ഇരുന്നൂറ്റിയമ്പത്തിയേഴാം ദിവസം: ഹോസിയ 8 - 14


അദ്ധ്യായം 8

ഇസ്രായേലിന്റെ അതിക്രമങ്ങള്‍

1: കാഹളം അധരങ്ങളോടടുപ്പിക്കുക. കര്‍ത്താവിന്റെ ആലയത്തിനുമുകളില്‍ കഴുകന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കാരണം, അവര്‍ എന്റെയുടമ്പടി ലംഘിച്ചു; എന്റെ നിയമം അനുസരിച്ചില്ല.
2: അവര്‍ എന്നോടു കരഞ്ഞപേക്ഷിക്കുന്നു: എന്റെ ദൈവമേ, ഇസ്രായേലായ ഞങ്ങള്‍ക്ക് അങ്ങയെ അറിയാം.
3: ഇസ്രായേല്‍ നന്മയെ തിരസ്കരിച്ചു. ശത്രു അവരെ അനുധാവനം ചെയ്യും.
4: അവര്‍ രാജാക്കന്മാരെ വാഴിച്ചു; എന്നാല്‍, എന്റെ ആഗ്രഹമനുസരിച്ചല്ല അവര്‍ അധികാരികളെ നിയമിച്ചത്, എന്റെ അറിവുകൂടാതെയാണ്. തങ്ങളുടെ വെള്ളിയും സ്വര്‍ണ്ണവുംകൊണ്ട് അവര്‍ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചത്. അതവരെ നാശത്തിലെത്തിച്ചു.
5: സമരിയാ, നിന്റെ കാളക്കുട്ടിയെ ഞാന്‍ തട്ടിത്തെറിപ്പിച്ചു; എന്റെ കോപം അവര്‍ക്കെതിരേ ആളിക്കത്തുന്നു. തങ്ങളെത്തന്നെ ശുദ്ധീകരിക്കാന്‍ ഇനിയും അവര്‍ എത്രവൈകും?
6: അത് ഇസ്രായേലിലെ ഒരു ശില്പിയുണ്ടാക്കിയതാണ്, അതു ദൈവമല്ല, സമരിയായുടെ കാളക്കുട്ടിയെ കഷണങ്ങളായി ഞാന്‍ തകര്‍ക്കും.
7: അവര്‍ കാറ്റു വിതയ്ക്കുന്നു; കൊടുങ്കാറ്റു കൊയ്യും. വളര്‍ന്നുനില്ക്കുന്ന ചെടികളില്‍ കതിരില്ല; അതു ധാന്യം നല്കുകയില്ല. നല്കിയാല്‍ത്തന്നെ, അത് അന്യര്‍ വിഴുങ്ങും.
8: ഇസ്രായേല്‍ വിഴുങ്ങപ്പെട്ടിരിക്കുന്നു. അവര്‍ ജനതകള്‍ക്കിടയില്‍ ഉപയോഗശൂന്യമായ പാത്രംപോലെയായിക്കഴിഞ്ഞു.
9: കൂട്ടംവിട്ടലയുന്ന കാട്ടുകഴുതയെപ്പോലെ അവര്‍ അസ്സീറിയായിലേക്കു പോയിരിക്കുന്നു. എഫ്രായിം കാമുകന്മാരെ കൂലിക്കെടുത്തിരിക്കുന്നു.
10: അവര്‍ ജനതകളുടെയിടയില്‍ കൂലികൊടുത്തു സഖ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഞാന്‍ അവരെ വേഗം ഒന്നിച്ചുകൂട്ടും. രാജാക്കന്മാരെയും പ്രഭുക്കന്മാരെയും അഭിഷേകംചെയ്യുന്നതില്‍നിന്നു കുറച്ചുകാലത്തേക്ക് അവര്‍ വിരമിക്കും.
11: എഫ്രായിം പാപത്തിനായി ബലിപീഠങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. അത്, അവനു പാപംചെയ്യാനുള്ള പീഠങ്ങളായി.
12: ഞാന്‍ അവന് ആയിരം പ്രമാണങ്ങള്‍ എഴുതിക്കൊടുത്തിരുന്നെങ്കില്‍ത്തന്നെയും അവനവ അപരിചിതമായി തോന്നുമായിരുന്നു.
13: അവര്‍ ബലികളിഷ്ടപ്പെടുന്നു. അവര്‍ മാംസമര്‍പ്പിക്കുന്നു; അതു ഭക്ഷിക്കുന്നു. എന്നാല്‍, കര്‍ത്താവ് അവരില്‍ സംപ്രീതനാവുകയില്ല. അവിടുന്നവരുടെ അകൃത്യങ്ങളോര്‍ക്കും. അവരുടെ പാപങ്ങള്‍ക്ക് അവരെ ശിക്ഷിക്കും. അവര്‍ ഈജിപ്തിലേക്കു മടങ്ങും.
14: ഇസ്രായേല്‍ തന്റെ സ്രഷ്ടാവിനെമറന്ന്, കൊട്ടാരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു. യൂദാ സുരക്ഷിതനഗരങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. എന്നാല്‍, അവന്റെ നഗരങ്ങളിന്മേല്‍, ഞാനഗ്നിയയയ്ക്കും; അതവന്റെ ശക്തിദുര്‍ഗ്ഗങ്ങള്‍ വിഴുങ്ങിക്കളയും.

അദ്ധ്യായം 9

 ഇസ്രായേലിനു ശിക്ഷ

1: ഇസ്രായേല്‍, നീ സന്തോഷിക്കേണ്ടാ. ജനതകളെപ്പോലെ ആഹ്ലാദിക്കേണ്ടാ. നീ നിന്റെ ദൈവത്തെ പരിത്യജിച്ച്, പരസംഗത്തിലേര്‍പ്പെട്ടു. എല്ലാ മെതിക്കളത്തിലും നീ വേശ്യാവേതനമഭിലഷിച്ചു.
2: മെതിക്കളവും മുന്തിരിച്ചക്കും അവരെപ്പോറ്റുകയില്ല; അവര്‍ക്കു പുതുവീഞ്ഞു ലഭിക്കുകയില്ല.
3: അവര്‍ കര്‍ത്താവിന്റെദേശത്തു വസിക്കുകയില്ല; എഫ്രായിം ഈജിപ്തിലേക്കു മടങ്ങും. അസ്സീറിയായില്‍വച്ച് അവര്‍ അശുദ്ധഭക്ഷണംകഴിക്കും.
4: അവര്‍ കര്‍ത്താവിന്, വീഞ്ഞു നൈവേദ്യമായൊഴുക്കുകയില്ല; തങ്ങളുടെ ബലികള്‍കൊണ്ട് അവിടുത്തെ പ്രസാദിപ്പിക്കുകയുമില്ല. അവരുടെയാഹാരം വിലാപകരുടേതുപോലെയായിരിക്കും. അതു ഭക്ഷിക്കുന്നവരെല്ലാവരും മലിനരാക്കപ്പെടും. അവരുടെയാഹാരം വിശപ്പടക്കാന്‍മാത്രമേ ഉണ്ടാവൂ. അതു കര്‍ത്താവിന്റെ ഭവനത്തിലര്‍പ്പിക്കപ്പെടുകയില്ല.
5: നിശ്ചിതതിരുനാളിലും കര്‍ത്താവിന്റെ ഉത്സവദിനത്തിലും നിങ്ങളെന്തുചെയ്യും?
6: നാശത്തില്‍നിന്ന്, അവരോടിയകലുന്നു. ഈജിപ്ത്, അവരെയൊരുമിച്ചുകൂട്ടും. മെംഫിസ് അവരെ സംസ്കരിക്കും. അവരുടെ വിലപിടിപ്പുള്ള വെള്ളിസാധനങ്ങള്‍ കൊടിത്തൂവ കരസ്ഥമാക്കും; അവരുടെ കൂടാരങ്ങളില്‍ മുള്‍ച്ചെടികള്‍വളരും.
7: ശിക്ഷയുടെ ദിനങ്ങള്‍ വന്നുകഴിഞ്ഞു; പ്രതികാരത്തിന്റെ ദിനങ്ങളാഗതമായി. ഇസ്രായേല്‍ അതനുഭവിച്ചറിയും. നിന്റെ വലിയഅപരാധവും വിദ്വേഷവുംനിമിത്തം പ്രവാചകന്‍ നിങ്ങള്‍ക്കു വിഡ്ഢിയായി; ആത്മാവിനാല്‍ പ്രചോദിതനായവന്‍ ഭ്രാന്തനായി.
8: എന്റെ ദൈവത്തിന്റെ ജനമായ എഫ്രായിമിന്റെ കാവല്‍ക്കാരനാണു പ്രവാചകന്‍. എങ്കിലും അവന്റെ വഴികളില്‍ കെണിവെച്ചിരിക്കുന്നു. അവന്റെ ദൈവത്തിന്റെ ആലയത്തില്‍ വിദ്വേഷംകുടികൊള്ളുന്നു.
9: ഗിബെയായിലെ ദിനങ്ങളിലെന്നപോലെ അവര്‍ അത്യന്തംദുഷിച്ചുപോയിരിക്കുന്നു. അവിടുന്നവരുടെ അകൃത്യമോര്‍മ്മിക്കും; അവരുടെ പാപങ്ങള്‍ക്കു ശിക്ഷനല്കും.
10: മരുഭൂമിയില്‍ മുന്തിരിയെന്നപോലെ ഞാന്‍ ഇസ്രായേലിനെക്കണ്ടെത്തി; അത്തിവൃക്ഷത്തിലെ ആദ്യകാലഫലംപോലെ, നിങ്ങളുടെ പിതാക്കന്മാരെ ഞാന്‍ കണ്ടു. എന്നാല്‍, ബാല്‍പെയോറിലെത്തിയപ്പോള്‍ അവര്‍ തങ്ങളെത്തന്നെ ബാലിനു പ്രതിഷ്ഠിച്ചു; അവര്‍ സ്നേഹിച്ചവസ്തുവിനെപ്പോലെ അവരും മ്ലേച്ഛരായിത്തീര്‍ന്നു.
11: എഫ്രായിമിന്റെ മഹത്വം പക്ഷിയെപ്പോലെ പറന്നകലും. അവിടെ ജനനമോ ഗര്‍ഭമോ ഗര്‍ഭധാരണമോ ഉണ്ടാവില്ല.
12: അവര്‍ കുട്ടികളെ വളര്‍ത്തിയാല്‍തന്നെ ആരുമവശേഷിക്കാത്തവിധം അവരെ ഞാന്‍ സന്താനരഹിതരാക്കും; ഞാനവരില്‍നിന്നകലുമ്പോള്‍ അവര്‍ക്കു ദുരിതം!
13: എഫ്രായിമിന്റെ സന്തതികളെ ശത്രുക്കള്‍ക്കിരയാകാന്‍ ഉഴിഞ്ഞുവയ്ക്കപ്പെട്ടവരായി ഞാന്‍ കാണുന്നു. എഫ്രായിമിനു തന്റെ പുത്രന്മാരെ കൊലക്കളത്തിലേക്കു നയിക്കേണ്ടിവരും.
14: കര്‍ത്താവേ, അവര്‍ക്കു കൊടുക്കുക - അങ്ങെന്തുകൊടുക്കും? അവര്‍ക്ക്, അലസിപ്പോകുന്ന ഗര്‍ഭപാത്രവും വരണ്ടസ്തനങ്ങളും കൊടുക്കുക.
15: അവരുടെ അകൃത്യങ്ങളെല്ലാം ഗില്‍ഗാലിലാരംഭിച്ചു. അവിടെവച്ച് ഞാനവരെ വെറുക്കാന്‍തുടങ്ങി. അവരുടെ അകൃത്യങ്ങള്‍നിമിത്തം എന്റെ ഭവനത്തില്‍നിന്ന്, അവരെ ഞാനാട്ടിപ്പുറത്താക്കും. ഞാനവരെ മേലില്‍ സ്നേഹിക്കുകയില്ല. അവരുടെ പ്രഭുക്കന്മാര്‍ ധിക്കാരികളാണ്.
16: എഫ്രായിമിനു മുറിവേറ്റു; അവരുടെ വേരുകളുണങ്ങിപ്പോയി; അവരിനി ഫലംപുറപ്പെടുവിക്കുകയില്ല. അവര്‍ക്കു മക്കളുണ്ടായാല്‍തന്നെ ആ അരുമസന്താനങ്ങളെ ഞാന്‍ വധിക്കും.
17: എന്റെ ദൈവം അവരെ പുറംതള്ളും. കാരണം, അവര്‍ അവിടുത്തെ വാക്കുകേട്ടില്ല. അവര്‍ ജനതകളുടെയിടയില്‍ അലഞ്ഞുതിരിയും.

അദ്ധ്യായം 10

 വിഗ്രഹങ്ങള്‍ നശിപ്പിക്കപ്പെടും

1: സമൃദ്ധമായി ഫലംനല്കുന്ന ഒരു മുന്തിരിച്ചെടിയാണ് ഇസ്രായേല്‍. ഫലമേറുന്നതിനനുസരിച്ച്, അവന്‍ ബലിപീഠങ്ങളും വര്‍ദ്ധിപ്പിച്ചു. രാജ്യം അഭിവൃദ്ധിപ്പെടുന്നതിനൊത്ത് സ്തംഭങ്ങള്‍ക്കു ഭംഗിയേറ്റി.
2: അവരുടെ ഹൃദയം വഞ്ചനനിറഞ്ഞതാണ്. അതിനാല്‍ അവര്‍ ശിക്ഷയേല്ക്കണം. കര്‍ത്താവ് അവരുടെ ബലിപീഠങ്ങള്‍ തട്ടിയുടയ്ക്കും; സ്തംഭങ്ങള്‍ നശിപ്പിക്കും.
3: അവര്‍ പറയും: കര്‍ത്താവിനെ ഭയപ്പെടാത്തതുകൊണ്ട് ഞങ്ങള്‍ക്കു രാജാവില്ലാതായി. ഉണ്ടെങ്കില്‍ത്തന്നെ ഞങ്ങള്‍ക്കുവേണ്ടി അവന് എന്തുചെയ്യാന്‍ സാധിക്കും? അവര്‍ വ്യര്‍ത്ഥഭാഷണംനടത്തുന്നു.
4: പൊള്ളവാക്കുകള്‍കൊണ്ട് അവര്‍ ഉടമ്പടിചെയ്യുന്നു. ഉഴവുചാലുകളില്‍ വിഷമുള്ള കളകള്‍ മുളയ്ക്കുന്നതുപോലെ വ്യവഹാരങ്ങള്‍ പൊന്തിവരുന്നു.
5: ബഥാവനിലെ കാളക്കുട്ടിയെച്ചൊല്ലി സമരിയാ നിവാസികള്‍ ഭയചകിതരാകും. അവിടത്തെ ജനം അതിനെയോര്‍ത്തു വിലപിക്കും. വിഗ്രഹാരാധകരായ പുരോഹിതന്മാര്‍ അതിന്റെ നഷ്ടപ്പെട്ട മഹത്ത്വമോര്‍ത്തു പൊട്ടിക്കരയും.
6: മഹാരാജാവിനു പാരിതോഷികമായി അത് അസ്സീറിയായിലേക്കു കൊണ്ടുപോകും. എഫ്രായിം നിന്ദാപാത്രമാകും; ഇസ്രായേല്‍ തന്റെ വിഗ്രഹത്തെയോര്‍ത്തു ലജ്ജിക്കും.
7: വെള്ളത്തില്‍വീണ കമ്പുപോലെ, സമരിയാരാജാവ് ഒലിച്ചുപോകും.
8: ഇസ്രായേലിന്റെ പാപഹേതുക്കളായ ആവനിലെ പൂജാഗിരികള്‍ നശിപ്പിക്കപ്പെടും. അവരുടെ ബലിപീഠങ്ങളില്‍ മുള്ളുകളും ഞെരിഞ്ഞിലുകളും വളരും. ഞങ്ങളെ മൂടുക എന്നു പര്‍വ്വതങ്ങളോടും ഞങ്ങളുടെമേല്‍ പതിക്കുക എന്നു കുന്നുകളോടും അവര്‍ പറയും.
9: ഗിബെയായിലെ ദിനങ്ങള്‍ മുതല്‍ ഇസ്രായേല്‍ പാപം ചെയ്തു; അവിടെ അതു തുടര്‍ന്നു. ഗിബെയായില്‍വച്ചുതന്നെ യുദ്ധം അവരെ പിടികൂടുകയില്ലേ?
10: തന്നിഷ്ടക്കാരായ ജനത്തെ ശിക്ഷിക്കാന്‍ ഞാന്‍ വരും. തങ്ങളുടെ ഇരുതിന്മകള്‍ക്ക് അവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ജനതകളെ അവര്‍ക്കെതിരേ ഞാന്‍ ഒരുമിച്ചുകൂട്ടും.
11: മെതിക്കാനിഷ്ടമുള്ള, പരിശീലനംസിദ്ധിച്ച പശുക്കുട്ടിയായിരുന്നു എഫ്രായിം. ഞാന്‍ അവളുടെ അഴകുള്ളകഴുത്തില്‍ നുകംവച്ചില്ല; എന്നാല്‍, ഞാന്‍ എഫ്രായിമിനു നുകംവയ്ക്കും; യൂദാ നിലം ഉഴുകണം; യാക്കോബു കട്ടയുടയ്ക്കണം.
12: നീതി വിതയ്ക്കുവിന്‍; കാരുണ്യത്തിന്റെ ഫലങ്ങള്‍കൊയ്യാം. തരിശുനിലം ഉഴുതുമറിക്കുവിന്‍; കര്‍ത്താവിനെത്തേടാനുള്ള സമയമാണിത്.
13: അവിടുന്നുവന്നു ഞങ്ങളുടെമേല്‍ രക്ഷവര്‍ഷിക്കട്ടെ! നിങ്ങള്‍ അധര്‍മ്മം ഉഴുതു; അനീതികൊയ്‌തെടുത്തു. വ്യാജത്തിന്റെ ഫലം നിങ്ങള്‍ ഭുജിച്ചു. രഥങ്ങളിലും പടയാളികളുടെ പെരുപ്പത്തിലുമാണു നിങ്ങള്‍ പ്രത്യാശവച്ചത്.
14: അതിനാല്‍, നിന്റെ ജനത്തിനിടയില്‍ യുദ്ധാരവമുയരും. ഷാല്‍മാന്‍ ബെത്അര്‍ബേലിനെ നശിപ്പിക്കുകയും അമ്മമാരെ കുഞ്ഞുങ്ങളോടൊപ്പം നിലത്തടിച്ചു കൊല്ലുകയുംചെയ്ത യുദ്ധദിനത്തിലെന്നപോലെ നിന്റെ എല്ലാ കോട്ടകളും തകര്‍ക്കപ്പെടും.
15: ഇസ്രായേല്‍ഭവനമേ, നിങ്ങളുടെ കൊടിയ തിന്മനിമിത്തം നിങ്ങളോടു ഞാന്‍ ഇപ്രകാരം പ്രവര്‍ത്തിക്കും. പ്രഭാതത്തില്‍ത്തന്നെ ഇസ്രായേല്‍ രാജാവ് ഉന്മൂലനം ചെയ്യപ്പെടും.

അദ്ധ്യായം 11

തിരസ്കരിക്കപ്പെട്ട സ്നേഹം
1: ഇസ്രായേല്‍ ശിശുവായിരുന്നപ്പോള്‍ ഞാനവനെ സ്നേഹിച്ചു; ഈജിപ്തില്‍നിന്ന് ഞാനെന്റെ മകനെ വിളിച്ചു.
2: ഞാന്‍ അവരെ അടുക്കലേക്കു വിളിക്കുന്തോറും അവര്‍ എന്നില്‍നിന്നകന്നുപോവുകയാണു ചെയ്തത്. അവര്‍ ബാല്‍ദേവന്മാര്‍ക്കു ബലിയും വിഗ്രഹങ്ങള്‍ക്കു ധൂപവുമര്‍പ്പിച്ചുപോന്നു.
3: എഫ്രായിമിനെ നടക്കാന്‍ പഠിപ്പിച്ചതു ഞാനാണ്. ഞാനവരെ എന്റെ കരങ്ങളിലെടുത്തു; എന്നാല്‍, തങ്ങളെ സുഖപ്പെടുത്തിയതു ഞാനാണെന്ന് അവരറിഞ്ഞില്ല.
4: കരുണയുടെ കയര്‍പിടിച്ചു ഞാനവരെ നയിച്ചു- സ്നേഹത്തിന്റെ കയര്‍തന്നെ. ഞാനവര്‍ക്കു താടിയെല്ലില്‍നിന്നു നുകം അയച്ചുകൊടുക്കുന്നവനായി. ഞാന്‍ കുനിഞ്ഞ്, അവര്‍ക്കു ഭക്ഷണം നല്കി.
5: അവര്‍ ഈജിപ്തുദേശത്തേക്കു മടങ്ങും. അസ്സീറിയാ അവരുടെ രാജാവാകും. കാരണം, എന്റെയടുക്കലേക്കു മടങ്ങിവരാന്‍ അവര്‍ വിസമ്മതിച്ചു.
6: വാള്‍ അവരുടെ നഗരങ്ങള്‍ക്കെതിരേ ആഞ്ഞുവീശും. നഗര കവാടങ്ങളുടെ ഓടാമ്പലുകള്‍ അതു തകര്‍ക്കും. കോട്ടകള്‍ക്കുള്ളില്‍വച്ച് അവരെയതു വിഴുങ്ങും.
7: എന്റെ ജനം എന്നെ വിട്ടകലാന്‍ തിടുക്കംകാട്ടുന്നു. അതുകൊണ്ട്, അവര്‍ക്കു നുകം വച്ചിരിക്കുന്നു. ആരും അതെടുത്തു മാറ്റുകയില്ല.
8: എഫ്രായിം, ഞാന്‍ നിന്നെ എങ്ങനെയുപേക്ഷിക്കും? ഇസ്രായേല്‍, ഞാന്‍ നിന്നെ എങ്ങനെ കൈവിടും? ഞാന്‍ നിന്നെ എങ്ങനെ അദ്മായെപ്പോലെയാക്കും? സെബോയിമിനോടെന്നപോലെ നിന്നോടെങ്ങനെ പെരുമാറും? എന്റെ ഹൃദയം എന്നെ വിലക്കുന്നു. എന്റെ അനുകമ്പ ഊഷ്മളവും ആര്‍ദ്രവുമായിരിക്കുന്നു.
9: ഞാന്‍ എന്റെ ഉഗ്രകോപം നടപ്പാക്കുകയില്ല. എഫ്രായിമിനെ വീണ്ടും നശിപ്പിക്കുകയില്ല; ഞാന്‍ ദൈവമാണ്, മനുഷ്യനല്ല. നിങ്ങളുടെയിടയില്‍ വസിക്കുന്ന പരിശുദ്ധന്‍തന്നെ. ഞാന്‍ നിങ്ങളെ നശിപ്പിക്കാന്‍ വരുകയില്ല.
10: അവര്‍ കര്‍ത്താവിന്റെ പിന്നാലെപോകും. അവിടുന്നു സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കും; അതേ, അവിടുന്നു ഗര്‍ജ്ജിക്കും; അപ്പോള്‍ അവിടുത്തെ പുത്രന്മാര്‍ പടിഞ്ഞാറുനിന്നു പേടിച്ചുവിറച്ചു വരും.
11: ഈജിപ്തില്‍നിന്നു പക്ഷികളെപ്പോലെയും അസ്സീറിയാദേശത്തുനിന്നു പ്രാവുകളെപ്പോലെയും അവര്‍ തിടുക്കത്തില്‍ വരും. ഞാനവരെ സ്വഭവനങ്ങളിലെത്തിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
12: എഫ്രായിം വ്യാജംകൊണ്ടും ഇസ്രായേല്‍ഭവനം വഞ്ചനകൊണ്ടും എന്നെ വലയം ചെയ്തിരിക്കുന്നു; എന്നാല്‍ യൂദായെ ഇന്നും ദൈവമറിയുന്നു. അവന്‍ പരിശുദ്ധനായവനോടു വിശ്വസ്തത പുലര്‍ത്തുന്നു.

അദ്ധ്യായം 12

 ഇസ്രായേലിന്റെ പാപങ്ങള്‍

1: എഫ്രായിം കാറ്റിനെ മേയ്ക്കുന്നു; ദിവസംമുഴുവന്‍ കിഴക്കന്‍കാറ്റിനെ അനുധാവനം ചെയ്യുന്നു; അവര്‍ വ്യാജവും അക്രമവും വര്‍ദ്ധിപ്പിക്കുന്നു. അസ്സീറിയായുമായി ഉടമ്പടി ചെയ്യുന്നു; ഈജിപ്തിലേക്ക് എണ്ണ കൊണ്ടുപോകുന്നു.
2: കര്‍ത്താവിനു യൂദായ്‌ക്കെതിരേ ഒരാരോപണമുണ്ട്; യാക്കോബിനെ അവന്റെ മാര്‍ഗ്ഗങ്ങള്‍ക്കനുസൃതമായി അവിടുന്നു ശിക്ഷിക്കും; അവനു പ്രവൃത്തികള്‍ക്കു തക്കപ്രതിഫലം നല്‍കും.
3: ഉദരത്തില്‍വച്ച് അവന്‍ സഹോദരന്റെ കുതികാല്‍ പിടിച്ചു; പുരുഷപ്രായമായപ്പോള്‍ അവന്‍ ദൈവത്തോടു പൊരുതി.
4: അവന്‍ ദൈവദൂതനോടു പൊരുതിജയിച്ചു; കരഞ്ഞ്, അവന്റെ അനുഗ്രഹംയാചിച്ചു. ബഥേലില്‍വച്ച് അവന്‍ ദൈവത്തെ ദര്‍ശിച്ചു. അവിടെവച്ച് ദൈവം അവനോടു സംസാരിച്ചു-
5: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്, കര്‍ത്താവെന്നാണ് അവിടുത്തെ നാമം.
6: ആകയാല്‍, നിന്റെ ദൈവത്തിന്റെ സഹായത്തോടെ തിരിച്ചു വരുക. നീതിയും സ്നേഹവും മുറുകെപ്പിടിക്കുക. നിന്റെ ദൈവത്തിനുവേണ്ടി നിരന്തരം കാത്തിരിക്കുക.
7: കൈയില്‍ കള്ളത്തുലാസുള്ള വ്യാപാരി മര്‍ദ്ദനപ്രിയനാണ്.
8: എഫ്രായിം പറഞ്ഞു: ഞാന്‍ ധനവാനാണ്. ഞാന്‍ എനിക്കുവേണ്ടി ധനം സമ്പാദിച്ചു; എന്നാല്‍, അവന്റെ സമ്പത്തെല്ലാം കൊടുത്താലും അവന്റെ തിന്മയ്ക്കു പരിഹാരമാവുകയില്ല.
9: നീ ഈജിപ്തു ദേശത്തായിരുന്ന നാള്‍മുതല്‍ ഞാനാണു നിന്റെ ദൈവമായ കര്‍ത്താവ്. പഴയ നാളുകളിലെന്നപോലെ നിങ്ങളെ ഞാന്‍ വീണ്ടും കൂടാരങ്ങളില്‍ വസിപ്പിക്കും.
10: ഞാന്‍ പ്രവാചകന്മാരോടു സംസാരിച്ചു; ദര്‍ശനത്തിനുമേല്‍ ദര്‍ശനമരുളിയതും പ്രവാചകന്മാര്‍വഴി അന്യാപദേശങ്ങള്‍ നല്കിയതും ഞാനാണ്.
11: ഗിലയാദില്‍ അകൃത്യമില്ലേ? അവര്‍ ശൂന്യതയിലാഴും. ഗില്‍ഗാലില്‍ അവര്‍ കാളകളെ ബലികഴിക്കുന്നില്ലേ? അവരുടെ ബലിപീഠങ്ങള്‍ വയലിലെ ഉഴവുചാലിലുള്ള കല്‍ക്കൂമ്പാരങ്ങള്‍പോലെ ആയിത്തീരും.
12: യാക്കോബ് ആരാംദേശത്തേക്കു പലായനംചെയ്തു. അവിടെ, ഇസ്രായേല്‍ ഭാര്യയെ നേടാന്‍വേണ്ടി ജോലിചെയ്തു. ഭാര്യയെ സമ്പാദിക്കാന്‍വേണ്ടി അവന്‍ ആടുകളെ മേയിച്ചു.
13: ഒരു പ്രവാചകന്‍വഴി കര്‍ത്താവ് ഇസ്രായേലിനെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നു; ഒരു പ്രവാചകനാല്‍ അവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്തു.
14: എഫ്രായിം കഠിനമായ പ്രകോപനമുണ്ടാക്കി. ആകയാല്‍, രക്തത്തിനുള്ള ശിക്ഷ കര്‍ത്താവ് അവന്റെമേല്‍ ചൊരിയും. അവന്റെ നിന്ദനങ്ങള്‍ അവനിലേക്കുതന്നെ തിരിച്ചുചെല്ലും.

അദ്ധ്യായം 13

 ഇസ്രായേലിന്റെ അന്തിമവിധി
1: എഫ്രായിം സംസാരിച്ചപ്പോള്‍ ആളുകള്‍ വിറച്ചു. അവര്‍ ഇസ്രായേലില്‍ സമുന്നതനായിരുന്നു. എന്നാല്‍, ബാല്‍നിമിത്തം അവന്‍ പാപം ചെയ്തു; അവന്‍ മരിച്ചു.
2: അവരിപ്പോള്‍ കൂടുതല്‍കൂടുതല്‍ പാപംചെയ്യുന്നു. തങ്ങള്‍ക്കുവേണ്ടി വാര്‍പ്പുവിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നു. വെള്ളികൊണ്ടു വിദഗ്ദ്ധമായി നിര്‍മ്മിച്ച ബിംബങ്ങള്‍! അവയെല്ലാം ശില്പിയുടെ കരവേലമാത്രം. അവയ്ക്കു ബലിയര്‍പ്പിക്കാന്‍ അവരാവശ്യപ്പെടുന്നു. മനുഷ്യര്‍ കാളക്കുട്ടികളെ ചുംബിക്കുന്നു.
3: അതുകൊണ്ട്, അവര്‍ പ്രഭാതത്തിലെ മൂടല്‍മഞ്ഞുപോലെയോ മെതിക്കളത്തില്‍നിന്നു പറത്തിക്കളയുന്ന പതിരുപോലെയോ പുകക്കുഴലില്‍നിന്നുയരുന്ന പുകപോലെയോ ആയിത്തീരും.
4: നീ ഈജിപ്തുദേശത്തായിരുന്ന നാള്‍മുതല്‍ നിന്റെ ദൈവമായ കര്‍ത്താവു ഞാനാണ്. എന്നെയല്ലാതെ മറ്റൊരു ദൈവത്തെ നീയറിയുന്നില്ല. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.
5: മരുഭൂമിയില്‍വച്ച്, വരണ്ട ദേശത്തുവച്ച്, നിന്നെയറിഞ്ഞതു ഞാനാണ്.
6: എന്നാല്‍, അവര്‍ ഭക്ഷിച്ചുതൃപ്തരായപ്പോള്‍ അവരുടെ ഹൃദയം അഹങ്കരിക്കുകയും, അവരെന്നെ വിസ്മരിക്കുകയും ചെയ്തു.
7: ആകയാല്‍, ഞാനവര്‍ക്ക് ഒരു സിംഹത്തെപ്പോലെയായിരിക്കും. പുള്ളിപ്പുലിയെപ്പോലെ വഴിയരികില്‍ ഞാന്‍ പതിയിരിക്കും.
8: കുഞ്ഞുങ്ങളപഹരിക്കപ്പെട്ട കരടിയെപ്പോലെ ഞാനവരുടെമേല്‍ ചാടിവീഴും. അവരുടെ മാറിടം ഞാന്‍ വലിച്ചുകീറും. സിംഹത്തെപ്പോലെ ഞാനവിടെവച്ച് അവരെ വിഴുങ്ങും. വന്യമൃഗത്തെപ്പോലെ അവരെ ഞാന്‍ ചീന്തിക്കളയും.
9: ഇസ്രായേല്‍, നിന്നെ ഞാന്‍ നശിപ്പിക്കും. ആര്‍ക്കു നിന്നെ സഹായിക്കാന്‍ കഴിയും?
10: നിന്നെ രക്ഷിക്കാന്‍ നിന്റെ രാജാവെവിടെ? നിന്നെ സംരക്ഷിക്കാന്‍ പ്രഭുക്കന്മാരെവിടെ? എനിക്കു രാജാവിനെയും പ്രഭുക്കന്മാരെയും തരുക എന്നു നീ ആരെക്കുറിച്ചു പറഞ്ഞുവോ അവരെവിടെ?
11: എന്റെ കോപത്തില്‍ നിനക്കു ഞാന്‍ രാജാക്കന്മാരെ തന്നു. എന്റെ ക്രോധത്തില്‍ ഞാനവരെ നീക്കംചെയ്തു.
12: എഫ്രായിമിന്റെ അകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ പാപത്തിന്റെ കണക്കു സൂക്ഷിച്ചിട്ടുണ്ട്.
13: അവനുവേണ്ടിയുള്ള ഈറ്റുനോവുതുടങ്ങി. പക്ഷേ, അവന്‍ ബുദ്ധിഹീനനായ ശിശുവാണെന്നു തെളിയിച്ചു. അവന്‍ യഥാസമയം പുറത്തേക്കുവരുന്നില്ല.
14: പാതാളത്തിന്റെ പിടിയില്‍നിന്നു ഞാനവരെ വിടുവിക്കുകയോ? മരണത്തില്‍നിന്നു ഞാനവര്‍ക്കു മോചനമരുളുകയോ? മരണമേ, നിന്റെ മഹാമാരികളെവിടെ? പാതാളമേ, നിന്റെ സംഹാരമെവിടെ? അനുകമ്പ എന്റെ കണ്ണില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു.
15: ഞാങ്ങണപോലെ അവന്‍ തഴച്ചുവളര്‍ന്നാലും കിഴക്കന്‍കാറ്റ്, കര്‍ത്താവിന്റെ കാറ്റ്, മരുഭൂമിയില്‍നിന്നുയര്‍ന്നുവരും. അവന്റെ നീരുറവ വറ്റിപ്പോകും. അവന്റെ അരുവി വരണ്ടുപോകും. അത് അവന്റെ ഭണ്ഡാരത്തില്‍ വിലപിടിപ്പുള്ളതെല്ലാം കവര്‍ന്നെടുക്കും.
16: സമരിയാ തന്റെ തെറ്റിനു ശിക്ഷയേല്‍ക്കണം. അവള്‍ തന്റെ ദൈവത്തെ ധിക്കരിച്ചു. അവര്‍ വാളിനിരയാകും. അവരുടെ കുഞ്ഞുങ്ങളെ നിലത്തടിച്ചു കൊല്ലും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളരും.

അദ്ധ്യായം 14

 അനുതാപവും നവജീവനും
1: ഇസ്രായേല്‍, നിന്റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുക. നിന്റെ അകൃത്യങ്ങള്‍മൂലമാണു നിനക്കു കാലിടറിയത്.
2: കുറ്റമേറ്റുപറഞ്ഞ് കര്‍ത്താവിന്റെയടുക്കലേക്കു തിരിച്ചുവരുക; അവിടുത്തോടു പറയുക: അകൃത്യങ്ങള്‍ അകറ്റണമേ, നന്മയായത് അവിടുന്നു സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങള്‍ ഞങ്ങളര്‍പ്പിക്കും.
3: അസ്സീറിയായ്ക്കു ഞങ്ങളെ രക്ഷിക്കാനാവുകയില്ല. സവാരിചെയ്യാന്‍ ഞങ്ങള്‍ കുതിരകളെത്തേടുകയില്ല. ഞങ്ങളുടെ കരവേലകളെ ഞങ്ങളുടെ ദൈവമേയെന്ന് ഒരിക്കലും വിളിക്കുകയില്ല. അനാഥര്‍ അങ്ങയില്‍ കാരുണ്യംകണ്ടെത്തുന്നു.
4: ഞാന്‍ അവരുടെ അവിശ്വസ്തതയുടെ മുറിവുണക്കും. ഞാനവരുടെമേല്‍ സ്നേഹംചൊരിയും. കാരണം, അവരോടുള്ള എന്റെ കോപമകന്നിരിക്കുന്നു.
5: ഇസ്രായേലിനു ഞാന്‍ തുഷാരബിന്ദുപോലെയായിരിക്കും. ലില്ലിപോലെ അവന്‍ പുഷ്പിക്കും. ഇലവുപോലെ അവന്‍ വേരുറപ്പിക്കും.
6: അവന്റെ ശാഖകള്‍ പടര്‍ന്നു പന്തലിക്കും. അവന് ഒലിവിന്റെ മനോഹാരിതയും ലബനോന്റെ പരിമളവുമുണ്ടായിരിക്കും.
7: അവര്‍ തിരിച്ചുവന്ന് എന്റെ തണലില്‍ വസിക്കും. പൂന്തോട്ടംപോലെ അവര്‍ പുഷ്പിക്കും. ലബനോനിലെ വീഞ്ഞുപോലെ അവര്‍ സൗരഭ്യം പരത്തും.
8: എഫ്രായിം, വിഗ്രഹങ്ങളുമായി നിനക്കെന്തു ബന്ധം? നിനക്ക് ഉത്തരമരുളുന്നതും നിന്നെ സംരക്ഷിക്കുന്നതും ഞാനാണ്. നിത്യഹരിതമായ സരളമരംപോലെയാണ് ഞാന്‍. നിനക്കു ഫലം തരുന്നതു ഞാനാണ്.
9: ജ്ഞാനമുള്ളവന്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കട്ടെ! വിവേകമുള്ളവന്‍ ഇക്കാര്യങ്ങളറിയട്ടെ! കര്‍ത്താവിന്റെ വഴികള്‍ ഋജുവാണ്. നീതിമാന്മാര്‍ അതിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ കാലിടറി വീഴുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ