ഇരുന്നൂറ്റിയെഴുപത്തിനാലാം ദിവസം: മത്തായി 10 - 11

  
അദ്ധ്യായം 10

അപ്പസ്‌തോലന്മാരെ അയയ്ക്കുന്നു
1: അവന്‍, തന്റെ പന്ത്രണ്ടുശിഷ്യന്മാരെവിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്കധികാരംനല്കി.
2: ആ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പേരുകള്‍: ഒന്നാമന്‍ പത്രോസ് എന്നുവിളിക്കപ്പെടുന്ന ശിമയോന്‍, അവന്റെ സഹോദരന്‍ അന്ത്രയോസ്, സെബദിയുടെ പുത്രനായ യാക്കോബ്,
3:
 അവന്റെ സഹോദരന്‍ യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ, തോമസ്, ചുങ്കക്കാരന്‍ മത്തായി, ഹല്‍പൈയുടെ പുത്രന്‍ യാക്കോബ്,
4: തദ്ദേവൂസ്, കാനാന്‍കാരന്‍ ശിമയോന്‍, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്താ.
5: ഈ പന്ത്രണ്ടുപേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തിയയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കുപോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്.
6: പ്രത്യുത, ഇസ്രായേല്‍ഭവനത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെയടുത്തേക്കു പോകുവിന്‍.
7: പോകുമ്പോള്‍, സ്വര്‍ഗ്ഗരാജ്യംസമീപിച്ചിരിക്കുന്നു എന്നു പ്രഘോഷിക്കുവിന്‍.
8: രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയുംചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.
9: നിങ്ങളുടെ അരപ്പട്ടയില്‍, പൊന്നോ വെള്ളിയോ ചെമ്പോ കരുതിവയ്ക്കരുത്.
10: യാത്രയ്ക്കു സഞ്ചിയോ രണ്ടുടുപ്പുകളോ ചെരിപ്പോ വടിയോ എടുക്കരുത്. കാരണം, വേലചെയ്യുന്നവന്‍ ആഹാരത്തിനര്‍ഹനാണ്.
11: നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ അർഹതയുള്ളവന്‍ ആരെന്നന്വേഷിക്കുകയും അവിടംവിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയുംചെയ്യുവിന്‍.
12: നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനു സമാധാനമാശംസിക്കണം.
13: ആ ഭവനം അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ സമാധാനം അതില്‍ വസിക്കട്ടെ. അര്‍ഹതയില്ലാത്തതെങ്കില്‍, നിങ്ങളുടെ സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ.
14: ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടുപോരുമ്പോള്‍, നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിന്‍.
15: വിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സോദോം-ഗൊമോറാദേശങ്ങള്‍ക്കു കൂടുതല്‍ ആശ്വാസമുണ്ടാകുമെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

പീഡകളുടെ കാലം
16: ചെന്നായ്ക്കളുടെയിടയിലേക്ക്, ആടുകളെയെന്നപോലെ ഞാന്‍ നിങ്ങളെയയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍.
17: മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച് അവര്‍ നിങ്ങളെ ചമ്മട്ടികൊണ്ടടിക്കും.
18: നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു വലിച്ചിഴയ്ക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയുംമുമ്പാകെ നിങ്ങള്‍ സാക്ഷ്യമാകും.
19: അവര്‍ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത്, ആ സമയത്തു നിങ്ങള്‍ക്കു നല്കപ്പെടും.
20: എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്.
21: സഹോദരന്‍ സഹോദരനെയും പിതാവു മകനെയും മരണത്തിന് ഏല്പിച്ചുകൊടുക്കും; മക്കള്‍ മാതാപിതാക്കന്മാരെ എതിര്‍ക്കുകയും അവരെ വധിക്കുകയുംചെയ്യും.
22: എന്റെ നാമംമൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്ക്കുന്നവന്‍ രക്ഷപെടും.
23: ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്കു പലായനംചെയ്യുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്റെ ആഗമനത്തിനുമുമ്പ്, നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഓടിത്തീർക്കുകയില്ല.
24: ശിഷ്യന്‍ ഗുരുവിനെക്കാള്‍ മേലേയല്ല; ഭൃത്യന്‍ യജമാനനെക്കാളും.
25: ശിഷ്യന്‍ ഗുരുവിനെപ്പോലെയും ഭൃത്യന്‍ യജമാനനെപ്പോലെയുമായാല്‍മതി. ഗൃഹനാഥനെ അവര്‍ ബേല്‍സെബൂല്‍ എന്നു വിളിച്ചെങ്കില്‍, അവന്റെ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!

നിര്‍ഭയം സാക്ഷ്യംനല്കുക
26: അതിനാൽ, നിങ്ങളവരെ ഭയപ്പെടേണ്ടാ, കാരണം, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.
27: അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ, പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചതു പുരമുകളില്‍നിന്നു പ്രഘോഷിക്കുവിന്‍.
28: ശരീരത്തെക്കൊല്ലുകയും എന്നാൽ, ആത്മാവിനെക്കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍.
29: ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവറിയാതെ അവയിലൊന്നുപോലും നിലത്തുവീഴുകയില്ല.
30: നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.
31: അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ.
32: മനുഷ്യരുടെമുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ, സ്വര്‍ഗ്ഗസ്ഥനായ
 എന്റെ പിതാവിന്റെമുമ്പില്‍ ഞാനുമേറ്റുപറയും.
33: മനുഷ്യരുടെമുമ്പില്‍ എന്നെത്തള്ളിപ്പറയുന്നവനെ സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെമുമ്പില്‍ ഞാനും തള്ളിപ്പറയും.

സമാധാനമല്ല, ഭിന്നതകള്‍
34: ഭൂമിയില്‍ സമാധാനംകൊണ്ടുവരാനാണ്, ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്; സമാധാനംകൊണ്ടുവരാനല്ല ഞാന്‍ വന്നത്: പിന്നെയോ വാളാണ്.
35: എന്തെന്നാല്‍, ഒരു മനുഷ്യനെ, തന്റെ പിതാവിനെതിരായും മകളെ അമ്മയ്‌ക്കെതിരായും മരുമകളെ അമ്മായിയമ്മയ്‌ക്കെതിരായും ഭിന്നിപ്പിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്.
36: 
 ഒരു മനുഷ്യന്റെ ശത്രുക്കള്‍, സ്വന്തം കുടുംബത്തില്‍പ്പെട്ടവര്‍തന്നെയായിരിക്കും.
37: പിതാവിനെയോ മാതാവിനെയോ എന്നെക്കാളധികം 
സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; പുത്രനെയോ പുത്രിയെയോ എന്നെക്കാളധികം  സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല.
38: സ്വന്തം കുരിശെടുത്ത്, എന്നെയനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല.
39: സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നെപ്രതി, സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും.

പ്രതിഫലവാഗ്ദാനം
40: നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെയയച്ചവനെ സ്വീകരിക്കുന്നു.
41: പ്രവാചകനെ പ്രവാചകനെന്നനിലയിൽ  സ്വീകരിക്കുന്നവനു പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനെന്നനിലയിൽ  സ്വീകരിക്കുന്നവനു നീതിമാന്റെ പ്രതിഫലവും ലഭിക്കും.
42: ഈ ചെറിയവരിലൊരുവന്, ശിഷ്യനെന്നനിലയില്‍ ഒരു പാത്രം പച്ചവെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലംനഷ്ടപ്പെടുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

അദ്ധ്യായം 11

സ്നാപകന്റെ ശിഷ്യന്മാര്‍
1: അങ്ങനെ, യേശു തന്റെ പന്ത്രണ്ടുശിഷ്യന്മാര്‍ക്കു പ്രബോധനങ്ങള്‍നല്കുന്നതവസാനിപ്പിച്ച്, അവരുടെ പട്ടണങ്ങളില്‍ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെനിന്നു പുറപ്പെട്ടു.
2: യോഹന്നാന്‍ കാരാഗൃഹത്തില്‍വച്ചു ക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുകേട്ടപ്പോൾ, അവന്റെ ശിഷ്യന്മാരെയയച്ച്, അവനോടു ചോദിച്ചു:
3: വരാനിരിക്കുന്നവന്‍ നീതന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?
4: യേശു പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി, യോഹന്നാനെ അറിയിക്കുക.
5: അന്ധര്‍ കാണുകയും മുടന്തര്‍ നടക്കുകയും ചെയ്യുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുകയും ബധിരര്‍ കേള്‍ക്കുകയും ചെയ്യുന്നു, മരിച്ചവര്‍ ഉദ്ധിതരാകുകയും ദരിദ്രരോടു സദ്‌വാർത്ത അറിയിക്കപ്പെടുകയും ചെയ്യുന്നു.
6: എന്നില്‍ ഇടര്‍ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍.

സ്നാപകനെക്കുറിച്ചു സാക്ഷ്യം
7: അവര്‍ പോയതിനുശേഷം യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാന്‍തുടങ്ങി. എന്തുകാണാനാണു നിങ്ങള്‍ മരുഭൂമിയിലേക്കു പോയത്? കാറ്റിലുലയുന്ന ഞാങ്ങണയോ?
8: അല്ലെങ്കില്‍, എന്തുകാണാനാണു നിങ്ങള്‍ പോയത്? മൃദുലവസ്ത്രങ്ങള്‍ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രങ്ങള്‍ധരിക്കുന്നവര്‍ രാജമന്ദിരങ്ങളിലാണുള്ളത്.
9: അല്ലെങ്കില്‍, എന്തുകാണാനാണു നിങ്ങള്‍ പോയത്? പ്രവാചകനെയോ? അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാള്‍ വലിയവനെ.
10: ഇവനെപ്പറ്റിയാണ് ഇങ്ങനെയെഴുതിയിരിക്കുന്നത്: ഇതാ! നിനക്കുമുമ്പേ എന്റെ ദൂതനെ ഞാനയയ്ക്കുന്നു. അവന്‍ നിന്റെമുമ്പിൽ നിനക്കു വഴിയൊരുക്കും.
11: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ സ്നാപകയോഹന്നാനെക്കാള്‍ വലിയവനുണ്ടായിട്ടില്ല. എങ്കിലും സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവുംചെറിയവന്‍, അവനെക്കാള്‍ വലിയവനാണ്.
12: സ്നാപകയോഹന്നാന്റെ നാളുകള്‍മുതല്‍ ഇന്നുവരെ സ്വര്‍ഗ്ഗരാജ്യം ബലപ്രയോഗത്തിനു വിധേയമായിരിക്കുന്നു. ബലവാന്മാര്‍ അതു കവർന്നെടുക്കുന്നു.
13: എന്തെന്നാൽ, യോഹന്നാന്‍വരെ സകലപ്രവാചകന്മാരും നിയമവും പ്രവചിച്ചു.
14: നിങ്ങള്‍ക്കു സ്വീകരിക്കാന്‍ മനസ്സുണ്ടെങ്കില്‍, ഇവനാണു വരാനിരിക്കുന്ന ഏലിയാ.
15: ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
16: എന്നാൽ, ഈ തലമുറയെ എന്തിനോടാണു ഞാനുപമിക്കേണ്ടത്? അത്, ചന്തസ്ഥലത്തിരുന്നു മറ്റുള്ളവരെവിളിക്കുന്ന കുട്ടികൾക്കുസമാനമാണ്,
17: അവർ പറയുന്നു: ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി. എങ്കിലും, നിങ്ങള്‍ നൃത്തംചെയ്തില്ല; ഞങ്ങള്‍ വിലാപഗാനമാലപിച്ചു എങ്കിലും, നിങ്ങള്‍ വിലപിച്ചില്ല.
18: യോഹന്നാന്‍ ഭക്ഷിക്കാത്തവനും പാനംചെയ്യാത്തവനുമായിവന്നു.
 അപ്പോളവര്‍ പറയുന്നു, അവന്‍ പിശാചുബാധിതനാണ്.
19: മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനംചെയ്യുന്നവനുമായി വന്നു. അപ്പോളവര്‍ പറയുന്നു: ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യന്‍! എങ്കിലും ജ്ഞാനം, അതിന്റെ പ്രവൃത്തികളാല്‍ നീതിമത്കരിക്കപ്പെട്ടിരിക്കുന്നു.

അനുതപിക്കാത്ത നഗരങ്ങള്‍
20: യേശു താനേറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍തുടങ്ങി:
21: കൊറാസീന്‍, നിനക്കു ദുരിതം! ബേത്‌സയ്ദാ, നിനക്കു ദുരിതം! നിന്നില്‍നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്രപണ്ടേ ചാക്കുടുത്തുചാരംപൂശി അനുതപിക്കുമായിരുന്നു!
22: എന്നാൽ 
ഞാന്‍ നിങ്ങളോടുപറയുന്നു, വിധിദിനത്തില്‍ ടയിറിന്റേയും സീദോന്റേയും അവസ്ഥ നിങ്ങളുടേതിനേക്കാള്‍ സഹനീയമായിരിക്കും.
23: കഫര്‍ണാമേ, നീ സ്വര്‍ഗ്ഗംവരെ ഉയര്‍ത്തപ്പെടുമെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും. നിന്നില്‍സംഭവിച്ച അദ്ഭുതങ്ങള്‍ സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അതിന്നും നിലനില്ക്കുമായിരുന്നു.
24: 
എന്നാൽ ഞാന്‍ നിന്നോടു പറയുന്നു: വിധിദിനത്തില്‍ സോദോംദേശത്തിന്റെ അവസ്ഥ നിന്റേതിനേക്കാള്‍ സഹനീയമായിരിക്കും.

ക്ലേശിതര്‍ക്കാശ്രയം
25: ആ സമയത്ത് യേശു പറഞ്ഞു: സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാരിലും വിവേകികളിലുംനിന്നുമറച്ച്, ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.
26: അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം.
27: സര്‍വ്വവും എന്റെ പിതാവ് എന്നെ ഭരമേല്പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെയറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയുമറിയുന്നില്ല.
28: അദ്ധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെയടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങൾക്കു വിശ്രമംനൽകാം. 
29: 
എന്റെ നുകംവഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയുംചെയ്യുവിന്‍. എന്തെന്നാൽ ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാണ്. അങ്ങനെ, നിങ്ങളുടെ ആത്മാക്കൾക്ക്, നിങ്ങൾ വിശ്രമംകണ്ടെത്തും. 
30: കാരണം, എന്റെ നുകം മൃദുവും ഭാരം ലഘുവുമാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ