ഇരുന്നൂറ്റിയമ്പത്തിനാലാം ദിവസം: ദാനിയേല്‍ 10 - 12


അദ്ധ്യായം 10

കാവല്‍ദൂതന്മാര്‍തമ്മില്‍ യുദ്ധം

1: പേര്‍ഷ്യാരാജാവായ സൈറസിന്റെ മൂന്നാം ഭരണവര്‍ഷം, ബല്‍ത്തെഷാസര്‍ എന്നുവിളിക്കുന്ന ദാനിയേലിനു് ഒരു വെളിപാടുണ്ടായി. അതു സത്യവും, വലിയയുദ്ധത്തെക്കുറിച്ചുള്ളതുമായിരുന്നു. ഒരു ദര്‍ശനത്തിലൂടെ അതിന്റെ അര്‍ത്ഥംഗ്രഹിക്കാന്‍ അവനുകഴിഞ്ഞു.
2: ദാനിയേലെന്ന ഞാന്‍ മൂന്നാഴ്ചക്കാലത്തേക്കു വിലാപമാചരിക്കുകയായിരുന്നു.
3: ആ മൂന്നാഴ്ചക്കാലംമുഴുവന്‍ ഞാന്‍ രുചികരമായ ഭക്ഷണംകഴിക്കുകയോ മാംസവും വീഞ്ഞും ആസ്വദിക്കുകയോ സുഗന്ധലേപനംനടത്തുകയോചെയ്തില്ല.
4: ഒന്നാംമാസം ഇരുപത്തിനാലാം ദിവസം ഞാന്‍ ടൈഗ്രീസു് എന്ന മഹാനദിയുടെ കരയില്‍ നില്‍ക്കുകയായിരുന്നു.
5: ഞാന്‍ കണ്ണുയര്‍ത്തിനോക്കിയപ്പോള്‍, ചണവസ്ത്രവും ഊഫാസിലെ സ്വര്‍ണ്ണംകൊണ്ടുള്ള അരപ്പട്ടയുംധരിച്ച ഒരുവനെക്കണ്ടു.
6: അവന്റെ ശരീരം ഗോമേദകംപോലെയും മുഖം മിന്നല്‍പോലെയും കണ്ണുകള്‍, ജ്വലിക്കുന്ന പന്തംപോലെയുമായിരുന്നു. അവന്റെ കൈകാലുകള്‍, മിനുക്കിയ ഓടിന്റെ ഭംഗിയുള്ളവയും സ്വരം ജനക്കൂട്ടത്തിന്റെ ഇരമ്പല്‍പോലെയും ആയിരുന്നു.
7: ദാനിയേലായ ഞാന്‍മാത്രം ഈ ദര്‍ശനം കണ്ടു; എന്നോടൊപ്പമുണ്ടായിരുന്നവര്‍ അതു കണ്ടില്ല. മഹാഭീതി പിടിപെട്ടു് അവരോടിയൊളിച്ചു.
8: അങ്ങനെ തനിച്ചായ ഞാന്‍ ഈ മഹാദര്‍ശനം കണ്ടു; എന്റെ ശക്തി ചോര്‍ന്നുപോയി. എന്റെ മുഖം, തിരിച്ചറിയാന്‍വയ്യാത്തവിധം മാറിപ്പോയി. എന്റെ ശക്തിയറ്റു.
9: അപ്പോള്‍ ഞാന്‍ അവന്റെ സ്വരം കേട്ടു, അവന്റെ സ്വരംശ്രവിച്ച ഞാന്‍ പ്രജ്ഞയറ്റുനിലംപതിച്ചു.
10: എന്നാല്‍, ഒരു കരം എന്നെ സ്പര്‍ശിച്ചു. അവനെന്നെയെഴുന്നേല്പിച്ചു. വിറയലോടെയാണെങ്കിലും മുട്ടും കൈയുമൂന്നി ഞാന്‍ നിന്നു.
11: അവനെന്നോടു പറഞ്ഞു: ഏറ്റവും പ്രിയങ്കരനായ ദാനിയേലേ, എഴുന്നേല്‍ക്കുക; ഞാന്‍ നിന്നോടുപറയുന്ന വാക്കുകള്‍ ശ്രദ്ധിച്ചുകേള്‍ക്കുക. എന്നെ നിന്റെ അടുത്തേക്കയച്ചിരിക്കുകയാണു്. അവന്‍ ഇതു പറഞ്ഞപ്പോള്‍ ഞാന്‍ വിറയലോടെ നിവര്‍ന്നുനിന്നു.
12: അവന്‍ പറഞ്ഞു: ദാനിയേലേ, ഭയപ്പെടേണ്ടാ; ശരിയായി അറിയുന്നതിനു്, നീ നിന്റെ ദൈവത്തിന്റെമുമ്പില്‍ നിന്നെത്തന്നെ എളിമപ്പെടുത്താന്‍തുടങ്ങിയ ദിവസംമുതല്‍ നിന്റെ പ്രാര്‍ത്ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു. നിന്റെ പ്രാര്‍ത്ഥനനിമിത്തമാണു് ഞാനിപ്പോള്‍ വന്നിരിക്കുന്നതു്.
13: പേര്‍ഷ്യാരാജ്യത്തിന്റെ കാവല്‍ദൂതന്‍ ഇരുപത്തൊന്നു ദിവസം എന്നോടെതിര്‍ത്തുനിന്നു; എങ്കിലും പ്രധാനദൂതന്മാരില്‍ ഒരാളായ മിഖായേല്‍ എന്റെ സഹായത്തിനെത്തി. അതുകൊണ്ടു്, അവനെ പേര്‍ഷ്യാരാജ്യത്തിന്റെ കാവല്‍ദൂതനോടു് എതിരിടാന്‍വിട്ടു്,
14: വരാനിരിക്കുന്ന നാളുകളില്‍ നിന്റെ ജനത്തിനു് എന്തുസംഭവിക്കുമെന്നു നിന്നെ ഗ്രഹിപ്പിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. ദര്‍ശനം, ഭാവിയെ സംബന്ധിക്കുന്നതാണു്.
15: അവനെന്നോടു് ഇപ്രകാരംപറഞ്ഞപ്പോള്‍ ഞാന്‍ മുഖംകുനിച്ചു, മൂകനായിനിന്നു.
16: മനുഷ്യനെപ്പോലെയുള്ള ഒരുവന്‍ എന്റെ അധരങ്ങളെ സ്പര്‍ശിച്ചു; അപ്പോള്‍ ഞാന്‍ വായു്തുറന്നു സംസാരിച്ചു. എന്റെ അടുത്തുനിന്നിരുന്നവനോടു ഞാന്‍ പറഞ്ഞു: പ്രഭോ, ദര്‍ശനംനിമിത്തം ഞാന്‍ വേദനയനുഭവിക്കുന്നു. എന്റെ ശക്തി ക്ഷയിച്ചു.
17: എങ്ങനെ ഈ ദാസനു് അങ്ങയോടു സംസാരിക്കാനാവും? ശക്തിയോ ശ്വാസമോ എന്നില്‍ ശേഷിച്ചിട്ടില്ല.
18: മനുഷ്യരൂപമുണ്ടായിരുന്നവന്‍ എന്നെ സ്പര്‍ശിച്ചു ശക്തിപകര്‍ന്നു.
19: അവന്‍ പറഞ്ഞു: ഏറ്റവും പ്രിയപ്പെട്ടവനായ മനുഷ്യാ, നീ ഭയപ്പെടേണ്ടാ, നിനക്കു സമാധാനം! ശക്തനും ധീരനുമായിരിക്കുക. അവനെന്നോടു സംസാരിച്ചപ്പോള്‍ ശക്തിപ്രാപിച്ച ഞാന്‍ പറഞ്ഞു: പ്രഭോ, സംസാരിച്ചാലും; അങ്ങെന്നെ ശക്തനാക്കിയിരിക്കുന്നു.
20: അവന്‍ പറഞ്ഞു: ഞാന്‍ നിന്റെയടുത്തേക്കു വന്നതു് എന്തിനാണെന്നു നിനക്കറിയാമോ? ഞാനിപ്പോള്‍ പേര്‍ഷ്യായുടെ കാവല്‍ദൂതനെതിരേ യുദ്ധംചെയ്യാന്‍ മടങ്ങിപ്പോകും.
21: ഞാനവനെ തോല്പിച്ചുകഴിയുമ്പോള്‍ യവനരാജ്യത്തിന്റെ കാവല്‍ദൂതന്‍ വരും. സത്യത്തിന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതെന്തെന്നു ഞാന്‍ നിന്നോടു പറയാം. നിന്റെ കാവല്‍ദൂതനായ മിഖായേലൊഴികെ എന്റെ പക്ഷത്തുനിന്നു് ഇവര്‍ക്കെതിരേ പൊരുതാന്‍ ആരുമില്ല.

അദ്ധ്യായം 11

1: അവനു സഹായവും ശക്തിയുംനല്‍കാന്‍ മേദിയക്കാരനായ ദാരിയൂസിന്റെ ഒന്നാംഭരണവര്‍ഷം ഞാനെത്തി.

ഈജിപ്തും സിറിയയും
2: ഇപ്പോള്‍ ഞാന്‍ നിനക്കു സത്യംവെളിപ്പെടുത്തിത്തരും. പേര്‍ഷ്യയില്‍ മൂന്നുരാജാക്കന്മാര്‍കൂടെ ഉയര്‍ന്നുവരും; നാലാമതൊരുവന്‍, അവരെല്ലാവരെയുംകാള്‍ സമ്പന്നനായിരിക്കും; സമ്പത്തുമൂലം ശക്തനായിത്തീരുമ്പോള്‍ അവന്‍ എല്ലാവരെയും യവനരാജ്യത്തിനെതിരേ ഇളക്കിവിടും.
3: പിന്നെ ശക്തനായൊരു രാജാവു വരും; അവന്‍ വലിയൊരു സാമ്രാജ്യത്തിന്റെ അധിപനാകും; സ്വേച്ഛാനുസൃതം പ്രവര്‍ത്തിക്കുകയുംചെയ്യും.
4: അവന്‍ ഉച്ചകോടിയിലെത്തുമ്പോള്‍ അവന്റെ സാമ്രാജ്യം തകര്‍ന്നു്, ആകാശത്തിന്റെ നാലുകാറ്റുകളിലും ലയിക്കും. അതവന്റെ സന്തതികള്‍ക്കു ലഭിക്കുകയില്ല. അവന്റെ പ്രാബല്യം പിന്‍ഗാമികള്‍ക്കുണ്ടാവുകയില്ല. അവന്റെ സാമ്രാജ്യം പിഴുതെടുത്ത്, അന്യര്‍ക്കു നല്‍കപ്പെടും.
5: അപ്പോള്‍ ദക്ഷിണദേശത്തെ രാജാവു പ്രബലനാകും. എന്നാല്‍, അവന്റെ പ്രഭുക്കന്മാരിലൊരുവന്‍ അവനെക്കാള്‍ ശക്തനാകും. അവന്റെ സാമ്രാജ്യം വളരെ വിപുലമായിരിക്കും.
6: കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം അവര്‍ സഖ്യംചെയ്യും. ദക്ഷിണദേശത്തെ രാജാവിന്റെ പുത്രി സമാധാനംസ്ഥാപിക്കാന്‍ ഉത്തരദേശത്തെ രാജാവിന്റെയടുത്തെത്തും. എന്നാല്‍ അവളുടെ പ്രാബല്യം നീണ്ടുനില്‍ക്കുകയില്ല. അവനും അവന്റെ സന്തതിയും നിലനില്‍ക്കുകയില്ല. അവളും അവളുടെ സേവകരും അവളെ അവകാശപ്പെടുത്തിയിരുന്നവനും വധിക്കപ്പെടും.
7: ആ കാലങ്ങളില്‍ അവന്റെ സ്ഥാനത്തു് അവളുടെ വേരുകളില്‍നിന്നു് ഒരു മുള ഉയര്‍ന്നുവരും; അവന്‍ ഉത്തരദേശത്തെ രാജാവിന്റെ സൈന്യത്തിനെതിരേ വന്നു്, കോട്ടയില്‍ പ്രവേശിച്ചു്, അവരോടെതിര്‍ത്തു ജയിക്കും.
8: അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങളും അമൂല്യമായ പൊന്‍, വെള്ളിപ്പാത്രങ്ങളും അവന്‍ ഈജിപ്തിലേക്കു കൊണ്ടുപോകും; കുറെക്കാലത്തേക്കു് ഉത്തരദേശത്തെ രാജാവിനെ ആക്രമിക്കുന്നതില്‍നിന്നു് അവന്‍ വിട്ടുനില്‍ക്കും.
9: അപ്പോള്‍ ഉത്തരദേശത്തെ രാജാവു്, ദക്ഷിണദേശത്തെ രാജാവിന്റെ പ്രദേശത്തേക്കു വരും; എന്നാല്‍, അവന്‍ സ്വന്തം നാട്ടിലേക്കു തിരിച്ചുപോകും.
10: അവന്റെ പുത്രന്മാര്‍ യുദ്ധംചെയ്യുകയും ഒരു മഹാസൈന്യത്തെ ശേഖരിക്കുകയും ചെയ്യും; അവര്‍ ഇരച്ചുകയറും. അങ്ങനെ വീണ്ടും അവന്റെ കോട്ടയുടെ അടുത്തുവരെ യുദ്ധമെത്തും.
11: അപ്പോള്‍, ദക്ഷിണദേശത്തെ രാജാവു കോപംപൂണ്ടു പുറപ്പെട്ടു്, വലിയ സൈന്യസന്നാഹമുള്ള ഉത്തരദേശത്തെ രാജാവുമായി ഏറ്റുമുട്ടും. ആ സൈന്യം അവന്റെ കൈയിലേല്പിക്കപ്പെടും.
12: ആ വ്യൂഹം പിടിക്കപ്പെടുമ്പോള്‍ അവനഹങ്കരിക്കുകയും പതിനായിരക്കണക്കിനു് ആളുകളെ വീഴ്ത്തുകയുംചെയ്യും; പക്ഷേ, അവന്‍ പ്രബലനാവുകയില്ല.
13: ഉത്തരദേശത്തെ രാജാവു പൂര്‍വ്വാധികംശക്തമായ സൈന്യവ്യൂഹത്തെ വീണ്ടുമൊരുക്കും; ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഒരു മഹാസൈന്യവും വിപുലമായ ആയുധശേഖരവുമായി അവന്‍ വരും.
14: അക്കാലത്തു് അനേകര്‍ ദക്ഷിണദേശത്തെ രാജാവിനെതിരേ ഉയര്‍ന്നുവരും; നിന്റെ ജനത്തില്‍പ്പെട്ട അക്രമികള്‍, ഈ ദര്‍ശനം നിവൃത്തിയാകേണ്ടതിനു് അവനെതിരേ കലഹിക്കും; എന്നാല്‍, അവര്‍ പരാജയപ്പെടും.
15: അപ്പോള്‍ ഉത്തരദേശത്തെ രാജാവു വന്നു്, ഉപരോധമേര്‍പ്പെടുത്തി, സുരക്ഷിതനഗരം പിടിച്ചടക്കും. ദക്ഷിണദേശത്തെ സൈന്യത്തിനു്, അവന്റെ ധീരയോദ്ധാക്കള്‍ക്കുപോലും, പിടിച്ചുനില്‍ക്കാന്‍ ശക്തിയുണ്ടാവുകയില്ല.
16: എന്നാല്‍, ആക്രമണകാരി സ്വേച്ഛാനുസൃതം പ്രവര്‍ത്തിക്കും; ആര്‍ക്കും അവനെ ചെറുത്തുനില്‍ക്കാന്‍കഴിയുകയില്ല. മഹത്ത്വത്തിന്റെ ദേശത്തു്, അവന്‍ നില്‍ക്കുകയും അതവന്റെ പിടിയിലമരുകയുംചെയ്യും.
17: ദക്ഷിണദേശത്തെ രാജാവിന്റെ പ്രദേശങ്ങള്‍മുഴുവന്‍ കീഴടക്കാന്‍ അവന്‍ തീരുമാനിക്കും; അവനുമായി സന്ധിചെയ്യുകയും, അവനെ നശിപ്പിക്കാന്‍വേണ്ടി, തന്റെ പുത്രിയെ വിവാഹംചെയ്തുകൊടുക്കുകയും ചെയ്യും. എന്നാല്‍, ആ ശ്രമം വിജയിക്കുകയില്ല. അതു് അവനുപകരിക്കുകയില്ല.
18: അനന്തരം അവന്‍ തീരപ്രദേശങ്ങളിലേക്കു തിരിഞ്ഞു്, അവയില്‍ പലതും പിടിച്ചടക്കും; പക്ഷേ, ഒരു സൈന്യാധിപന്‍ അവന്റെ ഔദ്ധത്യത്തിനു കടിഞ്ഞാണിടും. ആ അഹങ്കാരം അവനെതിരായിത്തന്നെ തിരിയും.
19: അപ്പോള്‍, അവന്‍ സ്വന്തം നാട്ടിലെ കോട്ടകളിലേക്കു മടങ്ങും; പക്ഷേ, അവന്‍ കാലിടറിവീഴും; അതു്, അവന്റെ അവസാനമായിരിക്കും.
20: പിന്നെ, അവന്റെ സ്ഥാനത്തു മറ്റൊരുവനുയര്‍ന്നുവരും. അവന്‍ മഹത്ത്വത്തിന്റെ ദേശത്തുനിന്നു കപ്പംപിരിക്കാന്‍ ഒരുവനെയയയ്ക്കും; എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവന്‍ പരസ്യമായിട്ടോ യുദ്ധത്തിലോ അല്ലാതെ സംഹരിക്കപ്പെടും.
21: അവന്റെ സ്ഥാനത്തു നിന്ദ്യനായ വേറൊരുവനുയരും; അവനു രാജപദവി ലഭിച്ചിരുന്നില്ല. അവന്‍ മുന്നറിയിപ്പൊന്നുംകൂടാതെ ചതിയില്‍ രാജ്യം കരസ്ഥമാക്കും.
22: അവന്‍ തന്റെ മുമ്പില്‍നിന്നു സൈന്യങ്ങളെ, ഉടമ്പടിയുടെ പ്രഭുവിനെപ്പോലും, തൂത്തുമാറ്റും.
23: സന്ധിചെയ്യുന്ന നിമിഷംമുതല്‍ അവന്‍ വഞ്ചനയോടെ പെരുമാറും; അനുയായികള്‍ കുറച്ചേ ഉള്ളുവെങ്കിലും അവന്‍ പ്രബലനാകും.
24: മുന്നറിയിപ്പുകൂടാതെ, ദേശത്തെ ഏറ്റവും സമ്പന്നമായ ഭാഗങ്ങളിലേക്കു കടന്നുവരും. പിതാക്കന്മാരോ പിതാമഹന്മാരോ ചെയ്തിട്ടില്ലാത്ത ക്രൂരതകള്‍ അവന്‍ ചെയ്യും. തന്റെ അനുചരന്മാര്‍ക്കു് അവന്‍ കൊള്ളവസ്തു പങ്കിട്ടുകൊടുക്കും. അവന്‍ ശക്തിദുര്‍ഗ്ഗങ്ങള്‍ക്കെതിരേ ഉപായങ്ങള്‍ പ്രയോഗിക്കും; പക്ഷേ, കുറെക്കാലത്തേക്കുമാത്രമേ അതു വിജയിക്കുകയുള്ളു.
25: ശക്തിയും ധൈര്യവുമുണര്‍ന്നു് അവന്‍ ഒരു മഹാസൈന്യവുമായി ദക്ഷിണദേശത്തെ രാജാവിനെതിരേ വരും; ദക്ഷിണദേശത്തെ രാജാവു വളരെ വലുതും അതിശക്തവുമായ ഒരു സൈന്യത്തോടുകൂടെ അവനെ നേരിടും; എന്നാല്‍, ചതിപ്രയോഗംമൂലം അവനു പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ല.
26: അവന്റെ മേശയില്‍ ഭക്ഷിക്കുന്നവന്‍തന്നെ അവനെ നശിപ്പിക്കും. അവന്റെ സൈന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുകയും അനേകര്‍ മരിച്ചുവീഴുകയും ചെയ്യും.
27: ഈ രണ്ടു രാജാക്കന്മാരുടെയും മനസ്സുകള്‍ തിന്മയിലേക്കു ചാഞ്ഞിരിക്കും; ഒരേ മേശയ്ക്കു ചുറ്റുമിരുന്നുകൊണ്ടു് അവരസത്യം പറയും, പക്ഷേ, ഒന്നും ഫലിക്കുകയില്ല. കാരണം, അവസാനത്തിനുള്ള നിശ്ചിതസമയം ആസന്നമായിട്ടില്ല.
28: അവന്‍ വലിയ സമ്പത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകും. പക്ഷേ, അവന്റെ ഹൃദയം വിശുദ്ധ ഉടമ്പടിക്കെതിരേ ഉറച്ചിരിക്കും; അവന്‍ തന്നിഷ്ടം പ്രവര്‍ത്തിക്കുകയും സ്വദേശത്തേക്കു മടങ്ങിപ്പോവുകയും ചെയ്യും.
29: നിശ്ചിതസമയത്തു് അവന്‍ തെക്കോട്ടു മടങ്ങിവരും; ഇത്തവണ, മുമ്പത്തേതുപോലെ ആയിരിക്കുകയില്ല.
30: കിത്തിമിലെ കപ്പലുകള്‍ അവനെയെതിര്‍ക്കും; അവന്‍ ഭയപ്പെട്ടുപിന്മാറി, തിരിച്ചുവന്നു്, ക്രുദ്ധനായി വിശുദ്ധഉടമ്പടിക്കെതിരേ പ്രവര്‍ത്തിക്കും. അവന്‍ പിന്‍വാങ്ങി, വിശുദ്ധഉടമ്പടിയുപേക്ഷിച്ചവരുടെ വാക്കുശ്രവിക്കും.
31: അവന്റെ സൈന്യംവന്നു ദേവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തരദഹനബലി നിരോധിക്കുകയുംചെയ്യും. അവര്‍ വിനാശത്തിന്റെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും.
32: ഉടമ്പടിലംഘിക്കുന്നവരെ അവന്‍ മുഖസ്തുതികൊണ്ടു വഴിതെറ്റിക്കും; എന്നാല്‍, തങ്ങളുടെ ദൈവത്തെ അറിയുന്നവര്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും.
33: കുറേക്കാലത്തേക്കു് അവര്‍ വാളും തീയും അടിമത്തവും കവര്‍ച്ചയുംകൊണ്ടു വീഴുമെങ്കിലും ജനത്തിന്റെ ഇടയിലെ ജ്ഞാനികള്‍ അനേകര്‍ക്കു് അറിവുപകരും.
34: വീഴുമ്പോള്‍ അവര്‍ക്കു സഹായം ലഭിക്കാതിരിക്കുകയില്ല. അവരോടു ചേരുന്ന പലരും കപടോദ്ദേശ്യത്തോടെയായിരിക്കും അങ്ങനെ ചെയ്യുക.
35: ജ്ഞാനികളില്‍ ചിലര്‍ വീഴും. ജനത്തെ അവസാനദിവസത്തേക്കു ശുദ്ധീകരിക്കാനും നിര്‍മ്മലരാക്കി വെണ്മയുറ്റവരാക്കാനുംവേണ്ടിയായിരിക്കും അതു്. അന്തിമദിനം വരാനിരിക്കുന്നതേയുള്ളു.
36: രാജാവു് സ്വേച്ഛാനുസൃതം പ്രവര്‍ത്തിക്കും. അവന്‍ തന്നെത്തന്നെ ഉയര്‍ത്തുകയും സകലദേവന്മാര്‍ക്കുമുപരിയായി മഹത്വപ്പെടുത്തുകയും, ദേവന്മാര്‍ക്കും ദൈവമായവനെതിരേ ഭീകരദൂഷണംപറയുകയുംചെയ്യും; ക്രോധം പൂര്‍ത്തിയാകുന്നതുവരെ അവന്‍ അഭിവൃദ്ധിപ്രാപിക്കും; എന്തെന്നാല്‍, നിശ്ചയിക്കപ്പെട്ടതു സംഭവിക്കേണ്ടിയിരിക്കുന്നു.
37: തന്റെ പിതാക്കന്മാരുടെ ദേവന്മാരെയോ സ്ത്രീകളുടെ ഇഷ്ടദേവനെയോ അവന്‍ കൂട്ടാക്കുകയില്ല; എല്ലാവര്‍ക്കുമുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുന്നതിനാല്‍ അവന്‍ ഒരു ദേവനെയും വകവയ്ക്കുകയില്ല.
38: അവയ്ക്കു പകരം അവന്‍ കോട്ടകളുടെ ദേവനെ ആദരിക്കും; തന്റെ പിതാക്കന്മാരറിയാത്ത ദേവനെ സ്വര്‍ണ്ണം, വെള്ളി, രത്നങ്ങള്‍, വിലയേറിയ സമ്മാനങ്ങള്‍ എന്നിവകൊണ്ടു് അവന്‍ ബഹുമാനിക്കും.
39: ഏറ്റവും ശക്തമായ കോട്ടകളോടു് അന്യദേവന്റെ സഹായത്തോടെ അവന്‍ പൊരുതും; തന്നെ അംഗീകരിക്കുന്നവര്‍ക്കു് അവന്‍ വലിയ ബഹുമതികള്‍ നല്‍കും. അവന്‍ അവരെ അനേകരുടെമേല്‍ അധിപതികളാക്കുകയും ദേശം വിഭജിച്ചു് അവര്‍ക്കു വില്‍ക്കുകയും ചെയ്യും.
40: അവസാനനാളില്‍ ദക്ഷിണദേശത്തെ രാജാവു് അവനെ ആക്രമിക്കും; പക്ഷേ, ഉത്തരദേശരാജാവു രഥങ്ങളും അശ്വസേനയും അനേകം കപ്പലുകളുമായി, ചുഴലിക്കാറ്റുപോലെ, അവനെതിരേ ആഞ്ഞടിക്കും; രാജ്യങ്ങളുടെമേല്‍ ഇരച്ചുകയറുകയും ചെയ്യും.
41: അവന്‍ മഹത്വത്തിന്റെ ദേശത്തു വന്നെത്തും. പതിനായിരക്കണക്കിനാളുകള്‍ വീഴും. എന്നാല്‍ ഏദോമും, മൊവാബും, അമ്മോന്യരുടെ പ്രധാന ഭാഗങ്ങളും അവന്റെ കൈയില്‍നിന്നു മോചിപ്പിക്കപ്പെടും.
42: അവന്‍ രാജ്യങ്ങള്‍ക്കെതിരേ കൈനീട്ടും; ഈജിപ്തുദേശം രക്ഷപ്പെടുകയില്ല.
43: അവന്‍ ഈജിപ്തിലെ സ്വര്‍ണ്ണവും വെള്ളിയും മറ്റമൂല്യവസ്തുക്കളും സ്വന്തമാക്കും. ലിബിയക്കാരും എത്യോപ്യാക്കാരും അവനെയനുഗമിക്കും.
44: എന്നാല്‍, കിഴക്കുനിന്നും വടക്കുനിന്നും വരുന്ന വാര്‍ത്തകള്‍ അവനെ അസ്വസ്ഥനാക്കും; അവന്‍ മഹാകോപത്തോടെ പുറപ്പെട്ടു്, അനേകരെ ഉന്മൂലനം ചെയ്യും.
45: അവന്‍ തന്റെ രാജമന്ദിരസദൃശമായ കൂടാരങ്ങള്‍ കടലിനും മഹത്വപൂര്‍ണ്ണമായ വിശുദ്ധഗിരിക്കും ഇടയ്ക്കു നിര്‍മ്മിക്കും; എങ്കിലും സഹായിക്കാന്‍ ആരുമില്ലാതെ അവന്റെ ജീവിതമൊടുങ്ങും.

അദ്ധ്യായം 12

യുഗാന്തം

1: അക്കാലത്തു നിന്റെ ജനത്തിന്റെ ചുമതലവഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്‍ക്കും. ജനത രൂപംപ്രാപിച്ചതുമുതല്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടതകള്‍ അന്നുണ്ടാകും. എന്നാല്‍ ഗ്രന്ഥത്തില്‍പ്പേരുള്ള നിന്റെ ജനംമുഴുവന്‍ രക്ഷപ്പെടും.
2: ഭൂമിയിലെ പൊടിയിലുറങ്ങുന്ന അനേകരുണരും; ചിലര്‍ നിത്യജീവനായും, ചിലര്‍ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും.
3: ജ്ഞാനികള്‍ ആകാശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങും. അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍ നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും.
4: ദാനിയേലേ, അവസാനദിവസംവരെ വചനം രഹസ്യമായി സൂക്ഷിച്ചു്, ഗ്രന്ഥത്തിനു മുദ്രവയ്ക്കുക. അനേകര്‍ അങ്ങുമിങ്ങും ഓടിനടക്കുകയും അറിവു വര്‍ദ്ധിക്കുകയുംചെയ്യും.
5: ദാനിയേലായ ഞാന്‍ നോക്കി. ഇതാ, മറ്റു രണ്ടുപേര്‍; ഒരുവന്‍ അരുവിയുടെ ഇക്കരെയും അപരന്‍ അക്കരെയുംനില്‍ക്കുന്നു.
6: അരുവിയുടെ മുകള്‍ഭാഗത്തുനിന്ന ചണവസ്ത്രധാരിയോടു് അവരിലൊരുവന്‍ ചോദിച്ചു: ഈ അദ്ഭുതങ്ങളവസാനിക്കാന്‍ എത്രകാലംവേണം?
7: അരുവിയുടെ മുകള്‍ഭാഗത്തു നിന്നിരുന്ന ചണവസ്ത്രധാരി വലത്തുകൈയും ഇടത്തുകൈയും ആകാശത്തിനുനേരേ ഉയര്‍ത്തി, എന്നേക്കും ജീവിക്കുന്നവന്റെനാമത്തില്‍ ആണയിടുന്നതു ഞാന്‍ കേട്ടു. അതു സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെ ആയിരിക്കും. വിശുദ്ധജനത്തിന്റെ ശക്തി തകര്‍ക്കാന്‍ കഴിയുമ്പോള്‍ ഇവ നിവൃത്തിയാകും.
8: ഞാന്‍ കേട്ടെങ്കിലും എനിക്കു മനസ്സിലായില്ല; അതുകൊണ്ടു ഞാന്‍ ചോദിച്ചു: പ്രഭോ ഇതിന്റെയെല്ലാം പൊരുളെന്താണു്?
9: അവന്‍ പറഞ്ഞു: ദാനിയേലേ, നീ നിന്റെ വഴിക്കു പോവുക. ഈ വചനം അവസാനദിനംവരെയ്ക്കും അടച്ചുമുദ്രവച്ചതാണു്.
10: അനേകര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും നിര്‍മ്മലരാക്കി വെണ്മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്ടര്‍ ദുഷ്ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്ഞാനികള്‍ ഗ്രഹിക്കും.
11: നിരന്തരദഹനബലി നിര്‍ത്തലാക്കുന്നതും, വിനാശകരമായ മ്ലേച്ഛതപ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയംമുതല്‍ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു ദിവസമുണ്ടാകും.
12: ആയിരത്തിമുന്നൂറ്റിമുപ്പത്തഞ്ചുദിവസം ഉറച്ചുനില്‍ക്കുന്നവന്‍ ഭാഗ്യവാന്‍.
13: എന്നാല്‍, നീ പോയിവിശ്രമിക്കുക. അവസാനദിവസം നീ നിന്റെ അവകാശംസ്വീകരിക്കാന്‍ എഴുന്നേല്‍ക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ