ഇരുന്നൂറ്റിയമ്പത്തൊമ്പതാം ദിവസം: ആമോസ് 1 - 5


അദ്ധ്യായം 1

ജനതകളുടെമേല്‍ വിധി
1: തെക്കോവയിലെ ആട്ടിടയന്മാരിലൊരുവനായ ആമോസിന്റെ വാക്കുകള്‍. യൂദാരാജാവായ ഉസിയായുടെയും ഇസ്രായേല്‍രാജാവും യോവാഷിന്റെ പുത്രനുമായ ജറോബോവാമിന്റെയുംകാലത്ത്, ഭൂകമ്പത്തിനു രണ്ടുവര്‍ഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അവനുണ്ടായ അരുളപ്പാട്.
2: അവന്‍ പറഞ്ഞു: സീയോനില്‍നിന്നു കര്‍ത്താവു ഗര്‍ജ്ജിക്കുന്നു. ജറുസലെമില്‍നിന്ന് അവിടുന്നരുളിച്ചെയ്യുന്നു; ഇടയന്മാരുടെ മേച്ചില്‍സ്ഥലങ്ങള്‍ വിലപിക്കുന്നു. കാര്‍മല്‍മലയുടെ മുകള്‍പ്പരപ്പു കരിയുന്നു.
3: കര്‍ത്താവരുളിച്ചെയ്യുന്നു: ദമാസ്ക്കസ് ആവര്‍ത്തിച്ചുചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവര്‍ ഗിലയാദിനെ ഇരുമ്പുമെതിവണ്ടികൊണ്ടു മെതിച്ചു.
4: ആകയാല്‍ ഞാന്‍ ഹസായേലിന്റെ ഭവനത്തിന്മേല്‍ അഗ്നിയയയ്ക്കും. ബന്‍ഹദാദിന്റെ ശക്തിദുര്‍ഗ്ഗങ്ങളെ അതു വിഴുങ്ങിക്കളയും.
5: ദമാസ്ക്കസിന്റെ ഓടാമ്പല്‍ ഞാനൊടിക്കും. ആവെന്‍താഴ്‌വരയില്‍നിന്ന് അതിലെ നിവാസികളെ ഞാന്‍ വിച്ഛേദിക്കും; ബഥേദനില്‍നിന്നു ചെങ്കോലേന്തുന്നവനെയും. സിറിയാക്കാര്‍ കീറിലേക്കു പ്രവാസികളായിപ്പോകും - കര്‍ത്താവരുളിച്ചെയ്യുന്നു.
6: കര്‍ത്താവരുളിച്ചെയ്യുന്നു: ഗാസാ ആവര്‍ത്തിച്ചുചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, ഏദോമിനു വിട്ടുകൊടുക്കാന്‍വേണ്ടി ഒരു ജനത്തെ മുഴുവന്‍ അവര്‍ തടവുകാരായിക്കൊണ്ടുപോയി.
7: ഗാസായുടെ മതിലിന്മേല്‍ ഞാനഗ്നിയയയ്ക്കും. അവളുടെ ശക്തിദുര്‍ഗ്ഗങ്ങളെ അതു വിഴുങ്ങിക്കളയും.
8: അഷ്ദോദില്‍നിന്ന് അതിലെ നിവാസികളെ ഞാന്‍ വിച്ഛേദിക്കും; അഷ്‌കലോണില്‍നിന്ന് ചെങ്കോലേന്തുന്നവനെയും. എക്രോണിനെതിരേ ഞാന്‍ കൈയുയര്‍ത്തും. ഫിലിസ്ത്യരില്‍ അവശേഷിക്കുന്നവര്‍ നശിക്കും. ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.
9: കര്‍ത്താവരുളിച്ചെയ്യുന്നു: ടയിര്‍ ആവര്‍ത്തിച്ചുചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവര്‍ ഒരു ജനത്തെമുഴുവന്‍ ഏദോമിന് ഏല്പിച്ചുകൊടുത്തു. സാഹോദര്യത്തിന്റെ ഉടമ്പടി അവര്‍ വിസ്മരിച്ചു.
10: ആകയാല്‍, ഞാന്‍ ടയിറിന്റെ മതിലിന്മേല്‍ അഗ്നിയയയ്ക്കും. അവളുടെ ശക്തിദുര്‍ഗ്ഗങ്ങളെ അതു വിഴുങ്ങിക്കളയും.
11: കര്‍ത്താവരുളിച്ചെയ്യുന്നു: ഏദോം ആവര്‍ത്തിച്ചുചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവന്‍ സ്വസഹോദരനെ വാളുമേന്തി അനുധാവനംചെയ്തു; തെല്ലും കരുണകാണിച്ചില്ല. അവന്റെ കോപം, കെടാതെ ജ്വലിച്ചുനിന്നു. ക്രോധം ആളിക്കത്തിക്കൊണ്ടിരുന്നു.
12: തേമാനുമേല്‍ ഞാനഗ്നിയയയ്ക്കും; ബൊസ്രായുടെ ശക്തിദുര്‍ഗ്ഗങ്ങളെ അതു വിഴുങ്ങിക്കളയും.
13: കര്‍ത്താവരുളിച്ചെയ്യുന്നു: അമ്മോന്യര്‍ ആവര്‍ത്തിച്ചുചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവര്‍ അതിര്‍ത്തി വിസ്തൃതമാക്കാന്‍ ഗിലയാദില്‍വന്നു ഗര്‍ഭിണികളുടെ ഉദരംപിളര്‍ന്നു.
14: ആകയാല്‍, ഞാന്‍ റബ്ബായുടെ മതിലിന്മേല്‍ അഗ്നിയയയ്ക്കും; അവളുടെ ശക്തിദുര്‍ഗ്ഗങ്ങളെ അതു വിഴുങ്ങിക്കളയും. യുദ്ധദിനത്തില്‍ അട്ടഹാസവും ചുഴലിക്കാറ്റിന്റെ ദിനത്തില്‍ കൊടുങ്കാറ്റും അതിനകമ്പടി സേവിക്കും.
15: അവരുടെ രാജാവു നാടുകടത്തപ്പെടും; അവനും പ്രഭുക്കന്മാരും ഒരുമിച്ചുതന്നെ - കര്‍ത്താവാണരുളിച്ചെയ്യുന്നത്.

അദ്ധ്യായം 2

മൊവാബിനെതിരേ
1: കര്‍ത്താവരുളിച്ചെയ്യുന്നു: മൊവാബ് ആവര്‍ത്തിച്ചുചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം അവന്‍ ഏദോംരാജാവിന്റെ അസ്ഥികള്‍ കത്തിച്ചുചാമ്പലാക്കി.
2: മൊവാബിന്റെമേല്‍ ഞാനഗ്നിയയയ്ക്കും. കെറിയോത്തിന്റെ ശക്തിദുര്‍ഗ്ഗങ്ങളെ അതു വിഴുങ്ങും; ആര്‍പ്പുവിളികളുടെയും അട്ടഹാസങ്ങളുടെയും കാഹളധ്വനിയുടെയുമിടയില്‍ മൊവാബ് നശിച്ചുപോകും.
3: അവരുടെയിടയില്‍നിന്നു രാജാവിനെ ഞാന്‍ വിച്ഛേദിച്ചുകളയും. അവനോടൊപ്പം അവന്റെ പ്രഭുക്കന്മാരെയും ഞാന്‍ വധിക്കും - കര്‍ത്താവാണരുളിച്ചെയ്യുന്നത്.

യൂദായ്ക്കു ശിക്ഷ
4: കര്‍ത്താവരുളിച്ചെയ്യുന്നു: യൂദാ ആവര്‍ത്തിച്ചുചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. അവര്‍ കര്‍ത്താവിന്റെ നിയമത്തെ പരിത്യജിച്ചു. അവിടുത്തെ കല്പനകളനുസരിച്ചില്ല. അവരുടെ പൂര്‍വ്വികന്മാര്‍ പിന്‍ചെന്ന വ്യാജദേവന്മാര്‍ അവരെ വഴിതെറ്റിച്ചു.
5: യൂദായ്ക്കുമേല്‍ ഞാനഗ്നിയയയ്ക്കും. ജറുസലെമിന്റെ ശക്തിദുര്‍ഗ്ഗങ്ങളെ അതു വിഴുങ്ങും.

ഇസ്രായേലിനെ വിധിക്കുന്നു
6: കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ആവര്‍ത്തിച്ചുചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. അവര്‍ നീതിമാന്മാരെ വെള്ളിക്കു വില്ക്കുന്നു; ഒരു ജോടി ചെരുപ്പിനു സാധുക്കളെയും.
7: പാവപ്പെട്ടവരുടെ തല, അവര്‍ പൂഴിയില്‍ ചവിട്ടിമെതിക്കുന്നു. ദരിദ്രരെ വഴിയില്‍നിന്നു തള്ളിമാറ്റുന്നു. അപ്പനും മകനും ഒരേ യുവതിയെ പ്രാപിക്കുന്നു. അങ്ങനെ അവര്‍ എന്റെ വിശുദ്ധനാമത്തിനു കളങ്കംവരുത്തുന്നു.
8: പണയംകിട്ടിയ വസ്ത്രം വിരിച്ച് ഓരോ ബലിപീഠത്തിനുമരികില്‍ അവര്‍ ശയിക്കുന്നു. പിഴയായി ഈടാക്കിയ മദ്യം, അവര്‍ തങ്ങളുടെ ദേവന്റെ ആലയത്തില്‍വച്ചു പാനംചെയ്യുന്നു.
9: ദേവദാരുപോലെ ഉയരവും കരുവേലകംപോലെ കരുത്തുമുണ്ടായിരുന്ന അമോര്യരെ, ഞാന്‍ അവരുടെമുമ്പില്‍വച്ചു തകര്‍ത്തു. മുകളില്‍ അവരുടെ ഫലവും താഴേ അവരുടെ വേരുകളും ഞാന്‍ നശിപ്പിച്ചു.
10: ഈജിപ്തു ദേശത്തുനിന്നു നിങ്ങളെ മോചിപ്പിച്ച്, മരുഭൂമിയിലൂടെ നാല്പതുവര്‍ഷം നയിച്ച്, അമോര്യരുടെ ഭൂമി ഞാന്‍ നിങ്ങള്‍ക്കു സ്വന്തമായി നല്കി.
11: നിങ്ങളുടെ മക്കളില്‍ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യുവാക്കന്മാരില്‍ ചിലരെ നാസീര്‍വ്രതക്കാരായും ഞാനുയര്‍ത്തി. ഇസ്രായേല്‍ജനമേ, ഇതു വാസ്തവമല്ലേ? കര്‍ത്താവാണരുളിച്ചെയ്യുന്നത്.
12: എന്നാല്‍, നാസീര്‍ വ്രതക്കാരെ നിങ്ങള്‍ വീഞ്ഞു കുടിപ്പിച്ചു; പ്രവാചകന്മാരോടു പ്രവചിക്കരുതെന്നു കല്പിച്ചു.
13: കറ്റകള്‍നിറഞ്ഞ വണ്ടി കീഴോട്ടമരുന്നതുപോലെ, ഞാന്‍ നിങ്ങളെ മണ്ണിനോടുചേര്‍ത്തു ഞെരിക്കും.
14: ഓടുന്നവനെ അവന്റെ ശീഘ്രത രക്ഷിക്കുകയില്ല. ശക്തന്മാരുടെ ശക്തി നിലനില്ക്കുകയില്ല. കരുത്തനു ജീവന്‍ രക്ഷിക്കാനാവില്ല.
15: വില്ലാളികള്‍ ചെറുത്തുനില്ക്കുകയില്ല. ശീഘ്രഗാമികള്‍ ഓടിരക്ഷപെടുകയില്ല. അശ്വാരൂഢനു ജീവന്‍രക്ഷിക്കാനാവില്ല.
16: കരുത്തരില്‍ ചങ്കൂറ്റമുള്ളവര്‍പോലും അന്നു നഗ്നരായി പലായനംചെയ്യും - കര്‍ത്താവാണരുളിച്ചെയ്യുന്നത്.

അദ്ധ്യായം 3

1: ഇസ്രായേല്‍ജനമേ, ഈജിപ്തിൽനിന്നു കര്‍ത്താവുമോചിപ്പിച്ച ഇസ്രായേല്‍ഭവനം മുഴുവനുമെതിരേ അവിടുന്നരുളിച്ചെയ്യുന്ന വചനം ശ്രവിക്കുവിന്‍:
2: ഭൂമിയിലുള്ള സകലജനതകളിലുംവെച്ച് നിങ്ങളെമാത്രമാണു ഞാന്‍ സ്വന്തമായി ഗണിച്ചത്. അതിനാല്‍, നിങ്ങളുടെ എല്ലാ പാപങ്ങള്‍ക്കും ഞാന്‍ നിങ്ങളെ ശിക്ഷിക്കും.

പ്രവാചകദൗത്യം
3: ആലോചിച്ചുറയ്ക്കാതെ രണ്ടുപേര്‍ ഒരുമിച്ചു യാത്രതിരിക്കുമോ?
4: ഇരയെക്കാണാതെ വനത്തില്‍ സിംഹം ഗര്‍ജ്ജിക്കുമോ? എന്തിനെയെങ്കിലും പിടിയിലൊതുക്കാതെ സിംഹക്കുട്ടി ഗുഹയില്‍നിന്നലറുമോ?
5: കെണിയൊരുക്കാതെ പക്ഷി കെണിയില്‍പ്പെടുമോ? ഒന്നും കുടുങ്ങാതെ കെണിവീഴുമോ?
6: പട്ടണത്തില്‍ കാഹളധ്വനികേട്ടാല്‍ ജനങ്ങള്‍ ഭയപ്പെടാതിരിക്കുമോ? കര്‍ത്താവയയ്ക്കാതെ പട്ടണത്തില്‍ അനര്‍ത്ഥമുണ്ടാകുമോ?
7: ദൈവമായ കര്‍ത്താവു തന്റെ ദാസരായ പ്രവാചകന്മാര്‍ക്കു തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നുംചെയ്യുന്നില്ല.
8: സിംഹം ഗര്‍ജ്ജിച്ചു; ആരാണു ഭയപ്പെടാതിരിക്കുക? ദൈവമായ കര്‍ത്താവു സംസാരിച്ചു; ആര്‍ക്കു പ്രവചിക്കാതിരിക്കാന്‍കഴിയും?

സമരിയായുടെ നാശം
9: അസ്സീറിയായിലെയും ഈജിപ്തിലെയും ശക്തിദുര്‍ഗ്ഗങ്ങളില്‍ പ്രഖ്യാപിക്കുക: സമരിയായിലെ മലകളില്‍ ഒരുമിച്ചുകൂടുവിന്‍. അവളിലെ കലഹങ്ങളും മര്‍ദ്ദനങ്ങളും കാണുവിന്‍.
10: കര്‍ത്താവരുളിച്ചെയ്യുന്നു: അക്രമവും കവര്‍ച്ചയുംകൊണ്ടു തങ്ങളുടെകോട്ടകള്‍ നിറയ്ക്കുന്നവര്‍ക്കു നീതി പ്രവര്‍ത്തിക്കാനറിയുകയില്ല.
11: അതിനാല്‍, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ശത്രു നിങ്ങളുടെ ദേശംവളയും. നിങ്ങളുടെ പ്രതിരോധങ്ങള്‍തകര്‍ത്തു കോട്ടകള്‍ കൊള്ളയടിക്കും.
12: കര്‍ത്താവരുളിച്ചെയ്യുന്നു: സിംഹത്തിന്റെ വായില്‍നിന്ന് ഇടയന്‍ ആടിന്റെ രണ്ടു കാലോ ചെവിയുടെ അറ്റമോ വീണ്ടെടുക്കുന്നതുപോലെ സമരിയായില്‍ പാര്‍ക്കുന്ന ഇസ്രായേല്‍ജനം കട്ടിലിന്റെ ഒരു മൂലയും കിടക്കയുടെ ഒരറ്റവുംകൊണ്ടു രക്ഷപ്പെടും.
13: ദൈവമായ കര്‍ത്താവ്, സൈന്യങ്ങളുടെ ദൈവം, അരുളിച്ചെയ്യുന്നു: നിങ്ങള്‍ കേട്ട്, യാക്കോബിന്റെ ഭവനത്തിനെതിരേ സാക്ഷ്യപ്പെടുത്തുവിന്‍.
14: ഇസ്രായേലിനെ അവന്റെ അതിക്രമങ്ങള്‍ക്കു ഞാന്‍ ശിക്ഷിക്കുമ്പോള്‍ ബഥേലിലെ ബലിപീഠങ്ങള്‍ ഞാന്‍ തകര്‍ത്തുകളയും. ബലിപീഠങ്ങളുടെ വളര്‍കോണ്‍ ഞാന്‍ ഛേദിക്കും. അവ നിലംപതിക്കും.
15: അവന്റെ ഹേമന്തവസതികളും ഗ്രീഷ്മഭവനങ്ങളും ഞാന്‍ നശിപ്പിക്കും; ദന്തനിര്‍മ്മിതമായ ഭവനങ്ങള്‍ തകര്‍ന്നുപോകും; മഹാസൗധങ്ങള്‍ നാമാവശേഷമാകും - കര്‍ത്താവാണരുളിച്ചെയ്യുന്നത്.

അദ്ധ്യായം 4

1: ദരിദ്രരെ പീഡിപ്പിക്കുകയും അവശരെ ചവിട്ടിയരയ്ക്കുകയും, ഞങ്ങള്‍ക്കു കുടിക്കാന്‍ കൊണ്ടുവരുക എന്നു ഭര്‍ത്താക്കന്മാരോടു പറയുകയും ചെയ്യുന്ന സമരിയാമലയിലെ ബാഷാന്‍ പശുക്കളേ, ശ്രവിക്കുവിന്‍!
2: ദൈവമായ കര്‍ത്താവു തന്റെ പരിശുദ്ധിയെ സാക്ഷിനിര്‍ത്തി ശപഥംചെയ്തിരിക്കുന്നു. ശത്രു നിങ്ങളെ കൊളുത്തിട്ടിഴയ്ക്കുന്ന നാള്‍വരുന്നു. നിങ്ങളില്‍ അവസാനത്തേതിനെയും അവര്‍ ചൂണ്ടയില്‍ക്കോര്‍ത്തു വലിക്കും.
3: കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളോരോരുത്തരും അടുത്തുള്ള മതില്‍പ്പിളര്‍പ്പുകളിലൂടെ പുറത്തുകടക്കും. ഹെര്‍മോണിലേക്കു നിങ്ങള്‍ വലിച്ചെറിയപ്പെടും.

ഇസ്രായേലിന്റെ ദുശ്ശാഠ്യം
4: ബഥേലില്‍ച്ചെന്ന് അകൃത്യംചെയ്യുവിന്‍; ഗില്‍ഗാലില്‍ച്ചെന്നു കഴിയുന്നത്ര അകൃത്യങ്ങള്‍ചെയ്യുവിന്‍. പ്രഭാതംതോറും നിങ്ങളുടെ ബലികളും എല്ലാ മൂന്നാംദിവസവും നിങ്ങളുടെ ദശാംശങ്ങളുംകൊണ്ടുവരുവിന്‍.
5: പുളിപ്പിച്ച മാവുകൊണ്ടു കൃതജ്ഞതാബലിയര്‍പ്പിക്കുവിന്‍; നിങ്ങളുടെ സ്വാഭീഷ്ടക്കാഴ്ചകള്‍ കൊട്ടിഗ്ഘോഷിക്കുവിന്‍. ഇസ്രായേല്‍ജനമേ, അതാണു നിങ്ങള്‍ക്കിഷ്ടം. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
6: നിങ്ങളുടെ എല്ലാ നഗരങ്ങളിലും പല്ലിനു പണിയില്ലാതാക്കിയതു ഞാനാണ്. നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ ആഹാരത്തിന്റെ തരിപോലുമില്ലാതാക്കി. എന്നിട്ടും നിങ്ങള്‍ എന്റെയടുത്തേക്കു മടങ്ങിവന്നില്ല. കര്‍ത്താവരുളിച്ചെയ്യുന്നു.
7: കൊയ്ത്തിനു മൂന്നുമാസമുള്ളപ്പോള്‍ ഞാന്‍ മഴ മുടക്കി; ഒരു നഗരത്തില്‍ മഴപെയ്യിച്ചപ്പോള്‍ മറ്റൊന്നില്‍ പെയ്യിച്ചില്ല. ഒരു വയലില്‍ മഴപെയ്തപ്പോള്‍, മഴലഭിക്കാതെ മറ്റൊരുവയല്‍ വരണ്ടു.
8: രണ്ടോ മൂന്നോ നഗരങ്ങളിലുള്ളവര്‍ ദാഹജലംപ്രതീക്ഷിച്ചു മറ്റൊരുനഗരത്തിലേക്കു പോയി. അവിടെയവര്‍ക്ക്, അതു തൃപ്തിയാവോളം ലഭിച്ചില്ല. എന്നിട്ടും നിങ്ങളെന്റെയടുത്തേക്കു മടങ്ങിവന്നില്ല - കര്‍ത്താവരുളിച്ചെയ്യുന്നു.
9: സസ്യങ്ങളെയുണക്കുന്ന കാറ്റുവീഴ്ചകൊണ്ടും, പൂപ്പല്‍രോഗങ്ങള്‍കൊണ്ടും നിങ്ങളെ ഞാന്‍ പ്രഹരിച്ചു. തോട്ടങ്ങളും മുന്തിരിത്തോപ്പുകളും ഞാന്‍ ഫലശൂന്യമാക്കി. അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും വെട്ടുകിളികള്‍ നശിപ്പിച്ചു. എന്നിട്ടും നിങ്ങള്‍ എന്റെയടുത്തേക്കു മടങ്ങിവന്നില്ല - കര്‍ത്താവരുളിച്ചെയ്യുന്നു.
10: ഈജിപ്തില്‍ചെയ്തതുപോലെ ഞാന്‍ നിങ്ങളുടെയിടയിലേക്കു മഹാമാരിയയച്ചു; നിങ്ങളുടെ യുവാക്കളെ ഞാന്‍ വാളിനിരയാക്കി; നിങ്ങളുടെ കുതിരകളെ ഞാന്‍ പിടിച്ചുകൊണ്ടുപോയി; പാളയങ്ങളിലെ ദുര്‍ഗ്ഗന്ധംകൊണ്ടു നിങ്ങളുടെ നാസികകള്‍ ഞാന്‍ നിറച്ചു; എന്നിട്ടും നിങ്ങള്‍ എന്റെയടുത്തേക്കു മടങ്ങിവന്നില്ല - കര്‍ത്താവരുളിച്ചെയ്യുന്നു.
11: സോദോമിനെയും ഗൊമോറായെയും ഞാന്‍ നശിപ്പിച്ചതുപോലെ നിങ്ങളില്‍ച്ചിലരെയും ഞാന്‍ നശിപ്പിച്ചു; കത്തുന്നതീയില്‍നിന്നു വലിച്ചെടുത്ത കമ്പുകള്‍പോലെയായിരുന്നു നിങ്ങള്‍. എന്നിട്ടും നിങ്ങള്‍ എന്റെയടുത്തേക്കു മടങ്ങിവന്നില്ല - കര്‍ത്താവരുളിച്ചെയ്യുന്നു.
12: അതുകൊണ്ട്, ഇസ്രായേല്‍ജനമേ, ഞാന്‍ നിങ്ങളോടിതുചെയ്യും. ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്റെ സന്ദര്‍ശനദിനത്തിന് ഒരുങ്ങിക്കൊള്ളുവിന്‍.
13: മലകള്‍ക്കു രൂപംനല്കുകയും കാറ്റിനെ സൃഷ്ടിക്കുകയും മനുഷ്യനു തന്റെ ചിന്ത വെളിപ്പെടുത്തുകയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതതലങ്ങളില്‍ സഞ്ചരിക്കുകയുംചെയ്യുന്ന ഒരുവനുണ്ട്. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നാണവിടുത്തെനാമം.

അദ്ധ്യായം 5

അനുതപിക്കുക
1: ഇസ്രായേല്‍ഭവനമേ, നിങ്ങളെക്കുറിച്ചുള്ള എന്റെ വിലാപഗാനം കേള്‍ക്കുക: ഇസ്രായേല്‍ക്കന്യക വീണുപോയിരിക്കുന്നു.
2: അവളിനിയെഴുന്നേല്ക്കുകയില്ല. അവള്‍ സ്വദേശത്തു പരിത്യക്തയായിക്കിടക്കുന്നു; എഴുന്നേല്പിക്കാനാരുമില്ല.
3: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഒരായിരംപേരെ അണിനിരത്തിയ ഇസ്രായേല്‍നഗരത്തില്‍ നൂറുപേര്‍മാത്രമവശേഷിക്കും. നൂറുപേരെ അണിനിരത്തിയ നഗരത്തില്‍ പത്തുപേര്‍മാത്രം ശേഷിക്കും.
4: ഇസ്രായേല്‍ഭവനത്തോടു കര്‍ത്താവരുളിച്ചെയ്യുന്നു: എന്നെയന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും;
5: ബഥേലിനെ അന്വേഷിക്കുകയോ ഗില്‍ഗാലില്‍ പ്രവേശിക്കുകയോ ബേര്‍ഷെബായിലേക്കു കടക്കുകയോ അരുത്. കാരണം, ഗില്‍ഗാല്‍ നാടുകടത്തപ്പെടും. ബഥേല്‍ ശൂന്യമാകും.
6: ന്യായത്തെ കീഴ്മേല്‍മറിക്കുകയും നീതിയെ നിലത്തെറിയുകയും ചെയ്യുന്നവരേ, 
7: കര്‍ത്താവിനെ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. അല്ലെങ്കില്‍, അവിടുന്ന് അഗ്നിപോലെ ജോസഫിന്റെ ഭവനത്തിനുനേരേ പുറപ്പെട്ട് അതിനെ വിഴുങ്ങിക്കളയും. ബഥേലില്‍ ഒരുവനുമതു കെടുത്താനാവില്ല.
8: കാര്‍ത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും കൂരിരുട്ടിനെ പ്രഭാതമായി മാറ്റുകയും, പകലിനെ രാത്രിയാക്കുകയും സമുദ്രജലത്തെ വിളിച്ചുവരുത്തി, ഭൂതലമാകെ വര്‍ഷിക്കുകയുംചെയ്യുന്ന അവിടുത്തെനാമം കര്‍ത്താവെന്നാണ്.
9: പ്രബലര്‍ക്കെതിരേ അവിടുന്നു സംഹാരശക്തി മിന്നല്‍വേഗത്തിലയയ്ക്കുന്നു. അതവരുടെ കോട്ടകള്‍ തകര്‍ക്കുന്നു.
10: നഗരകവാടത്തില്‍ ന്യായംവിധിക്കുന്നവരെ അവര്‍ ദ്വേഷിക്കുന്നു. സത്യംപറയുന്നവരെ അവര്‍ ജുഗുപ്സയോടെ നോക്കുന്നു.
11: ദരിദ്രനെ ചവിട്ടിയരയ്ക്കുകയും അവനില്‍നിന്ന് അന്യായമായി ഗോതമ്പീടാക്കുകയുംചെയ്ത്, നിങ്ങള്‍, ചെത്തിയൊരുക്കിയ കല്ലുകൊണ്ടു മാളികപണിയുന്നു; എന്നാല്‍, നിങ്ങളതില്‍ വസിക്കുകയില്ല. മനോജ്ഞമായ മുന്തിരിത്തോപ്പുകള്‍ നിങ്ങള്‍ നട്ടുവളര്‍ത്തുന്നു; എന്നാല്‍, അതിലെ വീഞ്ഞു നിങ്ങള്‍ കുടിക്കുകയില്ല.
12: നിങ്ങളുടെ അതിക്രമങ്ങള്‍ എത്രയെന്നും നിങ്ങളുടെ പാപങ്ങള്‍ എത്രഗൗരവമേറിയതെന്നും എനിക്കറിയാം; നിങ്ങള്‍ നീതിമാന്മാരെ പീഡിപ്പിക്കുകയും കോഴവാങ്ങുകയും നിരാലംബര്‍ക്കു നീതിനിഷേധിക്കുകയുംചെയ്യുന്നു.
13: ഇക്കാലത്തു വിവേകി മൗനംപാലിക്കുന്നു. കാലം ദുഷിച്ചതാണ്.
14: തിന്മയല്ല, നന്മയന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. നിങ്ങള്‍ പറയുന്നതുപോലെ, അപ്പോള്‍ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളോടുകൂടെയുണ്ടായിരിക്കും.
15: തിന്മയെ വെറുക്കുവിന്‍, നന്മയെ സ്നേഹിക്കുവിന്‍. നഗരകവാടത്തില്‍ നീതി സ്ഥാപിക്കുവിന്‍. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവു ജോസഫിന്റെ സന്തതികളില്‍ അവശേഷിക്കുന്നവരോടു കരുണകാട്ടാന്‍ കനിഞ്ഞേക്കും.
16: അതിനാല്‍ കര്‍ത്താവ്, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്, അരുളിച്ചെയ്യുന്നു: തെരുവുകളില്‍നിന്നു വിലാപമുയരും. എല്ലാ വീഥികളിലുംനിന്ന് അവര്‍ ഹാ! കഷ്ടം എന്നു പ്രലപിക്കും; അവര്‍ കര്‍ഷകരെ കരയാനും വിലാപവിദഗ്ദ്ധരെ വിലപിക്കാനും വിളിക്കും.
17: മുന്തിരിത്തോപ്പുകളില്‍ വിലാപമുയരും. കാരണം, ഞാന്‍ നിങ്ങളുടെയിടയിലൂടെ കടന്നുപോകും - കര്‍ത്താവരുളിച്ചെയ്യുന്നു.
18: കര്‍ത്താവിന്റെ ദിനത്തിനായി കാത്തിരിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! എന്തിനാണു നിങ്ങള്‍ക്കു കര്‍ത്താവിന്റെ ദിനം? അതന്ധകാരമാണ്, പ്രകാശമല്ല.
19: സിംഹത്തിന്റെ വായില്‍നിന്നു രക്ഷപെട്ട്, കരടിയുമായി കണ്ടുമുട്ടുന്നതുപോലെയോ, വീട്ടിലെത്തി ചുമരില്‍ കൈചേര്‍ത്തു ചാരിനില്‍ക്കുമ്പോള്‍ സര്‍പ്പദംശനമേല്ക്കുന്നതുപോലെയോ ആയിരിക്കുമത്.
20: കര്‍ത്താവിന്റെ ദിനം പ്രകാശമല്ല, അന്ധകാരമാണ്; പ്രകാശലേശമില്ലാത്ത തമസ്സാണ്!
21: നിങ്ങളുടെ ഉത്സവങ്ങളോട് എനിക്കു വെറുപ്പാണ്, അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്കു പ്രസാദമില്ല.
22: നിങ്ങള്‍ ദഹനബലികളും ധാന്യബലികളുമര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കുകയില്ല. സമാധാനബലിയായി നിങ്ങളര്‍പ്പിക്കുന്ന കൊഴുത്തമൃഗങ്ങളെ ഞാന്‍ നോക്കുകയില്ല.
23: നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കേണ്ടാ. നിങ്ങളുടെ വീണാനാദം ഞാന്‍ ശ്രദ്ധിക്കുകയില്ല.
24: നീതി, ജലംപോലെയൊഴുകട്ടെ; സത്യം, ഒരിക്കലുംവറ്റാത്ത നീര്‍ച്ചാലുപോലെയും.
25: ഇസ്രായേല്‍ജനമേ, മരുഭൂമിയില്‍ക്കഴിച്ച നാല്പതുവര്‍ഷം നിങ്ങളെനിക്കു ബലികളും കാഴ്ചകളുമര്‍പ്പിച്ചുവോ?
26: നിങ്ങളുണ്ടാക്കിയ നിങ്ങളുടെ രാജദേവനായ സക്കൂത്തിനെയും നക്ഷത്രദേവനായ കൈവാനെയും ചുമന്നുകൊണ്ടുപോകുവിന്‍.
27: ദമാസ്ക്കസിനപ്പുറത്തേക്കു നിങ്ങളെ ഞാന്‍ പ്രവാസികളായയയ്ക്കും - കര്‍ത്താവരുളിച്ചെയ്യുന്നു. സൈന്യങ്ങളുടെ ദൈവമെന്നാണ് അവിടുത്തെനാമം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ