ഇരുന്നൂറ്റിയറുപത്തിയേഴാം ദിവസം: ഹഗ്ഗായി 1 - 2


അദ്ധ്യായം 1

ദേവാലയനിര്‍മ്മാണത്തിനാഹ്വാനം

1: ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണവര്‍ഷം ആറാംമാസം ഒന്നാം ദിവസം, യൂദായുടെ ദേശാധിപതിയായ ഷെയാല്‍ത്തിയേലിന്റെ മകന്‍ സെറുബാബേലിനും യഹോസദാക്കിന്റെ മകനും പ്രധാനപുരോഹിതനുമായ ജോഷ്വയ്ക്കും ഹഗ്ഗായി പ്രവാചകന്‍വഴി ലഭിച്ച കര്‍ത്താവിന്റെ അരുളപ്പാട്.
2: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: കര്‍ത്താവിന്റെ ആലയം പുനരുദ്ധരിക്കുന്നതിനു സമയമായിട്ടില്ലെന്ന് ഈ ജനം പറയുന്നു.
3: അപ്പോള്‍ ഹഗ്ഗായിപ്രവാചകൻവഴി കര്‍ത്താവരുളിച്ചെയ്തു:
4: ഈ ആലയം തകര്‍ന്നുകിടക്കുന്ന ഈ സമയം നിങ്ങള്‍ക്കു മച്ചിട്ടഭവനങ്ങളില്‍ വസിക്കാനുള്ളതാണോ?
5: അതുകൊണ്ടു സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുവിന്‍.
6: നിങ്ങള്‍ ഏറെ വിതച്ചു, കുറച്ചുമാത്രം കൊയ്തു. നിങ്ങള്‍ ഭക്ഷിക്കുന്നു, ഒരിക്കലും തൃപ്തരാകുന്നില്ല. നിങ്ങള്‍ പാനംചെയ്യുന്നു, തൃപ്തിവരുന്നില്ല. നിങ്ങള്‍ വസ്ത്രംധരിക്കുന്നു, ആര്‍ക്കും കുളിരു മാറുന്നില്ല. കൂലി ലഭിക്കുന്നവന് അതു ലഭിക്കുന്നത് ഓട്ടസഞ്ചിയിലിടാൻമാത്രം!
7: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: നിങ്ങളുടെ ഈ സ്ഥിതിയെപ്പറ്റിച്ചിന്തിക്കുവിന്‍.
8: നിങ്ങള്‍ മലയില്‍ച്ചെന്നു തടികൊണ്ടുവന്ന്, ആലയംപണിയുവിന്‍; ഞാനതില്‍ സംപ്രീതനാകും. മഹത്വത്തോടെ ഞാനതില്‍ പ്രത്യക്ഷനാകും - കര്‍ത്താവരുളിച്ചെയ്യുന്നു.
9: നിങ്ങള്‍ ഏറെത്തേടി, ലഭിച്ചതോ അല്പംമാത്രം. നിങ്ങള്‍ അതു വീട്ടിലേക്കു കൊണ്ടുവന്നു; ഞാനത്, ഊതിപ്പറത്തി. എന്തുകൊണ്ട്? - സൈന്യങ്ങളുടെ കര്‍ത്താവു ചോദിക്കുന്നു. നിങ്ങളോരോരുത്തരും തന്റെ ഭവനത്തെപ്രതി വ്യഗ്രതകാട്ടുമ്പോള്‍ എന്റെ ആലയം, തകര്‍ന്നുകിടക്കുന്നതുകൊണ്ടുതന്നെ.
10: അതുകൊണ്ട്, ആകാശം നിങ്ങള്‍ക്കുവേണ്ടി മഞ്ഞുപെയ്യിക്കുന്നില്ല; ഭൂമി വിളവുനല്കുന്നുമില്ല.
11: ദേശത്തിലും മലകളിലും ധാന്യത്തിലും പുതുവീഞ്ഞിലും എണ്ണയിലും ഭൂമിയില്‍ മുളയ്ക്കുന്നവയിലും മനുഷ്യരിലും കന്നുകാലികളിലും അവരുടെ അദ്ധ്വാനത്തിലും ഞാന്‍ വരള്‍ച്ചവരുത്തിയിരിക്കുന്നു.
12: അപ്പോള്‍ ഷെയാല്‍ത്തിയേലിന്റെ മകന്‍ സെറുബാബേലും യഹോസദാക്കിന്റെ പുത്രനും പ്രധാനപുരോഹിതനുമായ ജോഷ്വയും, ജനത്തിലവശേഷിച്ചവരും തങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ വാക്കുകളനുസരിക്കുകയും തങ്ങളുടെ ദൈവമായ കര്‍ത്താവയച്ച പ്രവാചകനായ ഹഗ്ഗായിയുടെ വാക്കുകള്‍ സ്വീകരിക്കുകയുംചെയ്തു.
13: ജനം കര്‍ത്താവിനെ ഭയപ്പെട്ടു. അപ്പോള്‍ കര്‍ത്താവിന്റെ ദൂതനായ ഹഗ്ഗായി കര്‍ത്താവിന്റെ സന്ദേശം ജനത്തെയറിയിച്ചു.
14: കര്‍ത്താവരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളോടുകൂടെയുണ്ട്. അപ്പോള്‍ യൂദായുടെ ദേശാധിപതിയായ ഷെയാല്‍ത്തിയേലിന്റെ പുത്രന്‍ സെറുബാബേലിനെയും യഹോസദാക്കിന്റെ പുത്രനും പ്രധാനപുരോഹിതനുമായ ജോഷ്വയെയും അവശേഷിച്ചിരുന്ന ജനത്തെയും കര്‍ത്താവ് ഉത്തേജിപ്പിച്ചു. അവര്‍ തങ്ങളുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവിന് ആലയം പണിയാന്‍ തുടങ്ങി.
15: ഇത് ആറാംമാസം ഇരുപത്തിനാലാം ദിവസമാണ്.

അദ്ധ്യായം 2

പുതിയ ദേവാലയം
1; ദാരിയൂസ് രാജാവിന്റെ രണ്ടാംഭരണവര്‍ഷം, ഏഴാംമാസം ഇരുപത്തൊന്നാംദിവസം, പ്രവാചകനായ ഹഗ്ഗായിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
2: യൂദായുടെ ദേശാധിപതിയായ ഷെയാല്‍ത്തിയേലിന്റെ മകന്‍ സെറുബാബേലിനോടും യഹോസദാക്കിന്റെ പുത്രനും പ്രധാനപുരോഹിതനുമായ ജോഷ്വയോടും ജനത്തിലവശേഷിക്കുന്നവരോടും പറയുക,
3: ഈ ആലയത്തിന്റെ പൂര്‍വ്വമഹിമ കണ്ടിട്ടുള്ളവരായി നിങ്ങളിലാരുണ്ട്? ഇപ്പോള്‍ ഇതിന്റെ സ്ഥിതിയെന്താണ്? തീരെ നിസ്സാരമായിട്ടുതോന്നുന്നില്ലേ?
4: എങ്കിലും, സെറുബാബേല്‍, ധൈര്യമായിരിക്കുക. യഹോസദാക്കിന്റെ പുത്രനും പ്രധാനപുരോഹിതനുമായ ജോഷ്വ, ധൈര്യമായിരിക്കുക. ദേശവാസികളെ, ധൈര്യമവലംബിക്കുവിന്‍- കര്‍ത്താവരുളിച്ചെയ്യുന്നു. പണിയുവിന്‍, ഞാന്‍ നിങ്ങളോടുകൂടെയുണ്ട്- സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
5: ഈജിപ്തില്‍നിന്നു നിങ്ങള്‍ പുറപ്പെട്ടപ്പോള്‍ ഞാന്‍ നിങ്ങളോടു വാഗ്ദാനംചെയ്തിരുന്നതുപോലതന്നെ എന്റെ ആത്മാവു നിങ്ങളുടെയിടയില്‍ വസിക്കുന്നു; ഭയപ്പെടേണ്ടാ.
6: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: അല്പസമയത്തിനുള്ളില്‍ വീണ്ടും ഞാന്‍, ആകാശവും ഭൂമിയും കടലും കരയുമിളക്കും.
7: ഞാന്‍ എല്ലാ ജനതകളെയും കുലുക്കും. അങ്ങനെ എല്ലാ ജനതകളുടെയും അമൂല്യനിധികള്‍ ഇങ്ങോട്ടുവരും. ഈ ആലയം ഞാന്‍ മഹത്വപൂര്‍ണ്ണമാക്കും- സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
8: വെള്ളിയെന്റേതാണ്; സ്വര്‍ണ്ണവുമെന്റേതാണ് - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
9: ഈ ആലയത്തിന്റെ പൂര്‍വ്വമഹത്വത്തെക്കാള്‍ ഉന്നതമായിരിക്കും വരാന്‍പോകുന്ന മഹത്വം- സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു. ഈ സ്ഥലത്തിനു ഞാന്‍ ഐശ്വര്യം നല്കും- സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
10: ദാരിയൂസിന്റെ രണ്ടാം ഭരണവര്‍ഷം ഒമ്പതാംമാസം ഇരുപത്തിനാലാം ദിവസം പ്രവാചകനായ ഹഗ്ഗായിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
11: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: പുരോഹിതന്മാരോട് ഈ പ്രശ്നത്തിന്റെ ഉത്തരം ചോദിക്കുവിന്‍.
12: ആരെങ്കിലും തന്റെ വസ്ത്രത്തിന്റെയറ്റത്തു വിശുദ്ധമാംസം പൊതിയുകയും, ആ വസ്ത്രാഞ്ചലംകൊണ്ട് അപ്പമോ, പായസമോ, വീഞ്ഞോ, എണ്ണയോ മറ്റേതെങ്കിലും ഭക്ഷ്യസാധനമോ സ്പര്‍ശിക്കുകയുംചെയ്താല്‍ അവ വിശുദ്ധമാകുമോ? ഇല്ല- പുരോഹിതന്മാര്‍ പറഞ്ഞു.
13: ഹഗ്ഗായി ചോദിച്ചു: ശവശരീരത്തില്‍ സ്പര്‍ശിച്ച് അശുദ്ധനായ ഒരുവന്‍ ഇതില്‍ ഏതെങ്കിലും ഒന്നിനെ സ്പര്‍ശിച്ചാല്‍ അതശുദ്ധമാകുമോ?
14: അശുദ്ധമാകും- അവര്‍ പറഞ്ഞു. അപ്പോള്‍ ഹഗ്ഗായി പറഞ്ഞു: ഈ ജനവും രാജ്യവും എന്റെ മുമ്പില്‍ അങ്ങനെതന്നെയാണ് - കര്‍ത്താവരുളിച്ചെയ്യുന്നു. അപ്രകാരംതന്നെ അവരുടെ പ്രവൃത്തികളും അവരര്‍പ്പിക്കുന്ന കാഴ്ചകളും അശുദ്ധമാണ്.
15: കര്‍ത്താവിന്റെ ആലയത്തിനുവേണ്ടി കല്ലിന്മേല്‍ കല്ലു വയ്ക്കുന്നതിനുമുമ്പ് ഇന്നുവരെ നിങ്ങള്‍ എങ്ങനെ വ്യാപരിച്ചിരുന്നെന്നു ചിന്തിക്കുവിന്‍; എന്തായിരുന്നു നിങ്ങളുടെ സ്ഥിതി?
16: ഇരുപതളവു ധാന്യം കൂട്ടിയിരിക്കുന്നിടത്തുചെല്ലുമ്പോള്‍ പത്തളവേ കാണാനുള്ളു. അമ്പതളവു വീഞ്ഞു കോരിയെടുക്കാന്‍ചെന്നപ്പോള്‍ ചക്കില്‍ ഇരുപതളവേയുള്ളു.
17: നിങ്ങളുടെ എല്ലാ അദ്ധ്വാനഫലങ്ങളും ഉഷ്ണക്കാറ്റും വിഷമഞ്ഞും കന്മഴയുമയച്ചു ഞാന്‍ നശിപ്പിച്ചു. എന്നിട്ടും നിങ്ങള്‍ എന്നിലേക്കു മടങ്ങിവന്നില്ല- കര്‍ത്താവരുളിച്ചെയ്യുന്നു.
18: ആകയാല്‍ ഇന്നുമുതല്‍, ഒമ്പതാംമാസം ഇരുപത്തിനാലാം ദിവസംമുതല്‍, കര്‍ത്താവിന്റെ ആലയത്തിനുകല്ലിട്ട അന്നുമുതല്‍, എങ്ങനെയായിരിക്കുമെന്നു ശ്രദ്ധിക്കുവിന്‍.
19: വിത്തിനിയും കളപ്പുരയില്‍ത്തന്നെയാണോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഒലിവും ഇനിയും ഫലം നല്കുന്നില്ലേ? ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും.
20: ആ മാസം ഇരുപത്തിനാലാംദിവസം ഹഗ്ഗായിക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:
21: യൂദായുടെ ദേശാധിപതിയായ സെറുബാബേലിനോടു പറയുക: ഞാന്‍ ആകാശത്തെയും ഭൂമിയെയുമിളക്കാന്‍പോകുന്നു.
22: രാജ്യങ്ങളുടെ സിംഹാസനങ്ങള്‍ ഞാന്‍ തകര്‍ക്കും. ജനതകളുടെ സിംഹാസനങ്ങളുടെ ശക്തി ഞാന്‍ നശിപ്പിക്കാന്‍ പോകുന്നു. അവരുടെ രഥങ്ങളെയും സാരഥികളെയും ഞാന്‍ മറിച്ചിടും, കുതിരകളും കുതിരപ്പുറത്തിരിക്കുന്നവരും സഹയോദ്ധാക്കളുടെ വാളിനിരയാകും - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.
23: ഷെയാല്‍ത്തിയേലിന്റെ മകനും എന്റെ ദാസനുമായ സെറുബാബേലേ, അന്നു ഞാന്‍ നിന്നെ എന്റെ മുദ്രമോതിരംപോലെയാക്കും. എന്തെന്നാല്‍, ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ