ഇരുന്നൂറ്റിയറുപത്തിയഞ്ചാം ദിവസം: ഹബക്കുക്ക് 1 - 3


അദ്ധ്യായം 1

പ്രവാചകന്റെ ആവലാതി

1: ഹബക്കുക്ക്പ്രവാചകനു ദര്‍ശനത്തില്‍ലഭിച്ച ദൈവത്തിന്റെ അരുളപ്പാട്.
2: കര്‍ത്താവേ, എത്രനാള്‍ ഞാന്‍ സഹായത്തിനായി വിളിച്ചപേക്ഷിക്കുകയും അങ്ങതു കേള്‍ക്കാതിരിക്കുകയുംചെയ്യും? എത്രനാള്‍, അക്രമമെന്നുപറഞ്ഞു ഞാന്‍ വിലപിക്കുകയും അങ്ങെന്നെ രക്ഷിക്കാതിരിക്കുകയുംചെയ്യും?
3: തിന്മകളും ദുരിതങ്ങളുംകാണാന്‍, അങ്ങെന്തുകൊണ്ട്, എനിക്കിടവരുത്തുന്നു? നാശവും അക്രമവും ഇതാ, എന്റെ കണ്മുമ്പില്‍! കലഹവും മത്സരവും തലയുയര്‍ത്തുന്നു.
4: നിയമം നിര്‍വ്വീര്യമാക്കപ്പെടുന്നു. നീതി നിര്‍വ്വഹിക്കപ്പെടുന്നില്ല. ദുഷ്ടന്‍ നീതിമാനെവളയുന്നു. നീതി വികലമാക്കപ്പെടുന്നു.

ദൈവത്തിന്റെ മറുപടി
5: ജനതകളുടെയിടയിലേക്കു നോക്കി വിസ്മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെനാളുകളില്‍ ഞാന്‍ ചെയ്യാന്‍പോകുന്നു.
6: ഇതാ, ഞാന്‍ തിക്തവും വേഗമേറിയതുമായ കല്‍ദായജനതയെ ഇളക്കിവിടുന്നു. തങ്ങളുടേതല്ലാത്ത വസതികള്‍ സ്വന്തമാക്കാന്‍ അവര്‍ ഭൂതലമാകെ മുന്നേറുന്നു.
7: ഭയവും ഭീകരതയും വിതയ്ക്കുന്നവരാണവര്‍. നീതിയും ന്യായവും അവര്‍ തീരുമാനിക്കുന്നതുതന്നെ.
8: അവരുടെ കുതിരകള്‍ക്കു പുള്ളിപ്പുലികളെക്കാള്‍ വേഗതയുണ്ട്. അവയ്ക്ക്, ഇരതേടുന്ന ചെന്നായെക്കാള്‍ ഭീകരതയുണ്ട്. അവരുടെ കുതിരപ്പടയാളികള്‍ ഗര്‍വ്വോടെ മുന്നേറുന്നു. അവരുടെ കുതിരപ്പടയാളികള്‍ വിദൂരത്തുനിന്നുവരുന്നു. ഇരയെവിഴുങ്ങാന്‍ വെമ്പല്‍കൊള്ളുന്ന കഴുകനെപ്പോലെ അവര്‍ പറന്നടുക്കുന്നു.
9: അവര്‍ അക്രമവുമായി വരുന്നു. അവര്‍ക്കുമുമ്പേ അവരെക്കുറിച്ചുള്ള ഭീതിനീങ്ങുന്നു. അവരുടെ തടവുകാര്‍ മണല്‍ത്തരിപോലെ അസംഖ്യമാണ്.
10: അവര്‍ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാരെ അവഹേളിക്കുന്നു. കോട്ടകളെ അവര്‍ നിസ്സാരമായി തള്ളുന്നു. മണ്‍തിട്ടയുയര്‍ത്തി അവരതു പിടച്ചെടുക്കുന്നു.
11: കാറ്റുപോലെ അവര്‍ വീശിക്കടന്നുപോകുന്നു; സ്വന്തം ശക്തിയെ ദൈവമായിക്കരുതിയിരുന്നവര്‍ പരിഭ്രാന്തരാകുന്നു.

ആവലാതി
12: എന്റെ ദൈവമേ, അങ്ങ് അനാദിമുതലേ കര്‍ത്താവും പരിശുദ്ധനും അമര്‍ത്യനുമാണല്ലോ. കര്‍ത്താവേ, അങ്ങവരെ ന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയശിലയായവനെ, അങ്ങവരെ ശിക്ഷയ്ക്കായി നീക്കിവച്ചിരിക്കുന്നു.
13: അങ്ങയുടെ കണ്ണുകള്‍ തിന്മദര്‍ശിക്കാന്‍ അനുവദിക്കാത്തവിധം പരിശുദ്ധമാണല്ലോ. അകൃത്യം നോക്കിനില്ക്കാന്‍ അങ്ങേയ്ക്കുകഴിയുകയില്ല. അവിശ്വസ്തരായ മനുഷ്യരെ അങ്ങു കടാക്ഷിക്കുന്നതും ദുഷ്ടന്‍ തന്നെക്കാള്‍ നീതിമാനായ മനുഷ്യനെ വിഴുങ്ങുന്നതുംകണ്ടിട്ട്, അങ്ങു മൗനംദീക്ഷിക്കുന്നതുമെന്തുകൊണ്ട്?
14: അങ്ങു മനുഷ്യരെ കടലിലെ മത്സ്യങ്ങളെപ്പോലെ, നാഥനില്ലാത്ത ഇഴജന്തുക്കളെപ്പോലെ, ആക്കുന്നതെന്തുകൊണ്ട്?
15: അവന്‍ അവരെയെല്ലാം ചൂണ്ടയിട്ടു പിടിക്കുന്നു; വലയില്‍ക്കുടുക്കി വലിച്ചെടുക്കുന്നു. തന്റെ കോരുവലയില്‍ അവയെ ശേഖരിക്കുന്നു. അപ്പോള്‍ അവന്‍ സന്തോഷിച്ചുല്ലസിക്കുന്നു.
16: തന്നിമിത്തം അവന്‍ തന്റെ വലയ്ക്കു ബലികളും തന്റെ കോരുവലയ്ക്കു ധൂപവുമര്‍പ്പിക്കുന്നു. അവ മൂലമാണല്ലോ അവന്‍ സമൃദ്ധിയില്‍ക്കഴിയുന്നതും സമ്പന്നമായി ആഹാരംകഴിക്കുന്നതും.
17: ജനതകളെ നിരന്തരം നിര്‍ദ്ദയമായി വധിച്ചുകൊണ്ട്, അവന്‍ വലകുടഞ്ഞു ശൂന്യമാക്കിക്കൊണ്ടിരിക്കുമോ?

അദ്ധ്യായം 2

മറുപടി
1: ഞാന്‍ എന്റെ കാവല്‍ഗോപുരത്തില്‍ നിലയുറപ്പിക്കും. അവിടുന്നെന്നോട് എന്തു പറയുമെന്നും, എന്റെ ആവലാതിയെക്കുറിച്ച് അവിടുന്നെന്തു മറുപടിനല്കുമെന്നുമറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു.
2: കര്‍ത്താവ് എനിക്കുത്തരമരുളി: ദര്‍ശനം രേഖപ്പെടുത്തുക. ഓടുന്നവനുപോലും വായിക്കത്തക്കവിധം ഫലകത്തില്‍ വ്യക്തമായി എഴുതുക.
3: ദര്‍ശനം അതിന്റെ സമയംപാര്‍ത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായിക്കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല.
4: ഹൃദയപരമാര്‍ത്ഥതയില്ലാത്തവന്‍ പരാജയപ്പെടും. എന്തെന്നാല്‍, നീതിമാന്‍ തന്റെ വിശ്വസ്തതമൂലം ജീവിക്കും.

ദുഷ്‌കര്‍മ്മികള്‍ക്കു ശാപം
5: വീഞ്ഞ്, വഞ്ചനനിറഞ്ഞതാണ്. ഗര്‍വിഷ്ഠന്‍ നിലനില്ക്കുകയില്ല. അവന്റെ അത്യാഗ്രഹം പാതാളംപോലെ വിസ്താരമുളളതാണ്. മൃത്യുവിനെപ്പോലെ അവനൊരിക്കലും മതിവരുകയില്ല; ജനതകളെയെല്ലാം അവന്‍ തനിക്കായി ശേഖരിക്കുന്നു. ജനപദങ്ങളെ തന്റേതെന്നപോലെ അവന്‍ പെറുക്കിക്കൂട്ടുന്നു.
6: ഇവര്‍ നിന്ദയോടും പരിഹാസത്തോടുംകൂടെ അവനെതിരേതിരിഞ്ഞു പറയും: സ്വന്തമല്ലാത്തവ കുന്നുകൂട്ടുന്നവന് എത്രനാളത്തേക്കാണത്; പണയവസ്തുക്കള്‍ വാരിക്കൂട്ടുന്നവന്, ഹാ! കഷ്ടം.
7: നിന്റെ കടക്കാര്‍ പാഞ്ഞടുക്കുകയും നിന്നെ ഭയാധീനനാക്കുന്നവര്‍ ഉണരുകയുംചെയ്യുകയില്ലേ? അപ്പോള്‍ നീയവര്‍ക്കു കൊള്ളവസ്തുവായിത്തീരും.
8: നീ അനേകജനതകളെ കൊള്ളയടിച്ചതിനാല്‍, നീ രക്തംചൊരിയുകയും ഭൂമിയോടും നഗരങ്ങളോടും അതിലെ നിവാസികളോടും നീ അക്രമംകാണിച്ചതിനാല്‍, ജനപദങ്ങളില്‍ അവശേഷിക്കുന്നവര്‍ നിന്നെക്കൊള്ളയടിക്കുകയുംചെയ്യും.
9: അനര്‍ത്ഥങ്ങളെത്തിപ്പിടിക്കാതിരിക്കാന്‍ ഉന്നതത്തില്‍ കൂടുകൂട്ടേണ്ടതിന്, തന്റെ കുടുംബത്തിനുവേണ്ടി അന്യായമായി ധനം നേടുന്നവനു ഹാ! കഷ്ടം.
10: പല ജനതകളെയും നശിപ്പിച്ച് നീ നിന്റെ ഭവനത്തിന് അപമാനംവരുത്തിവച്ചു; നിന്റെ ജീവന്‍ നഷ്ടപ്പെടുത്തി.
11: ഭിത്തിയില്‍നിന്നു കല്ലു വിളിച്ചുപറയും; മേല്‍ക്കൂരയില്‍നിന്നു തുലാം മറുപടിപറയും.
12: രക്തംകൊണ്ടു നഗരംപണിയുകയും അകൃത്യംകൊണ്ടു പട്ടണംസ്ഥാപിക്കുകയുംചെയ്യുന്നവനു ഹാ! കഷ്ടം.
13: അഗ്നിക്കിരയാകാന്‍വേണ്ടിമാത്രം ജനങ്ങള്‍ അദ്ധ്വാനിക്കുന്നതും വ്യര്‍ത്ഥതയ്ക്കുവേണ്ടി ജനതകള്‍ ബദ്ധപ്പെടുന്നതും സൈന്യങ്ങളുടെ കര്‍ത്താവിന്റെ ഹിതമനുസരിച്ചാണല്ലോ.
14: ജലം സമുദ്രത്തെ മൂടുന്നതുപോലെ കര്‍ത്താവിന്റെ മഹത്വത്തെക്കുറിച്ചുള്ള അറിവുകൊണ്ടു ഭൂമിനിറയും.
15: അയല്‍ക്കാരുടെ നഗ്നതകാണാന്‍വേണ്ടി അവരെ ക്രോധത്തിന്റെ പാനപാത്രം കുടിപ്പിച്ച് ഉന്മത്തരാക്കുന്നവര്‍ക്കു ഹാ! കഷ്ടം.
16: മഹത്വത്തിനുപകരം വെറുപ്പുകൊണ്ടു നിനക്കു ചെടിപ്പുണ്ടാകും. നീ കുടിക്കുക, മദോന്മത്തനാവുക. കര്‍ത്താവു തന്റെ വലത്തുകൈയിലെ പാനപാത്രം നിന്റെനേരേ നീട്ടും, ലജ്ജ നിന്റെ മഹത്വത്തെ മറയ്ക്കും.
17: ലബനോനോടു നീചെയ്ത അക്രമം നിന്നെ അടിപ്പെടുത്തും. നീ, രക്തംചൊരിയുകയും ഭൂമിയോടും നഗരങ്ങളോടും അതിലെ നിവാസികളോടും അക്രമംകാണിക്കുകയുംചെയ്തതിനാല്‍ വന്യമൃഗങ്ങള്‍വരുത്തുന്ന നാശം നിന്നെ ഭയവിഹ്വലനാക്കും.
18: വിഗ്രഹംകൊണ്ട് എന്തുപ്രയോജനം? ശില്പിതീര്‍ത്ത ലോഹബിംബവും വ്യാജോപദേഷ്ടാവുമല്ലേ അത്? മൂകവിഗ്രഹങ്ങളുണ്ടാക്കുമ്പോള്‍ ശില്പി, സ്വന്തം കരവിരുതിലാണ് ആശ്രയിക്കുന്നത്.
19: തടിക്കഷണത്തോട് ഉണരുകയെന്നും മൂകമായ കല്ലിനോട് എഴുന്നേല്ക്കുകയെന്നും പറയുന്നവനു ഹാ! കഷ്ടം. അതിനു വെളിപാടുനല്കുവാന്‍കഴിയുമോ? സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടു പൊതിയപ്പെട്ടിരിക്കുന്നുവെങ്കിലും അതിനുള്ളില്‍ ജീവശ്വാസമില്ല.
20: എന്നാല്‍, കര്‍ത്താവു തന്റെ വിശുദ്ധമന്ദിരത്തിലുണ്ട്. ഭൂമിമുഴുവന്‍ അവിടുത്തെമുമ്പില്‍ മൗനംഭജിക്കട്ടെ.

അദ്ധ്യായം 3

പ്രവാചകന്റെ പ്രാര്‍ത്ഥന
1: ഹബക്കുക്ക്പ്രവാചകന്‍ വിലാപരാഗത്തില്‍രചിച്ച പ്രാര്‍ത്ഥനാഗീതം.
2: കര്‍ത്താവേ, അങ്ങയെപ്പറ്റിയും അങ്ങയുടെ പ്രവൃത്തിയെപ്പറ്റിയുംകേട്ടു ഞാന്‍ ഭയന്നു. ഞങ്ങളുടെ നാളുകളില്‍ അങ്ങയുടെ പ്രവൃത്തി ആവര്‍ത്തിക്കണമേ! ഞങ്ങളുടെ നാളുകളില്‍ അതു വെളിപ്പെടുത്തണമേ! ക്രുദ്ധനാകുമ്പോള്‍ അങ്ങയുടെ കരുണയെ അനുസ്മരിക്കണമേ!
3: ദൈവം തേമാനില്‍നിന്ന്, പരിശുദ്ധന്‍ പാരാന്‍പര്‍വ്വതത്തില്‍നിന്ന്, വന്നു. അവിടുത്തെ മഹത്വം ആകാശങ്ങളെ മൂടി. അവിടുത്തെ സ്തുതികളാല്‍ ഭൂമിനിറഞ്ഞു.
4: അവിടുത്തെ ശോഭ, പ്രകാശംപോലെ പരക്കുന്നു. അവിടുത്തെ കരങ്ങളില്‍നിന്ന് രശ്മികള്‍ വീശുന്നു. അവിടെ തന്റെ ശക്തി മറച്ചുവച്ചിരിക്കുന്നു.
5: പകര്‍ച്ചവ്യാധി അവിടുത്തെമുമ്പേ നീങ്ങുന്നു. മഹാമാരി അവിടുത്തെ തൊട്ടുപിന്നിലുണ്ട്.
6: അവിടുന്നെഴുന്നേറ്റു ഭൂമിയെ അളന്നു. അവിടുന്നു ജനതകളെ നോക്കി വിറപ്പിക്കുന്നു. അപ്പോള്‍ നിത്യപര്‍വ്വതങ്ങള്‍ ചിതറിപ്പോയി. ശാശ്വതഗിരികള്‍ മുങ്ങിപ്പോയി. അവിടുത്തെ മാര്‍ഗ്ഗങ്ങള്‍ പണ്ടത്തേതുപോലെതന്നെ.
7: കുഷാന്റെ കൂടാരങ്ങള്‍ ദുരിതത്തിലാഴുന്നതു ഞാന്‍ കണ്ടു. മിദിയാന്‍ ദേശത്തിന്റെ തിരശ്ശീലകള്‍ വിറയ്ക്കുന്നു.
8: കര്‍ത്താവേ, നദികള്‍ക്കെതിരേയാണോ അവിടുത്തെ ക്രോധം? അങ്ങ് കുതിരപ്പുറത്തും വിജയരഥങ്ങളിലും സവാരിചെയ്തപ്പോള്‍ അങ്ങയുടെ കോപം നദികള്‍ക്കെതിരേയും അങ്ങയുടെ രോഷം സമുദ്രത്തിനുനേരേയുമായിരുന്നുവോ?
9: അങ്ങു വില്ലു പുറത്തെടുത്ത്, ഞാണില്‍ അമ്പുതൊടുത്തു. നദികളാല്‍ അങ്ങു ഭൂമിയെ പിളര്‍ക്കുന്നു.
10: പര്‍വ്വതങ്ങള്‍ അങ്ങയെ കണ്ടു വിറച്ചു. മഹാപ്രവാഹങ്ങള്‍ എല്ലാം ഒഴുക്കിക്കളഞ്ഞു. ആഴി ഗര്‍ജ്ജിച്ചു. ഉയരത്തിലേക്ക്, അതിന്റെ കൈകളുയര്‍ത്തി.
11: അങ്ങയുടെ ചീറിപ്പായുന്ന അസ്ത്രങ്ങളുടെ പ്രകാശത്തിലും അങ്ങയുടെ തിളങ്ങുന്ന കുന്തത്തിന്റെ മിന്നലിലും സൂര്യനും ചന്ദ്രനും തങ്ങളുടെ സ്ഥാനത്തു നിശ്ചലമായി.
12: അങ്ങു ക്രോധത്തോടെ ഭൂമിയെച്ചവിട്ടി. കോപത്തോടെ ജനതകളെ മെതിച്ചു.
13: അങ്ങയുടെ ജനത്തിന്റെ, അങ്ങയുടെ അഭിഷിക്തന്റെ, രക്ഷയ്ക്കുവേണ്ടി അങ്ങു മുന്നേറി. അങ്ങു ദുഷ്ടന്റെ ഭവനം തകര്‍ത്തു; അതിന്റെ അടിത്തറവരെ അനാവൃതമാക്കി.
14: അഗതിയെ ഒളിവില്‍ വിഴുങ്ങാമെന്ന വ്യാമോഹത്തോടെ എന്നെച്ചിതറിക്കാന്‍ ചുഴലിക്കാറ്റുപോലെവന്ന അവന്റെ യോദ്ധാക്കളുടെ തല, അങ്ങു കുന്തംകൊണ്ടു പിളര്‍ന്നു.
15: സമുദ്രത്തെ, അതിന്റെ ഇളകിമറിയുന്ന തിരമാലകളെ, അശ്വാരൂഢനായി അങ്ങു ചവിട്ടിമെതിച്ചു.
16: ഞാന്‍ കേട്ടു; എന്റെ ശരീരംവിറയ്ക്കുന്നു. മുഴക്കംകേട്ട്, എന്റെ അധരങ്ങള്‍ ഭയന്നുവിറയ്ക്കുന്നു. എന്റെ അസ്ഥികളുരുകി. എന്റെ കാലുകള്‍ പതറി. ഞങ്ങളെ ആക്രമിക്കാന്‍ വരുന്ന ജനതകളുടെ കഷ്ടകാലം, ഞാന്‍ നിശ്ശബ്ദനായിക്കാത്തിരിക്കും.
17: അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്കളില്ലാതായാലും വയലുകളില്‍ ധാന്യംവിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തിലില്ലാതായാലും ഞാന്‍ കര്‍ത്താവിലാനന്ദിക്കും.
18: എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.
19: കര്‍ത്താവായ ദൈവമാണ് എന്റെ ബലം. കലമാന്റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്നെന്റെ പാദങ്ങള്‍ക്കു വേഗതനല്കി. ഉന്നതങ്ങളില്‍ അവിടുന്നെന്നെ നടത്തുന്നു. 
ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ