ഇരുന്നൂറ്റിയറുപത്തൊമ്പതാം ദിവസം: സഖറിയ 9 - 14


അദ്ധ്യായം 9

ജനതകള്‍ക്കു ശിക്ഷ
1: അരുളപ്പാട്: കര്‍ത്താവിന്റെ വചനം ഹദ്രാക്ക്ദേശത്തിനെതിരേ പുറപ്പെട്ടിരിക്കുന്നു; അതു ദമാസ്ക്കസിന്റെമേല്‍ പതിക്കും. ഇസ്രായേലിന്റെ ഗോത്രങ്ങളെപ്പോലെതന്നെ ആരാമിന്റെ നഗരങ്ങളും കര്‍ത്താവിന്റേതാണ്.
2: അതിനോടു ചേര്‍ന്നുകിടക്കുന്ന ഹമാത്തും കൗശലമേറിയതെങ്കിലും ടയിറും സീദോനും കര്‍ത്താവിന്റേതുതന്നെ.
3: ടയിര്‍ ഒരു കോട്ടപണിതു; പൊടിപോലെ വെള്ളിയും തെരുവിലെ ചെളിപോലെ സ്വര്‍ണ്ണവും കൂനകൂടി.
4: എന്നാല്‍, കര്‍ത്താവവളുടെ സമ്പത്തപഹരിക്കും. അവളുടെ ധനം കടലിലെറിയും; അവളെ അഗ്നി വിഴുങ്ങും.
5: അഷ്കലോണ്‍ അതുകണ്ടു ഭയപ്പെടും. ഗാസാ കഠിനവേദനയാല്‍ പുളയും. ആശതകര്‍ന്ന എക്രോണിനും ഇതുതന്നെ സംഭവിക്കും. ഗാസായില്‍ രാജാവില്ലാതാകും. അഷ്കലോണ്‍ വിജനമാകും.
6: അഷ്‌ദോദില്‍ ഒരു സങ്കരജാതി പാര്‍ക്കും. ഫിലിസ്ത്യരുടെ അഹങ്കാരത്തിനു ഞാനറുതി വരുത്തും.
7: അവര്‍ ഇനിമേല്‍ രക്തവും മ്ലേച്ഛമാംസവും ഭക്ഷിക്കുകയില്ല. അവരും നമ്മുടെ ദൈവത്തിന്റെ അവശിഷ്ടജനമാകും. അവര്‍ യൂദായിലെ ഒരു കുലത്തെപ്പോലെയാകും. എക്രോണ്‍ ജബൂസ്യരെപ്പോലെയാകും.

വരാനിരിക്കുന്ന രാജാവ്
8: ആരും കയറിയിറങ്ങിനടക്കാതിരിക്കാന്‍ ഞാനെന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍നില്ക്കും. ഒരു മര്‍ദ്ദകനും ഇനിയവരെ കീഴടക്കുകയില്ല. എന്റെ കണ്ണ് അവരുടെമേലുണ്ട്.
9: സീയോന്‍ പുത്രീ, അതിയായാനന്ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവു നിന്റെയടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്തു കയറിവരുന്നു.
10: ഞാന്‍ എഫ്രായിമില്‍നിന്നു രഥത്തെയും ജറുസലെമില്‍നിന്നു പടക്കുതിരയെയും വിച്ഛേദിക്കും. പടവില്ലു ഞാനൊടിക്കും. അവന്‍ ജനതകള്‍ക്കു സമാധാനമരുളും. അവന്റെ ആധിപത്യം സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റംവരെയുമായിരിക്കും.
11: നീയുമായുള്ള എന്റെ ഉടമ്പടിയുടെ രക്തംനിമിത്തം പ്രവാസികളെ ഞാന്‍ ജലരഹിതമായ കുഴിയില്‍നിന്നു സ്വതന്ത്രരാക്കും.
12: പ്രത്യാശയുടെ തടവുകാരേ, നിങ്ങളുടെ രക്ഷാദുര്‍ഗ്ഗത്തിലേക്കു മടങ്ങിപ്പോകുവിന്‍. നിങ്ങള്‍ക്ക് ഇരട്ടി മടക്കിത്തരുമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
13: യൂദായെ ഞാന്‍ എന്റെ വില്ലായി കുലച്ചിരിക്കുന്നു. എഫ്രായിമിനെ അസ്ത്രമായി അതില്‍ത്തൊടുത്തിരിക്കുന്നു. സീയോനേ, നിന്റെ പുത്രന്മാരെ, ഞാന്‍ ഗ്രീസിന്റെ പുത്രന്മാരുടെ നേരേ ചുഴറ്റും. നിന്നെ യോദ്ധാവിന്റെ വാള്‍പോലെ വീശും.
14: കര്‍ത്താവവര്‍ക്കുമീതേ പ്രത്യക്ഷനാകും. അവിടുത്തെ അസ്ത്രം മിന്നല്‍പോലെ പായും. ദൈവമായ കര്‍ത്താവു കാഹളംമുഴക്കുകയും തെക്കന്‍ചുഴലിക്കാറ്റുകളില്‍ മുന്നേറുകയുംചെയ്യും.
15: സൈന്യങ്ങളുടെ കര്‍ത്താവവര്‍ക്കു സംരക്ഷണംനല്കും. അതുകൊണ്ട് അവര്‍ കവിണക്കല്ലുവിഴുങ്ങുകയും ചവിട്ടിമെതിക്കുകയുംചെയ്യും. അവര്‍ വീഞ്ഞെന്നപോലെ രക്തംകുടിച്ച്, കുടമെന്നപോലെ നിറയും; ബലിപീഠത്തിന്റെ കോണുകളെന്നെപോലെ കുതിരും.
16: അന്ന്, അവരുടെ ദൈവമായ കര്‍ത്താവു തന്റെ അജഗണമായ ജനത്തെ രക്ഷിക്കും; അവര്‍ കിരീടത്തില്‍ രത്നങ്ങളെന്നപോലെ അവിടുത്തെ ദേശത്തു ശോഭിക്കും.
17: അതെത്രശ്രേഷ്ഠവും സുന്ദരവുമായിരിക്കും! അപ്പോള്‍ ധാന്യം യുവാക്കളെയും പുതുവീഞ്ഞു യുവതികളെയും പുഷ്ടിപ്പെടുത്തും.

അദ്ധ്യായം 10

രക്ഷയുടെ വാഗ്ദാനം
1: വസന്തവൃഷ്ടിയുടെകാലത്തു കര്‍ത്താവിനോടു മഴചോദിക്കുവിന്‍. മഴക്കാറയയ്ക്കുന്നതും മഴപെയ്യിച്ച് എല്ലാവര്‍ക്കുംവേണ്ടി വയലിനെ ഹരിതപൂര്‍ണ്ണമാക്കുന്നതും കര്‍ത്താവാണ്.
2: കുലവിഗ്രഹങ്ങള്‍ വിഡ്ഢിത്തംപുലമ്പുന്നു; ഭാവിപറയുന്നവര്‍ വ്യാജംദര്‍ശിക്കുന്നു; സ്വപ്നക്കാര്‍ കപടസ്വപ്നങ്ങള്‍വിവരിച്ചു പൊള്ളയായ ആശ്വാസംപകരുന്നു. അതുകൊണ്ട്, ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ പീഡനമേറ്റലയുന്നു.
3: ഇടയന്മാരുടെനേരേ എന്റെ കോപം ജ്വലിച്ചിരിക്കുന്നു. നേതാക്കന്മാരെ ഞാന്‍ ശിക്ഷിക്കും. സൈന്യങ്ങളുടെ കര്‍ത്താവു തന്റെ അജഗണത്തെ, യൂദാഭവനത്തെ, പരിപാലിക്കുന്നു. അവിടുന്നവരെ ഉദ്ധതമായ പടക്കുതിരയാക്കും.
4: അവരില്‍നിന്നു മൂലക്കല്ലും കൂടാരക്കുറ്റിയും പുറപ്പെടും. പടവില്ലും രാജാക്കന്മാരും അവരില്‍നിന്നുവരും.
5: ശത്രുക്കളെ തെരുവിലെ ചെളിയില്‍ ചവിട്ടിയരയ്ക്കുന്ന യുദ്ധവീരന്മാരെപ്പോലെയായിരിക്കും അവര്‍. കര്‍ത്താവുകൂടെയുള്ളതുകൊണ്ട് അവര്‍ യുദ്ധംചെയ്തു കുതിരപ്പടയാളികളെ സംഭ്രാന്തരാക്കും.
6: ഞാന്‍ യൂദാഭവനത്തെ ബലപ്പെടുത്തുകയും ജോസഫിന്റെ ഭവനത്തെ രക്ഷിക്കുകയുംചെയ്യും. അവരുടെമേലലിവുതോന്നി ഞാനവരെ തിരിച്ചുകൊണ്ടുവരും. ഞാന്‍ ഒരിക്കലും തിരസ്കരിച്ചിട്ടില്ലാത്തവരെപ്പോലെയായിരിക്കും അവര്‍. ഞാന്‍ അവരുടെ ദൈവമായ കര്‍ത്താവാണ്. ഞാനവര്‍ക്ക് ഉത്തരമരുളും.
7: എഫ്രായിം വീരയോദ്ധാവിനെപ്പോലെയാകും. വീഞ്ഞുകൊണ്ടെന്നപോലെ അവരുടെ ഹൃദയമാനന്ദിക്കും. അവരുടെ മക്കള്‍ അതുകണ്ടു സന്തോഷിക്കും. അവരുടെ ഹൃദയം കര്‍ത്താവിലാഹ്ലാദിച്ചുല്ലസിക്കും.
8: ഞാനവരെ അടയാളംനല്കി ഒരുമിച്ചുകൂട്ടും. ഞാനവരെ വീണ്ടെടുത്തിരിക്കുന്നു. അവര്‍ പണ്ടത്തെപ്പോലെ അസംഖ്യമാകും.
9: ഞാനവരെ ജനതകളുടെയിടയില്‍ ചിതറിച്ചെങ്കിലും വിദൂരദേശങ്ങളില്‍ അവര്‍ എന്നെയനുസ്മരിക്കും. അവര്‍ മക്കളോടുകൂടെ ജീവിക്കുകയും തിരിച്ചുവരുകയുംചെയ്യും.
10: ഞാനവരെ ഈജിപ്തില്‍നിന്നു തിരിച്ചുകൊണ്ടുവരും; അസ്സീറിയായില്‍നിന്നു ഞാന്‍ അവരെ ഒരുമിച്ചു കൂട്ടും; ഞാനവരെ ഗിലയാദിലേക്കും ലബനോനിലേക്കും കൊണ്ടുവരും; അവിടെ ഇടമില്ലാതെയാകും.
11: അവര്‍ ഈജിപ്തു കടലിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ ഓളങ്ങളെയടിക്കും. നൈലിന്റെ ആഴങ്ങള്‍ വറ്റിപ്പോകും; അസ്സീറിയായുടെ അഹങ്കാരം ശമിക്കും; ഈജിപ്തിന്റെ ചെങ്കോല്‍ നീങ്ങിപ്പോകും.
12: ഞാനവരെ കര്‍ത്താവില്‍ ബലപ്പെടുത്തും. അവര്‍ അവിടുത്തെ നാമത്തില്‍ അഭിമാനംകൊള്ളും-കര്‍ത്താവരുളിച്ചെയ്യുന്നു.

അദ്ധ്യായം 11

1: ലബനോനേ, നിന്റെ വാതിലുകള്‍ തുറക്കുക, അഗ്നി നിന്റെ ദേവദാരുക്കളെ വിഴുങ്ങട്ടെ.
2: സരളവൃക്ഷമേ, വിലപിക്കുക, ദേവദാരു നിപതിച്ചു. വിശിഷ്ട വൃക്ഷങ്ങള്‍ നശിച്ചു. ബാഷാനിലെ കരുവേലകമേ, വിലപിക്കുക. നിബിഡവനങ്ങള്‍ വെട്ടിവീഴ്ത്തിയിരിക്കുന്നു.
3: ഇതാ, ഇടയന്മാര്‍ നിലവിളിക്കുന്നു; അവരുടെ മഹത്വം അപഹരിക്കപ്പെട്ടു. ഇതാ, സിംഹങ്ങള്‍ ഗര്‍ജ്ജിക്കുന്നു; ജോര്‍ദ്ദാന്‍വനം ശൂന്യമായിരിക്കുന്നു.

രണ്ട് ഇടയന്മാര്‍
4: എന്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്തു: കൊലയ്ക്കു വിധിക്കപ്പെട്ട ആടുകളുടെ ഇടയനാവുക.
5: വാങ്ങുന്നവര്‍ അവയെ കൊല്ലുന്നു, അവര്‍ ശിക്ഷിക്കപ്പെടുന്നില്ല. അവയെ വില്ക്കുന്നവര്‍ പറയുന്നു, കര്‍ത്താവു വാഴ്ത്തപ്പെടട്ടെ, ഞാന്‍ ധനികനായി. സ്വന്തം ഇടയന്മാര്‍ക്കുപോലും അവയോടു കരുണയില്ല.
6: കര്‍ത്താവരുളിച്ചെയ്യുന്നു: ദേശത്തു വസിക്കുന്നവരുടെമേല്‍ ഇനിയെനിക്കു കരുണതോന്നുകയില്ല. ഞാനവരെ ഓരോരുത്തരെയും താന്താങ്ങളുടെ ഇടയന്റെയും രാജാവിന്റെയും പിടിയിലകപ്പെടാനിടയാക്കും. അവര്‍ ഭൂമിയെ ഞെരിക്കും. അവരുടെ കൈയില്‍നിന്നു ഞാന്‍ ആരെയും രക്ഷിക്കുകയില്ല.
7: ഞാന്‍ ആടു വ്യാപാരികള്‍ക്കുവേണ്ടി കൊലയ്ക്കു വിധിക്കപ്പെട്ടിരുന്ന ആടുകളുടെ ഇടയനായി. ഞാന്‍ രണ്ടു വടിയെടുത്തു. ഒന്നിനു കൃപയെന്നും രണ്ടാമത്തേതിന് ഐക്യമെന്നും പേരിട്ടു. ഞാന്‍ ആടുകളെ മേയിച്ചു.
8: ഒരു മാസത്തിനുള്ളില്‍ ഞാന്‍ മൂന്നിടയന്മാരെ ഓടിച്ചു. ഞാന്‍ അവയെക്കൊണ്ടു മടുത്തു. അവയ്ക്കെന്നോടും വെറുപ്പായി.
9: ഞാന്‍ പറഞ്ഞു: ഞാന്‍ നിങ്ങളുടെ ഇടയനായിരിക്കുകയില്ല. മരിക്കാനുള്ളതു മരിക്കട്ടെ; നശിക്കാനുള്ളതു നശിക്കട്ടെ. ശേഷിക്കുന്നവ പരസ്പരം വിഴുങ്ങട്ടെ.
10: ഞാന്‍ കൃപ എന്ന വടി എടുത്തൊടിച്ചു. അങ്ങനെ സകലജനതകളുമായിചെയ്ത എന്റെ ഉടമ്പടി ഞാന്‍ അസാധുവാക്കി.
11: അന്നുതന്നെ അതസാധുവായി. എന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ആടുവ്യാപാരികള്‍, ഇതു കര്‍ത്താവിന്റെ വചനമാണെന്നറിഞ്ഞു.
12: ഞാനവരോടു പറഞ്ഞു: നിങ്ങള്‍ക്കു യുക്തമെന്നു തോന്നുന്നെങ്കില്‍ കൂലിതരുക. അല്ലെങ്കില്‍ നിങ്ങള്‍തന്നെ സൂക്ഷിച്ചുകൊള്ളുക. അവര്‍ എന്റെ കൂലിയായി മുപ്പതുഷെക്കല്‍ തൂക്കിത്തന്നു.
13: കര്‍ത്താവെന്നോടരുളിച്ചെയ്തു: അതു ഭണ്ഡാരത്തില്‍ നിക്ഷേപിക്കുക - അവര്‍ എനിക്കു മതിച്ച നല്ല വില! ഞാന്‍ ആ മുപ്പതുഷെക്കല്‍ വെള്ളി കര്‍ത്താവിന്റെ ആലയത്തിലെ ഭണ്ഡാരത്തിലിട്ടു.
14: പിന്നെ, ഞാന്‍ ഐക്യമെന്ന വടിയൊടിച്ചു; ഞാന്‍ ഇസ്രായേലും യൂദായും തമ്മിലുള്ള സാഹോദര്യമവസാനിപ്പിച്ചു.
15: കര്‍ത്താവെന്നോടു കല്പിച്ചു: നീ ഇനി നീചനായ ഒരിടയന്റെ വേഷമെടുക്കുക.
16: ഞാന്‍ ദേശത്തേക്ക് ഒരിടയനെ അയയ്ക്കും. അവന്‍ നശിക്കുന്നവയെ രക്ഷിക്കുകയോ വഴിതെറ്റിപ്പോയവയെ അന്വേഷിക്കുകയോ, മുറിവേറ്റവയെ സുഖപ്പെടുത്തുകയോ, ആരോഗ്യമുള്ളവയെ പോഷിപ്പിക്കുകയോചെയ്യാതെ കൊഴുത്തവയുടെ മാംസം തിന്നുന്നു; കുളമ്പുപോലും പറിച്ചെടുക്കുന്നു.
17: ആട്ടിന്‍കൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന എന്റെ നീചനായ ഇടയനു ദുരിതം! വാള്‍ അവന്റെ കൈ ഛേദിക്കട്ടെ; വലത്തുകണ്ണു ചുഴ്ന്നെടുക്കട്ടെ. അവന്റെ കൈ പൂര്‍ണ്ണമായും ശോഷിച്ചു പോകട്ടെ. അവന്റെ വലത്തുകണ്ണു തീര്‍ത്തും അന്ധമാകട്ടെ.

അദ്ധ്യായം 12

ജറുസലെമിനു വാഗ്ദാനം
1: അരുളപ്പാട് - ഇസ്രായേലിനെക്കുറിച്ചുള്ള കര്‍ത്താവിന്റെ അരുളപ്പാട്: ആകാശത്തെ വിരിക്കുകയും ഭൂമിയെ സ്ഥാപിക്കുകയും മനുഷ്യന്റെ പ്രാണനെ അവന്റെയുള്ളില്‍ നിവേശിപ്പിക്കുകയുംചെയ്ത കര്‍ത്താവരുളിച്ചെയ്യുന്നു,
2: ജറുസലെമിനെയും യൂദായെയും ആക്രമിക്കാന്‍വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു ജറുസലെമിനെ ഞാന്‍ ഒരു പാനപാത്രമാക്കാന്‍ പോകുന്നു. അവര്‍ അതില്‍നിന്നു കുടിച്ച്, വേച്ചുവീഴും.
3: അന്നു ഞാന്‍ ജറുസലെമിനെ ഭാരമേറിയകല്ലാക്കും. അതുപൊക്കുന്നവര്‍ക്കു കഠിനമായമുറിവേല്‍ക്കും. ഭൂമിയിലെ എല്ലാജനങ്ങളും അതിനെതിരേ ഒത്തുചേരും.
4: കര്‍ത്താവരുളിച്ചെയ്യുന്നു: അന്നു ഞാന്‍ കുതിരകള്‍ക്കു പരിഭ്രാന്തിയും കുതിരപ്പടയാളികള്‍ക്കു ഭ്രാന്തുംവരുത്തും. ജനതകളുടെ കുതിരകളെ ഞാന്‍ അന്ധമാക്കുന്ന അന്ന്‌, യൂദാഭവനത്തെ ഞാന്‍ കടാക്ഷിക്കും.
5: യൂദായുടെ കുലങ്ങള്‍ പറയും; ജറുസലെം നിവാസികള്‍ക്കു തങ്ങളുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവില്‍നിന്നു ശക്തി ലഭിക്കുന്നു.
6: അന്നു ഞാന്‍ യൂദായുടെ കുലങ്ങളെ വിറകിനുനടുവിലിരിക്കുന്ന ജ്വലിക്കുന്നകനല്‍നിറച്ച ചട്ടിപോലെയും കറ്റകള്‍ക്കുനടുവില്‍ പന്തമെന്നപോലെയുമാക്കും. അവര്‍ ചുറ്റുമുള്ള ജനതകളെമുഴുവന്‍ സംഹരിക്കും. ജറുസലെമില്‍ അപ്പോഴും നിവാസികളുണ്ടായിരിക്കും.
7: ദാവീദ്ഭവനത്തിന്റെയും ജറുസലെംനിവാസികളുടെയും മഹത്വം യൂദായുടെമേല്‍ ഉയരാതിരിക്കേണ്ടതിനു കര്‍ത്താവാദ്യം യൂദായുടെ നഗരങ്ങള്‍ക്കു വിജയംനല്കും.
8: അന്നു ജറുസലെംനിവാസികളെ പരിചകൊണ്ടു മറയ്ക്കും. അവരുടെയിടയിലെ ഏറ്റവും ദുര്‍ബ്ബലനായവന്‍ അന്നു ദാവീദിനെപ്പോലെയാകും. ദാവീദുഭവനം ദൈവത്തെപ്പോലെ, കര്‍ത്താവിന്റെ ദൂതനെപ്പോലെ അവരെ നയിക്കും.
9: അന്നു ഞാന്‍ ജറുസലെമിനെതിരേവരുന്ന സകലശത്രുക്കളെയും നശിപ്പിക്കും.
10: ഞാന്‍ ദാവീദുഭവനത്തിന്റെയും ജറുസലെംനിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ത്ഥനയുടെയും ചൈതന്യം പകരും. അപ്പോള്‍ തങ്ങള്‍ കുത്തിമുറിവേല്പിച്ചവനെ നോക്കി, ഏകജാതനെപ്രതിയെന്നപോലെ അവര്‍ കരയും. ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും.
11: അന്ന്, ഹദ്‌റിമ്മോനെപ്രതി മെഗിദോസമതലത്തിലുണ്ടായ വിലാപംപോലെ ജറുസലെം വിലപിക്കും.
12: ദേശത്തെ ഓരോ ഭവനവും പ്രത്യേകം പ്ത്യേകം വിലപിക്കും. ദാവീദുഭവനവും അവരുടെ സ്ത്രീകളും നാഥാന്‍ഭവനവും അവരുടെ സ്ത്രീകളും
13: ലേവിഭവനവും അവരുടെ സ്ത്രീകളും ഷിമെയിഭവനവും അവരുടെ സ്ത്രീകളും
14: മറ്റുഭവനങ്ങളും അവരുടെ സ്ത്രീകളും പ്രത്യേകംപ്രത്യേകം വിലപിക്കും.

അദ്ധ്യായം 13

വിഗ്രഹാരാധകരും വ്യാജപ്രവാചകന്മാരും
1: പാപത്തില്‍നിന്നും അശുദ്ധിയില്‍നിന്നും ദാവീദുഭവനത്തെയും ജറുസലെംനിവാസികളെയും കഴുകിവിശുദ്ധീകരിക്കാന്‍ അന്നൊരുറവ പൊട്ടിപ്പുറപ്പെടും.
2: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: അന്നു ഞാന്‍ വിഗ്രഹങ്ങളുടെ നാമം ദേശത്തുനിന്നു വിച്ഛേദിക്കും; അവയെ വിസ്മൃതിയിലാഴ്ത്തും. പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്ന് ഉന്മൂലനംചെയ്യും.
3: ഇനി ആരെങ്കിലും പ്രവാചകനായി പ്രത്യക്ഷപ്പെട്ടാല്‍ അവനു ജന്മംനല്കിയ മാതാപിതാക്കള്‍ അവനോടു കര്‍ത്താവിന്റെ നാമത്തില്‍ വ്യാജം സംസാരിക്കുന്നതിനാല്‍ നീ ജീവിച്ചുകൂടാ എന്നുപറഞ്ഞ് അവന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവനെ കുത്തിപ്പിളര്‍ക്കും.
4: അന്നു പ്രവചിക്കുന്ന ഓരോ പ്രവാചകനും തന്റെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും. അതുകൊണ്ട് അവര്‍ വഞ്ചിക്കാനായി രോമക്കുപ്പായം ധരിക്കുകയില്ല.
5: അവന്‍ പറയും: ഞാന്‍ പ്രവാചകനല്ല; കൃഷിക്കാരനാണ്. ചെറുപ്പംമുതലേ ഭൂമിയാണെന്റെ സ്വത്ത്.
6: നിന്റെ മുതുകില്‍ക്കാണുന്ന ഈ മുറിവുകളെന്തെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവന്‍ പറയും; സുഹൃത്തുകളുടെ വീട്ടില്‍വച്ച് എനിക്കേറ്റ മുറിവുകളാണ്.
7: സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: എന്റെ ഇടയനെതിരേ, എന്നോടു ചേര്‍ന്നുനില്ക്കുന്നവനെതിരേ, വാളേ, നീ ഉയരുക, ഇടയനെ വെട്ടുക, ആടുകള്‍ ചിതറട്ടെ. ദുര്‍ബ്ബലര്‍ക്കെതിരേ ഞാന്‍ കരമുയര്‍ത്തും.
8: കര്‍ത്താവരുളിച്ചെയ്യുന്നു: ദേശവാസികള്‍ മൂന്നില്‍രണ്ടുഭാഗം നശിപ്പിക്കപ്പെടും; മൂന്നിലൊരുഭാഗം ശേഷിക്കും.
9: ഈ മൂന്നിലൊരുഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്നിശുദ്ധിവരുത്തും; സ്വര്‍ണ്ണമെന്നപോലെ മാറ്റുപരിശോധിക്കും. അവര്‍ എന്റെ നാമം വിളിച്ചപേക്ഷിക്കും. ഞാനവര്‍ക്കുത്തരമരുളും. അവര്‍ എന്റെ ജനമെന്നു ഞാന്‍ പറയും. കര്‍ത്താവ്, എന്റെ ദൈവമെന്ന് അവരും പറയും.


അദ്ധ്യായം 14

കര്‍ത്താവിന്റെ ദിനം
1: ഇതാ, കര്‍ത്താവിന്റെ ദിനം, നിന്നില്‍നിന്നെടുത്ത മുതല്‍ നിന്റെ മുമ്പില്‍വച്ചുതന്നെ പങ്കുവയ്ക്കുന്ന ദിനംവരുന്നു.
2: ഞാന്‍ സകലജനതകളെയും ഒരുമിച്ചുകൂട്ടി, ജറുസലെമിനെതിരേ യുദ്ധംചെയ്യാന്‍ വരുത്തും. അവര്‍ പട്ടണം പിടിച്ചെടുക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും സ്ത്രീകളെ അവമാനിക്കുകയും ചെയ്യും. നഗരത്തിന്റെ പകുതി പ്രവാസത്തിലേക്കു പോകും. എന്നാല്‍, ശേഷിക്കുന്ന ജനത്തെ നഗരത്തില്‍നിന്നു വിച്ഛേദിക്കുകയില്ല.
3: കര്‍ത്താവു പുറപ്പെട്ട്‌, യുദ്ധദിനത്തിലെന്നപോലെ ആ ജനതകളോടു പൊരുതും.
4: ജറുസലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്നവിടുന്നു നിലയുറപ്പിക്കും. ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേപിളര്‍ന്ന്, നടുക്കു വലിയൊരു താഴ്വരയുണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേപ്പകുതി തെക്കോട്ടും നീങ്ങും.
5: എന്നാല്‍, ഈ താഴ്‌വര ആസാല്‍വരെ എത്തുന്നതുകൊണ്ടു നിങ്ങളെന്റെ പര്‍വ്വതത്തിന്റെ താഴ്‌വരയിലൂടെ ഓടിപ്പോകും. യൂദാരാജാവായ ഉസിയായുടെ കാലത്തു ഭൂകമ്പമുണ്ടായപ്പോള്‍ നിങ്ങളോടിയതുപോലെ ഇപ്പോളോടും. നിങ്ങളുടെ ദൈവമായ കര്‍ത്താവ്, തന്റെ എല്ലാ പരിശുദ്ധന്മാരോടുംകൂടെ വരും.
6: അന്നു തണുപ്പോ മഞ്ഞോ ഉണ്ടാവുകയില്ല.
7: അന്നു തുടര്‍ച്ചയായി പകലായിരിക്കും. പകലും രാത്രിയുമല്ല, പകല്‍മാത്രം; കാരണം, വൈകുന്നേരവും വെളിച്ചമുണ്ടായിരിക്കും. ഈ ദിനം കര്‍ത്താവിനുമാത്രമറിയാം.
8: അന്നു ജീവജലം ജറുസലെമില്‍നിന്നു പുറപ്പെട്ട്, പകുതി കിഴക്കേക്കടലിലേക്കും പകുതി പടിഞ്ഞാറേക്കടലിലേക്കുമൊഴുകും. അതു വേനല്‍ക്കാലത്തും ശീതകാലത്തും ഒഴുകിക്കൊണ്ടിരിക്കും.
9: കര്‍ത്താവു ഭൂമിമുഴുവന്റെയും രാജാവായിവാഴും. അന്നു കര്‍ത്താവൊരുവന്‍മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു നാമംമാത്രവും.
10: ഗേബാമുതല്‍ ജറുസലെമിനുതെക്കു റിമ്മോന്‍വരെ ദേശംമുഴുവന്‍ സമതലമായിമാറും. എന്നാല്‍, ജറുസലെം, ബഞ്ചമിന്‍കവാടംമുതല്‍ പണ്ടത്തെ കവാടത്തിന്റെ സ്ഥാനത്തുനില്ക്കുന്ന കോണ്‍കവാടംവരെയും, ഹനാനേല്‍ഗോപുരംമുതല്‍ രാജാവിന്റെ മുന്തിരിച്ചക്കുകള്‍വരെയുമുള്ള സ്വസ്ഥാനത്തുയര്‍ന്നു നില്ക്കും.
11: അവിടെ ആളുകള്‍ വസിക്കും. കാരണം, ഇനിമേല്‍ അതു ശാപഗ്രസ്തമായിരിക്കുകയില്ല. ജറുസലെം സുരക്ഷിതമായി വസിക്കും.
12: ജറുസലെമിനോടു യുദ്ധംചെയ്യുന്ന ജനതകളുടെമേല്‍ കര്‍ത്താവയയ്ക്കുന്ന മഹാമാരി ഇതാണ്. ജീവനോടിരിക്കുമ്പോള്‍ത്തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണു കണ്‍തടത്തിലും നാവു വായിലുമഴുകും.
13: അന്നു കര്‍ത്താവവരെ സംഭ്രാന്തരാക്കും; അവര്‍ പരസ്പരം പിടികൂടും; ഒരുവന്‍ മറ്റൊരുവന്റെനേരേ കൈയുയര്‍ത്തും.
14: യൂദാപോലും ജറുസലെമിനെതിരേ യുദ്ധംചെയ്യും. ചുററുമുള്ള സകലജനതകളുടെയും സമ്പത്ത് - ധാരാളം വെള്ളിയും സ്വര്‍ണ്ണവും വസ്ത്രങ്ങളും - ശേഖരിക്കപ്പെടും.
15: അവരുടെ പാളയങ്ങളിലുള്ള കുതിര, കോവര്‍ക്കഴുത, ഒട്ടകം, കഴുത എന്നിവയുടെയും മറ്റുമൃഗങ്ങളുടെയുംമേല്‍ ഇതുപോലുള്ള ഒരു മഹാമാരി നിപതിക്കും.
16: ജറുസലെമിനെതിരേവന്ന സര്‍വ്വജനതകളിലും അവശേഷിക്കുന്നവര്‍ സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ ആരാധിക്കാനും കുടാരത്തിരുന്നാള്‍ ആചരിക്കാനും ആണ്ടുതോറും അവിടേക്കു വരും.
17: ഭൂമിയിലെ ഏതെങ്കിലും ഭവനം സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെയാരാധിക്കാന്‍ ജറുസലെമിലേക്കു വന്നില്ലെങ്കില്‍ അവര്‍ക്കു മഴ ലഭിക്കുകയില്ല.
18: ഈജിപ്തുഭവനം ആരാധിക്കാന്‍വന്നില്ലെങ്കില്‍ കൂടാരത്തിരുന്നാള്‍ ആചരിക്കാന്‍ വരാത്ത ജനതകളുടെമേല്‍ കര്‍ത്താവയയ്ക്കുന്ന മഹാമാരി അവരുടെമേലും വരും.
19: ഇതാണ് ഈജിപ്തിനും കൂടാരത്തിരുനാള്‍ ആചരിക്കാന്‍വരാത്ത ജനതകള്‍ക്കും ലഭിക്കുന്ന ശിക്ഷ.
20: അന്നു കുതിരകളുടെ മണികളില്‍ കര്‍ത്താവിനു വിശുദ്ധം എന്നെഴുതിയിരിക്കും. ദേവാലയത്തിലെ കലങ്ങള്‍ ബലിപീഠത്തിനുമുമ്പിലുള്ള കലശങ്ങള്‍പോലെ പവിത്രമായിരിക്കും.
21: ജറുസലെമിലും യൂദായിലുമുള്ള കലങ്ങളെല്ലാം സൈന്യങ്ങളുടെ കര്‍ത്താവിനു വിശുദ്ധമായിരിക്കും. തന്മൂലം ബലികളര്‍പ്പിക്കുന്നവര്‍ വന്ന്, അവ വാങ്ങി, ബലിയര്‍പ്പിച്ച മാംസം അവയില്‍ പാകംചെയ്യും. ഇനിമേല്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ആലയത്തില്‍ ഒരു വ്യാപാരിയുമുണ്ടായിരിക്കുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ