മുപ്പത്തിരണ്ടാം ദിവസം: ലേവ്യര്‍ 13 - 15


അദ്ധ്യായം 13


ത്വഗ്രോഗങ്ങള്‍

1: കര്‍ത്താവു മോശയോടും അഹറോനോടുമരുളിച്ചെയ്തു:
2: ഒരാളുടെ ശരീരത്തില്‍ തടിപ്പോ പരുവോ പാണ്ടോ ഉണ്ടാവുകയും അതു കുഷ്ഠമായിത്തോന്നുകയുംചെയ്താല്‍, പുരോഹിതനായ അഹറോൻ്റെയോ അവൻ്റെ പുത്രന്മാരായ പുരോഹിതന്മാരിലൊരുവൻ്റെയോ അടുക്കല്‍ അവനെക്കൊണ്ടുപോകണം.
3: പുരോഹിതന്‍ രോഗബാധിതമായ ശരീരഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തതും അവിടം ചുറ്റുമുള്ള ഭാഗത്തെക്കാള്‍ കുഴിഞ്ഞതുമാണെങ്കില്‍ അതു കുഷ്ഠമാണ്. പരിശോധനയ്ക്കുശേഷം, അവനശുദ്ധനാണെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം.
4: എന്നാല്‍, ശരീരത്തിലെപ്പാണ്ട്, വെളുത്തതെങ്കിലും ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞതോ അതിലുള്ള രോമം വെളുത്തതോ അല്ലെങ്കില്‍ അവനെ ഏഴുദിവസത്തേക്ക് പരീക്ഷണാര്‍ത്ഥം മാറ്റിത്താമസിപ്പിക്കണം.
5: ഏഴാംദിവസം പുരോഹിതന്‍ അവനെ പരിശോധിക്കണം. രോഗം ത്വക്കില്‍ വ്യാപിക്കാതെ പൂര്‍വ്വസ്ഥിതിയില്‍തന്നെ നില്ക്കുന്നെങ്കില്‍ ഏഴു ദിവസത്തേക്കുകൂടെ മാറ്റിത്താമസിപ്പിക്കണം.
6: ഏഴാംദിവസം പുരോഹിതന്‍ അവനെ വീണ്ടും പരിശോധിക്കണം. പാണ്ടു മങ്ങിയും ത്വക്കില്‍ വ്യാപിക്കാതെയുംകണ്ടാല്‍, അവന്‍ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അതു വെറുമൊരു പരുവാണ്; അവന്‍ തൻ്റെ വസ്ത്രങ്ങള്‍ കഴുകണം. അപ്പോള്‍ ശുദ്ധിയുള്ളവനാകും.
7: പുരോഹിതസാക്ഷ്യത്തിനുശേഷം പരു, ശരീരത്തില്‍ വ്യാപിക്കുന്നെങ്കില്‍ അവന്‍ പുരോഹിതൻ്റെയടുക്കല്‍ വീണ്ടും പോകണം.
8: പരിശോധനയില്‍ പരു ശരീരത്തില്‍ വ്യാപിച്ചതായിക്കണ്ടാല്‍ അവന്‍ അശുദ്ധനെന്നു പ്രഖ്യാപിക്കണം; അതു കുഷ്ഠമാണ്.
9: കുഷ്ഠം ബാധിക്കുന്നവനെ പുരോഹിതൻ്റെയടുക്കല്‍ കൊണ്ടുപോകണം.
10: പുരോഹിതന്‍ അവനെപ്പരിശോധിക്കണം. ശരീരത്തിലെ തടിപ്പും ആ ഭാഗത്തെ രോമവും വെളുത്തിരിക്കുകയും അതില്‍ ചലം നിറഞ്ഞിരിക്കുകയും ചെയ്താല്‍,
11: അതു പഴകിയ കുഷ്ഠമാണ്. അവന്‍ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അവനെ പരീക്ഷണാര്‍ത്ഥം മാറ്റിത്താമസിപ്പിക്കേണ്ടതില്ല.
12: തലമുതല്‍ കാലുവരെ, കാണാവുന്ന ഭാഗത്തെല്ലാം കുഷ്ഠം വ്യാപിച്ചിട്ടുണ്ടെങ്കിൽ
13: പുരോഹിതന്‍ അവനെ പരിശോധിക്കട്ടെ. കുഷ്ഠം അവൻ്റെ ശരീരത്തിലെല്ലായിടവും വ്യാപിച്ചിരിക്കുന്നെങ്കില്‍ അവന്‍ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. ദേഹമാസകലം വെളുത്തിരിക്കുന്നതിനാല്‍ അവന്‍ ശുദ്ധിയുള്ളവനാണ്.
14: എന്നാല്‍ പരു പൊട്ടിയൊലിക്കാന്‍ തുടങ്ങുമ്പോള്‍ അവനശുദ്ധനായിരിക്കും.
15: പുരോഹിതന്‍ അവനെ വീണ്ടും പരിശോധിക്കണം; വ്രണം കാണപ്പെടുന്നെങ്കില്‍, അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. പഴുത്തുപൊട്ടിയ വ്രണം കുഷ്ഠരോഗത്തിനു തെളിവാണ്; അവന്‍ അശുദ്ധന്‍തന്നെ.
16: വ്രണമുണങ്ങുകയും അവിടത്തെ തൊലി, വെളുത്തനിറമുള്ളതാകുകയും ചെയ്താല്‍ അവന്‍ വീണ്ടും പുരോഹിതനെ സമീപിക്കണം.
17: പരിശോധനയില്‍ വ്രണമുണങ്ങി, തൊലി വെളുത്തനിറംപ്രാപിച്ചിട്ടുണ്ടെങ്കില്‍ അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം; അവന്‍ ശുദ്ധിയുള്ളവനാണ്.
18, 19: വ്രണമുണങ്ങിയതിനുശേഷം, തല്‍സ്ഥാനത്തു വെളുത്ത തടിപ്പോ ചെമപ്പും വെളുപ്പുംചേര്‍ന്ന പാണ്ടോ ഉണ്ടായാല്‍, അതു പുരോഹിതനെ കാണിക്കണം.
20: പരിശോധനയില്‍ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞും ആ ഭാഗത്തെ രോമം വെളുത്തുമിരുന്നാല്‍, പുരോഹിതന്‍ അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അത്, ആ വ്രണത്തില്‍നിന്നുണ്ടായ കുഷ്ഠരോഗമാണ്.
21: എന്നാല്‍, രോമം വെളുക്കുകയോ ആ ഭാഗം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയുകയോ ചെയ്യാതെ, നിറംമങ്ങിയിരുന്നാല്‍ അവനെ പരീക്ഷണാര്‍ത്ഥം ഏഴുദിവസത്തേക്കു മാറ്റിത്താമസിപ്പിക്കണം.
22: പാണ്ടു ശരീരത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ പുരോഹിതനവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം; അവന്‍ രോഗബാധിതനാണ്.
23: എന്നാല്‍, ശരീരത്തില്‍ വ്യാപിക്കാതെ പൂര്‍വ്വസ്ഥിതിയില്‍ തുടരുന്നെങ്കില്‍ അതു വ്രണത്തിൻ്റെ പാടുമാത്രമാണ്; പുരോഹിതന്‍, അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം.
24: ശരീരത്തില്‍ പൊള്ളലേല്ക്കുകയും ആ ഭാഗത്തെ മാംസം വെളുത്തോ അരണ്ടുചെമന്നോയിരിക്കുകയുംചെയ്താല്‍, പുരോഹിതന്‍, അതു പരിശോധിക്കണം.
25: ആ ഭാഗത്തെ രോമം വെളുത്തും അവിടം, ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞുമാണെങ്കില്‍ അതു പൊള്ളലില്‍നിന്നുണ്ടായ കുഷ്ഠമാണ്. അവനെ അശുദ്ധനായി പ്രഖ്യാപിക്കണം; അതു കുഷ്ഠംതന്നെ.
26: എന്നാല്‍, രോമം വെളുക്കുകയോ അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയുകയോചെയ്യാതെ നിറം മങ്ങിയിരുന്നാല്‍ പുരോഹിതന്‍, അവനെ ഏഴുദിവസത്തേക്കു പരീക്ഷണാര്‍ത്ഥം മാറ്റിത്താമസിപ്പിക്കണം.
27: ഏഴാംദിവസം അവനെ പരിശോധിക്കണം. അതു ശരീരത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാണ്.
28: എന്നാല്‍, പാണ്ടു ശരീരത്തില്‍ വ്യാപിക്കാതെ, അതേ സ്ഥാനത്തുമാത്രം മങ്ങിയിരുന്നാല്‍ അതു പൊള്ളലില്‍നിന്നുണ്ടായ തടിപ്പാണ്. പുരോഹിതന്‍ അവനെ ശുദ്ധനായി പ്രഖ്യാപിക്കണം.
29: ഒരു പുരുഷൻ്റെയോ സ്ത്രീയുടെയോ തലയിലോ താടിയിലോ വ്രണമുണ്ടായാല്‍, പുരോഹിതന്‍ അതു പരിശോധിക്കണം.
30: അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിഞ്ഞതും അതിലെ രോമം, നേര്‍ത്തു മഞ്ഞനിറത്തിലുള്ളതുമാണെങ്കില്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു ചിരങ്ങാണ്, തലയിലെയോ താടിയിലെയോ കുഷ്ഠം.
31: പുരോഹിതന്‍ ചിരങ്ങുള്ളിടം പരിശോധിക്കുമ്പോള്‍, അവിടം ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിയാതെയും അതില്‍ കറുത്തരോമമില്ലാതെയുംകണ്ടാല്‍, അവനെ ഏഴു ദിവസത്തേക്കു പരീക്ഷണാര്‍ത്ഥം മാറ്റിത്താമസിപ്പിക്കണം.
32: ഏഴാംദിവസം വീണ്ടും പരിശോധിക്കട്ടെ. ചിരങ്ങു വ്യാപിക്കുകയും ത്വക്ക് കുഴിയുകയും രോമം മഞ്ഞയ്ക്കുകയും ചെയ്തിട്ടില്ലെങ്കില്‍
33: അവനെ ക്ഷൗരംചെയ്യണം; ചിരങ്ങുള്ള ഭാഗം ക്ഷൗരംചെയ്യരുത്. അവനെ ഏഴുദിവസത്തേക്കുകൂടെ പരീക്ഷണാര്‍ത്ഥം മാറ്റിത്താമസിപ്പിക്കണം.
34: ഏഴാംദിവസം പരിശോധിക്കുമ്പോള്‍, ചിരങ്ങു ത്വക്കില്‍ വ്യാപിക്കുകയോ അവിടം കുഴിയുകയോ ചെയ്തിട്ടില്ലെങ്കില്‍ അവനെ ശുദ്ധനായി പ്രഖ്യാപിക്കണം. അവന്‍ തൻ്റെ വസ്ത്രങ്ങള്‍ കഴുകി ശുദ്ധനാകട്ടെ.
35: എന്നാല്‍, ശുദ്ധീകരണത്തിനുശേഷം ചിരങ്ങു പടരുകയാണെങ്കില്‍
36: പുരോഹിതന്‍ അവനെപ്പരിശോധിക്കണം. ചിരങ്ങു പടര്‍ന്നിട്ടുണ്ടെങ്കില്‍ മഞ്ഞരോമമുണ്ടോ എന്നു നോക്കേണ്ടതില്ല. അവനശുദ്ധനാണ്.
37: പരിശോധനയില്‍, ചിരങ്ങു വ്യാപിക്കാതെ അതില്‍ കറുത്തരോമം വളര്‍ന്നിട്ടുണ്ടെങ്കില്‍ അവന്‍ രോഗവിമുക്തനായിരിക്കുന്നു. അവന്‍ ശുദ്ധനാണ്; അവനെ ശുദ്ധനായി പ്രഖ്യാപിക്കണം.
38: ഒരു പുരുഷനോ സ്ത്രീക്കോ ശരീരത്തിലെവിടെയെങ്കിലും വെളുത്ത പാണ്ടുണ്ടായാല്‍
39: പുരോഹിതന്‍, അതു പരിശോധിക്കണം. പാണ്ടിനു മങ്ങിയ വെള്ളനിറമാണെങ്കില്‍ അതു ത്വക്കിലുണ്ടാകുന്ന ചുണങ്ങാണ്; അവന്‍ ശുദ്ധിയുള്ളവനാണ്.
40: തലയില്‍നിന്നു മുടി കൊഴിഞ്ഞുപോയിട്ടുള്ളവന്‍ കഷണ്ടിയാണ്; പക്ഷേ, അവന്‍ ശുദ്ധനാണ്.
41: തലയുടെ മുന്‍ഭാഗത്തുനിന്നു മുടി കൊഴിഞ്ഞുപോയിട്ടുള്ളവന്‍ നെറ്റിക്കഷണ്ടിയാണ്; അവന്‍ ശുദ്ധനാണ്.
42: എന്നാല്‍ തലയില്‍ കഷണ്ടിയുള്ള ഭാഗത്തു ചെമപ്പുകലര്‍ന്ന വെളുത്തപാണ്ടുണ്ടെങ്കില്‍ അതു കഷണ്ടിത്തലയിലുണ്ടാകുന്ന കുഷ്ഠമാണ്.
43: പുരോഹിതന്‍, അവനെപ്പരിശോധിക്കണം.
44: തടിപ്പു ശരീരത്തില്‍ കാണുന്നതുപോലെ ചെമപ്പുകലര്‍ന്ന വെള്ളനിറമുള്ളതാണെങ്കില്‍ അവന്‍ കുഷ്ഠരോഗിയും അശുദ്ധനുമാണ്; അവനെ അശുദ്ധനെന്നു പ്രഖ്യാപിക്കണം.
45: കുഷ്ഠമുള്ളവന്‍ കീറിയവസ്ത്രം ധരിക്കുകയും, മുടി ചീകാതിരിക്കുകയും മേല്‍ച്ചുണ്ട്, തുണികൊണ്ടു മറയ്ക്കുകയും 'അശുദ്ധന്‍ അശുദ്ധന്‍' എന്നു വിളിച്ചുപറയുകയും വേണം.
46: രോഗമുള്ളകാലമെല്ലാം അവനശുദ്ധനാണ്. അവന്‍ പാളയത്തിനുവെളിയില്‍ ഒരു പാര്‍പ്പിടത്തില്‍ ഏകനായി വസിക്കണം.

വസ്ത്രശുദ്ധി

47: കമ്പിളിവസ്ത്രത്തിലോ ചണവസ്ത്രത്തിലോ
48: അവയുടെ ഊടിലോ പാവിലോ തുകലിലോ തുകല്‍വസ്തുക്കളിലോ
49: പച്ചയോ ചെമപ്പോ ആയ കരിമ്പനുണ്ടെങ്കില്‍ അതു വ്യാപിക്കുന്ന തരമാണ്. അതു പുരോഹിതനെക്കാണിക്കണം.
50: അവന്‍, അതു പരിശോധിച്ചതിനുശേഷം ഏഴുദിവസത്തേക്കു പരീക്ഷണാര്‍ത്ഥം അടച്ചുസൂക്ഷിക്കണം.
51: ഏഴാംദിവസം അതു വീണ്ടും പരിശോധിക്കണം. കരിമ്പന്‍, വസ്ത്രത്തില്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ - ഊടിലോ പാവിലോ തുകലിലോ തുകല്‍കൊണ്ടുണ്ടാക്കിയ വസ്തുക്കളിലോ ആകട്ടെ - അതശുദ്ധമാണ്; അതു കത്തിച്ചുകളയണം.
52: അതു കമ്പിളിയുടെയോ ചണത്തിൻ്റെയോ ഊടിലോ പാവിലോ തുകല്‍കൊണ്ടുണ്ടാക്കിയ ഏതെങ്കിലും വസ്തുവിലോ ആകട്ടെ, അതു പടരുന്ന കരിമ്പനാണ്; അത്, അഗ്നിയില്‍ ദഹിപ്പിക്കണം.
53: പുരോഹിതന്‍ പരിശോധിക്കുമ്പോള്‍ വസ്ത്രത്തിൻ്റെ ഊടിലോ പാവിലോ തുകല്‍കൊണ്ടുണ്ടാക്കിയവയിലോ കരിമ്പന്‍ വ്യാപിച്ചിട്ടില്ലെങ്കില്‍,
54: അതു കഴുകിയെടുക്കാന്‍ കല്പിക്കണം. അതു പരീക്ഷണാര്‍ത്ഥം ഏഴുദിവസത്തേക്ക് അടച്ചു സൂക്ഷിക്കണം.
55: കഴുകിയതിനുശേഷം പുരോഹിതനതു പരിശോധിക്കണം. പാടുകണ്ടിടത്തു നിറഭേദംസംഭവിച്ചിട്ടില്ലെങ്കില്‍, കരിമ്പന്‍ വ്യാപിച്ചിട്ടില്ലെങ്കില്‍പോലും അതശുദ്ധമാണ്. കരിമ്പന്‍, വസ്ത്രത്തിൻ്റെ അകത്തോ പുറത്തോ ആകട്ടെ, അതഗ്നിയില്‍ ദഹിപ്പിക്കണം.
56: എന്നാല്‍, കഴുകിയതിനുശേഷമുള്ള പരിശോധനയില്‍ നിറം മങ്ങിയിരിക്കുന്നതായിക്കണ്ടാല്‍ തുകലിൻ്റെയോ വസ്ത്രത്തിൻ്റെ ഊടിൻ്റെയോ പാവിൻ്റെയോ പ്രസ്തുതഭാഗം കീറിക്കളയണം.
57: വസ്ത്രത്തിൻ്റെ ഊടിലോ പാവിലോ തുകല്‍ വസ്തുക്കളിലോ അതു പിന്നെയും കാണുന്നെങ്കില്‍ പാടു പടരുകയാണ്.
58: ആ വസ്തു ദഹിപ്പിച്ചുകളയണം. എന്നാല്‍, കഴുകിയതിനുശേഷം വസ്ത്രത്തിൻ്റെ ഊടില്‍നിന്നോ പാവില്‍നിന്നോ തുകല്‍കൊണ്ടുണ്ടാക്കിയ വസ്തുവില്‍നിന്നോ അടയാളമപ്രത്യക്ഷമാകുന്നെങ്കില്‍ വീണ്ടും കഴുകണം; അപ്പോള്‍ അതു ശുദ്ധമാകും.
59: ഇതാണു കമ്പിളിവസ്ത്രത്തിൻ്റെയോ ചണവസ്ത്രത്തിൻ്റെയോ ഊടിലോ പാവിലോ തുകല്‍വസ്തുക്കളിലോ കരിമ്പനുണ്ടായാല്‍, അതു ശുദ്ധമോ അശുദ്ധമോ എന്നു നിര്‍ണ്ണയിക്കുന്നതിനുള്ള നിയമം.

അദ്ധ്യായം 14

ത്വഗ്രോഗ ശുദ്ധീകരണം

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: കുഷ്ഠരോഗിയുടെ ശുദ്ധീകരണദിനത്തിലനുഷ്ഠിക്കേണ്ട നിയമമിതാണ്; അവനെ പുരോഹിതൻ്റെയടുക്കല്‍ കൊണ്ടുവരണം.
3: പുരോഹിതന്‍ പാളയത്തിനു പുറത്തുപോയി അവനെപ്പരിശോധിക്കണം.
4: രോഗി സുഖംപ്രാപിച്ചെന്നുകണ്ടാല്‍, ശുദ്ധിയുള്ള രണ്ടു പക്ഷികള്‍, ദേവദാരു, ചെമന്ന നൂല്‍, ഈസ്സോപ്പുചെടി എന്നിവ കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കണം.
5: ഒരു മണ്‍പാത്രത്തില്‍ ശുദ്ധമായ ഉറവവെള്ളമെടുത്ത് പക്ഷികളിലൊന്നിനെ അതിനുമീതേവച്ചു കൊല്ലാന്‍ പുരോഹിതന്‍ കല്പിക്കണം.
6: ദേവദാരു, ചെമന്ന നൂല്‍, ഇസ്സോപ്പുചെടി എന്നിവ ജീവനുള്ള പക്ഷിയോടൊപ്പം ഉറവ വെള്ളത്തിനു മീതേവച്ചു കൊന്ന പക്ഷിയുടെ രക്തത്തില്‍ മുക്കണം.
7: പിന്നെ, പുരോഹിതന്‍, ആ രക്തം കുഷ്ഠരോഗത്തില്‍നിന്നു ശുദ്ധീകരിക്കപ്പെടേണ്ടവൻ്റെമേല്‍ ഏഴുപ്രാവശ്യം തളിക്കണം. അതിനുശേഷം അവനെ ശുദ്ധിയുള്ളവനായി പ്രഖ്യാപിക്കുകയും ജീവനുള്ള പക്ഷിയെ തുറസ്സായ സ്ഥലത്തേക്കു പറപ്പിച്ചുവിടുകയും വേണം.
8: അനന്തരം, ശുദ്ധീകരിക്കപ്പെടേണ്ടവന്‍ തൻ്റെ വസ്ത്രങ്ങള്‍ കഴുകി, ശിരസ്സു മുണ്ഡനംചെയ്ത്, വെള്ളത്തില്‍ക്കുളിക്കണം. അപ്പോളവന്‍ ശുദ്ധിയുള്ളവനാകും. അതിനുശേഷം അവന്‍ പാളയത്തില്‍ വരട്ടെ. എന്നാല്‍, ഏഴുദിവസത്തേക്ക്, അവന്‍ കൂടാരത്തിനു വെളിയില്‍ത്താമസിക്കണം.
9: ഏഴാംദിവസം അവന്‍ തലയും താടിയും പുരികവും ക്ഷൗരം ചെയ്യണം. വസ്ത്രങ്ങള്‍കഴുകി, വെള്ളത്തില്‍ കുളിക്കണം. അപ്പോള്‍ അവന്‍ ശുദ്ധിയുള്ളവനാകും.
10: എട്ടാംദിവസം, അവന്‍ ഊനമറ്റ രണ്ട് ആണ്‍കുഞ്ഞാടുകളെയും ഒരുവയസ്സുള്ള ഊനമറ്റൊരു പെണ്ണാട്ടിന്‍കുട്ടിയെയും അതോടൊപ്പം ധാന്യബലിക്കായി, എണ്ണചേര്‍ത്ത, പത്തില്‍മൂന്ന് ഏഫാ നേരിയമാവും ഒരു ലോഗ് എണ്ണയും കൊണ്ടുവരണം.
11: പുരോഹിതന്‍ ശുദ്ധീകരിക്കേണ്ടവനോടൊപ്പം ഇവയെല്ലാം കര്‍ത്താവിൻ്റെ സന്നിധിയില്‍ സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ കൊണ്ടുവരട്ടെ.
12: മുട്ടാടുകളിലൊന്നിനെ, ഒരു ലോഗ് എണ്ണയോടുകൂടെ പ്രായശ്ചിത്തബലിയായര്‍പ്പിച്ച്, കര്‍ത്താവിൻ്റെമുമ്പില്‍ നീരാജനംചെയ്യണം.
13: പാപപരിഹാരബലിക്കും ദഹനബലിക്കുമുള്ള മൃഗങ്ങളെക്കൊല്ലുന്ന വിശുദ്ധസ്ഥലത്തുവച്ചുതന്നെ ആട്ടിന്‍കുട്ടിയെ കൊല്ലണം. പാപപരിഹാരബലിക്കുള്ള മൃഗത്തെപ്പോലെ പ്രായശ്ചിത്തബലിക്കുള്ള മൃഗവും പുരോഹിതനുള്ളതാണ്. ഇത് അതിവിശുദ്ധമാണ്.
14: പുരോഹിതന്‍ പ്രായശ്ചിത്തബലിക്കുള്ള മൃഗത്തിൻ്റെ കുറച്ചു രക്തമെടുത്ത്, ശുദ്ധീകരിക്കപ്പെടേണ്ടവൻ്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിൻ്റെ പെരുവിരലിലും പുരട്ടണം.
15: അനന്തരം, അവന്‍ എണ്ണയില്‍ കുറച്ചെടുത്ത്, തൻ്റെ ഇടത്തെ ഉള്ളംകൈയിലൊഴിക്കണം.
16: അതില്‍ വലത്തുകൈയുടെ വിരല്‍മുക്കി ഏഴുപ്രാവശ്യം കര്‍ത്താവിൻ്റെ സന്നിധിയില്‍ തളിക്കണം.
17: കൈയില്‍ ശേഷിക്കുന്നഎണ്ണ, ശുദ്ധീകരിക്കപ്പെടേണ്ടവൻ്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിൻ്റെ പെരുവിരലിലും പ്രായശ്ചിത്തബലിമൃഗത്തിൻ്റെ രക്തംപുരട്ടിയിരുന്നതിനുമീതേ പുരട്ടണം.
18: കൈയിൽ ബാക്കിവരുന്ന എണ്ണ, ശുദ്ധീകരിക്കപ്പെടേണ്ടവൻ്റെ  ശിരസ്സിലൊഴിക്കണം. അങ്ങനെ, പുരോഹിതൻ കർത്താവിൻ്റെ സന്നിധിയിൽ അവനുവേണ്ടി പാപപരിഹാരംചെയ്യണം.
19: പാപപരിഹാരബലിയര്‍പ്പിച്ച്, ശുദ്ധീകരിക്കപ്പെടേണ്ടവനുവേണ്ടി പാപപരിഹാരം ചെയ്യണം. അതിനുശേഷം ദഹനബലിക്കുള്ള മൃഗത്തെ കൊല്ലണം.
20: പുരോഹിതന്‍ ബലിപീഠത്തില്‍ ദഹനബലിയും ധാന്യബലിയുമര്‍പ്പിച്ച്, അവനുവേണ്ടി പാപപരിഹാരംചെയ്യുമ്പോള്‍ അവന്‍ ശുദ്ധനാകും.
21: എന്നാല്‍, അവന്‍ ദരിദ്രനും അത്രയും കൊടുക്കാന്‍ കഴിവില്ലാത്തവനുമാണെങ്കില്‍ തൻ്റെ പാപപരിഹാരത്തിനുവേണ്ടി പ്രായശ്ചിത്തബലിയായി നീരാജനംചെയ്യാന്‍ ഒരു മുട്ടാടിനെയും ധാന്യബലിക്ക് എണ്ണചേര്‍ത്ത പത്തിലൊന്ന് ഏഫാ നേരിയമാവും ഒരുലോഗ് എണ്ണയും കൊണ്ടുവരണം.
22: കൂടാതെ, അവന്‍ കഴിവനുസരിച്ചു പാപപരിഹാരബലിക്കും ദഹനബലിക്കും ഒന്നുവീതം രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ.
23: അവന്‍, തൻ്റെ ശുദ്ധീകരണത്തിനായി ഇവയെല്ലാം എട്ടാംദിവസം കര്‍ത്താവിൻ്റെ സന്നിധിയില്‍, സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ പുരോഹിതൻ്റെമുമ്പില്‍ കൊണ്ടുവരണം.
24: പുരോഹിതന്‍ പ്രായശ്ചിത്തബലിക്കുള്ള കുഞ്ഞാടിനെയും അതോടൊപ്പം ഒരു ലോഗ് എണ്ണയും കര്‍ത്താവിൻ്റെ മുമ്പില്‍ നീരാജനംചെയ്യണം.
25: പിന്നെയവന്‍, പ്രായശ്ചിത്തബലിക്കുള്ള കുഞ്ഞാടിനെക്കൊല്ലണം. അതിൻ്റെ കുറച്ചു രക്തമെടുത്തു ശുദ്ധീകരിക്കപ്പെടേണ്ടവൻ്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിൻ്റെ പെരുവിരലിലും പുരട്ടണം.
26: അതിനുശേഷം പുരോഹിതന്‍ കുറച്ചെണ്ണ തൻ്റെ ഇടത്തെ ഉള്ളംകൈയിലെടുക്കണം.
27: അതില്‍ വലത്തുകൈയുടെ വിരല്‍മുക്കി ഏഴുപ്രാവശ്യം കര്‍ത്താവിൻ്റെ സന്നിധിയില്‍ത്തളിക്കണം.
28: കൈയില്‍ ബാക്കിയുള്ള എണ്ണയില്‍ കുറച്ചെടുത്ത് ശുദ്ധീകരിക്കപ്പെടേണ്ടവൻ്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിൻ്റെ പെരുവിരലിലും, പ്രായശ്ചിത്തബലിയുടെ രക്തംപുരട്ടിയ ഭാഗത്തു പുരട്ടണം.
29: ശേഷിക്കുന്ന എണ്ണ, ശുദ്ധീകരിക്കപ്പെടേണ്ടവൻ്റെ പാപങ്ങളുടെ പരിഹാരത്തിനായി കര്‍ത്താവിൻ്റെ സന്നിധിയില്‍വച്ച്, അവൻ്റെ തലയിലൊഴിക്കണം.
30: പിന്നെ ശുദ്ധീകരിക്കപ്പെടേണ്ടവൻ്റെ കഴിവനുസരിച്ചുകൊണ്ടുവന്ന ചെങ്ങാലികളെയോ പ്രാവിന്‍കുഞ്ഞുങ്ങളെയോ ഒന്നു പാപപരിഹാരബലിക്കും മറ്റേതു ദഹനബലിക്കുമായി ധാന്യബലിയോടുകൂടെ കാഴ്ചവയ്ക്കണം.
31: അങ്ങനെ ശുദ്ധീകരിക്കപ്പെടേണ്ടവനുവേണ്ടി കര്‍ത്താവിൻ്റെമുമ്പില്‍ പുരോഹിതന്‍ പാപപരിഹാരം ചെയ്യണം.
32: ഇതു ശുദ്ധീകരണത്തിനാവശ്യമായ കാഴ്ചകള്‍നല്കാന്‍ കഴിവില്ലാത്ത കുഷ്ഠരോഗികള്‍ക്കുവേണ്ടിയുള്ള നിയമമാണ്.

ഭവനശുദ്ധീകരണം

33: കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:
34: ഞാന്‍ നിങ്ങള്‍ക്കവകാശമായിനല്കുന്ന കാനാന്‍ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍, അവിടെ നിങ്ങളുടെ ഒരു വീടിനു ഞാന്‍ പൂപ്പല്‍ വരുത്തിയാല്‍,
35: വീട്ടുടമസ്ഥന്‍വന്നു പുരോഹിതനോടു തൻ്റെ വീടിന് ഏതോ രോഗബാധയുള്ളതായി തോന്നുന്നു എന്നുപറയണം.
36: വീട്ടിലെ വസ്തുക്കളെല്ലാം അശുദ്ധമെന്നു പ്രഖ്യാപിക്കാതിരിക്കാന്‍, പരിശോധനയ്ക്കു ചെല്ലുന്നതിനുമുമ്പ് അവയെല്ലാം വീട്ടില്‍നിന്നുമാറ്റാന്‍ പുരോഹിതന്‍ കല്പിക്കണം; അതിനുശേഷം പരിശോധനയ്ക്കു ചെല്ലണം.
37: അവന്‍ വീടുപരിശോധിക്കണം. വീടിൻ്റെ ഭിത്തിയില്‍ മറ്റു ഭാഗങ്ങളേക്കാള്‍ കുഴിഞ്ഞ്, പച്ചയോ ചുവപ്പോ നിറമുള്ള പാടുകള്‍ പ്രത്യക്ഷപ്പെട്ടാല്‍,
38: വീട്ടില്‍നിന്നു പുറത്തിറങ്ങി, അത് ഏഴുദിവസത്തേക്കു പൂട്ടിയിടണം.
39: ഏഴാംദിവസം തിരിച്ചെത്തി പരിശോധിക്കുമ്പോള്‍ വീടിൻ്റെ ഭിത്തികളില്‍ പൂപ്പല്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍,
40: അതു ബാധിച്ചിട്ടുള്ള കല്ലുകള്‍ ഭിത്തിയില്‍നിന്നെടുത്തു പട്ടണത്തിനു പുറത്തുള്ള അശുദ്ധമായ സ്ഥലത്തേക്കെറിഞ്ഞുകളയാന്‍ പുരോഹിതന്‍ കല്പിക്കണം.
41: അനന്തരം, വീടിൻ്റെ അകംമുഴുവന്‍ ചുരണ്ടി, പൊടി, പട്ടണത്തിൻ്റെ വെളിയില്‍ അശുദ്ധമായ സ്ഥലത്തുകളയാന്‍ നിര്‍ദേശിക്കണം.
42: ഇളക്കിയെടുത്ത കല്ലുകളുടെ സ്ഥാനത്തു വേറെകല്ലുകള്‍ വയ്ക്കുകയും വീടു പുതുതായി തേയ്ക്കുകയും വേണം.
43: കല്ലുകള്‍ മാറ്റി, വീടു ചുരണ്ടി, പുതുതായി തേച്ചതിനുശേഷവും പൂപ്പല്‍ പ്രത്യക്ഷപ്പെട്ടാല്‍, പുരോഹിതന്‍ ചെന്നു പരിശോധിക്കണം.
44: അതു വീട്ടിലെല്ലാം പടര്‍ന്നിട്ടുണ്ടെങ്കില്‍ അത്, അപരിഹാര്യമാണ്. ആ വീട് അശുദ്ധമാണ്.
45: ആ വീട്, ഇടിച്ചുപൊളിച്ച്, അതിൻ്റെ കല്ലും തടിയും കുമ്മായവും പട്ടണത്തിനു വെളിയില്‍ അശുദ്ധമായ സ്ഥലത്തു കൊണ്ടുപോയിക്കളയണം.
46: വീടടച്ചിട്ടിരിക്കുന്ന സമയത്ത് അതില്‍ പ്രവേശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
47: ആ ഭവനത്തില്‍ കിടന്നുറങ്ങുന്നവനും അവിടെവച്ചു ഭക്ഷിക്കുന്നവനും തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകണം.
48: എന്നാല്‍, പുരോഹിതൻ്റെ പരിശോധനയില്‍ പുതുതായിത്തേച്ചതിനുശേഷം പൂപ്പല്‍ പടര്‍ന്നിട്ടില്ലെന്നു കണ്ടാല്‍, ആ വീടു ശുദ്ധമാണെന്നു പ്രഖ്യാപിക്കണം. എന്തെന്നാല്‍, പൂപ്പല്‍ അപ്രത്യക്ഷമായിരിക്കുന്നു.
49: ആ വീടിൻ്റെ ശുദ്ധീകരണത്തിനായി, അവന്‍ രണ്ടു പക്ഷികള്‍, ദേവദാരു, ചെമന്ന നൂല്‍, ഈസ്സോപ്പു ചെടി എന്നിവയെടുക്കണം.
50: ഒരു പക്ഷിയെ, മണ്‍പാത്രത്തില്‍ ഉറവവെള്ളമെടുത്ത് അതിനുമീതേവച്ചു കൊല്ലണം.
51: അനന്തരം, ജീവനുള്ള പക്ഷിയെയെടുത്ത് ദേവദാരു, ഈസ്സോപ്പുചെടി, ചെമന്ന നൂല്‍ എന്നിവയോടൊപ്പം ഉറവവെള്ളത്തിനു മീതേവച്ചുകൊന്ന പക്ഷിയുടെ രക്തത്തിലും ഉറവവെള്ളത്തിലും മുക്കി, വീടിന്മേല്‍ ഏഴുപ്രാവശ്യം തളിക്കണം.
52: അങ്ങനെ അവന്‍ പക്ഷിയുടെ രക്തം, ഉറവവെള്ളം, ജീവനുള്ള പക്ഷി, ദേവദാരു, ഈസ്സോപ്പുചെടി, ചെമന്നനൂല്‍ എന്നിവകൊണ്ടു വീടു ശുദ്ധീകരിക്കണം.
53: അനന്തരം, ജീവനുള്ള പക്ഷിയെ പട്ടണത്തിനു പുറത്ത്, തുറസ്സായ സ്ഥലത്തേക്കു പറപ്പിച്ചുവിടണം. അങ്ങനെ, ആ വീടിനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അതു ശുദ്ധമാകും.
54: ചിരങ്ങ്, തടിപ്പ്, പരു, പാണ്ട് എന്നീരോഗങ്ങളെയും
55: വസ്ത്രത്തിലുണ്ടാകുന്ന കരിമ്പന്‍,
56: വീടിനെ ബാധിക്കുന്ന പൂപ്പല്‍ തുടങ്ങി പലതരം അശുദ്ധികളെയും സംബന്ധിക്കുന്ന നിയമമാണിത്.
57: ഇവ എപ്പോഴെല്ലാം അശുദ്ധമെന്നും എപ്പോഴെല്ലാം ശുദ്ധമെന്നും ഈ നിയമങ്ങള്‍ നിര്‍ണ്ണയിക്കുന്നു.

അദ്ധ്യായം 15

സ്രാവംമൂലമുള്ള അശുദ്ധി

1: കര്‍ത്താവു മോശയോടും അഹറോനോടുമരുളിച്ചെയ്തു: 
2: ഇസ്രായേല്‍ജനത്തോടു പറയുക: ആര്‍ക്കെങ്കിലും ശുക്ലസ്രാവമുണ്ടായാല്‍ അവന്‍ അതിനാലശുദ്ധനായിരിക്കും.
3: ശുക്ലസ്രാവത്താലുള്ള അശുദ്ധിയെ സംബന്ധിക്കുന്ന നിയമമിതാണ്: അവൻ്റെ ശരീരത്തില്‍നിന്ന് ശുക്ലമൊഴുകുകയോ ഒഴുക്കു നിലച്ചുപോകുകയോചെയ്താലും അവനില്‍ അതശുദ്ധിയാണ്.
4: അവന്‍ കിടക്കുന്ന കിടക്കയും ഇരിക്കുന്ന ഇടങ്ങളുമെല്ലാമശുദ്ധമായിരിക്കും. 
5: അവൻ്റെ കിടക്കതൊടുന്നവന്‍ വസ്ത്രമലക്കുകയും കുളിക്കുകയും വേണം. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
6: അവനിരുന്ന സ്ഥലത്ത്, ആരെങ്കിലുമിരുന്നാല്‍ അവനും വസ്ത്രങ്ങളലക്കി കുളിക്കണം; വൈകുന്നേരംവരെ അവനശുദ്ധനായിരിക്കും.
7: അവൻ്റെ ശരീരത്തില്‍ത്തൊടുന്നവനും വസ്ത്രമലക്കി, കുളിക്കണം: വൈകുന്നേരംവരെ അവനശുദ്ധനായിരിക്കും.
8: അവന്‍ ശുദ്ധിയുള്ള ആരുടെയെങ്കിലുംമേല്‍ തുപ്പിയാല്‍ അവനും വസ്ത്രമലക്കി, കുളിക്കണം.
9: അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. അവന്‍ ഇരുന്നു യാത്രചെയ്യുന്ന ജീനിയും അശുദ്ധമായിരിക്കും.
10: അവൻ്റെ കിടക്കയ്ക്കുകീഴേയുള്ള എന്തിനെയെങ്കിലും സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
11: അവന്‍ കൈകഴുകാതെ ആരെയെങ്കിലും സ്പര്‍ശിച്ചാല്‍, അവനും വസ്ത്രമലക്കി കുളിക്കണം. വൈകുന്നേരംവരെ അവനശുദ്ധനായിരിക്കും.
12: അവന്‍ സ്പര്‍ശിക്കുന്ന മണ്‍പാത്രമുടച്ചുകളയണം; മരപ്പാത്രമെങ്കില്‍, അതു കഴുകണം.
13: അവന്‍ സ്രാവം മാറി ശുദ്ധിയുള്ളവനാകുമ്പോള്‍, ശുദ്ധീകരണത്തിനായി ഏഴുദിവസം നിശ്ചയിച്ച്, തൻ്റെ വസ്ത്രങ്ങളലക്കുകയും ഒഴുക്കുള്ള വെള്ളത്തില്‍ കുളിക്കുകയും വേണം. അപ്പോളവന്‍ ശുദ്ധിയുള്ളവനാകും.
14: എട്ടാംദിവസം, അവന്‍ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കര്‍ത്താവിൻ്റെ സന്നിധിയില്‍, സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ക്കൊണ്ടുവന്ന്, പുരോഹിതനെയേല്പിക്കണം.
15: പുരോഹിതന്‍, അവയിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായുമര്‍പ്പിക്കണം. അങ്ങനെ, അവൻ്റെ ശുക്ലസ്രാവത്തിനു പുരോഹിതന്‍ അവനുവേണ്ടി കര്‍ത്താവിൻ്റെമുമ്പില്‍ പരിഹാരംചെയ്യണം. 
16: ഒരുവനു ബീജസ്രവണമുണ്ടായാല്‍ അവന്‍ വെള്ളത്തില്‍ക്കുളിക്കണം. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. 
17: ബീജംവീണ വസ്ത്രങ്ങളും തുകലുമെല്ലാം വെള്ളംകൊണ്ടു കഴുകണം. അവ വൈകുന്നേരംവരെ അശുദ്ധമായിരിക്കും.
18: ഒരാള്‍ സ്ത്രീയോടുകൂടെ ശയിക്കുകയും ബീജസ്രവണമുണ്ടാകുകയും ചെയ്താല്‍, ഇരുവരും കുളിക്കണം; വൈകുന്നേരംവരെ അവരശുദ്ധരായിരിക്കും.
19: സ്ത്രീയ്ക്കു മാസമുറയനുസരിച്ചു രക്തസ്രാവമുണ്ടായാല്‍ ഏഴുദിവസത്തേക്ക് അവളശുദ്ധയായിരിക്കും. അവളെ സ്പര്‍ശിക്കുന്നവരെല്ലാം വൈകുന്നേരംവരെ അശുദ്ധരായിരിക്കും.
20: അശുദ്ധിയുടെ ദിനങ്ങളില്‍, കിടക്കാനോ ഇരിക്കാനോ അവളുപയോഗിക്കുന്ന വസ്തുക്കളെല്ലാം അശുദ്ധമായിരിക്കും.
21: ആരെങ്കിലുമവളുടെ കിടക്കയെ സ്പര്‍ശിച്ചാല്‍, അവന്‍ തൻ്റെ വസ്ത്രങ്ങളലക്കിക്കുളിക്കണം. വൈകുന്നേരംവരെ അവനശുദ്ധനായിരിക്കും. 
22: അവളിരുന്ന എന്തിലെങ്കിലും സ്പര്‍ശിക്കുന്നവന്‍ തൻ്റെ വസ്ത്രങ്ങളലക്കിക്കുളിക്കണം. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
23: അവളുടെ കിടക്കയിലോ ഇരിപ്പിടങ്ങളിലോ തൊടുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
24: ആരെങ്കിലും അവളോടുകൂടെ ശയിച്ചാല്‍ അവളുടെ അശുദ്ധി അവനിലുമുണ്ടാവുകയും അവന്‍ ഏഴുദിവസത്തേക്ക് അശുദ്ധനായിരിക്കുകയും ചെയ്യും. അവന്‍ കിടക്കുന്ന ഏതു കിടക്കയും അശുദ്ധമാകും.
25: സ്ത്രീക്ക്, ഋതുകാലത്തല്ലാതെ വളരെ ദിവസത്തേക്കു രക്തസ്രാവമുണ്ടാകുകയോ അശുദ്ധിയുടെ ദിവസങ്ങള്‍കഴിഞ്ഞിട്ടും രക്തസ്രാവം നീണ്ടുനില്ക്കുകയോചെയ്താല്‍, ഋതുകാലത്തെന്നപോലെ ഈ ദിവസങ്ങളിലെല്ലാം അവളശുദ്ധയായിരിക്കും.
26: രക്തസ്രാവമുള്ള ദിവസങ്ങളില്‍, അവള്‍ കിടക്കുന്ന കിടക്കയെല്ലാം ഋതുകാലത്തിലെന്നപോലെ അശുദ്ധമായിരിക്കും. അവളിരിക്കുന്നിടമെല്ലാം ഋതുകാലത്തെന്നപോലെ അശുദ്ധമായിരിക്കും.
27: ഇവ സ്പര്‍ശിക്കുന്നവന്‍ അശുദ്ധനായിരിക്കും. അവന്‍, തൻ്റെ വസ്ത്രങ്ങളലക്കിക്കുളിക്കണം.
28: വൈകുന്നേരംവരെ അവനശുദ്ധനായിരിക്കും. രക്തസ്രാവം മാറിയാല്‍ ഏഴുദിവസത്തേക്കുകൂടെ അവള്‍ കാത്തിരിക്കണം. അതിനുശേഷം അവള്‍ ശുദ്ധിയുള്ളവളായിരിക്കും.
29: എട്ടാംദിവസം, അവള്‍ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ക്കൊണ്ടുവന്ന്, പുരോഹിതനെയേല്പിക്കണം.
30: പുരോഹിതന്‍ അതിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിക്കണം. അവളുടെ രക്തസ്രാവംമൂലമുള്ള അശുദ്ധിക്കു പുരോഹിതന്‍ അവള്‍ക്കുവേണ്ടി കര്‍ത്താവിൻ്റെ മുമ്പില്‍ പാപപരിഹാരം ചെയ്യണം.
31: ഇങ്ങനെ, ഇസ്രായേല്‍ജനങ്ങളുടെയിടയിലുള്ള എൻ്റെ കൂടാരമശുദ്ധമാക്കി, തങ്ങളുടെ അശുദ്ധിയില്‍ അവര്‍ മരിക്കാതിരിക്കേണ്ടതിന്, നീയവരെ അശുദ്ധിയില്‍നിന്നകറ്റണം. 
32: ശുക്ലസ്രാവമോ ബീജസ്രാവമോമൂലം അശുദ്ധരാകുന്നവര്‍ക്കുള്ള നിയമമാണിത്.
33: മാസമുറമൂലം അശുദ്ധയായവള്‍ക്കും സ്രാവമുള്ള പുരുഷനും സ്ത്രീക്കും അശുദ്ധയായ സ്ത്രീയോടുകൂടെ ശയിക്കുന്നവനുമുള്ളതാണ്, ഈ നിയമം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ