ഇരുന്നൂറ്റിയമ്പത്തിയാറാം ദിവസം: ഹോസിയ 1 - 7

 

അദ്ധ്യായം 1

 ഹോസിയായുടെ മക്കള്‍

1: ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയാ എന്നിവര്‍ യൂദായുടെയും യോവാഷിന്റെ മകന്‍ ജറോബോവാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നകാലത്ത്, ബേരിയുടെ മകന്‍ ഹോസിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.
2: ഹോസിയാവഴി കര്‍ത്താവു നല്കിയ സന്ദേശത്തിന്റെ തുടക്കം - അവിടുന്നരുളിച്ചെയ്തു: നീ പോയി ഒരു വേശ്യയെ വിവാഹംചെയ്ത് അവളില്‍നിന്നു മക്കളെ നേടുക. കാരണം, ദേശം കര്‍ത്താവിനെ പരിത്യജിച്ചു വേശ്യാവൃത്തിയില്‍ മുഴുകിയിരിക്കുന്നു.
3: അവന്‍പോയി ദിബ്‌ലായിമിന്റെ പുത്രിയായ ഗോമറിനെ പരിഗ്രഹിച്ചു. അവള്‍ ഗര്‍ഭംധരിച്ച്, ഒരു പുത്രനെ പ്രസവിച്ചു.
4: കര്‍ത്താവു ഹോസിയായോടു പറഞ്ഞു: അവനു ജസ്രേല്‍ എന്നു പേരിടുക. കാരണം, ജസ്രേലിലെ രക്തച്ചൊരിച്ചിലിനു യേഹുവിന്റെ കുടുംബത്തെ താമസമെന്നിയേ ഞാന്‍ ശിക്ഷിക്കും. ഇസ്രായേല്‍ഭവനത്തിന്റെ രാജത്വം ഞാനവസാനിപ്പിക്കും.
5: അന്നു ജസ്രേല്‍ത്താഴ്വരയില്‍വച്ച്, ഇസ്രായേലിന്റെ വില്ലു ഞാനൊടിക്കും.
6: അവള്‍ വീണ്ടും ഗര്‍ഭംധരിച്ച് ഒരു പുത്രിയെ പ്രസവിച്ചു. കര്‍ത്താവു ഹോസിയായോടരുളിച്ചെയ്തു: നീയവള്‍ക്ക്, കരുണലഭിക്കാത്തവള്‍ എന്നു പേരിടുക. കാരണം, ഞാന്‍ ഇസ്രായേല്‍ഭവനത്തോട് ഇനി കരുണകാണിക്കുകയോ അവരുടെ തെറ്റുകള്‍ ക്ഷമിക്കുകയോ ഇല്ല.
7: എന്നാല്‍, യൂദാഗോത്രത്തോടു ഞാന്‍ കരുണകാണിക്കും. വില്ലോ വാളോ യുദ്ധമോ കുതിരയോ കുതിരപ്പട്ടാളമോ അല്ല അവരുടെ ദൈവമായ കര്‍ത്താവുതന്നെ അവരെ രക്ഷിക്കും.
8: കരുണലഭിക്കാത്തവളുടെ മുലകുടിമാറിയപ്പോള്‍ ഗോമെര്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു.
9: കര്‍ത്താവരുളിച്ചെയ്തു: അവന്, എന്റെ ജനമല്ല എന്നു പേരിടുക. കാരണം, നിങ്ങള്‍ എന്റെ ജനമല്ല; ഞാന്‍ നിങ്ങളുടെ ദൈവവുമല്ല.
10: എങ്കിലും ഇസ്രായേല്‍ജനം കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അപരിമേയവും സംഖ്യാതീതവുമാകും; നിങ്ങള്‍ എന്റെ ജനമല്ലാ എന്നു പറഞ്ഞതിനുപകരം ജീവിക്കുന്ന ദൈവത്തിന്റെ പുത്രരെന്ന് അവരെപ്പറ്റി പറയപ്പെടും.
11: യൂദായിലെയും ഇസ്രായേലിലെയും ജനം ഒന്നിച്ചുചേരും, അവര്‍ തങ്ങള്‍ക്കായി ഒരു തലവനെ നിയമിക്കും. അവര്‍ ദേശത്തു പടര്‍ന്ന്, ഐശ്വര്യംപ്രാപിക്കും. ജസ്രേലിന്റെ ദിനം മഹത്വപൂര്‍ണ്ണമായിരിക്കും.


അദ്ധ്യായം 2

 അവിശ്വസ്തയായ ഭാര്യ

1: നിങ്ങളുടെ സഹോദരന്മാരെ എന്റെ ജനമെന്നും, സഹോദരിമാരെ അവര്‍ക്കു കരുണ ലഭിച്ചു എന്നും വിളിക്കുക.
2: നിങ്ങളുടെ അമ്മയോടു വാദിക്കുക. വേശ്യാവൃത്തി വലിച്ചെറിയാനും മാറില്‍നിന്നു പരസംഗം തുടച്ചുമാറ്റാനും അവളോടു വാദിക്കുക. അവള്‍ എന്റെ ഭാര്യയല്ല; ഞാനവളുടെ ഭര്‍ത്താവുമല്ല.
3: അല്ലെങ്കില്‍, ഞാനവളെ വസ്ത്രാക്ഷേപംചെയ്യും. പിറന്നനാളിലെന്നപോലെ അവളെ ഞാന്‍ നഗ്നയാക്കും. ഞാനവളെ വിജനപ്രദേശംപോലെയും വരണ്ട നിലംപോലെയുമാക്കും. ദാഹിച്ചുമരിക്കാന്‍ ഞാനവള്‍ക്കിടവരുത്തും.
4: അവളുടെ മക്കളോടും എനിക്കു ദയയുണ്ടാവുകയില്ല. അവര്‍ ജാരസന്തതികളാണ്.
5: അവരുടെ അമ്മ പരസംഗംചെയ്തു. അവരെ ഗര്‍ഭംധരിച്ചവള്‍ ലജ്ജാകരമായി പ്രവര്‍ത്തിച്ചു. എനിക്കു ഭക്ഷണവും വെള്ളവും കമ്പിളിയും ചണവസ്ത്രങ്ങളും എണ്ണയും സുഗന്ധദ്രവ്യങ്ങളും തരുന്ന കാമുകന്മാരുടെ പിന്നാലെ ഞാന്‍ പോകുമെന്ന്, അവള്‍ പറഞ്ഞു.
6: അതിനാല്‍ ഞാന്‍, അവളുടെ പാത, മുള്ളുവേലി കെട്ടിയടയ്ക്കും; അവള്‍ക്കു വഴികണ്ടെത്താനാവാത്തവിധം അവള്‍ക്കെതിരേ മതില്‍കെട്ടിയുയര്‍ത്തും.
7: അവള്‍ കാമുകന്മാരെ പിന്തുടരും; എന്നാല്‍, ഒപ്പമെത്തുകയില്ല. അവരെയന്വേഷിക്കും; കണ്ടെത്തുകയില്ല. അപ്പോള്‍ അവള്‍ പറയും: ഞാനെന്റെ ആദ്യഭര്‍ത്താവിന്റെയടുത്തേക്കു മടങ്ങും. ഇന്നത്തെക്കാള്‍ ഭേദമായിരുന്നു അന്ന്.
8: അവള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും കൊടുത്തതും അവര്‍ ബാലിനര്‍പ്പിച്ചിരുന്ന പൊന്നും വെള്ളിയുംകൊണ്ട് അവളെ സമ്പന്നയാക്കിയതും ഞാനാണെന്ന്, അവള്‍ മനസ്സിലാക്കിയില്ല.
9: അതിനാല്‍ കൊയ്ത്തുകാലമാകുമ്പോള്‍ എന്റെ ധാന്യവും വിളവെടുപ്പുവരുമ്പോള്‍ എന്റെ വീഞ്ഞും ഞാന്‍ തിരിച്ചെടുക്കും. നഗ്നതമറയ്ക്കാന്‍ അവള്‍ക്കു കൊടുത്തിരുന്ന കമ്പിളിയും ചണവസ്ത്രങ്ങളും ഞാന്‍ തിരിച്ചുവാങ്ങും.
10: അവളുടെ കാമുകന്മാരുടെ കണ്മുന്‍പില്‍വച്ച്, ഞാനവളുടെ നഗ്നത അനാവൃതമാക്കും. എന്റെ പിടിയില്‍നിന്ന് ആരുമവളെ രക്ഷിക്കുകയില്ല.
11: അവളുടെ ഹര്‍ഷാരവങ്ങള്‍, ഉത്സവങ്ങള്‍, അമാവാസികള്‍, സാബത്തുകള്‍, നിര്‍ദിഷ്‌ടോത്സവങ്ങള്‍ എന്നിവയ്ക്കു ഞാനറുതിവരുത്തും.
12: കാമുകന്‍തന്ന പ്രതിഫലമെന്ന് അവള്‍ പറഞ്ഞിരുന്ന മുന്തിരിച്ചെടികളും അത്തിവൃക്ഷങ്ങളും ഞാന്‍ നശിപ്പിക്കും. അവയെ ഞാന്‍ വനമാക്കി മാറ്റും; വന്യമൃഗങ്ങള്‍ അവ തിന്നൊടുക്കും.
13: സുഗന്ധദ്രവ്യങ്ങളര്‍പ്പിച്ചു ബാല്‍ദേവന്മാരുടെ ഉത്സവങ്ങള്‍ ആഘോഷിച്ചതിനും എന്നെമറന്നു കര്‍ണ്ണാഭരണങ്ങളും കണ്ഠാഭരണങ്ങളുമണിഞ്ഞ് കാമുകന്മാരുടെ പുറകേപോയതിനും ഞാനവളെ ശിക്ഷിക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
14: ഞാന്‍ അവളെ വശീകരിച്ച്, വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോടു ഞാന്‍ ഹൃദ്യമായി സംസാരിക്കും.
15: അവിടെവച്ച് ഞാനവള്‍ക്ക് അവളുടെ മുന്തിരിത്തോട്ടങ്ങള്‍ നല്കും. ആഖോര്‍ത്താഴ്‌വര ഞാന്‍ പ്രത്യാശയുടെ കവാടമാക്കും. അവളുടെ യുവത്വത്തിലെന്നപോലെ, ഈജിപ്തില്‍നിന്ന്, അവള്‍ പുറത്തുവന്നപ്പോഴെന്നപോലെ, അവിടെവച്ച്, അവള്‍ എന്റെ വിളികേള്‍ക്കും.
16: കര്‍ത്താവരുളിച്ചെയ്യുന്നു: അന്നു നീയെന്നെ പ്രിയതമന്‍ എന്നുവിളിക്കും. എന്റെ ബാല്‍ എന്നു നീ മേലില്‍ വിളിക്കുകയില്ല.
17: ബാല്‍ദേവന്മാരുടെ പേരുകള്‍ അവളുടെ അധരങ്ങളില്‍നിന്നു ഞാനകറ്റും. മേലില്‍ അവരുടെ പേരുകള്‍ അവളുച്ചരിക്കുകയില്ല.
18: ആ നാളുകളില്‍ നിനക്കുവേണ്ടി വന്യമൃഗങ്ങളോടും ആകാശപ്പറവകളോടും ഇഴജന്തുക്കളോടും ഞാനൊരുടമ്പടിചെയ്യും. വില്ലും വാളും യുദ്ധവും ദേശത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും. സുരക്ഷിതമായി ശയിക്കാന്‍ ഞാന്‍ നിനക്കിടവരുത്തും.
19: എന്നേയ്ക്കുമായി നിന്നെ ഞാന്‍ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാന്‍ സ്വീകരിക്കും.
20: വിശ്വസ്തതയില്‍ നിന്നെ ഞാന്‍ സ്വന്തമാക്കും; കര്‍ത്താവിനെ നീയറിയും.
21: കര്‍ത്താവരുളിച്ചെയ്യുന്നു: അന്നു ഞാന്‍ ആകാശത്തിനുത്തരമരുളും; ആകാശം ഭൂമിക്കും.
22: ഭൂമി ധാന്യവും വീഞ്ഞും എണ്ണയുംകൊണ്ട് ഉത്തരംനല്കും. അവ ജസ്രേലിനുത്തരം നല്കും.
23: അവനെ ഞാന്‍ ദേശത്ത് എനിക്കുവേണ്ടി വിതയ്ക്കും. കരുണ ലഭിക്കാത്തവളോടു ഞാന്‍ കരുണകാണിക്കും. എന്റെ ജനമല്ലാത്തവനോട് നീ എന്റെ ജനമാണ് എന്നു ഞാന്‍ പറയും. അവിടുന്ന് എന്റെ ദൈവമാണെന്നവര്‍ പറയും.

അദ്ധ്യായം 3

 അവിശ്വസ്തയെ തിരിച്ചെടുക്കുന്നു

1: കര്‍ത്താവ് എന്നോടരുളിച്ചെയ്തു: നീ പോയി ജാരവേഴ്ചയുള്ളവളും വ്യഭിചാരിണിയുമായ ഒരുവളെ സ്നേഹിക്കുക. മുന്തിരിയടകള്‍ ഇഷ്ടപ്പെടുകയും അന്യദേവന്മാരുടെ പിറകേപോവുകയുംചെയ്തിട്ടും ഇസ്രായേല്‍ജനത്തെ കര്‍ത്താവു സ്നേഹിക്കുന്നതുപോലെതന്നെ.
2: പതിനഞ്ചുഷെക്കല്‍ വെള്ളിയും ഒന്നരഹോമര്‍ ബാര്‍ലിയുംകൊടുത്തു ഞാനവളെ സ്വന്തമാക്കി.
3: ഞാനവളോടു പറഞ്ഞു: ദീര്‍ഘനാള്‍ നീ എന്റേതായിരിക്കണം. നീ വ്യഭിചരിക്കരുത്; അന്യപുരുഷന്റേതാവരുത്.
4: ഞാന്‍ നിനക്കും അങ്ങനെയായിരിക്കും. രാജാക്കന്മാരോ പ്രഭുക്കന്മാരോ ആരാധനാസ്തംഭമോ എഫോദോ കുലദൈവങ്ങളോ ഇല്ലാതെ ഇസ്രായേല്‍മക്കള്‍ ഏറെക്കാലം കഴിയും.
5: പിന്നീടവര്‍ തിരിച്ചുവന്നു തങ്ങളുടെ ദൈവമായ കര്‍ത്താവിനെയും രാജാവായ ദാവീദിനെയുമന്വേഷിക്കും. ആ നാളുകളില്‍ ഭയഭക്തികളോടെ അവര്‍ കര്‍ത്താവിന്റെയടുക്കല്‍ തിരിച്ചുവരും. അവിടുത്തെ കൃപയ്ക്ക് അവര്‍ പാത്രമാകും.

അദ്ധ്യായം 4

 കര്‍ത്താവിന്റെ ആരോപണം

1: ഇസ്രായേല്‍ജനമേ, കര്‍ത്താവിന്റെ വാക്കുകേള്‍ക്കുക. ദേശവാസികള്‍ക്കെതിരേ അവിടുത്തേയ്ക്ക് ഒരാരോപണമുണ്ട്. ഇവിടെ വിശ്വസ്തതയോ സ്നേഹമോ ഇല്ല. ദൈവവിചാരം ദേശത്ത് അറ്റുപോയിരിക്കുന്നു.
2: ആണയിടലും വഞ്ചനയും കൊലപാതകവും മോഷണവും വ്യഭിചാരവും സീമാതീതമായിരിക്കുന്നു. ഒന്നിനുപിറകേ ഒന്നായി കൊലപാതകംനടക്കുന്നു.
3: അതിനാല്‍, ദേശം വിലപിക്കുന്നു; അതിലെ സകലനിവാസികളും ക്ഷയിക്കുന്നു; വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും സമുദ്രത്തിലെ മത്സ്യങ്ങള്‍പോലും അപഹരിക്കപ്പെടുന്നു.
4: എന്നാല്‍, ആരും തര്‍ക്കിക്കേണ്ടാ; കുറ്റപ്പെടുത്തുകയുംവേണ്ടാ. പുരോഹിതാ, നിനക്കെതിരേയാണ് എന്റെ ആരോപണം.
5: പട്ടാപ്പകല്‍ നീ കാലിടറിവീഴും. പ്രവാചകനും രാത്രി നിന്നോടൊപ്പം കാലിടറിവീഴും.
6: നിന്റെ അമ്മയെ ഞാന്‍ നശിപ്പിക്കും. അജ്ഞതനിമിത്തം എന്റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്കരിക്കുന്നു. നീ നിന്റെ ദൈവത്തിന്റെ കല്പന വിസ്മരിച്ചതുകൊണ്ട് ഞാനും നിന്റെ സന്തതികളെ വിസ്മരിക്കും.
7: അവര്‍ പെരുകിയതോടൊപ്പം എനിക്കെതിരായുള്ള അവരുടെ പാപവും പെരുകി. അവരുടെ മഹിമ, ഞാന്‍ അപമാനമായി മാറ്റും.
8: എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു.
9: പുരോഹിതനെപ്പോലെതന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗ്ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്കു ഞാന്‍ പ്രതികാരം ചെയ്യും.
10: അവര്‍ ഭക്ഷിക്കും, തൃപ്തരാവുകയില്ല; പരസംഗം ചെയ്യും; പെരുകുകയില്ല; കാരണം, വ്യഭിചാരത്തില്‍മുഴുകാനായി അവര്‍ കര്‍ത്താവിനെ പരിത്യജിച്ചു.
11: വീഞ്ഞും പുതുവീഞ്ഞും സുബോധം കെടുത്തും.
12: തടിക്കഷണത്തോട് എന്റെ ജനം ഓരോ സംഗതി ആരായുന്നു. അവരുടെ ദണ്ഡ് അവര്‍ക്കു പ്രവചനമരുളുന്നു. വ്യഭിചാരത്തിന്റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു. പരസംഗത്തിനുവേണ്ടി തങ്ങളുടെ ദൈവത്തെ അവര്‍ പരിത്യജിച്ചു.
13: ഗിരിശൃംഗങ്ങളില്‍ അവര്‍ ബലിയര്‍പ്പിക്കുന്നു. കുന്നിന്‍മേലും കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും ചുവട്ടിലും അവര്‍ അര്‍ച്ചന നടത്തുന്നു. അവയുടെ തണല്‍ സുഖംനല്കുന്നു. നിങ്ങളുടെ പുത്രിമാര്‍ വേശ്യാവൃത്തിനടത്തുന്നു. നിങ്ങളുടെ ഭാര്യമാര്‍ പരസംഗംചെയ്യുന്നു.
14: വേശ്യാവൃത്തിചെയ്യുന്നതിനു നിങ്ങളുടെ പുത്രിമാരെയോ, വ്യഭിചരിക്കുന്നതിനു നിങ്ങളുടെ ഭാര്യമാരെയോ ഞാന്‍ ശിക്ഷിക്കുകയില്ല; കാരണം, പുരുഷന്മാര്‍തന്നെ പരസംഗത്തിലേര്‍പ്പെടുകയും ദേവദാസികളോടൊത്തു ബലിയര്‍പ്പിക്കുകയുംചെയ്യുന്നു. അറിവില്ലാത്ത ജനം നശിക്കും.
15: ഇസ്രായേലേ, നീ പരസംഗംചെയ്യുന്നെങ്കിലും യൂദാ ആ തെറ്റിലകപ്പെടാതിരിക്കട്ടെ! ഗില്‍ഗാലില്‍ പ്രവേശിക്കരുത്. ബഥാവനില്‍ പോവുകയുമരുത്; കര്‍ത്താവാണേ എന്ന് ആണയിടരുത്.
16: ദുശ്ശാഠ്യമുള്ള പശുക്കുട്ടിയെപ്പോലെ ഇസ്രായേല്‍ ശാഠ്യംപിടിക്കുന്നു. വിശാലമായ പുല്‍ത്തകിടിയില്‍ കുഞ്ഞാടിനെ എന്നപോലെ കര്‍ത്താവിന് അവരെ മേയ്ക്കാനാവുമോ?
17: എഫ്രായിം, വിഗ്രഹങ്ങളെ പുണര്‍ന്നിരിക്കുന്നു;
18: അവന്‍ മദ്യപന്മാരോടൊത്തു കഴിയുന്നു. അവര്‍ വ്യഭിചാരത്തില്‍ മുഴുകുന്നു; മഹിമയെക്കാള്‍ മ്ലേച്ഛത കാംക്ഷിക്കുന്നു.
19: കാറ്റിന്റെ ചിറക്, അവരെ തൂത്തെറിയും. തങ്ങളുടെ ബലിപീഠങ്ങളെക്കുറിച്ച് അവര്‍ ലജ്ജിക്കും.

അദ്ധ്യായം 5

 ജനത്തിനും നേതാക്കന്മാര്‍ക്കുമെതിരേ
1: പുരോഹിതന്മാരേ, കേള്‍ക്കുക. ഇസ്രായേല്‍ഭവനമേ, ശ്രദ്ധിക്കുക. രാജകുടുംബമേ, ശ്രവിക്കുക. നിങ്ങളുടെമേല്‍ വിധിപ്രസ്താവിച്ചിരിക്കുന്നു: നിങ്ങള്‍ മിസ്പായില്‍ ഒരു കെണിയും, താബോറില്‍വിരിച്ച വലയുമായിരുന്നു.
2: ഷിത്തിമില്‍ അവര്‍ ആഴമേറിയ കുഴികുഴിച്ചു. അവരെ എല്ലാവരെയും ഞാന്‍ ശിക്ഷിക്കും.
3: എഫ്രായിമിനെ എനിക്കറിയാം; ഇസ്രായേല്‍ എന്നില്‍നിന്നു മറഞ്ഞല്ല ഇരിക്കുന്നത്. എഫ്രായിം, നീ പരസംഗംചെയ്തു; ഇസ്രായേല്‍ മലിനമാണ്.
4: തങ്ങളുടെ ദൈവത്തിന്റെയടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെയനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു; അവര്‍ കര്‍ത്താവിനെയറിയുന്നുമില്ല.
5: ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യംനല്കുന്നു. എഫ്രായിം തന്റെ തിന്മയില്‍ത്തട്ടി വീഴും. യൂദായും അവരോടൊപ്പം കാലിടറിവീഴും.
6: തങ്ങളുടെ ആട്ടിന്‍പറ്റങ്ങളും കാലിക്കൂട്ടങ്ങളുമായി അവര്‍ കര്‍ത്താവിനെയന്വേഷിച്ചു പോകും; എന്നാല്‍, അവര്‍ അവിടുത്തെ കണ്ടെത്തുകയില്ല; അവിടുന്നവരെ വിട്ടകന്നിരിക്കുന്നു.
7: അവര്‍ കര്‍ത്താവിനോട് അവിശ്വസ്തത കാണിച്ചു. അവര്‍ ജാരസന്തതികള്‍ക്കാണു ജന്മംനല്കിയത്. അമാവാസി അവരെ അവരുടെ വയലുകളോടൊപ്പം വിഴുങ്ങും.


സഹോദരര്‍തമ്മില്‍ യുദ്ധം
8: ഗിബെയായില്‍ കൊമ്പുവിളിക്കുവിന്‍. റാമായില്‍ കാഹളംമുഴക്കുവിന്‍. ബഥാവനില്‍ പോര്‍വിളിനടത്തുവിന്‍. ബഞ്ചമിന്‍, യുദ്ധത്തിനു പുറപ്പെടുക.
9: ശിക്ഷയുടെ ദിവസം എഫ്രായിം വിജനമാക്കപ്പെടും. സുനിശ്ചിതമായ നാശമാണ് ഇസ്രായേല്‍ഗോത്രങ്ങളോടു ഞാന്‍ പ്രഖ്യാപിക്കുന്നത്.
10: യൂദായുടെ നായകന്മാര്‍ അതിര്‍ത്തിരേഖമാറ്റുന്നവരെപ്പോലെ ആയിരിക്കുന്നു. എന്റെ ക്രോധം അവരുടെമേല്‍ ഞാന്‍ വെള്ളംപോലെയൊഴുക്കും.
11: എഫ്രായിം മര്‍ദ്ദകനാണ്. അവന്‍ നീതിയെ ചവിട്ടിമെതിക്കുന്നു. മിഥ്യയെ പിന്തുടരാന്‍ അവനുറച്ചിരിക്കുന്നു.
12: എഫ്രായിമിനു ഞാന്‍ കീടംപോലെയാണ്; യൂദാഭവനത്തിനു വ്രണംപോലെയും.
13: എഫ്രായിം തന്റെ രോഗവും യൂദാ തന്റെ മുറിവും കണ്ടപ്പോള്‍, എഫ്രായിം അസ്സീറിയായിലേക്കുതിരിഞ്ഞ്, മഹാരാജാവിന്റെയടുത്തേക്ക് ആളയച്ചു. എന്നാല്‍, നിങ്ങളെ സുഖപ്പെടുത്താനോ നിങ്ങളുടെ മുറിവുണക്കാനോ അവനു സാധിക്കുകയില്ല.
14: ഞാന്‍ എഫ്രായിമിന് ഒരു സിംഹത്തെപ്പോലെയും യൂദാഭവനത്തിന് ഒരു യുവസിംഹത്തെപ്പോലെയുമായിരിക്കും. ഞാന്‍, അതേ, ഞാന്‍തന്നെ, അവരെ ചീന്തിക്കളയും. ഞാനവരെ ഉപേക്ഷിച്ചുപോകും. ഞാനവരെ വലിച്ചിഴച്ചുകൊണ്ടുപോകും; ആര്‍ക്കുമവരെ രക്ഷിക്കാന്‍ കഴിയുകയില്ല.
15: അവര്‍ തങ്ങളുടെ തെറ്റുകളേറ്റുപറഞ്ഞ്, എന്റെ സാന്നിദ്ധ്യംതേടുകയും തങ്ങളുടെ വ്യഥയില്‍ എന്നെ അന്വേഷിക്കുകയുംചെയ്യുന്നതുവരെ ഞാനെന്റെ വാസസ്ഥലത്തേക്കു മടങ്ങും.

അദ്ധ്യായം 6

ആത്മാര്‍ഥമല്ലാത്ത അനുതാപം

1: അവര്‍ പറയും: വരുവിന്‍, നമുക്കു കര്‍ത്താവിങ്കലേക്കു മടങ്ങിപ്പോകാം. അവിടുന്നു നമ്മെ ചീന്തിക്കളഞ്ഞു; അവിടുന്നുതന്നെ സുഖപ്പെടുത്തും. അവിടുന്നു നമ്മെ പ്രഹരിച്ചു; അവിടുന്നുതന്നെ മുറിവുകള്‍ വച്ചുകെട്ടും.
2: രണ്ടു ദിവസത്തിനുശേഷം അവിടുന്നു നമുക്കു ജീവന്‍ തിരിച്ചുതരും. മൂന്നാംദിവസം അവിടുന്നു നമ്മെ ഉയിര്‍പ്പിക്കും. നാം അവിടുത്തെ സന്നിധിയില്‍ ജീവിക്കേണ്ടതിനുതന്നെ.
3: കര്‍ത്താവിനെയറിയാന്‍ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം. അവിടുത്തെ ആഗമനം പ്രഭാതംപോലെ സുനിശ്ചിതമാണ്.
4: മഴപോലെ, ഭൂമിയെ നനയ്ക്കുന്ന വസന്തവൃഷ്ടിപോലെ, അവിടുന്നു നമ്മുടെമേല്‍ വരും. എഫ്രായിം, ഞാന്‍ നിന്നോടെന്തുചെയ്യും? യൂദാ, ഞാന്‍ നിന്നോടെന്തുചെയ്യും? നിന്റെ സ്നേഹം പ്രഭാതമേഘംപോലെയും മാഞ്ഞുപോകുന്ന മഞ്ഞുതുള്ളിപോലെയുമാണ്.
5: അതുകൊണ്ട്, പ്രവാചകന്മാര്‍വഴി അവരെ ഞാന്‍ വെട്ടിവീഴ്ത്തി. എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കുകളാല്‍ അവരെ ഞാന്‍ വധിച്ചു. എന്റെ വിധി പ്രകാശംപോലെ പരക്കുന്നു.
6: ബലിയല്ല സ്നേഹമാണു ഞാനാഗ്രഹിക്കുന്നത്. ദഹനബലികളല്ല ദൈവജ്ഞാനമാണ് എനിക്കിഷ്ടം.
7: എന്നാല്‍, ആദാമില്‍വച്ച് അവര്‍ ഉടമ്പടിലംഘിച്ചു. അവിടെവച്ച് എന്നോടവര്‍ അവിശ്വസ്തതകാണിച്ചു.
8: ദുഷ്‌കര്‍മ്മികളുടെ നഗരമാണു ഗിലയാദ്, അവിടെ രക്തമൊഴുകിയ ചാലുകള്‍ കാണാം.
9: പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ പുരോഹിതര്‍ സംഘംചേര്‍ന്നിരിക്കുന്നു; ഷെക്കെമിലേക്കുള്ള വഴിയില്‍ അവര്‍ കൊലനടത്തുന്നു. അതേ, അവര്‍ ഹീനകൃത്യംചെയ്യുന്നു.
10: ഇസ്രായേല്‍ ഭവനത്തില്‍ ഞാന്‍ ഭീകരമായ ഒരു കാര്യം കണ്ടു. എഫ്രായിമിന്റെ പരസംഗം അവിടെയാണ്. ഇസ്രായേല്‍ മലിനമായിരിക്കുന്നു.
11: എന്റെ ജനത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുമ്പോള്‍ യൂദാ, നിനക്കും ഞാന്‍ ഒരു കൊയ്ത്തു നിശ്ചയിച്ചിട്ടുണ്ട്.

അദ്ധ്യായം 7

 ഇസ്രായേലിലെ ഉപജാപങ്ങള്‍

1: ഞാന്‍ ഇസ്രായേലിനെ സുഖപ്പെടുത്താനൊരുങ്ങുമ്പോള്‍ എഫ്രായിമിന്റെ അഴിമതിയും സമരിയായുടെ അകൃത്യങ്ങളും വെളിപ്പെടും. അവര്‍ വ്യാജമായി പെരുമാറുന്നു. കള്ളന്‍ അകത്തുകടക്കുന്നു. കവര്‍ച്ചക്കാരന്‍ പുറത്തു കൊള്ളനടത്തുന്നു.
2: അവരുടെ ദുഷ്‌ക്കര്‍മ്മങ്ങള്‍ ഞാനോര്‍ക്കുന്നുവെന്നവര്‍ക്കു ചിന്തയില്ല. അവരുടെ പ്രവൃത്തികള്‍ അവരെ വലയംചെയ്തിരിക്കുന്നു. അവ എന്റെ കണ്മുമ്പിലുണ്ട്.
3: തങ്ങളുടെ ദുഷ്ടതകൊണ്ട് അവര്‍ രാജാവിനെ സന്തോഷിപ്പിക്കുന്നു; വഞ്ചനകൊണ്ടു പ്രഭുക്കന്മാരെയും.
4: അവര്‍ വ്യഭിചാരികളാണ്. ചുട്ടുപഴുത്ത അടുപ്പുപോലെയാണവര്‍. മാവു കുഴയ്ക്കുന്നതുമുതല്‍ അതു പുളിക്കുന്നതുവരെമാത്രമേ അതില്‍ തീ ആളിക്കത്താതിരിക്കുകയുള്ളു.
5: നമ്മുടെ രാജാവിന്റെ ഉത്സവദിനത്തില്‍ പ്രഭുക്കന്മാര്‍ വീഞ്ഞിന്റെ ലഹരിയില്‍ ദഹിച്ചു: നിന്ദകരുമായി അവന്‍ കൈകോര്‍ത്തുപിടിച്ചു.
6: ഗൂഢാലോചനകൊണ്ട്, അവരുടെ ഹൃദയം തീച്ചൂളപോലെ ജ്വലിക്കുന്നു. രാത്രിമുഴുവന്‍ അവരുടെ കോപം മങ്ങിക്കിടക്കുന്നു. പ്രഭാതമാകുമ്പോള്‍ അതാളിക്കത്തുന്നു.
7: അവര്‍ അടുപ്പുപോലെ ചുട്ടുപഴുത്തിരിക്കുന്നു. തങ്ങളുടെ ഭരണാധിപന്മാരെ അവര്‍ വിഴുങ്ങുന്നു; അവരുടെ രാജാക്കന്മാര്‍ നിലംപതിച്ചു; അവരാരും എന്നെ വിളിച്ചപേക്ഷിക്കുന്നില്ല.
8: ജനതകളുമായി ഇടകലര്‍ന്ന്, മറിച്ചിടാതെചുട്ടെടുത്ത അപ്പമാണ് എഫ്രായിം.
9: പരദേശികള്‍ അവന്റെ ശക്തി കാര്‍ന്നുതിന്നുന്നു; അവനതറിയുന്നില്ല; അവന്റെ മുടി നരച്ചുതുടങ്ങി; അവനതറിയുന്നില്ല.
10: ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യംനല്കുന്നു. ഇതൊക്കെയായിട്ടും അവര്‍ തങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയുകയോ അവിടുത്തെ അന്വേഷിക്കുകയോചെയ്യുന്നില്ല.
11: ബുദ്ധിയും വിവേകവുമില്ലാത്ത മാടപ്രാവിനു തുല്യമാണ് എഫ്രായിം. അവന്‍ ഈജിപ്തിനെ സഹായത്തിനുവിളിക്കുന്നു.
12: അസ്സീറിയായില്‍ അഭയംതേടുന്നു. അവര്‍ പോകുന്നവഴി അവരുടെമേല്‍ ഞാന്‍ വലവീശും; വായുവിലെ പക്ഷികളെയെന്നപോലെ അവരെ ഞാന്‍ വീഴ്ത്തും; അവരുടെ ദുഷ്കൃത്യങ്ങള്‍ക്കു ഞാനവരെ ശിക്ഷിക്കും.
13: അവര്‍ വഴിതെറ്റി എന്നില്‍നിന്നകന്നുപോയിരിക്കുന്നു; അവര്‍ക്കു ദുരിതം! അവര്‍ എന്നെയെതിര്‍ത്തു; അവര്‍ക്കു നാശം! ഞാനവരെ രക്ഷിക്കുമായിരുന്നു; എന്നാല്‍, അവര്‍ എനിക്കെതിരേ വ്യാജംപറയുന്നു.
14: ഹൃദയംനൊന്ത് എന്നെ വിളിച്ചപേക്ഷിക്കുന്നതിനുപകരം അവര്‍ കിടക്കയില്‍വീണു വിലപിക്കുന്നു; ധാന്യത്തിനും വീഞ്ഞിനുംവേണ്ടി അവര്‍ തങ്ങളെത്തന്നെ മുറിവേല്പിക്കുന്നു.
15: അവര്‍ എന്നെ ധിക്കരിക്കുന്നു, ഞാനാണ് അവരുടെ കരങ്ങള്‍ക്കു പരിശീലനവും ശക്തിയും നല്കിയത്. എന്നിട്ടും അവര്‍ എനിക്കെതിരേ തിന്മ നിരൂപിക്കുന്നു. അവര്‍ ബാലിലേക്കു തിരിയുന്നു.
16: അവര്‍ ചതിക്കുന്ന വില്ലുപോലെയാണ്. അവരുടെ പ്രഭുക്കന്മാര്‍ തങ്ങളുടെ നാവിന്റെ ഔദ്ധത്യംനിമിത്തം വാളിനിരയാകും. ഈജിപ്തില്‍ അവര്‍ ഇതിനാല്‍ പരിഹാസവിഷയമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ