ഇരുന്നൂറ്റിയറുപത്തൊന്നാംദിവസം: ഒബാദിയ 1


അദ്ധ്യായം 1

ഏദോമിനു ശിക്ഷ
1: ഒബാദിയായ്ക്കുണ്ടായ ദര്‍ശനം. ഏദോമിനെക്കുറിച്ചു ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: കര്‍ത്താവില്‍നിന്നു ഞങ്ങള്‍ക്കു വാര്‍ത്തലഭിച്ചിരിക്കുന്നു. ജനതകളുടെയിടയിലേക്കു ദൂതനയയ്ക്കപ്പെട്ടിരിക്കുന്നു. എഴുന്നേല്ക്കുക, അവള്‍ക്കെതിരേ നമുക്കു യുദ്ധത്തിനിറങ്ങാം.
2: ഞാന്‍ നിന്നെ ജനതകളുടെയിടയില്‍ നിസ്സാരയാക്കും. നീ അത്യധികം അവഹേളിക്കപ്പെടും.
3: പാറപ്പിളര്‍പ്പുകളില്‍ വസിക്കുന്നവളും ഉയര്‍ന്നമലമുകളില്‍ ആസ്ഥാനമുറപ്പിച്ചവളും ആര്‍ക്കെന്നെ താഴെയിറക്കാനാവുമെന്നു ഹൃദയത്തില്‍പ്പറയുന്നവളുമായ നിന്റെ അഹങ്കാരം നിന്നെ വഞ്ചിച്ചിരിക്കുന്നു.
4: നീ കഴുകനെപ്പോലെ ഉയര്‍ന്നുപറന്നാലും നക്ഷത്രങ്ങളുടെയിടയില്‍ കൂടുകൂട്ടിയാലും അവിടെനിന്നു നിന്നെ ഞാന്‍ താഴെയിറക്കും - കര്‍ത്താവരുളിച്ചെയ്യുന്നു.
5: കള്ളന്മാരും കൊള്ളക്കാരും രാത്രി, ഭവനത്തില്‍ക്കടന്നാല്‍ അവര്‍ക്കാവശ്യമുള്ളതല്ലേ എടുക്കൂ? മുന്തിരിപ്പഴംശേഖരിക്കുന്നവര്‍ കാലാ ഉപേക്ഷിക്കാറില്ലേ? എന്നാല്‍ നീ, എത്രനശിച്ചിരിക്കുന്നു!
6: ഏസാവെങ്ങനെ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു; അവന്റെ നിക്ഷേപങ്ങള്‍ എങ്ങനെ കവര്‍ച്ചചെയ്യപ്പെട്ടു!
7: നിന്നോടു സഖ്യംചെയ്തവരെല്ലാം നിന്നെ വഞ്ചിച്ചിരിക്കുന്നു. അവര്‍ നിന്നെ അതിര്‍ത്തിവരെ ഓടിച്ചിരിക്കുന്നു. നിന്നോടു കൂട്ടുചേര്‍ന്നവര്‍ നിനക്കെതിരേ പ്രബലരായിരിക്കുന്നു. നിന്റെ വിശ്വസ്തമിത്രങ്ങള്‍ നിനക്കു കെണിവച്ചിരിക്കുന്നു.
8: വിവേകമുള്ളവരാരും അവിടെയില്ല. ആ ദിവസം ഞാന്‍ ഏദോമില്‍നിന്നു വിജ്ഞാനികളെയും ഏസാവുമലയില്‍നിന്നു വിവേകികളെയും നശിപ്പിക്കുകയില്ലേ? - കര്‍ത്താവു ചോദിക്കുന്നു.
9: ഏസാവുമലയില്‍നിന്ന് എല്ലാവരും വിച്ഛേദിക്കപ്പെടുന്നവിധത്തില്‍ തേമാനേ, നിന്റെ ധീരയോദ്ധാക്കള്‍ പരിഭ്രാന്തരാകും.
10: നിന്റെ സഹോദരന്‍ യാക്കോബിനോടു നീചെയ്ത അക്രമംനിമിത്തം നീ ലജ്ജിതനാകും. നീ എന്നേയ്ക്കുമായി വിച്ഛേദിക്കപ്പെടും.
11: അന്യര്‍ അവന്റെ സമ്പത്തപഹരിക്കുകയും വിദേശീയര്‍ അവന്റെ കവാടം കടക്കുകയും ജറുസലെമിനുവേണ്ടി നറുക്കിടുകയുംചെയ്തപ്പോള്‍ നീ അവരിലൊരുവനെപ്പോലെ മാറിനിന്നു.
12: നിന്റെ സഹോദരന്റെ കഷ്ടതയുടെനാളില്‍ നീ ഗര്‍വ്വോടെ സന്തോഷിക്കരുതായിരുന്നു. യൂദായുടെ വിനാശത്തിന്റെ നാളില്‍ നീ ആഹ്ലാദിക്കരുതായിരുന്നു. അവരുടെ ദുരിതത്തിന്റെ നാളില്‍ നീ വമ്പുപറയരുതായിരുന്നു.
13: എന്റെ ജനത്തിന് അനര്‍ത്ഥംഭവിച്ചനാളില്‍ നീ അവരുടെ കവാടങ്ങള്‍ കടക്കരുതായിരുന്നു. അവന്റെ അനര്‍ത്ഥത്തിന്റെ നാളില്‍ അവന്റെ വിപത്തിനെക്കുറിച്ചു നീ സന്തോഷിക്കരുതായിരുന്നു; അവന്റെ അനര്‍ത്ഥത്തിന്റെനാളില്‍ നീ അവന്റെ വസ്തുവകകള്‍ കവര്‍ച്ചചെയ്യരുതായിരുന്നു.
14: അവന്റെ ആളുകളില്‍ പലായനംചെയ്തവരെ വെട്ടിവീഴ്ത്താന്‍ വഴിത്തിരിവുകളില്‍ നീ നില്ക്കരുതായിരുന്നു. കഷ്ടതയുടെ നാളുകളെ അതിജീവിച്ച അവന്റെ ആളുകളെ നീ ശത്രുവിന് ഏല്പിച്ചുകൊടുക്കരുതായിരുന്നു. സകലജനതകളുടെയുംമേല്‍ കര്‍ത്താവിന്റെ ദിനം ആസന്നമായിരിക്കുന്നു.
15: നീ പ്രവര്‍ത്തിച്ചതുപോലെ നിന്നോടും പ്രവര്‍ത്തിക്കും. നിന്റെ പ്രവര്‍ത്തികള്‍ നിന്റെതന്നെ തലയില്‍ നിപതിക്കും.
16: എന്റെ വിശുദ്ധപര്‍വ്വതത്തില്‍വച്ചു നീ പാനംചെയ്തതുപോലെ ചുറ്റുമുള്ള എല്ലാജനതകളും പാനംചെയ്യും. അവര്‍ കുടിക്കുകയും വിഴുങ്ങുകയുംചെയ്യും. ജനിച്ചിട്ടേയില്ലെന്നുതോന്നുമാറ്, അവര്‍ അപ്രത്യക്ഷരാകും.

ഇസ്രായേലിനു രക്ഷ
17: എന്നാല്‍, സീയോന്മലയില്‍ രക്ഷപ്രാപിച്ച കുറേപ്പേരുണ്ടായിരിക്കും. അവിടം വിശുദ്ധമായിരിക്കും. യാക്കോബിന്റെ ഭവനം തങ്ങളുടെ വസ്തുവകകള്‍ വീണ്ടെടുക്കും.
18: യാക്കോബിന്റെ ഭവനം അഗ്നിയും, ജോസഫിന്റെ ഭവനം തീജ്വാലയുമായിരിക്കും; ഏസാവിന്റെ ഭവനം വയ്‌ക്കോലും. അവരവരെ കത്തിച്ചുദഹിപ്പിച്ചുകളയും. ഏസാവിന്റെ ഭവനത്തില്‍ ആരുമവശേഷിക്കുകയില്ല - കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു.
19: നെഗെബിലുള്ളവര്‍ ഏസാവുമലയും ഷെഫേലായിലുള്ളവര്‍ ഫിലിസ്ത്യരുടെ ദേശവും കൈവശമാക്കും. അവര്‍ എഫ്രായിമിന്റെയും സമരിയായുടെയും ദേശം കൈവശപ്പെടുത്തും. ബഞ്ചമിന്‍ ഗിലയാദ് സ്വന്തമാക്കും.
20: ഹാലായിലുള്ള ഇസ്രായേല്യരായ പ്രവാസികള്‍ സരേഫാത്തുവരെയുള്ള ഫെനീഷ്യപ്രദേശം കൈവശമാക്കും. സേഫരാദിലുള്ള ജറുസലെമിലെ പ്രവാസികള്‍ നെഗെബിന്റെ നഗരങ്ങള്‍ സ്വന്തമാക്കും.
21: വിമോചകര്‍ സീയോൻമലയില്‍ എത്തും; അവര്‍ ഏസാവുമലയെ ഭരിക്കും; ആധിപത്യം കര്‍ത്താവിന്റേതായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ