മുപ്പത്തൊന്നാംദിവസം - ലേവ്യര്‍ 10 - 12


അദ്ധ്യായം 10

നാദാബും അബിഹുവും

1: അഹറോൻ്റെ പുത്രന്മാരായ നാദാബും അബിഹുവും തങ്ങളുടെ ധൂപകലശങ്ങളെടുത്തു തീകൊളുത്തി. അതില്‍ കുന്തുരുക്കമിട്ടു കര്‍ത്താവിൻ്റെ മുമ്പിലര്‍പ്പിച്ചു. അവിടുന്നു കല്പിച്ചിട്ടില്ലായ്കയാല്‍, ആ അഗ്നി അവിശുദ്ധമായിരുന്നു.
2: അതിനാല്‍, കര്‍ത്താവിൻ്റെ സന്നിധിയില്‍നിന്ന് അഗ്നിയിറങ്ങിവന്ന്, അവരെ വിഴുങ്ങി. അവരവിടുത്തെ മുമ്പില്‍വച്ചു മരിച്ചു.
3: അപ്പോള്‍മോശ അഹറോനോടു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു, എന്നെ സമീപിക്കുന്നവര്‍ക്കു ഞാന്‍ പരിശുദ്ധനാണെന്നു കാണിച്ചുകൊടുക്കും. എല്ലാ ജനങ്ങളുടെയുംമുമ്പില്‍ എൻ്റെ മഹത്വം ഞാന്‍ വെളിപ്പെടുത്തും. അഹറോന്‍ നിശ്ശബ്ദനായിരുന്നു.
4: മോശ അഹറോൻ്റെ പിതൃസഹോദരനായ ഉസിയേലിൻ്റെ പുത്രന്മാരായ മിഷായെലിനെയും എല്‍സഫാനെയും വിളിച്ചുപറഞ്ഞു: വന്നു നിങ്ങളുടെ സഹോദരന്മാരെ കൂടാരത്തിനു മുമ്പില്‍നിന്നു പാളയത്തിനു വെളിയില്‍ കൊണ്ടുപോകുവിന്‍.
5: മോശ പറഞ്ഞതുപോലെ അവര്‍ ചെന്ന്, അവരെ കുപ്പായങ്ങളോടുകൂടെ എടുത്തു, പാളയത്തിനു പുറത്തുകൊണ്ടുപോയി.
6: അനന്തരം, മോശ അഹറോനോടും അവൻ്റെ പുത്രന്മാരായ എലെയാസറിനോടും ഇത്താമറിനോടും പറഞ്ഞു: നിങ്ങള്‍ തല നഗ്നമാക്കുകയോ വസ്ത്രം വലിച്ചുകീറുകയോ അരുത്. അങ്ങനെചെയ്താല്‍, നിങ്ങള്‍ മരിക്കുകയും ജനം മുഴുവൻ്റെയുംമേല്‍ ദൈവകോപം നിപതിക്കുകയും ചെയ്യും. എന്നാല്‍, ഇസ്രായേല്‍ഭവനം മുഴുവനിലുമുള്ള നിങ്ങളുടെ സഹോദരര്‍, കര്‍ത്താവയച്ച അഗ്നിയെക്കുറിച്ചു വിലപിച്ചുകൊള്ളട്ടെ.
7: കര്‍ത്താവിൻ്റെ അഭിഷേകതൈലം നിങ്ങളുടെമേലുള്ളതിനാല്‍ നിങ്ങള്‍ സമാഗമകൂടാരത്തിൻ്റെ വാതില്‍വിട്ടു പുറത്തുപോകരുത്. പോയാല്‍, നിങ്ങള്‍ മരിക്കും. അവര്‍ മോശയുടെ വാക്കനുസരിച്ചു പ്രവര്‍ത്തിച്ചു.

പുരോഹിതര്‍ക്കു നിയമങ്ങള്‍

8: കര്‍ത്താവ്, അഹറോനോടു പറഞ്ഞു:
9: നീയും പുത്രന്മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരിസാധനങ്ങളോ കുടിക്കരുത്; കുടിച്ചാല്‍, നിങ്ങള്‍ മരിക്കും. ഇതു നിങ്ങള്‍ക്കു തലമുറതോറും ശാശ്വതമായ നിയമമായിരിക്കും.
10: വിശുദ്ധവുമവിശുദ്ധവും, ശുദ്ധവുമശുദ്ധവും നിങ്ങള്‍ വേര്‍തിരിച്ചറിയണം.
11: കര്‍ത്താവു മോശവഴി കല്പിച്ചിട്ടുള്ളവയെല്ലാമനുഷ്ഠിക്കാന്‍ നിങ്ങള്‍ ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുകയും വേണം.
12: മോശ അഹറോനോടും അവൻ്റെ ശേഷിച്ച രണ്ടു മക്കളായ എലെയാസറിനോടും ഇത്താമറിനോടും പറഞ്ഞു: കര്‍ത്താവിനു സമര്‍പ്പിച്ച ധാന്യബലിയില്‍നിന്ന്, അഗ്നിയില്‍ ദഹിപ്പിച്ചതിനുശേഷമുള്ള ഭാഗമെടുത്തു ബലിപീഠത്തിനു സമീപംവച്ച്, പുളിപ്പുചേര്‍ക്കാതെ ഭക്ഷിക്കുക. എന്തെന്നാല്‍, അത് അതിവിശുദ്ധമാണ്.
13: നിങ്ങളതു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കണം. കാരണം, അതു കര്‍ത്താവിൻ്റെ ദഹനബലികളില്‍നിന്ന് നിനക്കും നിൻ്റെ പുത്രന്മാര്‍ക്കുമുള്ള അവകാശമാണ്. ഇങ്ങനെയാണ് എന്നോടു കല്പിച്ചിരിക്കുന്നത്.
14: എന്നാല്‍, നീരാജനംചെയ്ത നെഞ്ചും കാഴ്ചവച്ച കുറകും ശുദ്ധിയുള്ള ഏതെങ്കിലും സ്ഥലത്തുവച്ചു നീയും നിൻ്റെ പുത്രന്മാരും പുത്രികളും ഭക്ഷിച്ചു കൊള്ളുവിന്‍. ഇസ്രായേല്‍ജനത്തിൻ്റെ സമാധാനബലികളില്‍നിന്നു നിനക്കും നിൻ്റെ സന്തതികള്‍ക്കുമുള്ള അവകാശമാണത്.
15: അര്‍പ്പിക്കാനുള്ള കുറകും നീരാജനംചെയ്യാനുള്ള നെഞ്ചും ദഹനബലിക്കുള്ള മേദസ്സോടുകൂടെ അവര്‍ കര്‍ത്താവിൻ്റെമുമ്പില്‍ നീരാജനംചെയ്യാന്‍ കൊണ്ടുവരണം. കര്‍ത്താവു കല്പിച്ചിട്ടുള്ളതുപോലെ നിനക്കും നിൻ്റെ മക്കള്‍ക്കും നിത്യമായി നല്കിയിരിക്കുന്ന അവകാശമാണത്.
16: അനന്തരം, മോശ പാപപരിഹാരബലിക്കുള്ള കോലാടിനെയന്വേഷിച്ചപ്പോള്‍ അതു ദഹിപ്പിക്കപ്പെട്ടിരിക്കുന്നതായിക്കണ്ടു. അവന്‍ അഹറോൻ്റെ ശേഷിച്ച പുത്രന്മാരായ എലെയാസറിനോടും ഇത്താമറിനോടും കോപത്തോടെ പറഞ്ഞു:
17: നിങ്ങള്‍ എന്തുകൊണ്ടു പാപപരിഹാരബലി വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിച്ചില്ല? അത് അതിവിശുദ്ധവും, സമൂഹത്തിൻ്റെ കുറ്റം വഹിക്കാനും കര്‍ത്താവിൻ്റെമുമ്പില്‍ അവര്‍ക്കുവേണ്ടി പരിഹാരമനുഷ്ഠിക്കാനുമായി നിങ്ങള്‍ക്കു തന്നിരുന്നതുമാണല്ലോ.
18: അതിൻ്റെ രക്തം നിങ്ങള്‍ കൂടാരത്തിനകത്തു കൊണ്ടുവന്നില്ല; ഞാന്‍ നിങ്ങളോടു കല്പിച്ചിരുന്നതുപോലെ നിങ്ങളതു വിശുദ്ധസ്ഥലത്തുവച്ചുതന്നെ ഭക്ഷിക്കേണ്ടതായിരുന്നു.
19: അപ്പോള്‍ അഹറോന്‍ മോശയോടു പറഞ്ഞു: ഇതാ, ഇന്നവര്‍ തങ്ങളുടെ ദഹനബലിയും പാപപരിഹാരബലിയും കര്‍ത്താവിൻ്റെ സന്നിധിയിലര്‍പ്പിച്ചിരിക്കുന്നു. എന്നിട്ടും ഇവയൊക്കെ എനിക്കു സംഭവിച്ചു. ഞാനിന്നു പാപപരിഹാരബലി ഭക്ഷിച്ചിരുന്നുവെങ്കില്‍ കര്‍ത്താവിൻ്റെ ദൃഷ്ടിയില്‍ അതു സ്വീകാര്യമാകുമായിരുന്നോ?
20: അതുകേട്ടപ്പോള്‍ മോശയ്ക്കു തൃപ്തിയായി.

അദ്ധ്യായം 11


ശുദ്ധവുമശുദ്ധവുമായ ജീവികള്‍

1: കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക, ഭൂമുഖത്തെ മൃഗങ്ങളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്:
3: പാദം വിഭജിച്ചിരിക്കുന്നതും ഇരട്ടക്കുളമ്പുള്ളതും അയവിറക്കുന്നതുമായ മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷിക്കാം.
4: എന്നാല്‍, അയവിറക്കുന്നതോ ഇരട്ടക്കുളമ്പുള്ളതോ ആയ മൃഗങ്ങളില്‍, ഇവയെ നിങ്ങള്‍ ഭക്ഷിക്കരുത്: ഒട്ടകം അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്കശുദ്ധമാണ്.
5: കുഴിമുയല്‍ അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്കശുദ്ധമാണ്.
6: മുയല്‍ അയവിറക്കുന്നതെങ്കിലും അത് ഇരട്ടക്കുളമ്പുള്ളതല്ല. അതു നിങ്ങള്‍ക്കശുദ്ധമാണ്.
7: പന്നി ഇരട്ടക്കുളമ്പുള്ളതെങ്കിലും അത് അയവിറക്കുന്നതല്ല. അതു നിങ്ങള്‍ക്കശുദ്ധമാണ്.
8: ഇവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. പിണം തൊടുകയുമരുത്. ഇവ നിങ്ങള്‍ക്കശുദ്ധമാണ്.
9: ജലജീവികളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്. കടലിലും നദിയിലും ജീവിക്കുന്ന, ചിറകും ചെതുമ്പലുമുള്ളവയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം.
10: എന്നാല്‍ കടലിലും നദികളിലും പറ്റംചേര്‍ന്നു ചരിക്കുന്നവയും അല്ലാത്തവയുമായ ജലജീവികളില്‍, ചിറകും ചെതുമ്പലുമില്ലാത്തവ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കട്ടെ.
11: അവ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കണം. അവയുടെ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്. അവയുടെ പിണം നിങ്ങള്‍ക്കു നിന്ദ്യമായിരിക്കട്ടെ.
12: ചിറകും ചെതുമ്പലുമില്ലാത്ത ജലജീവികളെല്ലാം നിങ്ങള്‍ക്കു നിന്ദ്യമായിരിക്കണം.
13: പക്ഷികളില്‍ നിങ്ങള്‍ക്കു നിന്ദ്യമായിരിക്കേണ്ടവ ഇവയാണ്. ഇവ നിങ്ങള്‍ ഭക്ഷിക്കരുത്. ഇവയെല്ലാം നിന്ദ്യമാണ്. എല്ലാത്തരത്തിലുംപെട്ട കഴുകന്‍, ചെമ്പരുന്ത്, കരിമ്പരുന്ത്,
14: പരുന്ത്, പ്രാപ്പിടിയന്‍,
15: കാക്ക,
16: ഒട്ടകപ്പക്ഷി, രാനത്ത്, കടല്‍പ്പാത്ത, ചെങ്ങാലിപ്പരുന്ത്,
17: മൂങ്ങ, നീര്‍കാക്ക, കൂമന്‍,
18: അരയന്നം, ഞാറപ്പക്ഷി, കരിങ്കഴുകന്‍,
19: കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീര്‍.
20: ചിറകുള്ള കീടങ്ങളില്‍ നാലുകാലില്‍ ചരിക്കുന്നവയെല്ലാം നിന്ദ്യമാണ്.
21: എന്നാല്‍, ചിറകും നാലുകാലുമുള്ള കീടങ്ങളില്‍ നിലത്തു കുതിച്ചുചാടുന്നവയെ ഭക്ഷിക്കാം.
22: അവയില്‍ വെട്ടുകിളി, പച്ചക്കുതിര, വണ്ട്, വിട്ടില്‍ - ഇവയുടെ എല്ലാവര്‍ഗ്ഗങ്ങളും നിങ്ങള്‍ക്കു ഭക്ഷിക്കാം.
23: എന്നാല്‍, നാലു കാലും ചിറകുമുള്ള മറ്റെല്ലാക്കീടങ്ങളും നിങ്ങള്‍ക്കു നിന്ദ്യമാണ്. ഇവ നിങ്ങളെയശുദ്ധരാക്കും. 
24: ഇവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
25: ഇവയുടെ പിണം വഹിക്കുന്നവന്‍, തൻ്റെ വസ്ത്രം കഴുകട്ടെ. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
26: പാദം വിഭക്തമെങ്കിലും ഇരട്ടക്കുളമ്പില്ലാത്തതും അയവിറക്കാത്തതുമായ സകലമൃഗങ്ങളും നിങ്ങള്‍ക്കശുദ്ധമാണ്. അവയെ സ്പര്‍ശിക്കുന്നവരും അശുദ്ധരായിരിക്കും.
27: നാല്‍ക്കാലികളില്‍, നഖമുള്ള പാദങ്ങളോടുകൂടിയവ നിങ്ങള്‍ക്കശുദ്ധമാണ്. അവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
28: അവയുടെ പിണം വഹിക്കുന്നവന്‍ തൻ്റെ വസ്ത്രം കഴുകണം. വൈകുന്നേരംവരെ അവനശുദ്ധനായിരിക്കും. അവ നിങ്ങള്‍ക്കശുദ്ധമാണ്.
29: ഭൂമിയിലെ ഇഴജന്തുക്കളില്‍, നിങ്ങള്‍ക്കശുദ്ധമായവ കീരി, എലി, വിവിധതരം ഉടുമ്പുകള്‍,
30: പല്ലി, ചുമര്‍പ്പല്ലി, മണല്‍പ്പല്ലി, അരണ, ഓന്ത് എന്നിവയാണ്.
31: ഇഴജന്തുക്കളില്‍ അശുദ്ധമായ ഇവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
32: ഇവയുടെ പിണം ഏതെങ്കിലും വസ്തുവിന്മേല്‍ വീണാല്‍ അതും അശുദ്ധമാകും. അതു മരംകൊണ്ടുണ്ടാക്കിയ ഉപകരണമോ, വസ്ത്രമോ, തോലോ, ചാക്കോ, ഉപയോഗയോഗ്യമായ ഏതെങ്കിലും പാത്രമോ ആകട്ടെ, അതു വെള്ളത്തിലിടണം. വൈകുന്നേരംവരെ അതശുദ്ധമായിരിക്കും. അനന്തരം ശുദ്ധമാകും.
33: പിണം മണ്‍പാത്രത്തില്‍ വീണാല്‍ അതിലുള്ളവയും അശുദ്ധമായിത്തീരും. അതുടച്ചുകളയണം.
34: അതിലെ വെള്ളം ഏതെങ്കിലും ഭക്ഷണപദാര്‍ത്ഥത്തില്‍ വീണാല്‍ അതശുദ്ധമാകും. അതിലുള്ള ഏതുപാനീയവും അശുദ്ധമായിരിക്കും.
35: പിണത്തിൻ്റെ അംശം എന്തിലെങ്കിലും വീണാല്‍ അതശുദ്ധമാകും. അടുപ്പോ അഗ്നികലശമോ ആകട്ടെ, അതുടച്ചുകളയണം. അതശുദ്ധമാണ്; അശുദ്ധമായി നിങ്ങള്‍ കരുതുകയുംവേണം.
36: പിണം സ്പര്‍ശിക്കുന്ന എന്തും അശുദ്ധമാകുമെങ്കിലും ജലസമൃദ്ധമായ അരുവികള്‍ക്കും ഉറവകള്‍ക്കും അതു ബാധകമല്ല.
37: വിതയ്ക്കാനുള്ള വിത്തില്‍ പിണത്തിൻ്റെ അംശം വീണാലും, അതു ശുദ്ധമായിരിക്കും.
38: എന്നാല്‍ നനച്ച വിത്തില്‍ പിണത്തിൻ്റെ അംശംവീണാല്‍ അതു നിങ്ങള്‍ക്കശുദ്ധമായിരിക്കും.
39: മൃഗം നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നതാണെങ്കിലും ചത്തുപോയാല്‍ അതിൻ്റെ പിണം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
40: അതിൻ്റെ മാംസം ഭക്ഷിക്കുന്നവന്‍ തൻ്റെ വസ്ത്രം കഴുകണം. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. അതു വഹിക്കുന്നവനും തൻ്റെ വസ്ത്രം കഴുകണം. അവനും വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
41: ഇഴജന്തുക്കളെല്ലാം നിന്ദ്യമാണ്. അവയെ ഭക്ഷിക്കരുത്.
42: ഉരസ്സുകൊണ്ടോ നാലോ അതില്‍ക്കൂടുതലോ കാലുകള്‍കൊണ്ടോ ഇഴയുന്ന ജന്തുക്കളെ നിങ്ങള്‍ ഭക്ഷിക്കരുത്; അവ നിന്ദ്യമാണ്.
43: ഇഴജന്തുക്കള്‍നിമിത്തം നിങ്ങള്‍ അശുദ്ധരാകരുത്. അശുദ്ധരാകാതിരിക്കാന്‍ അവകൊണ്ടുള്ള മാലിന്യത്തില്‍നിന്നകലുവിന്‍.
44: ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാകുന്നു. നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധരായിരിക്കുകയും ചെയ്യുവിന്‍. കാരണം, ഞാന്‍ പരിശുദ്ധനാകുന്നു. ഭൂമിയിലെ ഇഴജന്തുക്കള്‍നിമിത്തം നിങ്ങള്‍ മലിനരാകരുത്.
45: നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന് ഈജിപ്തില്‍നിന്നു നിങ്ങളെയാനയിച്ച കര്‍ത്താവു ഞാനാകുന്നു. നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍, ഞാന്‍ പരിശുദ്ധനാണ്.
46: പക്ഷികള്‍, മൃഗങ്ങള്‍, ജലജീവികള്‍, ഭൂമിയിലെ ഇഴജന്തുക്കള്‍ എന്നിവയെ സംബന്ധിച്ചുള്ള നിയമമാണിത്.
47: ജീവികളെ ശുദ്ധിയുള്ളവയും ശുദ്ധിയില്ലാത്തവയും ഭക്ഷിക്കാവുന്നവയും ഭക്ഷിക്കരുതാത്തവയുംതമ്മില്‍ വേര്‍തിരിക്കാനാണിത്.

അദ്ധ്യായം 12

മാതാക്കളുടെ ശുദ്ധീകരണം

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക, ഗര്‍ഭംധരിച്ച്, ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ, ഋതുകാലത്തെന്നപോലെ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും.
3: എട്ടാംദിവസം, കുട്ടിയെ പരിച്ഛേദനം ചെയ്യണം.
4: പിന്നെ, രക്തത്തില്‍നിന്നുള്ള ശുദ്ധീകരണത്തിനായി അവള്‍ മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം. ശുദ്ധീകരണദിവസങ്ങള്‍ കഴിയുന്നതുവരെ വിശുദ്ധവസ്തുക്കള്‍ സ്പര്‍ശിക്കുകയോ വിശുദ്ധസ്ഥലത്തു പ്രവേശിക്കുകയോ അരുത്.
5: എന്നാല്‍, പെണ്‍കുഞ്ഞിനെയാണു പ്രസവിക്കുന്നതെങ്കില്‍ ഋതുകാലത്തെന്നപോലെ രണ്ടാഴ്ചത്തേയ്ക്ക് അവളശുദ്ധയായിരിക്കും; രക്തത്തില്‍നിന്നുള്ള ശുദ്ധീകരണത്തിനായി അറുപത്തിയാറു ദിവസം കാത്തിരിക്കണം.
6: കുഞ്ഞ്, ആണോ പെണ്ണോ ആകട്ടെ, ശുദ്ധീകരണത്തിൻ്റെ ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, അവള്‍ കുഞ്ഞിനുവേണ്ടി ഒരു വയസ്സുള്ള ഒരാട്ടിന്‍കുട്ടിയെ ദഹനബലിക്കായും ഒരു ചെങ്ങാലിയെയോ പ്രാവിന്‍കുഞ്ഞിനെയോ പാപപരിഹാരബലിക്കായും സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ പുരോഹിതൻ്റെ മുമ്പില്‍ കൊണ്ടുവരണം.
7: അവനവയെ കര്‍ത്താവിൻ്റെ സന്നിധിയിലര്‍പ്പിച്ച്, അവള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ രക്തസ്രാവത്തില്‍നിന്ന് അവള്‍ ശുദ്ധയാകും. ഇതാണ് ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിക്കുന്ന സ്ത്രീക്കുള്ള നിയമം.
8: ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍ അവള്‍ക്കു കഴിവില്ലെങ്കില്‍, രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ. ഒന്നു ദഹനബലിക്കും, മറ്റേതു പാപപരിഹാരബലിക്കും. പുരോഹിതന്‍ അവള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍, അവള്‍ ശുദ്ധയാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ