അമ്പത്തിയാറാം ദിവസം: നിയമാവര്‍ത്തനം 31 - 34


അദ്ധ്യായം 31

ജോഷ്വ മോശയുടെ പിന്‍ഗാമി

1: മോശ ഇസ്രായേല്‍ജനത്തോടു തുടര്‍ന്നു സംസാരിച്ചു. 
2: അവന്‍ പറഞ്ഞു: എനിക്കിപ്പോള്‍ നൂറ്റിയിരുപതു വയസ്സായി. നിങ്ങളെ നയിക്കാന്‍ എനിക്കു ശക്തിയില്ലാതായി. നീ ഈ ജോര്‍ദ്ദാന്‍ കടക്കുകയില്ലെന്നു കര്‍ത്താവെന്നോടു പറഞ്ഞിട്ടുണ്ട്. 
3: നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെ നിങ്ങള്‍ക്കുമുമ്പേ പോകും. അവിടുന്നു നിങ്ങളുടെ മുമ്പില്‍നിന്ന് ഈ ജനതകളെ നശിപ്പിക്കും; നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയുംചെയ്യും. കര്‍ത്താരുളിച്ചെയ്തിട്ടുള്ളതുപോലെ, ജോഷ്വ നിങ്ങളെ നയിക്കും. 
4: കര്‍ത്താവ്, അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും അവരുടെ ദേശത്തെയും നശിപ്പിച്ചതുപോലെ ഇവരെയും നശിപ്പിക്കും. 
5: കര്‍ത്താവവരെ നിങ്ങള്‍ക്കേല്പിച്ചുതരുമ്പോള്‍, ഞാന്‍ നിങ്ങള്‍ക്കു നല്കിയിട്ടുള്ള കല്പനകളനുസരിച്ചു നിങ്ങളവരോടു പ്രവര്‍ത്തിക്കണം. 
6: ശക്തരും ധീരരുമായിരിക്കുവിന്‍, ഭയപ്പെടേണ്ടാ; അവരെപ്രതി പരിഭ്രമിക്കുകയും വേണ്ടാ. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവാണു കൂടെവരുന്നത്. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല. 
7: അനന്തരം, മോശ ജോഷ്വയെ വിളിച്ച്, എല്ലാവരുടെയും മുമ്പില്‍വച്ച് അവനോടു പറഞ്ഞു: ശക്തനും ധീരനുമായിരിക്കുക. കര്‍ത്താവ്, ഈ ജനത്തിനു നല്കുമെന്ന് ഇവരുടെ പിതാക്കന്മാരോടു ശപഥംചെയ്തിട്ടുള്ള ദേശം കൈവശമാക്കാന്‍ നീയിവരെ നയിക്കണം. 
8: കര്‍ത്താവാണു നിൻ്റെ മുമ്പില്‍ പോകുന്നത്. അവിടുന്നു നിന്നോടുകൂടെയുണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോവേണ്ടാ. 

നിയമപാരായണം

9: മോശ ഈ നിയമമെഴുതി, കര്‍ത്താവിൻ്റെ ഉടമ്പടിയുടെ പേടകംവഹിക്കുന്നവരും ലേവിയുടെ മക്കളുമായ പുരോഹിതന്മാരെയും ഇസ്രായേലിലെ എല്ലാ ശ്രേഷ്ഠന്മാരെയുമേല്പിച്ചു. 
10, 11: അനന്തരം, അവനവരോടു കല്പിച്ചു: വിമോചനവര്‍ഷമായ ഏഴാംവര്‍ഷം കൂടാരത്തിരുന്നാളാഘോഷിക്കാന്‍ ഇസ്രായേല്‍ജനം കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്ത്, അവിടുത്തെ മുമ്പില്‍ സമ്മേളിക്കുമ്പോള്‍, എല്ലാവരുംകേള്‍ക്കേ നീ ഈ നിയമം വായിക്കണം. 
12: അതുകേട്ട്, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടാന്‍ പഠിക്കുന്നതിനും ഈ നിയമം അക്ഷരംപ്രതിയനുസരിക്കുന്നതിനുംവേണ്ടി എല്ലാ ജനങ്ങളെയും - പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നിൻ്റെ പട്ടണത്തിലെ പരദേശികളെയും - വിളിച്ചുകൂട്ടണം. 
13: അതറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കളും അതുകേള്‍ക്കുകയും ജോര്‍ദ്ദാനക്കരെ നിങ്ങള്‍ കൈവശമാക്കാന്‍പോകുന്ന ദേശത്തു നിങ്ങള്‍ വസിക്കുന്നകാലത്തോളം നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടാന്‍ പഠിക്കുകയും ചെയ്യട്ടെ. 

മോശയ്ക്ക് അന്തിമനിര്‍ദ്ദേശങ്ങള്‍

14: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇതാ നിൻ്റെ മരണദിവസം ആസന്നമായിരിക്കുന്നു. ഞാന്‍ ജോഷ്വയെ നേതാവായി നിയോഗിക്കാന്‍, നീ അവനെ കൂട്ടിക്കൊണ്ടു്, സമാഗമകൂടാരത്തിലേക്കു വരുക. അവര്‍ സമാഗമകൂടാരത്തിലെത്തി. 
15: അപ്പോള്‍, കര്‍ത്താവൊരു മേഘസ്തംഭത്തില്‍ കൂടാരത്തിനകത്തു പ്രത്യക്ഷപ്പെട്ടു. മേഘസ്തംഭം കൂടാരവാതിലിനു മുകളില്‍നിന്നു. 
16: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇതാ, നീ നിൻ്റെ  പിതാക്കന്മാരോടുകൂടെ നിദ്രപ്രാപിക്കാറായിരിക്കുന്നു. ഈ ജനം തങ്ങള്‍ വസിക്കാന്‍പോകുന്ന ദേശത്തെ അന്യദേവന്മാരെ പിഞ്ചെന്ന്, അവരുമായി വേശ്യാവൃത്തിയിലേര്‍പ്പെടുകയും എന്നെ പരിത്യജിക്കുകയും ഞാനവരോടുചെയ്തിട്ടുള്ള ഉടമ്പടി ലംഘിക്കുകയുംചെയ്യും. 
17: അന്ന്, അവരുടെനേരേ എൻ്റെ കോപം ജ്വലിക്കും. ഞാനവരെ പരിത്യജിക്കുകയും അവരില്‍നിന്ന് എൻ്റെ മുഖം മറയ്ക്കുകയും ചെയ്യും. അവര്‍ നാശത്തിനിരയാകും. അനേകം അനര്‍ത്ഥങ്ങളും കഷ്ടതകളും അവര്‍ക്കുണ്ടാകും. നമ്മുടെ ദൈവം നമ്മുടെയിടയില്‍ ഇല്ലാത്തതുകൊണ്ടല്ലേ ഈ കഷ്ടപ്പാടുകള്‍ നമുക്കു വന്നുഭവിച്ചതെന്ന് ആ ദിവസം അവര്‍ പറയും. 
18: അവര്‍ അന്യദേവന്മാരെപ്പിഞ്ചെന്നുചെയ്ത തിന്മകള്‍നിമിത്തം ഞാനന്ന്, എൻ്റെ മുഖം മറച്ചുകളയും. 
19: ആകയാല്‍, ഈ ഗാനമെഴുതിയെടുത്ത് ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുക. അവര്‍ക്കെതിരേ സാക്ഷ്യമായിരിക്കേണ്ടതിന്, ഇതവരുടെ അധരത്തില്‍ നിക്ഷേപിക്കുക. 
20: അവരുടെ പിതാക്കന്മാര്‍ക്കു നല്കുമെന്നു ശപഥംചെയ്ത, തേനും പാലുമൊഴുകുന്ന ഭൂമിയില്‍ ഞാനവരെയെത്തിക്കും. അവിടെ അവര്‍ ഭക്ഷിച്ചു തൃപ്തരായി തടിച്ചുകൊഴുക്കും. അപ്പോളവര്‍ അന്യദേവന്മാരുടെനേരേതിരിഞ്ഞ്, അവരെ സേവിക്കും. എൻ്റെയുടമ്പടി ലംഘിച്ച്, എന്നെ നിന്ദിക്കും. 
21: അനേകം അനര്‍ത്ഥങ്ങളും കഷ്ടതകളും അവര്‍ക്കു വന്നുഭവിക്കുമ്പോള്‍ ഈ ഗാനം അവര്‍ക്കെതിരേ സാക്ഷ്യമായി നില്‍ക്കും. വിസ്മൃതമാകാതെ അവരുടെ സന്തതികളുടെ നാവില്‍ ഇതു നിലകൊള്ളും. അവര്‍ക്കു നല്കുമെന്നു ശപഥംചെയ്ത ദേശത്തു ഞാന്‍, അവരെ എത്തിക്കുന്നതിനു മുമ്പുതന്നെ അവരില്‍ കുടികൊള്ളുന്ന വിചാരങ്ങള്‍ എനിക്കറിയാം. 
22: അന്നുതന്നെ മോശ ഈ ഗാനമെഴുതി ഇസ്രായേല്‍ജനത്തെ പഠിപ്പിച്ചു. 
23: കര്‍ത്താവ് നൂനിൻ്റെ മകനായ ജോഷ്വയെ അധികാരമേല്പിച്ചുകൊണ്ടു പറഞ്ഞു: ശക്തനും ധീരനുമായിരിക്കുക. ഞാന്‍ ഇസ്രായേല്‍മക്കള്‍ക്കു നല്കുമെന്ന് ശപഥംചെയ്തിരിക്കുന്ന നാട്ടിലേക്കു നീയവരെ നയിക്കും; ഞാന്‍, നിന്നോടുകൂടെയുണ്ടായിരിക്കും. 
24: മോശ ഈ നിയമങ്ങളെല്ലാം പുസ്തകത്തിലെഴുതി. 
25: അനന്തരം, അവന്‍ കര്‍ത്താവിൻ്റെ ഉടമ്പടിയുടെ പേടകംവഹിച്ചിരുന്ന ലേവ്യരോടു കല്പിച്ചു: 
26: ഈ നിയമപുസ്തകമെടുത്തു നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ ഉടമ്പടിയുടെ പേടകത്തിനരികില്‍ വയ്ക്കുവിന്‍. അവിടെ ഇതു നിങ്ങള്‍ക്കെതിരേ ഒരു സാക്ഷ്യമായിരിക്കട്ടെ. 
27: നിങ്ങളുടെ ധിക്കാരവും ദുശ്ശാഠ്യവും എനിക്കറിയാം. ഇതാ, ഞാന്‍ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ നിങ്ങള്‍ ദൈവത്തെ എതിര്‍ത്തിരിക്കുന്നു. എൻ്റെ മരണത്തിനുശേഷം എത്രയധികമായി നിങ്ങള്‍ അവിടുത്തെയെതിര്‍ക്കും! 
28: നിങ്ങളുടെ ഗോത്രത്തിലെ എല്ലാ ശ്രേഷ്ഠന്മാരെയും അധികാരികളെയും എൻ്റെയടുക്കല്‍ വിളിച്ചുകൂട്ടുവിന്‍; ആകാശത്തെയും ഭൂമിയെയും അവര്‍ക്കെതിരേ സാക്ഷിനിര്‍ത്തിക്കൊണ്ട് ഈ വാക്കുകള്‍ അവര്‍ കേള്‍ക്കേ ഞാന്‍ പ്രഖ്യാപിക്കട്ടെ. 
29: എന്തുകൊണ്ടെന്നാല്‍, എൻ്റെ മരണത്തിനുശേഷം നിങ്ങള്‍ തീര്‍ത്തും ദുഷിച്ചുപോകുമെന്നും ഞാന്‍ കല്പിച്ചിരിക്കുന്ന മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിക്കുമെന്നും എനിക്കറിയാം. കര്‍ത്താവിൻ്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിക്കുകയും നിങ്ങളുടെ കരവേലകളാല്‍ അവിടുത്തെ പ്രകോപിപ്പിക്കുകയുംചെയ്യുന്നതുകൊണ്ട്, വരാനിരിക്കുന്ന നാളുകളില്‍ നിങ്ങള്‍ക്ക് അനര്‍ത്ഥമുണ്ടാകും. 
30: അനന്തരം, മോശ ഇസ്രായേല്‍സമൂഹത്തെ മുഴുവന്‍ ഈ ഗാനം അവസാനംവരെ ചൊല്ലിക്കേള്‍പ്പിച്ചു.

അദ്ധ്യായം 32

മോശയുടെ കീര്‍ത്തനം

1: ആകാശങ്ങളേ, ചെവിക്കൊള്‍ക, ഞാന്‍ സംസാരിക്കുന്നു; ഭൂമി എൻ്റെ വാക്കുകള്‍ ശ്രവിക്കട്ടെ.
2: എൻ്റെ ഉപദേശം മഴത്തുള്ളിപോലെ പതിക്കട്ടെ; എൻ്റെ വാക്കുകള്‍ ഹിമകണങ്ങള്‍പോലെ പൊഴിയട്ടെ; അവ ഇളംപുല്ലിന്മേല്‍ മൃദുലമായ മഴപോലെയും സസ്യങ്ങളുടെമേല്‍ വര്‍ഷധാരപോലെയുമാകട്ടെ.
3: കര്‍ത്താവിൻ്റെ നാമം ഞാന്‍ പ്രഘോഷിക്കും; നമ്മുടെ ദൈവത്തിൻ്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍.
4: കര്‍ത്താവു പാറയാകുന്നു, അവിടുത്തെ പ്രവൃത്തി പരിപൂര്‍ണ്ണവും അവിടുത്തെവഴികള്‍ നീതിയുക്തവുമാണ്. തിന്മയറിയാത്തവനും വിശ്വസ്തനുമാണു ദൈവം; അവിടുന്നു നീതിമാനും സത്യസന്ധനുമാണ്.
5: അവിടുത്തെമുമ്പില്‍ അവര്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു; അവര്‍ അവിടുത്തെ മക്കളല്ലാതായി; ദുഷ്ടവും വക്രവുമായ തലമുറയാണവരുടേത്.
6: ഭോഷരും ബുദ്ധിഹീനരുമായ ജനമേ, ഇതോ കര്‍ത്താവിനു പ്രതിഫലം? അവിടുന്നല്ലയോ നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ പിതാവ്? നിങ്ങളുടെ സ്രഷ്ടാവും പരിപാലകനും അവിടുന്നല്ലയോ?
7: കഴിഞ്ഞുപോയ കാലങ്ങളോര്‍ക്കുവിന്‍, തലമുറകളിലൂടെ കടന്നുപോയ വര്‍ഷങ്ങളനുസ്മരിക്കുവിന്‍; പിതാക്കന്മാരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു പറഞ്ഞുതരും. പ്രായംചെന്നവരോടു ചോദിക്കുവിന്‍; അവര്‍ നിങ്ങള്‍ക്കു വിവരിച്ചുതരും.
8: അത്യുന്നതന്‍ ജനതകള്‍ക്ക് അവരുടെ പൈതൃകം വീതിച്ചുകൊടുത്തപ്പോള്‍, മനുഷ്യമക്കളെ അവിടുന്നു വേര്‍തിരിച്ചപ്പോള്‍ ഇസ്രായേല്‍മക്കളുടെ എണ്ണമനുസരിച്ച്, അവിടുന്നു ജനതകള്‍ക്ക് അതിര്‍ത്തി നിശ്ചയിച്ചു.
9: കര്‍ത്താവിൻ്റെ ഓഹരി അവിടുത്തെ ജനമാണ്, യാക്കോബ് അവിടുത്തെ അവകാശവും.
10: അവിടുന്നവനെ മരുഭൂമിയില്‍, ശൂന്യതയോരിയിടുന്ന മണലാരണ്യത്തില്‍ കണ്ടെത്തി; അവനെ വാരിപ്പുണര്‍ന്നു, താത്പര്യപൂര്‍വ്വം പരിചരിച്ച്, തൻ്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു.
11: കൂടു ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെമുകളില്‍ ചിറകടിക്കുകയും വിരിച്ച ചിറകുകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയുംചെയ്യുന്ന കഴുകനെപ്പോലെ,
12: അവനെ നയിച്ചതു കര്‍ത്താവാണ്; അന്യദേവന്മാരാരും അവനോടൊത്തുണ്ടായിരുന്നില്ല.
13: ഭൂമിയിലെ ഉത്തുംഗതലങ്ങളിലൂടെ അവിടുന്നവനെ സവാരി ചെയ്യിച്ചു; വയലിലെ വിളവുകള്‍ അവന്‍ ഭക്ഷിച്ചു; പാറയില്‍നിന്നു തേനും കഠിനശിലയില്‍നിന്ന് എണ്ണയും അവിടുന്നവനു കുടിക്കാന്‍കൊടുത്തു.
14: കാലിക്കൂട്ടത്തില്‍നിന്നു തൈരും ആട്ടിന്‍പ്പറ്റങ്ങളില്‍നിന്നു പാലും ആട്ടിന്‍കുട്ടികളുടെയും മുട്ടാടുകളുടെയും ബാഷാന്‍ കാലിക്കൂട്ടത്തിൻ്റെയും കോലാടുകളുടെയും കൊഴുപ്പും വിശിഷ്ടമായ ധാന്യവും നിനക്കു നല്കി. ശുദ്ധമായ മുന്തിരിച്ചാറു നീ പാനംചെയ്തു.
15: യഷുറൂണ്‍ തടിച്ചു ശക്തനായി, കൊഴുത്തുമിനുങ്ങി; അവന്‍ തന്നെസൃഷ്ടിച്ച ദൈവത്തെയുപേക്ഷിക്കുകയും തൻ്റെ രക്ഷയുടെ പാറയെ, പുച്ഛിച്ചുതള്ളുകയുംചെയ്തു.
16: അന്യദേവന്മാരെക്കൊണ്ട് അവര്‍ അവിടുത്തെ അസൂയപിടിപ്പിച്ചു; നിന്ദ്യകര്‍മ്മങ്ങള്‍കൊണ്ടു കുപിതനാക്കി.
17: ദൈവമല്ലാത്ത ദുര്‍ദ്ദേവതകള്‍ക്ക് അവര്‍ ബലിയര്‍പ്പിച്ചു; അവരറിയുകയോ നിങ്ങളുടെ പിതാക്കന്മാര്‍ ഭയപ്പെടുകയോചെയ്തിട്ടില്ലാത്തവരും പുതുതായി പ്രത്യക്ഷപ്പെട്ടവരുമാണ് ഈ ദേവന്മാര്‍.
18: നിനക്കു ജന്മംനല്കിയ ശിലയെ നീയവഗണിച്ചു; നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു.
19: കര്‍ത്താവ് അതുകാണുകയും തൻ്റെ പുത്രീപുത്രന്മാരുടെ പ്രകോപനംനിമിത്തം അവരെ വെറുക്കുകയുംചെയ്തു.
20: അവിടുന്നു പറഞ്ഞു: അവരില്‍നിന്ന് എൻ്റെ മുഖം ഞാന്‍ മറയ്ക്കും; അവര്‍ക്ക് എന്തു സംഭവിക്കുമെന്ന് എനിക്കു കാണണം; അവര്‍ വക്രവും അവിശ്വസ്തവുമായ തലമുറയാണ്.
21: ദൈവമല്ലാത്തതിനെക്കൊണ്ട് അവരെന്നിൽ അസൂയയുണര്‍ത്തി. മിഥ്യാമൂര്‍ത്തികളാല്‍ അവരെന്നെ പ്രകോപിപ്പിച്ചു; അതിനാല്‍, ജനതയല്ലാത്തവരെക്കൊണ്ട് അവരില്‍ ഞാന്‍ അസൂയയുണര്‍ത്തും; ഭോഷന്മാരുടെ ഒരു ജനതയെക്കൊണ്ട് അവരെ ഞാന്‍ പ്രകോപിപ്പിക്കും.
22: എൻ്റെ ക്രോധത്തില്‍നിന്ന്, അഗ്നി ജ്വലിച്ചുയരുന്നു; പാതാളഗര്‍ത്തംവരെയും അതു കത്തിയിറങ്ങും; ഭൂമിയെയും അതിൻ്റെ വിളവുകളെയും അതു വിഴുങ്ങുന്നു; പര്‍വ്വതങ്ങളുടെ അടിത്തറകളെ അതു ദഹിപ്പിക്കുന്നു.
23: അവരുടേമേല്‍ ഞാന്‍ തിന്മ കൂനകൂട്ടും; എൻ്റെയസ്ത്രങ്ങള്‍ ഒന്നൊഴിയാതെ അവരുടെമേല്‍ വര്‍ഷിക്കും.
24: വിശപ്പ്, അവരെ കാര്‍ന്നുതിന്നും; ദഹിപ്പിക്കുന്ന ചൂടും വിഷവ്യാധിയും അവരെ വിഴുങ്ങും; ഹിംസ്രജന്തുക്കളെയും വിഷപ്പാമ്പുകളെയും ഞാന്‍ അവരുടെമേലയയ്ക്കും.
25: വെളിയില്‍ വാളും സങ്കേതത്തിനുള്ളില്‍ ഭീകരതയും യുവാവിനെയും കന്യകയെയും, ശിശുവിനെയും വൃദ്ധനെയും ഒന്നുപോലെ നശിപ്പിക്കും.
26: അവരെ ഞാന്‍ ചിതറിച്ചുകളയും, ജനതകളുടെയിടയില്‍നിന്ന് അവരുടെ ഓര്‍മ്മപോലും തുടച്ചുനീക്കുമെന്നു ഞാന്‍ പറയുമായിരുന്നു.
27: എന്നാല്‍, ശത്രു പ്രകോപനപരമായിപ്പെരുമാറുകയും എതിരാളികള്‍ അഹങ്കാരോന്മത്തരായി, ഞങ്ങളുടെ കരം വിജയിച്ചിരിക്കുന്നു, കര്‍ത്താവല്ല ഇതുചെയ്തതെന്നു പറയുകയുംചെയ്‌തേക്കുമെന്നു ഞാന്‍ ഭയപ്പെട്ടു.
28: ആലോചനയില്ലാത്തൊരു ജനമാണവര്‍; വിവേകവും അവര്‍ക്കില്ല.
29: ജ്ഞാനികളായിരുന്നെങ്കില്‍ അവരിതു മനസ്സിലാക്കുമായിരുന്നു; തങ്ങളുടെ അവസാനത്തെപ്പറ്റിച്ചിന്തിക്കുമായിരുന്നു.
30: ഇസ്രായേലിൻ്റെ അഭയം അവരെ വിറ്റുകളയുകയും, കര്‍ത്താവവരെ കൈവെടിയുകയുംചെയ്തിരുന്നില്ലെങ്കില്‍ ആയിരംപേരെ അനുധാവനംചെയ്യാന്‍ ഒരാള്‍ക്കെങ്ങനെ കഴിയുമായിരുന്നു? പതിനായിരങ്ങളെ തുരത്താന്‍ രണ്ടുപേര്‍ക്കെങ്ങനെ സാധിക്കുമായിരുന്നു?
31: എന്തെന്നാല്‍, നമ്മുടെ ആശ്രയംപോലെയല്ല അവരുടെ ആശ്രയം; നമ്മുടെ ശത്രുക്കള്‍തന്നെ അതു സമ്മതിക്കും.
32: അവരുടെ മുന്തിരി, സോദോമിലെയും ഗൊമോറായിലെയും വയലുകളില്‍ വളരുന്നു. അതിൻ്റെ പഴങ്ങള്‍ വിഷമയമാണ്; കുലകള്‍ തിക്തവും.
33: അവരുടെ വീഞ്ഞ്, കരാളസര്‍പ്പത്തിൻ്റെ വിഷമാണ്; ക്രൂരസര്‍പ്പത്തിൻ്റെ കൊടിയവിഷം!
34: ഈ കാര്യം ഞാന്‍ ഭദ്രമായി സൂക്ഷിക്കുകയല്ലേ? എൻ്റെ അറകളിലാക്കി മുദ്രവച്ചിരിക്കുകയല്ലേ?
35: അവരുടെ കാല്‍വഴുതുമ്പോള്‍ പ്രതികാരംചെയ്യുന്നതും പകരംകൊടുക്കുന്നതും ഞാനാണ്; അവരുടെ വിനാശകാലം ആസന്നമായി, അവരുടെമേല്‍ പതിക്കാനിരിക്കുന്ന നാശം അതിവേഗം അടുത്തുവരുന്നു.
36: അവരുടെ ശക്തിക്ഷയിച്ചെന്നും സ്വതന്ത്രനോ തടവുകാരനോ അവശേഷിച്ചിട്ടില്ലെന്നുംകണ്ട്, കര്‍ത്താവു തൻ്റെ ജനത്തിനുവേണ്ടി നീതിനടത്തും; തൻ്റെ ദാസരോടു കരുണകാണിക്കും.
37: അവിടുന്നു ചോദിക്കും, അവരുടെ ദേവന്മാരെവിടെ? അവരഭയംപ്രാപിച്ച പാറയെവിടെ?
38: അവരര്‍പ്പിച്ച ബലികളുടെ കൊഴുപ്പാസ്വദിക്കുകയും കാഴ്ചവച്ച വീഞ്ഞുകുടിക്കുകയുംചെയ്ത ദേവന്മാരെവിടെ? അവരെഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ. അവരായിരിക്കട്ടെ, നിങ്ങളുടെ സംരക്ഷകര്‍!
39: ഇതാ, ഞാനാണ്, ഞാന്‍മാത്രമാണു ദൈവം; ഞാനല്ലാതെ വേറെ ദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍തന്നെ; എൻ്റെ കൈയില്‍നിന്നു രക്ഷപെടുത്തുക ആര്‍ക്കും സാദ്ധ്യമല്ല.
40: ഇതാ, സ്വര്‍ഗ്ഗത്തിലേക്കു കരമുയര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു: ഞാനാണ് എന്നേയ്ക്കും ജീവിക്കുന്നവന്‍.
41: തിളങ്ങുന്ന വാളിനു ഞാന്‍ മൂര്‍ച്ചകൂട്ടും; വിധിത്തീര്‍പ്പു കൈയിലെടുക്കും; എൻ്റെ ശത്രുക്കളോടു ഞാന്‍ പകവീട്ടും; എന്നെ വെറുക്കുന്നവരോടു പകരംചോദിക്കും.
42: എൻ്റെയസ്ത്രങ്ങള്‍ രക്തം കുടിച്ചുമദിക്കും, എൻ്റെ വാള്‍ മാംസം വിഴുങ്ങും; മാരകമായ മുറിവേറ്റവരുടെയും തടവുകാരുടെയും രക്തം; ശത്രുനേതാക്കളുടെ ശിരസ്സുകളും.
43: ജനതകളേ, നിങ്ങള്‍ അവിടുത്തെ ജനത്തോടൊത്ത് ആര്‍ത്തുവിളിക്കുവിന്‍; അവിടുന്നു തൻ്റെ ദാസന്മാരുടെ രക്തത്തിനു പ്രതികാരംചെയ്യും; എതിരാളികളോടു പകരംചോദിക്കും; തൻ്റെ ജനത്തിൻ്റെ ദേശത്തുനിന്നു പാപക്കറ നീക്കിക്കളയും.


മോശയുടെ അന്തിമോപദേശം

45: ഇങ്ങനെ ഇസ്രായേല്‍ജനത്തെ ഉദ്ബോധിപ്പിച്ചതിനുശേഷം മോശ പറഞ്ഞു:     
46: ഞാനിന്നു നിങ്ങളോടു കല്പിച്ചിരിക്കുന്ന ഈ നിയമത്തിലെ ഓരോവാക്കും ശ്രദ്ധാപൂര്‍വ്വം പാലിക്കാന്‍ നിങ്ങളുടെ മക്കളോടാജ്ഞാപിക്കുന്നതിനായി അവ ഹൃദയത്തില്‍ സംഗ്രഹിക്കുവിന്‍.
47: എന്തെന്നാല്‍, ഇതു നിസ്സാരമായ കാര്യമല്ല, നിങ്ങളുടെ ജീവനാണിത്. നിങ്ങള്‍ ജോര്‍ദ്ദാനക്കരെ കൈവശമാക്കാന്‍പോകുന്ന ദേശത്തു ദീര്‍ഘകാലം വസിക്കുന്നത് ഇതുമൂലമായിരിക്കും.
48: അന്നുതന്നെ, കര്‍ത്താവു മോശയോടരുളിച്ചെയ്തു:
49: ജറീക്കോയുടെ എതിര്‍വശത്തു മൊവാബുദേശത്തുള്ള അബറീംപര്‍വ്വതനിരയിലെ നെബോമലയില്‍ക്കയറി, ഞാന്‍ ഇസ്രായേല്‍മക്കള്‍ക്ക് അവകാശമായിനല്കുന്ന കാനാന്‍ദേശം നീ കണ്ടുകൊള്ളുക.
50: നിൻ്റെ സഹോദരന്‍ അഹറോന്‍, ഹോര്‍മലയില്‍വച്ചു മരിക്കുകയും തൻ്റെ ജനത്തോടു ചേരുകയുംചെയ്തതുപോലെ നീയും മരിച്ചു നിൻ്റെ ജനത്തോടുചേരും.
51: എന്തെന്നാല്‍, സിന്‍മരുഭൂമിയില്‍, കാദെഷിലെ മെരീബാജലാശയത്തിനു സമീപം ഇസ്രായേല്‍ജനത്തിൻ്റെ മുമ്പില്‍വച്ചു നീ എന്നോട് അവിശ്വസ്തമായി പെരുമാറി; എൻ്റെ പരിശുദ്ധിക്കു നീ സാക്ഷ്യം നല്കിയില്ല.
52: ഇസ്രായേല്‍ജനത്തിനു ഞാന്‍ നല്കുന്ന ആ ദേശം നീ കണ്ടുകൊള്ളുക; എന്നാല്‍ നീയവിടെ പ്രവേശിക്കുകയില്ല.

അദ്ധ്യായം 33

മോശയുടെ ആശീര്‍വാദം

1: ദൈവപുരുഷനായ മോശ, തൻ്റെ മരണത്തിനുമുമ്പ് ഇസ്രായേല്‍ജനത്തിനുനല്കിയ അനുഗ്രഹമാണിത്.
2: അവന്‍ പറഞ്ഞു: കര്‍ത്താവു സീനായില്‍നിന്നു വന്നു, നമുക്കായി സെയിറില്‍നിന്നുദിച്ച്, പാരാന്‍പര്‍വ്വതത്തില്‍നിന്നു പ്രകാശിച്ചു; വിശുദ്ധരുടെ പതിനായിരങ്ങളോടൊത്തുവന്നു. നമുക്കായി അവിടുത്തെ വലത്തു ഭാഗത്തുനിന്നു ജ്വലിക്കുന്ന നിയമം പുറപ്പെട്ടു.
3: അവിടുന്നു തൻ്റെ ജനത്തെ സ്‌നേഹിച്ചു; തൻ്റെ വിശുദ്ധരെല്ലാവരും അവിടുത്തെ കരങ്ങളിലായിരുന്നു; അവിടുത്തെ പാദാന്തികത്തിലിരുന്ന്, അവിടുത്തെ വചനം അവര്‍ ശ്രവിച്ചു.
4: മോശ നമുക്കു നിയമം നല്കി; യാക്കോബിനു പിതൃസ്വത്താണത്.
5: ഇസ്രായേല്‍ഗോത്രങ്ങളും ജനത്തിൻ്റെ തലവന്മാരും ഒരുമിച്ചുകൂടിയപ്പോള്‍ യഷുറൂണില്‍ കര്‍ത്താവായിരുന്നു രാജാവ്.
6: റൂബന്‍ ജീവിക്കട്ടെ, അവന്‍ മരിക്കാതിരിക്കട്ടെ, എന്നാല്‍, അവൻ്റെ സംഖ്യ പരിമിതമായിരിക്കട്ടെ.
7: യൂദായെ ഇപ്രകാരമനുഗ്രഹിച്ചു: കര്‍ത്താവേ, യൂദായുടെ സ്വരം ശ്രവിക്കണമേ; അവനെ തൻ്റെ ജനത്തിൻ്റെയടുക്കലേക്കു കൊണ്ടുവരണമേ! അങ്ങയുടെ കരം അവനെ സംരക്ഷിക്കട്ടെ! അവൻ്റെ ശത്രുക്കള്‍ക്കെതിരേ അങ്ങവനു തുണയായിരിക്കണമേ!
8: ലേവിയെക്കുറിച്ച് അവന്‍ പറഞ്ഞു: അങ്ങയുടെ തുമ്മീമും ഉറീമും അങ്ങയുടെ വിശ്വസ്തനു നല്കണമേ! അവനെയാണ്, അങ്ങ് മാസായില്‍വച്ചു പരീക്ഷിച്ചത്. അവനുമായാണ് മെരീബാ ജലാശയത്തിങ്കല്‍വച്ച് അങ്ങ് ഏറ്റുമുട്ടിയത്.
9: നിങ്ങളെ ഞാനറിയില്ലെന്ന് അവന്‍ തൻ്റെ മാതാപിതാക്കന്മാരോടു പറഞ്ഞു; സഹോദരരെ അവനംഗീകരിച്ചില്ല, സ്വന്തം മക്കളെ സ്വീകരിച്ചുമില്ല. അവര്‍ അവിടുത്തെ വാക്കുകളനുസരിച്ച് അവിടുത്തെയുടമ്പടി പാലിച്ചു.
10: അവര്‍ യാക്കോബിനെ അവിടുത്തെ നീതിവിധികള്‍ പഠിപ്പിക്കും; ഇസ്രായേലിനെ അവിടുത്തെ നിയമവും. അവര്‍ അവിടുത്തെ സന്നിധിയില്‍ ധൂപമര്‍പ്പിക്കും. അവിടുത്തെ ബലിപീഠത്തിന്മേല്‍ ദഹനബലികളും.
11: കര്‍ത്താവേ, അവനെ അനുഗ്രഹിച്ചു സമ്പന്നനാക്കണമേ! പ്രയത്‌നങ്ങളെ ആശീര്‍വ്വദിക്കണമേ! അവൻ്റെ ശത്രുവിൻ്റെയും അവനെ വെറുക്കുന്നവൻ്റെയും നടുവൊടിക്കണമേ! അവരെഴുന്നേല്‍ക്കാതിരിക്കട്ടെ!
12: ബഞ്ചമിനെക്കുറിച്ച്, അവന്‍ പറഞ്ഞു: കര്‍ത്താവിനു പ്രിയപ്പെട്ടവന്‍; അവിടുത്തെ സമീപത്ത് അവന്‍ സുരക്ഷിതനായി വസിക്കുന്നു. അവിടുന്ന് എല്ലായ്‌പ്പോഴും അവനെ വലയംചെയ്യും; അവിടുത്തെ ചുമലുകളുടെയിടയില്‍ അവന്‍ വാസമുറപ്പിക്കും.
13: ജോസഫിനെക്കുറിച്ച് അവന്‍ പറഞ്ഞു: അവൻ്റെദേശം കര്‍ത്താവിനാല്‍ അനുഗൃഹീതമാകട്ടെ! ആകാശത്തുനിന്ന് വിശിഷ്ടമായ മഞ്ഞ്, അഗാധതയില്‍നിന്നുള്ള ഉറവ,
14: സൂര്യപ്രകാശത്തില്‍ വിളയുന്ന നല്ലഫലങ്ങള്‍, മാസംതോറും ലഭിക്കുന്ന വിശിഷ്ടവിഭവങ്ങള്‍,
15: പ്രാചീനപര്‍വ്വതങ്ങളുടെ ശ്രേഷ്ഠദാനങ്ങള്‍, ശാശ്വതശൈലങ്ങളുടെ അമൂല്യനിക്ഷേപങ്ങള്‍,
16: ഭൂമിയിലെ നല്ലവസ്തുക്കള്‍, അവയുടെ സമൃദ്ധി എന്നിവകൊണ്ടു മുള്‍പ്പടര്‍പ്പില്‍ വസിക്കുന്നവൻ്റെ പ്രസാദം, ജോസഫിൻ്റെ ശിരസ്‌സില്‍, സഹോദരന്മാര്‍ക്കിടയില്‍ പ്രഭുവായിരുന്നവൻ്റെ നെറുകയില്‍ വരുമാറാകട്ടെ!
17: അവൻ്റെ കരുത്തു കടിഞ്ഞൂല്‍ക്കൂറ്റന്റേത്; അവൻ്റെ കൊമ്പുകള്‍ കാട്ടുപോത്തിന്റേത്; ആ കൊമ്പുകള്‍കൊണ്ട് അവന്‍ ജനതകളെയെല്ലാം ഭൂമിയുടെ അതിര്‍ത്തിയിലേക്കു തള്ളിമാറ്റും. അവരാണ് എഫ്രായിമിൻ്റെ പതിനായിരങ്ങള്‍; അവരാണ് മനാസ്സെയുടെ ആയിരങ്ങള്‍.
18: സെബുലൂണിനെക്കുറിച്ച് അവന്‍ പറഞ്ഞു: സെബുലൂണ്‍, നീ നിൻ്റെ പ്രയാണത്തില്‍ സന്തോഷിച്ചാലും! ഇസാക്കര്‍, നീ നിൻ്റെ കൂടാരത്തിലും.
19: അവര്‍ ജനതകളെ പര്‍വ്വതത്തിലേക്കു വിളിക്കും; അവിടെ അവര്‍ നീതിയുടെ ബലികളര്‍പ്പിക്കും; അവര്‍ സമുദ്രങ്ങളുടെ സമൃദ്ധി വലിച്ചുകുടിക്കും; മണലിലെ നിഗൂഢനിക്ഷേപങ്ങളും.
20: ഗാദിനെക്കുറിച്ച് അവന്‍ പറഞ്ഞു: ഗാദിൻ്റെ അതിര്‍ത്തി വിസ്തൃതമാക്കുന്നവന്‍ അനുഗൃഹീതന്‍, ഗാദ് ഒരു സിംഹത്തെപ്പോലെ വസിക്കുന്നു; അവന്‍ ഭുജം മൂര്‍ദ്ധാവോടുകൂടെ വലിച്ചുകീറുന്നു.
21: അവന്‍ നാടിൻ്റെ ഏറ്റവും നല്ല ഭാഗം സ്വന്തമാക്കി; അവിടെയാണു നേതാവിൻ്റെ ഓഹരിനിക്ഷിപ്തമായിരുന്നത്. അവന്‍ ജനനേതാക്കളുമൊത്തു വന്നു; കര്‍ത്താവിൻ്റെ നീതി നടപ്പിലാക്കി; ഇസ്രായേലില്‍ അവിടുത്തെ കല്പനകളും നീതിവിധികളും.
22: ദാനിനെക്കുറിച്ച് അവന്‍ പറഞ്ഞു: ദാന്‍ ഒരു സിംഹക്കുട്ടിയാണ്; അവന്‍ ബാഷാനില്‍നിന്നു കുതിച്ചുചാടുന്നു.
23: നഫ്താലിയെക്കുറിച്ച് അവന്‍ പറഞ്ഞു: നഫ്താലി പ്രസാദത്താല്‍ സംതൃപ്തന്‍; ദൈവത്തിൻ്റെ അനുഗ്രഹംകൊണ്ടു സമ്പൂര്‍ണ്ണന്‍. കടലും ദക്ഷിണദിക്കും നീ കൈവശമാക്കുക.
24: ആഷേറിനെക്കുറിച്ച് അവന്‍ പറഞ്ഞു: പുത്രന്മാരില്‍ ഏറ്റവും അനുഗൃഹീതന്‍ ആഷേറായിരിക്കട്ടെ! സഹോദരന്മാരില്‍ പ്രിയങ്കരനും. അവന്‍ തൻ്റെ പാദങ്ങള്‍ എണ്ണയില്‍ക്കഴുകട്ടെ!
25: നിൻ്റെ ഓടാമ്പല്‍ ഇരുമ്പും പിത്തളയും; നിൻ്റെ ആയുസ്സോളം നിൻ്റെ ശക്തിയും.
26: യഷുറൂണ്‍, നിൻ്റെ ദൈവത്തെപ്പോലെ ആരുമില്ല; നിന്നെ സഹായിക്കാന്‍ അവിടുന്നു വിഹായസ്സിലൂടെ മഹത്വപൂര്‍ണ്ണനായി മേഘത്തിന്മേല്‍ സഞ്ചരിക്കുന്നു.
27: നിത്യനായ ദൈവം നിൻ്റെ അഭയം; താങ്ങാന്‍ ശാശ്വതഹസ്തങ്ങള്‍; അവിടുന്നു നിൻ്റെ ശത്രുവിനെ തട്ടിമാറ്റും. സംഹരിക്കൂ! അവിടുന്നു പറയും.
28: ഇസ്രായേല്‍ സുരക്ഷിതമായി വസിക്കും; യാക്കോബിൻ്റെ സന്തതികള്‍ ധാന്യവും വീഞ്ഞുമുള്ള നാട്ടില്‍ തനിച്ചുപാര്‍ക്കും; ആകാശം മഞ്ഞുപൊഴിക്കും.
29: ഇസ്രായേലേ, നീ ഭാഗ്യവാന്‍! നിന്നെ സഹായിക്കുന്ന പരിചയും നിന്നെ മഹത്വമണിയിക്കുന്ന വാളുമായ കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ട നിന്നെപ്പോലെ മറ്റേതു ജനമാണുള്ളത്? ശത്രുക്കള്‍ നിന്നെ വഞ്ചിക്കാന്‍ ശ്രമിക്കും; എന്നാല്‍, നീ അവരുടെ ഉന്നതസ്ഥലങ്ങള്‍ ചവിട്ടിമെതിക്കും.

അദ്ധ്യായം 34

മോശയുടെ മരണം

1: അനന്തരം, മോശ മൊവാബു സമതലത്തില്‍നിന്നു ജറീക്കോയുടെ എതിര്‍വശത്തു സ്ഥിതിചെയ്യുന്ന നെബോമലയിലെ പിസ്ഗായുടെ മുകളില്‍ക്കയറി. കര്‍ത്താവവന്, എല്ലാ പ്രദേശങ്ങളും കാണിച്ചുകൊടുത്തു വേഗിലയാദുമുതല്‍ ദാന്‍വരെയുള്ള പ്രദേശങ്ങളും
2: നഫ്താലി മുഴുവനും എഫ്രായിമിൻ്റെയും മനാസ്സെയുടെയും ദേശങ്ങളും പശ്ചിമസമുദ്രംവരെയുള്ള യൂദാദേശവും
3: നെഗെബും ഈന്തപ്പനകളുടെ പട്ടണമായ ജറീക്കോ സ്ഥിതിചെയ്യുന്ന താഴ്‌വരയിലെ സോവാര്‍വരെയുള്ള സമതലവും.
4: അനന്തരം, കര്‍ത്താവവനോടു പറഞ്ഞു: നിൻ്റെ സന്തതികള്‍ക്കു നല്കുമെന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ഞാന്‍ ശപഥംചെയ്ത ദേശമാണിത്. ഇതുകാണാന്‍ ഞാന്‍ നിന്നെയനുവദിച്ചു; എന്നാല്‍, നീ ഇതില്‍ പ്രവേശിക്കുകയില്ല.
5: കര്‍ത്താവിൻ്റെ ദാസനായ മോശ, അവിടുന്നരുളിച്ചെയ്തതുപോലെ മൊവാബുദേശത്തുവച്ചു മരിച്ചു.
6: മൊവാബുദേശത്തു ബത്പെയോറിനെതിരേയുള്ള താഴ്‌വരയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. എന്നാലിന്നുവരെ, അവൻ്റെ ശവകുടീരത്തിൻ്റെ സ്ഥാനം ആര്‍ക്കുമറിവില്ല.
7: മരിക്കുമ്പാള്‍ മോശയ്ക്കു നൂറ്റിയിരുപതു വയസ്സുണ്ടായിരുന്നു. അവൻ്റെ കണ്ണു മങ്ങുകയോ ശക്തിക്ഷയിക്കുകയോ ചെയ്തിരുന്നില്ല.
8: ഇസ്രായേല്‍, മുപ്പതുദിവസം മൊവാബുതാഴ്‌വരയില്‍ മോശയെയോര്‍ത്തു വിലപിച്ചു. മോശയ്ക്കുവേണ്ടിയുള്ള വിലാപദിവസങ്ങള്‍ പൂര്‍ത്തിയായി.
9: നൂനിൻ്റെ പുത്രനായ ജോഷ്വ, ജ്ഞാനത്തിൻ്റെ ആത്മാവിനാല്‍ പൂരിതനായിരുന്നു; എന്തെന്നാല്‍, മോശ അവൻ്റെമേല്‍ കൈകള്‍വച്ചിരുന്നു. ഇസ്രായേല്‍ജനം അവൻ്റെ വാക്കു കേള്‍ക്കുകയും കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
10: കര്‍ത്താവ് മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല.
11: കര്‍ത്താവിനാല്‍ നിയുക്തനായി, ഈജിപ്തില്‍ ഫറവോയ്ക്കും ദാസന്മാര്‍ക്കും രാജ്യത്തിനു മുഴുവനുമെതിരായി അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങളിലും അദ്ഭുതങ്ങളിലും,
12: ഇസ്രായേല്‍ജനത്തിൻ്റെ മുമ്പില്‍ പ്രകടമാക്കിയ മഹത്തും ഭയാനകവുമായ പ്രവൃത്തികളിലും മോശ അതുല്യനാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ