ഇരുന്നൂറ്റിയറുപത്തിരണ്ടാം ദിവസം: യോനാ 1 - 4


അദ്ധ്യായം 1

യോനായുടെ ഒളിച്ചോട്ടം

1: അമിത്തായിയുടെ പുത്രന്‍ യോനായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
2: നീയെഴുന്നേറ്റു മഹാനഗരമായ നിനെവേയില്‍ച്ചെന്ന്, അതിനെതിരേ വിളിച്ചുപറയുക. എന്തെന്നാല്‍, അവരുടെ ദുഷ്ടത എന്റെ സന്നിധിയിലെത്തിയിരിക്കുന്നു.
3: എന്നാല്‍, യോനാ താര്‍ഷീഷിലേക്കോടി, കര്‍ത്താവിന്റെ സന്നിധിയില്‍നിന്നു മറയാനൊരുങ്ങി. അവന്‍ ജോപ്പായിലെത്തി. അവിടെ താര്‍ഷീഷിലേക്കുപോകുന്ന ഒരു കപ്പല്‍കണ്ടു. യാത്രക്കൂലികൊടുത്ത്, അവനതില്‍ക്കയറി. അങ്ങനെ താര്‍ഷീഷില്‍ച്ചെന്ന്, കര്‍ത്താവിന്റെ സന്നിധിയില്‍നിന്നൊളിക്കാമെന്ന് അവന്‍ കരുതി.
4: എന്നാല്‍, കര്‍ത്താവു കടലിലേയ്ക്കൊരു കൊടുങ്കാറ്റയച്ചു; കടല്‍ക്ഷോഭത്തില്‍ കപ്പല്‍തകരുമെന്നായി.
5: കപ്പല്‍യാത്രക്കാര്‍ പരിഭ്രാന്തരായി. ഓരോരുത്തരും താന്താങ്ങളുടെ ദേവന്മാരെ വിളിച്ചപേക്ഷിച്ചു. ഭാരംകുറയ്ക്കാന്‍വേണ്ടി കപ്പലിലുണ്ടായിരുന്ന ചരക്കുകളെല്ലാം അവര്‍ കടലിലേക്കു വലിച്ചെറിഞ്ഞു. എന്നാല്‍, യോനാ കപ്പലിന്റെ ഉള്ളറയില്‍ കിടന്നുറങ്ങുകയായിരുന്നു.
6: അപ്പോള്‍ കപ്പിത്താനടുത്തുവന്ന്, അവനോടു ചോദിച്ചു: നീ ഉറങ്ങുന്നോ? എന്താണിതിന്റെയര്‍ത്ഥം? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കുക. നമ്മള്‍ നശിക്കാതിരിക്കാന്‍ ഒരുപക്ഷേ അവിടുന്നു നമ്മെയോര്‍ത്തേക്കും.
7: അനന്തരം അവര്‍ പരസ്പരം പറഞ്ഞു: ആരുനിമിത്തമാണ് നമുക്കീ അനര്‍ത്ഥംഭവിച്ചതെന്നറിയാന്‍ നമുക്കു നറുക്കിടാം. അവര്‍ നറുക്കിട്ടു. യോനായ്ക്കു നറുക്കുവീണു.
8: അപ്പോള്‍ അവരവനോടു ചോദിച്ചു: പറയൂ, ആരുനിമിത്തമാണ് ഈയനര്‍ത്ഥം നമ്മുടെമേല്‍വന്നത്? നിന്റെ തൊഴിലെന്താണ്? നീ എവിടെനിന്നുവരുന്നു? നിന്റെ നാടേതാണ്? നീ ഏതു ജനതയില്‍പ്പെടുന്നു?
9: അവന്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായനാണ്. കടലും കരയുംസൃഷ്ടിച്ച, സ്വര്‍ഗ്ഗസ്ഥനായ ദൈവമായ കര്‍ത്താവിനെയാണു ഞാനാരാധിക്കുന്നത്.
10: അപ്പോള്‍ അവര്‍ അത്യധികംഭയപ്പെട്ട്, അവനോടു പറഞ്ഞു: നീ എന്താണീച്ചെയ്തത്? അവന്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്ന് ഓടിയൊളിക്കുകയാണെന്ന്, അവന്‍തന്നെ പറഞ്ഞ്, അവരറിഞ്ഞു.
11: അവരവനോടു പറഞ്ഞു: കടല്‍ ശാന്തമാകേണ്ടതിന്, ഞങ്ങള്‍ നിന്നെയെന്തുചെയ്യണം? കടല്‍ കൂടുതല്‍കൂടുതല്‍ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുന്നു.
12: അവനവരോടു പറഞ്ഞു: എന്നെയെടുത്തു കടലിലേക്കെറിയുക. അപ്പോള്‍ കടല്‍ ശാന്തമാകും. എന്തെന്നാല്‍, ഞാന്‍നിമിത്തമാണ് ഈ വലിയകൊടുങ്കാറ്റ്, നിങ്ങള്‍ക്കെതിരേയുണ്ടായിരിക്കുന്നതെന്നു ഞാന്‍ മനസ്സിലാക്കുന്നു.
13: കപ്പല്‍ കരയ്ക്കടുപ്പിക്കുന്നതിനായി അവര്‍ ശക്തിപൂര്‍വ്വം തണ്ടുവലിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, കടല്‍ അവര്‍ക്കെതിരേ പൂര്‍വ്വാധികം ക്ഷോഭിക്കുകയായിരുന്നു.
14: അതുകൊണ്ട്, അവര്‍ കര്‍ത്താവിനോടു നിലവിളിച്ചു. കര്‍ത്താവേ, ഈ മനുഷ്യന്റെ ജീവന്‍നിമിത്തം ഞങ്ങള്‍ നശിക്കാനിടയാകരുതേ! നിഷ്കളങ്കരക്തംചിന്തിയെന്ന കുറ്റം ഞങ്ങളുടെമേല്‍ ചുമത്തരുതേ! കര്‍ത്താവേ, അവിടുത്തെ ഹിതമനുസരിച്ചാണല്ലോ ഇപ്രകാരം സംഭവിച്ചത്.
15: അനന്തരം, അവര്‍ യോനായെ എടുത്തു കടലിലേക്കെറിഞ്ഞു.
16: ഉടനെ, കടല്‍ ശാന്തമായി. അപ്പോളവര്‍ കര്‍ത്താവിനെ അത്യധികം ഭയപ്പെടുകയും അവിടുത്തേക്കു ബലിയര്‍പ്പിക്കുകയും നേര്‍ച്ചനേരുകയുംചെയ്തു.
17: യോനായെ വിഴുങ്ങാന്‍ കര്‍ത്താവൊരു വലിയമത്സ്യത്തെ നിയോഗിച്ചു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്സ്യത്തിന്റെ ഉദരത്തില്‍ക്കഴിഞ്ഞു.

അദ്ധ്യായം 2

യോനായുടെ പ്രാര്‍ത്ഥന
1: മത്സ്യത്തിന്റെ ഉദരത്തില്‍വച്ചു യോനാ തന്റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു:
2: എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്നെനിക്കുത്തരമരുളി. പാതാളത്തിന്റെ ഉദരത്തില്‍നിന്നു ഞാന്‍ നിലവിളിച്ചു; അവിടുന്നെന്റെ നിലവിളി കേട്ടു.
3: അവിടുന്നെന്നെ ആഴത്തിലേക്ക്, സമുദ്രമദ്ധ്യത്തിലേക്കു വലിച്ചെറിഞ്ഞു. പ്രവാഹം എന്നെ വളഞ്ഞു. അങ്ങയുടെ തിരമാലകള്‍ എന്റെ മുകളിലൂടെ കടന്നുപോയി.
4: അപ്പോള്‍, ഞാന്‍ പറഞ്ഞു: അങ്ങയുടെ സന്നിധിയില്‍നിന്നു ഞാന്‍ നിഷ്കാസിതനായിരിക്കുന്നു. അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്ക്, ഇനി ഞാനെങ്ങനെനോക്കും?
5: സമുദ്രം എന്നെ വലയംചെയ്തിരിക്കുന്നു. ആഴി എന്നെ ചുറ്റിയിരിക്കുന്നു. പായല്‍ എന്റെ തല വരിഞ്ഞുമുറുക്കിയിരിക്കുന്നു.
6: പര്‍വ്വതങ്ങള്‍ വേരുപാകിയിരിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിലേക്കു ഞാനിറങ്ങിച്ചെന്നു. അതിന്റെ ഓടാമ്പലുകള്‍ എന്നെ എന്നേയ്ക്കുമായി അടച്ചുപൂട്ടി. എങ്കിലും എന്റെ ദൈവമായ കര്‍ത്താവേ, അങ്ങെന്റെ ജീവനെ പാതാളത്തില്‍നിന്നു പൊക്കിയെടുത്തു.
7: എന്റെ ജീവന്‍മരവിച്ചപ്പോള്‍, ഞാന്‍ കര്‍ത്താവിനെയോര്‍ത്തു. എന്റെ പ്രാര്‍ത്ഥന അങ്ങയുടെയടുക്കല്‍, അങ്ങയുടെ വിശുദ്ധമന്ദിരത്തിലെത്തി.
8: വ്യര്‍ത്ഥവിഗ്രഹങ്ങളെപ്പൂജിക്കുന്നവര്‍ തങ്ങളുടെ വിശ്വസ്തതവെടിയുന്നു.
9: എന്നാല്‍, ഞാന്‍ കൃതജ്ഞതാസ്തോത്രങ്ങളാലാപിച്ച്, അങ്ങേയ്ക്കു ബലിയര്‍പ്പിക്കും. ഞാനെന്റെ നേര്‍ച്ചകള്‍ നിറവേറ്റും. കര്‍ത്താവില്‍നിന്നാണു രക്ഷ.
10: കര്‍ത്താവു മത്സ്യത്തോടു കല്പിച്ചു. അതു യോനായെ കരയിലേക്കു ഛര്‍ദ്ദിച്ചിട്ടു.

അദ്ധ്യായം 3

നിനെവേയുടെ മാനസാന്തരം
1: യോനായ്ക്കു വീണ്ടും കര്‍ത്താവിന്റെയരുളപ്പാടുണ്ടായി.
2: എഴുന്നേറ്റു മഹാനഗരമായ നിനെവേയിലേക്കു പോവുക. ഞാന്‍നല്കുന്നസന്ദേശം നീയവിടെ പ്രഘോഷിക്കുക.
3: കര്‍ത്താവിന്റെ കല്പനയനുസരിച്ച്, യോനായെഴുന്നേറ്റു നിനെവേയിലേക്കുപോയി. അതു വളരെവലിയൊരു നഗരമായിരുന്നു. അതു കടക്കാന്‍ മൂന്നുദിവസത്തെ യാത്രവേണ്ടിയിരുന്നു.
4: യോനാ, നഗരത്തില്‍ക്കടന്ന്, ഒരു ദിവസത്തെ വഴിനടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്പതുദിവസംകഴിയുമ്പോള്‍ നിനെവേ നശിപ്പിക്കപ്പെടും.
5: നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍വിശ്വസിച്ചു. അവര്‍ ഒരുപവാസംപ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.
6: ഈ വാര്‍ത്ത, നിനെവേരാജാവു കേട്ടു. അവന്‍ സിംഹാസനത്തില്‍നിന്നെഴുന്നേറ്റ്, രാജകീയവസ്ത്രം മാറ്റി, ചാക്കുടുത്തുചാരത്തിലിരുന്നു.
7: അവന്‍ നിനെവേ മുഴുവന്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും കല്പനയാണിത്:
8: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഭക്ഷിക്കരുത്. അവ മേയുകയോ വെള്ളംകുടിക്കുകയോ അരുത്. മനുഷ്യനും മൃഗവും ചാക്കുവസ്ത്രം ധരിച്ച്, ദൈവത്തോട് ഉച്ചത്തില്‍വിളിച്ചപേക്ഷിക്കട്ടെ! ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗ്ഗത്തില്‍നിന്നും അക്രമങ്ങളില്‍നിന്നും പിന്തിരിയട്ടെ!
9: ദൈവം മനസ്സുമാറ്റി, തന്റെ ക്രോധംപിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയുംചെയ്തേക്കാം.
10: തങ്ങളുടെ ദുഷ്ടതയില്‍നിന്ന് അവര്‍ പിന്തിരിഞ്ഞു എന്നു കണ്ട്, ദൈവം മനസ്സുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്നു പറഞ്ഞ തിന്മ അയച്ചില്ല.

അദ്ധ്യായം 4

അതിരറ്റ കരുണ
1: യോനാ ഇതില്‍ അത്യധികം അസംതൃപ്തനും കുപിതനുമായി.
2: അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ എന്റെ ദേശത്തായിരുന്നപ്പോള്‍ ഇതുതന്നെയല്ലേ അങ്ങയോടു പറഞ്ഞത്? ഇതുകൊണ്ടാണു ഞാന്‍ താര്‍ഷീഷിലേക്കോടിപ്പോകാന്‍ ശ്രമിച്ചത്. അവിടുന്നു ദയാലുവും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹനിധിയും ശിക്ഷിക്കുന്നതില്‍ വിമുഖനുമാണെന്നു ഞാനറിഞ്ഞിരുന്നു.
3: കര്‍ത്താവേ, എന്റെ ജീവനെടുത്തുകൊള്ളുക എന്നു ഞാനപേക്ഷിക്കുന്നു. ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണെനിക്കു നല്ലത്.
4: കര്‍ത്താവു ചോദിച്ചു: നിനക്കു കോപിക്കാനെന്തുകാര്യം?
5: യോനാ പുറത്തിറങ്ങി, നഗരത്തിന്റെ കിഴക്കുഭാഗത്തുപോയി ഇരുന്നു. അവിടെ അവന്‍ തനിക്കുവേണ്ടി, ഒരു കൂടാരം നിര്‍മ്മിച്ചു. നഗരത്തിന് എന്തു സംഭവിക്കുമെന്നുകാണാനായി കൂടാരത്തിന്റെ കീഴിലിരുന്നു.
6: യോനായ്ക്കു തണലും ആശ്വാസവുംനല്‍കുന്നതിന്, ദൈവമായ കര്‍ത്താവ്, ഒരു ചെടി മുളപ്പിച്ചു. ആ ചെടി കണ്ടു യോനാ അത്യധികം സന്തോഷിച്ചു.
7: പിറ്റേന്നു പ്രഭാതത്തില്‍ ദൈവം ഒരു പുഴുവിനെയയച്ചു. അത് ആ ചെടിയെ ആക്രമിച്ചു; ചെടി വാടിപ്പോയി. സൂര്യനുദിച്ചപ്പോള്‍ ദൈവം അത്യുഷ്ണമുള്ള കിഴക്കന്‍കാറ്റിനെ നിയോഗിച്ചു.
8: തലയില്‍ സൂര്യന്റെ ചൂടേറ്റു യോനാ തളര്‍ന്നു. മരിക്കാനാഗ്രഹിച്ചുകൊണ്ട്, അവന്‍ പറഞ്ഞു: ജീവിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് എനിക്കു നല്ലത്.
9: ദൈവം യോനായോടു ചോദിച്ചു: ആ ചെടിയെച്ചൊല്ലി കോപിക്കാന്‍ നിനക്കെന്തുകാര്യം? അവന്‍ പറഞ്ഞു: കോപിക്കാന്‍ എനിക്കുകാര്യമുണ്ട്, മരണംവരെ കോപിക്കാന്‍.
10: കര്‍ത്താവു പറഞ്ഞു: ഈ ചെടി ഒരു രാത്രികൊണ്ടു വളരുകയും അടുത്ത രാത്രി നശിക്കുകയുംചെയ്തു. നീ അതിന്റെ വളര്‍ച്ചയ്ക്കുവേണ്ടി അദ്ധ്വാനിച്ചിട്ടില്ല. എന്നിട്ടും നിനക്കതിനോടനുകമ്പതോന്നുന്നു.
11: എങ്കില്‍, ഇടംവലം തിരിച്ചറിയാന്‍കഴിവില്ലാത്ത ഒരുലക്ഷത്തിയിരുപതിനായിരത്തില്പരം ആളുകളും അസംഖ്യം മൃഗങ്ങളുംവസിക്കുന്ന മഹാനഗരമായ നിനെവേയോട് എനിക്കനുകമ്പതോന്നരുതെന്നോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ