നാല്പത്തിനാലാം ദിവസം: സംഖ്യ 24 - 26


അദ്ധ്യായം 24

1: ഇസ്രായേലിനെയനുഗ്രഹിക്കുന്നതു കര്‍ത്താവിനു പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോള്‍, മുന്നവസരങ്ങളില്‍ചെയ്തതുപോലെ ശകുനംനോക്കാന്‍പോകാതെ, ബാലാം മരുഭൂമിയിലേക്കു മുഖംതിരിച്ചുനിന്നു.
2: അവന്‍ കണ്ണുകളുയര്‍ത്തി; ഗോത്രങ്ങളനുസരിച്ച്, ഇസ്രായേല്‍ പാളയമടിച്ചിരിക്കുന്നതു കണ്ടു. ദൈവത്തിൻ്റെയാത്മാവ് അവൻ്റെമേലാവസിച്ചു.
3: അവന്‍ പ്രവചിച്ചു പറഞ്ഞു: ബയോറിൻ്റെ മകന്‍ ബാലാമിൻ്റെ പ്രവചനം, ദര്‍ശനംലഭിച്ചവൻ്റെ പ്രവചനം.
4: ദൈവത്തിൻ്റെ വാക്കുകള്‍ ശ്രവിച്ചവന്‍, സര്‍വ്വശക്തനില്‍നിന്നു ദര്‍ശനംസിദ്ധിച്ചവന്‍, തുറന്നകണ്ണുകളോടെ സമാധിയില്‍ ലയിച്ചവന്‍ പ്രവചിക്കുന്നു:
5: യാക്കോബേ, നിൻ്റെ കൂടാരങ്ങള്‍ എത്ര മനോഹരം! ഇസ്രായേലേ, നിൻ്റെ പാളയങ്ങളും.
6: വിശാലമായ താഴ്‌വരപോലെയാണവ; നദീതീരത്തെ ഉദ്യാനങ്ങള്‍പോലെയും, കര്‍ത്താവു നട്ട കാരകില്‍നിരപോലെയും, നീര്‍ച്ചാലിനരികെയുള്ള ദേവദാരുപോലെയും.
7: അവൻ്റെ ഭരണികളില്‍നിന്നു വെള്ളം കവിഞ്ഞൊഴുകും, വിത്തുകള്‍ക്കു സമൃദ്ധമായി ജലം ലഭിക്കും. അവൻ്റെ രാജാവ് അഗാഗിനെക്കാള്‍ ഉന്നതനായിരിക്കും. അവൻ്റെ രാജ്യം മഹത്വമണിയും.
8: ദൈവം ഈജിപ്തില്‍നിന്ന് അവനെക്കൊണ്ടുവന്നു; അവനു കാട്ടുപോത്തിൻ്റെ കരുത്തുണ്ട്; ശത്രുജനതകളെ അവന്‍ സംഹരിക്കും; അവരുടെ അസ്ഥികള്‍ അവന്‍ തകര്‍ക്കും; അവൻ്റെ അസ്ത്രങ്ങള്‍ അവരെ പിളര്‍ക്കും.
9: സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും അവന്‍ പതുങ്ങിക്കിടക്കുന്നു. അവനെയുണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും? നിന്നെയനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍, നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്തന്‍!
10: ബാലാമിനെതിരേ ബാലാക്കിൻ്റെ കോപംജ്വലിച്ചു. അവന്‍ കൈ കൂട്ടിയടിച്ചുകൊണ്ടു പറഞ്ഞു: എൻ്റെ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെ കൊണ്ടുവന്നു. എന്നാല്‍ മൂന്നു പ്രാവശ്യവും നീയവരെ അനുഗ്രഹിച്ചിരിക്കുന്നു.
11: അതിനാല്‍ നിൻ്റെ ദേശത്തേക്ക് ഓടിക്കൊള്ളുക. വലിയ ബഹുമതികള്‍ നല്കാമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, കര്‍ത്താവു നിനക്കതു നിഷേധിച്ചിരിക്കുന്നു.
12: ബാലാം അവനോടു പറഞ്ഞു:
13: നിൻ്റെ ദൂതന്മാരോടു ഞാന്‍ പറഞ്ഞില്ലേ, ബാലാക് തൻ്റെ വീടുനിറയെ പൊന്നും വെള്ളിയും തന്നാല്‍പ്പോലും കര്‍ത്താവിൻ്റെ കല്പനയ്ക്കപ്പുറം സ്വമേധയാ നന്മയോ തിന്മയോ ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല; കര്‍ത്താവ് അരുളിച്ചെയ്യുന്നതെന്തോ അതു ഞാന്‍ പറയുമെന്ന്?
14: ഇതാ എൻ്റെ ജനത്തിൻ്റെയടുത്തേക്കു ഞാന്‍ മടങ്ങുന്നു. ഭാവിയില്‍ ഇസ്രായേല്‍ നിൻ്റെ ജനത്തോടെന്തു ചെയ്യുമെന്ന് ഞാനറിയിക്കാം:
15: ബാലാം പ്രവചനം തുടര്‍ന്നു: ബയോറിൻ്റെ മകന്‍ ബാലാമിൻ്റെ പ്രവചനം, ദര്‍ശനംലഭിച്ചവൻ്റെ പ്രവചനം:
16: ദൈവത്തിൻ്റെ വാക്കുകള്‍ ശ്രവിച്ചവന്‍, അത്യുന്നതൻ്റെ അറിവില്‍ പങ്കുചേര്‍ന്നവന്‍, സര്‍വ്വശക്തനില്‍നിന്നു ദര്‍ശനം സിദ്ധിച്ചവന്‍, തുറന്നകണ്ണുകളോടെ സമാധിയില്‍ലയിച്ചവന്‍ പ്രവചിക്കുന്നു:
17: ഞാനവനെക്കാണുന്നു, എന്നാല്‍ ഇപ്പോഴല്ല; ഞാനവനെ ദര്‍ശിക്കുന്നു, എന്നാല്‍ അടുത്തല്ല. യാക്കോബില്‍നിന്ന്, ഒരു നക്ഷത്രമുദിക്കും, ഇസ്രായേലില്‍നിന്ന് ഒരു ചെങ്കോലുയരും, അതു മൊവാബിൻ്റെ നെറ്റിത്തടം തകര്‍ക്കും, ഷേത്തിൻ്റെ പുത്രന്മാരെ സംഹരിക്കുകയും ചെയ്യും.
18: ഏദോം അന്യാധീനമാകും; ശത്രുവായ സെയിറും. ഇസ്രായേലോ സുധീരം മുന്നേറും.
19: ഭരണംനടത്താനുള്ളവന്‍ യാക്കോബില്‍നിന്നു വരും; പട്ടണങ്ങളിലവശേഷിക്കുന്നവര്‍ നശിപ്പിക്കപ്പെടും.
20: അവന്‍ അമലേക്കിനെനോക്കി പ്രവചിച്ചു: അമലേക്ക് ജനതകളിലൊന്നാമനായിരുന്നു; എന്നാല്‍, അവസാനം അവന്‍ പൂര്‍ണ്ണമായി നശിക്കും.
21: അവന്‍ കേന്യരെനോക്കി പ്രവചിച്ചു: നിൻ്റെ വാസസ്ഥലം സുശക്തമാണ്; പാറയില്‍ നീ കൂടുവച്ചിരിക്കുന്നു.
22: എന്നാല്‍, നീ നശിച്ചുപോകും, അസ്സൂര്‍ നിന്നെ അടിമയായി കൊണ്ടുപോകും.
23: ബാലാം പ്രവചനം തുടര്‍ന്നു: ഹാ, ദൈവമിതു ചെയ്യുമ്പോള്‍ ആരു ജീവനോടിരിക്കും!
24: കിത്തിമില്‍നിന്നു കപ്പലുകള്‍ പുറപ്പെടും, അസ്സൂറിനെയും ഏബറിനെയും പീഡിപ്പിക്കും, എന്നാല്‍, അവനും നാശമടയും.
25: ബാലാം സ്വദേശത്തേക്കു മടങ്ങി: ബാലാക് തൻ്റെ വഴിക്കും പോയി.


അദ്ധ്യായം 25

പെയോറിലെ ബാല്‍

1: ഷിത്തിമില്‍ പാര്‍ക്കുമ്പോള്‍ മൊവാബ്യസ്ത്രീകളുമായി ഇസ്രായേല്‍ജനം വേശ്യാവൃത്തിയിലേര്‍പ്പെടാന്‍ തുടങ്ങി.
2: അവര്‍ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്ക്, ഇസ്രായേല്‍ക്കാരെ ക്ഷണിച്ചു. അവര്‍, അവരോടുചേര്‍ന്നു ഭക്ഷിക്കുകയും ദേവന്മാരെ ആരാധിക്കുകയുംചെയ്തു.
3: അങ്ങനെ ഇസ്രായേല്‍ പെയോറിലെ ബാലിനു സേവചെയ്തു; അവര്‍ക്കെതിരേ കര്‍ത്താവിൻ്റെ കോപം ജ്വലിച്ചു.
4: അവിടുന്നു മോശയോടരുളിച്ചെയ്തു: ജനത്തിൻ്റെ തലവന്മാരെപ്പിടിച്ച്, കര്‍ത്താവിൻ്റെ മുമ്പാകെ പരസ്യമായി തൂക്കിലിടുക. കര്‍ത്താവിൻ്റെ ഉഗ്രകോപം ജനങ്ങളില്‍നിന്നു മാറിപ്പോകട്ടെ.
5: മോശ ഇസ്രായേലിലെ ന്യായാധിപന്മാരോടു പറഞ്ഞു: നിങ്ങളോരോരുത്തരും പെയോറിലെ ബാലിൻ്റെ അടിമകളായിത്തീര്‍ന്ന നിങ്ങളുടെയാളുകളെ വധിക്കുക.
6: മോശയും സമാഗമകൂടാരവാതില്‍ക്കല്‍ വിലപിച്ചുകൊണ്ടുനിന്ന ഇസ്രായേല്‍ജനം മുഴുവനും കാണ്‍കെ, ഒരു ഇസ്രായേല്‍ക്കാരന്‍ തൻ്റെ വീട്ടിലേക്ക് ഒരു മിദിയാന്‍സ്ത്രീയെ കൂട്ടിക്കൊണ്ടുവന്നു.
7: പുരോഹിതനായ അഹറോൻ്റെ പുത്രനായ എലെയാസറിൻ്റെ പുത്രന്‍ ഫിനെഹാസ്, ഇതുകണ്ടെഴുന്നേറ്റ്, ഒരു കുന്തവുമെടുത്തുകൊണ്ടു സമൂഹത്തില്‍നിന്നു പുറത്തുപോയി.
8: ആ ഇസ്രായേല്യൻ്റെ പുറകേ അവന്‍ അകത്തുചെന്ന് അവരിരുവരുടെയും - ഇസ്രായേല്യൻ്റെയും സ്ത്രീയുടെയും - ഉദരം തുളഞ്ഞു കടക്കുംവിധം കുത്തി. അങ്ങനെ ഇസ്രായേല്‍ജനത്തെബാധിച്ച മഹാമാരി നിലച്ചു.
9: മഹാമാരികൊണ്ടു മരണമടഞ്ഞവര്‍ ഇരുപത്തിനാലായിരംപേരാണ്.
10: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
11: പുരോഹിതനായ അഹറോൻ്റെ പുത്രനായ എലെയാസറിൻ്റെ മകന്‍ ഫിനെഹാസ്, ഇസ്രായേല്‍ജനത്തിൻ്റെയിടയില്‍ എൻ്റെ തീക്ഷ്ണതയ്‌ക്കൊത്തവണ്ണം പ്രവര്‍ത്തിച്ച്, എൻ്റെ ക്രോധം അവരില്‍നിന്നകറ്റിയിരിക്കുന്നു. അതിനാല്‍, കോപംജ്വലിച്ചു ഞാനവരെ സംഹരിച്ചില്ല.
12: ആകയാല്‍, അവനുമായി ഞാന്‍ സമാധാനത്തിൻ്റെ ഉടമ്പടി സ്ഥാപിക്കുന്നു.
13: അത് അവനും അവനുശേഷം അവൻ്റെ സന്തതികള്‍ക്കും നിത്യപൗരോഹിത്യത്തിൻ്റെ ഉടമ്പടിയായിരിക്കും. കാരണം, അവന്‍ തൻ്റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതകാണിക്കുകയും ഇസ്രായേല്‍ജനത്തിനുവേണ്ടി പ്രായശ്ചിത്തമനുഷ്ഠിക്കുകയും ചെയ്തു.
14: മിദിയാന്‍കാരിയോടൊപ്പം വധിക്കപ്പെട്ട ഇസ്രായേല്യന്‍ ശിമയോന്‍ഗോത്രത്തില്‍പ്പെട്ട ഒരു കുടുംബത്തലവനായ സാലുവിൻ്റെ മകന്‍ സിമ്രിയാണ്.
15: കൊല്ലപ്പെട്ട മിദിയാന്‍കാരി, മിദിയാന്‍വംശത്തില്‍പ്പെട്ട ഒരു കുടുംബത്തലവനായ സൂറിൻ്റെ മകള്‍ കൊസ്ബിയാകുന്നു.
16: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
17: മിദിയാന്യരെ ആക്രമിച്ചു നിശ്ശേഷംസംഹരിക്കുക.
18: കാരണം, പെയോറിൻ്റെ കാര്യത്തിലും പെയോര്‍നിമിത്തമുണ്ടായ മഹാമാരിയുടെ നാളില്‍ വധിക്കപ്പെട്ട അവരുടെ സഹോദരിയും മിദിയാന്‍പ്രമാണിയുടെ മകളുമായ കൊസ്ബിയുടെ കാര്യത്തിലുംചെയ്ത ചതിപ്രയോഗങ്ങളാല്‍ മിദിയാന്‍കാര്‍ നിങ്ങളെ വളരെയധികം ക്ലേശിപ്പിച്ചു.

അദ്ധ്യായം 26

ണ്ടാമത്തെ ജനസംഖ്യ

1: മഹാമാരി നിലച്ചതിനുശേഷം കര്‍ത്താവു മോശയോടും പുരോഹിതനായ അഹറോൻ്റെ പുത്രന്‍ എലെയാസറിനോടും അരുളിച്ചെയ്തു:
2: ഇസ്രായേല്‍സമൂഹത്തിൻ്റെ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ള സകലരുടെയും കണക്കു ഗോത്രംഗോത്രമായി എടുക്കുക.
3: കര്‍ത്താവു കല്പിച്ചതനുസരിച്ച്
4: ഇസ്രായേലില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരെ ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മോവാബുസമതലത്തില്‍ മോശയും പുരോഹിതനായ എലെയാസറും, കണക്കെടുക്കുന്നതിന് ഒരുമിച്ചുകൂട്ടി. ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ജനം ഇവരാണ്:
5: ഇസ്രായേലിൻ്റെ ആദ്യജാതനായ റൂബന്‍; റൂബൻ്റെ പുത്രന്മാരായ ഹനോക്ക്, ഫല്ലു,
6: ഹെസ്രോണ്‍, കര്‍മ്മി എന്നിവരുടെ കുലങ്ങള്‍.
7: ഇവയുള്‍പ്പെട്ട റൂബന്‍ഗോത്രത്തില്‍ നാല്പത്തിമൂവായിരത്തിയെഴുനൂറ്റിമുപ്പത് ആളുകള്‍.
8: ഫല്ലുവിൻ്റെ പുത്രന്‍ ഏലിയാബ്,
9: ഏലിയാബിൻ്റെ പുത്രന്മാര്‍: നെമുവേല്‍, ദാഥാന്‍, അബീറാം; കോറഹും സംഘവും കര്‍ത്താവിനെതിരായി കലഹിച്ചപ്പോള്‍ കോറഹിനോടു ചേര്‍ന്നു മോശയ്ക്കും അഹറോനുമെതിരായി മത്സരിച്ച, സമൂഹത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട, ദാഥാനും അബീറാമും ഇവര്‍തന്നെ.
10: ഭൂമി വാപിളര്‍ന്നു കോറഹിനോടൊപ്പം അവരെ വിഴുങ്ങുകയും അഗ്നി ഇരുനൂറ്റമ്പതുപേരെ ദഹിപ്പിക്കുകയുംചെയ്തപ്പോള്‍ ആ സംഘം മരിച്ച്, ഒരടയാളമായിത്തീര്‍ന്നു.
11, 12: എന്നിട്ടും കോറഹിൻ്റെ പുത്രന്മാര്‍ മരിച്ചില്ല. ശിമയോന്‍ഗോത്രത്തില്‍ നെമുവേല്‍, യാഖീന്‍, യാമിന്‍,
13, 14: സേരഹ്, ഷാവൂള്‍ എന്നിവരുടെ കുലങ്ങള്‍. ഈ കുലങ്ങളുള്‍പ്പെട്ട ശിമയോന്‍ഗോത്രത്തില്‍ ഇരുപത്തീരായിരത്തിയിരുനൂറ് ആളുകള്‍.
15, 16, 17: ഗാദ്ഗോത്രത്തില്‍ സെഫോന്‍, ഹഗ്ഗി, ഷൂനി, ഓസ്‌നി, ഏരി, അരോദ്, അരേലി എന്നിവരുടെ കുലങ്ങള്‍.
18: ഇവയുള്‍പ്പെട്ട ഗാദ്ഗോത്രത്തില്‍ നാല്പതിനായിരത്തിയഞ്ഞൂറ് ആളുകള്‍.
19: യൂദായുടെ പുത്രന്മാര്‍ ഏരും ഓനാനും. ഏരും ഓനാനും കാനാന്‍ ദേശത്തുവച്ചു മരിച്ചു.
20: യൂദാഗോത്രത്തില്‍ ഷേലഹ്, പേരെസ്, സേരഹ് എന്നിവരുടെ കുലങ്ങള്‍.
21: പേരെസിൻ്റെ കുലത്തില്‍ ഹെസ്രോണ്‍, ഹാമൂല്‍ എന്നിവരുടെ കുടുംബങ്ങള്‍.
22: ഇവയുള്‍പ്പെടുന്ന യൂദാഗോത്രത്തില്‍ എഴുപത്താറായിരത്തിയഞ്ഞൂറ് ആളുകള്‍.
23, 24: ഇസാക്കര്‍ഗോത്രത്തില്‍ തോലാ, പുവാഹ്, യാഷൂബ്, ഷിമ്രോന്‍ എന്നിവരുടെ കുലങ്ങള്‍.
25: ഇവയുള്‍പ്പെട്ട ഇസാക്കര്‍ ഗോത്രത്തില്‍ അറുപത്തിനാലായിരത്തിമുന്നൂറ് ആളുകള്‍.
26: സെബുലൂണ്‍ഗോത്രത്തില്‍ സെരെദ്, ഏലോന്‍, യാഹ്‌ലേല്‍ എന്നിവരുടെ കുലങ്ങള്‍.
27: ഇവയുള്‍പ്പെട്ട സെബുലൂണ്‍ഗോത്രത്തില്‍ അറുപതിനായിരത്തിയഞ്ഞൂറ് ആളുകള്‍.
28: ജോസഫിൻ്റെ പുത്രന്മാര്‍ മനാസ്സെയും എഫ്രായിമും.
29: മനാസ്സെയുടെ പുത്രന്‍ മാഖീര്‍.
30: മാഖീര്‍ ഗിലയാദിൻ്റെ പിതാവായിരുന്നു. ഗിലയാദില്‍നിന്ന്, യേസെര്‍, ഹേലെക്ക്,
31, 32: അസ്രിയേല്‍, ഷെക്കെം, ഷെമിദ, ഹേഫെര്‍ എന്നിവരുടെ കുടുംബങ്ങള്‍.
33: ഹേഫെറിൻ്റെ മകനായ സെലോഫഹാദിനു പുത്രന്മാരില്ലായിരുന്നു; മഹ്‌ലാ, നോവാ, ഹൊഗ്‌ലാ, മില്‍ക്കാ, തിര്‍സാ എന്നീ പുത്രിമാരാണുണ്ടായിരുന്നത്.
34: മനാസ്സെഗോത്രത്തില്‍ അമ്പത്തീരായിത്തിയെഴുനൂറ് ആളുകള്‍.
35: എഫ്രായിംഗോത്രത്തില്‍ ഷുത്തേലാഹ്, ബേക്കെര്‍, താഹാന്‍ എന്നിവരുടെ കുലങ്ങള്‍.
36: ഷുത്തേലാഹിൻ്റെ മകനാണ് ഏരാന്‍.
37: ഇവയുള്‍പ്പെട്ട എഫ്രായിംഗോത്രത്തില്‍ മുപ്പത്തീരായിരത്തിയഞ്ഞൂറ് ആളുകള്‍. ഇവ രണ്ടും ജോസഫിൻ്റെ പുത്രന്മാരുടെ ഗോത്രങ്ങളാണ്.
38, 39: ബഞ്ചമിന്‍ഗോത്രത്തില്‍ ബേലാ, അഷ്‌ബേല്‍, അഹിറാം, ഷെഫൂഫാം, ഹൂഫാം എന്നിവരുടെ കുലങ്ങള്‍.
40: ബേലായുടെ കുലത്തില്‍ അര്‍ദ്, നാമാന്‍ എന്നിവരുടെ കുടുംബങ്ങള്‍.
41: ഇവയുള്‍പ്പെട്ട ബഞ്ചമിന്‍ഗോത്രത്തില്‍ നാല്പത്തയ്യായിരത്തിയറുനൂറ് ആളുകള്‍.
42, 43: ദാന്‍ഗോത്രത്തില്‍ ഷൂഹാമിൻ്റെ കുലം, ദാന്‍ഗോത്രത്തില്‍ അറുപത്തിനാലായിരത്തിനാനൂറ് ആളുകള്‍.
44: ആഷേര്‍ഗോത്രത്തില്‍ യിമ്‌ന, യിഷ്‌വി, ബറിയ എന്നിവരുടെ കുലങ്ങള്‍.
45: ബറിയായുടെ കുലത്തില്‍ ഹേബെര്‍, മല്‍ക്കിയേല്‍ എന്നിവരുടെ കുടുംബങ്ങള്‍.
46: ആഷേറിനു സേറാ എന്നൊരു പുത്രിയുണ്ടായിരുന്നു.
47: ആഷേര്‍ഗോത്രത്തില്‍ അമ്പത്തിമൂവായിരത്തിനാനൂറ് ആളുകള്‍.
48, 49: നഫ്താലിഗോത്രത്തില്‍ യഹ്‌സേല്‍, ഗൂനി, യേസെര്‍, ഷില്ലേം എന്നിവരുട കുലങ്ങള്‍.
50: ഇവയുള്‍പ്പെട്ട നഫ്താലിഗോത്രത്തില്‍ നാല്പത്തയ്യായിരത്തിനാനൂറ് ആളുകള്‍.
51: അങ്ങനെ ഇസ്രായേല്‍ജനം ആകെ ആറുലക്ഷത്തിയോരായിരത്തിയെഴൂനൂറ്റിമുപ്പതു പേര്‍ ഉണ്ടായിരുന്നു.
52: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
53: എണ്ണമനുസരിച്ച് ഇവര്‍ക്കു ദേശം ഭാഗിച്ചുകൊടുക്കണം.
54: വലിയ ഗോത്രത്തിനു കൂടുതലും ചെറിയ ഗോത്രത്തിനു കുറവും. അങ്ങനെ എണ്ണമനുസരിച്ച് ഓരോ ഗോത്രത്തിനും അവകാശം നല്കണം.
55: നറുക്കിട്ടുവേണം ദേശം വിഭജിക്കാന്‍. താന്താങ്ങളുടെ പിതൃഗോത്രത്തിൻ്റെ പേരിലായിരിക്കും അവകാശം ലഭിക്കുക.
56: ആളേറിയ ഗോത്രത്തിനും ആളുകുറഞ്ഞ ഗോത്രത്തിനും അവകാശം നറുക്കിട്ടു ഭാഗിക്കണം.
57: ലേവിഗോത്രത്തില്‍ ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി എന്നിവരുടെ കുലങ്ങള്‍.
58: ലിബ്‌നി, ഹെബ്രോണ്‍, മഹ്‌ളീ, മൂഷി, കോറഹ് എന്നിവരുടെ കുലങ്ങളും ലേവിഗോത്രത്തില്‍ ഉള്‍പ്പെടുന്നു; കൊഹാത്ത് അമ്രാമിൻ്റെ പിതാവാണ്.
59: യോക്കേബേദ് ആയിരുന്നു അമ്രാമിൻ്റെ ഭാര്യ. ലേവിക്ക് ഈജിപ്തില്‍വച്ചു ജനിച്ച മകളാണവള്‍. ഇവളില്‍ അമ്രാമിന് അഹറോനും മോശയും അവരുടെ സഹോദരി മിരിയാമും ജനിച്ചു.
60: അഹറോൻ്റെ പുത്രന്മാരാണു നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവര്‍.
61: നാദാബും അബിഹുവും കര്‍ത്താവിൻ്റെ മുമ്പില്‍ അവിശുദ്ധമായ അഗ്നിയര്‍പ്പിച്ചപ്പോള്‍ മരിച്ചുപോയി.
62: ലേവിഗോത്രത്തില്‍ ഒരുമാസവും അതില്‍ക്കൂടുതലും പ്രായമുള്ള പുരുഷസന്തതികളുടെ സംഖ്യ ഇരുപത്തിമൂവായിരമായിരുന്നു. ഇസ്രായേല്‍ജനത്തിൻ്റെ ഇടയില്‍ അവര്‍ക്ക് അവകാശംകൊടുക്കാതിരുന്നതുകൊണ്ട് അവരെ അക്കൂട്ടത്തിലെണ്ണിയില്ല.
64: എന്നാല്‍, മോശയും പുരോഹിതന്‍ അഹറോനുംകൂടെ സീനായ്‌മരുഭൂമിയില്‍വച്ചെടുത്ത ഇസ്രായേല്‍ജനത്തിൻ്റെ കണക്കില്‍പെട്ടവരാരും ഇക്കൂട്ടത്തിലില്ലായിരുന്നു.
65: കാരണം, അവര്‍ മരുഭൂമിയില്‍വച്ചു മരിക്കുമെന്നു കര്‍ത്താവരുളിച്ചെയ്തിരുന്നു. യഫുന്നയുടെ മകന്‍ കാലെബും നൂനിൻ്റെ മകന്‍ ജോഷ്വയുമൊഴികെ അവരിലാരും അവശേഷിച്ചില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ