ഇരുന്നൂറ്റിയെഴുപത്തിരണ്ടാം ദിവസം: മത്തായി 5 - 6


അദ്ധ്യായം 5

സുവിശേഷഭാഗ്യങ്ങള്‍
1: ജനക്കൂട്ടത്തെക്കണ്ട്, യേശു മലയിലേക്കു കയറി. അവനിരുന്നപ്പോള്‍ ശിഷ്യന്മാരടുത്തെത്തി.
2: അവന്‍, അധരംതുറന്ന്, അവരെപ്പഠിപ്പിച്ചുതുടങ്ങി:
3: ആത്മാവില്‍ ദരിദ്രര്‍ അനുഗൃഹീതർ; എന്തെന്നാൽ, സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്.
4: വിലപിക്കുന്നവര്‍ അനുഗൃഹീതർ; എന്തെന്നാൽ, അവര്‍ ആശ്വസിപ്പിക്കപ്പെടും.
5: ശാന്തശീലര്‍ അനുഗൃഹീതർ; എന്തെന്നാൽ, അവര്‍ ഭൂമി അവകാശമാക്കും.
6: നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയുംചെയ്യുന്നവര്‍ അനുഗൃഹീതർ; എന്തെന്നാൽ, അവര്‍ സംതൃപ്തരാകും.
7: കരുണയുള്ളവര്‍ അനുഗൃഹീതർ; എന്തെന്നാൽ, അവര്‍ക്കു കരുണലഭിക്കും.
8: ഹൃദയശുദ്ധിയുള്ളവര്‍ അനുഗൃഹീതർ; എന്തെന്നാൽ, അവര്‍ ദൈവത്തെക്കാണും.
9: സമാധാനസ്ഥാപകര്‍ അനുഗൃഹീതർ; എന്തെന്നാൽ, അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും.
10: നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതർ; എന്തെന്നാൽ, സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്.
11: എന്നെപ്രതി, മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധതിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായിപ്പറയുകയുംചെയ്യുമ്പോള്‍ നിങ്ങളനുഗൃഹീതർ;
12: നിങ്ങളാനന്ദിക്കുവിൻ, ആഹ്ലാദിക്കുവിൻ. എന്തെന്നാൽ, സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കുമുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും
13: നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു. ഉറകെട്ടുപോയാല്‍ ഉപ്പിനെങ്ങനെ വീണ്ടുമുറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ്, മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല.
14: നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാകുന്നു. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണം, മറച്ചുവയ്ക്കുകസാദ്ധ്യമല്ല.
15: വിളക്കുകൊളുത്തി ആരും പറയുടെകീഴില്‍ വയ്ക്കാറില്ല, ദീപപീഠത്തിന്മേലാണു വയ്ക്കുക. അപ്പോള്‍, അതു ഭവനത്തിലുള്ള എല്ലാവര്‍ക്കും വെളിച്ചമേകുന്നു.
16: അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍കണ്ട്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെമുമ്പില്‍ പ്രകാശിക്കട്ടെ.

നിയമത്തിന്റെ പൂര്‍ത്തീകരണം
17: നിയമത്തെയോ പ്രവാചകന്മാരെയോ ഇല്ലാതാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. ഇല്ലാതാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്.
18: ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും സംഭവിക്കുവോളം, നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
19: ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്നു ലംഘിക്കുകയും അപ്രകാരം മറ്റുള്ളവരെ പഠിപ്പിക്കുകയുംചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അതനുസരിക്കുകയും പഠിപ്പിക്കുകയുംചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.
20: നിങ്ങളുടെ നീതി, നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ കവിഞ്ഞുനിൽക്കുന്നില്ലെങ്കിൽ, നിങ്ങളൊരിക്കലും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

സഹോദരനുമായി രമ്യതപ്പെടുക
21: കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്കു വിധേയനാകുമെന്നു പൂര്‍വ്വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
22: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്കു വിധേയനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിനും വിഡ്ഢീയെന്നു വിളിക്കുന്നവൻ  നരകാഗ്നിക്കും വിധേയനാകും. 
23: അതിനാൽ, നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരനു നിന്നോടെന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ചോര്‍ത്താല്‍,
24: കാഴ്ചവസ്തു ബലിപീഠത്തിനുമുമ്പില്‍ വച്ചശേഷം, പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെവന്നു കാഴ്ചയര്‍പ്പിക്കുക.
25: നീ പ്രതിയോഗിയോടു വഴിക്കുവച്ചുതന്നെ വേഗം സൗഹൃദത്തിലാകുക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍, സേവകനുമേല്പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തിലടയ്ക്കപ്പെടും.
26: അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി, ഞാന്‍ നിന്നോടുപറയുന്നു.

വ്യഭിചാരംചെയ്യരുത്
27: വ്യഭിചാരംചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
28: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍, ഹൃദയത്തില്‍ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു.
29: വലത്തുകണ്ണു നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത്, എറിഞ്ഞുകളയുക; കാരണം ശരീരംമുഴുവൻ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്.
30: വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടിദൂരെയെറിയുക. കാരണം, ശരീരംമുഴുവൻ നരകത്തില്‍പ്പതിക്കുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്.

വിവാഹമോചനം
31: ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവള്‍ക്ക്, ഉപേക്ഷാപത്രംകൊടുക്കണം എന്നു കല്പിച്ചിട്ടുണ്ടല്ലോ.
32: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗംമൂലമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവന്‍, അവളെക്കൊണ്ടു വ്യഭിചാരംചെയ്യിക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

ആണയിടരുത്
33: വ്യാജമായി ആണയിടരുത്; കര്‍ത്താവിനോടുചെയ്ത ശപഥം നിറവേറ്റണം എന്നു പൂര്‍വ്വികരോടു കല്പിച്ചിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
34: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്. സ്വര്‍ഗ്ഗത്തെക്കൊണ്ട് ആണയിടരുത്; കാരണം, അതു ദൈവത്തിന്റെ സിംഹാസനമാണ്.
35: ഭൂമിയെക്കൊണ്ടും ആണയിടരുത്; 
കാരണം, അതവിടുത്തെ പാദപീഠമാണ്. ജറുസലെമിനെക്കൊണ്ടുമരുത്; കാരണം, അതു മഹാരാജാവിന്റെ നഗരമാണ്.
36: നിന്റെ ശിരസ്സിനെക്കൊണ്ടും ആണയിടരുത്; കാരണം, അതിലെ ഒരു മുടിയിഴ വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല.
37: നിങ്ങളുടെ വാക്ക്, അതേയതേയെന്നോ എന്നോ, അല്ല അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു തിന്മയിൽനിന്നു വരുന്നു.

തിന്മയെ നന്മകൊണ്ടു ജയിക്കുക
38: കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
39: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെയെതിര്‍ക്കരുത്. വലത്തു കരണത്തടിക്കുന്നവനു മറ്റേകരണംകൂടെ കാണിച്ചുകൊടുക്കുക.
40: നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടെ കൊടുത്തേക്കുക.
41: ഒരുമൈല്‍പോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടുമൈല്‍പോകുക.
42: യാചിക്കുന്നവനു കൊടുക്കുക. നിന്നോടു കടംചോദിക്കാനാഗ്രഹിക്കുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്.

ശത്രുക്കളെ സ്നേഹിക്കുക
43: അയല്‍ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
44: എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
45: അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. എന്തുകൊണ്ടെന്നാൽ, അവിടുന്നു ശിഷ്ടരുടെയും ദുഷ്ടരുടെയുംമേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും, നീതിരഹിതരുടെയുംമേല്‍ മഴപെയ്യിക്കുകയുംചെയ്യുന്നു.
46: എങ്കിൽ നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുചെയ്യുന്നില്ലേ?
47: സഹോദരങ്ങളെമാത്രമേ നിങ്ങള്‍ അഭിവാദനംചെയ്യുന്നുള്ളുവെങ്കില്‍, വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്? വിജാതീയർപോലും അതുചെയ്യുന്നില്ലേ?
48: അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവു പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍.

അദ്ധ്യായം 6

ധര്‍മ്മദാനം
1: 
നിങ്ങളുടെ സത്കര്‍മ്മങ്ങള്‍  മറ്റുളളവരെക്കാണിക്കാന്‍വേണ്ടി, അവരുടെ മുമ്പില്‍വച്ചനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെപക്കൽ നിങ്ങള്‍ക്കു പ്രതിഫലമുണ്ടാകില്ല.
2: മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലുംചെയ്യുന്നതുപോലെ, നീ ഭിക്ഷകൊടുക്കുമ്പോള്‍, നിന്റെമുമ്പില്‍ കാഹളംമുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.
3: നീ ധര്‍മ്മദാനംചെയ്യുമ്പോള്‍ 
നിന്റെ വലത്തുകൈ ചെയ്യുന്നത്, ഇടത്തുകൈ അറിയാതിരിക്കട്ടെ.
4:അങ്ങനെ നിന്റെ ധർമ്മദാനം  രഹസ്യമായിരിക്കട്ടെ! രഹസ്യത്തിൽക്കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും.

പ്രാര്‍ത്ഥന
5: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെയാകരുത്. അവര്‍ മറ്റുള്ളവരെക്കാണിക്കാന്‍വേണ്ടി, സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലുംനിന്നു പ്രാര്‍ത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.
6: എന്നാല്‍, നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ക്കടന്നു കതകടച്ച്, അദൃശ്യനായ നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക; രഹസ്യത്തിൽക്കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലംനല്കും.
7: അതുപോലെ, പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ ജല്പനംചെയ്യരുത്. അതിഭാഷണംവഴി തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്ന് അവര്‍ കരുതുന്നു. നിങ്ങളവരെപ്പോലെയാകരുത്.
8: എന്തെന്നാൽ, നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം, നിങ്ങളുടെ പിതാവറിയുന്നു.

യേശുപഠിപ്പിച്ച പ്രാര്‍ത്ഥന
9: നിങ്ങളിപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പരിശുദ്ധമാക്കപ്പെടണമേ. അങ്ങയുടെ രാജ്യംവരണമേ. 
10: അങ്ങയുടെ ഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
11: അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്കണമേ.
12: ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ.
13: ഞങ്ങളെ പ്രലോഭനത്തിലുള്‍പ്പെടുത്തരുതേ. തിന്മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.
14: മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
15: മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ്, നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.

ഉപവാസം
16: നിങ്ങളുപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദംഭാവിക്കരുത്. തങ്ങളുപവസിക്കുന്നുവെന്ന് അന്യരെക്കാണിക്കാന്‍വേണ്ടി, അവര്‍ മുഖം വിരൂപമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.
17: എന്നാല്‍, നീ ഉപവസിക്കുമ്പോൾ, 
ശിരസ്സില്‍ തൈലംപുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. 
18: അങ്ങനെ, ഉപവസിക്കുന്നവനായി, നിന്നെ അദൃശ്യനായ പിതാവല്ലാതെ, മറ്റാരും കാണാതിരിക്കട്ടെ. രഹസ്യത്തിൽക്കാണുന്ന നിന്റെ പിതാവ്, നിനക്കു പ്രതിഫലംനല്കും.

യഥാര്‍ത്ഥ നിക്ഷേപം
19: ഭൂമിയില്‍ നിങ്ങൾക്കുവേണ്ടി നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാര്‍ തുരന്നെടുക്കുകയും മോഷ്ടിക്കുകയുംചെയ്യും.
20: എന്നാല്‍, സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാര്‍ തുരന്നെടുക്കുകയോ മോഷ്ടിക്കുകയോ ഇല്ല.
21: 
എവിടെയാണോ നിങ്ങളുടെ നിക്ഷേപം, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.

കണ്ണു ശരീരത്തിന്റെ വിളക്ക്
22: കണ്ണാണു ശരീരത്തിന്റെ വിളക്ക്. ആകയാൽ, കണ്ണ് അന്യൂനമെങ്കില്‍ ശരീരം പ്രകാശപൂർണ്ണമായിരിക്കും.
23: കണ്ണു ദുഷ്ടമാണെങ്കിലോ, ശരീരം അന്ധകാരത്തിലായിരിക്കും. ആകയാൽ നിന്നിലെ പ്രകാശം അന്ധകാരമാണെങ്കില്‍, ആ  അന്ധകാരം എത്രയോ വലുതായിരിക്കും.

രണ്ടു യജമാനന്മാര്‍
24: രണ്ടു യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കുംസാധിക്കുകയില്ല: കാരണം, ഒന്നുകില്‍ ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയുംചെയ്യും. ദൈവത്തെയും മാമോനെയും ഒരുമിച്ചുസേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.

ദൈവപരിപാലനത്തില്‍ ആശ്രയിക്കുക
25: അതിനാൽ, ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തുധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തെക്കാള്‍ ജീവനും വസ്ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്ഠമല്ലേ?
26: ആകാശപ്പറവകളെ നോക്കുവിന്‍: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!
27: ഉത്കണ്ഠമൂലം ആയുസ്സ്, ഒരു വിനാഴികയെങ്കിലുംകൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ?
28: വസ്ത്രത്തെപ്പറ്റിയും നിങ്ങളെന്തിന് ആകുലരാകുന്നു? വയലിലെ ലില്ലികള്‍ എങ്ങനെ വളരുന്നുവെന്നു നോക്കുക; അവ അദ്ധ്വാനിക്കുന്നില്ല, നൂല്‍ക്കുന്നുമില്ല.
29: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും തന്റെ സര്‍വ്വമഹത്വത്തിലും ഇവയിലൊന്നിനെപ്പോലെ അലംകൃതനായിരുന്നില്ല.
30: ഇന്നുള്ളതും നാളെ അടുപ്പിലെറിയപ്പെടുന്നതുമായ പുല്ലിനെ ദൈവം ഇപ്രകാരമലങ്കരിക്കുന്നെങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെയവിടുന്ന്, എത്രയധികമലങ്കരിക്കുകയില്ല!
31: അതിനാല്‍ എന്തുഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നുവിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ.
32: വിജാതീയരാണ് ഇവയെല്ലാമന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവറിയുന്നു.
33: നിങ്ങളാകട്ടെ, ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയുമന്വേഷിക്കുവിൻ. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു നല്കപ്പെടും.
34: അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങളാകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ലേശംമതി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ