നൂറ്റിനാല്പത്തിയൊമ്പതാം ദിവസം: 2 മക്കബായര്‍ 13 - 15



അദ്ധ്യായം 13

മെനെലാവൂസിന്റെ വധം
1: അന്തിയോക്കസ്‌ യൂപ്പാത്തോർ യൂദയായ്‌ക്കെതിരേ ഒരു വൻസേനയുമായി വരുന്നെന്ന്, നൂറ്റിനാല്പത്തൊമ്പതാമാണ്ട്, യൂദാസിനും അനുചരന്മാർക്കും അറിവുകിട്ടി.
2: അന്തിയോക്കസിന്റെ രക്ഷാകര്‍ത്താവും ഭരണച്ചുമതലവഹിക്കുന്നവനുമായ ലിസിയാസും അവനോടൊത്തുണ്ടായിരുന്നു. ഗ്രീക്കുസൈന്യത്തില്‍പ്പെട്ട ഒരുലക്ഷത്തിപ്പതിനായിരം കാലാൾപ്പടയാളികളും അയ്യായിരത്തിമുന്നൂറു കുതിരപ്പടയാളികളും ഇരുപത്തിരണ്ടാനകളും കത്തിഘടിപ്പിച്ച മുന്നൂറു രഥങ്ങളും അവരെയനുഗമിച്ചിരുന്നു.
3: മെനെലാവൂസും അവനോടുചേര്‍ന്ന്, അവനെ പ്രോത്സാഹിപ്പിച്ചു. രാജ്യനന്മയിലുള്ള താത്പര്യത്താലല്ലസ്ഥാനമോഹത്താല്‍ പ്രേരിതനായിട്ടാണ് അവനിങ്ങനെചെയ്തത്.
4: എന്നാല്‍, രാജാക്കന്മാരുടെ രാജാവായവന്‍ ആ നീചനെതിരേ അന്തിയോക്കസിന്റെ ക്രോധമുണര്‍ത്തി. ഇവനാണു സകലകുഴപ്പങ്ങള്‍ക്കും കാരണമെന്നു ലിസിയാസ് ധരിപ്പിച്ചതിനെത്തുടര്‍ന്ന്, രാജാവവനെ ബറോയായില്‍ക്കൊണ്ടുപോയി അവിടുത്തെ ആചാരമനുസരിച്ചു വധിക്കാന്‍ കല്പന നല്കി.
5: അവിടെ അമ്പതുമുഴം ഉയരമുള്ളതും ചാരംനിറഞ്ഞതുമായൊരു ഗോപുരമുണ്ട്. ഏതുവശത്തുംനിന്ന്, എന്തിനെയും ചാരത്തിലേക്കു കുത്തനെ വീഴ്ത്താവുന്ന ഒരു യാന്ത്രികചക്രം അതിനുചുറ്റും പിടിപ്പിച്ചിരിക്കുന്നു.
6: ദേവാലയധ്വംസകനോ മറ്റുകുറ്റങ്ങള്‍ക്കു കുപ്രസിദ്ധനോ ആയ ആരെയും അവരതില്‍ത്തള്ളിയിട്ടു വധിക്കുന്നു.
7: ഇപ്രകാരമൊരു മരണത്തിനാണു നിയമലംഘകനായ മെനെലാവൂസ് വിധിക്കപ്പെട്ടത്. ശവസംസ്കാരംപോലും അവനു ലഭിച്ചില്ല.
8: ഏതു ബലിപീഠത്തിലെ അഗ്നിയും ചാരവും വിശുദ്ധമാണോ ആ ബലിപീഠത്തിനെതിരായി പാപംചെയ്തുകൂട്ടിയ മെനെലാവൂസ്, ചാരത്തില്‍ക്കിടന്നു മരിച്ചത്, തികച്ചും നീതിയുക്തമാണ്.

യഹൂദര്‍ അന്തിയോക്കസിനെതിരേ
9: രാജാവു കൊടിയഗര്‍വ്വോടെ തന്റെ പിതാവിന്റെകാലത്തു നടത്തിയതിനെക്കാള്‍ നീചമായ തിന്മ, യഹൂദരോടുചെയ്യാന്‍ തുനിഞ്ഞു.
10: ഇതുകേട്ട യൂദാസ്, ജനത്തോടു തങ്ങളുടെ നിയമവും നാടും വിശുദ്ധദേവാലയവും നഷ്ടപ്പെടാറായിരിക്കുന്ന
11: ഈ വിപത്സന്ധിയില്‍ തങ്ങളെ സഹായിക്കണമേയെന്നും ജീവന്‍ വീണ്ടെടുത്തുതുടങ്ങുന്ന തങ്ങള്‍ ദൈവദൂഷകരായ വിജാതീയരുടെ കൈകളില്‍വീഴാന്‍ അനുവദിക്കരുതേയെന്നും രാപകല്‍ കര്‍ത്താവിനോടു വിളിച്ചപേക്ഷിക്കാനാജ്ഞാപിച്ചു.
12: അവരൊന്നുചേര്‍ന്ന്ഉപവാസമനുഷ്ഠിച്ചുകൊണ്ട്കൃപാമയനായ കര്‍ത്താവിനോടു മൂന്നുദിവസം തുടര്‍ച്ചയായി സാഷ്ടാംഗംവീണു കേണപേക്ഷിച്ചു. അതിനുശേഷംയൂദാസ്‌ യുദ്ധസന്നദ്ധരായിരിക്കാന്‍ അവരെ ആഹ്വാനംചെയ്തു.
13: ശ്രേഷ്ഠന്മാരോടു രഹസ്യത്തില്‍ ആലോചിച്ചതിനുശേഷംരാജസൈന്യം യൂദയായിലെത്തി. നഗരം കീഴടക്കുന്നതിനുമുമ്പു പുറത്തേക്കുകടക്കാനും ദൈവസഹായത്തോടെ കാര്യങ്ങള്‍ തീരുമാനത്തിലെത്തിക്കാനും അവന്‍ നിശ്ചയിച്ചു.
14: അങ്ങനെ, തീരുമാനം ലോകസ്രഷ്ടാവിനു വിട്ടുകൊടുത്തുകൊണ്ട്അവന്‍ നിയമത്തിനും ദേവാലയത്തിനുംനഗരത്തിനും രാജ്യത്തിനും പൊതുനന്മയ്ക്കുംവേണ്ടി മരണംവരെ അഭിമാനപൂര്‍വ്വം പോരാടാന്‍ ജനത്തെയുപദേശിച്ചിട്ട്മൊദെയിനുസമീപം പാളയമടിച്ചു.
15: ‘ദൈവത്തിന്റെ വിജയം’ എന്ന അടയാളവാക്ക് അവനവര്‍ക്കു നല്കി. തുടര്‍ന്ന് അതിധീരന്മാരായ യുവസൈനികന്മാരോടുകൂടെ രാത്രിയില്‍ രാജമണ്ഡപമാക്രമിക്കുകയും രണ്ടായിരംപേരെ പാളയത്തില്‍വച്ചുതന്നെ വധിക്കുകയും ചെയ്തു. മുന്‍നിരയിലെ ആനയെയും പാപ്പാനെയും അവന്‍ കുത്തിക്കൊന്നു.
16: പാളയത്തിലുടനീളം ഭീതിയും അങ്കലാപ്പും പരത്തിയിട്ട് വിജയികളായി അവര്‍ മടങ്ങി.
17: യൂദാസിനു കര്‍ത്താവിന്റെ സഹായവും സംരക്ഷണവുമുണ്ടായിരുന്നതിനാല്‍ അരുണോദയത്തോടെ ഇതെല്ലാം കഴിഞ്ഞു.
18: യഹൂദരുടെ നിര്‍ഭയത്വം അനുഭവിച്ചറിഞ്ഞ്, രാജാവ് അവരുടെ ആസ്ഥാനങ്ങള്‍ ആക്രമിക്കുന്നതിനു യുദ്ധതന്ത്രങ്ങള്‍ പ്രയോഗിച്ചു.
19: അവന്‍ അവരുടെ ശക്തിദുര്‍ഗ്ഗമായ ബേത്സൂറിന്റെ നേരേ നീങ്ങിഎന്നാല്‍, തിരിച്ചോടിക്കപ്പെട്ടു. അവന്‍ വീണ്ടും ആക്രമിക്കുകയും പരാജയമടയുകയുംചെയ്തു.
20: കാവല്‍സേനയ്ക്ക് ആവശ്യകമായതെല്ലാം യൂദാസ് എത്തിച്ചുകൊടുത്തു. 
21: എന്നാല്‍, യഹൂദസൈന്യത്തില്‍പ്പെട്ട റൊദോക്കൂസ് എന്നൊരുവന്‍ ശത്രുവിനു രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തുഅവനെ അവര്‍ അന്വേഷിച്ചുപിടിച്ചു കാരാഗൃഹത്തിലാക്കി.
22: രാജാവു വീണ്ടും ബേത്സൂര്‍ നിവാസികളുമായി കൂടിയാലോചനനടത്തുകയും വാഗ്ദാനങ്ങള്‍ കൈമാറുകയും അതനുസരിച്ചു പിന്‍വാങ്ങുകയുംചെയ്തു. വീണ്ടും യൂദാസിനെയും അനുചരന്മാരെയും അവന്‍ ആക്രമിച്ചുഎന്നാല്‍ പരാജയപ്പെട്ടു.
23: താന്‍ ഭരണച്ചുമതലയേല്പിച്ചിരുന്ന ഫിലിപ്പ്, തത്സമയം അന്ത്യോക്യായില്‍ കലാപം സൃഷ്ടിക്കുന്നുവെന്നു രാജാവു കേട്ടുഅവന്‍ പരിഭ്രാന്തിപൂണ്ടു യഹൂദരെ വിളിച്ചുവരുത്തി. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാമെന്നു ശപഥംചെയ്തു. അവരുമായി ഉടമ്പടിചെയ്ത് അവന്‍ ബലിയര്‍പ്പിക്കുകയും ഉദാരമായ സംഭാവനകൊണ്ടു ദേവാലയത്തോടും വിശുദ്ധസ്ഥലത്തോടും ആദരം കാണിക്കുകയും ചെയ്തു.

സമാധാന ഉടമ്പടി
24: അവന്‍ മക്കബേയൂസിനെ അംഗീകരിക്കുകയും ഹഗെമോനിദസിനെ ടോളമായിസ് മുതല്‍ ഗരാര്‍വരെയുള്ള പ്രദേശത്തെ ഭരണാധിപനായി നിയോഗിക്കുകയുംചെയ്തിട്ടു ടോളമായിസിലേക്കു പോയി.
25: അവിടത്തെ ജനം ആ ഉടമ്പടിയുടെപേരില്‍ ക്രുദ്ധരായിരുന്നു. അതിലെ വ്യവസ്ഥകള്‍ അസാധുവാക്കണമെന്നുവരെ അവര്‍ കോപംപൂണ്ട് ആവശ്യപ്പെട്ടു.
26: എന്നാല്‍, ലിസിയാസ് പൊതുവേദിയില്‍ കയറിനിന്ന് ഉടമ്പടിയിലെ വ്യവസ്ഥകളെ ശക്തമായി പിന്താങ്ങിഅവരെ ബോദ്ധ്യപ്പെടുത്തി ശാന്തരാക്കിഅവരുടെ സൗമനസ്യംനേടി. അനന്തരംഅവന്‍ അന്ത്യോക്യായിലേക്കു പുറപ്പെട്ടു. ഇപ്രകാരമായിരുന്നു രാജാവിന്റെ ആക്രമണവും പിന്‍വാങ്ങലും.

അദ്ധ്യായം 14

അല്‍ക്കിമൂസിന്റെ തന്ത്രം
1: മൂന്നുകൊല്ലത്തിനുശേഷംസെല്യൂക്കസിന്റെ പുത്രന്‍ ദമെത്രിയൂസ്, കടല്‍മാര്‍ഗ്ഗം, സുശക്തമായ ഒരു സേനയോടും കപ്പല്‍പ്പടയോടുംകൂടെ ത്രിപ്പോളിസ് തുറമുഖത്തെത്തിയിരിക്കുന്നുവെന്നു യൂദാസും അനുചരന്മാരും കേട്ടു.
2: അവന്‍ അന്തിയോക്കസിനെയും അവന്റെ രക്ഷാകര്‍ത്താവായ ലിസിയാസിനെയും നിഗ്രഹിച്ചു രാജ്യം കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അവരറിഞ്ഞു.
3: പ്രധാനപുരോഹിതനായിരുന്നെങ്കിലും പിന്നീടു ഛിദ്രത്തിന്റെകാലത്തു സ്വമനസാ മലിനനായിത്തീര്‍ന്ന അല്‍ക്കിമൂസ് എന്നൊരുവന്‍ തനിക്കു നിര്‍ബാധം ജീവിക്കാനോ വീണ്ടും ബലിപീഠത്തില്‍ ശുശ്രൂഷിക്കാനോ മാര്‍ഗ്ഗമില്ലെന്നു മനസ്സിലാക്കി.
4: അവന്‍ നൂറ്റിയമ്പത്തൊന്നാമാണ്ട് ദമെത്രിയൂസ് രാജാവിന്റെയടുത്തെത്തി, ആചാരമനുസരിച്ച് ഒരു സ്വര്‍ണ്ണമകുടവും ഈന്തപ്പനകൈയും ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന ഏതാനും ഒലിവുശാഖകളും സമ്മാനിച്ചു. അന്നേദിവസം അവന്‍ ഒന്നും സംസാരിച്ചില്ല.
5: എന്നാല്‍ ദമെത്രിയൂസ് അവനെ കാര്യാലോചനാസംഘത്തിലേക്കു ക്ഷണിക്കുകയും യഹൂദരുടെ താത്പര്യങ്ങളെയും ലക്ഷ്യങ്ങളെയുംകുറിച്ച് ആരായുകയുംചെയ്തപ്പോള്‍ അവനു തന്റെ ഭ്രാന്തലക്ഷ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരംലഭിച്ചു. അവന്‍ പറഞ്ഞു:
6: യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തില്‍ ഹസിദേയര്‍ എന്നു വിളിക്കപ്പെടുന്ന ഒരു യഹൂദസമൂഹമുണ്ട്. അവരാണു യുദ്ധവും കലാപവും വളര്‍ത്തുന്നത്രാജ്യത്തു ശാന്തികൈവരാന്‍ അവര്‍ സമ്മതിക്കുകയില്ല.
7: അതിനാലാണ് എനിക്കു പൈതൃകമായി ലഭിച്ചിട്ടുള്ള പദവി - പ്രധാനപുരോഹിതസ്ഥാനം - ഉപേക്ഷിച്ചു ഞാനിവിടെ വന്നിരിക്കുന്നത്.
8: എനിക്കു രാജാവിന്റെ കാര്യങ്ങളിലുള്ള ആത്മാര്‍ത്ഥമായ താത്പര്യമാണ് എന്നെ ഇങ്ങോട്ടു നയിച്ച ഒന്നാമത്തെക്കാരണംരണ്ടാമത്തേത്സഹപൗരന്മാരെക്കുറിച്ചുള്ള ശ്രദ്ധ. ഞാന്‍ മുമ്പു സൂചിപ്പിച്ച കൂട്ടരുടെ നിരുത്തരവാദപരമായ പ്രവൃത്തികള്‍നിമിത്തം ഞങ്ങളുടെ രാജ്യംമുഴുവന്‍ ദുരിതത്തിലാണ്ടിരിക്കുന്നു.
9: കാര്യങ്ങള്‍, അങ്ങു സൂക്ഷ്മമായി അറിഞ്ഞിരിക്കുന്നതിനാല്‍ മഹാരാജാവേഅങ്ങേയ്ക്ക് എല്ലാവരോടുമുള്ള ദയാവായ്പു ഞങ്ങളോടും ദുരിതമനുഭവിക്കുന്ന ഞങ്ങളുടെ ജനത്തോടുമുണ്ടായിരിക്കണമേ!
10: യൂദാസ് ജീവിച്ചിരിക്കുന്നിടത്തോളംകാലം രാജ്യത്തു സമാധാനമുണ്ടാവുകയില്ല.
11: അല്‍ക്കിമൂസ് പറഞ്ഞുനിറുത്തിയപ്പോള്‍, യൂദാസിന്റെ വൈരികളായ രാജസുഹൃത്തുക്കള്‍ ദമെത്രിയൂസിന്റെ കോപാഗ്നിയെ ആളിക്കത്തിച്ചു.
12: യൂദാസിനെ വധിച്ച്അവന്റെ അനുയായികളെ ചിതറിക്കാനും
13: മഹത്തായ ദേവാലയത്തിന്റെ പ്രധാനപുരോഹിതനായി അല്‍ക്കിമൂസിനെ പ്രതിഷ്ഠിക്കാനുംവേണ്ടി ഗജസേനയുടെ നായകനായ നിക്കാനോറിനെ ദമെത്രിയൂസ്‌ യൂദയായുടെ ഭരണകര്‍ത്താവായി നിയമിച്ചയച്ചു.
14: യൂദാസിനെ ഭയന്ന്, ഓടിപ്പോയ, യൂദയായിലെങ്ങുമുള്ള വിജാതീയര്‍ യഹൂദര്‍ക്കു ഭവിക്കുന്ന അനര്‍ത്ഥങ്ങളും ആപത്തുകളും തങ്ങള്‍ക്കു ശ്രേയസ്സുവരുത്തുമെന്നു വിചാരിച്ചു നിക്കാനോറിന്റെ പക്ഷംചേര്‍ന്നു.

നിക്കാനോറും യൂദാസും മിത്രങ്ങള്‍
15: നിക്കാനോറിന്റെ വരവും വിജാതീയരുടെ ഒരുമിച്ചുകൂടലുമറിഞ്ഞ യഹൂദജനം, ശിരസ്സില്‍ പൂഴിവിതറുകയുംതന്റെ ജനത്തെ എന്നേക്കുമായി സ്ഥാപിച്ചവനും തന്റെ അവകാശമായ ജനത്തിനു തന്നെത്തന്നെ വെളിപ്പെടുത്തി, സദാ തുണയ്ക്കുന്നവനുമായ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു.
16: നേതാവിന്റെ കല്പനയനുസരിച്ച് അവര്‍ വേഗം പുറപ്പെട്ട്, ദസ്സാവു എന്ന ഗ്രാമത്തിലെത്തി ശത്രുക്കളുമായി ഏറ്റുമുട്ടി.
17: യൂദാസിന്റെ സഹോദരന്‍ ശിമയോന്‍, നിക്കാനോറിനെ നേരിട്ടുവെങ്കിലുംശത്രുവിന്റെ അപ്രതീക്ഷിതമായ മുന്നേറ്റം അവനെ അമ്പരിപ്പിച്ച്, തത്കാലത്തേക്കു തടഞ്ഞുനിര്‍ത്തി.
18: യൂദാസിന്റെയും അനുചരന്മാരുടെയും ധീരതയും തങ്ങളുടെ നാടിനുവേണ്ടിയുള്ള യുദ്ധത്തില്‍ പ്രകടിപ്പിക്കുന്ന വീര്യവുമറിഞ്ഞ നിക്കാനോര്‍ രക്തച്ചൊരിച്ചിലിലൂടെ കാര്യത്തിനു തീരുമാനമുണ്ടാക്കാന്‍ മടിച്ചു.
19: സൗഹൃദഉടമ്പടിക്കായി അവൻ‍, പൊസിദോനിയൂസ്തെയോദോത്തൂസ്മത്താത്തിയാസ് എന്നിവരെ അവരുടെയടുക്കലേക്കയച്ചു.
20: വ്യവസ്ഥകളെക്കുറിച്ചു വിശദമായി ചര്‍ച്ചചെയ്തതിനുശേഷം നേതാവു സൈന്യത്തെ വിവരം ധരിപ്പിച്ചു. എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നതിനാല്‍ ഉടമ്പടിക്കു സമ്മതം നല്കി.
21: അനന്തരംനേതൃസമ്മേളനത്തിനു ദിവസം നിശ്ചയിച്ചു. ഇരുസൈന്യത്തിലുംനിന്ന് ഓരോ രഥം മുമ്പോട്ടു വന്നു. പദവിക്കൊത്ത ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിരുന്നു.
22: ശത്രുപക്ഷത്തുനിന്ന് അപ്രതീക്ഷിതമായിവരാവുന്ന ചതിപ്രയോഗങ്ങളെത്തടയാന്‍ മര്‍മ്മസ്ഥാനങ്ങളില്‍ യൂദാസ് ആയുധധാരികളെ നിറുത്തിയിരുന്നു. സമ്മേളനം യഥോചിതം നടന്നു.
23: നിക്കാനോര്‍ ജറുസലെമില്‍ താമസം തുടര്‍ന്നുഅവന്‍ അനുചിതമായി ഒന്നും പ്രവര്‍ത്തിച്ചില്ല. മാത്രമല്ലതന്റെ പക്ഷത്തു ചേര്‍ന്നിരുന്ന ജനങ്ങളെ പിരിച്ചുവിടുകയുംചെയ്തു.
24: അവന്‍ യൂദാസിനെ വിട്ടുപിരിയാതെ നിന്ന്, അവനോടു ഗാഢമായ സൗഹൃദം പുലര്‍ത്തി.
25: വിവാഹംചെയ്യാന്‍ യൂദാസിനെ അവന്‍ നിര്‍ബ്ബന്ധിക്കുകയും അവനു സന്താനങ്ങളുണ്ടായിക്കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ യൂദാസ് വിവാഹിതനായിമറ്റുള്ളവരോടൊപ്പം സ്വസ്ഥജീവിതം നയിച്ചു.

ദേവാലയത്തിനെതിരേ ഭീഷണി
26: എന്നാല്‍, അവരുടെ സൗഹൃദംകണ്ട അല്‍ക്കിമൂസ് ഉടമ്പടിപ്പത്രികയുംകൊണ്ട് ദമെത്രിയൂസിന്റെയടുത്തെത്തി; നിക്കാനോര്‍ രാജദ്രോഹിയായ യൂദാസിനെ തന്റെ പിന്‍ഗാമിയായി നിയമിച്ച് രാജാവിനോട് അവിശ്വസ്തതകാണിച്ചിരിക്കുന്നുവെന്നു പറഞ്ഞു.
27: ആ നീചന്റെ വ്യാജമായ കുറ്റാരോപണങ്ങളാല്‍ രാജാവു ക്ഷുബ്ദ്ധനും കോപാക്രാന്തനുമായി. ഉടമ്പടിയില്‍ താന്‍ അസന്തുഷ്ടനാണെന്നും ഉടനടി മക്കബേയൂസിനെ ബന്ധനസ്ഥനാക്കി അന്ത്യോക്യായിലേക്കയയ്ക്കണമെന്നും നിക്കാനോറിനു കല്പനയയച്ചു.
28: സന്ദേശം ലഭിച്ച നിക്കാനോര്‍, യൂദാസ് ഒരു തെറ്റുംചെയ്യാതിരിക്കെ ഉടമ്പടി അസാധുവാക്കേണ്ടിവരുന്നതോര്‍ത്ത് അസ്വസ്ഥനായി.
29: രാജാവിനെയെതിര്‍ക്കുക അസാദ്ധ്യമായതിനാല്‍ തന്ത്രപൂര്‍വ്വം രാജകല്പന നിര്‍വ്വഹിക്കാന്‍ അവനവസരംകാത്തു.
30: നിക്കാനോര്‍ തന്നോടു കൂടുതല്‍ പരുഷമായി പെരുമാറുന്നുവെന്നും അവന്റെ സന്ദര്‍ശനങ്ങള്‍ അസാധാരണമായ കാര്‍ക്കശ്യത്തോടുകൂടിയതാണെന്നും മക്കബേയൂസ് കണ്ടു. അതു ദുരുദ്ദേശപരമെന്നു മനസ്സിലാക്കി അവന്‍ തന്റെ അനുയായികളില്‍ ഒട്ടേറെപ്പേരോടുകൂടെ ഒളിവില്‍പ്പോയി.
31: യൂദാസ്, തന്നെ സമര്‍ത്ഥമായി കബളിപ്പിച്ചിരിക്കുന്നുവെന്നു നിക്കാനോര്‍ കണ്ടു. അവന്‍ വിശുദ്ധവും മഹത്തരവുമായ ദേവാലയത്തിലെത്തിഅവിടെ പതിവനുസരിച്ചു ബലികള്‍ അര്‍പ്പിച്ചുകൊണ്ടിരുന്ന പുരോഹിതന്മാരോട് അവനെ പിടിച്ചേല്പിക്കാന്‍ ആജ്ഞാപിച്ചു.
32: അവന്‍ അന്വേഷിക്കുന്നയാള്‍ എവിടെയെന്നറിയില്ലെന്ന്, അവര്‍ ആണയിട്ടു പറഞ്ഞപ്പോള്‍, അവന്‍ ശ്രീകോവിലിനുനേരേ കൈചൂണ്ടിക്കൊണ്ടു ശപഥപൂര്‍വ്വം ആക്രോശിച്ചു:
33: യൂദാസിനെ ബന്ധനസ്ഥനാക്കി ഏല്പിച്ചില്ലെങ്കില്‍ ഈ ദേവാലയം നശിപ്പിച്ച്, ബലിപീഠം ഞാന്‍ തകര്‍ക്കും. തത്‌സ്ഥാനത്ത് ദിയൊനീസൂസിന് ഒരു മഹാക്ഷേത്രം ഞാന്‍ പണിയും.
34: ഇതു പറഞ്ഞിട്ട് അവന്‍ അവിടെനിന്നു പോയി. അപ്പോള്‍ പുരോഹിതന്മാര്‍ സ്വര്‍ഗ്ഗത്തിലേക്കു കൈകളുയര്‍ത്തി തങ്ങളെ എന്നും രക്ഷിക്കുന്നവനെ വിളിച്ച്, ഇങ്ങനെ പ്രാര്‍ത്ഥിച്ചു:
35: സകലത്തിന്റെയും നാഥാഒന്നിന്റെയും ആവശ്യം അങ്ങേയ്ക്കില്ല. എങ്കിലും ഞങ്ങളുടെയിടയില്‍ വസിക്കാന്‍ ഒരാലയമുണ്ടാകാന്‍ അങ്ങു മനസ്സായി.
36: സര്‍വ്വപരിശുദ്ധിയുടെയും ഉടയവനായ കര്‍ത്താവേഈയിടെ ശുദ്ധീകരണംകഴിഞ്ഞ ഈ ആലയത്തെ എന്നേയ്ക്കും അതിന്റെ പരിശുദ്ധിയില്‍ സംരക്ഷിക്കണമേ!

റാസിസിന്റെ മരണം
37: ജറുസലെമിലെ ശ്രേഷ്ഠന്മാരിലൊരുവനും ജനസ്നേഹിയും ജനസമ്മതനും യഹൂദരുടെ പിതാവെന്നു വിളിക്കപ്പെടുന്നവനുമായ റാസിസിനെക്കുറിച്ചു ശത്രുക്കള്‍ നിക്കാനോറിന്റെ മുമ്പാകെ കുറ്റാരോപണം നടത്തി.
38: വിജാതീയരുമായി ഒരു സംസര്‍ഗ്ഗവുമില്ലാതിരുന്ന കഴിഞ്ഞകാലത്ത്, യഹൂദവിശ്വാസത്തിന്റെപേരില്‍ കുറ്റം ചുമത്തപ്പെടുകയും യഹൂദവിശ്വാസത്തിനുവേണ്ടി തീക്ഷ്ണതാപൂര്‍വ്വം ശരീരവും ജീവനും അപകടത്തിലാക്കുകയുംചെയ്തവനാണു റാസിസ്.
39: നിക്കാനോര്‍ തനിക്കു യഹൂദരോടുള്ള വെറുപ്പു തെളിയിക്കാന്‍ ഇച്ഛിച്ച് അഞ്ഞൂറിലധികം പടയാളികളെയയച്ച് റാസിസിനെ ബന്ധനസ്ഥനാക്കാന്‍ ശ്രമിച്ചു.
40: യഹൂദര്‍ക്ക് അതാഘാതമാകുമെന്ന് അവന്‍ പ്രതീക്ഷിച്ചു.
41: പടയാളികള്‍ ഗോപുരം പിടിച്ചടക്കുമെന്നുള്ള ഘട്ടത്തിലായിഅവര്‍ അങ്കണ കവാടത്തോടടുത്തുവാതിലുകള്‍ തീവയ്ക്കാന്‍ ഉത്തരവും നല്കപ്പെട്ടു. അപകടസ്ഥിതി മനസ്സിലാക്കിയ റാസിസ് പെട്ടെന്നു സ്വന്തം വാളിന്മേല്‍ വീണു.
42: പാപികളുടെ കരങ്ങളില്‍ പതിച്ചു തന്റെ കുലീനജന്മത്തിനു യോഗ്യമല്ലാത്ത അതിക്രമങ്ങള്‍ സഹിക്കുന്നതിനെക്കാള്‍ മാന്യമായി മരിക്കാന്‍ അവനിഷ്ടപ്പെട്ടു.
43: എന്നാല്‍, ഉത്കണ്ഠയും തിടുക്കവുംമൂലം വീഴ്ച ലക്ഷ്യംതെറ്റി. സൈന്യം വാതിലുകളിലൂടെ തള്ളിക്കയറിക്കൊണ്ടിരുന്നു. അവന്‍ ധീരതയോടെ ഓടി മതിലില്‍ക്കയറി പടയാളികളുടെ മദ്ധ്യത്തിലേക്കു വീരോചിതമായി ചാടി.
44: പടയാളികള്‍ തിടുക്കത്തില്‍ പിന്‍വാങ്ങി. അങ്ങനെ ഒഴിഞ്ഞുകിട്ടിയ സ്ഥലത്ത് അവന്‍ വീണു.
45: അവന്‍ എന്നിട്ടും മരിച്ചില്ല. കോപം ജ്വലിച്ച്അവന്‍ എഴുന്നേറ്റുകഠിനമായ മുറിവുകളില്‍നിന്നു രക്തം കുതിച്ചൊഴുകിസൈന്യത്തിനിടയിലൂടെ അവന്‍ പാഞ്ഞുചെന്ന് കുത്തനെയുള്ള ഒരു പാറയില്‍ക്കയറി.
46: രക്തം മുഴുവന്‍ വാര്‍ന്നുകഴിഞ്ഞുഇരുകൈകള്‍കൊണ്ടും തന്റെ കുടലുകള്‍ പറിച്ചെടുത്ത്അവ തനിക്കു തിരിച്ചു തരണമെന്ന് ജീവന്റെയും ചേതനയുടെയും കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചുകൊണ്ട്, അവന്‍ ആ പടയാളികളുടെ മദ്ധ്യത്തിലേക്കു വലിച്ചെറിഞ്ഞു. ഈ വിധമായിരുന്നു അവന്റെ മരണം. 
 
അദ്ധ്യായം 15

നിക്കാനോറിന്റെ ദൈവദൂഷണം
1: യൂദാസും അനുചരന്മാരും സമരിയാപ്രദേശത്ത് എത്തിയിരിക്കുന്നുവെന്നു നിക്കാനോര്‍ കേട്ടു. ഏറ്റവും സുരക്ഷിതമായി വിശ്രമനാളില്‍ അവരെയാക്രമിക്കാന്‍ അവന്‍ പരിപാടി തയ്യാറാക്കി.
2: അവനെയനുഗമിക്കാന്‍ നിര്‍ബ്ബന്ധിതരായിത്തീര്‍ന്ന യഹൂദര്‍, അവനോടു പറഞ്ഞു: ക്രൂരവും കിരാതവുമായ ഇത്തരം നശീകരണം തുടരരുത്. സര്‍വ്വദര്‍ശിയായവന്‍ മറ്റു ദിനങ്ങള്‍ക്കുപരി ആദരിച്ചുശുദ്ധീകരിച്ച ദിവസത്തെ, നീ പൂജ്യമായിക്കരുതേണ്ടതാണ്;
3: അപ്പോള്‍ ആ അഭിശപ്തന്‍ അവരോട്, സാബത്തുദിനമാചരിക്കാന്‍ കല്പിച്ചിട്ടുള്ള ഒരു രാജാവു സ്വര്‍ഗ്ഗത്തിലുണ്ടോ എന്നു ചോദിച്ചു.
4: അവര്‍ പ്രഖ്യാപിച്ചു: ജീവിക്കുന്ന കര്‍ത്താവായ സ്വര്‍ഗ്ഗീയരാജാവാണ് ഏഴാംദിവസം ആചരിക്കണമെന്നു കല്പിച്ചിട്ടുള്ളത്.
5: അവന്‍ പ്രതിവചിച്ചു: ഞാനും ഭൂമിയില്‍ ഒരു രാജാവാണ്ആയുധമേന്തി രാജശാസനം അനുവര്‍ത്തിക്കാന്‍ ഞാന്‍ നിങ്ങളോടാജ്ഞാപിക്കുന്നു. എങ്കിലും അവന്റെ നീചതാത്പര്യങ്ങള്‍ സഫലമാക്കാന്‍ അവനുകഴിഞ്ഞില്ല.
6: ഗര്‍വ്വിഷ്ഠനും ധിക്കാരിയുമായി നിക്കാനോര്‍ യൂദാസിനെയും അനുചരന്മാരെയും കീഴടക്കി വിജയത്തിന്റെ പരസ്യസ്മാരകം സ്ഥാപിക്കാന്‍ നിശ്ചയിച്ചു.

യൂദാസ് ധൈര്യംപകരുന്നു
7: മക്കബേയൂസ് കര്‍ത്താവിന്റെ സഹായം ലഭിക്കുമെന്നുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്നു.
8: വിജാതീയരുടെ ആക്രമണത്തെ പേടിക്കരുതെന്നും സ്വര്‍ഗ്ഗസ്ഥനായ സര്‍വ്വശക്തനില്‍നിന്നു മുമ്പു ലഭിച്ചിട്ടുള്ള സഹായമനുസ്മരിച്ച്, വിജയം പ്രതീക്ഷിക്കണമെന്നും തന്റെ അനുചരന്മാരെ അവന്‍ ഉദ്‌ബോധിപ്പിച്ചു.
9: നിയമത്തില്‍നിന്നും പ്രവാചകന്മാരില്‍നിന്നും വാക്യങ്ങളുദ്ധരിച്ച്, അവനവര്‍ക്കു ധൈര്യം പകര്‍ന്നു. തങ്ങള്‍ വിജയംവരിച്ച യുദ്ധങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് അവരെ പൂര്‍വ്വാധികം ഉത്തേജിപ്പിച്ചു.
10: അവരില്‍ വീര്യമുണര്‍ത്തുകയും വിജാതീയരുടെ വിശ്വാസവഞ്ചനയും വാഗ്ദാനലംഘനവും ചൂണ്ടിക്കാട്ടുകയുംചെയ്തതിനുശേഷം അവന്‍, അവര്‍ക്കു സമുചിതമായ നിര്‍ദ്ദേശങ്ങള്‍ നല്കി.
11: പരിചകളും കുന്തങ്ങളുംനല്കിയ ശുഭപ്രതീക്ഷകൊണ്ടെന്നതിനെക്കാള്‍, അവന്‍ തന്റെ ധീരവും ഉത്തേജകവുമായ വാക്കുകള്‍കൊണ്ട് അവരോരോരുത്തരെയും ആയുധമണിയിച്ചു. വിശ്വാസ്യമായ ഒരു സ്വപ്നം അഥവാ ദര്‍ശനം വിവരിച്ച്, അവനവര്‍ക്ക്, ഉന്മേഷംപകര്‍ന്നു.
12: ഇതായിരുന്നു ദര്‍ശനം: കുലീനനും ഗുണവാനും വിനീതനും സൗമ്യനും ഉചിതഭാഷിയും ബാല്യംമുതലേ സത്കര്‍മ്മനിരതനും മുമ്പു പ്രധാനപുരോഹിതപദവി അലങ്കരിച്ചവനുമായ ഓനിയാസ് കൈകളുയര്‍ത്തി യഹൂദജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു.
13: അതേസമയം മറ്റൊരാള്‍, നരചൂടിയഅന്തസ്സുറ്റപ്രൗഢിയും ആജ്ഞാശക്തിയുംതികഞ്ഞ ഒരാള്‍ അവിടെ പ്രത്യക്ഷപ്പെട്ടു.
14: അപ്പോള്‍ ഓനിയാസ് പറഞ്ഞു: സഹോദരരെ സ്നേഹിക്കുകയും ജനത്തിനും നഗരത്തിനുംവേണ്ടി ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയുംചെയ്യുന്നവന് ‍- ദൈവത്തിന്റെ പ്രവാചകനായ ജറെമിയാ - ആണിത്.
15: ജറെമിയാ വലത്തുകരംനീട്ടി യൂദാസിന് ഒരു സുവര്‍ണ്ണഖഡ്ഗം നല്കിക്കൊണ്ടു പറഞ്ഞു:
16: ഈ വിശുദ്ധഖഡ്ഗം സ്വീകരിക്കുകദൈവത്തില്‍നിന്നുള്ള സമ്മാനമാണിത്. ഇതുകൊണ്ട്, നീ എതിരാളികളെ നിഗ്രഹിക്കും.

നിക്കാനോറിന്റെ പതനം
17: വീര്യവും പൗരുഷവും പകരുന്ന യൂദാസിന്റെ ശ്രേഷ്ഠമായ വാക്കുകളാല്‍ ഉത്തേജിതരായ യുവാക്കള്‍, പാളയമടിച്ചുകിടക്കാതെഎതിരാളികളെ നേരിടാനും കാര്യത്തിനു തീരുമാനമുണ്ടാക്കാനും ഉറച്ചു. എന്തെന്നാല്‍, നഗരവും ശ്രീകോവിലും ദേവാലയവും അപകടസ്ഥിതിയിലായിരുന്നു.
18: അവരുടെ പ്രഥമവും പ്രധാനവുമായ ഉത്കണ്ഠ, പ്രതിഷ്ഠിക്കപ്പെട്ട ദേവാലയത്തെക്കുറിച്ചായിരുന്നു. തങ്ങളുടെ ഭാര്യമാര്‍, കുട്ടികള്‍, സഹോദരര്‍, ബന്ധുജനങ്ങള്‍ എന്നിവരെക്കുറിച്ച് അവര്‍ അത്രയ്ക്ക് ഉത്കണ്ഠിതരായിരുന്നില്ല.
19: നഗരത്തില്‍ത്തന്നെകഴിയാന്‍ നിര്‍ബ്ബന്ധിതരായവര്‍ക്ക്, തുറന്നസ്ഥലത്തുവച്ചു യുദ്ധംചെയ്യുന്നവരെക്കുറിച്ചുണ്ടായിരുന്ന ആകുലത ഒട്ടുംകുറവായിരുന്നില്ല.
20: എല്ലാവരും നിര്‍ണ്ണായകനിമിഷംകാത്തിരിക്കവേ, ശത്രുസൈന്യം യുദ്ധസന്നദ്ധമായി സമീപത്തെത്തിക്കഴിഞ്ഞു. തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ആനകളെയും പാര്‍ശ്വങ്ങളില്‍ കുതിരപ്പടയെയും അവര്‍ നിറുത്തി.
21: ആ സേനാവ്യൂഹവും വിവിധതരത്തിലുള്ള ആയുധങ്ങളും ആനകളുടെ ഭീകരതയും ദര്‍ശിച്ച മക്കബേയൂസ്, സ്വര്‍ഗ്ഗത്തിലേക്കു കൈകളുയര്‍ത്തി, അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കുന്ന കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. എന്തെന്നാല്‍, കര്‍ത്താവ് ആയുധങ്ങളാലല്ല, സ്വന്തം നിശ്ചയപ്രകാരമാണ്അര്‍ഹിക്കുന്നവര്‍ക്കു വിജയംനേടിക്കൊടുക്കുന്നതെന്ന് അവനറിഞ്ഞിരുന്നു.
22: അവിടുത്തെ വിളിച്ച്, അവന്‍ പ്രാര്‍ത്ഥിച്ചു: കര്‍ത്താവേയൂദാരാജാവായിരുന്ന ഹെസെക്കിയായുടെകാലത്ത്, അങ്ങു ദൂതനെയയയ്ക്കുകയും സെന്നാക്കെരീബിന്റെ പാളയത്തില്‍ അവന്‍ ഒരുലക്ഷത്തിയെണ്‍പത്തയ്യായിരത്തോളംപേരെ സംഹരിക്കുകയും ചെയ്തു.
23: സ്വര്‍ഗ്ഗാധിനാഥാഞങ്ങള്‍ക്കു മുന്നോടിയായി ഭയവും സംഭ്രാന്തിയുംപരത്താന്‍ ഒരുത്തമദൂതനെ ഇപ്പോളയയ്ക്കണമേ!
24: അവിടുത്തെ വിശുദ്ധജനത്തിനെതിരായിവരുന്ന ഈ ദൈവദൂഷകരെ അങ്ങയുടെ ഭുജബലത്താല്‍ തകര്‍ക്കണമേ! ഈ വാക്കുകളോടെ യൂദാസ് പ്രാര്‍ത്ഥനയവസാനിപ്പിച്ചു.
25: നിക്കാനോറും കൂട്ടരും കാഹളങ്ങളോടും പോര്‍വിളികളോടുംകൂടെ മുന്നേറി.
26: യൂദാസും അനുചരന്മാരും ദൈവത്തെവിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടു ശത്രുവിനെ നേരിട്ടു.
27: കൈകള്‍കൊണ്ടു യുദ്ധംചെയ്യുകയും ഹൃദയംകൊണ്ടു ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട്, മുപ്പത്തയ്യായിരത്തില്‍ കുറയാത്ത ആളുകളെയവര്‍ കൊന്നൊടുക്കി. ദൈവത്തിന്റെ ഈ പ്രത്യക്ഷസഹായം അവരെ ആഹ്ലാദഭരിതരാക്കി.
28: അവര്‍ യുദ്ധംകഴിഞ്ഞ്, ആനന്ദത്തോടെ മടങ്ങിപ്പോകുമ്പോള്‍, നിക്കാനോര്‍ പടച്ചട്ടയോടുകൂടെ മരിച്ചുകിടക്കുന്നതു കണ്ടു.
29: ഉടനെ അട്ടഹാസവും ആരവവുമുയര്‍ന്നുസകലത്തിന്റെയും അധിപനായ കര്‍ത്താവിനെ സ്വന്തം ഭാഷയില്‍ അവര്‍ വാഴ്ത്തി സ്തുതിച്ചു.
30: ശരീരവും ആത്മാവും സഹോദരരുടെ സംരക്ഷണത്തിനുവേണ്ടി ഉഴിഞ്ഞുവച്ചതന്റെ നാട്ടുകാരോടു സവിശേഷമായ സൗഹൃദംപുലര്‍ത്തിയിരുന്ന യൂദാസ്നിക്കാനോറിന്റെ ശിരസ്സും കൈയും ഛേദിച്ച് ജറുസലെമിലേക്കു കൊണ്ടുപോകാന്‍ അവരോടാജ്ഞാപിച്ചു.
31: അവന്‍ അവിടെയെത്തി ജനത്തെ വിളിച്ചുകൂട്ടിപുരോഹിതന്മാരെ ബലിപീഠത്തിന്റെമുമ്പില്‍ കൊണ്ടുവന്നുകോട്ടയിലായിരുന്നവരെ ആളയച്ചുവരുത്തി.
32: നീചനായ നിക്കാനോറിന്റെ തലയും സര്‍വ്വശക്തന്റെ ഭവനത്തിനെതിരേ ആ ദൈവദൂഷകന്‍ ഗര്‍വ്വോടെ നീട്ടിയ കരവും അവന്‍ അവരെ കാണിച്ചു.
33: അവന്‍ ദുഷ്ടനായ നിക്കാനോറിന്റെ നാവു ഛേദിച്ചു. അതു കഷണങ്ങളാക്കി പക്ഷിക്കള്‍ക്ക് ഇട്ടുകൊടുക്കുമെന്നും അവന്റെ ഭോഷത്തത്തിന്റെ പ്രതിഫലങ്ങള്‍ ദേവാലയത്തിന്റെമുമ്പില്‍ കെട്ടിത്തൂക്കുമെന്നും യൂദാസ് പറഞ്ഞു.
34: അവരെല്ലാവരും സ്വര്‍ഗ്ഗത്തിലേക്കു നോക്കിതങ്ങള്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയ കര്‍ത്താവിനെ സ്തുതിച്ചു പറഞ്ഞു: സ്വന്തം ഭവനം അശുദ്ധമാകാതെ കാത്തുസൂക്ഷിച്ചവന്‍ വാഴ്ത്തപ്പെടട്ടെ!
35: കര്‍ത്താവില്‍നിന്നു ലഭിച്ച സഹായങ്ങളുടെ പ്രത്യക്ഷ തെളിവായി യൂദാസ് നിക്കാനോറിന്റെ ശിരസ്സ്, കോട്ടയുടെ മുകളില്‍ തൂക്കി.
36: ഈ ദിനം ഒരിക്കലും വിസ്മൃതിയിലാണ്ടുപോകരുതെന്നും സുറിയാനിഭാഷയില്‍ ആദാര്‍ എന്നു വിളിക്കപ്പെടുന്ന പന്ത്രണ്ടാംമാസത്തിലെ മൊര്‍ദെക്കായ്ദിനത്തിന്റെ തലേനാളായ പതിമൂന്നാംദിനം ആഘോഷപൂര്‍വ്വം കൊണ്ടാടണമെന്നും പൊതുസമ്മതപ്രകാരം അവര്‍ നിശ്ചയിച്ചു.

ഉപസംഹാരം
37: ഇങ്ങനെ നിക്കാനോറിന്റെ കഥയവസാനിച്ചു. അന്നുമുതല്‍ നഗരം ഹെബ്രായരുടെ കൈവശമാണ്. ഞാനും കഥ ഇവിടെ അവസാനിപ്പിക്കുന്നു.
38: അതു നന്നായികാര്യമാത്ര പ്രസക്തമായി അവതരിപ്പിച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ കൃതാര്‍ത്ഥനാണ്അവതരണം അവിദഗ്ധമോ ഇടത്തരമോ ആയിപ്പോയെങ്കില്‍ ഇത്രയേ എനിക്കു പരമാവധി ചെയ്യാന്‍ കഴിഞ്ഞുള്ളു.
39: വെള്ളംചേര്‍ക്കാത്ത വീഞ്ഞോ വെള്ളംമാത്രമോ കുടിക്കുക ഉപദ്രവകരമാണ്. വെള്ളംചേര്‍ത്ത വീഞ്ഞ്മധുരവും സ്വാദേറിയതുമാണ്. ആനന്ദദായകമാണ്. അതുപോലെയാണു കഥാകഥനരീതി വായനക്കാരനെ ആഹ്ലാദിപ്പിക്കുന്നതും. ഞാന്‍ ഉപസംഹരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ