ഇരുന്നൂറ്റിയെഴുപതാം ദിവസം: മലാക്കി 1 - 4


അദ്ധ്യായം 1

ദൈവവും ജനവും
1: കര്‍ത്താവു മലാക്കിയിലൂടെ ഇസ്രായേലിനുനല്കിയ അരുളപ്പാട്. കര്‍ത്താവരുളിച്ചെയ്യുന്നു:
2: ഞാന്‍ നിങ്ങളെ സ്നേഹിച്ചു. എന്നാല്‍, നിങ്ങള്‍ ചോദിക്കുന്നു: എങ്ങനെയാണ് അങ്ങു ഞങ്ങളെ സ്നേഹിച്ചത്? കര്‍ത്താവരുളിച്ചെയ്യുന്നു: ഏസാവു യാക്കോബിന്റെ സഹോദരനല്ലേ? എന്നിട്ടും ഞാന്‍ യാക്കോബിനെ സ്നേഹിക്കുകയും
3: ഏസാവിനെ വെറുക്കുകയുംചെയ്തു. ഞാനവന്റെ മലമ്പ്രദേശം ശൂന്യമാക്കി; അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്‍ക്കു വിട്ടുകൊടുത്തു.
4: ഞങ്ങള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍, ഞങ്ങളുടെ നഷ്ടശിഷ്ടങ്ങള്‍ ഞങ്ങള്‍ പുനരുദ്ധരിക്കുമെന്ന് ഏദോംപറഞ്ഞാല്‍, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ പണിയട്ടെ. ദുഷ്ടജനമെന്നും കര്‍ത്താവിന്റെ കോപം, എന്നേയ്ക്കുംവഹിക്കുന്ന ജനപദമെന്നും അവര്‍ വിളിക്കപ്പെടുന്നതുവരെ ഞാനതിടിച്ചുതകര്‍ക്കും.
5: സ്വന്തം കണ്ണുകൊണ്ടുതന്നെ ഇതുകണ്ടിട്ടു നിങ്ങള്‍ പറയും: ഇസ്രായേലിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തു കര്‍ത്താവത്യുന്നതനാണ്.

ആരാധനയിലെ അപാകങ്ങള്‍
6: പുത്രന്‍ പിതാവിനെയും ദാസന്‍ യജമാനനെയും ബഹുമാനിക്കുന്നു. എന്റെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, സൈന്യങ്ങളുടെ കര്‍ത്താവായ ഞാന്‍ നിങ്ങളോടു ചോദിക്കുന്നു: ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനമെവിടെ? ഞാന്‍ യജമാനനാണെങ്കില്‍ എന്നോടുള്ള ഭയമെവിടെ? എങ്ങനെയാണ് അങ്ങയുടെ നാമത്തെ ഞങ്ങള്‍ നിന്ദിച്ചതെന്നു നിങ്ങള്‍ ചോദിക്കുന്നു.
7: മലിനമായ ഭക്ഷണം നിങ്ങളെന്റെ ബലിപീഠത്തിലര്‍പ്പിച്ചു. എങ്ങനെയാണു ഞങ്ങളതു മലിനമാക്കിയതെന്നു നിങ്ങള്‍ ചോദിക്കുന്നു. കര്‍ത്താവിന്റെ ബലിപീഠത്തെ നിസ്സാരമെന്നു നിങ്ങള്‍ കരുതി.
8: കാഴ്ചയില്ലാത്ത മൃഗങ്ങളെ നിങ്ങള്‍ ബലിയര്‍പ്പിച്ചാല്‍ അതു തിന്മയല്ലേ? മുടന്തുള്ളതിനെയും രോഗംബാധിച്ചതിനെയുമര്‍പ്പിച്ചാല്‍ അതു തിന്മയല്ലേ? അതു നിങ്ങളുടെ ഭരണാധികാരിക്കു കാഴ്ചവച്ചാല്‍ അവന്‍ സന്തുഷ്ടനാവുകയോ നിങ്ങളോടു പ്രീതികാണിക്കുകയോചെയ്യുമോ? -സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
9: കര്‍ത്താവിന്റെ പ്രീതിലഭിക്കാന്‍ നിങ്ങള്‍ കാരുണ്യംയാചിക്കുന്നു. ഇത്തരം കാഴ്ചയര്‍പ്പിച്ചാല്‍ നിങ്ങളിലാരോടെങ്കിലും കര്‍ത്താവു കൃപകാണിക്കുമോ? സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
10: നിങ്ങള്‍ എന്റെ ബലിപീഠത്തില്‍ വ്യര്‍ത്ഥമായി തീ കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും വാതിലടച്ചിരുന്നെങ്കില്‍! നിങ്ങളില്‍ എനിക്കു പ്രീതിയില്ല. നിങ്ങളുടെ കരങ്ങളില്‍നിന്നു ഞാന്‍ ഒരു കാഴ്ചയും സ്വീകരിക്കുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
11: സൂര്യോദയംമുതല്‍ അസ്തമയംവരെ എന്റെ നാമം ജനതകളുടെയിടയില്‍ മഹത്ത്വപൂര്‍ണ്ണമാണ്. എല്ലായിടത്തും എന്റെ നാമത്തിനു ധൂപവും ശുദ്ധമായ കാഴ്ചയുമര്‍പ്പിക്കപ്പെടുന്നു. എന്തെന്നാല്‍, ജനതകളുടെയിടയില്‍ എന്റെ നാമം ഉന്നതമാണ് - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
12: കര്‍ത്താവിന്റെ ബലിപീഠത്തെ നിന്ദിക്കാം, നിന്ദ്യമായ ഭോജനം അതിലര്‍പ്പിക്കാം എന്നു കരുതുമ്പോള്‍ നിങ്ങളതിനെ മലിനമാക്കുന്നു.
13: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞങ്ങള്‍ മടുത്തു എന്നുപറഞ്ഞ് നിങ്ങള്‍ എനിക്കെതിരേ ചീറുന്നു. അക്രമംകൊണ്ടു പിടിച്ചെടുത്തതിനെയും, മുടന്തുള്ളതിനെയും, രോഗം ബാധിച്ചതിനെയും നിങ്ങള്‍ കാഴ്ചയായര്‍പ്പിക്കുന്നു! നിങ്ങളുടെ കൈകളില്‍നിന്നു ഞാനതു സ്വീകരിക്കണമോ? –കര്‍ത്താവു ചോദിക്കുന്നു.
14: തന്റെ ആട്ടിന്‍കൂട്ടത്തില്‍ മുട്ടാടുണ്ടായിരിക്കുകയും അതിനെ നേരുകയുംചെയ്തിട്ട്, ഊനമുള്ളതിനെ കര്‍ത്താവിനു ബലിയര്‍പ്പിക്കുന്ന വഞ്ചകനു ശാപം. സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതനായ രാജാവാണ്. ജനതകള്‍ എന്റെ നാമം ഭയപ്പെടുന്നു.

അദ്ധ്യായം 2

പുരോഹിതന്മാര്‍ക്കു താക്കീത്
1: പുരോഹിതന്മാരേ, ഇതാ, ഈ കല്പന നിങ്ങള്‍ക്കുവേണ്ടിയാണ്.
2: കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കുകയും, എന്റെ നാമത്തിനു മഹത്ത്വംനല്കാന്‍ മനസ്സുവയ്ക്കാതിരിക്കുകയുംചെയ്താല്‍ ഞാന്‍ നിങ്ങളുടെമേല്‍ ശാപമയയ്ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാന്‍ ശാപമാക്കും; നിങ്ങള്‍ മനസ്സുവയ്ക്കാഞ്ഞതിനാല്‍ ഞാന്‍ ശപിച്ചുകഴിഞ്ഞു.
3: ഞാന്‍ നിങ്ങളുടെ സന്തതികളെ ശാസിക്കും. നിങ്ങളുടെ ബലിമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്തു തേയ്ക്കും. എന്റെ സന്നിധിയില്‍നിന്നു നിങ്ങളെ ഞാന്‍ നിഷ്കാസനംചെയ്യും.
4: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ലേവിയുമായുള്ള എന്റെ ഉടമ്പടി നിലനില്ക്കേണ്ടതിനാണ് ഈ കല്പന ഞാന്‍ നിങ്ങള്‍ക്കു നല്കിയിരിക്കുന്നതെന്ന് അങ്ങനെ നിങ്ങളറിയും.
5: അവനോടുള്ള എന്റെയുടമ്പടി, ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടിയായിരുന്നു. അവന്‍ ഭയപ്പെടേണ്ടതിന് ഞാനവ അവനു നല്കി. അവന്‍ എന്നെ ഭയപ്പെടുകയും എന്റെ നാമത്തോടുള്ള ഭയഭക്തികളാല്‍ നിറയുകയും ചെയ്തു.
6: അവന്റെ നാവില്‍ യഥാര്‍ത്ഥപ്രബോധനമുണ്ടായിരുന്നു. അവന്റെയധരത്തില്‍ ഒരു തെറ്റുംകണ്ടില്ല. സമാധാനത്തിലും സത്യസന്ധതയിലും അവന്‍ എന്നോടുകൂടെ വ്യാപരിച്ചു. അനേകരെ അകൃത്യങ്ങളില്‍നിന്ന് അവന്‍ പിന്തിരിപ്പിച്ചു.
7: പുരോഹിതന്‍ അധരത്തില്‍ ജ്ഞാനംസൂക്ഷിക്കണം. ജനം പ്രബോധനംതേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ദൂതനാണ്.
8: എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെയുപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു:
9: നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങളനുവര്‍ത്തിക്കാതെ പ്രബോധനംനല്കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനംമുഴുവന്റെയുംമുമ്പില്‍ നിന്ദിതരും നികൃഷ്ടരുമാക്കും.

ജനത്തിന്റെ കുറ്റങ്ങള്‍
10: നമുക്കെല്ലാവര്‍ക്കും ഒരേ പിതാവല്ലേയുള്ളത്? ഒരേദൈവംതന്നെയല്ലേ നമ്മെ സൃഷ്ടിച്ചത്? എങ്കില്‍ നമ്മുടെ പിതാക്കന്മാരുടെ ഉടമ്പടിയുടെ പവിത്രത നശിപ്പിച്ചുകൊണ്ട്, നാമെന്തിനു പരസ്പരം അവിശ്വസ്തതകാണിക്കുന്നു?
11: യൂദാ വിശ്വാസവഞ്ചനകാണിച്ചിരിക്കുന്നു. ജറുസലെമിലും ഇസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍നടന്നിരിക്കുന്നു. കര്‍ത്താവിനു പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ, യൂദാ അശുദ്ധമാക്കി. അന്യദേവന്റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു.
12: ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യംനില്ക്കുകയോ സൈന്യങ്ങളുടെ കര്‍ത്താവിനു കാഴ്ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്റെ കൂടാരത്തില്‍നിന്നു കര്‍ത്താവു വിച്ഛേദിക്കട്ടെ.
13: നിങ്ങളിതുംചെയ്യുന്നു. അവിടുന്നു നിങ്ങളുടെ കാഴ്ചകളെ പരിഗണിക്കുകയോ അതില്‍ പ്രസാദിക്കുകയോചെയ്യാത്തതിനാല്‍, നിങ്ങള്‍ തേങ്ങിക്കരഞ്ഞ്, കര്‍ത്താവിന്റെ ബലിപീഠം കണ്ണീരുകൊണ്ടു മൂടുന്നു.
14: എന്തുകൊണ്ട് അവിടുന്നിതു സ്വീകരിക്കുന്നില്ലാ എന്നു നിങ്ങള്‍ ചോദിക്കുന്നു. ഉടമ്പടിയനുസരിച്ച്, നിന്റെ ഭാര്യയും സഖിയുമായിരുന്നിട്ടും നീ അവിശ്വസ്തതകാണിച്ച നിന്റെ യൗവനത്തിലെ ഭാര്യയും നീയുംതമ്മിലുള്ള ഉടമ്പടിക്കു കര്‍ത്താവു സാക്ഷിയായിരുന്നു എന്നതുകൊണ്ടുതന്നെ.
15: ഏകശരീരവും ഏകാത്മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്ടിച്ചത്. ദൈവഭക്തരായ സന്തതികളെയല്ലാതെ എന്താണു ദൈവമാഗ്രഹിക്കുന്നത്? അതുകൊണ്ട്, യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തതകാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
16: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു. ഒരുവന്‍ തന്റെ വസ്ത്രം അക്രമംകൊണ്ടു പൊതിയുന്നതിനെയും ഞാന്‍ വെറുക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ശ്രദ്ധയോടെ വ്യാപരിക്കുക; അവിശ്വസ്തതകാണിക്കരുത്.

കര്‍ത്താവിന്റെ ദിനം
17: വാക്കുകള്‍കൊണ്ടു നിങ്ങള്‍ കര്‍ത്താവിനു മടുപ്പുവരുത്തിയിരിക്കുന്നു. നിങ്ങള്‍ ചോദിക്കുന്നു: എങ്ങനെയാണു ഞങ്ങള്‍ അവിടുത്തെ അസഹ്യപ്പെടുത്തിയത്? തിന്മ പ്രവര്‍ത്തിക്കുന്ന ഏവനും കര്‍ത്താവിന്റെ മുമ്പില്‍ നല്ലവനാണ്, അവിടുന്നവനില്‍ പ്രസാദിക്കുന്നു എന്നു പറയുകയും നീതിയുടെ ദൈവമെവിടെ എന്നു ചോദിക്കുകയും ചെയ്തുകൊണ്ട്.

അദ്ധ്യായം 3

1: ഇതാ, എനിക്കുമുമ്പേ വഴിയൊരുക്കാന്‍ ഞാനെന്റെ ദൂതനെയയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
2: എന്നാല്‍, അവിടുത്തെ വരവിന്റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ അവിടുത്തെമുമ്പില്‍ നില്ക്കാന്‍ ആര്‍ക്കു കഴിയും? ഉലയിലെ അഗ്നിപോലെയും അലക്കുകാരന്റെ കാരംപോലെയുമാണവിടുന്ന്.
3: വെള്ളി, ഉലയില്‍ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്നുപവിഷ്ടനാകും. ലേവിപുത്രന്മാര്‍ യുക്തമായബലികള്‍ കര്‍ത്താവിനര്‍പ്പിക്കുന്നതിനുവേണ്ടി, അവിടുന്നവരെ സ്വര്‍ണ്ണവും വെള്ളിയുമെന്നപോലെ ശുദ്ധീകരിക്കും.
4: അപ്പോള്‍ യൂദായുടെയും ജറുസലെമിന്റെയും ബലി പഴയകാലത്തെന്നപോലെ കര്‍ത്താവിനു പ്രീതികരമാകും.
5: നിങ്ങളെ വിധിക്കാന്‍ ഞാനടുത്തുവരും. ആഭിചാരകര്‍ക്കും, വ്യഭിചാരികള്‍ക്കും, കള്ളസത്യം ചെയ്യുന്നവര്‍ക്കും, വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും പരദേശികളെ ഞെരുക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കുമെതിരേ സാക്ഷ്യംനല്കാന്‍ ഞാന്‍ വേഗം വരും - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
6: കര്‍ത്താവായ എനിക്കു മാറ്റമില്ല. അതുകൊണ്ടു യാക്കോബിന്റെ സന്തതികളേ, നിങ്ങള്‍ പൂര്‍ണ്ണമായി സംഹരിക്കപ്പെട്ടില്ല.
7: നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ എന്റെ കല്പനകളില്‍നിന്നു നിങ്ങള്‍ വ്യതിചലിച്ചു; അവയനുഷ്ഠിച്ചില്ല. നിങ്ങള്‍ എന്റെയടുക്കലേക്കു മടങ്ങിവരുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങളുടെയടുത്തേക്കു വരാം - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നു, എങ്ങനെയാണു ഞങ്ങള്‍ മടങ്ങിവരേണ്ടത്?
8: മനുഷ്യന്‍ ദൈവത്തെ കൊള്ളയടിക്കുമോ! എന്നാല്‍ നിങ്ങളെന്നെ കൊള്ളചെയ്യുന്നു. എങ്ങനെയാണു ഞങ്ങളങ്ങയെ കൊള്ളചെയ്യുന്നതെന്നു നിങ്ങള്‍ ചോദിക്കുന്നു. ദശാംശങ്ങളിലും കാഴ്ചകളിലുംതന്നെ.
9: നിങ്ങള്‍ - ജനം മുഴുവനും - എന്നെ കൊള്ളചെയ്യുന്നതുകൊണ്ടു നിങ്ങളഭിശപ്തരാണ്.
10: ദശാംശംമുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. എന്റെ ആലയത്തില്‍ ഭക്ഷണമുണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗ്ഗകവാടങ്ങള്‍ തുറന്ന്, അനുഗ്രഹം വര്‍ഷിക്കുകയില്ലേയെന്നു നിങ്ങള്‍ പരീക്ഷിക്കുവിന്‍ - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
11: ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വെട്ടുകിളികളെ ശാസിക്കും. അവ നിങ്ങളുടെ ഭൂമിയിലെ ഫലങ്ങള്‍ നശിപ്പിക്കുകയില്ല. നിങ്ങളുടെ വയലുകളിലെ മുന്തിരിച്ചെടികള്‍ ഫലശൂന്യമാവുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു:
12: അനുഗൃഹീതര്‍ എന്നു ജനതകള്‍ നിങ്ങളെ വിളിക്കും. നിങ്ങളുടെ ദേശം ആനന്ദത്തിന്റെ ദേശമാകും - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
13: കര്‍ത്താവരുളിച്ചെയ്യുന്നു; എനിക്കെതിരേയുള്ള നിങ്ങളുടെ വാക്കുകള്‍ കഠിനമായിരിക്കുന്നു. എന്നിട്ടും ഞങ്ങളങ്ങേയ്ക്കെതിരായി എങ്ങനെ സംസാരിച്ചു എന്നു നിങ്ങള്‍ ചോദിക്കുന്നു.
14: നിങ്ങള്‍ പറഞ്ഞു: ദൈവത്തെ സേവിക്കുന്നതു വ്യര്‍ത്ഥമാണ്, അവിടുത്തെ കല്പനകളനുസരിക്കുന്നതുകൊണ്ടും സൈന്യങ്ങളുടെ കര്‍ത്താവിന്റെമുമ്പില്‍ വിലാപമാചരിക്കുന്നവരെപ്പോലെനടക്കുന്നതുകൊണ്ടും എന്തുപ്രയോജനം?
15: ഇനിമേല്‍ അഹങ്കാരികളാണു ഭാഗ്യവാന്മാര്‍ എന്നു ഞങ്ങള്‍ കരുതും. ദുഷ്‌കര്‍മ്മികള്‍ അഭിവൃദ്ധിപ്പെടുകമാത്രമല്ല, ദൈവത്തെ പരീക്ഷിക്കുമ്പോള്‍ അവര്‍ രക്ഷപ്പെടുകയും ചെയ്യുന്നു.
16: അന്നു കര്‍ത്താവിനെ ഭയപ്പെട്ടിരുന്നവര്‍ പരസ്പരം സംസാരിച്ചു; അവര്‍ പറഞ്ഞതു കര്‍ത്താവു ശ്രദ്ധിച്ചുകേട്ടു. കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ നാമം ധ്യാനിക്കുകയുംചെയ്യുന്നവരെ ഓര്‍മ്മിക്കേണ്ടതിന് ഒരു ഗ്രന്ഥം അവിടുത്തെ മുമ്പില്‍ എഴുതപ്പെട്ടു.
17: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: അവര്‍ എന്റേതായിരിക്കും. ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം അവരെന്റെ പ്രത്യേകഅവകാശമായിരിക്കും. പിതാവ്, തന്നെസേവിക്കുന്ന പുത്രനെയെന്നപോലെ ഞാനവരെ രക്ഷിക്കും.
18: അപ്പോള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനുംതമ്മിലുമുള്ള വ്യത്യാസം നിങ്ങള്‍ ഒരിക്കല്‍ക്കൂടെ തിരിച്ചറിയും.

അദ്ധ്യായം 4

കര്‍ത്താവിന്റെ ദിനം ആസന്നം
1: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ചൂളപോലെകത്തുന്ന ദിനം ഇതാ, വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടന്മാരും വയ്‌ക്കോലുപോലെയാകും. ആ ദിനം അവരെ വേരും ശാഖയുമവശേഷിക്കാത്തവിധം ദഹിപ്പിച്ചുകളയും.
2: എന്നാല്‍, എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യനുദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്. തൊഴുത്തില്‍നിന്നുവരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും.
3: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം ദുഷ്ടന്മാരെ നിങ്ങള്‍ ചവിട്ടിത്താഴ്ത്തും. അവര്‍ നിങ്ങളുടെ കാല്‍ക്കീഴില്‍ ചാരംപോലെയായിരിക്കും.
4: എന്റെ ദാസനായ മോശയുടെ നിയമങ്ങള്‍, എല്ലാ ഇസ്രായേല്‍ക്കാര്‍ക്കുംവേണ്ടി ഹോറബില്‍വച്ചു ഞാനവനു നല്കിയ കല്പനകളും ചട്ടങ്ങളും, അനുസ്മരിക്കുവിന്‍.
5: കര്‍ത്താവിന്റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനുമുമ്പു പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെയടുത്തേക്കയയ്ക്കും.
6: ഞാന്‍വന്നു ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ