ഇരുന്നൂറ്റിനാല്പത്തിയെട്ടാം ദിവസം: എസക്കിയേല്‍ 42 - 45

അദ്ധ്യായം 42

1: അവനെന്നെ വടക്കോട്ടുനയിച്ചു്, പുറത്തുള്ള അങ്കണത്തിലേക്കു കൊണ്ടുവന്നു; വടക്കുള്ളകെട്ടിടത്തിനും ദേവാലയാങ്കണത്തിനും എതിരേയുള്ള മുറികളിലേക്കു് അവനെന്നെ നയിച്ചു.
2: വടക്കുവശത്തുള്ള കെട്ടിടത്തിന്റെ നീളം നൂറുമുഴവും വീതി അമ്പതുമുഴവുമായിരുന്നു.
3: അകത്തേ അങ്കണത്തിന്റെ ഇരുപതുമുഴത്തിനടുത്തു് പുറത്തേ അങ്കണത്തിലെ കല്‍ത്തളത്തിനഭിമുഖമായി മൂന്നുനിലകളിലായി നടപ്പുരകളുണ്ടായിരുന്നു.
4: മുറികള്‍ക്കുമുമ്പില്‍ അകത്തേക്കു പത്തുമുഴം വീതിയും നൂറുമുഴം നീളവുമുള്ള ഒരു പാതയുണ്ടായിരുന്നു; അതിന്റെ വാതിലുകള്‍ വടക്കോട്ടായിരുന്നു.
5: നടപ്പുരകള്‍ക്കു താഴെയും മദ്ധ്യത്തിലുമുള്ള മുറികളില്‍നിന്നെടുത്തതിനെക്കാള്‍ കൂടുതല്‍സ്ഥലം നടപ്പുരകള്‍ക്കു മുകളിലെ മുറികളില്‍നിന്നെടുത്തിരുന്നതിനാല്‍ അവ കൂടുതലിടുങ്ങിയിരുന്നു.
6: അവ മൂന്നുതട്ടായി നിലകൊണ്ടു; ബാഹ്യാങ്കണത്തിലേതുപോലെ തൂണുകളവയ്ക്കില്ലായിരുന്നു. അതുകൊണ്ടാണു മുകളിലത്തെ മുറികള്‍ക്കു താഴത്തെയും മദ്ധ്യത്തിലെയും മുറികളെക്കാള്‍ വീതി കുറഞ്ഞുപോയതു്
7: മുറികള്‍ക്കു സമാന്തരമായി, എതിരേയുള്ള ബാഹ്യാങ്കണത്തിനുനേരേ അമ്പതുമുഴം നീളത്തിലൊരു ഭിത്തിയുണ്ടായിരുന്നു.
8: ദേവാലയത്തിനെതിരേയുള്ള മുറികളുടെ നീളം നൂറുമുഴമായിരുന്നെങ്കില്‍, ബാഹ്യാങ്കണത്തിലുള്ളവയുടേതു് അമ്പതുമുഴമായിരുന്നു.
9: ബാഹ്യാങ്കണത്തില്‍നിന്നു പ്രവേശിക്കുമ്പോള്‍ കിഴക്കുവശത്തായി ഈ മുറികള്‍ക്കുതാഴെ ഒരു കവാടമുണ്ടായിരുന്നു.
10: അവിടെയാണു് പുറത്തേഭിത്തി ആരംഭിക്കുന്നതു്. തെക്കുവശത്തു് അങ്കണത്തിനും കെട്ടിടത്തിനുമെതിരേ മുറികളുണ്ടായിരുന്നു.
11: മുറികള്‍ക്കുമുമ്പില്‍ വഴിയുണ്ടായിരുന്നു. നീളം, വീതി, ബഹിര്‍ഗ്ഗമനമാര്‍ഗ്ഗങ്ങള്‍, വാതിലുകള്‍ മറ്റുസംവിധാനങ്ങള്‍ എന്നിവയില്‍ വടക്കുവശത്തേ മുറികള്‍പോലെതന്നെ ഈ മുറികളും.
12: തെക്കേ മുറികളുടെ താഴെ കിഴക്കുവശത്തു വഴിയിലേക്കു കടക്കുന്നിടത്തു് ഒരു കവാടമുണ്ടായിരുന്നു. അവയ്‌ക്കെതിരേയായിരുന്നു നടുഭിത്തി. അവനെന്നോടു പറഞ്ഞു: അങ്കണത്തിനെതിരേ, വടക്കും തെക്കുമുള്ള മുറികള്‍ വിശുദ്ധങ്ങളാണു്.
13: കര്‍ത്താവിനു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാര്‍ അവിടെവച്ചാണു് ഏറ്റവുംവിശുദ്ധമായ ബലിവസ്തുക്കള്‍ ഭക്ഷിക്കുക. ധാന്യബലിക്കും പാപപരിഹാരബലിക്കും പ്രായശ്ചിത്തബലിക്കുംവേണ്ട വിശുദ്ധവസ്തുക്കൾ അവിടെയാണവര്‍ സൂക്ഷിക്കുക; എന്തെന്നാല്‍ ആ സ്ഥലം വിശുദ്ധമാണു്.
14: പുരോഹിതന്മാര്‍ വിശുദ്ധസ്ഥലത്തുപ്രവേശിച്ചാല്‍പ്പിന്നെ, ശുശ്രൂഷയ്ക്കുപയോഗിക്കുന്ന വസ്ത്രങ്ങള്‍ ഇവിടെ മാറ്റിവച്ചിട്ടേ പുറത്തേ അങ്കണത്തിലേക്കു പോകാവൂ; എന്തെന്നാല്‍ അവ വിശുദ്ധങ്ങളാണു്. വേറെ വസ്ത്രങ്ങള്‍ധരിച്ചിട്ടേ അവര്‍ ജനത്തിനുവേണ്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തേക്കു പോകാവൂ.
15: ദേവാലയത്തിന്റെ ഉള്‍ഭാഗം അളന്നുകഴിഞ്ഞപ്പോള്‍, അവനെന്നെ കിഴക്കേവാതിലിലൂടെ പുറത്തേക്കു നയിച്ചിട്ട്, ചുറ്റുമുള്ള സ്ഥലമളന്നു.
16: അവൻ അളവുദണ്ഡുകൊണ്ടു് കിഴക്കുഭാഗമളന്നു - അഞ്ഞൂറുമുഴം.
17: അവന്‍ തിരിഞ്ഞു്, വടക്കുഭാഗമളന്നു - അതും അഞ്ഞൂറുമുഴം.
18: പിന്നെ അവന്‍ തെക്കുഭാഗമളന്നു - അതും അഞ്ഞൂറുമുഴം.
19: അവന്‍ തിരിഞ്ഞു പടിഞ്ഞാറുഭാഗമളന്നു - അതും അഞ്ഞൂറുമുഴം.
20: നാലുവശവും അവനളന്നു. ഓരോവശത്തും അഞ്ഞൂറുമുഴംനീളത്തില്‍ അതിനുചുറ്റും മതിലുണ്ടായിരുന്നു. അതു വിശുദ്ധസ്ഥലത്തെ വിശുദ്ധസ്ഥലമല്ലാത്ത സ്ഥലത്തുനിന്നു വേര്‍തിരിച്ചു.

അദ്ധ്യായം 43

കര്‍ത്താവിന്റെ മഹത്വം മടങ്ങിവരുന്നു

1: പിന്നീടവനെന്നെ കിഴക്കേ പടിപ്പുരയിലേക്കു കൊണ്ടുവന്നു.
2: ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അതാ, കിഴക്കുനിന്നു വരുന്നു. അവിടുത്തെ ആഗമനത്തിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരമ്പൽപോലെയായിരുന്നു. ഭൂമി അവിടുത്തെ തേജസ്സുകൊണ്ടു പ്രകാശിച്ചു.
3: നഗരം നശിപ്പിക്കാനവിടുന്നുവന്നപ്പോള്‍ എനിക്കുണ്ടായ ദര്‍ശനവും കേബാര്‍നദീതീരത്തുവച്ചു് എനിക്കുണ്ടായ ദര്‍ശനവുംപോലെതന്നെയായിരുന്നു ഇപ്പോഴത്തേതും. ഞാന്‍ കമിഴ്ന്നുവീണു.
4: കര്‍ത്താവിന്റെ മഹത്വം കിഴക്കേ പടിപ്പുരയിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു.
5: അപ്പോള്‍ ആത്മാവെന്നെ ഉയര്‍ത്തി, ഉള്ളിലെ അങ്കണത്തിലേക്കു കൊണ്ടുവന്നു; അതാ, ദൈവമഹത്വം ആലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
6: ആ മനുഷ്യനപ്പോഴും എന്റെയടുത്തുണ്ടായിരുന്നു. അപ്പോള്‍ ദേവാലയത്തിനകത്തുനിന്നു് ആരോ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.
7: അതിപ്രകാരമായിരുന്നു: മനുഷ്യപുത്രാ, എന്റെ സിംഹാസനവും പാദപീഠവും, ഇസ്രായേല്‍മക്കളുടെയിടയില്‍ ഞാന്‍ നിത്യമായിവസിക്കുന്ന ഇടവുമിതാണു്. ഇസ്രായേല്‍ഭവനം, അവരോ അവരുടെ രാജാക്കന്മാരോ, തങ്ങളുടെ വ്യഭിചാരംകൊണ്ടും രാജാക്കന്മാരുടെ മൃതശരീരങ്ങള്‍കൊണ്ടും എന്റെ പരിശുദ്ധനാമം മേലിലശുദ്ധമാക്കുകയില്ല.
8: അവര്‍ തങ്ങളുടെ ഉമ്മറപ്പടികളും വാതില്പടികളും എന്റെ ഉമ്മറപ്പടികള്‍ക്കും വാതില്പടികള്‍ക്കുമരികില്‍ സ്ഥാപിച്ചു. അവര്‍ക്കും എനിക്കുമിടയിൽ ഒരു ഭിത്തിമാത്രമേയുള്ളു. തങ്ങളുടെ മ്ലേച്ഛതകള്‍വഴി എന്റെ പരിശുദ്ധനാമത്തെ അവരശുദ്ധമാക്കി. അതുകൊണ്ട്, ഞാനവരെ എന്റെ കോപത്തില്‍ നശിപ്പിച്ചു.
9: അവര്‍ തങ്ങളുടെ അവിശ്വസ്തതയും രാജാക്കന്മാരുടെ മൃതശരീരങ്ങളും എന്നില്‍നിന്നും ദൂരെമാറ്റട്ടെ. അപ്പോള്‍ ഞാനവരുടെമദ്ധ്യേ എന്നെന്നും വസിക്കും.
10: മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനം തങ്ങളുടെയകൃത്യങ്ങളെപ്പറ്റി ലജ്ജിക്കേണ്ടതിനു്, ദേവാലയവും അതിന്റെ അളവും രൂപവും നീ അവര്‍ക്കു വിവരിച്ചുകൊടുക്കുക.
11: തങ്ങള്‍ചെയ്തിട്ടുള്ള സകലകാര്യങ്ങളെപ്പറ്റിയും അവര്‍ ലജ്ജിക്കുകയാണെങ്കില്‍, ദേവാലയവും അതിന്റെ സംവിധാനവും പുറത്തേക്കുമകത്തേക്കുമുള്ള മാര്‍ഗ്ഗങ്ങളും അതിന്റെ പൂര്‍ണ്ണരൂപവും കാണിച്ചുകൊടുക്കുക; അതിന്റെ എല്ലാ നിയമങ്ങളും ചട്ടങ്ങളും അവരെയറിയിക്കുക; ഈ നിയമങ്ങളും ചട്ടങ്ങളും അവര്‍ പാലിക്കേണ്ടതിനു് അവര്‍ കാണ്‍കെ അവ എഴുതിവയ്ക്കുക.
12: ദേവാലയത്തിന്റെ നിയമമിതാണു്: മലമുകളില്‍ ദേവാലയത്തിനു ചുറ്റുമുള്ള സ്ഥലംമുഴുവന്‍ ഏറ്റവും വിശുദ്ധമായിരിക്കും - ഇതാണു് ദേവാലയത്തിന്റെ നിയമം.

ബലിപീഠം
13: ബലിപീഠത്തിന്റെ അളവുകള്‍ മുഴംകണക്കിനു് - ഒരു സാധാരണമുഴവും കൈപ്പത്തിയുംചേര്‍ന്നതു് - ഇവയാണു്: അതിന്റെ അടിത്തറയ്ക്ക് ഒരുമുഴം കനവും ഒരുമുഴം വീതിയും. അതിന്റെ വക്കു് ഒരു ചാണ്‍ തള്ളിനില്‍ക്കണം. ബലിപീഠത്തിന്റെ ഉയരമിതാണു്:
14: അടിത്തറമുതല്‍ അടിത്തട്ടുവരെ രണ്ടുമുഴം ഉയരവും ഒരുമുഴം വീതിയും. അടിത്തട്ടുമുതല്‍ മേല്‍ത്തട്ടുവരെ നാലുമുഴം വീതിയും
15: ബലിപീഠത്തിന്റെ അടുപ്പിനു നാലുമുഴം ഉയരം. അതിന്മേൽ ഓരോമുഴം ഉയരത്തില്‍ തള്ളിനില്‍ക്കുന്ന നാലുകൊമ്പുകള്‍.
16: പന്ത്രണ്ടുമുഴം നീളവും പന്ത്രണ്ടുമുഴം വീതിയുമുള്ള സമചതുരമായിരിക്കണം അടുപ്പ്.
17: പതിന്നാലുമുഴം നീളവും പതിന്നാലുമുഴം വീതിയുമുള്ള സമചതുരമായിരിക്കണം, ബലിപീഠത്തിന്റെ തട്ടു്. ചുറ്റുമുള്ളവയ്ക്ക് അരമുഴവും ചുവടു ചുറ്റും ഒരുമുഴവും വീതിയിലായിരിക്കണം. ബലിപീഠത്തിന്റെ പടികള്‍ കിഴക്കോട്ടു ദര്‍ശനമായിരിക്കണം.
18: അവനെന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ബലിപീഠത്തെസംബന്ധിച്ച നിയമങ്ങള്‍ ഇവയാണു്; ദഹനബലിക്കും രക്തംതളിക്കലിനുംവേണ്ടി ഇതു സ്ഥാപിക്കപ്പെടുന്ന ദിവസം,
19: എന്നെ ശുശ്രൂഷിക്കാന്‍, എന്നെ സമീപിക്കുന്ന സാദോക്കിന്റെ കുടുംബത്തില്‍പ്പെട്ട ലേവ്യപുരോഹിതര്‍ക്കു പാപപരിഹാരബലിക്കായി ഒരു കാളക്കുട്ടിയെക്കൊടുക്കണം, ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
20: അതില്‍നിന്നു കുറെ രക്തമെടുത്തു ബലിപീഠത്തിന്റെ നാലുകൊമ്പുകളിലും തട്ടിന്റെ നാലുകോണുകളിലും ചുറ്റുമുള്ള വക്കിലും പുരട്ടുക. അങ്ങനെ അതിനെ പാപത്തില്‍നിന്നു പവിത്രീകരിക്കുകയും അതിനുവേണ്ടി പരിഹാരംചെയ്യുകയുംവേണം.
21: നീ പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയെ വിശുദ്ധസ്ഥലത്തിനു പുറത്തു ദേവാലയത്തിന്റെ വകയായി നിശ്ചയിക്കപ്പെട്ട സ്ഥലത്തുവച്ചു ദഹിപ്പിക്കണം.
22: രണ്ടാംദിവസം ഊനമറ്റ ഒരു കോലാട്ടുകൊറ്റനെ പാപപരിഹാരബലിയായി നീയര്‍പ്പിക്കണം. കാളക്കുട്ടിയെക്കൊണ്ടു ബലിപീഠം ശുദ്ധീകരിച്ചതുപോലെ ഇതിനെക്കൊണ്ടും ശുദ്ധീകരിക്കണം.
23: അതു ശുദ്ധീകരിച്ചുകഴിയുമ്പോള്‍ ഊനമറ്റ ഒരു കാളക്കുട്ടിയെയും ആട്ടിന്‍കൂട്ടത്തില്‍നിന്നു് ഊനമറ്റ ഒരു മുട്ടാടിനെയും നീ ബലിയര്‍പ്പിക്കണം.
24: നീയവയെ കര്‍ത്താവിന്റെ സന്നിധിയില്‍ കൊണ്ടുവരണം; പുരോഹിതന്മാര്‍ അവയുടെമേല്‍ ഉപ്പുവിതറി, അവയെ ദഹനബലിയായി കര്‍ത്താവിനു സമര്‍പ്പിക്കും.
25: പാപപരിഹാരബലിക്കായി ഒരു കോലാടിനെവീതം ഏഴുദിവസത്തേക്കു നീ ബലിയര്‍പ്പിക്കണം. ഊനമറ്റൊരു കാളക്കുട്ടിയെയും ആട്ടിന്‍കൂട്ടത്തില്‍നിന്നു് ഊനമറ്റൊരാട്ടിന്‍കൊററനെയുംകൂടെ നീ ഇപ്രകാരം സമര്‍പ്പിക്കണം.
26: ഏഴു ദിവസത്തേക്കു് അവര്‍ ബലിപീഠത്തിനുവേണ്ടി പരിഹാരംചെയ്യുകയും അതു ശുദ്ധീകരിക്കുകയും അങ്ങനെ അതിനെ പ്രതിഷ്ഠിക്കുകയുംവേണം.
27: എട്ടാംദിവസംമുതല്‍ നിങ്ങളുടെ ദഹനബലികളും സമാധാനബലികളും പുരോഹിതന്മാര്‍ ബലിപീഠത്തില്‍ സമര്‍പ്പിക്കും; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും- ദൈവമായ കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു.

അദ്ധ്യായം 44

ദേവാലയത്തിലെ നിബന്ധനകള്‍

1: വിശുദ്ധസ്ഥലത്തിന്റെ പുറത്ത്, കിഴക്കോട്ടു ദര്‍ശനമായിനില്‍ക്കുന്ന പടിപ്പുരയിലേക്കു് അവനെന്നെ തിരിയെക്കൊണ്ടുവന്നു; അതടച്ചിരുന്നു.
2: കര്‍ത്താവെന്നോടരുളിച്ചെയ്തു: ഈ പടിപ്പുര എപ്പോഴുമ ടച്ചിരിക്കും; അതു തുറക്കപ്പെടുകയില്ല. ആരുമതിലൂടെ പ്രവേശിക്കുകയുമില്ല. എന്തെന്നാല്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവതിലൂടെ പ്രവേശിച്ചിരിക്കുന്നു; അതുകൊണ്ടു്, അതടഞ്ഞുകിടക്കണം.
3: കര്‍ത്താവിന്റെ സന്നിധിയില്‍ അപ്പംഭക്ഷിക്കാന്‍ രാജാവിനുമാത്രം അവിടെയിരിക്കാം. അവന്‍ പടിപ്പുരയുടെ പൂമുഖത്തിന്റെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിക്കുകയും ആ വഴിയിലൂടെതന്നെ പുറത്തുപോകുകയും വേണം.
4: വടക്കേപടിപ്പുരയിലൂടെ അവനെന്നെ ദേവാലയത്തിന്റെ മുന്‍വശത്തേക്കു കൊണ്ടുവന്നു. കര്‍ത്താവിന്റെ തേജസ്സു് ദേവാലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നതു ഞാന്‍ കണ്ടു.
5: ഞാന്‍ കമിഴ്ന്നുവീണു. കര്‍ത്താവെന്നോടരുളിച്ചെയ്തു: മനുഷ്യപുത്രാ, കര്‍ത്താവിന്റെ ആലയത്തെപ്പറ്റി ഞാന്‍പറയുന്ന ചട്ടങ്ങളും നിയമങ്ങളും സൂക്ഷിച്ചുകാണുകയും കേള്‍ക്കുകയും ശ്രദ്ധിച്ചുമനസ്സിലാക്കുകയുംചെയ്യുക. ദേവാലയത്തില്‍ ആര്‍ക്കു പ്രവേശിക്കാം, ആര്‍ക്കു പ്രവേശിച്ചുകൂടായെന്ന്, നീ ഓര്‍ത്തുകൊള്ളുക.
6: ധിക്കാരികളുടെ ആ ഭവനത്തോടു്, ഇസ്രായേല്‍ഭവനത്തോടുതന്നെ, പറയുക; ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു, ഇസ്രായേല്‍ഭവനമേ, നിന്റെ മ്ലേച്ഛതകളവസാനിപ്പിക്കുക.
7: എനിക്കു ഭക്ഷണമായി മേദസ്സും രക്തവും സമര്‍പ്പിക്കുമ്പോള്‍ ഹൃദയത്തിലും ശരീരത്തിലും അപരിച്ഛേദിതരായ അന്യരെ എന്റെ വിശുദ്ധസ്ഥലത്തുപ്രവേശിപ്പിച്ചു്, അതിനെ അശുദ്ധമാക്കുന്നതു നിറുത്തുവിന്‍. എല്ലാവിധമ്ലേച്ഛതകള്‍ക്കുമുപരി, നിങ്ങളെന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.
8: നിങ്ങളെന്റെ വിശുദ്ധവസ്തുക്കള്‍ സൂക്ഷിച്ചില്ല, എന്റെ വിശുദ്ധആലയം സൂക്ഷിക്കാന്‍ നിങ്ങളന്യരെയേര്‍പ്പെടുത്തി.
9: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ക്കാരുടെയിടയിലുള്ള, ഹൃദയത്തിലും ശരീരത്തിലും അപരിച്ഛേദിതരായ, അന്യരാരും എന്റെ വിശുദ്ധസ്ഥലത്തു പ്രവേശിക്കരുതു്.
10: ഇസ്രായേല്‍ വഴിപിഴച്ചകാലത്തു്, എന്നില്‍നിന്നകന്ന്, വിഗ്രഹങ്ങളുടെപുറകേപോയ ലേവ്യർ, അതിനുള്ള ശിക്ഷയനുഭവിക്കും.
11: ദേവാലയത്തിന്റെ പടിപ്പുര കാവല്‍ക്കാരായും ദേവാലയത്തിലെ പരിചാരകരായും അവര്‍ എന്റെ വിശുദ്ധസ്ഥലത്തു് ശുശ്രൂഷകരായിരിക്കും; ജനങ്ങള്‍ക്കുവേണ്ടിയുള്ള ബലിക്കും ദഹനബലിക്കുമുള്ള മൃഗങ്ങളെ അവര്‍ കൊല്ലണം; അവര്‍ ജനത്തിനു സേവനംചെയ്യാന്‍ ചുമതലപ്പെട്ടവരാണു്.
12: അവര്‍ വിഗ്രഹങ്ങളുടെ മുമ്പില്‍ ശുശ്രൂഷചെയ്തുകൊണ്ടു് ഇസ്രായേല്‍ഭവനത്തിനു പാപഹേതുവായിത്തീര്‍ന്നതിനാല്‍ ഞാന്‍ ശപഥംചെയ്തിരിക്കുന്നു: അവര്‍ തങ്ങള്‍ക്കുള്ള ശിക്ഷയനുഭവിക്കും; ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
13: എനിക്കു പുരോഹിതശുശ്രൂഷചെയ്യാന്‍ എന്നെയോ എന്റെ വിശുദ്ധവും അതിവിശുദ്ധവുമായ വസ്തുക്കളെയോ അവര്‍ സമീപിക്കരുതു്. തങ്ങളുടെ മേച്ഛതകള്‍നിമിത്തം അവരപമാനം സഹിക്കണം.
14: എന്നാലും ദേവാലയത്തിന്റെ സൂക്ഷിപ്പിനും സേവനത്തിനും അതിലെ മറ്റെല്ലാജോലികള്‍ക്കും ഞാനവരെ നിയമിക്കും.
15: ഇസ്രായേല്‍ജനത എന്നില്‍നിന്നു വഴിതെറ്റിയപ്പോള്‍ എന്റെ വിശുദ്ധസ്ഥലത്തിന്റെ സൂക്ഷിപ്പുകാരായിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യപുരോഹിതന്മാര്‍ എന്റെയടുക്കല്‍വന്നു് എന്നെ ശുശ്രൂഷിക്കണം. മേദസ്സും രക്തവും എനിക്കു സമര്‍പ്പിക്കുന്നതിനു് അവര്‍ എന്റെമുമ്പില്‍ നില്ക്കണം. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
16: അവരെന്റെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുകയും എന്റെ മേശയെ സമീപിച്ചു്, എനിക്കുള്ള ശുശ്രൂഷകളനുഷ്ഠിക്കുകയുംവേണം.
17: അകത്തെ അങ്കണത്തിലെ പടിപ്പുരകളില്‍ പ്രവേശിക്കുമ്പോൾ അവര്‍ ചണവസ്ത്രങ്ങള്‍ ധരിച്ചിരിക്കണം. അവിടെയും ദേവാലയത്തിനകത്തും എനിക്കു ശുശ്രൂഷചെയ്യുമ്പോള്‍ രോമംകൊണ്ടുള്ളതൊന്നും അവര്‍ ധരിക്കരുതു്.
18: അവരുടെ തലപ്പാവും കാല്‍ച്ചട്ടയും ചണംകൊണ്ടുള്ളതായിരിക്കണം. വിയര്‍പ്പുണ്ടാക്കുന്ന യാതൊന്നും അവര്‍ ധരിക്കരുതു്.
19: അവര്‍ പുറത്തെ അങ്കണത്തില്‍ ജനങ്ങളുടെയടുത്തേക്കു പോകുമ്പോള്‍ തങ്ങള്‍ ശുശ്രൂഷയ്ക്കുപയോഗിച്ചിരുന്ന വസ്ത്രങ്ങളഴിച്ചു വിശുദ്ധമായമുറികളില്‍ വയ്ക്കണം; തങ്ങളുടെ വസ്ത്രത്തില്‍നിന്ന്, വിശുദ്ധി ജനങ്ങളിലേക്കു പകരാതിരിക്കേണ്ടതിനു് അവര്‍ മറ്റുവസ്ത്രങ്ങള്‍ധരിക്കണം.
20: അവര്‍ തല മുണ്ഡനംചെയ്യുകയോ മുടിനീട്ടുകയോചെയ്യാതെ കത്രിക്കുകമാത്രമേ ചെയ്യാവൂ.
21: അകത്തെ അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ പുരോഹിതന്‍ വീഞ്ഞു കുടിച്ചിരിക്കരുതു്.
22: അവര്‍ വിധവയെയോ, ഉപേക്ഷിക്കപ്പെട്ടവളെയോ വിവാഹംചെയ്യരുതു്; ഇസ്രായേല്‍ഭവനത്തിലെ കന്യകയെയോ പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹംചെയ്യാം.
23: വിശുദ്ധവും വിശുദ്ധമല്ലാത്തതുംതമ്മിലുള്ള വ്യത്യാസം അവരെന്റെ ജനത്തെപ്പഠിപ്പിക്കുകയും എപ്രകാരമാണു് അതു വേര്‍തിരിച്ചറിയേണ്ടതെന്നു് അവര്‍ക്കു കാണിച്ചുകൊടുക്കുകയും വേണം.
24: തര്‍ക്കത്തില്‍ അവര്‍ വിധികര്‍ത്താക്കളായിരിക്കണം. എന്റെ വിധികളനുസരിച്ചായിരിക്കണം അവര്‍ വിധിക്കേണ്ടതു്. നിശ്ചിതതിരുനാളുകളില്‍ അവര്‍ എന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും എന്റെ സാബത്തു വിശുദ്ധമായി ആചരിക്കുകയുംവേണം.
25: മൃതശരീരത്തെ സമീപിച്ചു് അവരശുദ്ധരാകരുതു്; എന്നാല്‍ പിതാവു്, മാതാവു്, മകൻ‍, മകള്‍, സഹോദരന്‍, അവിവാഹിതയായ സഹോദരി എന്നിവര്‍ക്കുവേണ്ടി അശുദ്ധരാകാം.
26: അശുദ്ധനായശേഷം അവന്‍ ഏഴുദിവസം കാത്തിരിക്കട്ടെ; അതുകഴിഞ്ഞാല്‍ അവന്‍ ശുദ്ധനാകും.
27: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ശുശ്രൂഷയ്ക്കായി അകത്തെ അങ്കണത്തില്‍ വിശുദ്ധസ്ഥലത്തേക്കു പോകുന്ന ദിവസം, അവന്‍ തനിക്കുള്ള പാപപരിഹാരബലിയര്‍പ്പിക്കണം.
28: അവര്‍ക്കു പൈതൃകാവകാശം ഒന്നുമുണ്ടായിരിക്കരുതു്. ഞാനാണു് അവരുടെയവകാശം. നിങ്ങള്‍ ഇസ്രായേലില്‍ സ്വത്തൊന്നും അവര്‍ക്കു നല്കരുതു്; ഞാനാണു് അവരുടെ സമ്പത്തു്.
29: ധാന്യബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി എന്നിവ അവര്‍ക്കു ഭക്ഷിക്കാം. ഇസ്രായേലില്‍, അര്‍പ്പിക്കപ്പെട്ട വസ്തുക്കളെല്ലാം അവര്‍ക്കുള്ളതാണു്.
30: എല്ലാത്തരത്തിലുമുള്ള ആദ്യഫലങ്ങളില്‍ ആദ്യത്തേതും നിങ്ങളുടെ എല്ലാവിധ വഴിപാടുകളും പുരോഹിതന്മാര്‍ക്കുള്ളതാണു്. നിങ്ങളുടെ ഭവനത്തിനു് അനുഗ്രഹംലഭിക്കാന്‍ നിങ്ങളുടെ തരിമാവില്‍ ആദ്യഭാഗം പുരോഹിതര്‍ക്കു കൊടുക്കണം.
31: താനേ ചത്തതോ പിച്ചിച്ചീന്തപ്പെട്ടതോ ആയ പക്ഷിയെയോ മൃഗത്തെയോ പുരോഹിതന്‍ ഭക്ഷിക്കരുതു്.


അദ്ധ്യായം 45

ദേശത്തു കര്‍ത്താവിന്റെ ഓഹരി
1: നിങ്ങള്‍ സ്ഥലം ഭാഗംവയ്ക്കുമ്പോള്‍ ഒരു ഭാഗം ഇരുപത്തയ്യായിരം മുഴം നീളത്തിലും ഇരുപതിനായിരം മുഴം വീതിയിലും കര്‍ത്താവിന്റെ വിശുദ്ധഭാഗമായി നീക്കിവയ്ക്കണം. ആ സ്ഥലം മുഴുവനും വിശുദ്ധമായിരിക്കും.
2: ഇതില്‍ അഞ്ഞൂറുമുഴം നീളവും വീതിയുമുള്ള സമചതുരം വിശുദ്ധമന്ദിരത്തിനുള്ളതാണു്. അതിനുചുററും അമ്പതുമുഴം ഒഴിവാക്കിയിടണം.
3: വിശുദ്ധമേഖലയില്‍ ഇരുപത്തയ്യായിരംമുഴം നീളത്തിലും പതിനായിരംമുഴം വീതിയിലും അളന്നുതിരിക്കുക. അതില്‍വേണം അതിവിശുദ്ധമായ ദേവാലയംസ്ഥിതിചെയ്യാന്‍.
4: അതു ദേശത്തിന്റെ വിശുദ്ധഭാഗമായിരിക്കും. ദേവാലയത്തില്‍ ശുശ്രൂഷിക്കുന്നവരും കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍വേണ്ടി അവിടുത്തെ സമീപിക്കുന്നവരുമായ പുരോഹിതന്മാര്‍ക്കുവേണ്ടിയായിരിക്കുമതു്. അവിടെയായിരിക്കും അവരുടെ ഭവനങ്ങളും ദേവാലയത്തിനുള്ള വിശുദ്ധസ്ഥലവും.
5: ഇരുപത്തയ്യായിരംമുഴം നീളവും പതിനായിരംമുഴം വീതിയുമുള്ള ബാക്കിഭാഗം ദേവാലയത്തില്‍ ശുശ്രൂഷിക്കുന്ന ലേവ്യര്‍ക്കുള്ളതാണു്. അതു്, അവര്‍ക്കു വസിക്കാനുള്ള നഗരത്തിനുവേണ്ട സ്ഥലമാണു്.
6: വിശുദ്ധമേഖലയോടുചേര്‍ന്ന്, ഇരുപത്തയ്യായിരംമുഴം നീളത്തിലും അയ്യായിരംമുഴം വീതിയിലും നഗരത്തിനായി സ്ഥലം നീക്കിവയ്ക്കണം; അതു് ഇസ്രായേല്‍ഭവനത്തിന്റെ പൊതുസ്വത്താണു്.

രാജാവിന്റെ അവകാശവും ചുമതലയും
7: വിശുദ്ധമേഖലയുടെയും നഗരസ്വത്തിന്റെയും ഇരുവശങ്ങളിലായി അവയോടുചേര്‍ന്ന് കിഴക്കും പടിഞ്ഞാറുമായി ഒരു ഗോത്രത്തിന്റെ ഓഹരിസ്ഥലത്തോളം നീളത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിമുതല്‍ കിഴക്കേ അതിര്‍ത്തിവരെ നീണ്ടുകിടക്കുന്ന സ്ഥലം രാജാവിനുള്ളതായിരിക്കും.
8: ഇസ്രായേലിൽ ഇതു രാജാവിന്റെ സ്വത്തായിരിക്കണം. എന്റെ രാജാക്കന്മാര്‍ എന്റെ ജനത്തെ ഒരിക്കലും പീഡിപ്പിക്കരുതു്; ഇസ്രായേല്‍ഭവനത്തിന്, ഗോത്രങ്ങള്‍ക്കനുസൃതമായ സ്ഥലം അവര്‍ വിട്ടുകൊടുക്കണം.
9: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍രാജാക്കന്മാരേ, മതിയാക്കുക; അക്രമവും പീഡനവുമവസാനിപ്പിച്ചു്, നീതിയും ന്യായവുംനടത്തുവിന്‍. എന്റെ ജനത്തെ കുടിയിറക്കുന്നതു നിറുത്തുവിന്‍ - ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
10: ശരിയായ ത്രാസും ഏഫായും ബത്തും നിങ്ങള്‍ക്കുണ്ടായിരിക്കണം.
11: ഏഫായുടെയും ബത്തിന്റെയും അളവു് ഒന്നായിരിക്കണം. ഹോമറിന്റെ പത്തിലൊന്നാണു് ഏഫാ. ബത്തും ഹോമറിന്റെ പത്തിലൊന്നുതന്നെ. ഹോമറായിരിക്കണം അടിസ്ഥാന അളവു്.
12: ഒരു ഷെക്കല്‍, ഇരുപതു ഗേരാ ആയിരിക്കണം. അഞ്ചു ഷെക്കല്‍ അഞ്ചു ഷെക്കലും പത്തു ഷെക്കല്‍ പത്തു ഷെക്കലുമായിരിക്കണം. നിങ്ങളുടെ മീനാ അമ്പതു ഷെക്കലായിരിക്കണം.
13: നിങ്ങള്‍ സമര്‍പ്പിക്കേണ്ട വഴിപാടിതാണു്: ഗോതമ്പും ബാര്‍ലിയും ഹോമറിനു് ഏഫായുടെ ആറിലൊന്നു്.
14: എണ്ണ, കോറിനു ബത്തിന്റെ പത്തിലൊന്നും - കോര്‍, ഹോമര്‍പോലെതന്നെ പത്തു ബത്തു്.
15: ഇസ്രായേല്‍ക്കുടുംബങ്ങള്‍ ആട്ടിന്‍കൂട്ടത്തില്‍നിന്നു് ഇരുനൂറിനു് ഒന്നെന്ന കണക്കില്‍ സമര്‍പ്പിക്കണം. ഇതു്, അവര്‍ക്കുവേണ്ടി പരിഹാരംചെയ്യാനുള്ള ധാന്യബലിക്കും ദഹനബലിക്കും സമാധാനബലിക്കുംവേണ്ട കാഴ്ചയാണു്. ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു.
16: ഇസ്രായേല്‍രാജാവിന്റെ കൈയില്‍ ജനമെല്ലാം ഈ കാഴ്ചവസ്തുക്കള്‍ ഏല്പിക്കണം.
17: ഇസ്രായേലിന്റെ എല്ലാ നിശ്ചിതതിരുനാളുകളിലും അമാവാസികളിലും സാബത്തുകളിലും ദഹനബലിക്കും ധാന്യബലിക്കും പാനീയബലിക്കുംവേണ്ട വകകള്‍ കൊടുക്കുക, രാജാവിന്റെ കടമയാണു്. ഇസ്രായേല്‍ഭവനത്തിന്റെ പാപപരിഹാരത്തിനുവേണ്ടി അവന്‍ പാപപരിഹാരബലികള്‍ക്കും ധാന്യബലികള്‍ക്കും ദഹനബലികള്‍ക്കും സമാധാനബലികള്‍ക്കും വേണ്ടതു നല്കണം.

തിരുനാളുകള്‍
18: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഒന്നാംമാസം ഒന്നാംദിവസം ഊനമറ്റൊരു കാളക്കുട്ടിയെക്കൊണ്ടുവന്ന്, വിശുദ്ധസ്ഥലം ശുദ്ധീകരിക്കണം.
19: പുരോഹിതന്‍ പാപപരിഹാരബലിയില്‍നിന്നു കുറെ രക്തമെടുത്തു ദേവാലയത്തിന്റെ വാതില്പടികളിലും ബലപീഠത്തിന്റെ നാലു \കോണുകളിലും അകത്തേ അങ്കണവാതിലിന്റെ തൂണുകളിലും പുരട്ടണം.
20: അശ്രദ്ധയോ അജ്ഞതയോമൂലം പാപംചെയ്തവനുവേണ്ടി മാസത്തിന്റെ ഏഴാംദിവസം ഇതുതന്നെ ചെയ്യണം; അങ്ങനെ ദേവാലയത്തിനുവേണ്ടി പ്രായശ്ചിത്തംചെയ്യണം.
21: ഒന്നാംമാസം പതിന്നാലാംദിവസം നിങ്ങള്‍ പെസഹാത്തിരുനാള്‍ ആഘോഷിക്കണം. ഏഴുദിവസം പുളിപ്പില്ലാത്ത അപ്പമേ ഭക്ഷിക്കാവൂ.
22: അന്നു രാജാവു തനിക്കും ദേശത്തിലെ എല്ലാവര്‍ക്കുംവേണ്ടി പാപപരിഹാരബലിക്കായി ഒരു കാളക്കുട്ടിയെക്കൊടുക്കണം.
23: തിരുനാളിന്റെ ഏഴുദിവസങ്ങളിലും ദഹനബലിക്കായി ഊനമറ്റ ഏഴു കാളക്കുട്ടികളെയും ഏഴു മുട്ടാടുകളെയും പ്രതിദിനം കൊടുക്കണം. ദിവസേന, ഓരോ കോലാടിനെയും അവന്‍ കര്‍ത്താവിനു പാപപരിഹാരബലിയായി നല്കണം.
24: ഓരോ കാളയ്ക്കും ഓരോ മുട്ടാടിനും ഓരോ ഏഫാ ധാന്യവും ഓരോ ഏഫായ്ക്കും ഓരോ ഹിന്‍ എണ്ണയും കൊടുക്കണം.
25: ഏഴാംമാസം പതിനഞ്ചാം ദിവസവും തിരുനാളിന്റെ ഏഴുദിവസങ്ങളിലും പാപപരിഹാരബലിയ്ക്കും ദഹനബലിക്കും അവയ്ക്കുള്ള ധാന്യത്തിനും എണ്ണയ്ക്കും ഇതേ ക്രമംതന്നെ അവന്‍ പാലിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ