ഇരുന്നൂറ്റിയറുപത്തിമൂന്നാം ദിവസം: മിക്കാ 1 - 7


അദ്ധ്യായം 1

സമരിയായ്‌ക്കെതിരേ ആരോപണം
1: മൊരേഷെത്തുകാരനായ മിക്കായ്ക്ക്, യോഥാം, ആഹാസ്, ഹെസക്കിയാ എന്നീ യൂദാരാജാക്കന്മാരുടെനാളുകളില്‍ കര്‍ത്താവില്‍നിന്ന് അരുളപ്പാടുണ്ടായി. സമരിയായെയും ജറുസലെമിനെയും സംബന്ധിക്കുന്ന ഒരു ദര്‍ശനത്തിലാണ് ഇതുലഭിച്ചത്.
2: ജനതകളേ, കേള്‍ക്കുവിന്‍. ഭൂമിയും അതിലുള്ളസമസ്തവും ശ്രദ്ധിക്കട്ടെ! ദൈവമായ കര്‍ത്താവ്, തന്റെ വിശുദ്ധഭവനത്തില്‍നിന്നു നിങ്ങള്‍ക്കെതിരേ സാക്ഷ്യംവഹിക്കട്ടെ!
3: കര്‍ത്താവു തന്റെ വിശുദ്ധസ്ഥലത്തുനിന്നു പുറപ്പെടുന്നു. ഭൂമിയിലെ പൂജാഗിരികള്‍ ചവിട്ടിമെതിക്കാന്‍ ഇറങ്ങിവരുന്നു.
4: അഗ്നിയുടെമുമ്പില്‍ മെഴുകുപോലെയും കിഴുക്കാംതൂക്കിലൂടെ പ്രവഹിക്കുന്ന ജലംപോലെയും അവിടുത്തെ കാല്‍ച്ചുവട്ടില്‍ പര്‍വ്വതങ്ങളുരുകും; താഴ്‌വരകള്‍ പിളരും.
5: യാക്കോബിന്റെ അതിക്രമവും ഇസ്രായേല്‍ഭവനത്തിന്റെ പാപവുമാണ് ഇതിനുകാരണം. എന്താണു യാക്കോബിന്റെ അതിക്രമം? അതു സമരിയാ അല്ലേ? എന്താണു യൂദാഭവനത്തിന്റെ പാപം? അതു ജറുസലേമല്ലേ?
6: അതിനാല്‍, ഞാന്‍ സമരിയായെ വെളിമ്പ്രദേശത്തെ കൂനയാക്കും. മുന്തിരി കൃഷിചെയ്യാനുള്ള സ്ഥലംതന്നെ. അവളുടെ കല്ലുകള്‍ ഞാന്‍ താഴ്‌വരയിലേക്കു വലിച്ചെറിയും. അവളുടെ അസ്തിവാരങ്ങള്‍ ഞാന്‍ അനാവൃതമാക്കും.
7: അവളുടെ വിഗ്രഹങ്ങള്‍ തച്ചുടയ്ക്കും. അവളുടെ വേതനം അഗ്നിയില്‍ ദഹിപ്പിക്കും; ബിംബങ്ങള്‍ നശിപ്പിക്കും. വേശ്യയുടെ വേതനംവഴിയാണ് അവളവ സമ്പാദിച്ചത്. വേശ്യയുടെ വേതനമായി അതു തിരിച്ചുകൊടുക്കും.

ജറുസലെമിനെക്കുറിച്ചു വിലാപം
8: ഇതോര്‍ത്തു ഞാന്‍ ദുഃഖിച്ചുകരയും; നഗ്നനും നിഷ്പാദുകനുമായി ഞാന്‍ നടക്കും. കുറുനരികളെപ്പോലെ ഞാന്‍ നിലവിളിക്കും. ഒട്ടകപ്പക്ഷികളെപ്പോലെ ഞാന്‍ വിലപിക്കും.
9: എന്തെന്നാല്‍, അവളുടെ മുറിവുകള്‍ ഒരിക്കലും സുഖപ്പെടാത്തതാണ്. അതു യൂദാവരെ, എന്റെ ജനത്തിന്റെ കവാടമായ ജറുസലെംവരെ, എത്തിയിരിക്കുന്നു.
10: ഗത്ത്നിവാസികളോടു നിങ്ങളിതു പറയരുത്; കരയുകയുമരുത്. ബേത്‌ലെയാഫ്രായിലെ പൊടിമണ്ണില്‍വീണുരുളുക.
11: ഷാഫീര്‍നിവാസികളേ, നഗ്നരും ലജ്ജിതരുമായി കടന്നുപോകുവിന്‍. സാനാന്‍നിവാസികള്‍ പുറത്തുവരുന്നില്ല. ബേത്ഏസലില്‍നിന്നുള്ള വിലാപം, നിന്നെ നിരാലംബയാക്കും.
12: കര്‍ത്താവയച്ച അനര്‍ത്ഥം ജറുസലെമിന്റെ കവാടത്തിലെത്തിയതിനാല്‍ മാരോത്തുനിവാസികള്‍ ഉത്കണ്ഠാഭരിതരാണ്.
13: ലാഖിഷ്‌നിവാസികളേ, രഥത്തില്‍ കുതിരകളെപ്പൂട്ടുവിന്‍. സീയോന്‍പുത്രിയുടെ പാപത്തിനുകാരണം നിങ്ങളാണ്. ഇസ്രായേലിന്റെ അപരാധങ്ങള്‍ നിങ്ങളാവര്‍ത്തിച്ചു.
14: അതിനാല്‍, മൊറേഷത്ഗത്തിനു വിടനല്കുവിന്‍. അക്സീബുഭവനങ്ങള്‍ ഇസ്രായേല്‍രാജാക്കന്മാരെ നിരാശരാക്കും.
15: മരേഷാനിവാസികളേ, നിങ്ങളെക്കീഴടക്കാന്‍, ഒരുവനെ വീണ്ടും ഞാന്‍ കൊണ്ടുവരും. ഇസ്രായേലിന്റെ മഹത്ത്വം അദുല്ലാംഗുഹയിലൊളിക്കും.
16: നിങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെപ്രതി ശിരസ്സു മുണ്ഡനംചെയ്യുവിന്‍; അവര്‍ നാടുകടത്തപ്പെടും. അതിനാല്‍, കഴുകനെപ്പോലെ, നിങ്ങളുടെ ശിരസ്സു കഷണ്ടിയാക്കുവിന്‍.

അദ്ധ്യായം 2

ചൂഷകര്‍ക്കെതിരേ
1: കിടക്കയില്‍വച്ചു തിന്മനിരൂപിക്കുകയും ദുരുപായങ്ങളാലോചിക്കുകയുംചെയ്യുന്നവര്‍ക്കു ദുരിതം! കൈയൂക്കുള്ളതിനാല്‍, പുലരുമ്പോള്‍ അവരതു ചെയ്യുന്നു.
2: അവര്‍ വയലുകള്‍ മോഹിക്കുന്നു; അവ പിടിച്ചടക്കുന്നു. വീടുകള്‍ മോഹിക്കുന്നു; അവ സ്വന്തമാക്കുന്നു. വീട്ടുടമസ്ഥനെയും അവന്റെ കുടുംബത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും അവര്‍ പീഡിപ്പിക്കുന്നു.
3: അതിനാല്‍, കര്‍ത്താവരുളിച്ചെയ്യുന്നു: ഈ ഭവനത്തിനെതിരേ ഞാന്‍ അനര്‍ത്ഥങ്ങളൊരുക്കിയിരിക്കുന്നു. അതില്‍നിന്നു തലവലിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. ഇതനര്‍ത്ഥങ്ങളുടെ കാലമാകയാല്‍ നിങ്ങള്‍ക്കു തലയുയര്‍ത്തിനടക്കാനാവില്ല.
4: ആ ദിവസങ്ങളില്‍ നിങ്ങളെയധിക്ഷേപിച്ച്, അവര്‍ ദയനീയമായ വിലാപഗാനം പാടും; ഞങ്ങള്‍ തീര്‍ത്തുംനശിപ്പിക്കപ്പെട്ടിരിക്കുന്നു. എന്റെ ജനത്തിന്റെ ഓഹരി അവിടുന്നെടുത്തുമാറ്റിയിരിക്കുന്നു. അവിടുന്നത്, എന്നില്‍നിന്നു നീക്കിക്കളഞ്ഞിരിക്കുന്നു. ഞങ്ങളെ തടവിലാക്കിയവര്‍ക്ക് അവിടുന്നു ഞങ്ങളുടെ വയലുകള്‍ വിഭജിച്ചുകൊടുത്തു.
5: അതിനാല്‍, നിങ്ങള്‍ക്കു സ്ഥലമളന്നുതരാന്‍ കര്‍ത്താവിന്റെ സഭയില്‍ ആരുമുണ്ടായിരിക്കുകയില്ല.
6: പ്രസംഗിക്കരുത്, ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും പ്രസംഗിച്ചുകൂടാ, അപമാനം നമ്മെപ്പിടികൂടുകയില്ലെന്ന്, അവര്‍ പ്രസംഗിക്കുന്നു.
7: യാക്കോബ്ഭവനമേ, ഇങ്ങനെ പറയണമായിരുന്നോ? കര്‍ത്താവിനു ക്ഷമയറ്റോ? ഇതൊക്കെ അവിടുത്തെ പ്രവൃത്തികളോ? നീതിനിഷ്ഠയോടെ വ്യാപരിക്കുന്നവന്, എന്റെ വാക്കുകള്‍ നന്മചെയ്യുകയില്ലേ?
8: എന്നാല്‍, നീ എന്റെ ജനത്തിനെതിരേ ഒരു ശത്രുവിനെപ്പോലെ വരുന്നു. യുദ്ധഭീതിയില്ലാതെ, നിര്‍ഭയരായി കടന്നുപോകുന്ന സമാധാനപ്രിയരില്‍നിന്നു നീ മേലങ്കി ഉരിഞ്ഞെടുക്കുന്നു.
9: നിങ്ങള്‍ എന്റെ ജനത്തിലെ സ്ത്രീകളെ, അവരുടെ മനോഹരമായ ഭവനങ്ങളില്‍നിന്ന് ആട്ടിയോടിക്കുന്നു. അവരുടെ ശിശുക്കളില്‍നിന്ന് എന്റെ മഹത്വം എന്നേയ്ക്കുമായി നിങ്ങളപഹരിക്കുന്നു.
10: നിങ്ങള്‍ ഇവിടംവിട്ടുപോകുവിന്‍. വിശ്രമയോഗ്യമായ സ്ഥലമല്ലിത്. ഇവിടമശുദ്ധമാണ്. ഇതു നിങ്ങളെ നശിപ്പിക്കും, സമൂലം നശിപ്പിക്കും.
11: വീഞ്ഞിനെയും വീര്യമുള്ള പാനീയങ്ങളെയുംകുറിച്ചു ഞാന്‍ പ്രസംഗിക്കുമെന്ന് ആരെങ്കിലും പൊങ്ങച്ചംപറഞ്ഞാല്‍, അവനായിരിക്കും ഈ ജനത്തിനുചേര്‍ന്ന പ്രസംഗകന്‍!
12: യാക്കോബേ, ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരുമിച്ചുകൂട്ടും. ഇസ്രായേലിലവശേഷിച്ച എല്ലാവരെയും ഞാന്‍ ശേഖരിക്കും. ആലയില്‍ ആട്ടിന്‍പറ്റമെന്നപോലെയും മേച്ചില്‍സ്ഥലത്തു കാലിക്കൂട്ടം എന്നപോലെയും അവരെ ഞാന്‍ ഒരുമിച്ചുകൂട്ടും. ശബ്ദമുഖരിതമായ സമൂഹമായിരിക്കുമത്.
13: മതിലില്‍ പഴുതുണ്ടാക്കുന്നവര്‍ അവര്‍ക്കുമുമ്പേ പോകും. അവര്‍ കവാടം തകര്‍ത്തു പുറത്തുകടക്കും. അവരുടെ രാജാവ് അവര്‍ക്കുമുമ്പേ നടക്കും; കര്‍ത്താവവരെ നയിക്കും.

അദ്ധ്യായം 3

നീതിരഹിതരായ നേതാക്കന്മാര്‍
1: ഞാന്‍ പറഞ്ഞു: യാക്കോബിന്റെ തലവന്മാരേ, ഇസ്രായേല്‍ഭവനത്തിന്റെ അധിപന്മാരേ, ശ്രവിക്കുവിന്‍. നീതിയറിയുക നിങ്ങളുടെ കടമയല്ലേ?
2: നന്മയെ ദ്വേഷിക്കുകയും തിന്മയെ സ്‌നേഹിക്കുകയുംചെയ്യുന്ന നിങ്ങള്‍, എന്റെ ജനത്തിന്റെ തൊലിയുരിഞ്ഞെടുക്കുന്നു; അവരുടെ അസ്ഥികളില്‍നിന്നു മാംസവും.
3: നിങ്ങള്‍ എന്റെ ജനത്തിന്റെ മാംസം ഭക്ഷിക്കുന്നു; തൊലിയുരിഞ്ഞെടുക്കുന്നു; അവരുടെ അസ്ഥികള്‍ തകര്‍ക്കുന്നു; ചട്ടിയിലെ ഇറച്ചിയും കുട്ടകത്തിലെ മാംസവുംപോലെ അവരെ നുറുക്കുകയും ചെയ്യുന്നു.
4: അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കും. അവിടുന്നു മറുപടിനല്കുകയില്ല. അവരുടെ ദുഷ്‌കര്‍മ്മങ്ങള്‍നിമിത്തം അവിടുന്ന് അവരില്‍നിന്നു മുഖംമറച്ചുകളയും.
5: എന്റെ ജനത്തെ വഴിതെറ്റിക്കുകയും ഭക്ഷിക്കാന്‍ എന്തെങ്കിലുംകിട്ടിയാല്‍ സമാധാനമെന്നു പ്രഘോഷിക്കുകയും ഭക്ഷണംകൊടുക്കാത്തവനെതിരേ യുദ്ധംപ്രഖ്യാപിക്കുകയുംചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്യുന്നു;
6: നിങ്ങള്‍ക്ക്, ഇനി ദര്‍ശനമില്ലാത്ത രാത്രിയും ഭാവിഫലമറിയാനാവാത്ത അന്ധകാരവുമായിരിക്കുമുണ്ടാവുക. പ്രവാചകന്മാരുടെമേല്‍ സൂര്യനസ്തമിക്കും; പകല്‍ അവര്‍ക്ക് ഇരുട്ടായിമാറും.
7: ദീര്‍ഘദര്‍ശികള്‍ അപമാനിതരാകും; ഭാവി പറയുന്നവര്‍ ലജ്ജിതരാകും. ദൈവത്തില്‍നിന്ന് ഉത്തരംലഭിക്കായ്കയാല്‍ അവര്‍ വായ്പൊത്തും.
8: ഞാനാകട്ടെ, യാക്കോബിനോട് അവന്റെ അതിക്രമങ്ങളും, ഇസ്രായേലിനോട് അവന്റെ പാപങ്ങളും വിളംബരംചെയ്യുന്നതിനുവേണ്ടി കര്‍ത്താവിന്റെ ആത്മാവിനാലും ബലത്താലും നീതിയാലും ശക്തിയാലും നിറഞ്ഞിരിക്കുന്നു.
9: യാക്കോബ്ഭവനത്തിന്റെ തലവന്മാരേ, ഇസ്രായേല്‍കുടുംബത്തിലെ അധിപന്മാരേ, കേള്‍ക്കുവിന്‍. നിങ്ങള്‍ നീതിയെ വെറുക്കുകയും ഋജുവായതെല്ലാം വളച്ചുകളയുകയും ചെയ്യുന്നു.
10: രക്തത്താല്‍ നിങ്ങള്‍ സീയോന്‍ പണിതുയര്‍ത്തുന്നു. അധര്‍മ്മത്താല്‍ ജറുസലെമും.
11: അതിന്റെ ന്യായാധിപന്മാര്‍ കോഴവാങ്ങി വിധിക്കുന്നു. പുരോഹിതന്മാര്‍ കൂലിവാങ്ങി പഠിപ്പിക്കുന്നു. പ്രവാചകന്മാര്‍ പണത്തിനുവേണ്ടി ഭാവിപറയുന്നു. എന്നിട്ടും അവര്‍ കര്‍ത്താവിലാശ്രയിച്ചുകൊണ്ടു പറയുന്നു: കര്‍ത്താവു നമ്മുടെ മദ്ധ്യത്തിലില്ലേ? നമുക്ക് ഒരനര്‍ത്ഥവും വരുകയില്ല.
12: നിങ്ങള്‍നിമിത്തം, സീയോന്‍, വയല്‍പോലെ ഉഴുതുമറിക്കപ്പെടും; ജറുസലെം നാശക്കൂമ്പാരമാകും; ദേവാലയഗിരി വനമായിത്തീരും.

അദ്ധ്യായം 4

സീയോന്‍ രക്ഷാകേന്ദ്രം
1: അന്തിമനാളുകളില്‍ കര്‍ത്താവിന്റെയാലയംസ്ഥിതിചെയ്യുന്ന മല, ഗിരിശൃംഗങ്ങള്‍ക്കുമുകളില്‍ സ്ഥാപിക്കപ്പെടും; കുന്നുകള്‍ക്കുമുകളില്‍ ഉയര്‍ത്തപ്പെടും.
2: ജനതകള്‍ അവിടേയ്ക്കു പ്രവഹിക്കും. വരുവിന്‍, നമുക്കു കര്‍ത്താവിന്റെ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു പോകാം, അവിടുന്നു തന്റെ മാര്‍ഗ്ഗങ്ങള്‍ നമ്മെ പഠിപ്പിക്കും, നമുക്ക്, അവിടുത്തെ വഴികളിലൂടെ നടക്കാമെന്നുപറഞ്ഞുകൊണ്ട് അനേകം ജനതകള്‍ വരും. സീയോനില്‍നിന്നു നിയമവും ജറുസലെമില്‍നിന്നു കര്‍ത്താവിന്റെ വചനവും പുറപ്പെടും.
3: അവിടുന്ന്, അനേകം ജനതകള്‍ക്കിടയില്‍ ന്യായംവിധിക്കും. വിദൂരസ്ഥമായ പ്രബലരാജ്യങ്ങള്‍ക്ക് അവിടുന്നു വിധിയാളനായിരിക്കും. അവര്‍ തങ്ങളുടെ വാളുകള്‍ കൊഴുവായും കുന്തങ്ങള്‍ വാക്കത്തിയായും രൂപാന്തരപ്പെടുത്തും. ജനം, ജനത്തിനെതിരേ വാളുയര്‍ത്തുകയില്ല. അവര്‍ മേലില്‍ യുദ്ധമഭ്യസിക്കുകയില്ല.
4: അവരോരോരുത്തരും താന്താങ്ങളുടെ മുന്തിരിത്തോപ്പിലും അത്തിമരച്ചോട്ടിലുമായിരിക്കും. ആരുമവരെ ഭയപ്പെടുത്തുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു.
5: എല്ലാ ജനതകളും തങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ച്ചരിക്കുന്നു. നാം നമ്മുടെ ദൈവമായ കര്‍ത്താവിന്റെനാമത്തില്‍ എന്നെന്നും വ്യാപരിക്കും.
6: കര്‍ത്താവരുളിച്ചെയ്യുന്നു: അന്നു ഞാന്‍ മുടന്തരെ ഒരുമിച്ചുകൂട്ടും; ചിതറിക്കപ്പെട്ടവരെയും ഞാന്‍ പീഡിപ്പിച്ചവരെയും ശേഖരിക്കും.
7: മുടന്തരെ ഞാന്‍ എന്റെ അവശേഷിച്ചജനമാക്കും; ബഹിഷ്കൃതരെ പ്രബലജനതയാക്കും. അന്നുമുതലെന്നേയ്ക്കും സീയോന്‍മലയില്‍ കര്‍ത്താവവരുടെമേല്‍ വാഴും.
8: അജഗണത്തിന്റെ ഗോപുരമേ, സീയോന്‍പുത്രിയുടെ പര്‍വ്വതമേ, പൂര്‍വ്വകാലത്തെ ആധിപത്യം, ഇസ്രായേല്‍പ്പുത്രിയുടെ രാജത്വം, നിന്നിലേക്കു വരും.
9: എന്തേ, നീയിപ്പോള്‍ ഉച്ചത്തില്‍ക്കരയുന്നു? നിനക്കു രാജാവില്ലേ? നിന്റെ ഉപദേഷ്ടാവു മരിച്ചുപോയോ? ഈറ്റുനോവുപോലെ കഠിനവേദന നിന്നെ കീഴടക്കിയിരിക്കുന്നതെന്തുകൊണ്ട്?
10: സീയോന്‍പുത്രീ, പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയെപ്പോലെ നീ വേദനയാല്‍ പുളയുക. നീയിപ്പോള്‍ ഈ നഗരം വിട്ടുപോയി, വിജനപ്രദേശത്തു വസിക്കേണ്ടിവരും. നീ ബാബിലോണിലേക്കു പോകും. അവിടെവച്ചു നീ രക്ഷിക്കപ്പെടും. കര്‍ത്താവു നിന്നെ ശത്രുകരങ്ങളില്‍നിന്നു വീണ്ടെടുക്കും.
11: അനേകം ജനതകള്‍ നിനക്കെതിരേ സമ്മേളിച്ചു പറയുന്നു: അവള്‍ അശുദ്ധയാകട്ടെ, നമുക്കവളുടെ നാശംകണ്ടു സന്തോഷിക്കാം.
12: എന്നാല്‍, കര്‍ത്താവിന്റെ വിചാരങ്ങള്‍ അവരറിയുന്നില്ല; അവിടുത്തെ ആലോചനകള്‍ അവര്‍ ഗ്രഹിക്കുന്നില്ല. മെതിക്കളത്തില്‍ കറ്റയെന്നപോലെ അവിടുന്നവരെ ശേഖരിച്ചിരിക്കുന്നു.
13: സീയോന്‍പുത്രീ, എഴുന്നേറ്റു മെതിക്കുക. ഞാന്‍ നിന്റെ കൊമ്പ്, ഇരുമ്പും കുളമ്പ്, പിച്ചളയുമാക്കും. അനവധിജനതകളെ നീ ചിതറിക്കും. അവരില്‍നിന്നെടുത്ത കൊള്ളമുതല്‍, നീ കര്‍ത്താവിനര്‍പ്പിക്കും. അവരുടെ സമ്പത്ത്, ഭൂമിമുഴുവന്റെയും കര്‍ത്താവിനു നീ കാഴ്ചവയ്ക്കും.

അദ്ധ്യായം 5

വരാനിരിക്കുന്ന രാജാവ്
1: നിന്നെയിതാ, കോട്ടകെട്ടിയടച്ചിരിക്കുന്നു. നമുക്കെതിരേ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു. അവര്‍ വടികൊണ്ട് ഇസ്രായേല്‍ഭരണാധിപന്റെ ചെകിട്ടത്തടിക്കുന്നു.
2: ബേത്‌ലെഹെം- എഫ്രാത്താ, യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുമ്പേ, ഉള്ളവനാണ്.
3: അതിനാല്‍, ഈറ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ അവനവരെ പരിത്യജിക്കും. പിന്നീട്, അവന്റെ സഹോദരരില്‍ അവശേഷിക്കുന്നവര്‍ ഇസ്രായേല്‍ജനത്തിലേക്കു മടങ്ങിവരും.
4: കര്‍ത്താവിന്റെ ശക്തിയോടെ തന്റെ ദൈവമായ കര്‍ത്താവിന്റെ മഹത്വത്തോടെ, അവന്‍ വന്നു തന്റെ ആടുകളെ മേയ്ക്കും. ഭൂമിയുടെ അതിര്‍ത്തിയോളം അവന്‍ പ്രതാപവാനാകയാല്‍ അവര്‍ സുരക്ഷിതരായി വസിക്കും.
5: അവന്‍ നമ്മുടെ സമാധാനമായിരിക്കും. അസ്സീറിയാ നമ്മുടെ നാടാക്രമിക്കുകയും നമ്മുടെ മണ്ണില്‍ കാല്‍കുത്തുകയുംചെയ്യുമ്പോള്‍, നാം അവനെതിരേ ഏഴിടയന്മാരെയും എട്ടു പ്രഭുക്കന്മാരെയുമണിനിരത്തും.
6: അസ്സീറിയായെ വാള്‍കൊണ്ടും നിമ്രോദ്‌ദേശത്തെ ഊരിയഖഡ്ഗംകൊണ്ടും അവര്‍ ഭരിക്കും. അസ്സീറിയാ നമ്മുടെ നാടാക്രമിക്കുകയും നമ്മുടെ അതിര്‍ത്തിയില്‍ പ്രവേശിക്കുകയുംചെയ്യുമ്പോള്‍ അവന്‍ നമ്മെ രക്ഷിക്കും.
7: അന്നു യാക്കോബിന്റെ ഭവനത്തിലവശേഷിക്കുന്നവര്‍ അനേകം ജനതകളുടെയിടയില്‍ കര്‍ത്താവു വര്‍ഷിക്കുന്ന തുഷാരംപോലെയും പുല്‍ത്തലപ്പുകളിലെ മഴത്തുള്ളിപോലെയുമായിരിക്കും. അതു മനുഷ്യര്‍ക്കുവേണ്ടി തങ്ങിനില്ക്കുയോ മനുഷ്യമക്കള്‍ക്കുവേണ്ടി കാത്തുനില്ക്കുകയോ ചെയ്യുന്നില്ല.
8: യാക്കോബിന്റെ ഭവനത്തില്‍ അവശേഷിക്കുന്നവര്‍ ജനതകള്‍ക്കിടയില്‍, അനേകം ജനതകള്‍ക്കിടയില്‍, വന്യമൃഗങ്ങള്‍ക്കിടയില്‍, സിംഹത്തെപ്പോലെയും ആട്ടിന്‍പറ്റത്തില്‍ യുവസിംഹത്തെപ്പോലെയുമായിരിക്കും. അതു ചവിട്ടിമെതിച്ചും ചീന്തിക്കീറിയും നടക്കും. രക്ഷിക്കാനാരുമുണ്ടാവുകയില്ല.
9: പ്രതിയോഗികളുടെ മീതേ നിന്റെ കരമുയര്‍ന്നുനില്‍ക്കും. നിന്റെ സര്‍വ്വശത്രുക്കളും വിച്ഛേദിക്കപ്പെടും.
10: കര്‍ത്താവരുളിച്ചെയ്യുന്നു: അന്നു നിന്റെ കുതിരകളെ ഞാന്‍ സംഹരിക്കും; നിന്റെ രഥങ്ങള്‍ നശിപ്പിക്കും.
11: നിന്റെ ദേശത്തെ നഗരങ്ങള്‍ ഞാന്‍ നശിപ്പിക്കും; നിന്റെ ശക്തിദുര്‍ഗ്ഗങ്ങള്‍ ഞാന്‍ തകര്‍ക്കും.
12: ആഭിചാരവൃത്തികളെല്ലാം നിന്നില്‍നിന്നു ഞാന്‍ നീക്കംചെയ്യും. നിനക്കിനിമേലില്‍ പ്രശ്നംവയ്ക്കുന്നവരുണ്ടാവുകയില്ല.
13: നിന്റെ വിഗ്രഹങ്ങളും സ്തംഭങ്ങളും ഞാനെടുത്തുകളയും. നിന്റെതന്നെ കരവേലകള്‍ക്കുമുമ്പില്‍ ഇനിമേല്‍ നീ പ്രണമിക്കുകയില്ല.
14: നിന്റെ അഷേരാപ്രതിഷ്ഠകളെ ഞാന്‍ നിര്‍മ്മൂലനം ചെയ്യും. നിന്റെ നഗരങ്ങളെ ഞാന്‍ നശിപ്പിക്കും.
15: എന്നെയനുസരിക്കാത്ത ജനതകളോടു ഞാന്‍ ക്രോധത്തോടെ പ്രതികാരംചെയ്യും.

അദ്ധ്യായം 6

 ഇസ്രായേലിനെതിരേ ആരോപണം
1: കര്‍ത്താവു പറയുന്ന വാക്കു കേള്‍ക്കുക: എഴുന്നേറ്റ്, പര്‍വ്വതങ്ങളുടെമുമ്പില്‍ നിന്റെ ആവലാതികള്‍ ബോധിപ്പിക്കുക. കുന്നുകള്‍ നിന്റെ ശബ്ദം കേള്‍ക്കട്ടെ!
2: പര്‍വ്വതങ്ങളേ, ഭൂമിയുടെ ഉറപ്പുള്ള അസ്ഥിവാരങ്ങളേ, കര്‍ത്താവിന്റെ ആരോപണങ്ങള്‍ കേള്‍ക്കുവിന്‍. അവിടുന്നു തന്റെ ജനത്തിനെതിരേ കുറ്റമാരോപിക്കുന്നു; ഇസ്രായേലിനെതിരേ വാദിക്കുന്നു.
3: എന്റെ ജനമേ, നിങ്ങളോടു ഞാനെന്തു ചെയ്തു? എങ്ങനെ ഞാന്‍ നിങ്ങള്‍ക്കു ശല്യമായി? ഉത്തരം പറയുവിന്‍.
4: ഞാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു; അടിമത്തത്തിന്റെ ഭവനത്തില്‍നിന്നു നിങ്ങളെ വീണ്ടെടുത്തു; നിങ്ങളെ നയിക്കാന്‍ മോശയെയും അഹറോനെയും മിരിയാമിനെയുമയച്ചു.
5: എന്റെ ജനമേ, മോവാബ്‌രാജാവായ ബാലാക് നിങ്ങള്‍ക്കെതിരേ ആലോചിച്ച ഉപായങ്ങളും അവനു ബയോറിന്റെ മകന്‍ ബാലാംനല്കിയ മറുപടിയുമോര്‍ക്കുക. ഷിത്തിംമുതല്‍ ഗില്‍ഗാല്‍വരെ സംഭവിച്ചതു സ്മരിക്കുക. അങ്ങനെ കര്‍ത്താവിന്റെ രക്ഷാകരമായ പ്രവൃത്തികള്‍ ഗ്രഹിക്കുക.
6: കര്‍ത്താവിന്റെമുമ്പില്‍ ഞാൻ എന്തുകാഴ്ചയാണു കൊണ്ടുവരേണ്ടത്? അത്യുന്നതനായ ദൈവത്തിന്റെമുമ്പില്‍ ഞാനെങ്ങനെയാണു കുമ്പിടേണ്ടത്? ദഹനബലിക്ക് ഒരു വയസ്സുള്ള കാളക്കിടാവുമായിട്ടാണോ ഞാന്‍ വരേണ്ടത്?
7: ആയിരക്കണക്കിനു മുട്ടാടുകളിലും പതിനായിരക്കണക്കിന് എണ്ണപ്പുഴകളിലും അവിടുന്നു സംപ്രീതനാകുമോ? എന്റെ അതിക്രമങ്ങള്‍ക്കു പരിഹാരമായി എന്റെ ആദ്യജാതനെ ഞാന്‍ നല്കണമോ? ആത്മാവിന്റെ പാപത്തിനുപകരം ശരീരത്തിന്റെ ഫലം കാഴ്ചവയ്ക്കണമോ?
8: മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്നു നിനക്കു കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവര്‍ത്തിക്കുക; കരുണകാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായിച്ചരിക്കുക. ഇതല്ലാതെ മറ്റെന്താണു കര്‍ത്താവു നിന്നില്‍നിന്നാവശ്യപ്പെടുന്നത്?
9: കര്‍ത്താവിന്റെ ശബ്ദം നഗരത്തില്‍ മുഴങ്ങുന്നു. അവിടുത്തെ നാമത്തെ ഭയപ്പെടുകയാണു യഥാര്‍ത്ഥജ്ഞാനം. ഗോത്രങ്ങളേ, നഗരസഭയേ, കേള്‍ക്കുവിന്‍.
10: ദുഷ്ടരുടെ ഭവനത്തിലെ തിന്മയുടെ നിക്ഷേപങ്ങളും ശപ്തമായ കള്ളഅളവുകളും എനിക്കു മറക്കാനാവുമോ?
11: കള്ളത്തുലാസും കള്ളക്കട്ടികളും കൈവശം വയ്ക്കുന്നവനെ ഞാന്‍ വെറുതെവിടുമോ?
12: നിന്റെ ധനികരത്രയും അക്രമാസക്തരാണ് നിന്റെ നിവാസികള്‍ വ്യാജംപറയുന്നു. അവരുടെ നാവുകള്‍ വഞ്ചന നിറഞ്ഞതാണ്.
13: അതിനാല്‍, നിന്നെ ഞാന്‍ അതികഠിനമായി പീഡിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിന്റെ പാപങ്ങള്‍നിമിത്തം നിന്നെ ഞാന്‍ വിജനമാക്കും.
14: നീ ഭക്ഷിക്കും, എന്നാല്‍, തൃപ്തിവരുകയില്ല. ഉദരത്തില്‍നിന്നു വിശപ്പുവിട്ടകലുകയില്ല. നീ നീക്കിവയ്ക്കും, എന്നാല്‍, ഒന്നും സമ്പാദിക്കുകയില്ല, സമ്പാദിച്ചാല്‍ത്തന്നെ അതു ഞാന്‍ വാളിനിരയാക്കും.
15: നീ വിതയ്ക്കും, എന്നാല്‍ കൊയ്യുകയില്ല. നീ ഒലിവാട്ടും, എന്നാല്‍ എണ്ണകൊണ്ട് അഭിഷേകംചെയ്യുകയില്ല. നീ മുന്തിരി പിഴിയും, എന്നാല്‍ വീഞ്ഞുകുടിക്കുകയില്ല.
16: കാരണം, നീ ഓമ്രിയുടെ അനുശാസനകള്‍ പാലിച്ചു. ആഹാബ്ഭവനത്തിന്റെ ചെയ്തികള്‍ നീ ആവര്‍ത്തിച്ചു; അവരുടെ ഉപദേശങ്ങള്‍ക്കനുസരിച്ചു വ്യാപരിച്ചു. അതിനാല്‍, ഞാന്‍ നിന്നെ ശൂന്യമാക്കും. നിന്റെ നിവാസികളെ പരിഹാസവിഷയമാക്കും. അങ്ങനെ നീ ജനതകളുടെ നിന്ദനമേല്‍ക്കും.

അദ്ധ്യായം 7

ജനത്തിന്റെ ധാര്‍മ്മികാധഃപതനം
1: എനിക്കു ഹാ, കഷ്ടം! ഗ്രീഷ്മകാല ഫലങ്ങള്‍ ശേഖരിക്കുകയും മുന്തിരിപ്പഴങ്ങള്‍ പറിക്കുകയും ചെയ്തതിനുശേഷം കാലാപെറുക്കുന്നവനെപ്പോലെയായിരിക്കുന്നു ഞാന്‍. തിന്നാന്‍ ഒരു മുന്തിരിക്കുലയോ അത്തിയുടെ അഭികാമ്യമായ കടിഞ്ഞൂല്‍ ഫലങ്ങളോ ഇല്ല.
2: ദൈവഭക്തരായവര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായിരിക്കുന്നു. മനുഷ്യരുടെയിടയില്‍ സത്യസന്ധരായി ആരുമില്ല. അവരെല്ലാവരും രക്തത്തിനുവേണ്ടി പതിയിരിക്കുന്നു. ഓരോരുത്തരും സ്വസഹോദരനെ കുടുക്കാന്‍ വലവിരിക്കുന്നു.
3: തിന്മ പ്രവര്‍ത്തിക്കാന്‍ അവന്‍ ഉത്സാഹത്തോടെ കൈനീട്ടുന്നു. രാജാവും ന്യായാധിപനും കൈക്കൂലി ആവശ്യപ്പെടുന്നു. ഉന്നതന്മാര്‍ ദുരാഗ്രഹങ്ങള്‍ വെളിപ്പെടുത്തുന്നു. അങ്ങനെ അവരൊരുമിച്ച് അതു നെയ്തെടുക്കുന്നു.
4: അവരില്‍ ഏറ്റവുമുത്തമന്‍ ഒരു മുള്‍ച്ചെടിപോലെയും ഏറ്റവും സത്യസന്ധന്‍ ഒരു മുള്ളുവേലിപോലെയുമാണ്. അവരുടെ കാവല്‍ക്കാരറിയിച്ച ദിനം, ശിക്ഷയുടെ ദിനം, വന്നുകഴിഞ്ഞു. അവര്‍ക്കു സംഭ്രാന്തിയുടെ സമയമായി.
5: അയല്‍ക്കാരനെ വിശ്വസിക്കരുത്, സ്‌നേഹിതനില്‍ വിശ്വാസമര്‍പ്പിക്കരുത്, നിന്റെ മടിയില്‍ ശയിക്കുന്നവളുടെ മുമ്പില്‍ അധരകവാടം തുറക്കരുത്.
6: പുത്രന്‍ പിതാവിനോടു നിന്ദയോടെ വര്‍ത്തിക്കുന്നു. മകള്‍ അമ്മയ്ക്കും മരുമകള്‍ അമ്മായിയമ്മയ്ക്കുമെതിരേ നിലകൊള്ളുന്നു. സ്വന്തം കുടുംബത്തിലെ അംഗങ്ങള്‍തന്നെ ഒരുവനു ശത്രുക്കളായിത്തീരുന്നു.
7: എന്നാല്‍ ഞാന്‍ കര്‍ത്താവിങ്കലേക്കു കണ്ണുകളുയര്‍ത്തും. എന്റെ രക്ഷകനായ ദൈവത്തിനുവേണ്ടി ഞാന്‍ കാത്തിരിക്കും, എന്റെ ദൈവം എന്റെ പ്രാര്‍ത്ഥന കേള്‍ക്കും.

രക്ഷയുടെ വാഗ്ദാനം
8: എന്റെ ശത്രുക്കളേ, എന്നെക്കുറിച്ചാഹ്ലാദിക്കേണ്ടാ. വീണാലും ഞാനെഴുന്നേല്‍ക്കും. ഞാനിരുട്ടിലിരുന്നാലും കര്‍ത്താവെന്റെ വെളിച്ചമായിരിക്കും.
9: അവിടുന്ന്, എനിക്കുവേണ്ടി വാദിക്കുകയും എനിക്കു നീതിനടത്തിത്തരുകയുംചെയ്യുന്നതുവരെ, ഞാന്‍ കര്‍ത്താവിന്റെ രോഷം സഹിക്കും. ഞാന്‍ അവിടുത്തേക്കെതിരായി പാപംചെയ്തുപോയി. അവിടുന്നെന്നെ വെളിച്ചത്തിലേക്കു നയിക്കും. ഞാനവിടുത്തെ രക്ഷ ദര്‍ശിക്കും.
10: എന്റെ ശത്രുക്കളതു കാണും. നിന്റെ ദൈവമായ കര്‍ത്താവെവിടെ എന്നു ചോദിച്ചവളെ ലജ്ജമൂടിക്കളയും. തെരുവിലെ ചേറുപോലെ അവള്‍ ചവിട്ടിത്തേയ്ക്കപ്പെടും. ഞാന്‍ അവളുടെ പതനംകണ്ട് ആഹ്ലാദിക്കും.
11: നിന്റെ മതിലുകള്‍ പുനരുദ്ധരിക്കപ്പെടുന്ന ദിനംവരുന്നു! അന്നു നിന്റെ അതിരുകള്‍ വിസ്തൃതമാക്കപ്പെടും.
12: അസ്സീറിയാമുതല്‍ ഈജിപ്തുവരെയും ഈജിപ്തുമുതല്‍ നദിവരെയും, കടല്‍മുതല്‍ കടല്‍വരെയും പര്‍വ്വതംമുതല്‍ പര്‍വ്വതംവരെയുമുള്ളവര്‍ അന്നു നിന്റെയടുക്കല്‍ വരും.
13: എന്നാല്‍, അന്നു ഭൂമി അതിലെ നിവാസികള്‍നിമിത്തം, അവരുടെ പ്രവൃത്തികളുടെ ഫലമായി ശൂന്യമായിത്തീരും.
14: കാര്‍മ്മലിലെ വനാന്തരത്തില്‍ ഏകരായിക്കഴിയുന്നവരും അങ്ങയുടെ അവകാശവുമായ അജഗണത്തെ അങ്ങയുടെ ദണ്ഡുകൊണ്ടു മേയ്ക്കണമേ! മുന്‍കാലങ്ങളിലെപ്പോലെ അവര്‍ ബാഷാനിലും ഗിലയാദിലുംമേയട്ടെ!
15: നീ ഈജിപ്തില്‍നിന്നു പുറത്തുവന്ന നാളുകളിലെന്നപോലെ അദ്ഭുതകരമായ കാര്യങ്ങള്‍ ഞാനവര്‍ക്കു കാണിച്ചുകൊടുക്കും.
16: ജനതകള്‍ അതുകണ്ടു തങ്ങളുടെ ശക്തിയെക്കുറിച്ചു ലജ്ജിക്കും. അവര്‍ വായ്പൊത്തും. അവരുടെ കാതുകള്‍ ബധിരമാകും;
17: സര്‍പ്പങ്ങളെപ്പോലെ, ഭൂമിയിലിഴയുന്ന ജീവികളെപ്പോലെ അവര്‍ പൊടിനക്കും. ശക്തിദുര്‍ഗ്ഗങ്ങളില്‍നിന്ന് അവര്‍ വിറപൂണ്ടിറങ്ങിവരും. കൊടുംഭീതിയാല്‍ അവര്‍ നമ്മുടെ കര്‍ത്താവായ ദൈവത്തിങ്കലേക്കു തിരിയും. അവര്‍ അങ്ങുനിമിത്തം ചകിതരാകും.
18: തന്റെ അവകാശത്തിന്റെ അവശേഷിച്ച ഭാഗത്തോട് അവരുടെ അപരാധങ്ങള്‍പൊറുക്കുകയും അതിക്രമങ്ങള്‍ ക്ഷമിക്കുകയുംചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെയാരുണ്ട്? അവിടുന്നു തന്റെ കോപം എന്നേയ്ക്കുമായി വച്ചുപുലര്‍ത്തുന്നില്ല; എന്തെന്നാല്‍, അവിടുന്നു കാരുണ്യത്തിലാനന്ദിക്കുന്നു.
19: അവിടുന്നു വീണ്ടും നമ്മോടു കാരുണ്യംകാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്നു ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്നു തൂത്തെറിയും.
20: പൂര്‍വ്വകാലംമുതല്‍ ഞങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനംചെയ്തിരുന്നതുപോലെ അങ്ങു യാക്കോബിനോടു വിശ്വസ്തതയും അബ്രാഹത്തോടു കാരുണ്യവുംകാണിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ