നാല്പത്തിയഞ്ചാം ദിവസം: സംഖ്യ 27 - 29


അദ്ധ്യായം 27

പുത്രിമാരുടെ അവകാശം

1: ജോസഫിൻ്റെ മകന്‍ മനാസ്സെ; അവൻ്റെ മകന്‍ മാഖീര്‍. മാഖീര്‍ ഗിലയാദിൻ്റെയും, ഗിലയാദ് ഹേഫെറിൻ്റെയും പിതാക്കന്മാര്‍. ഹേഫെറിൻ്റെ മകന്‍ സെലോഫഹാദ്. അവൻ്റെ പുത്രിമാരായ മഹ്‌ലാ, നോവാ, ഹൊഗ്‌ലാ, മില്‍ക്കാ, തിര്‍സാ എന്നിവര്‍ മുന്നോട്ടുവന്നു.
2: അവര്‍ സമാഗമകൂടാരവാതില്‍ക്കല്‍, മോശയുടെയും പുരോഹിതന്‍ എലെയാസറിൻ്റെയും ജനപ്രമാണികളുടെയും സമൂഹംമുഴുവൻ്റെയും മുമ്പില്‍നിന്നുകൊണ്ടു പറഞ്ഞു:
3: ഞങ്ങളുടെ പിതാവു മരുഭൂമിയില്‍വച്ചു മരിച്ചു. അവന്‍ കോറഹിനോടൊത്തു കര്‍ത്താവിനെതിരായി ഒന്നിച്ചവരുടെ കൂട്ടത്തിലില്ലായിരുന്നു. സ്വന്തം പാപംനിമിത്തമാണ് അവന്‍ മരിച്ചത്; അവനു പുത്രന്മാരില്ലായിരുന്നു.
4: പുത്രനില്ലാത്തതിനാല്‍ ഞങ്ങളുടെ പിതാവിൻ്റെ നാമം ഇസ്രായേലില്‍ നിര്‍മ്മൂലമായിപ്പോകുന്നതെന്തിന്? അവൻ്റെ സഹോദരന്മാരുടെയിടയില്‍ ഞങ്ങള്‍ക്കും അവകാശം നല്കുക.
5: മോശ അവരുടെകാര്യം കര്‍ത്താവിൻ്റെ സന്നിധിയിലുണര്‍ത്തിച്ചു.
6: കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
7: സെലോഫഹാദിൻ്റെ പുത്രിമാര്‍ പറയുന്നതു ശരിയാണ്; അവരുടെ പിതൃസഹോദരന്മാരുടെയിടയില്‍ ഒരോഹരി അവര്‍ക്കും നല്കണം. അങ്ങനെ അവരുടെ പിതാവിൻ്റെ അവകാശം അവര്‍ക്കു ലഭിക്കട്ടെ.
8: നീ ഇസ്രായേല്യരോട്, ഇപ്രകാരം പറയണം: ആരെങ്കിലും പുത്രനില്ലാതെ മരിച്ചാല്‍, അവകാശം പുത്രിക്കു കൊടുക്കണം.
9: പുത്രിയുമില്ലെങ്കില്‍ അവകാശം സഹോദരന്മാര്‍ക്കു കൊടുക്കണം.
10: സഹോദരന്മാരുമില്ലെങ്കില്‍ പിതൃസഹോദരന്മാര്‍ക്കു കൊടുക്കണം. പിതൃസഹോദരന്മാരുമില്ലെങ്കില്‍, നിങ്ങളവൻ്റെ അവകാശം അവൻ്റെ കുടുംബത്തില്‍ ഏറ്റവുമടുത്ത ബന്ധുവിനു കൊടുക്കണം.
11: കര്‍ത്താവു മോശയ്ക്കുനല്കിയ ഈ കല്പന ഇസ്രായേല്‍ജനത്തിനു നിയമവും ചട്ടവുമായിരിക്കും.
12: അനന്തരം, കര്‍ത്താവു മോശയോടരുളിച്ചെയ്തു: അബാറിംമലയില്‍ക്കയറി ഞാന്‍ ഇസ്രായേല്‍ജനത്തിനു കൊടുത്തിരിക്കുന്ന ദേശം കാണുക.
13: അതു കണ്ടുകഴിയുമ്പോള്‍ നീയും, നിൻ്റെ സഹോദരന്‍ അഹറോനെപ്പോലെ പിതാക്കന്മാരോടു ചേരും.
14: സീന്‍മരുഭൂമിയില്‍, കാദെഷിലെ മെരീബാജലാശയത്തിനടുത്തുവച്ചു ജനം കലഹമുണ്ടാക്കിയപ്പോള്‍ അവരുടെമുമ്പില്‍ എൻ്റെ പരിശുദ്ധിക്കു സാക്ഷ്യംനല്കാതെ, നീ എൻ്റെ കല്പന ലംഘിച്ചു.
15: മോശ കര്‍ത്താവിനോടപേക്ഷിച്ചു:
16: അവിടുത്തെ ജനം ഇടയനില്ലാത്ത അടുകളെപ്പോലെയായിപ്പോകാതെ,
17: എല്ലാക്കാര്യങ്ങളിലും അവരെനയിക്കാന്‍ സകലജീവൻ്റെയും ദൈവമായ കര്‍ത്താവ്, ഒരാളെ സമൂഹത്തിൻ്റെമേല്‍ നിയമിക്കാന്‍ തിരുവുള്ളമാകട്ടെ!
18: കര്‍ത്താവു മോശയോടരുളിച്ചെയ്തു: നൂനിൻ്റെ മകനും ആത്മാവു കുടികൊള്ളുന്നവനുമായ ജോഷ്വയെ വിളിച്ച്, അവൻ്റെമേല്‍ നിൻ്റെ കൈവയ്ക്കുക.
19: പുരോഹിതനായ എലെയാസറിൻ്റെയും സമൂഹത്തിൻ്റെയും മുമ്പില്‍ നിര്‍ത്തി, അവര്‍ കാണ്‍കെ നീ അവനെ നിയോഗിക്കുക.
20: ഇസ്രായേല്‍ജനം അവനെയനുസരിക്കേണ്ടതിന്, നിൻ്റെ അധികാരം അവനു നല്കുക. 
21: അവന്‍ പുരോഹിതനായ എലെയാസറിൻ്റെ മുമ്പില്‍നില്‍ക്കണം. എലെയാസര്‍ അവനുവേണ്ടി ഉറീംവഴി കര്‍ത്താവിൻ്റെ തീരുമാനം അന്വേഷിച്ചറിയണം. ഇസ്രായേല്‍ജനം എല്ലാക്കാര്യങ്ങളിലും ജോഷ്വയുടെ നേതൃത്വത്തിനു വഴങ്ങണം.
22: കര്‍ത്താവു കല്പിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു. അവന്‍ ജോഷ്വയെ വിളിച്ചു പുരോഹിതനായ എലെയാസറിൻ്റെയും സമൂഹത്തിൻ്റെയും മുമ്പാകെ നിര്‍ത്തി. അവൻ്റെമേല്‍ കൈവച്ചു കര്‍ത്താവു കല്പിച്ചതുപോലെ അവനെ നിയോഗിക്കുകയും ചെയ്തു.

അദ്ധ്യായം 28

ബലികളും ഉത്സവങ്ങളും

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു കല്പിക്കുക, എനിക്കു ദഹനബലികളും സുരഭിലമായ ഭോജനബലികളും യഥാസമയമര്‍പ്പിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.
3: നീ അവരോടു പറയണം: നിങ്ങള്‍ ദഹനബലിക്കായി ഒരു വയസ്സുള്ള ഊനമറ്റ രണ്ട് ആട്ടിന്‍കുട്ടികളെ അനുദിനം കര്‍ത്താവിനര്‍പ്പിക്കണം.
4: ഒന്നിനെ രാവിലെയും മറ്റേതിനെ വൈകുന്നേരവും ബലിയര്‍പ്പിക്കണം.
5: കൂടാതെ, ധാന്യബലിയായി ഒരു ഹിന്നിൻ്റെ നാലിലൊന്നു ശുദ്ധമായ എണ്ണ ചേര്‍ത്ത്, ഒരു എഫായുടെ പത്തിലൊന്നു നേരിയമാവ് അര്‍പ്പിക്കണം.
6: കര്‍ത്താവിൻ്റെമുമ്പില്‍ പരിമളംപരത്തുന്ന ദഹനബലിയായി, സീനായ്‌മലയില്‍വച്ചു നിര്‍ദ്ദേശിക്കപ്പെട്ട, അനുദിനമുള്ള ദഹനബലിയാണിത്.
7: അതോടൊപ്പം ഒരാട്ടിന്‍കുട്ടിക്ക്, ഒരു ഹിന്നിൻ്റെ നാലിലൊന്ന് എന്നതോതില്‍ പാനീയബലിയുമര്‍പ്പിക്കണം. കര്‍ത്താവിനുള്ള പാനീയബലിയായി ലഹരിയുള്ള വീഞ്ഞ് നിങ്ങള്‍ വിശുദ്ധസ്ഥലത്തൊഴിക്കണം. 
8: മറ്റേ ആട്ടിന്‍കുട്ടിയെ വൈകുന്നേരവും ബലിയര്‍പ്പിക്കണം. രാവിലത്തെ ധാന്യബലിയും അതിൻ്റെ പാനീയബലിയുംപോലെ കര്‍ത്താവിൻ്റെമുമ്പില്‍ പരിമളംപരത്തുന്ന ദഹനബലിയായി അതിനെയര്‍പ്പിക്കണം. 
9: സാബത്തുദിവസം, ഒരു വയസ്സുള്ള, ഊനമറ്റ, രണ്ട് ആണ്‍ചെമ്മരിയാടുകളെയും ധാന്യബലിയായി ഒരു എഫായുടെ പത്തില്‍രണ്ട്, എണ്ണചേര്‍ത്ത നേരിയമാവും അതിൻ്റെ പാനീയബലിയുമര്‍പ്പിക്കണം.
10: അനുദിനമുള്ള ദഹനബലിയും അതിൻ്റെ പാനീയബലിയുംകൂടാതെ സാബത്തുതോറുമുള്ള ദഹനബലിയാണിത്.
11: മാസാരംഭത്തില്‍ നിങ്ങള്‍ കര്‍ത്താവിനു ദഹനബലിയായി രണ്ടുകാളകള്‍, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഊനമറ്റ ഏഴ് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ ബലിയര്‍പ്പിക്കണം. 
12: അതിനോടൊപ്പം ധാന്യബലിയായി കാളയൊന്നിന്, ഒരു എഫായുടെ പത്തില്‍മൂന്നും, മുട്ടാടിന് പത്തില്‍രണ്ടും,
13: ആട്ടിന്‍കുട്ടിയൊന്നിന് പത്തിലൊന്നും നേരിയമാവ് എണ്ണചേര്‍ത്തര്‍പ്പിക്കണം. കര്‍ത്താവിൻ്റെമുമ്പില്‍ പരിമളംപരത്തുന്ന ദഹനബലിയാണിത്.
14: അവയുടെ പാനീയബലി കാളയൊന്നിന് അര ഹിന്‍, മുട്ടാടിന് മൂന്നിലൊന്നു ഹിന്‍, ആട്ടിന്‍കുട്ടിയൊന്നിന് കാല്‍ഹിന്‍ എന്നതോതിലായിരിക്കണം. വര്‍ഷംതോറും ഓരോ മാസവും അര്‍പ്പിക്കാനുള്ള ദഹനബലിയാണിത്.
15: അനുദിനദഹനബലിക്കും അതിൻ്റെ പാനീയബലിക്കുംപുറമേ, പാപപഹിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെ കര്‍ത്താവിന് അര്‍പ്പിക്കണം.
16: ഒന്നാംമാസം പതിനാലാംദിവസം കര്‍ത്താവിൻ്റെ പെസഹായാണ്.
17: ആ മാസം പതിനഞ്ചാം ദിവസം, ഉത്സവദിനമാണ്. ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
18: ഒന്നാംദിവസം വിശുദ്ധസമ്മേളനമുണ്ടായിരിക്കണം; ആ ദിവസം ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്.
19: കര്‍ത്താവിനു ദഹനബലിയായി രണ്ടു കാളക്കുട്ടികളെയും ഒരു മുട്ടാടിനെയും ഒരു വയസ്സുള്ള ഏഴ് ആട്ടിന്‍കുട്ടികളെയുമര്‍പ്പിക്കണം; അവ ഊനമറ്റവ ആയിരിക്കണം. 
20: അവയുടെ ധാന്യബലിയായി എണ്ണചേര്‍ത്ത നേരിയമാവ്, കാളയൊന്നിന് ഒരു എഫായുടെ പത്തില്‍ മൂന്നും മുട്ടാടിന് പത്തില്‍ രണ്ടും,
21: ഏഴ് ആട്ടിന്‍കുട്ടികളിലോരോന്നിനും പത്തിലൊന്ന് എന്നതോതിലര്‍പ്പിക്കണം.
22: കൂടാതെ, നിങ്ങള്‍ക്കുവേണ്ടി പരിഹാരമനുഷ്ഠിക്കുന്നതിന്, ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാരബലിയായുമര്‍പ്പിക്കണം.
23: പ്രഭാതത്തിലെ അനുദിനദഹനബലിക്കുപുറമേ, ഇവയെല്ലാം നിങ്ങളര്‍പ്പിക്കണം.
24: അതുപോലെതന്നെ, ഏഴുദിവസവും കര്‍ത്താവിൻ്റെമുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയോടുകൂടെ ധാന്യബലിയുമര്‍പ്പിക്കണം. അത് അനുദിന ദഹനബലിക്കും അതിൻ്റെ പാനീയബലിക്കും പുറമേയാണ്.
25: ഏഴാംദിവസം വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം; അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്.
26: വാരോത്സവത്തില്‍, കര്‍ത്താവിനു നവധാന്യബലിയായി പ്രഥമഫലങ്ങള്‍ അര്‍പ്പിക്കുന്നദിവസം വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം. അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്.
27: കര്‍ത്താവിൻ്റെമുമ്പില്‍ പരിമളംപരത്തുന്ന ദഹനബലിയായി രണ്ടു കാളക്കുട്ടികളെയും ഒരു മുട്ടാടിനെയും, ഒരു വയസ്സുള്ള ഏഴ് ആണ്‍ചെമ്മരിയാടുകളെയുമര്‍പ്പിക്കണം.
28: അവയുടെകൂടെ ധാന്യബലിയായി എണ്ണചേര്‍ത്ത നേരിയമാവ് കാളക്കുട്ടിയൊന്നിന് ഒരു എഫായുടെ പത്തില്‍മൂന്ന്, മുട്ടാടിനു പത്തില്‍രണ്ട്,     
29: ആട്ടിന്‍കുട്ടിയൊന്നിന് പത്തിലൊന്ന് എന്നതോതില്‍ അര്‍പ്പിക്കണം.
30: നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തമനുഷ്ഠിക്കുന്നതിന് ഒരു കോലാട്ടിന്‍മുട്ടനെ അര്‍പ്പിക്കണം.
31: അനുദിന ദഹനബലിക്കും അവയുടെ ധാന്യബലിക്കുംപുറമേ ഇവയും ഇവയുടെ പാനീയബലിയും നിങ്ങള്‍ അര്‍പ്പിക്കണം. അവ ഊനമറ്റവയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

അദ്ധ്യായം 29

1: ഏഴാംമാസം ഒന്നാംദിവസം വിശുദ്ധസമ്മേളനമുണ്ടായിരിക്കണം. അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്. അതു നിങ്ങള്‍ക്കു കാഹളംമുഴക്കാനുള്ള ദിവസമാകുന്നു.
2: കര്‍ത്താവിൻ്റെമുമ്പില്‍ പരിമളംപരത്തുന്ന ദഹനബലിയായി ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഏഴ് ആണ്‍ചെമ്മരിയാടുകള്‍ ഇവയര്‍പ്പിക്കണം.
3: അവയുടെകൂടെ, ധാന്യബലിയായി കാളക്കുട്ടിക്ക് ഒരു എഫായുടെ പത്തില്‍മൂന്നും, മുട്ടാടിനു പത്തില്‍ രണ്ടും,
4: ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നുംവീതം നേരിയമാവ്, എണ്ണചേര്‍ത്തര്‍പ്പിക്കണം.
5: അതോടൊപ്പം നിങ്ങള്‍ക്കുവേണ്ടി പരിഹാരംചെയ്യുന്നതിന് ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാരബലിയായര്‍പ്പിക്കണം.
6: അമാവാസികളിലര്‍പ്പിക്കുന്ന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, അനുദിന ദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, നിയമപ്രകാരമുള്ള അവയുടെ പാനീയബലി എന്നിവയ്ക്കുപുറമേ കര്‍ത്താവിൻ്റെമുമ്പില്‍ പരിമളംപരത്തുന്ന ദഹനബലിയാണിത്.
7: ഏഴാംമാസം പത്താംദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനമുണ്ടായിരിക്കണം. അന്നു നിങ്ങള്‍ ഉപവസിക്കണം. ജോലിയൊന്നും ചെയ്യരുത്.
8: എന്നാല്‍, ഒരു കാളക്കുട്ടി, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഏഴ് ആണ്‍ചെമ്മരിയാടുകള്‍ ഇവയെ കര്‍ത്താവിനുമുമ്പില്‍ പരിമളംപരത്തുന്ന ദഹനബലിയായര്‍പ്പിക്കണം; അവ ഊനമറ്റതായിരിക്കണം.
9: അവയോടൊന്നിച്ചുള്ള ധാന്യബലിയായി, കാളക്കുട്ടിക്ക് ഒരു എഫായുടെ പത്തില്‍മൂന്നും, മുട്ടാടിനു പത്തില്‍രണ്ടും
10: ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നുംവീതം നേരിയമാവ്, എണ്ണചേര്‍ത്തര്‍പ്പിക്കണം.
11: പരിഹാരദിനത്തിലര്‍പ്പിക്കുന്ന പാപപരിഹാരബലി, അനുദിനദഹനബലി, അവയോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി എന്നിവയ്ക്കുപുറമേ പാപപരിഹാരത്തിനായി ഒരു കോലാട്ടിന്‍മുട്ടനെയുമര്‍പ്പിക്കണം.
12: ഏഴാംമാസം പതിനഞ്ചാംദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനം ഉണ്ടായിരിക്കണം. ശ്രമകരമായ ജോലിയൊന്നും അന്നു ചെയ്യരുത്. ഏഴുദിവസം നിങ്ങള്‍ കര്‍ത്താവിന് ഉത്സവമാഘോഷിക്കണം.
13: കര്‍ത്താവിൻ്റെമുമ്പില്‍ പരിമളംപരത്തുന്ന ദഹനബലിയായി പതിമൂന്നു കാളക്കുട്ടികള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള പതിനാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ ദഹനബലിയായി അര്‍പ്പിക്കണം. അവ ഊനമറ്റവയായിരിക്കണം.
14: അവയോടൊന്നിച്ചു ധാന്യബലിയായി കാളക്കുട്ടിയൊന്നിന് ഒരു എഫായുടെ പത്തില്‍മൂന്നും, മുട്ടാടൊന്നിനു പത്തില്‍രണ്ടും,
15: ആട്ടിന്‍കുട്ടിയൊന്നിനു പത്തിലൊന്നുംവീതം നേരിയമാവ്, എണ്ണചേര്‍ത്തര്‍പ്പിക്കണം.
16: അനുദിനദഹനബലിക്കും അവയോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി ഇവയ്ക്കുംപുറമേ, പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയുമര്‍പ്പിക്കണം.
17: രണ്ടാംദിവസം പന്ത്രണ്ടു കാളക്കുട്ടികള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ,
18: നിയമപ്രകാരം, അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെയര്‍പ്പിക്കണം.
19: അനുദിനദഹനബലി, അതോടൊന്നിച്ചുള്ള ധാന്യബലി, പാനീയബലി ഇവയ്ക്കുപുറമേ, പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയുമര്‍പ്പിക്കണം.
20: മൂന്നാംദിവസം പതിനൊന്നു കാള, രണ്ടു മുട്ടാട്, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ
21: നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെയര്‍പ്പിക്കണം.
22: അനുദിനദഹനബലിക്കും അതോടൊന്നിച്ചുള്ള ധാന്യബലിക്കും പാനീയബലിക്കുംപുറമേ, പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയുമര്‍പ്പിക്കണം.
23: നാലാംദിവസം പത്തുകാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ,
24: നിയമപ്രകാരം, അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെയര്‍പ്പിക്കണം.
25: അനുദിനദഹനബലിക്കും അതോടൊന്നിച്ചുള്ള ധാന്യബലിക്കും പാനീയബലിക്കുംപുറമേ പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയുമര്‍പ്പിക്കണം.
26: അഞ്ചാംദിവസം ഒമ്പതു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ,
27: നിയമപ്രകാരം അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെയര്‍പ്പിക്കണം.
28: അനുദിന ദഹനബലിക്കും അതിൻ്റെ ധാന്യബലിക്കും പാനീയബലിക്കുംപുറമേ പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയും അര്‍പ്പിക്കണം.
29: ആറാംദിവസം എട്ടു കാളകള്‍, രണ്ടു മുട്ടാടുകള്‍, ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ നിയമപ്രകാരം
30: അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെയര്‍പ്പിക്കണം.
31: അനുദിന ദഹനബലിക്കും അതിൻ്റെ ധാന്യബലിക്കും പാനീയബലിക്കുംപുറമേ, പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയുമര്‍പ്പിക്കണം.
32: ഏഴാംദിവസം ഏഴുകാളകള്‍, രണ്ടു മുട്ടാടുകള്‍,
33: ഒരു വയസ്സുള്ള ഊനമറ്റ പതിന്നാല് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ, നിയമപ്രകാരം, അവയുടെ എണ്ണത്തിനൊത്ത ധാന്യബലിയോടും പാനീയബലിയോടുംകൂടെയര്‍പ്പിക്കണം.
34: അനുദിനദഹനബലിക്കും അതിൻ്റെ ധാന്യബലിക്കും പാനീയബലിക്കും പുറമേ, പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയുമര്‍പ്പിക്കണം.
35: എട്ടാംദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനമുണ്ടായിരിക്കണം. ശ്രമകരമായ ജോലിയൊന്നും അന്നു ചെയ്യരുത്.
36: കര്‍ത്താവിൻ്റെമുമ്പില്‍ പരിമളംപരത്തുന്ന ദഹനബലിയായി ഒരു കാളയെയും ഒരു മുട്ടാടിനെയും ഒരു വയസ്സുള്ള ഊനമറ്റ ഏഴ് ആണ്‍ചെമ്മരിയാടുകളെയുമര്‍പ്പിക്കണം.
37: നിയമപ്രകാരം, അവയുടെ എണ്ണമനുസരിച്ചു ധാന്യബലിയും പാനീയബലിയുമര്‍പ്പിക്കണം.
38: അനുദിന ദഹനബലിക്കും അതിൻ്റെ ധാന്യബലിക്കും പാനീയബലിക്കും പുറമേ, പാപപരിഹാരബലിയായി ഒരു കോലാട്ടിന്‍മുട്ടനെയുമര്‍പ്പിക്കണം.
39: നേര്‍ച്ചകളും സ്വാഭീഷ്ടക്കാഴ്ചകളുമായി നിങ്ങള്‍ സമര്‍പ്പിക്കുന്ന ദഹനബലികള്‍, ധാന്യബലികള്‍, പാനീയബലികള്‍ എന്നിവയ്ക്കു പുറമേ നിര്‍ദിഷ്ടമായ ഉത്സവദിനങ്ങളില്‍ ഇവയും കര്‍ത്താവിനര്‍പ്പിക്കണം.
40: കര്‍ത്താവു കല്പിച്ചതെല്ലാം മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ