ഇരുന്നൂറ്റിയെഴുപത്തൊന്നാം ദിവസം: മത്തായി 1 - 4

കുറിപ്പ് 
കെ.സി.ബി.സി. ബൈബിൾക്കമ്മീഷൻ തയ്യാറാക്കി, 2012ൽ POC പുറത്തിറക്കിയ പുതിയ മലയാളപരിഭാഷയാണ്, ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. പുതിയ ബൈബിൾ പരിഭാഷയുടെ കോപ്പികൾക്കും വിശദവിവരങ്ങൾക്കും POCയുമായി ബന്ധപ്പെടുമല്ലോ.

അദ്ധ്യായം 1

യേശുവിന്റെ വംശാവലി
1: അബ്രാഹമിന്റെ പുത്രനും ദാവീദിന്റെ പുത്രനുമായ, യേശുക്രിസ്തുവിന്റെ ഉദ്ഭവചരിത്രഗ്രന്ഥം.
2: അബ്രാഹം, ഇസഹാക്കിന്റെ പിതാവായിരുന്നു. ഇസഹാക്ക്, യാക്കോബിന്റെ
 പിതാവായിരുന്നു. യാക്കോബ്, യൂദായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു.
3: 
യൂദാ, താമാറില്‍നിന്നുള്ള പേരെസിന്റെയും സേറായുടെയും പിതാവായിരുന്നു. പേരെസ്‌, ഹെസ്‌റോന്റെ പിതാവായിരുന്നു. ഹെസ്‌റോന്‍ ആരാമിന്റെ പിതാവായിരുന്നു.
4: ആരാം, അമിനാദാബിന്റെ പിതാവായിരുന്നു. അമിനാദാബ്, നഹ്‌ഷോന്റെ പിതാവായിരുന്നു. നഹ്‌ഷോന്‍, സല്‍മോന്റെ പിതാവായിരുന്നു.
5: സല്‍മോന്‍, റാഹാബില്‍നിന്നുള്ള ബോവാസിന്റെ പിതാവായിരുന്നു. ബോവാസ്, റൂത്തില്‍നിന്നുള്ള ഓബദിന്റെ പിതാവായിരുന്നു. ഓബദ് ജസ്സെയുടെ പിതാവായിരുന്നു. 
6: ജസ്സെ, ദാവീദുരാജാവിന്റെ പിതാവായിരുന്നു. ദാവീദ്, ഊറിയായുടെ ഭാര്യയില്‍നിന്നുള്ള സോളമന്റെ പിതാവായിരുന്നു.
7: സോളമന്‍, റഹോബോവാമിന്റെ പിതാവായിരുന്നു. റഹോബോവാം, അബിയായുടെ പിതാവായിരുന്നു. അബിയാ, ആസായുടെ പിതാവായിരുന്നു.
8: ആസാ, യോസഫാത്തിന്റെ പിതാവായിരുന്നു. യോസഫാത്ത്, യോറാമിന്റെ പിതാവായിരുന്നു യോറാം, ഓസിയായുടെ പിതാവായിരുന്നു. ഓസിയാ, യോഥാമിന്റെ പിതാവായിരുന്നു. 
9: യോഥാം, ആഹാസിന്റെ പിതാവായിരുന്നു. ആഹാസ്, ഹെസെക്കിയായുടെ പിതാവായിരുന്നു. 
10: ഹെസെക്കിയാ, മനാസ്സെയുടെ പിതാവായിരുന്നു.
മനാസ്സെ, ആമോസിന്റെ
 പിതാവായിരുന്നു. ആമോസ്, ജോസിയായുടെ പിതാവായിരുന്നു.
11: 
ജോസിയാ, ബാബിലോണ്‍പ്രവാസകാലത്തുള്ള യാക്കോണിയായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു.
12: യാക്കോണിയാ, ബാബിലോണ്‍പ്രവാസത്തിനുശേഷമുള്ള സലാത്തിയേലിന്റെ പിതാവായിരുന്നു. സലാത്തിയേല്‍, സൊറൊബാബേലിന്റ പിതാവായിരുന്നു.
13: സൊറൊബാബേല്‍, അബിയൂദിന്റെ
 പിതാവായിരുന്നു. അബിയൂദ്, എലിയാക്കിമിന്റെ പിതാവായിരുന്നു. എലിയാക്കിം, ആസോറിന്റെ പിതാവായിരുന്നു. 
14: ആസോര്‍, സാദോക്കിന്റെ പിതാവായിരുന്നു. സാദോക്ക് അക്കീമിന്റെ പിതാവായിരുന്നു. അക്കീം, എലിയൂദിന്റെ പിതാവായിരുന്നു. 
15: എലിയൂദ്, എലെയാസറിന്റെ പിതാവായിരുന്നു. എലെയാസര്‍, മഥാന്റെ പിതാവായിരുന്നു. മഥാന്‍, യാക്കോബിന്റെ പിതാവായിരുന്നു.
16: യാക്കോബ്, മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍നിന്നു ക്രിസ്തു എന്നുവിളിക്കപ്പെടുന്ന യേശു ജനിച്ചു.
17: ഇങ്ങനെ, അബ്രാഹംമുതല്‍ ദാവീദുവരെ പതിന്നാലുതലമുറകളും  ദാവീദുമുതല്‍ ബാബിലോണ്‍പ്രവാസംവരെ പതിന്നാലു
തലമുറകളും ബാബിലോണ്‍പ്രവാസംമുതല്‍ ക്രിസ്തുവരെ പതിന്നാലുതലമുറകളുമാണ്, ആകെയുള്ളത്.

യേശുവിന്റെ ജനനം
18: യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫുംതമ്മിലുള്ള വിവാഹനിശ്ചയംകഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ്, അവള്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭിണിയായിക്കാണപ്പെട്ടു.
19: അവളുടെ ഭര്‍ത്താവായ ജോസഫ്, നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യത്തതിലുപേക്ഷിക്കാന്‍ തീരുമാനിച്ചു.
20: അവന്‍, ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കേ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍പ്രത്യക്ഷപ്പെട്ട്, അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, നിന്റെഭാര്യയായ 
മറിയത്തെ സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നതു പരിശുദ്ധാത്മാവില്‍നിന്നാണ്.
21: അവളൊരു പുത്രനെ പ്രസവിക്കും. നീയവന് യേശു എന്നുപേരു വിളിക്കണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിക്കും.
22: കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
23: ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടുമെന്നു കര്‍ത്താവു പ്രവാചകന്‍മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.
24: ജോസഫ് നിദ്രയില്‍നിന്നുണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്പിച്ചപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു.
25: പുത്രനെ പ്രസവിക്കുന്നതുവരെ അവൻ അവളെയറിഞ്ഞില്ല; അവന്‍ യേശു എന്ന്, അവനെ പേരുവിളിച്ചു.

അദ്ധ്യായം 2

ജ്ഞാനികളുടെ സന്ദര്‍ശനം
1: ഹേറോദേസ്രാജാവിന്റെ കാലത്ത്‌, യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി.
2: അവരന്വേഷിച്ചു: എവിടെയാണു യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? കാരണം, ഞങ്ങള്‍ കിഴക്ക്, അവന്റെ നക്ഷത്രംകണ്ട്, അവനെയാരാധിക്കാന്‍വന്നിരിക്കുകയാണ്.
3: ഇതുകേട്ടു ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെംമുഴുവനും.
4: അവന്‍ സകലപ്രധാനപുരോഹിതന്മാരെയും ജനത്തിന്റെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണു ജനിക്കുന്നതെന്നന്വേഷിച്ചു.
5: അവര്‍ പറഞ്ഞു: യൂദയായിലെ ബേത്‌ലെഹെമില്‍. എന്തെന്നാൽ  പ്രവാചകനിലൂടെ ഇപ്രകാരമെഴുതപ്പെട്ടിരിക്കുന്നു:
6: യൂദയായിലെ ബേത്‌ലെഹെമേ, നീ യൂദയായിലെ പ്രമുഖനഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ മേയിക്കാനുള്ളവന്‍ നിന്നില്‍നിന്നാണ് ഉദ്ഭവിക്കുക.
7: അപ്പോള്‍ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായിവിളിച്ച്, നക്ഷത്രംപ്രത്യക്ഷപ്പെട്ടസമയം, സൂക്ഷ്മമായി അവരിൽനിന്ന് അന്വേഷിച്ചറിഞ്ഞു.
8: അവനവരെ ബേത്‌ലെഹെമിലേക്കയച്ചുകൊണ്ടു പറഞ്ഞു: പോയി, ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; കണ്ടുകഴിയുമ്പോള്‍ ഞാനുംചെന്ന്, 
അവനെയാരാധിക്കുന്നതിന്, എന്നെയറിയിക്കുക.
9: രാജാവിനെക്കേട്ടശേഷം, അവര്‍ പുറപ്പെട്ടു. അവർ കിഴക്കുകണ്ട നക്ഷത്രം, ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിൽക്കുന്നതുവരെ അവർക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു.
10: നക്ഷത്രംകണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു.
11: അവര്‍ ഭവനത്തില്‍പ്രവേശിച്ച്, ശിശുവിനെ അവന്റെ അമ്മയായ മറിയത്തോടൊപ്പംകണ്ട്, മുട്ടിന്മേൽവീണാരാധിക്കുകയും അവരുടെ നിക്ഷേപപാത്രങ്ങള്‍തുറന്ന്, പൊന്ന്, 
മീറ, കുന്തുരുക്കം എന്നീക്കാഴ്ചകൾ അവന്, അർപ്പിക്കുകയുംചെയ്തു.
12: ഹേറോദേസിന്റെയടുത്തേക്കു മടങ്ങിപ്പോകരുതെന്നു സ്വപ്നത്തില്‍ മുന്നറിയിപ്പുലഭിച്ചതനുസരിച്ച്, അവര്‍ മറ്റൊരുവഴിയേ സ്വദേശത്തേക്കു തിരിച്ചുപോയി.

ഈജിപ്തിലേക്കുള്ള പലായനം
13: അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍, സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റു ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്തിലേക്കു പലായനംചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെത്താമസിക്കുക. കാരണം, ഹേറോദേസ് ശിശുവിനെ വധിക്കാനായി, അന്വേഷണം തുടങ്ങാൻപോകുകയാണ്.
14: അവനുണര്‍ന്ന്, ശിശുവിനെയും അമ്മയെയുംകൂട്ടി, ആ രാത്രിയിൽത്തന്നെ ഈജിപ്തിലേക്കുപോയി;
15: ഹേറോദേസിന്റെ മരണംവരെ അവനവിടെത്താമസിച്ചു. ഈജിപ്തില്‍നിന്നു ഞാനെന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവരുളിച്ചെയ്തതു പൂര്‍ത്തിയാകേണ്ടതിനായിരുന്നൂ ഇത്.
16: ജ്ഞാനികള്‍, തന്നെ കബളിപ്പിച്ചെന്നുകണ്ടപ്പോൾ, ഹേറോദേസ്, അതീവം രോഷാകുലനായി. അവരില്‍നിന്നു സൂക്ഷ്മമായി മനസ്സിലാക്കിയ സമയമനുസരിച്ച്, അവന്‍ ബേത്‌ലെഹെമിലെയും എല്ലാസമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ത്താഴെയുംവയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.
17: ജറെമിയാപ്രവാചകന്‍വഴി അരുളിച്ചെയ്യപ്പെട്ടത്, ഇങ്ങനെ പൂര്‍ത്തിയായി:
18: റാമായില്‍ ഒരുസ്വരം, വലിയകരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുന്നത്, അസാദ്ധ്യം. എന്തെന്നാല്‍, അവർ ഇല്ലാതായിരിക്കുന്നു. 

തിരിച്ചുവരവ്
19: ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു:
20: എഴുന്നേറ്റ്, ശിശുവിനെയും അവന്റെ അമ്മയെയുംകൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; കാരണം, ശിശുവിന്റെ ജീവൻ അന്വേഷിച്ചവർ മരിച്ചിരിക്കുന്നു.
21: അവനെഴുന്നേറ്റ്, ശിശുവിനെയും അമ്മയെയുംകൂട്ടി, ഇസ്രായേല്‍ദേശത്തേക്കുപോയി.
22: അര്‍ക്കലാവോസ്, പിതാവായ ഹേറോദേസിന്റെ സ്ഥാനത്തു യൂദയാ ഭരിക്കുന്നുവെന്നുകേട്ടപ്പോള്‍ അവിടേയ്ക്കുപോകാന്‍ ജോസഫ് ഭയപ്പെട്ടു. സ്വപ്നത്തില്‍ലഭിച്ച മുന്നറിയിപ്പനുസരിച്ച്, അവന്‍ ഗലീലിപ്രദേശത്തേക്കു പോയി.
23: അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടുമെന്നു പ്രവാചകന്മാർവഴി അരുളിച്ചെയ്യപ്പെട്ടതു പൂർത്തിയാകണ്ടതിന്, അവൻ നസ്രത്ത് എന്ന പട്ടണത്തില്‍ പോയിവസിച്ചു.

അദ്ധ്യായം 3

സ്നാപകയോഹന്നാന്റെ സാക്ഷ്യം 
1: ആ ദിവസങ്ങളിൽ, യോഹന്നാന്‍ പ്രഘോഷിച്ചുകൊണ്ട്, യൂദയായിലെ മരുഭൂമിയിലെത്തിച്ചേർന്നു.
2: മാനസാന്തരപ്പെടുവിന്‍; എന്തെന്നാൽ സ്വര്‍ഗ്ഗരാജ്യംസമീപിച്ചിരിക്കുന്നു.
3: ഏശയ്യാപ്രവാചകന്‍വഴി അരുൾചെയ്യപ്പെട്ടത്, അവനെക്കുറിച്ചാണ്. മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം - കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരേയാക്കുവിന്‍.
4: യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവന്റെ ഭക്ഷണം.
5: ജറുസലെമിലും യൂദയാമുഴുവനിലും ജോര്‍ദ്ദാന്റെചുറ്റുമുള്ള  എല്ലാപ്രദേശങ്ങളിലുംനിന്നുള്ളവർ അവന്റെയടുത്തെത്തി.
6: അവര്‍ പാപങ്ങളേറ്റുപറഞ്ഞ്, ജോര്‍ദ്ദാന്‍നദിയില്‍വച്ച് അവനില്‍നിന്നു സ്നാനംസ്വീകരിച്ചു.
7: അനേകം ഫരിസേയരും സദുക്കായരും സ്നാനമേല്ക്കാന്‍ വരുന്നതുകണ്ട്, യോഹന്നാന്‍ അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പുനല്കിയതാരാണ്?
8: മാനസാന്തരത്തിനുയോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍.
9: ഞങ്ങള്‍ക്കു പിതാവായി അബ്രാഹമുണ്ട്, എന്നുപറഞ്ഞഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍നിന്ന് അബ്രാഹമിനുവേണ്ടി സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനുകഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
10: വൃക്ഷങ്ങളുടെ വേരിനു കോടാലിവച്ചുകഴിഞ്ഞു. നല്ലഫലംനല്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി, തീയിലെറിയും.
11: മാനസാന്തരത്തിനായി, ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്നാനപ്പെടുത്തുന്നു. എന്റെ പിന്നാലെവരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍; അവന്റെ ചെരിപ്പുവഹിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്ധാത്മാവാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും. വീശുമുറം അവന്റെ കൈയിലുണ്ട്.
12: അവന്‍ കളംവെടിപ്പാക്കി, തന്റെ ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കും; പതിര്, കെടാത്തതീയില്‍ കത്തിച്ചുകളയുകയുംചെയ്യും.

യേശുവിന്റെ ജ്ഞാനസ്നാനം
13: അനന്തരം യേശു, 
ഗലീലിയില്‍നിന്നു ജോര്‍ദ്ദാനില്‍, യോഹന്നാന്റെയടുത്തേക്ക്, അവനില്‍നിന്നു സ്നാനമേല്ക്കാന്‍വന്നു.
14: യോഹന്നാന്‍ അവനെത്തടഞ്ഞുകൊണ്ടു പറഞ്ഞു. ഞാന്‍ നിന്നില്‍നിന്ന് സ്നാനമേൽക്കേണ്ടത് ആവശ്യമായിരിക്കെ, നീ എന്റെയടുത്തേക്കുവരുന്നുവോ?
15: യേശു മറുപടിയായി അവനോടുപറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; എന്തുകൊണ്ടെന്നാൽ അങ്ങനെ സര്‍വ്വനീതിയും പൂര്‍ത്തിയാക്കുക നമുക്കുചിതമാണ്. അപ്പോൾ അവന്‍ സമ്മതിച്ചു.
16: സ്നാനംകഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍നിന്നു കയറി. അപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവു പ്രാവിനെപ്പോലെ അവന്റെമേല്‍ ഇറങ്ങിവരുന്നതുകണ്ടു.
17: 
സ്വര്‍ഗ്ഗത്തില്‍നിന്നൊരു സ്വരമുണ്ടായി. ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

അദ്ധ്യായം 4

മരുഭൂമിയിലെ പ്രലോഭനം 
1: അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടാൻ, 
ആത്മാവ്, യേശുവിനെ  മരുഭൂമിയിലേക്കുനയിച്ചു.
2: നാല്പതുപകലും നാല്പതുരാവും ഉപവസിച്ചുകഴിഞ്ഞപ്പോൾ, അവനു വിശന്നു.
3: പ്രലോഭകന്‍ അവനെ സമീപിച്ചുപറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.
4: അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടുമാത്രമല്ല, ദൈവത്തിന്റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്നെഴുതപ്പെട്ടിരിക്കുന്നു.
5: അനന്തരം, പിശാചവനെ വിശുദ്ധനഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി, ദേവാലയത്തിന്റെ അഗ്രത്തില്‍ കയറ്റിനിറുത്തിയിട്ടു പറഞ്ഞു:
6: നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; എന്തെന്നാൽ നിന്നെക്കുറിച്ച് അവന്‍ തന്റെ ദൂതന്മാര്‍ക്കു കല്പനനല്കും; നിന്റെ പാദം കല്ലില്‍ത്തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്നെഴുതപ്പെട്ടിരിക്കുന്നു.
7: യേശു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നുകൂടെ എഴുതപ്പെട്ടിരിക്കുന്നു.
8: വീണ്ടും, പിശാച്, ഏറെയുയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാരാജ്യങ്ങളും അവയുടെ മഹത്വവും അവനെക്കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു:
9: നീ മുട്ടിന്മേൽവീണ്, എന്നെയാരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്കാം.
10: യേശു കല്പിച്ചു: സാത്താനേ, ദൂരെപ്പോകൂ; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെയാരാധിക്കണം; അവിടുത്തെമാത്രമേ പൂജിക്കാവൂ എന്നെഴുതപ്പെട്ടിരിക്കുന്നു.
11: അപ്പോള്‍ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്മാര്‍ അടുത്തുവന്ന്, അവനെ ശുശ്രൂഷിച്ചു.

യേശു ദൗത്യമാരംഭിക്കുന്നു
12: യോഹന്നാന്‍ ബന്ധനസ്ഥനായെന്നുകേട്ടപ്പോള്‍ യേശു ഗലീലിയിലേക്കു പിന്‍വാങ്ങി.
13: അവന്‍ നസറത്തുവിട്ടു സെബുലൂണിന്റെയും നഫ്ത്താലിയുടെയുമതിര്‍ത്തിയില്‍, സമുദ്രതീരത്തുള്ള കഫര്‍ണാമില്‍ചെന്നു പാര്‍ത്തു.
14: ഇത് ഏശയ്യാപ്രവാചകന്‍വഴി അരുൾചെയ്യപ്പെട്ടതു പൂർത്തിയാകാന്‍വേണ്ടിയാണ്:
15: സമുദ്രത്തിലേക്കുള്ള വഴിയില്‍, ജോര്‍ദ്ദാന്റെ മറുകരയില്‍, സെബുലൂണ്‍, നഫ്ത്താലിപ്രദേശങ്ങള്‍ - വിജാതീയരുടെ ഗലീലി!
16: അന്ധകാരത്തിലിരുന്ന ജനം, വലിയപ്രകാശംകണ്ടു. മരണത്തിന്റെ നാട്ടിലും നിഴലിലുമിരുന്നവര്‍ക്കായി പ്രകാശം ഉദയംചെയ്തു.
17: അപ്പോള്‍മുതല്‍ യേശു പ്രസംഗിക്കാന്‍തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.

ആദ്യത്തെ നാലുശിഷ്യന്മാര്‍
18: അവന്‍ ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്മാരെ കണ്ടു - പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.
19: അവനവരോടു പറഞ്ഞു: എന്നെയനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും.
20: തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെയനുഗമിച്ചു.
21: അവര്‍ അവിടെനിന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ വേറെ രണ്ടുസഹോദരന്മാരെ കണ്ടു - സെബദീപുത്രനായ യാക്കോബും സഹോദരന്‍ യോഹന്നാനും. അവര്‍ പിതാവായ സെബദിയുമൊത്ത്, വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും അവന്‍ വിളിച്ചു.
22: തത്ക്ഷണം അവര്‍, വഞ്ചിയും അവരുടെ പിതാവിനേയുമുപേക്ഷിച്ച്, അവനെയനുഗമിച്ചു.

യേശു രോഗികളെ സുഖപ്പെടുത്തുന്നു
23: അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷംപ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു.
24: അവന്റെ കീര്‍ത്തി സിറിയായിലെങ്ങും വ്യാപിച്ചു. എല്ലാ രോഗികളെയും, വിവിധവ്യാധികളാലും വ്യഥകളാലും അവശരായവരെയും, പിശാചുബാധിതര്‍, അപസ്മാരരോഗികള്‍, തളര്‍വാതക്കാര്‍ എന്നിവരെയും അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവനവരെ സുഖപ്പെടുത്തി.
25: ഗലീലി, ദക്കാപ്പോളിസ്, ജറുസലെം, യൂദയാ, ജോര്‍ദ്ദാന്റെ മറുകര എന്നിവിടങ്ങളില്‍നിന്നു വലിയജനക്കൂട്ടം അവനെയനുഗമിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ