ഇരുന്നൂറ്റിയറുപത്തിയെട്ടാം ദിവസം: സഖറിയ 1 - 8


അദ്ധ്യായം 1

അനുതാപത്തിന് ആഹ്വാനം
1: ദാരിയൂസിന്റെ രണ്ടാംഭരണവര്‍ഷം എട്ടാംമാസം ഇദ്ദോയുടെ പുത്രനായ ബെരേക്കിയായുടെ പുത്രന്‍ സഖറിയാപ്രവാചകനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
2: കര്‍ത്താവു നിങ്ങളുടെ പിതാക്കന്മാരോട് അത്യധികം കോപിച്ചിരുന്നു.
3: അതുകൊണ്ടു നീയവരോടു പറയുക. സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു, എന്റെ സന്നിധിയിലേക്കു മടങ്ങിവരുവിന്‍. അപ്പോള്‍ ഞാനും നിങ്ങളുടെയടുത്തേക്കു മടങ്ങിവരും.
4: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരെപ്പോലെയാകരുത്. ദുര്‍മാര്‍ഗ്ഗങ്ങളും വ്യാജപ്രവൃത്തികളുംവിട്ടു തിരിയുകയെന്ന്, പണ്ടു പ്രവാചകന്മാര്‍ അവരോടു പ്രസംഗിച്ചെങ്കിലും അവരനുസരിക്കുകയോ, എന്റെ വാക്കു ശ്രദ്ധിക്കുകയോചെയ്തില്ലെന്ന്. കര്‍ത്താവരുളിച്ചെയ്യുന്നു.
5: നിങ്ങളുടെ പിതാക്കന്മാര്‍ - അവരെവിടെ? പ്രവാചകന്മാര്‍ - അവരെക്കാലവും ജീവിച്ചിരിക്കുമോ?
6: എങ്കിലും എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാന്‍നല്കിയ സന്ദേശവും കല്പനകളും നിങ്ങളുടെ പിതാക്കന്മാരെ പിടികൂടിയില്ലയോ? അപ്പോള്‍ അവരനുതപിച്ചു; സൈന്യങ്ങളുടെ കര്‍ത്താവ്, തങ്ങളുടെ പെരുമാറ്റത്തിനും പ്രവൃത്തികള്‍ക്കുമനുസൃതമായി ചെയ്യാനുറച്ചതുപോലെ തങ്ങളോടു ചെയ്തുവെന്ന് അവര്‍ മനസ്സിലാക്കി.

ദര്‍ശനങ്ങള്‍: കുതിരകള്‍
7: ദാരിയൂസിന്റെ രണ്ടാംഭരണവര്‍ഷം പതിനൊന്നാം മാസം- ഷേബാത്‍മാസം - ഇരുപത്തിനാലാംദിവസം ഇദ്ദോയുടെ പുത്രനായ ബരേക്കിയായുടെ പുത്രന്‍ സഖറിയാപ്രവാചകനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.
8: സഖറിയാ പറഞ്ഞു: ചെമന്നകുതിരയുടെപുറത്തു സവാരിചെയ്യുന്ന ഒരുവനെ, ഞാന്‍ രാത്രിദര്‍ശനത്തില്‍ക്കണ്ടു. അവന്‍ ഒരു മലയിടുക്കില്‍ കൊഴുന്തുചെടികളുടെയിടയില്‍ നില്ക്കുകയായിരുന്നു. പിന്നില്‍ ചുവപ്പും തവിട്ടും വെളുപ്പുംനിറമുള്ള കുതിരകളുമുണ്ടായിരുന്നു.
9: പ്രഭോ, എന്താണിത്? - ഞാന്‍ ചോദിച്ചു. എന്നോടു സംസാരിച്ച ദൈവദൂതന്‍ പറഞ്ഞു: അതെന്താണെന്നു ഞാന്‍ മനസ്സിലാക്കിത്തരാം.
10: കൊഴുന്തുചെടികള്‍ക്കിടയില്‍നിന്നവന്‍ മറുപടി പറഞ്ഞു: ഭൂമി നിരീക്ഷിക്കാന്‍ കര്‍ത്താവയച്ചിരിക്കുന്നവരാണിവര്‍.
11: കൊഴുന്തുചെടികള്‍ക്കിടയില്‍നിന്നിരുന്ന ദൈവദൂതനോട് അവര്‍ പറഞ്ഞു: ഞങ്ങള്‍ ഭൂമിയിലെങ്ങും നടന്നുനോക്കി, എല്ലാം ശാന്തം.
12: കര്‍ത്താവിന്റെ ദൂതന്‍ പറഞ്ഞു: സൈന്യങ്ങളുടെ കര്‍ത്താവേ, എത്രകാലം അവിടുത്തേക്കു ജറുസലെമിനോടും യൂദാനഗരങ്ങളോടും കരുണതോന്നാതിരിക്കും? എഴുപതുവര്‍ഷം അങ്ങവരോടു രോഷംകാട്ടിയല്ലോ.
13: എന്നോടു സംസാരിച്ച ദൂതനോടു കര്‍ത്താവ്, ഉദാരവും ആശ്വാസദായകവുമായ മറുപടി പറഞ്ഞു.
14: അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു: വിളിച്ചുപറയുക, സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ജറുസലെമിനെയും സീയോനെയുംപ്രതി ഞാന്‍ അത്യധികം അസഹിഷ്ണുവായിരിക്കുന്നു.
15: സ്വസ്ഥതയനുഭവിക്കുന്ന ജനതകളുടെമേല്‍ എനിക്കേറെ കോപമുണ്ട്. ഞാന്‍ എന്റെ ജനത്തോട് അല്പം കോപിച്ചപ്പോഴേക്കും അവര്‍ അനര്‍ത്ഥം വര്‍ദ്ധിപ്പിച്ചു.
16: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ അലിവുതോന്നി ജറുസലെമിലേക്കു മടങ്ങിവന്നിരിക്കുന്നു. അവിടെ എന്റെ ആലയം പണിയും. ജറുസലെമിന്റെമേല്‍ അളവുചരടു പിടിക്കും. സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
17: വീണ്ടും വിളിച്ചുപറയുക, എന്റെ നഗരങ്ങള്‍ വീണ്ടും ഐശ്വര്യപൂര്‍ണ്ണമാകും. കര്‍ത്താവ് വീണ്ടും സീയോനെ ആശ്വസിപ്പിക്കും; ജറുസലെമിനെ വീണ്ടും തിരഞ്ഞെടുക്കും- സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.

കൊമ്പുകള്‍
18: ഞാന്‍ കണ്ണുയര്‍ത്തിനോക്കി, അതാ നാലു കൊമ്പുകള്‍.
19: എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതനോട്, പ്രഭോ, ഇവയുടെ അര്‍ത്ഥമെന്തെന്നു ഞാന്‍ ചോദിച്ചു. അവന്‍ മറുപടി പറഞ്ഞു: യൂദായെയും ഇസ്രായേലിനെയും ജറുസലെമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകളാണിവ.
20: പിന്നീടു കര്‍ത്താവ്, നാലു ലോഹപ്പണിക്കാരെ എനിക്കു കാണിച്ചുതന്നു.
21: അവര്‍ എന്തുചെയ്യാന്‍പോകുന്നു? - ഞാന്‍ ചോദിച്ചു. അവിടുന്നു മറുപടി പറഞ്ഞു: യൂദായെ, ആരും തലയുയര്‍ത്താത്തവിധം ചിതറിച്ച കൊമ്പുകളാണിവ. ഇവര്‍ വന്നത് അവരെ ഭയപ്പെടുത്താനും, യൂദാദേശത്തിനെതിരേ കൊമ്പുയര്‍ത്തി അവരെച്ചിതറിച്ച ജനതകളുടെ കൊമ്പ്, മുറിച്ചുകളയാനുംവേണ്ടിയാണ്.

അദ്ധ്യായം 2

അളവുചരട്
1: ഞാന്‍ കണ്ണുയര്‍ത്തിനോക്കി. അതാ, കൈയില്‍ അളവുചരടുമായി ഒരുവന്‍ .
2: നീ എവിടെപ്പോകുന്നു? - ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ജറുസലെമിനെ അളന്ന്, അതിന്റെ നീളവും വീതിയും എത്രയെന്നുനോക്കാന്‍പോകുന്നു.
3: എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതന്‍ മുന്നോട്ടുവന്നു. അവനെ സ്വീകരിക്കാന്‍ മറ്റൊരു ദൂതനും വന്നു.
4: അവന്‍ പറഞ്ഞു: ഓടിച്ചെന്ന്, ആ യുവാവിനോടു പറയുക. ജറുസലെം മനുഷ്യരും മൃഗങ്ങളും പെരുകി, കോട്ടയില്ലാതെ ഗ്രാമപ്രദേശങ്ങള്‍പോലെ കിടക്കും.
5: ഞാന്‍ അതിനുചുറ്റും അഗ്നികൊണ്ടുള്ള കോട്ടയായിരിക്കും. ഞാന്‍ അതിന്റെ മദ്ധ്യത്തില്‍ അതിന്റെ മഹത്വമായിരിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
6: കര്‍ത്താവരുളിച്ചെയ്യുന്നു: വടക്കേദേശംവിട്ടോടുവിന്‍. ആകാശത്തിലെ നാലുകാറ്റുകള്‍പോലെ ഞാന്‍ നിങ്ങളെ അന്യദേശങ്ങളില്‍ ചിതറിച്ചിരിക്കുന്നു. കര്‍ത്താവരുളിച്ചെയ്യുന്നു:
7: ബാബിലോണ്‍പുത്രിയോടൊത്തു വസിക്കുന്ന നിങ്ങള്‍, സീയോനിലേക്കു രക്ഷപ്പെടുക.
8: നിങ്ങളെ കവര്‍ച്ചചെയ്ത ജനതകളുടെയടുത്തേക്ക്, അവിടുത്തെ മഹത്വം എന്നെ അയച്ചു. നിങ്ങളെ സ്പര്‍ശിക്കുന്നവന്‍ അവിടുത്തെ കൃഷ്ണമണിയെയാണു സ്പര്‍ശിക്കുന്നത്. സൈന്യങ്ങളുടെ കര്‍ത്താവായ അവിടുന്നരുളിച്ചെയ്യുന്നു:
9: ഞാനവരുടെമേല്‍ കൈയോങ്ങും. അവരെ സേവിച്ചവര്‍ക്ക് അവര്‍ കൊള്ളമുതലാകും. സൈന്യങ്ങളുടെ കര്‍ത്താവാണ് എന്നെ അയച്ചതെന്ന് അപ്പോള്‍ നിങ്ങളറിയും.
10: സീയോന്‍പുത്രീ, പാടിയുല്ലസിക്കുക. ഞാന്‍വന്ന്, നിങ്ങളുടെയിടയില്‍ വസിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
11: അന്ന്, അനേകംജനതകള്‍ കര്‍ത്താവിനോടു ചേരും. അവര്‍ എന്റെ ജനമാകും. ഞാന്‍ നിങ്ങളുടെയിടയില്‍ വസിക്കും. സൈന്യങ്ങളുടെ കര്‍ത്താവാണ് എന്നെ അയച്ചതെന്ന് അപ്പോള്‍ നിങ്ങളറിയും.
12: അപ്പോള്‍ കര്‍ത്താവ്, വിശുദ്ധദേശത്തു തന്റെ ഓഹരിയായി യൂദായെ സ്വന്തമാക്കും; ജറുസലെമിനെ വീണ്ടും തിരഞ്ഞെടുക്കും.
13: മര്‍ത്ത്യരേ, കര്‍ത്താവിന്റെ സന്നിധിയില്‍ നിശ്ശബ്ദരായിരിക്കുവിന്‍. അവിടുന്നു തന്റെ വിശുദ്ധവസതിയില്‍നിന്ന് എഴുന്നേറ്റിരിക്കുന്നു.

അദ്ധ്യായം 3

പ്രധാനപുരോഹിതന്‍
1: പ്രധാനപുരോഹിതനായ ജോഷ്വാ, കര്‍ത്താവിന്റെ ദൂതന്റെമുമ്പില്‍ നില്ക്കുന്നതും സാത്താന്‍ അവനില്‍ കുറ്റമാരോപിക്കാന്‍ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും അവിടുന്നു കാണിച്ചുതന്നു.
2: കര്‍ത്താവു സാത്താനോടു പറഞ്ഞു: സാത്താനേ, കര്‍ത്താവു നിന്നെ ശാസിക്കുന്നു; ജറുസലെമിനെ തിരഞ്ഞെടുത്തിരിക്കുന്ന കര്‍ത്താവു നിന്നെ ശാസിക്കുന്നു. തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവന്‍?
3: ജോഷ്വാ, മുഷിഞ്ഞവസ്ത്രംധരിച്ചു ദൂതന്റെ മുമ്പില്‍ നില്ക്കുകയായിരുന്നു.
4: തന്റെമുമ്പില്‍നിന്നവരോടു ദൂതന്‍ പറഞ്ഞു: അവന്റെ മുഷിഞ്ഞവസ്ത്രം മാറ്റുക. ജോഷ്വയോട് അവന്‍ പറഞ്ഞു: നിന്റെ അകൃത്യങ്ങള്‍ നിന്നില്‍നിന്ന് അകറ്റിയിരിക്കുന്നു. ഞാന്‍ നിന്നെ വിശിഷ്ടവസ്ത്രം ധരിപ്പിക്കും.
5: അവന്‍ തുടര്‍ന്നു: അവനെ നിര്‍മ്മലമായ ശിരോവസ്ത്രമണിയിക്കുക. അവരവനെ നിര്‍മ്മലമായ ശിരോവസ്ത്രമണിയിക്കുകയും വസ്ത്രംധരിപ്പിക്കുകയും ചെയ്തു. കര്‍ത്താവിന്റെ ദൂതന്‍ അടുത്തുനില്പുണ്ടായിരുന്നു.
6: ദൈവദൂതന്‍ ജോഷ്വായോടു പറഞ്ഞു.
7: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നീ എന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും എന്റെ നിര്‍ദ്ദേശം പാലിക്കുകയുംചെയ്താല്‍, എന്റെ ആലയത്തെ നീ ഭരിക്കുകയും എന്റെ അങ്കണങ്ങളുടെ ചുമതലവഹിക്കുകയും ചെയ്യും. ഇവിടെ നില്ക്കുന്നവരുടെയിടയിലേക്കു കടന്നുവരുന്നതിനുള്ള അവകാശവും ഞാന്‍ നിനക്കു നല്‍കും.
8: പ്രധാനപുരോഹിതനായ ജോഷ്വായും അവന്റെ മുമ്പിലിരിക്കുന്ന, നല്ല ഭാവിയുടെ അടയാളങ്ങളായ അവന്റെ സ്നേഹിതരും കേള്‍ക്കട്ടെ: എന്റെ ദാസനായ ശാഖയെ ഞാന്‍ കൊണ്ടുവരും.
9: ജോഷ്വായുടെ മുമ്പില്‍വച്ചിരിക്കുന്ന കല്ലില്‍, ഏഴുമുഖമുള്ള ഒറ്റക്കല്ലില്‍, ഞാന്‍ ഈ ലിഖിതം ആലേഖനംചെയ്യും. ഒറ്റദിവസംകൊണ്ട്, ഞാന്‍ ഈ ദേശത്തിന്റെ പാപം തുടച്ചുമാറ്റും - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
10: അന്നു നിങ്ങള്‍ ഓരോരുത്തരും തങ്ങളുടെ അയല്‍ക്കാരെ മുന്തിരിത്തോപ്പിലേക്കും അത്തിവൃക്ഷത്തണലിലേക്കും ക്ഷണിക്കും - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 4

വിളക്കുതണ്ട്
1: എന്നോടു സംസാരിച്ച ദൂതന്‍ വീണ്ടുംവന്ന്, എന്നെ ഉറക്കത്തില്‍നിന്നെന്നപോലെ ഉണര്‍ത്തിച്ചോദിച്ചു:
2: നീയെന്തു കാണുന്നു? ഞാന്‍ പറഞ്ഞു: പൊന്നുകൊണ്ടുള്ള ഒരു വിളക്കുതണ്ടിന്റെ മുകളില്‍ ഒരു കോപ്പയും അതില്‍ ഏഴുദീപങ്ങളും. ഓരോന്നിനും മുകളില്‍ ഏഴുദലങ്ങള്‍.
3: കോപ്പയുടെ വലത്തും ഇടത്തും ഓരോ ഒലിവുവൃക്ഷം.
4: എന്നോടു സംസാരിച്ച ദൂതനോടു ഞാന്‍ ചോദിച്ചു: പ്രഭോ, എന്താണിത്?
5: ദൂതന്‍ പറഞ്ഞു: ഇതെന്താണെന്നു നിനക്കറിഞ്ഞുകൂടേ? ഇല്ല, പ്രഭോ - ഞാന്‍ പറഞ്ഞു.
6: അവന്‍ എന്നോടു പറഞ്ഞു: കര്‍ത്താവു സെറുബാബേലിനോട് അരുളിച്ചെയ്യുന്നു: സൈന്യബലത്താലല്ല, കരബലത്താലുമല്ല, എന്റെ ആത്മാവിനാലാണ് - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
7: മഹാപര്‍വ്വതമേ, നീയെന്താണ്? സെറുബാബേലിന്റെ മുമ്പില്‍ നീ സമതലമാകും. അവസാനത്തെ കല്ലുവച്ചുകഴിയുമ്പോള്‍ ജനം, എത്ര മനോഹരമെന്ന് ആര്‍പ്പുവിളിക്കും.
8: കര്‍ത്താവു വീണ്ടും എന്നോടരുളിച്ചെയ്തു:
9: സെറുബാബേലിന്റെ കരം, ഈ ആലയത്തിനടിസ്ഥാനമിട്ടിരിക്കുന്നു; അവന്‍ ഇതു പൂര്‍ത്തിയാക്കുകയുംചെയ്യും. സൈന്യങ്ങളുടെ കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നുവെന്ന് അപ്പോള്‍ നീയറിയും.
10: ചെറിയകാര്യങ്ങളുടെ ദിവസത്തെ നിസ്സാരമാക്കിയവര്‍ ആഹ്ലാദിക്കും. സെറുബാബേലിന്റെ കൈയിലെ തൂക്കുകട്ട അവര്‍ കാണും. ഈ ഏഴെണ്ണം ഭൂമിമുഴുവന്‍ പരിശോധിക്കുന്ന കര്‍ത്താവിന്റെ ഏഴുകണ്ണുകളാണ്.
11: ഞാനവനോടു ചോദിച്ചു: വിളക്കുതണ്ടിന് ഇടത്തും വലത്തുമുള്ള രണ്ടൊലിവുമരങ്ങളെന്താണ്?
12: ഞാന്‍ വീണ്ടും ചോദിച്ചു: എണ്ണപകരുന്ന പൊന്‍കുഴലിന്റെ സമീപമുള്ള ഒലിവുശാഖകളെന്താണ്?
13: അവന്‍ പറഞ്ഞു: ഇതെന്താണെന്നു നിനക്കറിഞ്ഞുകൂടെ? ഇല്ല, പ്രഭോ, ഞാന്‍ പറഞ്ഞു.
14: അവന്‍ പറഞ്ഞു: ഭൂമിമുഴുവന്റെയും കര്‍ത്താവിനു ശുശ്രൂഷചെയ്യുന്ന രണ്ടഭിഷിക്തരാണത്.

അദ്ധ്യായം 5

പറക്കുന്ന ചുരുള്‍
1: വീണ്ടും ഞാന്‍ നോക്കിയപ്പോള്‍ ഇതാ, പറക്കുന്നൊരു പുസ്തകച്ചുരുള്‍.
2: നീയെന്തുകാണുന്നു? അവന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: പറക്കുന്നൊരു ചുരുള്‍. അതിന് ഇരുപതുമുഴം നീളവും പത്തുമുഴം വീതിയുമുണ്ട്.
3: അവന്‍ പറഞ്ഞു: ഇതു ദേശംമുഴുവനുമുള്ള ശാപമാണ്. മോഷ്ടിക്കുന്നവനും കള്ളസത്യംചെയ്യുന്നവനും ഇതിലെഴുതിയിരിക്കുന്നതുപോലെ വിച്ഛേദിക്കപ്പെടും.
4: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനതിനെ കള്ളന്റെയും എന്റെനാമത്തില്‍ കള്ളസത്യം ചെയ്യുന്നവന്റെയും വീട്ടിലേക്കയയ്ക്കും. അത്, അവന്റെ വീട്ടില്‍ക്കടന്ന്, അതിന്റെ കല്ലും തടിയുമുള്‍പ്പെടെ എല്ലാം നശിപ്പിക്കുന്നതുവരെ അവിടെ വസിക്കും.

ഏഫായ്ക്കകത്തു സ്ത്രീ
5: എന്നോടുസംസാരിച്ച ദൂതന്‍ മുമ്പോട്ടുവന്ന്, ഈ പോകുന്നതെന്തെന്നു നോക്കുകയെന്ന്, എന്നോടു പറഞ്ഞു.
6: എന്താണത്? ഞാന്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ചലിക്കുന്ന ഏഫായാണത്. ദേശത്തു നിറഞ്ഞുനില്ക്കുന്ന അവരുടെ അകൃത്യമാണത്.
7: ഏഫായുടെ ഈയംകൊണ്ടുള്ള മൂടിപൊക്കി, അതാ, അതിനുള്ളില്‍ ഒരു സ്ത്രീ ഇരിക്കുന്നു.
8: അവന്‍ പറഞ്ഞു: ഇവളാണു ദുഷ്ടത. അവനവളെ ഏഫായുടെ ഉള്ളിലേക്കു തള്ളി, ഈയംകൊണ്ടുള്ള മൂടിയടച്ചു.
9: ഞാന്‍ വീണ്ടും നോക്കി. അതാ, രണ്ടു സ്ത്രീകള്‍ പറന്നുവരുന്നു! അവര്‍ക്കു കൊക്കിന്റേതുപോലുള്ള ചിറകുകളുണ്ടായിരുന്നു. അവര്‍ ഏഫായെ ആകാശത്തിലേക്കുയര്‍ത്തി.
10: അവര്‍ ഏഫായെ എവിടേയ്ക്കു കൊണ്ടുപോകുന്നു? ഞാന്‍ ദൂതനോടു ചോദിച്ചു.
11: അവന്‍ പറഞ്ഞു: ഷീനാര്‍ദേശത്ത്, അതിനൊരാലയം പണിയാന്‍പോകുന്നു. അതു പൂര്‍ത്തിയാകുമ്പോള്‍ ഏഫായെ അവിടെ, പീഠത്തില്‍ പ്രതിഷ്ഠിക്കും.

അദ്ധ്യായം 6

രഥങ്ങള്‍
1: ഞാന്‍ വീണ്ടും കണ്ണുയര്‍ത്തിനോക്കി, അതാ, രണ്ടുപര്‍വ്വതങ്ങള്‍ക്കിടയില്‍നിന്നു നാലു രഥങ്ങള്‍ വരുന്നു. പര്‍വ്വതങ്ങള്‍ പിച്ചളകൊണ്ടുള്ളതായിരുന്നു.
2: ഒന്നാമത്തെ രഥത്തിനു ചെമന്നകുതിരകള്‍, രണ്ടാമത്തേതിനു കറുത്തത്,
3: മൂന്നാമത്തേതിനു വെളുത്തകുതിരകള്‍, നാലാമത്തേതിനു പുള്ളിക്കുതിരകള്‍.
4: പ്രഭോ, എന്താണിത്? എന്നോടുസംസാരിച്ച ദൂതനോടു ഞാന്‍ ചോദിച്ചു.
5: അവന്‍ പറഞ്ഞു: ഭൂമി മുഴുവന്റെയും നാഥന്റെ മുമ്പില്‍നിന്നുവരുന്ന ഇവര്‍, ആകാശത്തിന്റെ നാലുവായുക്കളിലേക്കു പോകുന്നു.
6: കറുത്തകുതിരകളെ പൂട്ടിയരഥം വടക്കുള്ള ദേശത്തേക്കും വെള്ളക്കുതിരകളെ പൂട്ടിയരഥം പടിഞ്ഞാറോട്ടും പുള്ളിക്കുതിരകളെ പൂട്ടിയരഥം തെക്കോട്ടും പുറപ്പെട്ടു.
7: കുതിരകള്‍ ഭൂമിയില്‍ ചുറ്റിസഞ്ചരിക്കാനുള്ള അക്ഷമയോടെ പുറത്തുവന്നു. നിങ്ങള്‍പോയി ഭൂമിമുഴുവന്‍ ചുറ്റിസഞ്ചരിക്കുവിനെന്ന് അവന്‍ കല്പിച്ചു. അവ അങ്ങനെ ചെയ്തു.
8: അവനെന്നോടു വിളിച്ചുപറഞ്ഞു: വടക്കേദേശത്തേക്കുപോയവ അവിടെ എന്റെ കോപം ശമിപ്പിച്ചു

ജോഷ്വയുടെ കിരീടധാരണം
9: കര്‍ത്താവെന്നോടരുളിച്ചെയ്തു:
10: ബാബിലോണില്‍നിന്നുവന്ന പ്രവാസികളില്‍ ഹെല്‍ദായ്, തോബിയാ, എദായ എന്നിവരെക്കൂട്ടി, സെഫാനിയായുടെ പുത്രനായ ജോസിയായുടെ വീട്ടിലേക്കു നീ ഇന്നുതന്നെ പോവുക.
11: അവരില്‍നിന്നു വെള്ളിയും പൊന്നുംവാങ്ങി കിരീടമുണ്ടാക്കി, യഹോസദാക്കിന്റെ പുത്രനും പ്രധാനപുരോഹിതനുമായ ജോഷ്വയുടെ ശിരസ്സില്‍വയ്ക്കുക.
12: അവനോടു പറയുക. സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇതാ, ശാഖ എന്ന നാമം വഹിക്കുന്നവന്‍. അവന്‍ തന്റെ സ്ഥാനത്തു വളരുകയും കര്‍ത്താവിന്റെ ആലയം പണിയുകയുംചെയ്യും.
13: അവനായിരിക്കും കര്‍ത്താവിന്റെ ആലയം പണിയുന്നത്. അവന്‍ രാജകീയപ്രതാപത്തോടെ സിംഹാസനത്തില്‍ വാഴും. അവന്റെ വലത്തുഭാഗത്ത്, ഒരു പുരോഹിതനും ഉപവിഷ്ടനാകും. അവര്‍ക്കിടയില്‍ പൂര്‍ണ്ണസമാധാനം പുലരും.
14: ഹെല്‍ദായ്, തോബിയാ, യദായ, സെഫാനിയായുടെ പുത്രന്‍ ജോസിയാ എന്നിവരെ അനുസ്മരിപ്പിക്കാന്‍ ആ കിരീടം കര്‍ത്താവിന്റെയാലയത്തില്‍ സ്ഥിതിചെയ്യും.
15: വിദൂരത്തുനിന്ന് ആളുകള്‍വന്നു കര്‍ത്താവിന്റെ ആലയത്തിന്റെ പണിയില്‍ സഹായിക്കും. സൈന്യങ്ങളുടെ കര്‍ത്താവാണ് എന്നെ അയച്ചതെന്ന് അങ്ങനെ നിങ്ങളറിയും. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കല്പന നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വമനുസരിച്ചാല്‍ ഇതു സംഭവിക്കും.

അദ്ധ്യായം 7

യഥാര്‍ത്ഥ ഉപവാസം
1: ദാരിയൂസ്രാജാവിന്റെ നാലാംഭരണവര്‍ഷം ഒമ്പതാംമാസമായ കിസ്ലേവ് നാലാംദിവസം സഖറിയായ്ക്ക് കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.
2: കര്‍ത്താവിന്റെ പ്രീതിക്കായി പ്രാര്‍ത്ഥിക്കാന്‍, ബഥേല്‍നിവാസികള്‍ ഷരേസറിനെയും രഗെംമെലെക്കിനെയും അവരുടെ ആളുകളെയുമയച്ചു.
3: അനേകവര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്തുപോന്നതുപോലെ അഞ്ചാംമാസത്തില്‍ വിലാപവും ഉപവാസവും ആചരിക്കണമോയെന്നു പ്രവാചകന്മാരോടും സൈന്യങ്ങളുടെ കര്‍ത്താവിന്റെ ആലയത്തിലെ പുരോഹിതന്മാരോടുമാരായാന്‍ അവരെയേല്പിച്ചു.
4: അപ്പോള്‍ സൈന്യങ്ങളുടെ കര്‍ത്താവ് എന്നോടരുളിച്ചെയ്തു:
5: നീ ദേശത്തെ ജനത്തോടും പുരോഹിതന്മാരോടും പറയുക. നിങ്ങള്‍, കഴിഞ്ഞ എഴുപതുവര്‍ഷമായി അഞ്ചാംമാസത്തിലും ഏഴാംമാസത്തിലും വിലാപവും ഉപവാസവും ആചരിച്ചത് എനിക്കുവേണ്ടിയായിരുന്നുവോ?
6: നിങ്ങള്‍ തിന്നുകയും കുടിക്കുകയുംചെയ്യുന്നതു നിങ്ങള്‍ക്കുവേണ്ടിത്തന്നെയല്ലേ?
7: ജറുസലെമും പ്രാന്തനഗരങ്ങളും ജനനിബിഡവും ഐശ്വര്യപൂര്‍ണ്ണവുമായി കഴിഞ്ഞിരുന്നപ്പോള്‍, നെഗെബിലും സമതലപ്രദേശങ്ങളിലും ജനങ്ങള്‍ വസിച്ചിരുന്നപ്പോള്‍, പണ്ടത്തെ പ്രവാചകന്മാരിലൂടെ കര്‍ത്താവിതല്ലേ കല്പിച്ചിരുന്നത്?
8: കര്‍ത്താവു സഖറിയായോടരുളിച്ചെയ്തു:
9: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു, സത്യസന്ധമായി വിധിക്കുക; സഹോദരര്‍ പരസ്പരം കരുണയും അലിവും കാണിക്കുക.
10: വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്. നിങ്ങളിലാരും തന്റെ സഹോദരനെതിരേ തിന്മനിരൂപിക്കരുത്.
11: എന്നാല്‍ അവര്‍ കൂട്ടാക്കിയില്ല; കേള്‍ക്കാതിരിക്കാന്‍ ദുശ്ശാഠ്യത്തോടെ ചെവിയടച്ചുകളഞ്ഞു.
12: സൈന്യങ്ങളുടെ കര്‍ത്താവു തന്റെ ആത്മാവിനാല്‍ മുന്‍കാലപ്രവാചകന്മാരിലൂടെ അരുളിച്ചെയ്ത നിയമവും വചനങ്ങളും കേള്‍ക്കാതിരിക്കാന്‍ അവര്‍ ഹൃദയം കഠിനമാക്കി. അതുകൊണ്ട്, സൈന്യങ്ങളുടെ കര്‍ത്താവിന്റെ ക്രോധം അവരുടെമേല്‍ പതിച്ചു.
13: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ കേട്ടില്ല. അതുപോലെ അവര്‍ വിളിക്കുമ്പോള്‍ ഞാനും കേള്‍ക്കുകയില്ല.
14: ഞാന്‍ ചുഴലിക്കാറ്റയച്ച് അവരെ അപരിചിതരായ ജനതകളുടെയിടയില്‍ ചിതറിച്ചു. അവര്‍ വിട്ടുപോയ ദേശം ശൂന്യമായി. ആരുമതിലേ കടന്നുപോയില്ല. മനോഹരമായ ദേശം വിജനമായി.

അദ്ധ്യായം 8

ജറുസലെം പുനരുദ്ധരിക്കപ്പെടും
1: എനിക്കു സൈന്യങ്ങളുടെ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
2: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു, ഞാന്‍ സീയോനെപ്രതി അസഹിഷ്ണുവായിരിക്കുന്നു; അവള്‍ക്കുവേണ്ടി ക്രോധത്താല്‍ ജ്വലിക്കുന്നു.
3: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ സീയോനിലേക്കു മടങ്ങിവരും; ജറുസലെമിന്റെമദ്ധ്യേ വസിക്കും. ജറുസലെം വിശ്വസ്തനഗരമെന്നും സൈന്യങ്ങളുടെ കര്‍ത്താവിന്റെ പര്‍വ്വതം, വിശുദ്ധഗിരിയെന്നും വിളിക്കപ്പെടും.
4: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: വൃദ്ധന്മാരും വൃദ്ധകളും പ്രായാധിക്യംമൂലം കൈയില്‍ വടിയുമായി ജറുസലെമിന്റെ തെരുവുകളില്‍ വീണ്ടുമിരിക്കും.
5: കളിച്ചുല്ലസിക്കുന്ന ബാലികാബാലന്മാരെക്കൊണ്ടു നഗരവീഥികള്‍ നിറയും.
6: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇക്കാലത്തു ജനത്തിലവശേഷിക്കുന്നവര്‍ക്ക് അതദ്ഭുതമായി തോന്നും. എന്നാല്‍ എനിക്കും അദ്ഭുതമായി തോന്നണമോ? - സൈന്യങ്ങളുടെ കര്‍ത്താവു ചോദിക്കുന്നു.
7: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ എന്റെ ജനത്തെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും രക്ഷിക്കും.
8: ഞാനവരെ കൊണ്ടുവന്നു ജറുസലെമില്‍ പാര്‍പ്പിക്കും. വിശ്വസ്തതയിലും നീതിയിലും അവരെനിക്കു ജനവും ഞാനവര്‍ക്കു ദൈവവുമായിരിക്കും.
9: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: സൈന്യങ്ങളുടെ കര്‍ത്താവിന്റെ ആലയംനിര്‍മ്മിക്കാന്‍ അടിസ്ഥാനമിട്ടനാള്‍മുതല്‍ പ്രവാചകന്മാരിലൂടെ കേട്ട വചനംതന്നെ ഇപ്പോള്‍ ശ്രവിക്കുന്ന നിങ്ങള്‍ കരുത്താര്‍ജ്ജിക്കുവിന്‍.
10: അക്കാലത്തിനുമുമ്പു മനുഷ്യനും മൃഗത്തിനും കൂലി ലഭിച്ചിരുന്നില്ല. പുറത്തുപോകുന്നവനും അകത്തുവരുന്നവനും ശത്രുവില്‍നിന്നു സുരക്ഷിതത്വവുമില്ലായിരുന്നു. കാരണം, ഞാന്‍ ഓരോരുത്തനെയും സഹോദരന്റെ ശത്രുവാക്കി.
11: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഞാനിപ്പോള്‍ ഈ ജനത്തിലവശേഷിക്കുന്നവരോട് മുന്‍കാലങ്ങളിലെപ്പോലെ വര്‍ത്തിക്കുകയില്ല.
12: ഞാന്‍ സമാധാനംവിതയ്ക്കും; മുന്തിരി ഫലംനല്കും; നിലം വിളവുനല്കും; ആകാശം മഞ്ഞുപൊഴിക്കും. ഈ ജനത്തിലവശേഷിക്കുന്നവര്‍ ഇതെല്ലാം അവകാശമാക്കാന്‍ ഞാനിടയാക്കും.
13: യൂദാഭവനമേ, ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ ജനതകളുടെയിടയില്‍ ശാപമായിരുന്നതുപോലെ, ഞാന്‍ നിങ്ങളെരക്ഷിച്ച്, അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജ്ജിക്കുവിന്‍.
14: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു:
15: നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പ്രകോപിപ്പിച്ചപ്പോള്‍ ഞാന്‍ നിങ്ങളെ ശിക്ഷിക്കാന്‍ തീരുമാനിക്കുകയും അതിന് ഇളവുവരുത്താതിരിക്കുകയുംചെയ്തതുപോലെ ഈ നാളില്‍ ഞാന്‍ ജറുസലെമിനും യൂദാഭവനത്തിനും നന്മവരുത്താനുറച്ചിരിക്കുന്നു. ഭയപ്പെടേണ്ടാ - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
16: ഇതാണു നിങ്ങള്‍ ചെയ്യേണ്ടത്; പരസ്പരം സത്യംപറയുക; നഗരകവാടങ്ങളില്‍ സത്യസന്ധമായി ന്യായംവിധിക്കുക; അങ്ങനെ സമാധാനംപാലിക്കുക.
17: പരസ്പരം തിന്മ നിരൂപിക്കരുത്. കള്ളസത്യത്തില്‍ ഇഷ്ടംതോന്നരുത്. ഞാന്‍ ഇവ വെറുക്കുന്നു - കര്‍ത്താവരുളിച്ചെയ്യുന്നു.
18: എനിക്കു സൈന്യങ്ങളുടെ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
19: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു, നാലും അഞ്ചും ഏഴും പത്തും മാസങ്ങളിലെ ഉപവാസം, യൂദാഭവനത്തിനു സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയുമവസരവും ആനന്ദോത്സവവുമായിരിക്കണം. അതുകൊണ്ടു സത്യത്തെയും സമാധാനത്തെയും സ്‌നേഹിക്കുവിന്‍.
20: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ജനതകള്‍, അനേകം നഗരങ്ങളിലെ നിവാസികള്‍, ഇനിയും വരും.
21: ഒരു പട്ടണത്തിലെ നിവാസികള്‍ മറ്റൊന്നില്‍ച്ചെന്നു പറയും; നമുക്കു വേഗംചെന്നു കര്‍ത്താവിന്റെ പ്രീതിക്കായി പ്രാര്‍ത്ഥിക്കാം; നമുക്കു സൈന്യങ്ങളുടെ കര്‍ത്താവിന്റെ സാന്നിദ്ധ്യംതേടാം. ഞാന്‍ പോവുകയാണ്.
22: അനേകംജനതകളും ശക്തമായരാജ്യങ്ങളും സൈന്യങ്ങളുടെ കര്‍ത്താവിനെത്തേടി ജറുസലെമിലേക്കു വന്ന്, അവിടുത്തെ പ്രീതിക്കായി പ്രാര്‍ത്ഥിക്കും.
23: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: വിവിധഭാഷകള്‍ സംസാരിക്കുന്ന ജനതകളില്‍നിന്നു പത്തുപേര്‍ ഒരു യഹൂദന്റെ അങ്കിയില്‍ പിടിച്ചുകൊണ്ടു പറയും: ഞങ്ങള്‍ നിന്റെകൂടെ വരട്ടെ. ദൈവം നിന്നോടുകൂടെയുണ്ടെന്നു ഞങ്ങള്‍ കേട്ടിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ