, ആകാശപ്പറവകളോടു ചോദിക്കുവിൻ‍, അവ നിങ്ങള്‍ക്കു പറഞ്ഞുതരും.
8: ഭൂമിയിലെ സസ്യങ്ങളോടു ചോദിക്കുവിൻ‍, അവ നിങ്ങളെയുപദേശിക്കും. ആഴിയിലെ മത്സ്യങ്ങളും നിങ്ങളോടു പ്രഖ്യാപിക്കും
9: കര്‍ത്താവിന്റെ കരങ്ങളാണ് ഇവയെല്ലാം പ്രവര്‍ത്തിച്ചതെന്ന് അവയിലേതിനാണ് അറിഞ്ഞുകൂടാത്തത്?
10: മാനവരാശിയുടെ ജീവശ്വാസവും സകല ജീവജാലങ്ങളുടെയും പ്രാണനും അവിടുത്തെ കരങ്ങളിലാണ്.
11: നാവു ഭക്ഷണത്തിന്റെ സ്വാദു പരിശോധിക്കുന്നതുപോലെ, ചെവി വാക്കുകളെ പരിശോധിക്കയില്ലേ?
12: വൃദ്ധരിലാണു വിജ്ഞാനം; വയോധികനിലാണു വിവേകം.
13: വിജ്ഞാനവും ശക്തിയും ദൈവത്തോടുകൂടെയാണ്. അവിടുത്തേക്ക് ആലോചനയും വിവേകവുമുണ്ട്.
14: അവിടുന്നു നശിപ്പിച്ചാല്‍ ആര്‍ക്കും പുനരുദ്ധരിക്കാന്‍കഴിയുകയില്ല. അവിടുന്നു ബന്ധിച്ചാല്‍ ആര്‍ക്കും മോചിപ്പിക്കാന്‍കഴിയുകയില്ല.
15: അവിടുന്നു ജലത്തെ തടഞ്ഞുനിറുത്തിയാല്‍ അതു വറ്റിപ്പോകുന്നു. അവിടുന്നവയെ തുറന്നുവിടുമ്പോള്‍ അവ ഭൂമിയെ മൂടിക്കളയുന്നു.
16: ശക്തിയും ജ്ഞാനവും അവിടുത്തോടുകൂടെയാണ്. വഞ്ചിതനും വഞ്ചകനും അവിടുത്തേക്കധീനര്‍.
17: അവിടുന്ന്, ഉപദേഷ്ടാക്കളുടെ ജ്ഞാനം ഉരിഞ്ഞുകളയുന്നു. ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.
18: രാജാക്കന്മാരുടെ അരപ്പട്ട, അവിടുന്നഴിക്കുകയും അവരെ കച്ചയുടുപ്പിക്കുകയും ചെയ്യുന്നു.
19: അവിടുന്നു പുരോഹിതന്മാരുടെ അങ്കി ഉരിഞ്ഞുകളയുന്നു; ശക്തരെ മറിച്ചിടുന്നു.
20: അവിടുന്നു വിദഗ്ദ്ധരായ ഉപദേഷ്ടാക്കളെ മൂകരാക്കുന്നു; അവിടുന്നു വൃദ്ധരുടെ വിവേകം എടുത്തുകളയുന്നു.
21: അവിടുന്നു പ്രഭുക്കളുടെമേല്‍ നിന്ദചൊരിയുകയും ശക്തരുടെ അരപ്പട്ട അയയ്ക്കുകയും ചെയ്യുന്നു.
22: അന്ധകാരത്തിലാണ്ട ആഴങ്ങളെ അവിടുന്നനാവരണംചെയ്യുന്നു; സാന്ദ്രമായ തമസ്സിനെ പ്രകാശത്തിലേക്കു നയിക്കുന്നു.
23: അവിടുന്നു രാജ്യങ്ങളെ ബലപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു. അവിടുന്ന് അവയെ വിസ്തൃതമാക്കുകയും ഉപേക്ഷിക്കുകയുംചെയ്യുന്നു.
24: അവിടുന്നു ജനപ്രമാണികളുടെ വിവേകം എടുത്തുകളയുകയും വഴിയില്ലാത്ത വിജനതയിലലയാന്‍ അവര്‍ക്ക് ഇടവരുത്തുകയുംചെയ്യുന്നു.
25: അവര്‍ വെളിച്ചമില്ലാതെ ഇരുട്ടില്‍ തപ്പിത്തടയുന്നു. ഉന്മത്തനെപ്പോലെ കാലുറയ്ക്കാതെ നടക്കാന്‍ അവര്‍ക്കിടയാക്കുന്നു.

അദ്ധ്യായം 13

1: ഞാന്‍ ഇതെല്ലാം കാണുകയും കേള്‍ക്കുകയും ഗ്രഹിക്കുകയുംചെയ്തിട്ടുണ്ട്.
2: നിങ്ങളറിയുന്നതു ഞാനുമറിയുന്നു, ഞാന്‍ നിങ്ങളെക്കാള്‍ത്താഴെയല്ല.
3: ഞാന്‍ സര്‍വ്വശക്തനോടു സംസാരിക്കും, ദൈവവുമായി ന്യായവാദംനടത്താന്‍ ഞാന്‍ തയ്യാറാണ്.
4: നിങ്ങളാകട്ടെ വ്യാജംകൊണ്ടു വെള്ളപൂശുന്നു; നിങ്ങള്‍ വിലയില്ലാത്ത വൈദ്യന്മാരാണ്.
5: നിങ്ങള്‍ മൗനമവലംബിച്ചിരുന്നെങ്കില്‍ അതു നിങ്ങള്‍ക്കു ജ്ഞാനമാകുമായിരുന്നു.
6: ഇപ്പോള്‍ എന്റെ ന്യായവാദം ശ്രവിക്കുവിന്‍‍, അഭ്യര്‍ത്ഥനകള്‍ ശ്രദ്ധിക്കുവിന്‍ ‍.
7: നിങ്ങള്‍ ദൈവത്തിനുവേണ്ടി നുണ പറയുമോ? അവിടുത്തേക്കുവേണ്ടി വഞ്ചന സംസാരിക്കുമോ?
8: നിങ്ങള്‍ ദൈവത്തോടു പക്ഷപാതം കാണിക്കുമോ? അവിടുത്തേക്കുവേണ്ടി ന്യായവാദം നടത്തുമോ?
9: അവിടുന്നു നിങ്ങളെ പരിശോധിച്ചാല്‍ നിങ്ങളില്‍ നന്മ കണ്ടെത്തുമോ? അല്ലെങ്കില്‍ ‍, മനുഷ്യനെ വഞ്ചിക്കുന്നതുപോലെ അവിടുത്തെ വഞ്ചിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ?
10: രഹസ്യമായി പക്ഷപാതം കാണിച്ചാല്‍ നിശ്ചയമായും അവിടുന്നു നിങ്ങളെ ശകാരിക്കും.
11: അവിടുത്തെ പ്രതാപം, നിങ്ങളെ ഭയപ്പെടുത്തുകയില്ലേ? അവിടുത്തെക്കുറിച്ചുള്ള ഭീതി, നിങ്ങളുടെമേല്‍ പതിക്കുകയില്ലേ?
12: നിങ്ങളുടെ സൂക്തങ്ങള്‍ നാശത്തിന്റെ പഴമൊഴികളത്രേ. നിങ്ങളുടെ ന്യായവാദം കളിമണ്‍കട്ടപോലെ ദുര്‍ബ്ബലമാണ്.
13: നിശ്ശബ്ദരായിരിക്കുവിന്‍, ഞാന്‍ സംസാരിക്കട്ടെ. എനിക്ക് എന്തും സംഭവിച്ചുകൊള്ളട്ടെ.
14: ഞാന്‍ എന്റെ മാംസം ചവയ്ക്കാനും ജീവന്‍ കൈയിലെടുക്കാനും ഒരുക്കമാണ്.
15: പ്രത്യാശയറ്റ എന്നെ, ദൈവം വധിച്ചാല്‍ത്തന്നെയെന്ത്? എങ്കിലും അവിടുത്തെ മുഖത്തുനോക്കി ഞാന്‍ വാദിക്കും.
16: അധര്‍മ്മി അവിടുത്തെമുമ്പില്‍ വരുകയില്ല. ഇതായിരിക്കും എന്റെ രക്ഷ.
17: എന്റെ വാക്കു ശ്രദ്ധിച്ചുകേള്‍ക്കുവിന്‍ ‍. എന്റെ പ്രഖ്യാപനം നിങ്ങളുടെ കാതില്‍ മുഴങ്ങട്ടെ!
18: ഞാന്‍ എന്റെ ന്യായവാദം തയ്യാറാക്കിയിട്ടുണ്ട്. ഞാന്‍ നിര്‍ദ്ദോഷനെന്നു പ്രഖ്യാപിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്.
19: എന്നോടു തര്‍ക്കിക്കാനാരുണ്ട്? എന്നെ നിശ്ശബ്ദനാക്കി വധിക്കാനാരുണ്ട്?
20: രണ്ടു കാര്യങ്ങള്‍മാത്രം എനിക്കു നല്കുക, ഞാനങ്ങില്‍നിന്ന് ഒളിക്കുകയില്ല
21: അങ്ങയുടെ കരങ്ങള്‍ എന്നില്‍നിന്നു പിന്‍വലിക്കുക. അങ്ങയെക്കുറിച്ചുള്ള ഭീതി എന്നെ പരിഭ്രാന്തനാക്കാതിരിക്കട്ടെ!
22: എന്നിട്ടു വിളിക്കുക, ഞാന്‍ മറുപടി നല്കാം. അല്ലെങ്കില്‍ ഞാന്‍ സംസാരിക്കാം, അങ്ങുത്തരംപറയുക.
23: എന്റെ പാപങ്ങളും അപരാധങ്ങളുമെത്ര? എന്റെ അതിക്രമങ്ങളും പാപങ്ങളും ഏവയെന്നു പറയുക.
24: അങ്ങെന്തുകൊണ്ടു മുഖംമറയ്ക്കുന്നു? എന്തുകൊണ്ടു ശത്രുവിനെപ്പോലെ എന്നെക്കരുതുന്നു?
25: കൊഴിയുന്ന ഇലയെ അങ്ങു ഭയപ്പെടുത്തുമോ? ഉണങ്ങിയ പതിരിനെ അങ്ങ് അനുധാവനം ചെയ്യുമോ?
26: അങ്ങെനിക്കെതിരായി കഠിനമായ ആരോപണങ്ങള്‍ എഴുതുന്നു. എന്റെ യൗവനത്തിലെ അകൃത്യങ്ങളുടെ ഫലം എന്നെ അനുഭവിപ്പിക്കുന്നു.
27: അങ്ങെന്റെ കാലുകള്‍ ആമത്തിലിടുകയും എന്റെ വഴികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്റെ കാലടികള്‍ക്ക് അങ്ങു പരിധി വച്ചിരിക്കുന്നു.
28: ചീഞ്ഞഴിഞ്ഞ പദാര്‍ത്ഥംപോലെയും ചിതല്‍തിന്ന വസ്ത്രംപോലെയും മനുഷ്യന്‍ നശിച്ചുപോകുന്നു.

അദ്ധ്യായം 14

1: സ്ത്രീയില്‍നിന്നു ജനിക്കുന്ന മര്‍ത്ത്യന്‍ അല്പായുസ്സാണ്; അവന്റെ ദിനങ്ങള്‍ ദുരിതംനിറഞ്ഞതും.
2: അവന്‍ പുഷ്പംപോലെ വിടരുന്നു. കൊഴിഞ്ഞുപോകുന്നു. അവന്‍ നിഴല്‍പോലെ കടന്നുപോകുന്നു; നിലനില്‍ക്കുന്നില്ല.
3: അങ്ങനെയുള്ളവനെയാണോ അങ്ങു നോട്ടമിട്ടിരിക്കുന്നത്? അവനെയാണോ അങ്ങു വിധിക്കാന്‍ കൊണ്ടുവരുന്നത്?
4: അശുദ്ധമായതില്‍നിന്നു ശുദ്ധമായതുണ്ടാക്കാന്‍ ആര്‍ക്കു കഴിയും? ആര്‍ക്കും സാധിക്കയില്ല.
5: അവന്റെ ദിനങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു. അവന്റെ മാസങ്ങളുടെ എണ്ണം അങ്ങേയ്ക്കധീനമാണ്. അവനു കടക്കാന്‍പാടില്ലാത്ത പരിധി അങ്ങു നിശ്ചയിച്ചിരിക്കുന്നു.
6: അവനില്‍നിന്ന് അങ്ങു കണ്ണെടുക്കുക. അവനെ തനിയെ വിട്ടേക്കുക. കൂലിക്കാരനെപ്പോലെ അവന്‍ തന്റെ ദിവസമാസ്വദിക്കട്ടെ.
7: വൃക്ഷത്തിനു പ്രത്യാശയുണ്ട്, മുറിച്ചാല്‍ അതു വീണ്ടും തളിര്‍ക്കും; അതിനു പുതിയ ശാഖകളുണ്ടാകാതിരിക്കയില്ല.
8: അതിന്റെ വേരുകള്‍ മണ്ണിനടിയില്‍ പഴകിപ്പോയാലും, അതിന്റെ കുറ്റി മണ്ണില്‍ കെട്ടുപോയാലും
9: വെള്ളത്തിന്റെ ഗന്ധമേറ്റാല്‍ അതു തളിര്‍ക്കുകയും ഇളംചെടിപോലെ ശാഖപുറപ്പെടുവിക്കുകയും ചെയ്യും.
10: എന്നാല്‍, മനുഷ്യന്‍ മരിക്കുന്നു; അവനെ മണ്ണില്‍ സംസ്കരിക്കുന്നു. അന്ത്യശ്വാസംവലിച്ചാല്‍, പിന്നെ അവനെവിടെ?
11: തടാകത്തിലെ ജലം വറ്റിപ്പോകുന്നതുപോലെയും നദി, ഉണങ്ങിവരണ്ടുപോകുന്നതുപോലെയും മനുഷ്യന്‍ ശയ്യയെ അവലംബിക്കുന്നു, പിന്നെയെഴുന്നേല്‍ക്കുന്നില്ല.
12: ആകാശങ്ങള്‍ ഇല്ലാതാകുന്നതുവരെ അവന്‍ എഴുന്നേല്‍ക്കുകയില്ല; ഉറക്കത്തില്‍നിന്ന് ഉണരുകയില്ല.
13: അങ്ങെന്നെ പാതാളത്തില്‍ മറയ്ക്കുകയും അങ്ങയുടെ ക്രോധം ശമിക്കുന്നതുവരെ എന്നെ ഒളിച്ചുവയ്ക്കുകയും ചെയ്തിരുന്നെങ്കില്‍ ‍! എന്നെയോര്‍ക്കാന്‍ ഒരു സമയം നിശ്ചയിച്ചിരുന്നെങ്കില്‍ !
14: മരിച്ച മനുഷ്യന്‍ വീണ്ടും ജീവിക്കുമോ? എങ്കില്‍ എന്റെ സേവനകാലംതീര്‍ന്ന്‌, മോചനത്തിന്റെ നാള്‍വരുന്നതുവരെ ഞാന്‍ കാത്തിരിക്കുമായിരുന്നു.
15: അങ്ങു വിളിക്കും, ഞാന്‍ വിളികേള്‍ക്കും. അങ്ങയുടെ സൃഷ്ടിയെ അങ്ങു കാത്തിരിക്കും.
16: അപ്പോള്‍ എന്റെ കാലടികള്‍ അങ്ങെണ്ണും. എന്റെ പാപങ്ങളെ അങ്ങു നിരീക്ഷിച്ചുകൊണ്ടിരിക്കയില്ല.
17: എന്റെ അതിക്രമങ്ങളെ സഞ്ചിയിലാക്കി മുദ്രവയ്ക്കും. എന്റെ അകൃത്യങ്ങളെ അങ്ങു മറക്കും.
18: പര്‍വ്വതങ്ങള്‍ വീണുതകരുകയും പാറകള്‍ ഇളകിമാറുകയും ചെയ്യും.
19: ജലം കല്ലുകള്‍ക്കു തേയ്മാനംവരുത്തുന്നു. പ്രവാഹത്തില്‍ മണ്ണൊലിച്ചുപോകുന്നു. അതുപോലെ അങ്ങു മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു.
20: അങ്ങെപ്പോഴും അവന്റെമേല്‍ വിജയംനേടുന്നു. അവനോ കടന്നുപോകുന്നു. അങ്ങ്, അവന്റെ മുഖം വിരൂപമാക്കി അവനെ പറഞ്ഞയയ്ക്കുന്നു.
21: അവന്റെ പുത്രന്മാര്‍ ബഹുമതിനേടുന്നു; പക്ഷേ, അവനതറിയുന്നില്ല. അവര്‍ അധഃപതിക്കുന്നു; അതുമവനറിയുന്നില്ല.
22: സ്വന്തം ശരീരത്തിന്റെ വേദനമാത്രമാണവനറിയുന്നത്. തനിക്കുവേണ്ടിമാത്രമാണ് അവന്‍ വിലപിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ