ഇരുന്നൂറ്റിയെഴുപത്തിമൂന്നാം ദിവസം: മത്തായി 7 - 9


അദ്ധ്യായം 7

അന്യരെ വിധിക്കരുത്
1: വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.
2: നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങളളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കുമളന്നുകിട്ടും.
3: നീ സഹോദരന്റെ കണ്ണിലെ കരടുകാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?
4: അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണമിരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍നിന്നു കരടെടുത്തുകളയട്ടെയെന്ന് എങ്ങനെ ചോദിക്കും?
5: കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണമെടുത്തുമാറ്റുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍തക്കവിധം വ്യക്തമായി നീ കാണും.
6: വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികളുടെമുമ്പിൽ ഇട്ടുകൊടുക്കരുത്. അവ, മുത്തുകള്‍ചവിട്ടിനശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയുംചെയ്‌തേക്കാം.

പ്രാര്‍ത്ഥനയുടെ ശക്തി
7: ചോദിക്കുവിന്‍, നിങ്ങള്‍ക്കു നല്കപ്പെടും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും.
8: ചോദിക്കുന്ന ആർക്കും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടുകയുംചെയ്യുന്നു.
9: മകന്‍ അപ്പംചോദിച്ചാല്‍ കല്ലുകൊടുക്കുന്ന ആരെങ്കിലും നിങ്ങളിലുണ്ടോ?
10: അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെക്കൊടുക്കുമോ?
11: അതിനാൽ, മക്കള്‍ക്കു നല്ലവസ്തുക്കള്‍ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങള്‍ക്കറിയാമെങ്കില്‍, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും!
12: അതുകൊണ്ട്, മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്തുതരണമെന്നു നിങ്ങളാഗ്രഹിക്കുന്നതെല്ലാം നിങ്ങളവര്‍ക്കുചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്മാരും.

ഇടുങ്ങിയവാതില്‍
13: ഇടുങ്ങിയവാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി, വിശാലവുമാണ്; അതിലേ കടന്നുപോകുന്നവര്‍ ഏറെയാണുതാനും.
14: എന്നാല്‍, ജീവനിലേക്കുനയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി. ഞെരുങ്ങിയതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.

വ്യാജപ്രവാചകന്മാര്‍
15: ആടുകളുടെ വേഷത്തില്‍വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിക്കുക. ഉള്ളുകൊണ്ട്, അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്.
16: ഫലങ്ങളില്‍നിന്ന് അവരെത്തിരിച്ചറിയാം. മുള്‍ച്ചെടിയില്‍നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ?
17: നല്ലവൃക്ഷം നല്ലഫലവും ചീത്തവൃക്ഷം ചീത്തഫലവുംനല്‍കുന്നു.
18: നല്ലവൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്തവൃക്ഷത്തിനു നല്ലഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.
19: നല്ലഫലംനല്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും.
20: അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങളവരെത്തിരിച്ചറിയും.

യഥാര്‍ത്ഥശിഷ്യന്‍
21: കര്‍ത്താവേ, കര്‍ത്താവേയെന്ന്, എന്നെ വിളിക്കുന്നവനല്ല, സ്വര്‍ഗ്ഗസ്ഥനായ 
എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്.
22: അന്നു പലരുമെന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധിയദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയുംചെയ്തില്ലേ?
23: അപ്പോള്‍ ഞാനവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലുമറിഞ്ഞിട്ടില്ല; അനീതിപ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്നകന്നുപോകുവിന്‍.

രണ്ട് അടിസ്ഥാനങ്ങൾ 
24: അതിനാൽ, എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവയനുസരിക്കുകയുംചെയ്യുന്നവന്‍ പാറമേല്‍ ഭവനംപണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.
25: മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍സ്ഥാപിതമായിരുന്നു.
26: എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അതനുസരിക്കാതിരിക്കുകയുംചെയ്യുന്നവന്‍ മണല്‍പ്പുറത്തു ഭവനംപണിത ഭോഷനുതുല്യനായിരിക്കും.
27: മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്മേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു.
28: യേശു ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.

അദ്ധ്യായം 8

കുഷ്ഠരോഗി സുഖപ്പെടുന്നു
1: യേശു, മലയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെയനുഗമിച്ചു. 
2: അപ്പോള്‍ ഒരു കുഷ്ഠരോഗി അടുത്തുവന്നു താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങു മനസ്സാകുന്നെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍കഴിയും.
3: യേശു കൈനീട്ടി, അവനെ സ്പര്‍ശിച്ചുകൊണ്ടരുൾച്ചെയ്തു: ഞാൻ മനസ്സാകുന്നു, നീ ശുദ്ധനാകട്ടെ. തത്ക്ഷണം അവന്റെ കുഷ്ഠരോഗം ശുദ്ധമാക്കപ്പെട്ടു.
4: യേശു അവനോടു പറഞ്ഞു: നീ ഇതാരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്പിച്ചിട്ടുള്ള കാഴ്ച, അവരുടെ സാക്ഷ്യത്തിനായി സമര്‍പ്പിക്കുകയുംചെയ്യുക.

ശതാധിപന്റെ ഭൃത്യന്‍
5: യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെയടുക്കല്‍വന്നു യാചിച്ചു:
6: കര്‍ത്താവേ, എന്റെ ഭൃത്യന്‍ തളര്‍വാതംപിടിപെട്ടു കഠിനവേദനയനുഭവിച്ചു വീട്ടില്‍ക്കിടക്കുന്നു.
7: യേശു അവനോടു പറഞ്ഞു: ഞാന്‍ വന്നവനെ സുഖപ്പെടുത്താം.
8: അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്കുച്ചരിച്ചാല്‍മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും.
9: കാരണം, ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്. എന്റെകീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകാൻപറയു
ന്നു, അവന്‍ പോകുന്നു. അപരനോടു വരാൻപറയുന്നു, അവന്‍ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യാൻപറയുന്നു, അവൻചെയ്യുന്നു.
10: യേശു ഇതുകേട്ടാശ്ചര്യപ്പെട്ട്, തന്നെയനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇത്രവലിയ വിശ്വാസം, ഇസ്രായേലില്‍ ഒരുവനിലും ഞാന്‍ കണ്ടിട്ടില്ല.
11: വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹമിനോടും ഇസഹാക്കിനോടും യാക്കോബിനോടുംകൂടെ സ്വര്‍ഗ്ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.
12: രാജ്യത്തിന്റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്കെറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
13: യേശു ശതാധിപനോടു പറഞ്ഞു: പൊയ്‌ക്കൊള്‍ക; നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയത്തുതന്നെ ഭൃത്യന്‍ സൗഖ്യംപ്രാപിച്ചു.

പത്രോസിന്റെ ഭവനത്തില്‍
14: യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.
15: അവന്‍ അവളുടെ കൈയില്‍ സ്പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവളെഴുന്നേറ്റ്, അവനെ ശുശ്രൂഷിച്ചു.
16: സായാഹ്നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെയടുത്തുകൊണ്ടുവന്നു. അവന്‍ അശുദ്ധാത്മാക്കളെ ഒരു വാക്കുകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു.
17: അവന്‍ നമ്മുടെ ബലഹീനതകളേറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയുംചെയ്തുവെന്ന് ഏശയ്യാപ്രവാചകനിലൂടെ പറയപ്പെട്ടത്, അങ്ങനെ പൂർത്തിയായി.

ശിഷ്യത്വം ത്യാഗമാവശ്യപ്പെടുന്നു
18: തന്റെചുറ്റും ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ മറുകരയ്ക്കു പുറപ്പെടാൻ യേശു കല്പിച്ചു.
19: ഒരു നിയമജ്ഞന്‍, അവനെ സമീപിച്ചുപറഞ്ഞു: ഗുരോ, നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെയനുഗമിക്കും.
20: യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്; എന്നാല്‍, മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല.
21: ശിഷ്യന്മാരില്‍ മറ്റൊരുവന്‍ അവനോടു പറഞ്ഞു: കര്‍ത്താവേ, പോയി, എന്റെ പിതാവിനെ സംസ്കരിച്ചിട്ടുവരാന്‍ എന്നെയനുവദിക്കണമേ.
22: യേശു പറഞ്ഞു: എന്നെയനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ.

കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു
23: യേശു തോണിയില്‍ക്കയറിയപ്പോള്‍ ശിഷ്യന്മാര്‍ അവനെയനുഗമിച്ചു.
24: കടലില്‍, ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകളുയര്‍ന്നു. അവനുറങ്ങുകയായിരുന്നു.
25: ശിഷ്യന്മാര്‍ അടുത്തുചെന്ന് അവനെയുണര്‍ത്തിയപേക്ഷിച്ചു: കര്‍ത്താവേ, രക്ഷിക്കണമേ. ഞങ്ങള്‍ ഇതാ, നശിക്കുന്നു.
26: അവന്‍ പറഞ്ഞു: അല്പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവനെഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു; വലിയ ശാന്തതയുണ്ടായി.
27: അവര്‍ ആശ്ചര്യപ്പെട്ടുപറഞ്ഞു: ഇവനാര്? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നല്ലോ!

പിശാചുബാധിതരെ സുഖപ്പെടുത്തുന്നു
28: യേശു, മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോള്‍, ശവക്കല്ലറകളില്‍നിന്ന് ഇറങ്ങിവന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി. ആര്‍ക്കും ആ വഴി സഞ്ചരിക്കാന്‍ സാധിക്കാത്തവിധം അവര്‍ അപകടകാരികളായിരുന്നു.
29: അവരട്ടഹസിച്ചുപറഞ്ഞു: ദൈവപുത്രാ, നീയെന്തിനു ഞങ്ങളുടെ കാര്യത്തിലിടപെടുന്നു? സമയത്തിനുമുമ്പു ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ?
30: അവരില്‍ നിന്ന് അല്പകലെ വലിയൊരു പന്നിക്കൂട്ടം തീറ്റതിന്നുന്നുണ്ടായിരുന്നു.
31: പിശാചുക്കള്‍ അവനോടപേക്ഷിച്ചു: നീ ഞങ്ങളെ പുറത്താക്കുന്നെങ്കില്‍ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കണമേ!
32: അവന്‍ പറഞ്ഞു: പൊയ്‌ക്കൊള്ളുവിന്‍. അവ പുറത്തുവന്നു പന്നികളില്‍ പ്രവേശിച്ചു.
33: പന്നിക്കൂട്ടം മുഴുവന്‍ കിഴുക്കാംതൂക്കായ ചരിവിലൂടെ പാഞ്ഞുചെന്നു കടലില്‍ മുങ്ങിച്ചത്തു. പന്നിയെ തീറ്റുന്നവര്‍ ഭയപ്പെട്ടോടി, പട്ടണത്തിലെത്തി, എല്ലാകാര്യങ്ങളും, പിശാചുബാധിതര്‍ക്കു സംഭവിച്ചതുമറിയിച്ചു.
34: അപ്പോള്‍, പട്ടണം മുഴുവന്‍ യേശുവിനെക്കാണാന്‍ പുറപ്പെട്ടുവന്നു. അവരവനെക്കണ്ടപ്പോള്‍ തങ്ങളുടെ അതിര്‍ത്തി വിട്ടുപോകണമെന്ന് അപേക്ഷിച്ചു.

അദ്ധ്യായം 9

തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു
1: യേശു തോണിയില്‍ക്കയറി, അക്കരെയ്ക്കുകടന്നു സ്വന്തം പട്ടണത്തിലെത്തി.
2: അവര്‍ ഒരു തളര്‍വാതരോഗിയെ കിടക്കയോടെ അവന്റെയടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോടരുൾചെയ്തു: മകനേ, ധൈര്യത്തോടെയിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.
3: അപ്പോള്‍ നിയമജ്ഞരില്‍ച്ചിലര്‍, പരസ്പരം പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറയുന്നു.
4: അവരുടെ വിചാരങ്ങള്‍ഗ്രഹിച്ച യേശു ചോദിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ തിന്മവിചാരിക്കുന്നതെന്ത്?
5: ഏതാണെളുപ്പം, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ?
6: ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രനധികാരമുണ്ടെന്നു നിങ്ങളറിയേണ്ടതിന്, അവനപ്പോൾ തളര്‍വാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നിന്റെ വീട്ടിലേക്കു പോകുക.
7: അവനെഴുന്നേറ്റു വീട്ടിലേക്കു പോയി.
8: ജനക്കൂട്ടം
 ഇതുകണ്ടു ഭയപ്പെട്ട്, മനുഷ്യര്‍ക്ക് ഇത്തരം അധികാരംനല്കിയ ദൈവത്തെ മഹത്വപ്പെടുത്തി.

മത്തായിയെ വിളിക്കുന്നു
9: യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്ഥലത്തിരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെയനുഗമിക്കുക. അവനെഴുന്നേറ്റു യേശുവിനെയനുഗമിച്ചു.
10: യേശു അവന്റെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളുംവന്ന്, അവനോടും ശിഷ്യന്മാരോടുംകൂടെ ഭക്ഷണത്തിനിരുന്നു.
11: ഫരിസേയര്‍ ഇതുകണ്ടു ശിഷ്യന്മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്?
12: ഇതുകേട്ട്, അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടാവശ്യം.
13: ബലിയല്ല, കരുണയാണു ഞാനാഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ പോയി പഠിക്കുവിൻ. ഞാന്‍ വന്നതു നീതിമാന്മാരെയല്ലാ, പാപികളെ വിളിക്കാനാണ്.

ഉപവാസത്തെക്കുറിച്ചു തര്‍ക്കം
14: യോഹന്നാന്റെ ശിഷ്യന്മാര്‍ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?
15: അവനവരോടു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദുഃഖമാചരിക്കാനാവുമോ? മണവാളന്‍ അവരില്‍നിന്നെടുക്കപ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവരുപവസിക്കും.
16: ആരും പഴയവസ്ത്രത്തില്‍ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെചെയ്താല്‍ തയ്ച്ചുചേര്‍ത്ത തുണിക്കഷണം വസ്ത്രത്തില്‍നിന്നു കീറിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും.
17: ആരും പുതിയവീഞ്ഞു പഴയതോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പൊട്ടി, വീഞ്ഞൊഴുകിപ്പോവുകയും കുടങ്ങള്‍ നഷ്ടപ്പെടുകയുംചെയ്യും. അതിനാല്‍, പുതിയവീഞ്ഞു പുതിയതോല്‍ക്കുടങ്ങളിലാണ് ഒഴിച്ചുവയ്ക്കുക. അപ്പോള്‍ രണ്ടും ഭദ്രമായിരിക്കും.

രക്തസ്രാവക്കാരി; ഭരണാധിപന്റെ മകള്‍
18: അവനവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭരണാധികാരി അവനെ സമീപിച്ചു താണുവണങ്ങിക്കൊണ്ടു പറഞ്ഞു: എന്റെ മകള്‍ ഇപ്പോൾ മരിച്ചതേയുള്ളൂ. എന്നാൽ നീ വന്ന്, അവളുടെമേല്‍ കൈവയ്ക്കുമെങ്കില്‍ അവള്‍ ജീവിക്കും.
19: യേശുവും ശിഷ്യന്മാരും അവനോടൊപ്പം പോയി.
20: പന്ത്രണ്ടുവര്‍ഷമായി രക്തസ്രാവംനിമിത്തം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ, പിന്നിലൂടെവന്ന്, അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ സ്പര്‍ശിച്ചു.
21: അവന്റെ വസ്ത്രത്തില്‍ ഒന്നു സ്പര്‍ശിച്ചാല്‍മാത്രംമതി, താൻ സുഖംപ്രാപിക്കുമെന്ന് അവള്‍ ഉള്ളില്‍ വിചാരിച്ചിരുന്നു.
22: യേശു തിരിഞ്ഞ്, അവളെനോക്കി അരുൾചെയ്തു: മകളേ, ധൈര്യത്തോടെയിരിക്കുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സുഖംപ്രാപിച്ചു.
23: യേശു ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളംവയ്ക്കുന്ന ജനങ്ങളെയും കണ്ടു പറഞ്ഞു:
24: നിങ്ങള്‍ പുറത്തുപോകുവിന്‍; ബാലിക മരിച്ചിട്ടില്ല; അവളുറങ്ങുകയാണ്. അവരാകട്ടെ അവനെപ്പരിഹസിച്ചു.
25: ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവന്‍ അകത്തുകടന്ന്, അവളെ കൈയ്ക്കുപിടിച്ചുയര്‍ത്തി. അപ്പോള്‍ ബാലികയെഴുന്നേറ്റു.
26: ഈ വാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു.

അന്ധര്‍ക്കു കാഴ്ചനല്കുന്നു
27: യേശു അവിടെനിന്നു കടന്നുപോകുമ്പോള്‍, രണ്ട് അന്ധന്മാര്‍, ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ക്കനിയണമേയെന്നു കരഞ്ഞപേക്ഷിച്ചുകൊണ്ട്, അവനെയനുഗമിച്ചു.
28: അവന്‍ ഭവനത്തിലെത്തിയപ്പോള്‍ ആ അന്ധന്മാര്‍ അവന്റെ സമീപംചെന്നു. യേശു അവരോടു ചോദിച്ചു: എനിക്കിതു ചെയ്യാന്‍കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്, കര്‍ത്താവേ, എന്ന് അവര്‍ മറുപടി പറഞ്ഞു.
29: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവനവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു.
30: അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു. ഇത്, ആരുമറിയാനിടയാകരുതെന്ന് യേശു അവരോടു കര്‍ശനമായി നിര്‍ദ്ദേശിച്ചു.
31: എന്നാല്‍, അവര്‍പോയി, അവന്റെ കീര്‍ത്തി നാടെങ്ങുംപരത്തി.

ഊമയെ സുഖമാക്കുന്നു
32: അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ പിശാചുബാധിതനായ ഒരു ഊമയെ ജനങ്ങള്‍ അവന്റെയടുക്കല്‍ക്കൊണ്ടുവന്നു.
33: അവന്‍ പിശാചിനെപ്പുറത്താക്കിയപ്പോള്‍ ആ ഊമ സംസാരിച്ചു. ജനങ്ങള്‍ അദ്ഭുതപ്പെട്ടുപറഞ്ഞു: ഇതുപോലൊരു സംഭവം ഇസ്രായേലില്‍ ഒരിക്കലുംകണ്ടിട്ടില്ല.
34: എന്നാല്‍, ഫരിസേയര്‍ പറഞ്ഞു: അവന്‍ പിശാചുക്കളുടെ തലവനെക്കൊണ്ടാണു പിശാചുക്കളെ ബഹിഷ്കരിക്കുന്നത്.

വിളവിന്റെനാഥനോടു പ്രാര്‍ത്ഥിക്കുവിന്‍
35: യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസ്സഞ്ചരിച്ചു.
36: ജനക്കൂട്ടങ്ങളെക്കണ്ടപ്പോള്‍, യേശുവിനവരോട്, അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു.
37: അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം.
38: അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ
യയ്ക്കാന്‍ വിളവിന്റെനാഥനോടു പ്രാര്‍ത്ഥിക്കുവിന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ