ഇരുന്നൂറ്റിയെഴുപത്തിയഞ്ചാം ദിവസം: മത്തായി 12 - 13


അദ്ധ്യായം 12

സാബത്തിനെക്കുറിച്ചു വിവാദം
1: അക്കാലത്ത്, ഒരു സാബത്തില്‍, യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോൾ അവന്റെ ശിഷ്യന്മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍പറിച്ചു തിന്നാന്‍തുടങ്ങി.
2: ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ,  നിന്റെ ശിഷ്യന്മാര്‍ 
സാബത്തില്‍ നിഷിദ്ധമായതുചെയ്യുന്നു.
3: അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും എന്താണുചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
4: അവന്‍ ദൈവഭവനത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ തനിക്കോ സഹചരന്മാര്‍ക്കോ ഭക്ഷിക്കാനനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിച്ചതെങ്ങനെ?
5: അല്ലെങ്കില്‍, സാബത്തുദിവസം ദേവാലയത്തിലെ പുരോഹിതന്മാര്‍ സാബത്തുലംഘിക്കുകയും അതേസമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ?
6: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാള്‍ ശ്രേഷ്ഠമായതിവിടെയുണ്ട്.
7: ബലിയല്ല, കരുണയാണു ഞാനാഗ്രഹിക്കുന്നത്, എന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റംവിധിക്കുമായിരുന്നില്ല.
8: എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.

സാബത്തില്‍ രോഗശാന്തിനല്കുന്നു
9: അനന്തരം, യേശു അവിടെനിന്നു യാത്രതിരിച്ച്, അവരുടെ സിനഗോഗിലെത്തി.
10: അവിടെ, കൈശോഷിച്ച ഒരുവനുണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കണമെന്ന ഉദ്ദേശ്യത്തോടെ, അവരവനോടു ചോദിച്ചു: സാബത്തില്‍ രോഗശാന്തിനല്കുന്നത് അനുവദനീയമാണോ?
11: അവന്‍ പറഞ്ഞു: നിങ്ങളിലാരുണ്ട്, തന്റെ ആട് സാബത്തില്‍ കുഴിയില്‍വീണാല്‍ പിടിച്ചുകയറ്റാത്തതായി?
12: ആടിനെക്കാള്‍ എത്രയേറെ വിലപ്പെട്ടവനാണു മനുഷ്യന്‍! അതിനാല്‍, സാബത്തില്‍ നന്മചെയ്യുന്നത്, അനുവദനീയമാണ്.
13: അനന്തരം, അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവന്‍ കൈനീട്ടി. ഉടനെ അതു സുഖംപ്രാപിക്കപ്പെട്ട്, മറ്റേക്കൈപോലെയായി.
14: ഫരിസേയരാകട്ടെ, അവിടെനിന്നുപോയി, അവനെ നശിപ്പിക്കേണ്ടതെങ്ങനെയെന്നു കൂടിയാലോചനനടത്തി.

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടദാസന്‍
15: ഇതു മനസ്സിലാക്കിയ യേശു അവിടെനിന്നു പിന്‍വാങ്ങി. അനേകംപേര്‍ അവനെയനുഗമിച്ചു. അവരെയെല്ലാം അവന്‍ സുഖപ്പെടുത്തി.
16: തന്നെ പരസ്യപ്പെടുത്തുന്നതിൽനിന്ന്, അവനവരെ വിലക്കി. അവനവരോടു കല്പിച്ചു.
17: ഇത്, ഏശയ്യാപ്രവാചകന്‍വഴി അരുൾചെയ്യപ്പെട്ടതു പൂര്‍ത്തിയാകാനാണ്:
18: ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്റെ ദാസന്‍; എന്റെ ആത്മാവുപ്രസാദിച്ച എന്റെ പ്രിയപ്പെട്ടവന്‍! ഞാനവന്റെമേല്‍ എന്റെ ആത്മാവിനെ
യയ്ക്കും;
19: അവന്‍ വിജാതീയരെ ന്യായവിധിയറിയിക്കും. അവന്‍ തര്‍ക്കിക്കുകയോ ഒച്ചവയ്ക്കുകയോ ഇല്ല; തെരുവീഥികളില്‍ അവന്റെ ശബ്ദം, ആരും കേള്‍ക്കുകയില്ല.
20: നീതിയെ വിജയത്തിലെത്തിക്കുന്നതുവരെ അവന്‍ ചതഞ്ഞഞാങ്ങണ ഒടിക്കുകയില്ല; പുകഞ്ഞതിരി കെടുത്തുകയില്ല.
21: അവന്റെ നാമത്തില്‍ വിജാതീയര്‍ പ്രത്യാശവയ്ക്കും.

യേശുവും ബേല്‍സെബൂലും
22: അനന്തരം, അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ അവര്‍ യേശുവിന്റെയടുത്തു കൊണ്ടുവന്നു. യേശു അവനെ സുഖപ്പെടുത്തി. അവന്‍ സംസാരിക്കുകയും കാണുകയും ചെയ്തു.
23: ജനക്കൂട്ടമെല്ലാം അദ്ഭുതപ്പെട്ടു ചോദിച്ചുകൊണ്ടിരുന്നു: ഇവനായിരിക്കുമോ ദാവീദിന്റെ പുത്രന്‍?
24: എന്നാല്‍, ഇതുകേട്ടപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: ഇവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടുതന്നെയാണു പിശാചുക്കളെ ബഹിഷ്കരിക്കുന്നത്.
25: അവരുടെ വിചാരങ്ങള്‍ മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: അന്തശ്ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തശ്ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്ക്കുകയില്ല.
26: സാത്താന്‍ സാത്താനെ ബഹിഷ്കരിക്കുന്നെങ്കില്‍, അവന്‍ തനിക്കെതിരായിത്തന്നെ ഭിന്നിക്കുകയാണ്; അങ്ങനെയെങ്കിൽ അവന്റെ രാജ്യമെങ്ങനെ നിലനില്ക്കും?
27: ബേല്‍സെബൂലിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കില്‍, നിങ്ങളുടെ പുത്രന്മാര്‍ ആരെക്കൊണ്ടാണ് അവയെ ബഹിഷ്കരിക്കുന്നത്? അതുകൊണ്ട്, അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും.
28: എന്നാല്‍, ദൈവാത്മാവിനെക്കൊണ്ടാണു ഞാന്‍ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളുടെയടുത്തെത്തിയിരിക്കുന്നു.
29: അഥവാ, ശക്തനായ ഒരു മനുഷ്യന്റെ ഭവനത്തില്‍പ്രവേശിച്ച് വസ്തുക്കള്‍ കവര്‍ച്ചചെയ്യാന്‍ ആദ്യംതന്നെ അവനെ ബന്ധിക്കാതെ സാധിക്കുമോ? ബന്ധിച്ചാല്‍ കവര്‍ച്ചചെയ്യാന്‍കഴിയും.
30: എന്നോടുകൂടെയല്ലാത്തവന്‍ എന്റെ എതിരാളിയാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു.
31: അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ എല്ലാ പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍, ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല.
32: മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അതു ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല.
33: ഒന്നുകില്‍ വൃക്ഷം നല്ലത്, ഫലവും നല്ലത്; അല്ലെങ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത. കാരണം, ഫലത്തില്‍നിന്നാണു വൃക്ഷത്തെ മനസ്സിലാക്കുന്നത്.
34: അണലിസന്തതികളേ! ദുഷ്ടരായിരിക്കെ, നല്ലകാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്കെങ്ങനെകഴിയും? ഹൃദയത്തിന്റെ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്.
35: നല്ല മനുഷ്യന്‍ നന്മയുടെ ശേഖരത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ, തിന്മയുടെ 
ശേഖരത്തില്‍നിന്നു തിന്മ പുറപ്പെടുവിക്കുന്നു.
36: ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ത്ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും.
37: കാരണം, നിന്റെ വാക്കുകളാല്‍ നീ നീതിമത്കരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ത്തന്നെ, നീ കുറ്റംവിധിക്കപ്പെടുകയുംചെയ്യും.

യോനാപ്രവാചകന്റെ അടയാളം
38: അപ്പോള്‍, 
ചിലനിയമജ്ഞരും ഫരിസേയരും അവനോടുപറഞ്ഞു: ഗുരോ, നിന്നില്‍നിന്ന് ഒരടയാളംകാണാന്‍ ഞങ്ങളാഗ്രഹിക്കുന്നു.
39: അവന്‍ മറുപടി പറഞ്ഞു: ദുഷിച്ചതും അവിശ്വസ്തവുമായ തലമുറ അടയാളമന്വേഷിക്കുന്നു.
40: യോനാപ്രവാചകന്റെ അടയാളമല്ലാതെ, മറ്റൊരടയാളവും അതിനു നല്കപ്പെടുകയില്ല. യോനാ, മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തില്‍ക്കിടന്നപോലെ മനുഷ്യപുത്രനും മൂന്നുരാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും.
41: നിനെവേനിവാസികള്‍, വിധിദിവസം ഈ തലമുറയോടൊത്തെഴുന്നേറ്റ്, ഇതിനെ കുറ്റംവിധിക്കും. എന്തെന്നാല്‍, യോനായുടെ പ്രസംഗംകേട്ട്, അവരനുതപിച്ചു. ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!
42: ദക്ഷിണദേശത്തെ രാജ്ഞി വിധിദിവസം ഈ തലമുറയോടൊത്ത് ഉയിര്‍ത്തെഴുന്നേൽക്കുകയും ഇതിനെ കുറ്റംവിധിക്കുകയുംചെയ്യും. എന്തെന്നാല്‍, സോളമന്റെ വിജ്ഞാനംശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു വന്നെത്തി. ഇതാ, ഇവിടെ സോളമനെക്കാള്‍ വലിയവന്‍!

അശുദ്ധാരൂപി തിരിച്ചുവരുന്നു
43: അശുദ്ധാരൂപി ഒരു മനുഷ്യനെവിട്ടുപോകുമ്പോള്‍ അത്, ആശ്വാസംതേടി, വരണ്ടസ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു; എന്നാല്‍ കണ്ടെത്തുന്നില്ല. അപ്പോളതു പറയുന്നു:
44: ഞാനിറങ്ങിപ്പോന്ന എന്റെ താമസസ്ഥലത്തേക്കു തിരിച്ചുചെല്ലും. മടങ്ങിവരുമ്പോള്‍ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടും കാണുന്നു.
45: അപ്പോള്‍ അതു പുറപ്പെട്ടുചെന്ന് തന്നെക്കാള്‍ ദുഷ്ടരായ ഏഴ
രൂപികളെക്കൂടെ തന്നോടൊത്തുകൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയുംചെയ്യുന്നു. അങ്ങനെ, ആ മനുഷ്യന്റെ അവസാനത്തെ സ്ഥിതി, ആദ്യത്തേതിനെക്കാള്‍ ശോചനീയമായിത്തീരുന്നു. ഈ ദുഷിച്ചതലമുറയ്ക്കും ഇതുതന്നെയായിരിക്കും സ്ഥിതി.

യേശുവിന്റെ അമ്മയും സഹോദരരും
46: അവന്‍ തുടർന്ന്, ജനക്കൂട്ടത്തോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്റെ അമ്മയും സഹോദരരും അവനോടു സംസാരിക്കാനാഗ്രഹിച്ചു പുറത്തുനിന്നിരുന്നു.
47: ഒരുവന്‍ അവനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാനാഗ്രഹിച്ച്, പുറത്തുനില്‍ക്കുന്നു.
48: യേശു അവനോടു പറഞ്ഞു: ആരാണെന്റെയമ്മ? ആരാണെന്റെ സഹോദരര്‍?
49: തന്റെ ശിഷ്യരുടെനേരേ കൈനീട്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും.
50: സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഹിതംനിറവേറ്റുന്നവനാരോ, അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.

അദ്ധ്യായം 13

വിതക്കാരന്റെ ഉപമ
1: ആ ദിവസം യേശു വീട്ടില്‍നിന്നു പുറത്തുവന്ന്, കടല്‍ത്തീരത്തിരുന്നു.
2: വലിയ ജനക്കൂട്ടം അവന്റെ ചുറ്റുംകൂടി. തന്നിമിത്തം അവന്‍ ഒരു തോണിയില്‍ക്കയറിയിരുന്നു. ജനക്കൂട്ടം മുഴുവന്‍ തീരത്തുനിന്നു.
3: അപ്പോളവന്‍ ഏറെക്കാര്യങ്ങള്‍ ഉപമകള്‍വഴി അവരോടു പറഞ്ഞു: ഇതാ, വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു.
4: അവന്‍ വിതച്ചപ്പോള്‍, കുറേവിത്തുകൾ വഴിയരികില്‍ വീണു. പക്ഷികള്‍ വന്ന്, അവ തിന്നുകളഞ്ഞു.
5: എന്നാൽ ചിലതു മണ്ണധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന് താഴ്ചയില്ലാതിരുന്നതിനാല്‍ പെട്ടെന്നു മുളച്ചുപൊങ്ങി.
6: സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു.
7: വേറെചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന്, അതിനെ ഞെരുക്കിക്കളഞ്ഞു.
8: മറ്റുചിലതാകട്ടെ, നല്ല നിലത്തു വീണു. അവ, നൂറുമേനിയും അറുപതുമേനിയും മുപ്പതുമേനിയും വിളവുനല്കി.
9: ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

ഉപമകളുടെ ഉദ്ദേശ്യം
10: അപ്പോള്‍ ശിഷ്യന്മാര്‍ അടുത്തെത്തി അവനോടു ചോദിച്ചു: എന്തുകൊണ്ടാണ്, നീയവരോട് ഉപമകള്‍വഴി സംസാരിക്കുന്നത്?
11: അവന്‍ മറുപടി പറഞ്ഞു: 
നിങ്ങള്‍ക്കാണു സ്വര്‍ഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങളറിയാൻ നല്കപ്പെട്ടിരിക്കുന്നത്. അവര്‍ക്കാകട്ടെ, നല്കപ്പെട്ടിട്ടില്ലാ.
12: കാരണം, ഉള്ളവനു നല്കപ്പെടും. അവനു സമൃദ്ധിയുണ്ടാവുകയുംചെയ്യും. ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലുമെടുക്കപ്പെടും.
13: അതുകൊണ്ടാണ്, ഞാനവരോട് ഉപമകള്‍വഴി സംസാരിക്കുന്നത്. എന്തെന്നാൽ അവർ കാണുന്നെങ്കിലും കാണുന്നില്ല, കേൾക്കുന്നെങ്കിലും കേള്‍ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല.
14: ഏശയ്യായുടെ പ്രവചനം അവരില്‍ പൂര്‍ത്തിയായിരിക്കുന്നു: നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്സിലാക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല.
15: കാരണം, അവര്‍ കണ്ണുകൊണ്ടു കണ്ട്, കാതുകൊണ്ടു കേട്ട്, ഹൃദയംകൊണ്ടു മനസ്സിലാക്കി, മാനസാന്തരപ്പെടുകയും ഞാനവരെ സുഖപ്പെടുത്തുകയും അസാദ്ധ്യമാകുംവിധം ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ്, അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.
16: എന്നാൽ, നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു.
17: കാരണം, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍കാണുന്നവ കാണാനാഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍കേള്‍ക്കുന്നവ കേള്‍ക്കാനാഗ്രഹിച്ചു, എങ്കിലും കേട്ടില്ല.

വിതക്കാരന്റെ ഉപമ വിശദീകരിക്കുന്നു
18: ആകയാൽ, വിതക്കാരന്റെ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍
19: ഒരുവൻ രാജ്യത്തിന്റെ വചനം കേട്ടു മനസ്സിലാക്കാതിരിക്കുമ്പോൾ, 
 ദുഷ്ടന്‍വന്ന്, അവന്റെ ഹൃദയത്തില്‍ വിതയ്ക്കപ്പെട്ടത്, അപഹരിക്കുന്നു. ഇതാണ് വഴിയരികില്‍വീണ വിത്ത്.
20: പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്താകട്ടെ,
 വചനം കേട്ട്, ഉടനെ സസന്തോഷം സ്വീകരിക്കുന്നവനാണ്. 
21: എന്നാൽ, തന്നില്‍ വേരില്ലാത്തതിനാല്‍ അല്പനേരംമാത്രംനിന്നിട്ട്, വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോള്‍ അവൻ തത്ക്ഷണം ഇടറിപ്പോകുന്നു.
22: മറ്റൊരുവന്‍ വചനം ശ്രവിക്കുന്നു; എന്നാല്‍ ലോകത്തിന്റെ ഉത്കണ്ഠയും ധനത്തിന്റെ ആകര്‍ഷകത്വവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാകുകയും ചെയ്യുന്നു. ഇവനാണു മുള്ളുകളുടെയിടയില്‍വീണ വിത്ത്.
23: എന്നാൽ, വചനംകേട്ടു ഗ്രഹിക്കുന്നവനാണ്, നല്ലനിലത്തുവീണ വിത്ത്. അവന്‍ നിശ്ചയമായും ഫലംപുറപ്പെടുവിക്കുന്നു. ചിലപ്പോൾ നൂറുമേനിയും അറുപതുമേനിയും, മറ്റുചിലപ്പോൾ മുപ്പതുമേനിയും 

കളകളുടെ ഉപമ
24: 
 അവനവരോടു മറ്റൊരുപമ പറഞ്ഞു: തന്റെ വയലില്‍ നല്ല വിത്തുവിതയ്ക്കുന്ന മനുഷ്യനോടു സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം.
25: ആളുകളുറക്കമായപ്പോള്‍ അവന്റെ ശത്രുവന്ന്, ഗോതമ്പിനിടയില്‍ കളവിതച്ചിട്ടു കടന്നുകളഞ്ഞു.
26: ചെടികള്‍ വളര്‍ന്നുകതിരായപ്പോള്‍ കളകളും പ്രത്യക്ഷപ്പെട്ടു.
27: വേലക്കാര്‍ചെന്നു വീട്ടുടമസ്ഥനോടു ചോദിച്ചു: യജമാനനേ, നീ വയലില്‍, നല്ലവിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായതെവിടെനിന്ന്?
28: അവന്‍ പറഞ്ഞു: ശത്രുവായ ഒരു മനുഷ്യനാണ്, ഇതുചെയ്തത്. വേലക്കാര്‍ ചോദിച്ചു: അതിനാൽ, ഞങ്ങള്‍പോയി കളകള്‍ പറിച്ചുകൂട്ടണമെന്നു നീയാഗ്രഹിക്കുന്നുവോ?
29: അവന്‍ പറഞ്ഞു: ഇല്ലാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും.
30: കൊയ്ത്തുവരെ അവ ഒരുമിച്ചുവളരാൻ അനുവദിക്കുക. കൊയ്ത്തുകാലത്തു ഞാന്‍ കൊയ്ത്തുകാരോടുപറയും: ആദ്യമേ കളകള്‍ശേഖരിച്ച്, തീയില്‍ച്ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്ക്കുവിന്‍; ഗോതമ്പ് എന്റെ ധാന്യപ്പുരയില്‍ ശേഖരിക്കുവിന്‍.

കടുകുമണിയുടെയും പുളിമാവിന്റെയും ഉപമ
31: 
അവനവരോടു വേറൊരുപമ പറഞ്ഞു: സ്വര്‍ഗ്ഗരാജ്യം ഒരുവന്‍ വയലില്‍പാകിയ കടുകുമണിക്കു സദൃശം.
32: അത്, എല്ലാവിത്തിനെയുംകാള്‍ ചെറുതാണ്; എന്നാല്‍, വളര്‍ന്നുകഴിയുമ്പോള്‍ അതു മറ്റുചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന്, അതിന്റെ ശിഖരങ്ങളില്‍ ചേക്കേറാന്‍തക്കവിധം മരമായിത്തീരുന്നു.
33: മറ്റൊരുപമ അവനവരോടരുൾ
ചെയ്തു: മൂന്നളവുമാവില്‍ അതു പുളിക്കുവോളം ഒരു സ്ത്രീചേര്‍ത്ത പുളിമാവിനു സദൃശമാണു സ്വര്‍ഗ്ഗരാജ്യം.
34: ഇവയെല്ലാം ഉപമകള്‍വഴിയാണ് 
യേശു ജനക്കൂട്ടത്തോടു പറഞ്ഞത്. ഉപമകളിലൂടെയല്ലാതെ അവന്‍ ഒന്നുമവരോടു പറഞ്ഞിരുന്നില്ല.
35: ഞാന്‍ ഉപമകള്‍വഴി സംസാരിക്കും, ലോകസ്ഥാപനംമുതല്‍ നിഗൂഢമായിരുന്നവ ഞാന്‍ വെളിപ്പെടുത്തുമെന്ന്, പ്രവാചകനിലൂടെ പറയപ്പെട്ടതു പൂര്‍ത്തിയാകാനായിരുന്നു ഇത്.

കളകളുടെ ഉപമ - വിശദീകരണം
36: പിന്നീട്,
 അവന്‍ ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട്, വീട്ടിലേക്കുവന്നു. ശിഷ്യന്മാര്‍ അവന്റെയടുത്തുവന്നു പറഞ്ഞു: വയലിലെ കളകളെസംബന്ധിക്കുന്ന ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചുതന്നാലും!
37: അവന്‍ മറുപടിപറഞ്ഞു: നല്ലവിത്തുവിതയ്ക്കുന്നവന്‍ മനുഷ്യപുത്രനാണ്.
38: വയല്‍, ലോകവും നല്ലവിത്ത്, രാജ്യത്തിന്റെ പുത്രന്മാരും കളകള്‍, ദുഷ്ടന്റെ പുത്രന്മാരുമാണ്.
39: അവ വിതച്ച ശത്രു പിശാചാണ്. കൊയ്ത്തു യുഗാന്തമാണ്; കൊയ്ത്തുകാര്‍ ദൈവദൂതന്മാരും.
40: കളകള്‍ശേഖരിച്ച്, അഗ്നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെതന്നെയായിരിക്കും യുഗാന്തത്തിലും.
41: മനുഷ്യപുത്രന്‍ തന്റെ ദൂതന്മാരെ അയയ്ക്കുകയും അവര്‍ അവന്റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും അനീതിപ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചുകൂട്ടി, 
42: അഗ്നികുണ്ഡത്തിലേക്കെറിയുകയുംചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
43: അപ്പോള്‍ നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

നിധിയുടെയും രത്നത്തിന്റെയും വലയുടെയും ഉപമകള്‍
44: സ്വര്‍ഗ്ഗരാജ്യം, വയലില്‍ ഒളിഞ്ഞി രിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്ന മനുഷ്യന്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെപോയി തനിക്കുള്ളതെല്ലാം വിറ്റ്, ആ വയല്‍ വാങ്ങുകയുംചെയ്യുന്നു.
45: വീണ്ടും, സ്വര്‍ഗ്ഗരാജ്യം നല്ല രത്നങ്ങള്‍തേടുന്ന വ്യാപാരിക്കുതുല്യം.
46: അവന്‍ വിലയേറിയൊരു രത്നംകണ്ടെത്തുമ്പോള്‍, പോയി, തനിക്കുള്ളതെല്ലാംവിറ്റ്, അതു വാങ്ങുന്നു.
47: സ്വര്‍ഗ്ഗരാജ്യം, എല്ലാത്തരം മത്സ്യങ്ങളെയുംശേഖരിക്കാന്‍ കടലിലെറിയപ്പെട്ട വലയ്ക്കുതുല്യം.
48: വലനിറഞ്ഞപ്പോള്‍ അവരതു കരയ്ക്കു വലിച്ചുകയറ്റി. അവര്‍ അവിടെയിരുന്ന്, നല്ല മത്സ്യങ്ങള്‍ പാത്രത്തില്‍ശേഖരിക്കുകയും ചീത്തമത്സ്യങ്ങള്‍ പുറത്തേക്കെറിയുകയുംചെയ്തു.
49: യുഗാന്തത്തിലും ഇതുപോലെയായിരിക്കും. ദൈവദൂതന്മാര്‍ പുറപ്പെട്ടുചെന്ന്, ദുഷ്ടന്മാരെ നീതിമാന്മാരില്‍നിന്നു വേര്‍തിരിക്കുകയും അഗ്നികുണ്ഡത്തിലേക്കെറിയുകയും ചെയ്യും.
50: അവിടെ കരച്ചിലും പല്ലുകടിയുമായിരിക്കും.
51: നിങ്ങള്‍ ഇതെല്ലാം ഗ്രഹിച്ചുവോ? അവന്‍ ചോദിച്ചു. ഉവ്വ്, അവര്‍ പറഞ്ഞു.
52: അവനവരോടു പറഞ്ഞു: അതിനാൽ, സ്വര്‍ഗ്ഗരാജ്യത്തിന്റെ ശിഷ്യനായിത്തീര്‍ന്ന ഓരോ നിയമജ്ഞനും, തന്റെ നിക്ഷേപത്തില്‍നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യനാകുന്നു.

സ്വന്തംനാട്ടില്‍ അവഗണിക്കപ്പെടുന്നു
53: അങ്ങനെ, യേശു ഈ ഉപമകള്‍ അവസാനിപ്പിച്ചപ്പോൾ അവിടെനിന്നു പുറപ്പെട്ട്,
54: സ്വദേശത്തുവന്ന്, അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു. അവര്‍ വിസ്മയഭരിതരായി ചോദിച്ചു: ഇവന് ഈ ജ്ഞാനവും ശക്തിയുമെവിടെനിന്ന്?
55: ഇവന്‍ ആ തച്ചന്റെ മകനല്ലേ? ഇവന്റെ അമ്മ, മറിയം എന്നുവിളിക്കപ്പെടുന്നവളല്ലേ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്മാര്‍?
56: ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാമെവിടെനിന്ന്?
57: അവര്‍ക്ക് അവനില്‍ ഇടര്‍ച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല.
58: അവരുടെ അവിശ്വാസംനിമിത്തം, അവനവിടെ കൂടുതൽ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ