മുപ്പത്തിയാറാംദിവസം: ലേവ്യര്‍ 26 - 27


അദ്ധ്യായം 2
6

അനുഗ്രഹങ്ങള്‍

1: നിങ്ങള്‍, ആരാധനയ്ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപങ്ങളോ ഉണ്ടാക്കരുത്. നിങ്ങളുടെ ദേശത്തു സ്തംഭങ്ങളുയര്‍ത്തുകയോ കൊത്തിയകല്ലുകള്‍ നാട്ടുകയോ അരുത്. എന്തെന്നാല്‍, ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
2: നിങ്ങള്‍ എൻ്റെ സാബത്താചരിക്കുകയും എൻ്റെ വിശുദ്ധസ്ഥലം പൂജ്യമായിക്കരുതുകയുംചെയ്യുവിന്‍. ഞാനാണു കര്‍ത്താവ്.
3: നിങ്ങള്‍ എൻ്റെ നിയമങ്ങളനുസരിക്കുകയും കല്പനകള്‍ പാലിക്കുകയുംചെയ്യുമെങ്കില്‍, ഞാന്‍ യഥാകാലം നിങ്ങള്‍ക്കു മഴതരും;
4: ഭൂമി വിളവുകള്‍ വര്‍ദ്ധിപ്പിക്കുകയും വൃക്ഷങ്ങള്‍ ഫലംനല്കുകയുംചെയ്യും.
5: നിങ്ങളുടെ കറ്റമെതിക്കല്‍, മുന്തിരിപ്പഴംപറിക്കുന്ന കാലംവരെയും മുന്തിരിപ്പഴംപറിക്കുന്ന കാലം വിതയ്ക്കുന്ന കാലംവരെയും നീണ്ടുനില്‍ക്കും. നിങ്ങള്‍ തൃപ്തിയാവോളം ഭക്ഷിച്ച്, നിങ്ങളുടെ ദേശത്തു സുരക്ഷിതരായി വസിക്കും.
6: ഞാന്‍ നിങ്ങളുടെ നാട്ടില്‍ സമാധാനം സ്ഥാപിക്കും. നിങ്ങള്‍ സ്വൈരമായി വസിക്കും. ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. ഞാന്‍ നാട്ടില്‍നിന്നു ദുഷ്ടമൃഗങ്ങളെ ഓടിച്ചുകളയും. നിങ്ങളുടെ ദേശത്തുകൂടെ വാള്‍ കടന്നുപോകയില്ല.
7: ശത്രുക്കളെ നിങ്ങള്‍ തുരത്തും. അവര്‍, നിങ്ങളുടെമുമ്പില്‍ വാളിനിരയാകും.
8: നിങ്ങള്‍ അഞ്ചുപേര്‍ നൂറുപേരെയും നൂറുപേര്‍ പതിനായിരംപേരെയുമോടിക്കും. ശത്രുക്കള്‍ നിങ്ങളുടെ മുമ്പില്‍ വാളിനിരയാകും.
9: ഞാന്‍ നിങ്ങളെക്കടാക്ഷിക്കുകയും സന്താനപുഷ്ടി നല്കി നിങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുമായി, ഞാനെൻ്റെ ഉടമ്പടിയുറപ്പിക്കും.
10: നിങ്ങള്‍ പഴയ ശേഖരങ്ങളില്‍നിന്നു ധാന്യങ്ങള്‍ ഭക്ഷിക്കുകയും പുതിയതിനുവേണ്ടി പഴയതിനെ മാറ്റിക്കളയുകയും ചെയ്യും.
11: ഞാന്‍, എൻ്റെ കൂടാരം നിങ്ങളുടെയിടയില്‍ സ്ഥാപിക്കും. ഞാന്‍ നിങ്ങളെയുപേക്ഷിക്കുകയില്ല.
12: ഞാന്‍ നിങ്ങളുടെയിടയില്‍ സഞ്ചരിക്കും; ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങളെൻ്റെ ജനവുമായിരിക്കും.
13: നിങ്ങള്‍ ഈജിപ്തുകാരുടെ അടിമകളായിത്തുടരാതിരിക്കാന്‍ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ഞാന്‍. നിങ്ങള്‍ നിവര്‍ന്നു നടക്കേണ്ടതിന്, നിങ്ങളുടെ നുകത്തിൻ്റെ കെട്ടുകള്‍ ഞാന്‍ പൊട്ടിച്ചു.

ശിക്ഷകള്‍

14: നിങ്ങള്‍. എൻ്റെ വാക്കു കേള്‍ക്കാതെയും ഈ കല്പനകളെല്ലാം അനുസരിക്കാതെയും നടന്നാല്‍,
15: എൻ്റെ നിയമങ്ങള്‍ ധിക്കരിക്കുകയും പ്രമാണങ്ങള്‍ വെറുത്ത്, എൻ്റെ കല്പനകളനുഷ്ഠിക്കാതിരിക്കുകയും ഉടമ്പടി ലംഘിക്കുകയുംചെയ്താല്‍,
16: ഞാനും അപ്രകാരം നിങ്ങളോടു പ്രവര്‍ത്തിക്കും. പെട്ടെന്നുള്ള ഭയവും ക്ഷയവും കണ്ണുകള്‍ക്കു ഹാനിയും ജീവനുതന്നെ നാശവും വരുത്തുന്ന പനിയും നിങ്ങളുടെമേല്‍ ഞാന്‍ വരുത്തും. നിങ്ങള്‍ വിതയ്ക്കുന്നതു വൃഥാവിലാകും; നിങ്ങളുടെ ശത്രുക്കള്‍ അതു ഭക്ഷിക്കും.
17: ഞാന്‍ നിങ്ങള്‍ക്കെതിരേ മുഖംതിരിക്കും. ശത്രുക്കളുടെ മുമ്പില്‍വച്ചു നിങ്ങള്‍ വധിക്കപ്പെടും. നിങ്ങളെ വെറുക്കുന്നവര്‍ നിങ്ങളെ ഭരിക്കും. പിന്തുടരാന്‍ ആരുംതന്നെയില്ലെങ്കിലും നിങ്ങള്‍ ഭയപ്പെട്ടോടും.
18: ഇതെല്ലാമായിട്ടും എൻ്റെ വാക്കു കേള്‍ക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ക്കു ഞാന്‍ നിങ്ങളെ, ഏഴിരട്ടി ശിക്ഷിക്കും.
19: ശക്തിയിലുള്ള നിങ്ങളുടെ അഹങ്കാരം ഞാന്‍ നശിപ്പിക്കും, ആകാശം നിങ്ങള്‍ക്ക് ഇരുമ്പുപോലെയും ഭൂമി പിത്തളപോലെയുമാക്കും.
20: നിങ്ങളുടെ കരുത്തു ഞാന്‍ നിഷ്ഫലമാക്കും. നിങ്ങളുടെ ദേശം വിളവുതരുകയോ വൃക്ഷങ്ങള്‍ ഫലം പുറപ്പെടുവിക്കുകയോ ഇല്ല.
21: നിങ്ങള്‍, എനിക്കു വിരുദ്ധമായി വ്യാപരിക്കുകയും എന്നെയനുസരിക്കാതിരിക്കുകയും ചെയ്താല്‍, നിങ്ങളുടെ പാപങ്ങള്‍ക്കു ശിക്ഷയായി ഏഴിരട്ടി അനര്‍ത്ഥങ്ങള്‍ ഞാന്‍ നിങ്ങളുടെമേല്‍ വരുത്തും. 
22: ഞാന്‍ നിങ്ങളുടെയിടയിലേക്കു വന്യമൃഗങ്ങളെ കടത്തിവിടും. അവ നിങ്ങളുടെ മക്കളെയപഹരിക്കുകയും കന്നുകാലികളെ നശിപ്പിക്കുകയും അങ്ങനെ നിങ്ങളെ എണ്ണത്തില്‍ കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ വീഥികള്‍ വിജനമാകും. 
23: ഈ ശിക്ഷകള്‍കൊണ്ടൊന്നും നിങ്ങള്‍ എന്നിലേക്കു തിരിയാതെ എനിക്കെതിരായി വ്യാപരിക്കുന്നെങ്കില്‍, ഞാനും നിങ്ങള്‍ക്കെതിരേ വ്യാപരിക്കും.
24: നിങ്ങളുടെ പാപങ്ങള്‍ക്കു നിങ്ങളെ ഞാന്‍ ഏഴിരട്ടി ശിക്ഷിക്കും.
25: എൻ്റെ ഉടമ്പടിയുടെപേരില്‍ പ്രതികാരംചെയ്യാന്‍ ഞാന്‍ നിങ്ങളുടെമേല്‍ വാള്‍ വീശും. നിങ്ങള്‍ പട്ടണങ്ങളില്‍ ഒന്നിച്ചുകൂടുമ്പോള്‍ ഞാന്‍ നിങ്ങളുടെമേല്‍ പകര്‍ച്ചവ്യാധികള്‍ വരുത്തും. നിങ്ങള്‍ ശത്രുക്കളുടെ കൈകളിലകപ്പെടുകയുംചെയ്യും.
26: ഞാന്‍ നിങ്ങളുടെ അപ്പത്തിൻ്റെ അളവു കുറയ്ക്കും. പത്തു സ്ത്രീകള്‍ ഒരടുപ്പില്‍ അപ്പം പാകംചെയ്യും. അവര്‍ നിങ്ങള്‍ക്ക്, അപ്പം തൂക്കിയളന്നേ തരൂ. നിങ്ങള്‍ ഭക്ഷിക്കും, എന്നാല്‍ തൃപ്തരാവുകയില്ല.
27: ഇതെല്ലാമായിട്ടും നിങ്ങളെന്നെയനുസരിക്കാതെ എനിക്കെതിരേ പ്രവര്‍ത്തിക്കുകയാണെങ്കില്‍,
28: ഞാനും നിങ്ങള്‍ക്കെതിരേ കോപത്തോടെ പ്രവര്‍ത്തിക്കും. നിങ്ങളുടെ പാപത്തിനു നിങ്ങളെ ഞാന്‍ ഏഴിരട്ടി ശിക്ഷിക്കും.
29: നിങ്ങള്‍ നിങ്ങളുടെ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം ഭക്ഷിക്കും.
30: ഞാന്‍ നിങ്ങളുടെ പൂജാഗിരികള്‍ നശിപ്പിക്കുകയും വിഗ്രഹങ്ങള്‍ വെട്ടിവീഴ്ത്തുകയും നിങ്ങളുടെ ശവശരീരങ്ങള്‍ ജഡവിഗ്രഹങ്ങളുടെമേല്‍ വലിച്ചെറിയുകയും ചെയ്യും. ഹൃദയംകൊണ്ടു ഞാന്‍ നിങ്ങളെ വെറുക്കും.
31: ഞാന്‍ നിങ്ങളുടെ പട്ടണങ്ങള്‍ വിജനമാക്കും; വിശുദ്ധസ്ഥലങ്ങള്‍ ശൂന്യമാക്കുകയും ചെയ്യും. നിങ്ങളുടെ സുരഭിലകാഴ്ചകള്‍ ഞാന്‍ സ്വീകരിക്കുകയില്ല. നിങ്ങളുടെ ദേശം ഞാന്‍ ശൂന്യമാക്കും.
32: അവിടെ വസിക്കുന്ന നിങ്ങളുടെ ശത്രുക്കള്‍ അതിനെപ്പറ്റി ആശ്ചര്യപ്പെടും.
33: ജനങ്ങളുടെയിടയില്‍ ഞാന്‍ നിങ്ങളെ ചിതറിക്കും; ഊരിയ വാളോടെ നിങ്ങളെപ്പിന്തുടരും. നിങ്ങളുടെദേശം ശൂന്യവും പട്ടണം വിജനവുമാക്കും.
34: നിങ്ങള്‍ ശത്രുക്കളുടെ ദേശങ്ങളിലായിരിക്കുമ്പോള്‍ ശൂന്യമായ നിങ്ങളുടെ നാട്, അതിൻ്റെ സാബത്തില്‍ സന്തോഷിക്കും; അതു വിശ്രമിക്കുകയും സാബത്താചരിക്കുകയും ചെയ്യും.
35: ശൂന്യമായി കിടക്കുന്നിടത്തോളംകാലം അതു വിശ്രമിക്കും, നിങ്ങളവിടെ വസിച്ചിരുന്നപ്പോള്‍ സാബത്തുകളില്‍ അതിനു വിശ്രമംലഭിച്ചില്ലല്ലോ.
36: ശത്രുദേശങ്ങളില്‍ അവശേഷിച്ചിരിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ജനിപ്പിക്കും. പിറകില്‍, ഇലയനങ്ങുന്നതു കേള്‍ക്കുമ്പോള്‍ വാളില്‍നിന്ന് ഓടിരക്ഷപെടുന്നവനെപ്പോലെ അവരോടും. ആരും പിന്തുടരുന്നില്ലെങ്കിലും അവര്‍ നിലംപതിക്കും.
37: ആരും പിന്തുടരുന്നില്ലെങ്കില്‍ത്തന്നെ, വാളില്‍നിന്ന് ഓടിരക്ഷപെടുമ്പോഴെന്നപോലെ, ഒരുവന്‍ മറ്റൊരുവൻ്റെമേല്‍ വീഴും. ശത്രുക്കളുടെ മുമ്പില്‍നില്‍ക്കാന്‍ നിങ്ങള്‍ക്കു ശക്തിയുണ്ടായിരിക്കുകയില്ല.
38: ജനതകളുടെയിടയില്‍നിന്നു നിങ്ങളറ്റുപോകും. ശത്രുക്കളുടെ രാജ്യം നിങ്ങളെ വിഴുങ്ങിക്കളയും.
39: ശേഷിക്കുന്നവര്‍ അവരുടെ ദുഷ്‌കൃത്യങ്ങള്‍നിമിത്തം ശത്രുരാജ്യത്തുവച്ചു നശിച്ചുപോകും. അവരുടെ പിതാക്കന്മാരുടെ ദുഷ്‌കര്‍മ്മങ്ങള്‍നിമിത്തവും അവര്‍ അവരെപ്പോലെ നശിച്ചുപോകും.
40: അവരെന്നോടു കാണിച്ച അവിശ്വസ്തതയും
41: എനിക്കെതിരായി പ്രവര്‍ത്തിച്ച തിന്മകളുമേറ്റുപറയട്ടെ. എനിക്കെതിരായിച്ചരിച്ചതിനാല്‍ ഞാനും അവര്‍ക്കെതിരായിച്ചരിക്കുകയും അവരെ ശത്രുക്കളുടെ ദേശത്തേക്കു കൊണ്ടുപോകുകയുംചെയ്തു. തങ്ങളുടെ അപരിച്ഛേദിതമായ ഹൃദയം വിനീതമാക്കി പ്രായശ്ചിത്തമനുഷ്ഠിച്ചാല്‍
42: ഞാന്‍ യാക്കോബിനോടും ഇസഹാക്കിനോടും അബ്രാഹത്തിനോടുംചെയ്ത ഉടമ്പടിയോര്‍ക്കുകയും ദേശത്തെ അനുസ്മരിക്കുകയും ചെയ്യും.
43: അവര്‍ ഒഴിഞ്ഞുപോകുകനിമിത്തം പാഴായിക്കിടക്കുമ്പോള്‍, നാടതിൻ്റെ സാബത്തില്‍ സന്തോഷിക്കും. അവര്‍ തങ്ങളുടെ അകൃത്യങ്ങള്‍ക്കു പരിഹാരം ചെയ്യണം. എന്തെന്നാല്‍, അവരെൻ്റെ നിയമങ്ങളവഗണിച്ചു. അവരുടെ ഹൃദയം എൻ്റെ കല്പനകളെ നിരസിച്ചു.
44: ഇതെല്ലാമാണെങ്കിലും ശത്രുദേശത്തായിരിക്കുമ്പോള്‍ ഞാനവരെ പരിപൂര്‍ണ്ണമായി തള്ളിക്കളയുകയോ അവരോടുള്ള ഉടമ്പടി ലംഘിക്കുന്നവിധത്തില്‍ അവരെ വെറുക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല. എന്തെന്നാല്‍, ഞാനവരുടെ ദൈവമായ കര്‍ത്താവാണ്.
45: ഞാന്‍, ജനതകള്‍ കാണ്‍കേ, ഈജിപ്തുദേശത്തുനിന്നു കൊണ്ടുവന്ന അവരുടെ പിതാക്കന്മാരോടുചെയ്ത ഉടമ്പടി, അവരെപ്രതിയനുസ്മരിക്കും. അങ്ങനെ ഞാനവരുടെ ദൈവമായിരിക്കും. ഞാനാണു കര്‍ത്താവ്. 
46: സീനായ്‌മലമുകളില്‍വച്ചു കര്‍ത്താവ്, ഇസ്രായേല്‍ജനവുമായി മോശവഴിയുറപ്പിച്ച ഉടമ്പടിയുടെ നിയമങ്ങളും ചട്ടങ്ങളും പ്രമാണങ്ങളുമാണിവയെല്ലാം.

അദ്ധ്യായം 27

നേര്‍ച്ചകള്‍

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക, വ്യക്തികളെ കര്‍ത്താവിനു നേരുകയാണെങ്കില്‍, അവരുടെ വില നിശ്ചയിക്കേണ്ടതിപ്രകാരമാണ്:
3: ഇരുപതിനും അറുപതിനുംമദ്ധ്യേ പ്രായമുള്ള പുരുഷനാണെങ്കില്‍ അവൻ്റെ മൂല്യം, വിശുദ്ധമന്ദിരത്തിലെ നിരക്കനുസരിച്ച്, അമ്പതു ഷെക്കല്‍ വെള്ളിയായിരിക്കണം;
4: സ്ത്രീയാണെങ്കില്‍ മുപ്പതുഷെക്കലും.
5: അഞ്ചുവയസ്സിനും ഇരുപതുവയസ്സിനും മദ്ധ്യേയാണെങ്കില്‍, പുരുഷന് ഇരുപതു ഷെക്കലും സ്ത്രീയ്ക്കു പത്തുഷെക്കലുമായിരിക്കണം മൂല്യം.
6: ഒരുമാസംമുതല്‍ അഞ്ചുവര്‍ഷംവരെയാണു പ്രായമെങ്കില്‍ ആണ്‍കുട്ടിക്ക് അഞ്ചു ഷെക്കല്‍ വെള്ളിയും പെണ്‍കുട്ടിക്ക് മൂന്നു ഷെക്കല്‍ വെള്ളിയുമായിരിക്കണം.
7: അറുപതോ അതില്‍ക്കൂടുതലോ ആണു പ്രായമെങ്കില്‍ പുരുഷനു പതിനഞ്ചു ഷെക്കലും സ്ത്രീയ്ക്കു പത്തുഷെക്കലുമായിരിക്കണം.
8: നിൻ്റെ മൂല്യനിര്‍ണ്ണയത്തിനനുസരിച്ചു നല്കാന്‍കഴിയാത്തവിധം ഒരാള്‍ ദരിദ്രനാണെങ്കില്‍ അവന്‍ പുരോഹിതൻ്റെമുമ്പില്‍ ഹാജരാകണം. പുരോഹിതന്‍, അവൻ്റെ വില നിശ്ചയിക്കട്ടെ. നേര്‍ന്നവൻ്റെ കഴിവിനനുസരിച്ചു പുരോഹിതനവനു വില നിശ്ചയിക്കട്ടെ.
9: കര്‍ത്താവിനു ബലിയര്‍പ്പിക്കാവുന്ന മൃഗത്തെയാണു കര്‍ത്താവിനു നേരുന്നതെങ്കില്‍ ആരുനേര്‍ന്നാലും, അതു വിശുദ്ധമായിരിക്കും.
10: അവന്‍ മറ്റൊന്നിനെ അതിനു പകരമാക്കുകയോ മറ്റൊന്നുമായി വച്ചുമാറുകയോ ചെയ്യരുത്. നല്ലതിനു പകരം ചീത്തയെയോ ചീത്തയ്ക്കു പകരം നല്ലതിനെയോ വച്ചുമാറരുത്. ഒരു മൃഗത്തെ മറ്റൊരു മൃഗവുമായി വച്ചുമാറുന്നെങ്കില്‍ രണ്ടും കര്‍ത്താവിനുള്ളതായിരിക്കും.
11: കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍കൊള്ളാത്ത അശുദ്ധമൃഗത്തെയാണു നേര്‍ന്നിട്ടുള്ളതെങ്കില്‍ അതിനെ പുരോഹിതൻ്റെയടുക്കല്‍ കൊണ്ടുവരണം.
12: നല്ലതോ ചീത്തയോ എന്നുനോക്കി പുരോഹിതനതിനു മൂല്യംനിര്‍ണ്ണയിക്കട്ടെ.
13: പുരോഹിതൻ്റെ മൂല്യനിര്‍ണ്ണയം അന്തിമമായിരിക്കും. എന്നാല്‍, അതിനെ വീണ്ടെടുക്കാനാഗ്രഹിക്കുന്നെങ്കില്‍ നിര്‍ണ്ണയിച്ച മൂല്യത്തോടൊപ്പം അതിൻ്റെ അഞ്ചിലൊന്നുകൂടെ നല്കണം.
14: ഒരുവന്‍ തൻ്റെ ഭവനം വിശുദ്ധമായിരിക്കാന്‍വേണ്ടി കര്‍ത്താവിനു പ്രതിഷ്ഠിക്കുകയാണെങ്കില്‍ പുരോഹിതന്‍. അതു നല്ലതോ ചീത്തയോ എന്നു നിര്‍ണ്ണയിക്കട്ടെ. പുരോഹിതൻ്റെ മൂല്യനിര്‍ണ്ണയം അന്തിമമായിരിക്കും.
15: വീടു പ്രതിഷ്ഠിച്ചവന്‍, അതു വീണ്ടെടുക്കാനാഗ്രഹിക്കുന്നെങ്കില്‍, നിര്‍ണ്ണയിക്കപ്പെട്ട വിലയോടൊപ്പം അതിൻ്റെ അഞ്ചിലൊന്നുകൂടെ പണമായി നല്കണം. അപ്പോള്‍ വീട് അവന്റേതാകും.
16: ഒരാള്‍ തനിക്കവകാശമായി ലഭിച്ച വസ്തുവിലൊരുഭാഗം കര്‍ത്താവിനു സമര്‍പ്പിക്കുകയാണെങ്കില്‍, അതിനുവേണ്ട വിത്തിൻ്റെ കണക്കനുസരിച്ചായിരിക്കണം മൂല്യനിര്‍ണ്ണയം. ഒരു ഓമര്‍ യവം വിതയ്ക്കാവുന്ന നിലത്തിന്, അമ്പതുഷെക്കല്‍ വെള്ളിയായിരിക്കണം വില. 
17: ജൂബിലിവര്‍ഷം തുടങ്ങുന്ന നാള്‍മുതല്‍, ഒരുവന്‍ തൻ്റെ വയല്‍ സമര്‍പ്പിക്കുകയാണെങ്കില്‍, അതിൻ്റെ വില നീ നിശ്ചയിക്കുന്നതുതന്നെ.
18: എന്നാല്‍, അവന്‍ ജൂബിലിക്കുശേഷമാണു വയല്‍ സമര്‍പ്പിക്കുന്നതെങ്കില്‍ അടുത്ത ജൂബിലിവരെ എത്ര വര്‍ഷമുണ്ടെന്നു കണക്കാക്കി, അതനുസരിച്ചു പുരോഹിതന്‍ മൂല്യനിര്‍ണ്ണയം നടത്തണം. അതു നീ നിര്‍ണ്ണയിച്ച മൂല്യത്തില്‍നിന്നു കുറയ്ക്കണം.
19: സമര്‍പ്പിച്ച വയല്‍ വീണ്ടെടുക്കാന്‍, ഒരാള്‍ ആഗ്രഹിക്കുന്നെങ്കില്‍ നിര്‍ണ്ണയിച്ച മൂല്യത്തോടൊപ്പം അതിൻ്റെ അഞ്ചിലൊന്നുകൂടെ നല്കണം. അപ്പോള്‍ അതവന്റേതാകും.
20: എന്നാല്‍, അവന്‍ തൻ്റെ വയല്‍ വീണ്ടെടുക്കാതിരിക്കുകയോ അതു മറ്റൊരുവനു വില്‍ക്കുകയോ ചെയ്താല്‍, പിന്നീടൊരിക്കലും വീണ്ടെടുക്കാവുന്നതല്ല.
21: അതു ജൂബിലിവത്സരത്തില്‍ സ്വതന്ത്രമാകുമ്പോള്‍ സമര്‍പ്പിതവസ്തുപോലെ കര്‍ത്താവിനുള്ളതായിരിക്കും. അതിൻ്റെയവകാശി പുരോഹിതനാണ്. 
22: പൂര്‍വികരില്‍നിന്ന് അവകാശമായി ലഭിച്ചതല്ലാതെ വിലയ്ക്കുവാങ്ങിയ വയല്‍ ഒരാള്‍ കര്‍ത്താവിനു സമര്‍പ്പിക്കുകയാണെങ്കില്‍,
23: ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി പുരോഹിതന്‍ വില നിശ്ചയിക്കണം. അന്നുതന്നെ, അവനതിൻ്റെ വില വിശുദ്ധവസ്തുവായി കര്‍ത്താവിനു നല്കണം.
24: വയല്‍ പിന്തുടര്‍ച്ചാവകാശമായി ആരുടേതായിരുന്നുവോ അവനില്‍നിന്നു വാങ്ങിയവന്‍ ജൂബിലിവത്സരത്തില്‍ അതു തിരിയേക്കൊടുക്കണം.
25: എല്ലാ മൂല്യനിര്‍ണ്ണയവും വിശുദ്ധമന്ദിരത്തിലെ ഷെക്കലിൻ്റെ കണക്കനുസരിച്ചുവേണം. ഇരുപതു ഗേരയാണ് ഒരു ഷെക്കല്‍.
26: മൃഗങ്ങളുടെ കടിഞ്ഞൂല്‍സന്തതികളെ ആരും വിശുദ്ധീകരിക്കേണ്ടതില്ല. അവ കര്‍ത്താവിനുള്ളതാണ്. കാളയായാലും ആടായാലും അതു കര്‍ത്താവിന്റേതാണ്.
27: എന്നാല്‍, അത് അശുദ്ധമൃഗമാണെങ്കില്‍ നിര്‍ണ്ണയിക്കപ്പെടുന്ന മൂല്യത്തോടൊപ്പം അഞ്ചിലൊന്നുകൂടെ കൊടുത്ത്, അതിനെ വീണ്ടെടുക്കണം. വീണ്ടെടുത്തില്ലെങ്കില്‍ മൂല്യനിര്‍ണ്ണയമനുസരിച്ചു വില്ക്കണം.
28: എന്നാല്‍ കര്‍ത്താവിനു നിരുപാധികം സമര്‍പ്പിച്ച യാതൊന്നും മനുഷ്യനോ മൃഗമോ അവകാശമായി കിട്ടിയ നിലമോ ആകട്ടെ, വില്ക്കുകയോ വീണ്ടെടുക്കുകയോ അരുത്. സമര്‍പ്പിതവസ്തുക്കള്‍, കര്‍ത്താവിനേറ്റവും വിശുദ്ധമാണ്.
29: മനുഷ്യരില്‍നിന്നു നിര്‍മ്മൂലനംചെയ്യാന്‍ ഉഴിഞ്ഞിട്ട ഒരുവനെയും വീണ്ടെടുക്കരുത്. അവനെക്കൊന്നുകളയണം.
30: ധാന്യങ്ങളോ വൃക്ഷങ്ങളുടെ ഫലങ്ങളോ ആയി ദേശത്തുള്ളവയുടെയെല്ലാം ദശാംശം കര്‍ത്താവിനുള്ളതാണ്. അതു കര്‍ത്താവിനു വിശുദ്ധമാണ്.
31: ആരെങ്കിലും ദശാംശത്തില്‍നിന്ന് ഒരു ഭാഗം വീണ്ടെടുക്കാനാഗ്രഹിച്ചാല്‍ അതോടൊപ്പം അഞ്ചിലൊന്നുകൂടെ കൊടുക്കണം.
32: ആടുമാടുകളുടെ ദശാംശം, ഇടയൻ്റെ അധീനതയിലുള്ള എല്ലാ മൃഗങ്ങളുടെയും പത്തിലൊന്ന്, കര്‍ത്താവിനുള്ളതാണ്. അവ കര്‍ത്താവിനു വിശുദ്ധമാണ്.
33: അവ നല്ലതോ ചീത്തയോ എന്നന്വേഷിക്കേണ്ടതില്ല. അവയെ വച്ചുമാറുകയുമരുത്. അങ്ങനെചെയ്താല്‍ അവയും വച്ചുമാറിയവയും കര്‍ത്താവിനുള്ളതായിരിക്കും. അവയെ വീണ്ടെടുത്തുകൂടാ.
34: ഇസ്രായേല്‍ജനത്തിനുവേണ്ടി സീനായ്‌മലമുകളില്‍വച്ചു കര്‍ത്താവു മോശയ്ക്കുനല്കിയ കല്പനകളാണിവ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ