ഇരുന്നൂറ്റിയമ്പത്തിയെട്ടാം ദിവസം: ജോയേല്‍ 1 - 3


അദ്ധ്യായം 1

കൃഷിനാശം
1: പെഥുവേലിന്റെ മകന്‍ ജോയേലിനു കര്‍ത്താവില്‍നിന്നു ലഭിച്ച അരുളപ്പാട്: വൃദ്ധരേ, ശ്രവിക്കുവിന്‍, 
 ദേശവാസികളെ, ചെവിക്കൊള്ളുവിന്‍.
2: നിങ്ങളുടെയോ നിങ്ങളുടെ പിതാക്കന്മാരുടെയോകാലത്ത്, ഇങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ടോ?
3: ഇതെപ്പറ്റി നിങ്ങളുടെ മക്കളോടുപറയുവിന്‍. അവര്‍ തങ്ങളുടെ മക്കളോടും അവരുടെ മക്കള്‍ അടുത്ത തലമുറയോടും പറയട്ടെ.
4: വിട്ടില്‍ ശേഷിപ്പിച്ചതു വെട്ടുകിളി തിന്നു; വെട്ടുകിളി ശേഷിപ്പിച്ചതു പച്ചക്കുതിര തിന്നു; പച്ചക്കുതിര ശേഷിപ്പിച്ചതു കമ്പിളിപ്പുഴു തിന്നു.
5: മദ്യപന്മാരേ, ഉണര്‍ന്നുവിലപിക്കുവിന്‍; വീഞ്ഞുകുടിക്കുന്നവരേ, നെടുവീര്‍പ്പിടുവിന്‍. മധുരിക്കുന്ന വീഞ്ഞു നിങ്ങളുടെ അധരങ്ങളില്‍നിന്നു തട്ടിമാറ്റിയിരിക്കുന്നു.
6: അതിശക്തവും സംഖ്യാതീതവുമായൊരു ജനത എന്റെ ദേശത്തിനെതിരേ വന്നിരിക്കുന്നു. അതിന്റെ പല്ലു സിംഹത്തിന്റേതുപോലെയും ദംഷ്ട്രകള്‍ സിംഹിയുടേതുപോലെയുമാണ്.
7: അത്, എന്റെ മുന്തിരിച്ചെടികളെ നശിപ്പിച്ചു. അത്തിവൃക്ഷങ്ങളെ ഒടിച്ചുതകര്‍ത്തു. അതിന്റെ തൊലിയുരിഞ്ഞു ശാഖകള്‍വെളുപ്പിച്ചു.
8: തന്റെ യൗവനത്തിലെ ഭര്‍ത്താവിനെച്ചൊല്ലി, ചാക്കുടു
ത്തുവിലപിക്കുന്ന കന്യകയെപ്പോലെ പ്രലപിക്കുവിന്‍.
9: ധാന്യബലിയും പാനീയബലിയും കര്‍ത്താവിന്റെ ഭവനത്തില്‍നിന്നു നീക്കംചെയ്യപ്പെട്ടിരിക്കുന്നു. കര്‍ത്താവിന്റെ ശുശ്രൂഷകരായ പുരോഹിതന്മാര്‍ വിലപിക്കുന്നു.
10: വയലുകള്‍ ശൂന്യമാക്കപ്പെട്ടിരിക്കുന്നു; ഭൂമി വിലപിക്കുന്നു. ധാന്യം നശിച്ചു, വീഞ്ഞില്ലാതായി; എണ്ണ വറ്റിപ്പോയി.
11: നിലം ഉഴുകുന്നവരേ, പരിഭ്രമിക്കുവിന്‍. മുന്തിരിത്തോട്ടക്കാരേ, പ്രലപിക്കുവിന്‍; ഗോതമ്പിനെയും ബാര്‍ലിയെയുംചൊല്ലിത്തന്നെ. കാരണം, വയലിലെ വിളവുകള്‍ നശിച്ചിരിക്കുന്നു.
12: മുന്തിരിവള്ളിയും അത്തിവൃക്ഷവും വാടിപ്പോകുന്നു. മാതളവും ഈന്തപ്പനയും ആപ്പിളുമുള്‍പ്പെടെ വയലിലെ എല്ലാ വൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു. മനുഷ്യമക്കളില്‍നിന്ന് ആനന്ദം പോയിമറഞ്ഞു.

അനുതപിക്കുവിന്‍
13: പുരോഹിതന്മാരേ, ചാക്കുടുത്തു വിലപിക്കുവിന്‍. ബലിപീഠശുശ്രൂഷകരേ, വിലപിക്കുവിന്‍; എന്റെ ദൈവത്തിന്റെ സേവകരേ, അകത്തുചെന്നു ചാക്കുടുത്തുരാത്രികഴിക്കുവിന്‍. ധാന്യബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ അര്‍പ്പിക്കപ്പെടുന്നില്ല.
14: ഉപവാസം പ്രഖ്യാപിക്കുകയും മഹാസഭ വിളിച്ചുകൂട്ടുകയുംചെയ്യുവിന്‍. ശ്രേഷ്ഠന്മാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തില്‍ ഒരുമിച്ചുകൂട്ടുവിന്‍; കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുവിന്‍.
15: കര്‍ത്താവിന്റെ ദിനം സമീപിച്ചിരിക്കുന്നു. ആ ദിനം! ഹാ, കഷ്ടം! സര്‍വ്വശക്തനില്‍നിന്നുള്ള സംഹാരമായി അതു വരുന്നു.
16: നമ്മുടെ കണ്മുമ്പില്‍നിന്നു ഭക്ഷണവും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍നിന്ന് ആഹ്ലാദത്തിമിര്‍പ്പും അപ്രത്യക്ഷമായിരിക്കുന്നു.
17: വിത്ത്, കട്ടകള്‍ക്കിടയിലമര്‍ന്നുപോയിരിക്കുന്നു. സംഭരണശാലകളും പത്തായങ്ങളും ശൂന്യമായിരിക്കുന്നു.
18: ധാന്യമില്ലാതായിരിക്കുന്നു. മൃഗങ്ങള്‍ ഞരങ്ങുന്നു; മേച്ചില്‍സ്ഥലമില്ലാതെ കന്നുകാലികള്‍ വലയുന്നു; ആട്ടിന്‍പറ്റങ്ങള്‍ നശിക്കുന്നു.
19: കര്‍ത്താവേ, ഞാനങ്ങയോടു നിലവിളിക്കുന്നു; വിജനപ്രദേശങ്ങളിലെ പുല്പുറങ്ങളെ അഗ്നി വിഴുങ്ങിയിരിക്കുന്നു. വയലിലെ മരങ്ങളെല്ലാം കത്തിനശിച്ചു.
20: വനാന്തരങ്ങളിലെ അരുവികള്‍ വറ്റിപ്പോവുകയും പുല്പുറങ്ങള്‍ അഗ്നിക്കിരയാവുകയുംചെയ്തതിനാല്‍ വന്യമൃഗങ്ങളും അവിടുത്തെ നോക്കിക്കേഴുന്നു.

അദ്ധ്യായം 2

കര്‍ത്താവിന്റെ ദിനം

1: സീയോനില്‍ കാഹളമൂതുവിന്‍. എന്റെ വിശുദ്ധഗിരിയില്‍ പെരുമ്പറ മുഴക്കുവിന്‍. ദേശവാസികള്‍ സംഭ്രാന്തരാകട്ടെ! കര്‍ത്താവിന്റെ ദിനം ആഗതമായിരിക്കുന്നു; അത്യാസന്നമായിരിക്കുന്നു.
2: അത്, അന്ധകാരത്തിന്റെയും മനഃതകര്‍ച്ചയുടെയും ദിനമാണ്. കാര്‍മേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം! ശക്തിയും പ്രതാപവുമുള്ള ഒരു ജനതതി അന്ധകാരംപോലെ പര്‍വ്വതങ്ങളില്‍ വ്യാപിച്ചിരിക്കുന്നു. ഇതുപോലൊന്ന് ഇതിനുമുമ്പുയിട്ടില്ല; തലമുറകളോളം ഇനിയുണ്ടാവുകയുമില്ല.
3: അവര്‍ക്കമുന്നില്‍ വിഴുങ്ങുന്ന തീ, പിന്നില്‍, ആളുന്ന തീ. അവര്‍ക്കുമുന്നില്‍ ദേശം ഏദന്‍തോട്ടംപോലെ, പിന്നില്‍ മരുഭൂമിപോലെയും. അവരുടെ ആക്രമണത്തില്‍നിന്ന് ഒന്നും രക്ഷപെടുന്നില്ല.
4: കുതിരകളെപ്പോലെ അവര്‍ വരുന്നു. പടക്കുതിരകളെപ്പോലെ അവര്‍ പായുന്നു.
5: രഥങ്ങളുടെ ഇരമ്പലെന്നുതോന്നുമാറ്, അവര്‍ മലമുകളില്‍ കുതിച്ചുചാടുന്നു. വൈക്കോലിനു തീപിടിക്കുമ്പോഴുണ്ടാകുന്ന കിരുകിരശബ്ദംപോലെയും ശക്തമായ സൈന്യം മുന്നേറുമ്പോഴുള്ള ആരവംപോലെയുംതന്നെ.
6: അവരുടെ മുമ്പില്‍ ജനതകള്‍ ഭയവിഹ്വലരാകുന്നു. എല്ലാവരുടെയും മുഖം വിളറുന്നു.
7: യുദ്ധവീരരെപ്പോലെ അവര്‍ പാഞ്ഞടുക്കുന്നു; പടയാളികളെപ്പോലെ മതിലുകള്‍ കയറുന്നു. നിരതെറ്റാതെ ഓരോരുത്തരും താന്താങ്ങളുടെ മാര്‍ഗ്ഗത്തില്‍ അടിവച്ചുനീങ്ങുന്നു.
8: പരസ്പരം ഉന്തിമാറ്റാതെ, അവരവരുടെ പാതയില്‍ച്ചരിക്കുന്നു. ശത്രുവിന്റെ ആയുധങ്ങള്‍ക്കിടയിലൂടെ അവര്‍ കുതിച്ചുനീങ്ങി. ആര്‍ക്കുമവരെത്തടയാനായില്ല.
9: അവര്‍ നഗരത്തിന്മേല്‍ ചാടിവീഴുന്നു; മതിലുകളില്‍ ഓടിനടക്കുന്നു; കള്ളനെപ്പോലെ ജാലകങ്ങളിലൂടെ വീട്ടിനുള്ളില്‍ക്കടക്കുന്നു.
10: അവരുടെമുമ്പില്‍ ഭൂമി കുലുങ്ങുന്നു; ആകാശം വിറകൊള്ളുന്നു; സൂര്യചന്ദ്രന്മാര്‍ ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങള്‍ തങ്ങളുടെ പ്രകാശം മറച്ചുകളയുന്നു.
11: തന്റെ സൈന്യത്തിന്റെ മുമ്പില്‍ കര്‍ത്താവിന്റെ ശബ്ദംമുഴങ്ങുന്നു. അവിടുത്തെ സൈന്യം വളരെവലുതാണ്. അവിടുത്തെ ആജ്ഞ നടപ്പിലാക്കുന്നവന്‍ ശക്തനാണ്; കര്‍ത്താവിന്റെ ദിനം മഹത്തും അത്യന്തം ഭയാനകവുമാണ്. ആര്‍ക്കതിനെ അതിജീവിക്കാനാവും?

പശ്ചാത്തപിക്കുവിന്‍
12: കര്‍ത്താവരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ എന്റെയടുക്കലേക്കു തിരിച്ചുവരുവിന്‍.
13: നിങ്ങളുടെ ഹൃദയമാണ്, വസ്ത്രമല്ല കീറേണ്ടത്, നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു മടങ്ങുവിന്‍. എന്തെന്നാല്‍, അവിടുന്ന് ഉദാരമതിയും കാരുണ്യവാനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്; ശിക്ഷ പിന്‍വലിക്കാന്‍ സദാസന്നദ്ധനുമാണവിടുന്ന്.
14: നിങ്ങളുടെ ദൈവമായ കര്‍ത്താവു മനസ്സുമാറ്റി ശിക്ഷ പിന്‍വലിച്ച്, തനിക്കു ധാന്യബലിയും പാനീയബലിയും അര്‍പ്പിക്കാനുള്ള അനുഗ്രഹംതരുകയില്ലെന്ന് ആരറിഞ്ഞു?
15: സീയോനില്‍ കാഹളംമുഴക്കുവിന്‍, ഉപവാസം പ്രഖ്യാപിക്കുവിന്‍, മഹാസഭ വിളിച്ചുകൂട്ടുവിന്‍,
16: ജനത്തെ ഒരുമിച്ചുകൂട്ടുവിന്‍, സമൂഹത്തെ വിശുദ്ധീകരിക്കുവിന്‍. ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടുവിന്‍, കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും ഒന്നിച്ചുകൂട്ടുവിന്‍. മണവാളന്‍ തന്റെ മണവറയും, മണവാട്ടി തന്റെ ഉറക്കറയുംവിട്ടു പുറത്തുവരട്ടെ!
17: കര്‍ത്താവിന്റെ ശുശ്രൂഷകരായ പുരോഹിതന്മാര്‍ പൂമുഖത്തിനും ബലിപീഠത്തിനുംമദ്ധ്യേനിന്നു കരഞ്ഞുകൊണ്ടുപ്രാര്‍ത്ഥിക്കട്ടെ: കര്‍ത്താവേ, അങ്ങയുടെ ജനത്തെ ശിക്ഷിക്കരുതേ! ജനതകളുടെയിടയില്‍ പഴമൊഴിയും പരിഹാസപാത്രവുമാകാതെ, അങ്ങയുടെ അവകാശത്തെ സംരക്ഷിക്കണമേ! എവിടെയാണവരുടെ ദൈവമെന്ന് ജനതകള്‍ ചോദിക്കാന്‍ ഇടവരുന്നതെന്തിന്?

കര്‍ത്താവിന്റെ കാരുണ്യം
18: അപ്പോള്‍, കര്‍ത്താവു തന്റെ ദേശത്തെപ്രതി അസഹിഷ്ണുവാകുകയും തന്റെ ജനത്തോടു കാരുണ്യംകാണിക്കുകയും ചെയ്തു.
19: കര്‍ത്താവു തന്റെ ജനത്തിനുത്തരമരുളി: ഇതാ, ഞാന്‍ നിങ്ങള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും തരുന്നു; നിങ്ങള്‍ സംതൃപ്തരാകും. ജനതകളുടെയിടയില്‍ ഇനി നിങ്ങളെ ഞാന്‍ പരിഹാസപാത്രമാക്കുകയില്ല.
20: വടക്കുനിന്നുള്ള ശത്രുവിനെ ഞാന്‍ നിങ്ങളുടെയടുത്തുനിന്ന് ആട്ടിപ്പായിക്കും. വരണ്ടുവിജനമായ ദേശത്തേക്ക് അവനെ ഞാന്‍ തുരത്തും. അവന്റെ സൈന്യത്തിന്റെ മുന്‍നിരയെ കിഴക്കന്‍കടലിലും പിന്‍നിരയെ പടിഞ്ഞാറന്‍കടലിലുമാഴ്ത്തും. തന്റെ ഗര്‍വ്വുനിറഞ്ഞചെയ്തികള്‍നിമിത്തം അവന്‍ ദുര്‍ഗ്ഗന്ധംവമിക്കും.
21: ദേശമേ, ഭയപ്പെടേണ്ടാ; ആഹ്ലാദിച്ചാനന്ദിക്കുക, കര്‍ത്താവു വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.
22: വയലിലെ മൃഗങ്ങളേ, പേടിക്കേണ്ടാ, മേച്ചില്പുറങ്ങള്‍ പച്ചപിടിച്ചിരിക്കുന്നു. വൃക്ഷങ്ങള്‍ ഫലം ചൂടുന്നു. അത്തിമരവും മുന്തിരിവള്ളിയും ഫലങ്ങള്‍ സമൃദ്ധമായി നല്കുന്നു.
23: സീയോന്‍മക്കളേ, ആനന്ദിക്കുവിന്‍; നിങ്ങളുടെ ദൈവമായ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍. അവിടുന്നു നിങ്ങള്‍ക്കു യഥാകാലം, ആവശ്യാനുസരണം ശരത്കാലവൃഷ്ടി നല്കും. പഴയതുപോലെ അവിടുന്നു നിങ്ങള്‍ക്കു ശരത്കാലവൃഷ്ടിയും വസന്തകാലവൃഷ്ടിയും സമൃദ്ധമായി പെയ്യിച്ചുതരും.
24: മെതിക്കളങ്ങളില്‍ ധാന്യം നിറയും. ചക്കുകളില്‍ വീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും.
25: വിട്ടില്‍, വെട്ടുകിളി, പച്ചക്കുതിര, കമ്പിളിപ്പുഴു എന്നിങ്ങനെ ഞാനയച്ച മഹാസൈന്യങ്ങള്‍ നശിപ്പിച്ച സംവത്സരങ്ങളിലെ വിളവുകള്‍ ഞാന്‍ തിരിച്ചുതരും.
26: നിങ്ങള്‍ സമൃദ്ധമായി ഭക്ഷിച്ചു സംതൃപ്തിയടയും; നിങ്ങള്‍ക്കുവേണ്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുകയുംചെയ്യും; എന്റെ ജനത്തിന് ഇനിയൊരിക്കലും ലജ്ജിക്കേണ്ടിവരുകയില്ല.
27: ഞാന്‍ ഇസ്രായേലിന്റെ മദ്ധ്യേയുണ്ടെന്നും കര്‍ത്താവായ ഞാനാണു നിങ്ങളുടെ ദൈവമെന്നും ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും അപ്പോള്‍ നിങ്ങളറിയും. എന്റെ ജനത്തിന് ഇനിയൊരിക്കലും ലജ്ജിക്കേണ്ടി വരുകയില്ല.

ആത്മാവിനെ വര്‍ഷിക്കും
28: അന്നിങ്ങനെ സംഭവിക്കും: എല്ലാവരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും; യുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാവും.
29: ആ നാളുകളില്‍ എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും.
30: ആകാശത്തിലും ഭൂമിയിലും ഞാന്‍ അദ്ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്തവും അഗ്നിയും ധൂമപടലവും.
31: കര്‍ത്താവിന്റെ മഹത്തും ഭയാനകവുമായ ദിനം ആഗതമാകുന്നതിനു മുമ്പ്, സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും.
32: കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും. കര്‍ത്താവരുളിച്ചെയ്തതുപോലെ, സീയോന്‍പര്‍വ്വതത്തിലും ജറുസലെമിലും രക്ഷപെടുന്നവരുണ്ടാകും. കര്‍ത്താവു വിളിക്കുന്നവര്‍ അതിജീവിക്കും.

അദ്ധ്യായം 3

ജനതകളുടെമേല്‍ വിധി
1: ആ നാളുകളില്‍, ഞാന്‍ യൂദായുടെയും ജറുസലെമിന്റെയും ഭാഗധേയം നിര്‍ണ്ണയിക്കുന്ന നാളുകളില്‍,
2: ഞാന്‍ എല്ലാ ജനതകളെയും ഒരുമിച്ചുകൂട്ടുകയും യഹോഷാഫാത്തിന്റെ താഴ്വരയിലേക്കു കൊണ്ടുവരുകയുംചെയ്യും. എന്റെ ജനവും അവകാശവുമായ ഇസ്രായേലിനെപ്രതി ഞാനവരെ അവിടെവച്ചു വധിക്കും. എന്തെന്നാല്‍, അവരെന്റെ ജനത്തെ ജനതകളുടെയിടയില്‍ ചിതറിക്കുകയും എന്റെദേശം വിഭജിച്ചെടുക്കുകയുംചെയ്തു.
3: എന്റെ ജനത്തിനുവേണ്ടി അവര്‍ നറുക്കിട്ടു. ഒരു വേശ്യയ്ക്കുവേണ്ടി ഒരു ബാലനെയും കുടിക്കാന്‍ വീഞ്ഞിനുവേണ്ടി ബാലികയെയും അവര്‍ വിറ്റു.
4: ടയിര്‍, സീദോന്‍, സകലഫിലിസ്ത്യപ്രദേശങ്ങളേ, നിങ്ങള്‍ക്ക് എന്നോടെന്തുചെയ്യാന്‍കഴിയും? എന്നോടു പ്രതികാരംചെയ്യാനാണോ നിങ്ങളുടെ ഭാവം? എങ്കില്‍, നിങ്ങളുടെ പ്രതികാരം നിങ്ങളുടെതന്നെ തലയില്‍ വേഗം, ഞൊടിയിടയില്‍ ഞാന്‍ പതിപ്പിക്കും.
5: എന്തെന്നാല്‍, നിങ്ങളെന്റെ വെള്ളിയും സ്വര്‍ണ്ണവും അനര്‍ഘനിധികളും നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.
6: നിങ്ങള്‍ യൂദായിലെയും ജറുസലെമിലെയും ജനത്തെ അവരുടെ അതിര്‍ത്തികളില്‍നിന്നകറ്റി, യവനര്‍ക്കു വിറ്റു.
7: നിങ്ങള്‍ അവരെ വിറ്റ സ്ഥലത്തുനിന്നുതന്നെ ഞാനവരെ ഇളക്കിവിടുകയും നിങ്ങളുടെ പ്രവൃത്തികള്‍ക്കു നിങ്ങളുടെതന്നെ തലയില്‍ പകരംവീട്ടുകയും ചെയ്യും.
8: ഞാന്‍ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യൂദായുടെ സന്തതികള്‍ക്കു വില്ക്കും. യൂദാസന്തതികള്‍ അവരെ വിദൂരത്തുള്ള സബേയര്‍ക്കു വില്ക്കും - കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു.
9: ജനതകളുടെയിടയില്‍ വിളംബരം ചെയ്യുവിന്‍, യുദ്ധത്തിനൊരുങ്ങുവിന്‍, ശക്തന്മാരെയുണര്‍ത്തുവിന്‍, സകലയോദ്ധാക്കളും ഒരുമിച്ചുചേര്‍ന്നു മുന്നേറട്ടെ!
10: നിങ്ങളുടെ കൊഴു, വാളായും വാക്കത്തി, കുന്തമായും രൂപാന്തരപ്പെടുത്തുവിന്‍. താന്‍ ഒരു യോദ്ധാവാണെന്നു ദുര്‍ബ്ബലന്‍ പറയട്ടെ.
11: ചുറ്റുമുള്ള സകലജനതകളേ, ഓടിവരുവിന്‍, അവിടെ ഒരുമിച്ചുകൂടുവിന്‍. കര്‍ത്താവേ, അങ്ങയുടെ സൈന്യത്തെ അയയ്ക്കണമേ!
12: ജനതകള്‍ ഉണര്‍ന്നു യഹോഷാഫാത്തിന്റെ താഴ്‌വരയിലേക്കു വരട്ടെ! അവിടെ ചുറ്റുമുള്ള സകലജനതകളെയും വിധിക്കാന്‍ ഞാന്‍ ന്യായാസനത്തിലുപവിഷ്ടനാകും.
13: അരിവാളെടുക്കുവിന്‍; വിളവു പാകമായിരിക്കുന്നു. ഇറങ്ങിച്ചവിട്ടുവിന്‍; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു. തൊട്ടികള്‍ നിറഞ്ഞൊഴുകുന്നു; അവരുടെ ദുഷ്ടത അത്രയ്ക്കു വലുതാണ്.
14: വിധിയുടെ താഴ്‌വരയില്‍, അതാ, ജനസഞ്ചയം. വിധിയുടെ താഴ്‌വരയില്‍, കര്‍ത്താവിന്റെ ദിനമടുത്തിരിക്കുന്നു.
15: സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു. നക്ഷത്രങ്ങള്‍ തങ്ങളുടെ പ്രകാശം മറച്ചുവയ്ക്കുന്നു.

ഇസ്രായേലിനനുഗ്രഹം
16: കര്‍ത്താവു സീയോനില്‍നിന്നു ഗര്‍ജ്ജിക്കുന്നു; ജറുസലെമില്‍നിന്ന് അവിടുത്തെ ശബ്ദം മുഴങ്ങുന്നു; ആകാശവും ഭൂമിയും പ്രകമ്പനംകൊള്ളുന്നു. എന്നാല്‍, കര്‍ത്താവു തന്റെ ജനത്തിനഭയമാണ്; ഇസ്രായേല്‍ ജനത്തിനു ശക്തിദുര്‍ഗ്ഗം.
17: എന്റെ വിശുദ്ധപര്‍വ്വതമായ സീയോനില്‍ വസിക്കുന്ന, നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ഞാന്‍ എന്നു നിങ്ങളറിയും. ജറുസലെം വിശുദ്ധമായിരിക്കും. അന്യര്‍ ഇനിയൊരിക്കലും അതിലൂടെ കടന്നുപോവുകയില്ല.
18: അന്നു പര്‍വ്വതങ്ങളില്‍നിന്നു മധുരവീഞ്ഞ് ഇറ്റുവീഴും; കുന്നുകളില്‍നിന്നു പാലൊഴുകും. യൂദായിലെ അരുവികളില്‍ ജലം നിറയും. കര്‍ത്താവിന്റെ ആലയത്തില്‍നിന്ന് ഒരു നീരുറവ പുറപ്പെട്ടു ഷിത്തിം താഴ്‌വരയെ നനയ്ക്കും.
19: യൂദായിലെ ജനത്തോട് അക്രമം പ്രവര്‍ത്തിക്കുകയും അവരുടെ ദേശത്തുവച്ചു നിഷ്‌കളങ്കരക്തം ചിന്തുകയും ചെയ്തതുകൊണ്ട് ഈജിപ്തു ശൂന്യമാവുകയും ഏദോം നിര്‍ജ്ജനഭൂമിയാവുകയും ചെയ്യും.
20: എന്നാല്‍, യൂദായും ജറുസലെമും തലമുറകളോളം അധിവസിക്കപ്പെടും.
21: അവരുടെ രക്തത്തിനു ഞാന്‍ പ്രതികാരംചെയ്യും. കുറ്റവാളികളെ ഞാന്‍ വെറുതെവിടുകയില്ല. കര്‍ത്താവു സീയോനില്‍ വസിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ