ഇരുന്നൂറ്റിയമ്പത്തിമൂന്നാം ദിവസം: ദാനിയേല്‍ 7 - 9


അദ്ധ്യായം 7

ദാനിയേലിന്റെ ദര്‍ശനങ്ങള്‍: നാലു മൃഗങ്ങള്‍

1: ബാബിലോണ്‍രാജാവായ ബല്‍ഷാസറിന്റെ ഒന്നാം ഭരണവര്‍ഷം, ദാനിയേലിനു് ഉറക്കത്തില്‍, ഒരു സ്വപ്നവും ചില ദര്‍ശനങ്ങളുമുണ്ടായി. അവന്‍ സ്വപ്നം എഴുതിയിടുകയും അതിന്റെ സംഗ്രഹം അറിയിക്കുകയുംചെയ്തു.
2: ദാനിയേല്‍ പറഞ്ഞു: ആകാശത്തിലെ നാലുകാറ്റുകളും മഹാസമുദ്രത്തെ ഇളക്കിമറിക്കുന്നതു നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു.
3: നാലു വലിയമൃഗങ്ങള്‍ കടലില്‍നിന്നു കയറിവന്നു. അവ വിഭിന്നങ്ങളായിരുന്നു.
4: സിംഹത്തെപ്പോലെയായിരുന്നു ആദ്യത്തേതു്. അതിനു കഴുകന്റെ ചിറകുകളുണ്ടായിരുന്നു. ഞാനതിനെ വീക്ഷിച്ചുകൊണ്ടിരിക്കേ, അതിന്റെ ചിറകുകള്‍ പറിച്ചെടുക്കപ്പെട്ടു. അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ ഇരുകാലില്‍ നിറുത്തി. മനുഷ്യന്റെ മനസ്സും അതിനു നല്‍കപ്പെട്ടു.
5: ഇതാ, രണ്ടാമതു്, കരടിയെപ്പോലെ മറ്റൊരു മൃഗം. അതിന്റെ ഒരു വശം ഉയര്‍ത്തപ്പെട്ടു; അതു മൂന്നു വാരിയെല്ലുകള്‍ കടിച്ചുപിടിച്ചിരുന്നു. അതിനോടു പറഞ്ഞു: ഇഷ്ടംപോലെ മാംസം തിന്നുകൊള്ളുക.
6: അതിനുശേഷം, ഞാന്‍ നോക്കിയപ്പോള്‍, ഇതാ, മുതുകത്തു പക്ഷിയുടെ നാലുചിറകുകളുള്ള, പുള്ളിപ്പുലിയെപ്പോലെ മറ്റൊരു മൃഗം; അതിനു നാലു തലകളുണ്ടായിരുന്നു; ആധിപത്യം അതിനു നല്‍കപ്പെട്ടു.
7: ഇതിനുശേഷം നിശാദര്‍ശനത്തില്‍, ഇതാ, ഘോരനും ഭയങ്കരനും അതിശക്തനുമായ നാലാമത്തെ മൃഗം; അതിനു വലിയഉരുക്കുപല്ലുകളുണ്ടായിരുന്നു; അതു വിഴുങ്ങുകയും കഷണംകഷണമായി തകര്‍ക്കുകയും മിച്ചമുള്ളതു കാലുകൊണ്ടു് ചവിട്ടിയരയ്ക്കുകയുംചെയ്തു. മുമ്പേവന്ന മൃഗങ്ങളില്‍നിന്നെല്ലാം വ്യത്യസ്തനായിരുന്ന അതിന്, പത്തുകൊമ്പുകളുണ്ടായിരുന്നു.
8: ഞാന്‍ കൊമ്പുകള്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതാ, മറ്റൊരു ചെറിയകൊമ്പു് അവയുടെ ഇടയില്‍ മുളച്ചുവരുന്നു; അതിന്റെ വരവോടെ ആദ്യത്തേതില്‍ മൂന്നെണ്ണം വേരോടെ പിഴുതുമാറ്റപ്പെട്ടു; ഇതാ, ഈ കൊമ്പില്‍ മനുഷ്യന്റേതുപോലുള്ള കണ്ണുകളും വമ്പുപറയുന്ന ഒരു വായും.

മനുഷ്യപുത്രന്‍
9: ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി, പുരാതനനായവന്‍ ഉപവിഷ്ടനായി. അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം; തലമുടി, നിര്‍മ്മലമായ ആട്ടിന്‍രോമംപോലെ! തീജ്വാലകളായിരുന്നു അവന്റെ സിംഹാസനം; അതിന്റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്നി.
10: അവന്റെ മുമ്പില്‍നിന്നു് അഗ്നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരംപേര്‍ അവനെ സേവിച്ചു; പതിനായിരംപതിനായിരംപേര്‍ അവന്റെ മുമ്പില്‍നിന്നു. ന്യായാധിപസഭ, ന്യായവിധിക്കു് ഉപവിഷ്ടമായി. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു.
11: കൊമ്പിന്റെ വമ്പുപറച്ചില്‍ കേട്ടു ഞാന്‍ നോക്കി. ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, ആ മൃഗം കൊല്ലപ്പെട്ടു; അതിന്റെ ശരീരം നശിപ്പിക്കപ്പെട്ടു; അഗ്നിയില്‍ ദഹിപ്പിക്കാന്‍ അതു വിട്ടുകൊടുക്കപ്പെടുകയും ചെയ്തു.
12: മറ്റു മൃഗങ്ങളുടെ ആധിപത്യം എടുത്തുമാറ്റപ്പെട്ടു; എന്നാല്‍, അവയുടെ ആയുസ്സു് ഒരു കാലത്തേക്കും ഒരു സമയത്തേക്കും നീണ്ടുനിന്നു.
13: നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവനെ പുരാതനനായവന്റെ മുമ്പില്‍ ആനയിച്ചു.
14: എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിനു് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണു്; അതു് ഒരിക്കലുമില്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണു്.
15: ഞാന്‍, ദാനിയേല്‍, ഉത്കണ്ഠാകുലനായി. ദര്‍ശനങ്ങള്‍ എന്നെ പരിഭ്രാന്തനാക്കി.
16: ഞാന്‍ അവിടെ നിന്നിരുന്നവരില്‍ ഒരുവനെ സമീപിച്ചു്, ഇതിന്റെയെല്ലാം പൊരുളെന്താണെന്നു ചോദിച്ചു. അതിന്റെ വ്യാഖ്യാനം അവനെനിക്കു പറഞ്ഞുതന്നു.
17: ഭൂമിയില്‍നിന്നുയര്‍ന്നുവരുന്ന നാലുരാജാക്കന്മാരാണു് ഈ നാലു മഹാമൃഗങ്ങള്‍.
18: എന്നാല്‍, അത്യുന്നതന്റെ പരിശുദ്ധര്‍ക്കു രാജ്യംലഭിക്കുകയും, അവര്‍ ആ രാജ്യം എന്നേയ്ക്കുമായി അവകാശമാക്കുകയുംചെയ്തു.
19: മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനും കൂടുതല്‍ ഭയങ്കരനും ഉരുക്കുപല്ലും ഓട്ടുനഖവുമുള്ളവനും വെട്ടിവിഴുങ്ങുകയും കഷണംകഷണമായി തകര്‍ക്കുകയും മിച്ചമുള്ളവയെ കാലുകൊണ്ടു ചവിട്ടിയരയ്ക്കുകയും ചെയ്തവനുമായ നാലാമത്തെ മൃഗത്തെക്കുറിച്ചറിയാന്‍ ഞാനാഗ്രഹിച്ചു.
20: അതിന്റെ തലയിലുണ്ടായിരുന്ന പത്തു കൊമ്പുകളെയും, മറ്റു മൂന്നെണ്ണത്തെ വീഴ്ത്തിയതും കണ്ണുകളും വമ്പുപറയുന്ന വായുമുള്ളതും മറ്റുള്ളവയെക്കാള്‍ ഭീകരവുമായ കൊമ്പിനെയും സംബന്ധിച്ച സത്യമറിയുന്നതിനു് ഞാനാഗ്രഹിച്ചു.
21: പുരാതനനായവന്‍ വന്നു് അത്യുന്നതന്റെ പരിശുദ്ധര്‍ക്കുവേണ്ടി ന്യായവിധി നടത്തുന്നതുവരെ, 
22: പരിശുദ്ധര്‍ രാജ്യംസ്വീകരിക്കുന്ന സമയംസമാഗതമാകുന്നതുവരെ, ഈ കൊമ്പു്, അവരുമായി പൊരുതിജയിക്കുന്നതു ഞാന്‍ കണ്ടു.
23: അവന്‍ പറഞ്ഞു: നാലാമത്തെ മൃഗം ഭൂമിയിലെ നാലാമത്തെ ഒരു സാമ്രാജ്യമാണു്. മറ്റെല്ലാ രാജ്യങ്ങളിലുംനിന്നു് അതു വ്യത്യസ്തമായിരിക്കും; അതു ഭൂമിമുഴുവന്‍ വെട്ടിവിഴുങ്ങുകയും, ചവിട്ടിമെതിക്കുകയും കഷണംകഷണമായി തകര്‍ക്കുകയുംചെയ്യും.
24: ഈ സാമ്രാജ്യത്തിലുള്ള ഉയര്‍ന്നുവരുന്ന പത്തു രാജാക്കന്മാരാണു പത്തു കൊമ്പുകള്‍. അവര്‍ക്കെതിരേ വേറൊരുവന്‍ അവരുടെ പിന്നാലെ വരും; തന്റെ മുന്‍ഗാമികളില്‍നിന്നു് അവന്‍ ഭിന്നനായിരിക്കും. അവന്‍ മൂന്നു രാജാക്കന്മാരെ താഴെയിറക്കും.
25: അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുന്നതിനു് അവനാലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെ അവര്‍ അവന്റെ കൈകളില്‍ ഏല്പിക്കപ്പെടും.
26: എന്നാല്‍, ന്യായാധിപസഭ വിധിപ്രസ്താവിക്കാന്‍ ഉപവിഷ്ടമാവുകയും അവന്റെ ആധിപത്യം എടുത്തുമാറ്റപ്പെടുകയും ചെയ്യും. പൂര്‍ണ്ണമായി ദഹിപ്പിച്ചു് നശിപ്പിക്കേണ്ടതിനുതന്നെ.
27: ആകാശത്തിന്‍കീഴിലുള്ള സകല രാജ്യങ്ങളുടെയും രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതന്റെ പരിശുദ്ധന്മാര്‍ക്കു നല്‍കപ്പെടും; അവരുടെ രാജ്യം ശാശ്വതമാണു്. എല്ലാ ആധിപത്യങ്ങളും അവരെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.
28: ഇത്രയുമാണു ദര്‍ശനത്തിന്റെ വിശദീകരണം. ഞാന്‍, ദാനിയേല്‍, എന്റെ വിചാരങ്ങള്‍നിമിത്തം പരിഭ്രാന്തനായി. ഞാന്‍ വിവര്‍ണ്ണനായി, എല്ലാം ഞാന്‍ മനസ്സില്‍ സൂക്ഷിച്ചു.

അദ്ധ്യായം 8

ആട്ടുകൊറ്റന്മാര്‍
1: ബല്‍ഷാസര്‍രാജാവിന്റെ മൂന്നാം ഭരണവര്‍ഷം, ദാനിയേലായ എനിക്കു വീണ്ടുമൊരു ദര്‍ശനമുണ്ടായി.
2: ദര്‍ശനത്തില്‍ ഞാന്‍കണ്ടു: ഞാന്‍ ഏലാംദേശത്തു്, തലസ്ഥാനമായ സൂസായിലായിരുന്നു; ഞാന്‍ ഉലായു്നദിയുടെ കരയില്‍ നില്‍ക്കുകയായിരുന്നു.
3: ഞാന്‍ കണ്ണുകളുയര്‍ത്തി. ഇതാ, ഒരു മുട്ടാടു് നദീതീരത്തു നില്‍ക്കുന്നു; അതിനു രണ്ടു വലിയകൊമ്പുകളുണ്ടായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ നീളമുള്ളതായിരുന്നു; നീളം കൂടുതലുള്ളതു് അവസാനം മുളച്ചതാണു്.
4: ആ മുട്ടാടു് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിച്ചുമുന്നേറുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിനും അവനോടെതിര്‍ത്തുനില്‍ക്കാനോ അവന്റെ ശക്തിയില്‍നിന്നു രക്ഷപ്പെടാനോ കഴിഞ്ഞില്ല. തന്നിഷ്ടംപോലെ അവന്‍ പ്രവര്‍ത്തിക്കുകയും ഗര്‍വ്വുകാണിക്കുകയും ചെയ്തു.
5: ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കേ, ഇതാ, ഒരു കോലാട്ടുകൊറ്റന്‍, ഭൂതലത്തിനുകുറുകെ, പടിഞ്ഞാറുനിന്നു്, നിലംതൊടാതെ, പാഞ്ഞുവരുന്നു. ആ കോലാടിനു കണ്ണുകള്‍ക്കിടയില്‍ തങ്ങിനില്‍ക്കുന്ന ഒരു കൊമ്പുണ്ടായിരുന്നു.
6: നദീതീരത്തു നില്‍ക്കുന്നതായി ഞാന്‍ കണ്ട, ഇരുകൊമ്പുകളുള്ള മുട്ടാടിനുനേരേ ഉഗ്രമായ കോപത്തോടെ അതു പാഞ്ഞുവന്നു;
7: അവന്‍ മുട്ടാടിനടുത്തെത്തുന്നതും, ഉഗ്രകോപം പൂണ്ടു്, ഇടിച്ചു മുട്ടാടിന്റെ കൊമ്പു രണ്ടും തകര്‍ക്കുന്നതും ഞാന്‍ കണ്ടു; അവനെ നേരിടാന്‍മുട്ടാടിനു ശക്തിയില്ലായിരുന്നു; അവനതിനെ നിലത്തുവീഴ്ത്തി ചവിട്ടിമെതിച്ചു; അതിനെ അവനില്‍നിന്നു രക്ഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
8: പിന്നീടു കോലാട്ടുകൊറ്റന്‍ അതീവശക്തനായി; പക്ഷേ, ശക്തിയുടെ പാരമ്യത്തില്‍ എത്തിയപ്പോള്‍ അവന്റെ വലിയ കൊമ്പു തകര്‍ന്നുപോയി. അതിനു പകരം ആകാശത്തിന്റെ നാലു കാറ്റുകളുടെയുംനേരേ ശക്തമായ നാലു കൊമ്പുകള്‍ മുളച്ചുവന്നു.
9: അവയില്‍ ഒന്നില്‍നിന്നു് ഒരു ചെറിയ കൊമ്പു മുളച്ചു തെക്കോട്ടും കിഴക്കോട്ടും മഹത്വത്തിന്റെ ദേശത്തിനുനേരേയും വളര്‍ന്നു വലുതായി.
10: അതു് ആകാശസൈന്യത്തോളം വളര്‍ന്നു വലുതായി. നക്ഷത്രവ്യൂഹങ്ങളില്‍ ചിലതിനെ കുത്തിവീഴ്ത്തി ചവിട്ടിമെതിച്ചു.
11: അതു് ആകാശസൈന്യത്തിന്റെ അധിപനെ വെല്ലുവിളിക്കുകപോലും ചെയ്തു. അവിടുത്തെ നിരന്തരദഹനബലികള്‍ മുടക്കുകയും വിശുദ്ധമന്ദിരത്തെ കീഴ്‌മേല്‍മറിക്കുകയും ചെയ്തു.
12: ജനം തങ്ങളുടെ പാപം \നിമിത്തം അവന്റെ പിടിയിലമര്‍ന്നു. നിരന്തരദഹനബലി മുടങ്ങി; സത്യം നിലത്തു വലിച്ചെറിയപ്പെട്ടു; കൊമ്പാകട്ടെ അടിക്കടി വിജയംനേടി.
13: അപ്പോള്‍, ഒരു പരിശുദ്ധന്‍ സംസാരിക്കുന്നതു ഞാന്‍ കേട്ടു; വേറൊരു പരിശുദ്ധന്‍ ആദ്യം സംസാരിച്ചവനോടു പറഞ്ഞു: നിരന്തര ദഹനബലിയെയും, നാശം വിതയ്ക്കുന്ന പാപത്തെയും, വിശുദ്ധ മന്ദിരവും സൈന്യവും കാല്‍ക്കീഴില്‍ ചവിട്ടി മെതിക്കപ്പെടുന്നതിനെയുംകുറിച്ചു ദര്‍ശനത്തില്‍ ഞാന്‍ കണ്ടതു് എത്രത്തോളം നീണ്ടുനില്‍ക്കും?
14: അവന്‍ അവനോടു പറഞ്ഞു: രണ്ടായിരത്തി മൂന്നൂറു സന്ധ്യകളും പ്രഭാതങ്ങളുംവരെ. അപ്പോള്‍ വിശുദ്ധമന്ദിരം പുനരുദ്ധരിക്കപ്പെടും.
15: ദാനിയേലായ ഞാന്‍ ഈ ദര്‍ശനംഗ്രഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കേ, ഇതാ, എന്റെ മുമ്പില്‍ മനുഷ്യരൂപമുള്ള ഒരുവന്‍ നില്‍ക്കുന്നു.
16: ഉലായു്ത്തീരങ്ങളില്‍നിന്നു് ഒരുവന്‍ വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: ഗബ്രിയേല്‍, ദര്‍ശനം ഇവനെ ഗ്രഹിപ്പിക്കുക.
17: ഞാന്‍ നിന്നിടത്തേക്കു് അവന്‍ വന്നു. അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയവിഹ്വലനായി സാഷ്ടാംഗം വീണു. അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്ളുക; ഈ ദര്‍ശനം അവസാനകാലത്തേക്കുള്ളതാണു്.
18: അവന്‍ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞാന്‍ മൂര്‍ച്ഛിച്ചു വീണു. എന്നാല്‍, അവന്‍ എന്നെതൊട്ടു് എഴുന്നേല്പിച്ചു നിറുത്തി.
19: അവന്‍ പറഞ്ഞു: കാലത്തിന്റെ അവസാനത്തില്‍, ക്രോധത്തിന്റെ നിമിഷത്തില്‍, എന്തു സംഭവിക്കുമെന്നു് ഞാന്‍ നിനക്കു വെളിപ്പെടുത്തിത്തരാം. യുഗാന്തത്തെ സംബന്ധിക്കുന്നതാണിതു്.
20: രണ്ടു കൊമ്പുള്ളതായി നീ കണ്ട മുട്ടാടു് മേദിയായിലെയും പേര്‍ഷ്യായിലെയും രാജാക്കന്മാരാണു്.
21: കോലാട്ടുകൊറ്റന്‍ യവനരാജാവാണു്; അവന്റെ കണ്ണുകള്‍ക്കിടയിലുള്ള വലിയകൊമ്പു് ആദ്യത്തെ രാജാവാണു്.
22: തകര്‍ക്കപ്പെട്ട കൊമ്പിന്റെ സ്ഥാനത്തു മറ്റു നാലെണ്ണം മുളച്ചതുപോലെ, അവന്റെ രാജ്യത്തുനിന്നു നാലു രാജ്യങ്ങള്‍ ഉദയംചെയ്യും. പക്ഷേ, അവന്റെ ശക്തി അവര്‍ക്കുണ്ടായിരിക്കുകയില്ല.
23: അവരുടെ ഭരണത്തിന്റെ അവസാനഘട്ടത്തില്‍ പാപികളുടെ അതിക്രമം പൂര്‍ണ്ണരൂപം പ്രാപിക്കുമ്പോള്‍, ഉഗ്രഭാവമുള്ളവനും തന്ത്രശാലിയുമായ ഒരു രാജാവുയര്‍ന്നുവരും.
24: അവന്റെ ശക്തി വലുതായിരിക്കും; അവന്‍ ഭീകരനാശങ്ങള്‍ക്കു കാരണമാകും; തന്റെ പ്രവൃത്തികളിലെല്ലാം അവന്‍ വിജയിക്കും; ശക്തരെയും പരിശുദ്ധരെയും അവന്‍ നശിപ്പിക്കും.
25: കൗശലംകൊണ്ടു് അവന്‍ വഞ്ചനനിറഞ്ഞമാര്‍ഗ്ഗങ്ങളില്‍ വിജയിക്കും. അവന്‍ അതിരറ്റഹങ്കരിക്കും. മുന്നറിയിപ്പുകൂടാതെ അവന്‍ അനേകരെ നശിപ്പിക്കും; രാജാധിരാജനെതിരേപോലും അവന്‍ പൊരുതും; എന്നാല്‍, അവന്‍ തകര്‍ക്കപ്പെടും; മനുഷ്യകരംകൊണ്ടായിരിക്കുകയില്ല.
26: സന്ധ്യകളെയും പ്രഭാതങ്ങളെയുംകുറിച്ചറിയിച്ച ദര്‍ശനം സത്യമാണു്. എന്നാല്‍, അനേകനാളുകള്‍ക്കുശേഷം സംഭവിക്കേണ്ടതാകയാല്‍ അതു മൂടി, മുദ്രവയ്ക്കുക.
27: ദാനിയേലായ ഞാന്‍ തളര്‍ന്നു് ഏതാനും ദിവസം രോഗിയായിക്കിടന്നു. പിന്നെ ഞാനെഴുന്നേറ്റു് രാജാവിന്റെ കാര്യങ്ങളില്‍ മുഴുകി. ദര്‍ശനംനിമിത്തം ഞാന്‍ അസ്വസ്ഥനായിരുന്നു; അതു ഗ്രഹിക്കാന്‍ എനിക്കു സാധിച്ചതുമില്ല.

അദ്ധ്യായം 9

വര്‍ഷങ്ങളുടെ എഴുപതാഴ്ചകള്‍

1: അഹസ്വേരൂസിന്റെ മകനും, ജനനംകൊണ്ടു മേദിയക്കാരനും, കല്‍ദായരുടെദേശത്തു രാജാവുമായിരുന്ന ദാരിയൂസിന്റെ ഒന്നാം ഭരണവര്‍ഷം.
2: അവന്റെ വാഴ്ചയുടെ ഒന്നാംവര്‍ഷം ദാനിയേലായ ഞാന്‍, ജറെമിയാ പ്രവാചകനു് കര്‍ത്താവില്‍നിന്നുണ്ടായ അരുളപ്പാടനുസരിച്ചു് ജറുസലെം നിര്‍ജ്ജനമായിക്കിടക്കേണ്ട എഴുപതുവര്‍ഷങ്ങളെക്കുറിച്ചു്, വിശുദ്ധലിഖിതങ്ങളില്‍ വായിക്കുകയും അതിനെപ്പറ്റി ചിന്തിക്കുകയുംചെയ്തു.
3: അപ്പോള്‍, ഞാന്‍ ചാക്കുടുത്തു്, ചാരംപൂശി, ഉപവസിച്ചു്, ദൈവമായ കര്‍ത്താവിനോടു തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു.
4: ദൈവമായ കര്‍ത്താവിനോടു ഞാന്‍ പ്രാര്‍ത്ഥിക്കുകയും ഏറ്റുപറയുകയും ചെയ്തു: കര്‍ത്താവേ, അങ്ങയെ സ്നേഹിക്കുകയും അങ്ങയുടെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരുമായി ഉടമ്പടി പാലിക്കുകയും അവരെ നിത്യമായി സ്നേഹിക്കുകയും ചെയ്യുന്ന ഉന്നതനും ഭീതിദനുമായ ദൈവമേ,
5: ഞങ്ങള്‍ അങ്ങയുടെ കല്പനകളിലും ചട്ടങ്ങളിലുംനിന്നകന്നു്, അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ടതയോടെ വര്‍ത്തിക്കുകയും അങ്ങയെ ധിക്കരിക്കുകയും ചെയ്തു.
6: ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തെ ജനത്തോടും അങ്ങയുടെ നാമത്തില്‍ സംസാരിച്ച അങ്ങയുടെ ദാസന്മാരായ പ്രവാചകരുടെ വാക്കു ഞങ്ങള്‍ ചെവിക്കൊണ്ടില്ല.
7: കര്‍ത്താവേ, നീതി അങ്ങയുടേതാണു്. എന്നാല്‍, ഞങ്ങളുടെ മുഖത്തു് അങ്ങേയ്ക്കെതിരേ ചെയ്ത വഞ്ചനനിമിത്തം, അങ്ങു വിവിധ ദേശങ്ങളില്‍ ചിതറിച്ചുകളഞ്ഞ യൂദായിലെയും ജറുസലെമിലെയും നിവാസികളുടെയും, സമീപസ്ഥരും ദൂരസ്ഥരുമായ ഇസ്രായേല്‍ജനത്തിന്റെയും മുഖത്തു്, ഇന്നു കാണപ്പെടുന്നതുപോലെ, ലജ്ജയാണു നിഴലിക്കുന്നതു്.
8: കര്‍ത്താവേ, അങ്ങേയ്ക്കെതിരേ പാപംചെയ്തതിനാല്‍ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിതരാണു്.
9: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, കാരുണ്യവും പാപമോചനവും അങ്ങയുടേതാണു്; എന്നാല്‍, ഞങ്ങള്‍ അങ്ങയോടു മത്സരിച്ചു.
10: ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ സ്വരം ഞങ്ങള്‍ ചെവിക്കൊണ്ടില്ല. അവിടുന്നു് തന്റെ ദാസന്മാരായ പ്രവാചകന്മാര്‍വഴി ഞങ്ങള്‍ക്കുനല്‍കിയ നിയമം ഞങ്ങളനുസരിച്ചില്ല.
11: ഇസ്രായേല്‍ജനംമുഴുവന്‍ അങ്ങയുടെ നിയമംലംഘിച്ചു്, അങ്ങയുടെ സ്വരം ശ്രവിക്കാതെ വഴിതെറ്റിപ്പോയി. ഞങ്ങള്‍ അവിടുത്തേക്കെതിരായി പാപം ചെയ്തതിനാല്‍, ദൈവത്തിന്റെ ദാസനായ മോശയുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ശാപവും ശിക്ഷയും ഞങ്ങളുടെമേല്‍ ചൊരിയപ്പെട്ടിരിക്കുന്നു.
12: ഞങ്ങള്‍ക്കും ഞങ്ങളുടെ ഭരണാധികാരികള്‍ക്കുമെതിരേ അവിടുന്നു സംസാരിച്ചവാക്കു ഞങ്ങളുടെമേല്‍ വിനാശംവരുത്തിക്കൊണ്ടു് അങ്ങു നിറവേറ്റിയിരിക്കുന്നു. ജറുസലെമിനു സംഭവിച്ചതുപോലുള്ള നാശം, ആകാശത്തിനുകീഴില്‍ മറ്റൊരിടത്തും സംഭവിച്ചിട്ടില്ല.
13: മോശയുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ ഈ വിനാശം ഞങ്ങളുടെമേല്‍പ്പതിച്ചു. എന്നിട്ടും അങ്ങയുടെ സത്യംശ്രവിച്ചു്, അകൃത്യങ്ങളില്‍നിന്നുപിന്തിരിഞ്ഞു്, അങ്ങയുടെ കാരുണ്യത്തിനുവേണ്ടി ഞങ്ങള്‍ യാചിച്ചില്ല.
14: അതുകൊണ്ടു്, കര്‍ത്താവു് ഉചിതമായസമയത്തു ഞങ്ങളുടെമേല്‍ വിനാശംവരുത്തി. എന്തെന്നാല്‍, ഞങ്ങളുടെ ദൈവമായ കര്‍ത്താവു താന്‍ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും നീതിമാനാണു്; ഞങ്ങളോ, അവിടുത്തെ സ്വരമനുസരിച്ചില്ല.
15: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങു ശക്തമായ കരത്താല്‍ ഞങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു്, അങ്ങയുടെ നാമത്തെ മഹത്ത്വപൂര്‍ണ്ണമാക്കി. അങ്ങയുടെ ശക്തി ഇന്നും അനുസ്മരിക്കപ്പെടുന്നു. എന്നാല്‍, ഞങ്ങള്‍ പാപം ചെയ്യുകയും ദുഷ്ടത പ്രവര്‍ത്തിക്കുകയും ചെയ്തു.
16: കര്‍ത്താവേ, അങ്ങയുടെ നീതിപൂര്‍വ്വമായ എല്ലാ പ്രവൃത്തികള്‍ക്കും തക്കവിധം അങ്ങയുടെ കോപവും ക്രോധവും അങ്ങയുടെ വിശുദ്ധഗിരിയായ ജറുസലെംനഗരത്തില്‍നിന്നു് അകന്നുപോകട്ടെ! ഞങ്ങളുടെ പാപങ്ങളും പിതാക്കന്മാരുടെ അകൃത്യങ്ങളുംനിമിത്തം ജറുസലെമും അങ്ങയുടെ ജനവും ചുറ്റുമുള്ളവര്‍ക്കു നിന്ദാവിഷയമായി.
17: ആകയാല്‍, ഞങ്ങളുടെ ദൈവമേ, അങ്ങയുടെ ദാസന്റെ പ്രാര്‍ത്ഥനയും യാചനകളും ചെവിക്കൊണ്ടു്, ശൂന്യമായിക്കിടക്കുന്ന അങ്ങയുടെ ആലയത്തെ അങ്ങയുടെ നാമത്തെപ്രതി കടാക്ഷിക്കണമേ!
18: എന്റെ ദൈവമേ, അങ്ങു ചെവിചായിച്ചുകേള്‍ക്കണമേ! അങ്ങയുടെ കണ്ണുകള്‍തുറന്നു ഞങ്ങളുടെ നാശങ്ങളെയും അങ്ങയുടെ നാമംവഹിക്കുന്ന നഗരത്തെയും കടാക്ഷിക്കണമേ! ഞങ്ങളുടെ യാചനകള്‍ അങ്ങയുടെമുമ്പില്‍ സമര്‍പ്പിക്കുന്നതു ഞങ്ങളുടെ നീതിയിലല്ല, അങ്ങയുടെ മഹത്തായകാരുണ്യത്തില്‍മാത്രം ആശ്രയിച്ചുകൊണ്ടാണു്.
19: കര്‍ത്താവേ, ശ്രവിക്കണമേ! കര്‍ത്താവേ, ക്ഷമിക്കണമേ! കര്‍ത്താവേ, ചെവിക്കൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമേ! എന്റെ ദൈവമേ, അങ്ങയുടെ നാമത്തെപ്രതി വൈകരുതേ; എന്തെന്നാല്‍, അങ്ങയുടെ നഗരവും ജനവും അങ്ങയുടെ നാമമാണല്ലോ വഹിക്കുന്നതു്.
20: എന്റെ ദൈവമായ കര്‍ത്താവിന്റെ സന്നിധിയില്‍ എന്റെ ദൈവത്തിന്റെ വിശുദ്ധഗിരിക്കുവേണ്ടി എന്റെയും എന്റെ ജനമായ ഇസ്രായേലിന്റെയും പാപങ്ങളേറ്റുപറഞ്ഞു് ഞാന്‍ പ്രാര്‍ത്ഥിക്കുകയും യാചനയര്‍പ്പിക്കുകയും ചെയ്തു.
21: അപ്പോള്‍, ആദ്യം ദര്‍ശനത്തില്‍ ഞാന്‍ കണ്ട ഗബ്രിയേല്‍ സായാഹ്നബലിയുടെ സമയത്തു് എന്റെയടുത്തേക്കു പറന്നുവന്നു.
22: അവന്‍ എന്നോടു പറഞ്ഞു: ദാനിയേലേ, നിനക്കു ജ്ഞാനവും അറിവും നല്‍കാന്‍ ഞാന്‍ വന്നിരിക്കുന്നു.
23: നിന്റെ യാചനകളുടെ ആരംഭത്തില്‍ത്തന്നെ ഒരു വചനമുണ്ടായി. അതു നിന്നെ അറിയിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. അവിടുന്നു നിന്നെ അത്യധികം സ്നേഹിക്കുന്നു. ആ വചനം കേട്ടു ദര്‍ശനം ഗ്രഹിച്ചുകൊള്ളുക.
24: അക്രമം നിറുത്തിവയ്ക്കുന്നതിനും പാപത്തിനു് അറുതിവരുത്തുന്നതിനും കുറ്റങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നതിനും ശാശ്വതനീതിനടപ്പിലാക്കുന്നതിനും ദര്‍ശനത്തിനും പ്രവാചകനും മുദ്രവയ്ക്കുന്നതിനും അതിവിശുദ്ധസ്ഥലത്തെ അഭിഷേകംചെയ്യുന്നതിനുംവേണ്ടി, നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും വര്‍ഷങ്ങളുടെ എഴുപതു് ആഴ്ചകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
25: അതുകൊണ്ടു നീ ഗ്രഹിക്കുക. ജറുസലെമിന്റെ പുനര്‍നിര്‍മാണത്തിനു കല്പനപുറപ്പെട്ടതുമുതല്‍ അഭിഷിക്തനായ ഒരു രാജാവു വരുന്നതുവരെ ഏഴാഴ്ചകളുണ്ടായിരിക്കും. തുടര്‍ന്നു കഷ്ടതനിറഞ്ഞ അറുപത്തിരണ്ടാഴ്ചകള്‍. അക്കാലത്തു വീഥികളും കിടങ്ങുകളും പണിയും.
26: അറുപത്തിരണ്ടാഴ്ചകള്‍ക്കുശേഷം അഭിഷിക്തന്‍ അകാരണമായി വിച്ഛേദിക്കപ്പെടും. പിന്‍ഗാമിയായ രാജാവിന്റെ ആളുകള്‍ നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും. അതിന്റെ അവസാനം പ്രളയമായിരിക്കും. അവസാനംവരെ യുദ്ധമുണ്ടായിരിക്കും.
27: നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്ചത്തേക്കു് അവന്‍ പലരുമായി ശക്തമായ ഉടമ്പടിയുണ്ടാക്കും. പകുതി ആഴ്ചത്തേക്കു ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും. ദേവാലയത്തിന്റെ ചിറകിന്മേല്‍ വിനാശകരമായ മ്ലേച്ഛതവരും. ദൈവമൊരുക്കിയ വിധി, വിനാശകന്റെമേല്‍ പതിക്കുന്നതുവരെ അതവിടെ നില്‍ക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ