ഇരുന്നൂറ്റിയറുപതാം ദിവസം: ആമോസ് 6 - 9


അദ്ധ്യായം 6

വ്യര്‍ത്ഥമായ സുരക്ഷിതത്വം
1: സീയോനില്‍ സ്വസ്ഥതയനുഭവിക്കുന്നവരും സമരിയാഗിരിയില്‍ സുരക്ഷിതരും ജനതകളില്‍ അഗ്രഗണ്യരും ഇസ്രായേല്‍ഭവനം സഹായാര്‍ത്ഥം സമീപിക്കുന്നവരുമായ നിങ്ങള്‍ക്കു ദുരിതം!
2: നിങ്ങള്‍ കാല്‍നെയില്‍ ചെന്നുനോക്കുവിന്‍. അവിടെനിന്നു മഹത്തായ ഹമാത്തിലേക്കും ഫിലിസ്ത്യരുടെ ഗത്തിലേക്കും ചെല്ലുവിന്‍. അവ ഈ രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ടവയോ? അതോ അവരുടെ ദേശം നിങ്ങളുടെതിനെക്കാള്‍ വിശാലമോ?
3: ആപത്ദിനത്തെ അകറ്റിനിര്‍ത്താമെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അക്രമത്തിന്റെ വാഴ്ചയെ നിങ്ങള്‍ വിളിച്ചു വരുത്തുകയാണ്.
4: ദന്തനിര്‍മ്മിതമായ തല്പങ്ങളില്‍, വിരിച്ച മെത്തകളില്‍, നിവര്‍ന്നു ശയിക്കുകയും ആട്ടിന്‍പറ്റത്തില്‍നിന്നു കുഞ്ഞാടുകളെയും കാലിക്കൂട്ടത്തില്‍നിന്നു പശുക്കിടാങ്ങളെയും ഭക്ഷിക്കുകയുംചെയ്യുന്നവര്‍ക്കു ദുരിതം!
5: വീണാനാദത്തോടൊത്ത് അവര്‍ വ്യര്‍ത്ഥഗീതങ്ങളാലപിക്കുന്നു; ദാവീദിനെപ്പോലെ അവര്‍ പുതിയ സംഗീതോപകരണങ്ങള്‍ കണ്ടുപിടിക്കുന്നു.
6: ചഷകങ്ങളില്‍ വീഞ്ഞുകുടിക്കുകയും വിശിഷ്ടലേപനങ്ങള്‍ പൂശുകയുംചെയ്യുന്ന അവര്‍ ജോസഫിന്റെ നാശം ഗണ്യമാക്കുന്നില്ല.
7: അതിനാല്‍, അവരായിരിക്കും ആദ്യം പ്രവാസികളാവുക. നിങ്ങളുടെ വിരുന്നും മദിരോത്സവവും അവസാനിക്കാറായി.
8: ദൈവമായ കര്‍ത്താവു തന്റെ നാമത്തില്‍ സത്യംചെയ്തിരിക്കുന്നു: യാക്കോബിന്റെ അഹങ്കാരം എനിക്കറപ്പാണ്. അവന്റെ ശക്തിദുര്‍ഗ്ഗങ്ങളെ ഞാന്‍ വെറുക്കുന്നു, നഗരത്തെയും അതിലുള്ള എല്ലാറ്റിനെയും ഞാന്‍ ശത്രുവിനേല്പിച്ചുകൊടുക്കും. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു:
9: ഒരു വീട്ടില്‍ പത്തുപേര്‍ ശേഷിച്ചാലും അവര്‍ മരിക്കും.
10: ശവദാഹംനടത്താന്‍ കടപ്പെട്ട ബന്ധു മൃതദേഹം സംസ്കരിക്കാന്‍ എടുത്തുകൊണ്ടുപോകുമ്പോള്‍, വീടിന്റെ ഉള്‍മുറിയിലിരിക്കുന്നവനോട്, നിന്നോടൊപ്പം ഇനിയാരെങ്കിലുമുണ്ടോ എന്നു ചോദിക്കും. അവന്‍ മറുപടി പറയും: ഇല്ല. നാം കര്‍ത്താവിന്റെ നാമമുച്ചരിക്കരുത്.
11: ഇതാ, കര്‍ത്താവു കല്പിക്കുന്നു. മാളികകള്‍ തകര്‍ന്നടിയുന്നു. ചെറിയവീടുകള്‍ ധൂളിയാകുന്നു.
12: പാറകളിലൂടെ കുതിര പായുമോ? കടലില്‍ കാളപൂട്ടുമോ? നിങ്ങള്‍ ന്യായത്തെ വിഷമാക്കിക്കളഞ്ഞു. നീതിയുടെ ഫലത്തെ കാഞ്ഞിരമാക്കി.
13: നിങ്ങള്‍ ലോദെബാറില്‍ ആഹ്ലാദിക്കുകയും ഞങ്ങളുടെ കഴിവുകളാല്‍ ഞങ്ങള്‍ കര്‍നായിം അധീനമാക്കിയെന്നു പറയുകയും ചെയ്യുന്നു.
14: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഭവനമേ, നിനക്കെതിരായി മറ്റൊരു ജനതയെ ഞാനുയര്‍ത്തും. ഹമാത്തിലെ കവാടങ്ങള്‍തുടങ്ങി അരാബായിലെ അരുവിവരെ അവര്‍ നിങ്ങളെ ഞെരുക്കും.

അദ്ധ്യായം 7

ദര്‍ശനങ്ങള്‍
1: ദൈവമായ കര്‍ത്താവ് എനിക്കൊരു ദര്‍ശനം നല്കി. രാജവിഹിതമായ പുല്ലരിഞ്ഞതിനുശേഷം അതു വീണ്ടും മുളച്ചുതുടങ്ങിയപ്പോള്‍, അവിടുന്നിതാ വെട്ടുകിളിപ്പറ്റത്തെ സൃഷ്ടിക്കുന്നു.
2: അവ, നാട്ടിലുള്ള പുല്ലെല്ലാം തിന്നൊടുക്കിയപ്പോള്‍, ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, മാപ്പു നല്കുക, ഞാന്‍ യാചിക്കുന്നു. യാക്കോബിനെങ്ങനെ നിലനില്ക്കാനാവും? അവന്‍ തീരെ ചെറിയവനല്ലേ?
3: കര്‍ത്താവതിനെക്കുറിച്ചനുതപിച്ചു. ഒരിക്കലും അതു സംഭവിക്കുകയില്ലെന്ന് അവിടുന്നരുളിച്ചെയ്തു.
4: ദൈവമായ കര്‍ത്താവ് എനിക്കൊരു ദര്‍ശനം നല്കി. ഇതാ, അവിടുന്ന്, അഗ്നിയയച്ചു ശിക്ഷിക്കാനൊരുങ്ങുന്നു. അഗ്നി, അഗാധങ്ങളെ വിഴുങ്ങിയിട്ട്, ഭൂമിയെ ദഹിപ്പിക്കാന്‍തുടങ്ങി.
5: അപ്പോള്‍, ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, മതിയാക്കുക. ഞാന്‍ യാചിക്കുന്നു. യാക്കോബ് എങ്ങനെ നിലനില്ക്കും? അവന്‍ തീരെ ചെറിയവനല്ലേ?
6: കര്‍ത്താവതിനെക്കുറിച്ച് അനുതപിച്ചു; ഒരിക്കലുമതു സംഭവിക്കുകയില്ല, ദൈവമായ കര്‍ത്താവരുളിച്ചെയ്തു.
7: അവിടുന്നെനിക്കു മറ്റൊരു ദര്‍ശനം നല്‍കി. ഇതാ, തൂക്കുകട്ടയുടെ സഹായത്തോടെ പണിതുയര്‍ത്തിയ ഒരു മതിലിനോടുചേര്‍ന്ന്, കര്‍ത്താവ് കൈയില്‍ ഒരു തൂക്കുകട്ടയുമായി നില്ക്കുന്നു.
8: അവിടുന്നു ചോദിച്ചു: ആമോസ്, നീ എന്തുകാണുന്നു? ഒരു തൂക്കുകട്ട എന്നു ഞാന്‍ പറഞ്ഞു. കര്‍ത്താവു തുടര്‍ന്നു: കണ്ടാലും, എന്റെ ജനമായ ഇസ്രായേലിനുമദ്ധ്യേ ഞാനൊരു തൂക്കുകട്ട പിടിക്കും. ഇനിമേല്‍ ഞാനവരെ വെറുതെവിടുകയില്ല.
9: ഞാന്‍ ഇസഹാക്കിന്റെ പൂജാഗിരികള്‍ നിര്‍ജ്ജനവും ഇസ്രായേലിലെ ആരാധനാകേന്ദ്രങ്ങള്‍ ശൂന്യവുമാക്കും. ജറോബോവാമിന്റെ ഭവനത്തിനെതിരേ ഞാന്‍ വാളുമായിവരും.

ആമോസിനു ബഥേലില്‍ മുടക്ക്
10: അപ്പോള്‍ ബഥേലിലെ പുരോഹിതനായ അമാസിയാ ഇസ്രായേല്‍രാജാവായ ജറോബോവാമിന്റെയടുത്ത് ആളയച്ചുപറഞ്ഞു: ആമോസ് നിനക്കെതിരേ ഇസ്രായേല്‍ഭവനത്തിന്റെമദ്ധ്യേ ഗൂഢാലോചന നടത്തിയിരിക്കുന്നു. അവന്റെ വാക്കുകള്‍ പൊറുക്കാന്‍ നാടിനുകഴിയുന്നില്ല.
11: കാരണം, ജറോബോവാം വാളിനിരയാകും, ഇസ്രായേല്‍ സ്വന്തംനാട്ടില്‍നിന്ന് പ്രവാസത്തിലേക്കുപോകും എന്ന് ആമോസ് പറയുന്നു.
12: അമാസിയാ ആമോസിനോടു പറഞ്ഞു: ദീര്‍ഘദര്‍ശീ, യൂദാനാട്ടിലേക്കോടുക. അവിടെ പ്രവചിച്ച്, അഹര്‍വൃത്തി കഴിച്ചുകൊള്ളുക.
13: ഇനിമേല്‍ ബഥേലില്‍ പ്രവചിക്കരുത്. ഇതു രാജാവിന്റെ ശ്രീകോവിലും രാജ്യത്തിന്റെ ക്ഷേത്രവുമാണ്.
14: ആമോസ് മറുപടി പറഞ്ഞു: ഞാനൊരു പ്രവാചകനല്ല, പ്രവാചകപുത്രനുമല്ല. ഞാന്‍ ആട്ടിടയനാണ്. സിക്കമൂര്‍മരം വെട്ടിയൊരുക്കുകയായിരുന്നു എന്റെ ജോലി.
15: ആടുമേയിച്ചുനടന്ന എന്നെവിളിച്ച്, കര്‍ത്താവരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലില്‍ച്ചെന്നു പ്രവചിക്കുക.
16: അതിനാല്‍, ഇപ്പോള്‍ കര്‍ത്താവിന്റെ വാക്കു കേള്‍ക്കുക. ഇസ്രായേലിനെതിരേ പ്രവചിക്കരുതെന്നും ഇസഹാക്കിന്റെ ഭവനത്തിനെതിരേ പ്രസംഗിക്കരുതെന്നും നീ പറയുന്നു.
17: അതിനാല്‍, കര്‍ത്താവരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ, നഗരത്തില്‍ വേശ്യയായിത്തീരും. നിന്റെ പുത്രന്മാരും പുത്രികളും വാളിനിരയാകും, നിന്റെ ഭൂമി അളന്നുപങ്കിടും. അശുദ്ധദേശത്തുകിടന്നു നീ മരിക്കും. ഇസ്രായേല്‍ തീര്‍ച്ചയായും സ്വദേശംവിട്ടു പ്രവാസത്തിലേക്കുപോകും.

അദ്ധ്യായം 8

ഇസ്രായേലിന്റെ നാശം
1: ദൈവമായ കര്‍ത്താവ് എനിക്കൊരു ദര്‍ശനം നല്കി. ഇതാ, ഒരു കുട്ടനിറയെ ഗ്രീഷ്മഫലങ്ങള്‍.
2: അവിടുന്നെന്നോടു ചോദിച്ചു: ആമോസ്, നീയെന്തു കാണുന്നു? ഒരുകുട്ട ഗ്രീഷ്മഫലങ്ങള്‍, ഞാന്‍ മറുപടിപറഞ്ഞു. കര്‍ത്താവരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലിന്റെ അവസാനം വന്നുകഴിഞ്ഞു. ഇനിമേല്‍ ഞാനവരെ വെറുതെവിടുകയില്ല.
3: കര്‍ത്താവരുളിച്ചെയ്യുന്നു: കൊട്ടാരത്തില്‍നിന്നുയരുന്ന ഗാനങ്ങള്‍ അന്നു വിലാപങ്ങളായി പരിണമിക്കും. മൃതദേഹങ്ങള്‍ അനവധിയായിരിക്കും. എല്ലായിടത്തും അവ ചിതറിക്കിടക്കും. എവിടെയും മൂകത!
4: ദരിദ്രരെ ചവിട്ടിമെതിക്കുകയും പാവപ്പെട്ടവരെ നശിപ്പിക്കുകയും ചെയ്യുന്നവരേ, കേള്‍ക്കുവിന്‍.
5: ധാന്യങ്ങള്‍ വിറ്റഴിക്കേണ്ടതിന്, അമാവാസികഴിയുന്നതെപ്പോള്‍, ഗോതമ്പു വില്ക്കേണ്ടതിനും ഏഫാ ചെറുതാക്കുന്നതിനും ഷെക്കല്‍ വലുതാക്കുന്നതിനും കള്ളത്തുലാസുകൊണ്ടു കച്ചവടം ചെയ്യുന്നതിനും
6: ദരിദ്രരെ വെള്ളിക്കും നിരാലംബരെ ഒരു ജോടി ചെരുപ്പിനും വിലയ്ക്കുവാങ്ങേണ്ടതിനും പതിരു വിറ്റഴിക്കേണ്ടതിനും സാബത്തുകഴിയുന്നതെപ്പോള്‍ എന്നു നിങ്ങള്‍ ചോദിക്കുന്നു.
7: യാക്കോബിന്റെ അഭിമാനമാണേ, കര്‍ത്താവു ശപഥം ചെയ്യുന്നു: അവരുടെ പ്രവൃത്തികള്‍ ഞാന്‍ ഒരുനാളും മറക്കുകയില്ല.
8: ഇതുനിമിത്തം ഭൂമി ഇളകിമറിയുകയും ഭൂവാസികള്‍ വിലപിക്കുകയും ചെയ്യുകയില്ലേ? ദേശം മുഴുവന്‍ നൈല്‍പോലെ പതഞ്ഞുപൊങ്ങും; ഈജിപ്തിലെ നൈല്‍പോലെ ഇളകിമറിയും.
9: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: അന്നു മധ്യാഹ്നത്തില്‍ സൂര്യനസ്തമിക്കും. നട്ടുച്ചയ്ക്കു ഞാന്‍ ഭൂമിയെ അന്ധകാരത്തിലാഴ്ത്തും.
10: നിങ്ങളുടെ ഉത്സവദിനം മരണദിനമായും ഗാനങ്ങള്‍ വിലാപമായും ഞാന്‍ മാറ്റും. സകലരെയും ഞാന്‍ ചാക്കുടുപ്പിക്കും. എല്ലാ ശിരസ്സും കഷണ്ടിയാക്കും. അത് ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയാകും. ആദിനം അവസാനംവരെ തിക്തമായിരിക്കും.
11: ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ദേശത്തു ഞാന്‍ ക്ഷാമമയയ്ക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്റെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കുമത്.
12: അന്ന്, അവര്‍ കടല്‍മുതല്‍ കടല്‍വരെയും വടക്കുമുതല്‍ കിഴക്കുവരെയും അലഞ്ഞുനടക്കും. കര്‍ത്താവിന്റെ വചനംതേടി അവര്‍ ഉഴലുമെങ്കിലും കണ്ടെത്തുകയില്ല.
13: അന്നു സുന്ദരികളായ കന്യകമാരും യുവാക്കളും ദാഹംകൊണ്ടു മൂര്‍ച്ഛിച്ചുവീഴും.
14: ദാനിന്റെ ദൈവമാണേ, ബേര്‍ഷെബായുടെ മാര്‍ഗ്ഗമാണേ, എന്നുപറഞ്ഞ്, സമരിയായിലെ അഷിമാദേവതയുടെ പേരില്‍ സത്യംചെയ്യുന്നവര്‍ നിലംപതിക്കും. അവര്‍ ഒരിക്കലുമെഴുന്നേല്ക്കുകയില്ല.

അദ്ധ്യായം 9

1: ബലിപീഠത്തിനരികേ കര്‍ത്താവു നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവിടുന്നരുളിച്ചെയ്തു: പൂമുഖം കുലുങ്ങുമാറ് പോതികയെ ഊക്കോടെയടിക്കുക. എല്ലാവരുടെയും തലയില്‍ അതു തകര്‍ന്നുവീഴട്ടെ. അവശേഷിക്കുന്നവരെ ഞാന്‍ വാളിനിരയാക്കും; ഒരുവനും ഓടിയൊളിക്കുകയില്ല. ഒരുവനും രക്ഷപെടുകയില്ല.
2: അവര്‍ പാതാളത്തിലേക്കു തുരന്നിറങ്ങിയാലും ഞാനവരെ പിടിക്കും. ആകാശത്തിലേക്ക് അവര്‍ കയറിപ്പോയാലും അവിടെനിന്നു ഞാനവരെ വലിച്ചു താഴെയിറക്കും.
3: കാര്‍മ്മല്‍ശൃംഗത്തിലൊളിച്ചാലും അവിടെനിന്നു ഞാനവരെ തിരഞ്ഞുപിടിക്കും. എന്റെ കണ്ണില്‍പ്പെടാത്തവിധം ആഴിയുടെ അഗാധത്തില്‍ അവരൊളിച്ചിരുന്നാലും, സര്‍പ്പത്തിനു ഞാന്‍ കല്പനകൊടുക്കും. അതവരെ ദംശിക്കും.
4: ശത്രുക്കള്‍ അവരെ പ്രവാസികളായി പിടിച്ചുകൊണ്ടുപോയാലും ഖഡ്ഗങ്ങളോടു ഞാനാജ്ഞാപിക്കും, അതവരെ വധിക്കും. അവരുടെമേല്‍ ഞാന്‍ ദൃഷ്ടി പതിക്കും. നന്മയ്ക്കല്ല തിന്മയ്ക്ക്.
5: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് ഈ ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍ അതുരുകിപ്പോകുന്നു. അതിലെ നിവാസികള്‍ ആര്‍ത്തരായി കേഴുന്നു. അതു മുഴുവന്‍ നൈല്‍പോലെ, അതേ, ഈജിപ്തിലെ നൈല്‍പോലെ പതഞ്ഞുപൊങ്ങുകയും താഴുകയും ചെയ്യും.
6: ആകാശങ്ങളില്‍ തന്റെ ഉന്നതമന്ദിരം തീര്‍ക്കുകയും ഭൂമിയുടെമേല്‍ കമാനം നിര്‍മ്മിക്കുകയും കടല്‍ജലത്തെ വിളിച്ചു ഭൂതലത്തില്‍ വര്‍ഷിക്കുകയുംചെയ്യുന്ന അവിടുത്തെ നാമം കര്‍ത്താവെന്നാണ്.
7: കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനമേ, നിങ്ങളെനിക്ക് എത്യോപ്യാക്കാരെപ്പോലെയല്ലയോ? ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍നിന്നും ഫിലിസ്ത്യരെ കഫ്‌ത്തോറില്‍നിന്നും സിറിയാക്കാരെ കീറില്‍നിന്നും കൊണ്ടുവന്നതു ഞാനല്ലയോ?
8: ഇതാ, പാപപങ്കിലമായ രാജ്യത്തിന്റെമേല്‍ ദൈവമായ കര്‍ത്താവിന്റെ ദൃഷ്ടിപതിഞ്ഞിരിക്കുന്നു. ഭൂമുഖത്തുനിന്നു ഞാനതിനെ നശിപ്പിക്കും. എന്നാല്‍, യാക്കോബിന്റെ ഭവനത്തെ പൂര്‍ണ്ണമായും നശിപ്പിക്കുകയില്ല. കര്‍ത്താവാണ് ഇതരുളിച്ചെയ്യുന്നത്.
9: ജനതകള്‍ക്കിടയില്‍ ഇസ്രായേല്‍ഭവനത്തെ ഞാന്‍ അടിച്ചുചിതറിക്കും. അരിപ്പകൊണ്ടെന്നപോലെ അവരെ ഞാനരിക്കും. ഒരു മണല്‍ത്തരിപോലും താഴെ വീഴുകയില്ല.
10: എന്റെ ജനത്തിനിടയിലുള്ള പാപികള്‍മുഴുവന്‍ വാളാല്‍ നിഹനിക്കപ്പെടും. തിന്മ തങ്ങളെ കീഴടക്കുകയോ എതിര്‍ക്കുകപോലുമോ ചെയ്യുകയില്ലെന്ന് അവര്‍ പറഞ്ഞു.

ഇസ്രായേലിന്റെ പ്രതീക്ഷ
11: അന്നു ദാവീദിന്റെ വീണുപോയ കൂടാരത്തെ ഞാനുയര്‍ത്തും. കേടുപാടുകള്‍തീര്‍ത്ത്, വീണ്ടുമതിനെ പഴയകാലത്തെന്നപോലെ പണിതുയര്‍ത്തും.
12: അപ്പോള്‍, ഏദോമില്‍ അവശേഷിക്കുന്നവരെയും എന്റെ നാമത്തില്‍ അറിയപ്പെട്ടിരുന്ന ജനതകളെയും അവര്‍ കൈവശമാക്കും. ഇതു ചെയ്യുന്ന കര്‍ത്താവാണരുളിച്ചെയ്യുന്നത്.
13: കര്‍ത്താവരുളിച്ചെയ്യുന്നു: ആദിനങ്ങള്‍ ആസന്നമായി. അന്ന് ഉഴവുകാരന്‍ കൊയ്ത്തുകാരനെയും മുന്തിരി മെതിക്കുന്നവന്‍ വിതക്കാരനെയും പിന്നിലാക്കും. പര്‍വ്വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കും. മലകളില്‍ അതു കവിഞ്ഞൊഴുകും.
14: എന്റെ ജനമായ ഇസ്രായേലിന്റെ ഐശ്യര്യം ഞാന്‍ പുനഃസ്ഥാപിക്കും. തകര്‍ന്ന നഗരങ്ങള്‍ പുനരുദ്ധരിച്ച് അവര്‍ അതില്‍ വസിക്കും. മുന്തിരിത്തോപ്പുകള്‍ നട്ടുപിടിപ്പിച്ച്, അവര്‍ വീഞ്ഞു കുടിക്കും. അവര്‍ തോട്ടങ്ങളുണ്ടാക്കി, ഫലം ആസ്വദിക്കും.
15: അവര്‍ക്കു നല്കിയ ദേശത്ത് ഞാന്‍ അവരെ നട്ടുവളര്‍ത്തും; ആരും അവരെ പിഴുതെറിയുകയില്ല - ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ