നാല്പത്തിയൊമ്പതാം ദിവസം: നിയമാവര്‍ത്തനം 5 - 8


അദ്ധ്യായം 5

ഹോറെബിലെ ഉടമ്പടി

1: മോശ ഇസ്രായേല്‍ക്കാരെയെല്ലാം വിളിച്ചുകൂട്ടിപ്പറഞ്ഞു: ഇസ്രായേലേ, കേട്ടാലും. നിങ്ങളോടു ഞാനിന്നു പറയുന്ന ചട്ടങ്ങളും നിയമങ്ങളും പഠിക്കുകയും, അനുഷ്ഠിക്കുവാന്‍ ശ്രദ്ധിക്കുകയുംചെയ്യുവിന്‍.
2: നമ്മുടെ ദൈവമായ കര്‍ത്താവ്, ഹോറെബില്‍വച്ചു നമ്മോടൊരുടമ്പടിചെയ്തു.
3: നമ്മുടെ പിതാക്കന്മാരോടല്ല നമ്മോടാണു കര്‍ത്താവ് ഉടമ്പടി ചെയ്തത് - ഇന്നിവിടെ ജീവനോടെയിരിക്കുന്ന നമ്മോട്.
4: മലയില്‍വച്ച്, അഗ്നിയുടെ മദ്ധ്യത്തില്‍ നിന്നുകൊണ്ട്, അവിടുന്നു നിങ്ങള്‍ക്കഭിമുഖമായി സംസാരിച്ചു.
5: ഞാനപ്പോള്‍ കര്‍ത്താവിൻ്റെയും നിങ്ങളുടെയുംമദ്ധ്യേ, അവിടുത്തെ വാക്കുകള്‍ നിങ്ങളെയറിയിക്കാന്‍ നില്‍ക്കുകയായിരുന്നു. എന്തെന്നാല്‍, അഗ്നിനിമിത്തം നിങ്ങള്‍ ഭയപ്പെട്ടു മലയിലേക്കു കയറിപ്പോയില്ല.

പത്തു കല്പനകള്‍

6: അവിടുന്നു പറഞ്ഞു: അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന നിൻ്റെ ദൈവമായ കര്‍ത്താവു ഞാനാണ്.
7: ഞാനല്ലാതെ മറ്റൊരുദൈവം നിനക്കുണ്ടാകരുത്.
8: നിനക്കായി ഒരു വിഗ്രഹവുമുണ്ടാക്കരുത്; മുകളിലാകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമയുണ്ടാക്കരുത്.
9: നീയവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, നിൻ്റെ ദൈവവും കര്‍ത്താവുമായ ഞാന്‍, എന്നെ വെറുക്കുന്നവരുടെ മൂന്നുംനാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്മാരുടെ തിന്മമൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്.
10: എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എൻ്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്, ആയിരം തലമുറവരെ ഞാന്‍ കാരുണ്യംകാണിക്കും.
11: നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമം വൃഥാ ഉപയോഗിക്കരുത്. തൻ്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്ഷിക്കാതെ വിട്ടയയ്ക്കുകയില്ല.
12: നിൻ്റെ ദൈവമായ കര്‍ത്താവു കല്പിച്ചതുപോലെ സാബത്താചരിക്കുക - വിശുദ്ധമായി കൊണ്ടാടുക.
13: ആറുദിവസം അദ്ധ്വാനിക്കുകയും എല്ലാ ജോലികളും നിര്‍വ്വഹിക്കുകയും ചെയ്തുകൊള്ളുക.
14: എന്നാല്‍, ഏഴാംദിവസം നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സാബത്താണ്. അന്ന്, ഒരുജോലിയും ചെയ്യരുത്; നീയും നിൻ്റെ മകനോ മകളോ ദാസനോ ദാസിയോ കാളയോ കഴുതയോ മൃഗങ്ങളിലേതെങ്കിലുമോ നിൻ്റെ പട്ടണത്തിലുള്ള പരദേശിയോ ഒരുജോലിയും ചെയ്യരുത്. നിന്നെപ്പോലെതന്നെ നിൻ്റെ ദാസനും ദാസിയും വിശ്രമിക്കട്ടെ.
15: നീ ഈജിപ്തില്‍ ദാസനായിരുന്നുവെന്നും നിൻ്റെ ദൈവമായ കര്‍ത്താവു തൻ്റെ കരുത്തുറ്റ കരംനീട്ടി, അവിടെനിന്നു നിന്നെ മോചിപ്പിച്ചു കൊണ്ടുവന്നുവെന്നും ഓര്‍മ്മിക്കുക. അതുകൊണ്ട്, സാബത്തുദിനമാചരിക്കാന്‍ അവിടുന്നു നിന്നോടു കല്പിച്ചിരിക്കുന്നു.
16: നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിൻ്റെ ദൈവമായ കര്‍ത്താവുതരുന്ന നാട്ടില്‍ നിനക്കു നന്മയുണ്ടാകാനുംവേണ്ടി അവിടുന്നു കല്പിച്ചിരിക്കുന്നതുപോലെ നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
17: നീ കൊല്ലരുത്.
18: വ്യഭിചാരം ചെയ്യരുത്.
19: നീ മോഷ്ടിക്കരുത്.
20: അയല്‍ക്കാരനെതിരായി, നീ കള്ളസാക്ഷ്യം നല്കരുത്.
21: നിൻ്റെ അയല്‍ക്കാരൻ്റെ ഭാര്യയെ നീ മോഹിക്കരുത്; അവൻ്റെ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവൻ്റെ മറ്റെന്തെങ്കിലുമോ നീയാഗ്രഹിക്കരുത്.

നിയമം, മോശവഴി

22: ഈ വചനങ്ങള്‍, കര്‍ത്താവു മലയില്‍ അഗ്നിയുടെയും മേഘത്തിൻ്റെയും കനത്തഅന്ധകാരത്തിൻ്റെയും മദ്ധ്യേനിന്നുകൊണ്ട്, അത്യുച്ചത്തില്‍ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അരുളിച്ചെയ്തു: അവിടുന്ന് ഇതില്‍ക്കൂടുതലൊന്നും പറഞ്ഞില്ല. അവിടുന്നു രണ്ടു കല്പലകകളില്‍ ഇവയെല്ലാമെഴുതി എന്നെയേല്പിച്ചു.
23:പര്‍വ്വതം കത്തിയെരിഞ്ഞുകൊണ്ടിരിക്കെ അന്ധകാരത്തിൻ്റെ മദ്ധ്യത്തില്‍നിന്നു സ്വരംകേട്ട്, നിങ്ങള്‍, എല്ലാ ഗോത്രത്തലവന്മാരും ശ്രേഷ്ഠന്മാരും എൻ്റെയടുക്കല്‍ വന്നു.
24: നിങ്ങള്‍ പറഞ്ഞു: ഇതാ, ദൈവമായ കര്‍ത്താവ് തൻ്റെ പ്രതാപവും മഹത്വവും ഞങ്ങളെക്കാണിച്ചിരിക്കുന്നു; അഗ്നിയുടെ മദ്ധ്യത്തില്‍നിന്ന് അവിടുത്തെ സ്വരവും ഞങ്ങള്‍ കേട്ടു; ദൈവം മനുഷ്യനോടു സംസാരിച്ചിട്ടും അവന്‍ ജീവനോടുകൂടെത്തന്നെയിരിക്കുന്നത്, ഇന്നു ഞങ്ങള്‍ കണ്ടു.
25: ആകയാല്‍, ഞങ്ങളെന്തിനു മരിക്കണം? എന്തെന്നാല്‍, ഈ വലിയ അഗ്നി ഞങ്ങളെ വിഴുങ്ങും. ഞങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ സ്വരം ഇനിയും ശ്രവിച്ചാല്‍ ഞങ്ങള്‍ മരിച്ചുപോകും.
26: എന്തെന്നാല്‍, അഗ്നിയുടെ മദ്ധ്യത്തില്‍നിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിൻ്റെ ശബ്ദംകേട്ടിട്ടും ജീവിച്ചിരിക്കുന്ന ഞങ്ങളെപ്പോലെയുള്ള മര്‍ത്ത്യര്‍ വേറെയാരുള്ളൂ?
27: നീ അടുത്തുപോയി നമ്മുടെ ദൈവമായ കര്‍ത്താവു പറയുന്നതെല്ലാം കേള്‍ക്കുക; അവിടുന്നു നിന്നോടു പറയുന്നതെല്ലാം ഞങ്ങളോടു വന്നു പറയുക. ഞങ്ങള്‍, അവയെല്ലാം കേട്ടനുസരിച്ചുകൊള്ളാം.
28: നിങ്ങള്‍ എന്നോടു സംസാരിച്ചതുകേട്ടിട്ട് കര്‍ത്താവ് എന്നോടരുളിച്ചെയ്തു: നിന്നോട് ഈ ജനം പറഞ്ഞതു ഞാന്‍ കേട്ടു. അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു.
29: എന്നും എന്നെ ഭയപ്പെടാനും എൻ്റെ കല്പനകള്‍ പാലിക്കുന്നതുവഴി അവര്‍ക്കും അവരുടെ സന്തതികള്‍ക്കും എന്നേക്കും നന്മയുണ്ടാകാനുമായി ഇതുപോലെ സന്നദ്ധതയുള്ളൊരു മനസ്സ്, അവര്‍ക്കെന്നുമുണ്ടായിരുന്നെങ്കില്‍!
30: കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാന്‍ അവരോടുപറയുക.
31: നീയിവിടെ എൻ്റെകൂടെ നില്‍ക്കുക; ഞാന്‍ അവകാശമായിനല്കുന്ന സ്ഥലത്തുചെല്ലുമ്പോള്‍, അവരനുഷ്ഠിക്കേണ്ട എല്ലാ നിയമങ്ങളും കല്പനകളും ചട്ടങ്ങളും അവരെപ്പഠിപ്പിക്കാന്‍ ഞാന്‍ നിനക്കു പറഞ്ഞുതരാം.
32: ആകയാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളോടു കല്പിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം; നിങ്ങള്‍, ഇടംവലം വ്യതിചലിക്കരുത്.
33: നിങ്ങള്‍ ജീവിച്ചിരിക്കാനും നിങ്ങള്‍ക്കു നന്മയുണ്ടാകാനും നിങ്ങള്‍ കൈവശമാക്കുന്ന ദേശത്ത്, ദീര്‍ഘനാള്‍ വസിക്കാനുംവേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവു കല്പിച്ചിട്ടുളള മാര്‍ഗ്ഗത്തിലൂടെ ചരിക്കണം.

അദ്ധ്യായം 6

സുപ്രധാനമായ കല്പന

1: നിങ്ങളവകാശമാക്കാന്‍പോകുന്ന ദേശത്ത്, അനുഷ്ഠിക്കേണ്ടതിനു നിങ്ങളെപ്പഠിപ്പിക്കാന്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നോടാജ്ഞാപിച്ച കല്പനകളും ചട്ടങ്ങളും നിയമങ്ങളുമിവയാണ്.
2: നിങ്ങളും നിങ്ങളുടെ മക്കളും മക്കളുടെ മക്കളും ഞാനിന്നു നല്കുന്ന ദൈവമായ കര്‍ത്താവിൻ്റെ ചട്ടങ്ങളും പ്രമാണങ്ങളുമനുസരിച്ച്, ജീവിതകാലംമുഴുവന്‍ അവിടുത്തെ ഭയപ്പെടുന്നതിനും നിങ്ങള്‍ക്കു ദീര്‍ഘായുസ്സുണ്ടാകുന്നതിനുംവേണ്ടിയാണിവ.
3: ആകയാല്‍, ഇസ്രായേലേ, കേള്‍ക്കുക: നിങ്ങള്‍ക്കു നന്മയുണ്ടാകാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു വാഗ്ദാനംചെയ്തതുപോലെ തേനും പാലുമൊഴുകുന്ന നാട്ടില്‍, നിങ്ങള്‍ ധാരാളമായി വര്‍ദ്ധിക്കാനുംവേണ്ടി ഇവയനുഷ്ഠിക്കാന്‍ ശ്രദ്ധിക്കുവിന്‍.
4: ഇസ്രായേലേ, കേള്‍ക്കുക: നമ്മുടെ ദൈവമായ കര്‍ത്താവ് ഒരേയൊരു കര്‍ത്താവാണ്.
5: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്‌നേഹിക്കണം.
6: ഞാനിന്നു കല്പിക്കുന്ന ഈ വചനങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം.
7: ജാഗരൂകതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം; വീട്ടിലായിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം.
8: അവ കൈയിലൊരടയാളമായും നെറ്റിത്തടത്തില്‍ പട്ടമായുമണിയണം.     
9: അവ നിങ്ങളുടെ വീടിൻ്റെ കട്ടിളക്കാലിന്മേലും പടിവാതിലിന്മേലുമെഴുതണം.
10: നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു തരുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരോടു ശപഥംചെയ്ത നാട്ടിലേക്കു നിങ്ങളെക്കൊണ്ടുവന്ന്, നിങ്ങള്‍ പണിയാത്ത വിശാലവും മനോഹരവുമായ നഗരങ്ങളും,
11: നിങ്ങള്‍ നിറയ്ക്കാതെ വിശിഷ്ടവസ്തുക്കള്‍കൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും, നിങ്ങള്‍ കുഴിക്കാത്ത കിണറുകളും നിങ്ങള്‍ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുമരങ്ങളും നിങ്ങള്‍ക്കു നല്കുകയും നിങ്ങള്‍ ഭക്ഷിച്ചു സംതൃപ്തരാവുകയുംചെയ്യുമ്പോള്‍,
12: നിങ്ങളെ അടിമത്തത്തിൻ്റെ ഭവനത്തില്‍നിന്നു കൊണ്ടുവന്ന കര്‍ത്താവിനെ മറക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.
13: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ സേവിക്കുകയുംചെയ്യണം. അവിടുത്തെ നാമത്തില്‍മാത്രമേ സത്യംചെയ്യാവൂ.
14: നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുത്;
15: സേവിച്ചാല്‍, അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്തുനിന്നു നശിപ്പിച്ചു കളയുകയുംചെയ്യും. എന്തെന്നാല്‍, നിങ്ങളുടെമദ്ധ്യേ വസിക്കുന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്.
16: മാസായില്‍വച്ചു നിങ്ങള്‍ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്.
17: നിങ്ങളുടെ ദൈവമായ കര്‍ത്താവു നല്കിയിട്ടുള്ള കല്പനകളും ചട്ടങ്ങളും ജാഗരൂകതയോടെ പാലിക്കണം.
18, 19: നിങ്ങള്‍ക്കു നന്മയുണ്ടാകാനും നിങ്ങളുടെ പിതാക്കന്മാര്‍ക്കു കര്‍ത്താവു വാഗ്ദാനംചെയ്തിട്ടുള്ള ആ നല്ല ഭൂമിയില്‍ച്ചെന്ന്, സകലശത്രുക്കളെയും നിര്‍മ്മാര്‍ജനംചെയ്ത്, അത് അവകാശമാക്കാനുംവേണ്ടി കര്‍ത്താവിൻ്റെ സന്നിധിയില്‍, ശരിയും നന്മയുംമാത്രം പ്രവര്‍ത്തിക്കണം.
20: നമ്മുടെ ദൈവമായ കര്‍ത്താവു നിങ്ങളോടു കല്പിച്ചിട്ടുള്ള പ്രമാണങ്ങളുടെയും ചട്ടങ്ങളുടെയും നിയമങ്ങളുടെയും അര്‍ത്ഥമെന്താണെന്ന്, നിങ്ങളുടെ മക്കള്‍ ഭാവിയില്‍ ചോദിക്കുമ്പോള്‍, നിങ്ങള്‍ പറയണം:
21: ഈജിപ്തില്‍ നമ്മള്‍ ഫറവോയുടെ അടിമകളായിരുന്നു; തൻ്റെ ശക്തമായ കരത്താല്‍ കര്‍ത്താവു നമ്മെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവന്നു.
22: നമ്മുടെ കണ്‍മുമ്പില്‍വച്ച് അവിടുന്ന് ഈജിപ്തിനും ഫറവോയ്ക്കും അവൻ്റെ കുടുംബംമുഴുവനുമെതിരായി മഹത്തും ഭയാനകവുമായ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു.
23: അനന്തരം, നമ്മുടെ പിതാക്കന്മാര്‍ക്ക് അവിടുന്നു വാഗ്ദാനംചെയ്തിരുന്ന ദേശത്തേക്കു നമ്മെ നയിക്കാനും അതു നല്കാനുമായി നമ്മെ അവിടെനിന്നു കൊണ്ടുപോന്നു.
24: നമ്മുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടാനും അങ്ങനെ നമുക്കെന്നും നന്മയുണ്ടാകാനും ഇന്നത്തെപ്പോലെ നാം ജീവിച്ചിരിക്കാനുംവേണ്ടി, അനുസരിക്കണമെന്നു കര്‍ത്താവു കല്പിച്ച ചട്ടങ്ങളാണിവ.
25: നമ്മുടെ ദൈവമായ കര്‍ത്താവു കല്പിച്ചിട്ടുള്ളതുപോലെ അവിടുത്തെമുമ്പാകെ ഈ കല്പനകളെല്ലാം ശ്രദ്ധാപൂര്‍വംപാലിച്ചാല്‍ നാം നീതിയുള്ളവരായിരിക്കും.

അദ്ധ്യായം 7

ഇസ്രായേലും മറ്റു ജനതകളും

1: നിങ്ങള്‍ചെന്നു കൈവശമാക്കാന്‍പോകുന്ന ദേശത്തേക്കു നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെക്കൊണ്ടുപോകുകയും അനേകം ജനതകളെ - നിങ്ങളെക്കാള്‍ സംഖ്യാബലവും ശക്തിയുമുള്ള ഹിത്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നീ ഏഴു ജനതകളെ - നിങ്ങളുടെ മുമ്പില്‍നിന്നോടിക്കുകയും, അവരെ നിങ്ങള്‍ക്കേല്പിച്ചുതരുകയുംചെയ്യുമ്പോള്‍,
2: അവരെപ്പരാജയപ്പെടുത്തുകയും നിശ്ശേഷം നശിപ്പിക്കുകയുംചെയ്യണം. അവരുമായി ഉടമ്പടിയുണ്ടാക്കുകയോ അവരോടു കരുണകാണിക്കുകയോ അരുത്.
3: അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്.
4: എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവരകറ്റിക്കളയും. അപ്പോള്‍ കര്‍ത്താവിൻ്റെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും.     
5: ഇപ്രകാരമാണു നിങ്ങള്‍ അവരോടുചെയ്യേണ്ടത്: അവരുടെ ബലിപീഠങ്ങള്‍ നശിപ്പിക്കണം, സ്തംഭങ്ങള്‍ തകര്‍ക്കണം, അഷേരാ ദേവതയുടെ സ്തൂപങ്ങള്‍ വെട്ടിവീഴ്ത്തണം. വിഗ്രഹങ്ങള്‍ തീയില്‍ച്ചുട്ടെരിക്കണം.
6: നിങ്ങളുടെ ദൈവമായ കര്‍ത്താവിനു നിങ്ങള്‍ വിശുദ്ധജനമാണ്. ഭൂമുഖത്തുള്ള എല്ലാ ജനതകളിലുംനിന്നു തൻ്റെ സ്വന്തം ജനമാകേണ്ടതിന് അവിടുന്നു നിങ്ങളെത്തിരഞ്ഞെടുത്തിരിക്കുന്നു.
7: കര്‍ത്താവു നിങ്ങളെ സ്‌നേഹിച്ചതും തിരഞ്ഞെടുത്തതും മറ്റു ജനതകളെക്കാള്‍ നിങ്ങള്‍ എണ്ണത്തില്‍ കൂടുതലായിരുന്നതുകൊണ്ടല്ല; നിങ്ങള്‍ മറ്റെല്ലാ ജനതകളെയുംകാള്‍ ചെറുതായിരുന്നു.
8: കര്‍ത്താവു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പിതാക്കന്മാരോടുചെയ്ത ശപഥം പാലിക്കുകയുംചെയ്യുന്നതുകൊണ്ടാണ്, തൻ്റെ ശക്തമായ കരത്താല്‍ നിങ്ങളെ പുറത്തുകൊണ്ടുവന്നതും ഈജിപ്തിലെ രാജാവായ ഫറവോയുടെ കൈയില്‍നിന്ന് - അടിമത്തത്തിൻ്റെ ഭവനത്തില്‍നിന്ന് - നിങ്ങളെ രക്ഷിച്ചതും.
9: അതിനാല്‍, നിങ്ങളറിഞ്ഞുകൊള്ളുക, നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ദൈവം. തന്നെ സ്‌നേഹിക്കുകയും തൻ്റെ കല്പനപാലിക്കുകയുംചെയ്യുന്നവനോട്, ആയിരം തലമുറകള്‍വരെ ഉടമ്പടിപാലിക്കുകയും അചഞ്ചലമായ സ്‌നേഹം പ്രകടിപ്പിക്കുകയുംചെയ്യുന്ന വിശ്വസ്തനായ ദൈവം.
10: തന്നെ വെറുക്കുന്നവരെ നശിപ്പിച്ചുകൊണ്ട്, അവിടുന്നു പ്രതികാരംചെയ്യും; അവരോടു നേരിട്ടു പ്രതികാരംചെയ്യാന്‍ അവിടുന്നു വൈകുകയില്ല.
11: ആകയാല്‍, ഞാനിന്നു കല്പിക്കുന്ന പ്രമാണങ്ങളും ചട്ടങ്ങളും നിയമങ്ങളുമനുസരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.
12: നിങ്ങള്‍, ഈ നിയമങ്ങള്‍ കേള്‍ക്കുകയും വിശ്വസ്തതയോടെ പാലിക്കുകയുംചെയ്താല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്തിട്ടുള്ള ഉടമ്പടിയും കരുണയും നിങ്ങളോടും പുലര്‍ത്തും.
13: അവിടുന്നു നിങ്ങളെ സ്‌നേഹിക്കുകയും അനുഗ്രഹിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്കു തരുമെന്ന് അവിടുന്നു നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്തിട്ടുള്ള നാട്ടില്‍, നിങ്ങളെ സന്താനപുഷ്ടിയുള്ളവരും നിങ്ങളുടെ ഭൂമി ഫലപുഷ്ടിയുള്ളതുമാക്കും; ധാന്യം, വീഞ്ഞ്, എണ്ണ, കന്നുകാലികള്‍, ആട്ടിൻപറ്റം എന്നിവയെ അവിടുന്ന് ആശീര്‍വ്വദിക്കുകയും ചെയ്യും.
14: നിങ്ങള്‍ മറ്റെല്ലാ ജനതകളെയുംകാള്‍ അനുഗൃഹീതരായിരിക്കും. നിങ്ങള്‍ക്കോ നിങ്ങളുടെ കന്നുകാലികള്‍ക്കോ വന്ധ്യതയുണ്ടായിരിക്കുകയില്ല.
15: കര്‍ത്താവു നിങ്ങളില്‍നിന്ന് എല്ലാ രോഗങ്ങളും മാറ്റിക്കളയും. ഈജിപ്തില്‍വച്ചു നിങ്ങള്‍ കണ്ടിട്ടുള്ള ദുര്‍വ്യാധികളിലൊന്നും നിങ്ങളുടെമേല്‍ അവിടുന്നു വരുത്തുകയില്ല. എന്നാല്‍ നിങ്ങളെ എതിര്‍ക്കുന്നവരുടെമേല്‍, അവയെല്ലാം വരുത്തും.
16: നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കേല്പിച്ചുതരുന്ന ജനങ്ങളെയെല്ലാം സംഹരിക്കണം. അവരോടു കരുണകാണിക്കരുത്. നിങ്ങളവരുടെ ദേവന്മാരെ സേവിക്കരുത്; അതു നിങ്ങള്‍ക്കു കെണിയായിരിക്കും.
17: ഈ ജനതകള്‍ എന്നെക്കാള്‍ വലുതാണ്; എങ്ങനെ അവരുടെയവകാശം എനിക്കു പിടിച്ചുപറ്റാന്‍കഴിയുമെന്നു വിചാരിച്ചു ഭയപ്പെടരുത്,
18: നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ഫറവോയോടും ഈജിപ്തുമുഴുവനോടും ചെയ്തതെന്തെന്ന് ഓര്‍മ്മിക്കുക.
19: നിങ്ങളുടെ കണ്ണുകള്‍കണ്ട മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, കരബലം, ശക്തിപ്രകടനം എന്നിവയാലാണു നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെപ്പുറത്തുകൊണ്ടുവന്നത്. നിങ്ങള്‍ ഭയപ്പെടുന്ന ജനതകളോടെല്ലാം അവിടുന്ന് അതുപോലെതന്നെ പ്രവര്‍ത്തിക്കും.
20: മാത്രമല്ല, നിങ്ങളുടെ അടുത്തുനിന്ന് ഓടിയൊളിക്കുന്നവര്‍ നശിക്കുന്നതുവരെ നിങ്ങളുടെ ദൈവമായ കര്‍ത്താവ്, അവരുടെയിടയില്‍ കടന്നലുകളെയയയ്ക്കും.
21: അവരെ ഭയപ്പെടരുത്. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ് - വലിയവനും ഭീതിദനുമായ ദൈവം- നിങ്ങളുടെ മദ്ധ്യേയുണ്ട്.
22: നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ഈ ജനതകളെ ക്രമേണ ഉന്മൂലനംചെയ്യും; നീയവരെ ഒന്നിച്ചു നശിപ്പിക്കരുത്. അല്ലെങ്കില്‍ വന്യമൃഗങ്ങള്‍ പെരുകി നിനക്കു ഭീഷണിയാകും.
23: നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ഈ ജനതകളെ നിങ്ങള്‍ക്കേല്പിച്ചുതരും; നിശ്ശേഷം നശിക്കുന്നതുവരെ അവരെ പരിഭ്രാന്തരാക്കുകയുംചെയ്യും.
24: അവരുടെ രാജാക്കന്മാരെ അവിടുന്നു നിങ്ങളുടെ കൈയിലേല്പിക്കും. ആകാശത്തിന്‍കീഴില്‍നിന്ന് അവരുടെ പേരുകള്‍ നിങ്ങള്‍ നിര്‍മ്മാര്‍ജനംചെയ്യണം; അവരെ നിശ്ശേഷം നശിപ്പിക്കുന്നതുവരെ നിങ്ങള്‍ക്കെതിരായിനില്‍ക്കാന്‍ ആരും ശക്തിപ്പെടുകയില്ല.
25: അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങള്‍ അഗ്നിയില്‍ ദഹിപ്പിക്കണം; നിങ്ങള്‍ക്കൊരു കെണിയാകാതിരിക്കാന്‍ അവയിലുള്ള വെള്ളിയോ സ്വര്‍ണ്ണമോ മോഹിക്കുകയോ എടുക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിന്, ഇതു നിന്ദ്യമാണ്.
26: വിഗ്രഹത്തെപ്പോലെ നിങ്ങളും ശാപഗ്രസ്തരാകാതിരിക്കാന്‍ നിന്ദ്യമായ ഒരു വസ്തുവും വീട്ടിലേക്കുകൊണ്ടുവരരുത്. അതിനെ നിശ്ശേഷം വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്യണം; എന്തെന്നാല്‍, അതു ശാപഗ്രസ്തമാണ്.

അദ്ധ്യായം 8

പ്രലോഭനങ്ങള്‍

1: നിങ്ങള്‍ ജീവിച്ചിരിക്കുന്നതിനും എണ്ണത്തില്‍ വര്‍ദ്ധിക്കുന്നതിനും കര്‍ത്താവു നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്കുമെന്നു ശപഥംചെയ്തിട്ടുള്ള ദേശത്തു പ്രവേശിച്ച്, അതവകാശപ്പെടുത്തുന്നതിനും ഞാനിന്നു നിങ്ങളോടു കല്പിക്കുന്ന പ്രമാണങ്ങളെല്ലാമനുസരിക്കാന്‍ ശ്രദ്ധാലുക്കളായിരിക്കണം.
2: നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ എളിമപ്പെടുത്താനും തൻ്റെ കല്പനകളനുസരിക്കുമോ ഇല്ലയോ എന്നറിയാന്‍ നിങ്ങളെ പരീക്ഷിച്ച്, നിങ്ങളുടെ ഹൃദയവിചാരങ്ങള്‍ മനസ്സിലാക്കാനുംവേണ്ടി ഈ നാല്പതുസംവത്സരം മരുഭൂമിയിലൂടെ നിങ്ങളെ നയിച്ച വഴിയെല്ലാം നിങ്ങളോര്‍ക്കണം.
3: അവിടുന്നു നിങ്ങളെ എളിമപ്പെടുത്തുകയും വിശപ്പറിയാന്‍വിടുകയും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും അപരിചിതമായിരുന്ന മന്നാകൊണ്ട് നിങ്ങളെ സംതൃപ്തരാക്കുകയുംചെയ്തത്, അപ്പംകൊണ്ടുമാത്രമല്ല, കര്‍ത്താവിൻ്റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു മനുഷ്യന്‍ ജീവിക്കുന്നതെന്നു നിങ്ങള്‍ക്കു മനസ്സിലാക്കിത്തരാന്‍വേണ്ടിയാണ്.
4: ഈ നാല്പതു സംവത്സരം നിങ്ങളുടെ വസ്ത്രങ്ങള്‍ പഴകിക്കീറിപ്പോവുകയോ കാലുകള്‍ വീങ്ങുകയോചെയ്തില്ല.
5: പിതാവു പുത്രനെന്നപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു ശിക്ഷണംനല്കുമെന്നു ഹൃദയത്തില്‍ ഗ്രഹിക്കുവിന്‍.
6: അതിനാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ മാര്‍ഗ്ഗത്തിലൂടെ ചരിച്ചും അവിടുത്തെ ഭയപ്പെട്ടും അവിടുത്തെ കല്പനകള്‍ പാലിച്ചുകൊള്ളുവിന്‍.
7: എന്തെന്നാല്‍, അരുവികളുമുറവകളും, മലകളിലും താഴ്‌വരകളിലും പൊട്ടിയൊഴുകുന്ന പ്രവാഹങ്ങളുമുള്ള ഒരു നല്ല ദേശത്തേക്കാണു നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെക്കൊണ്ടുവരുന്നത്.
8: ഗോതമ്പും ബാര്‍ലിയും മുന്തിരിച്ചെടികളും അത്തിവൃക്ഷങ്ങളും മാതളനാരകങ്ങളും ഒലിവുമരങ്ങളും തേനുമുള്ള ദേശമാണത്.
9: അവിടെ നിങ്ങള്‍ സുഭിക്ഷമായി അപ്പം ഭക്ഷിക്കും; നിങ്ങള്‍ക്ക് ഒന്നിനും കുറവുണ്ടാകുകയില്ല. അവിടെയുള്ള കല്ലുകള്‍ ഇരുമ്പാണ്; മലകളില്‍നിന്നു ചെമ്പു കുഴിച്ചെടുക്കാം.
10: നിങ്ങള്‍ ഭക്ഷിച്ചു തൃപ്തരാകുമ്പോള്‍ നിങ്ങള്‍ക്കു നല്കിയിരിക്കുന്ന നല്ല ദേശത്തെപ്രതി ദൈവമായ കര്‍ത്താവിനെ സ്തുതിക്കണം.
11: ഞാനിന്നു നല്കുന്ന കല്പനകളും നിയമങ്ങളും ചട്ടങ്ങളുംലംഘിച്ച്, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്മരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍.
12: നിങ്ങള്‍ ഭക്ഷിച്ചു തൃപ്തരാവുകയും നല്ല വീടുകള്‍ പണിത്, അവയില്‍ത്താമസിക്കുകയും
13: നിങ്ങളുടെ ആടുമാടുകള്‍ പെരുകുകയും വെള്ളിയും സ്വര്‍ണ്ണവും വര്‍ദ്ധിക്കുകയും മറ്റു സകലത്തിനും സമൃദ്ധിയുണ്ടാവുകയുംചെയ്യുമ്പോൾ
14: നിങ്ങളഹങ്കരിക്കുകയും അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്തില്‍നിന്നു നിങ്ങളെക്കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്മരിക്കുകയുംചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍.
15: ആഗ്നേയസര്‍പ്പങ്ങളും തേളുകളും നിറഞ്ഞ, വിശാലവും ഭയാനകവുമായ മണലാരണ്യത്തിലൂടെ അവിടുന്നാണു നിങ്ങളെ നയിച്ചത്. വെള്ളമില്ലാത്ത, ഉണങ്ങിവരണ്ട, ആ ഭൂമിയില്‍ നിങ്ങള്‍ക്കുവേണ്ടി, കരിമ്പാറയില്‍നിന്ന് അവിടുന്നു ജലമൊഴുക്കി.
16: നിങ്ങളുടെ പിതാക്കന്മാര്‍ക്കപരിചിതമായിരുന്ന മന്നാ, മരുഭൂമിയില്‍വച്ചു നിങ്ങള്‍ക്കു ഭക്ഷണമായി നല്കി. നിങ്ങളെയെളിമപ്പെടുത്താനും പരീക്ഷിക്കാനും, അവസാനം നന്മകൊണ്ടനുഗ്രഹിക്കാനുമായിരുന്നു അത്.
17: എൻ്റെ ശക്തിയും എൻ്റെ കരങ്ങളുടെ ബലവുമാണ്, എനിക്കീ സമ്പത്തെല്ലാം നേടിത്തന്നതെന്നു ഹൃദയത്തില്‍ നിങ്ങള്‍ പറയരുത്.
18: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ സ്മരിക്കണം. എന്തെന്നാല്‍, നിങ്ങളുടെ പിതാക്കന്മാരോടുചെയ്ത ഉടമ്പടി ഇന്നും നിറവേറ്റുന്നതിനുവേണ്ടി സമ്പത്തുനേടാന്‍ അവിടുന്നാണു നിങ്ങള്‍ക്കു ശക്തിതരുന്നത്.
19: എന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്മരിക്കുകയും മറ്റു ദേവന്മാരുടെ പിറകേപോയി, അവരെ സേവിക്കുകയുമാരാധിക്കുകയുംചെയ്താല്‍, തീര്‍ച്ചയായും നിങ്ങള്‍ നശിച്ചുപോകുമെന്ന് ഇന്നു ഞാന്‍ മുന്നറിയിപ്പുതരുന്നു.
20: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങളനുസരിക്കാതിരുന്നാല്‍, നിങ്ങളുടെ മുമ്പില്‍നിന്നു കര്‍ത്താവു നിര്‍മ്മാര്‍ജനംചെയ്യുന്ന ജനതകളെപ്പോലെ നിങ്ങളും നശിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ