നാല്പത്തിമൂന്നാം ദിവസം: സംഖ്യ 21 - 23


അദ്ധ്യായം 21

പിച്ചള സര്‍പ്പം
1: ഇസ്രായേല്‍ അത്താറിംവഴി വരുന്നെന്നു നെഗെബില്‍വസിച്ചിരുന്ന കാനാന്യനായ അരാദിലെ രാജാവു കേട്ടു. അവന്‍ ഇസ്രായേലിനോടു യുദ്ധംചെയ്തു കുറേപ്പേരെ തടവുകാരാക്കി.
2: ഇസ്രായേല്‍ കര്‍ത്താവിനോടു ശപഥംചെയ്തു: അങ്ങ് ഈ ജനത്തെ എൻ്റെ കൈയിലേല്പിച്ചുതരുമെങ്കില്‍, ഞാനവരുടെ പട്ടണങ്ങളെ നിശ്ശേഷം നശിപ്പിക്കും.
3: കര്‍ത്താവ്, ഇസ്രായേല്‍ പറഞ്ഞതു ശ്രവിച്ച്, കാനാന്യരെ അവര്‍ക്കേല്പിച്ചുകൊടുത്തു. അവര്‍ കാനാന്യരെയും അവരുടെ പട്ടണങ്ങളെയും നിശ്ശേഷംനശിപ്പിച്ചു. അങ്ങനെ, ആ സ്ഥലത്തിനു 'ഹോര്‍മ്മ' എന്ന പേരുലഭിച്ചു.
4: ഏദോം ചുറ്റിപ്പോകാന്‍ ഹോര്‍മലയില്‍നിന്നു ചെങ്കടലിലേക്കുള്ളവഴിയേ അവര്‍ യാത്രപുറപ്പെട്ടു; യാത്രാമദ്ധ്യേ ജനമക്ഷമരായി. 
5: ദൈവത്തിനും മോശയ്ക്കുമെതിരായി അവര്‍ സംസാരിച്ചു. ഈ മരുഭൂമിയില്‍ മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പംതിന്നു ഞങ്ങള്‍ മടുത്തു.
6: അപ്പോള്‍ കര്‍ത്താവു ജനത്തിൻ്റെ ഇടയിലേക്ക്, ആഗ്നേയസര്‍പ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് ഇസ്രായേലില്‍ വളരെപ്പേര്‍ മരിച്ചു.
7: ജനം മോശയുടെ അടുക്കല്‍വന്നു പറഞ്ഞു: അങ്ങേയ്ക്കും കര്‍ത്താവിനുമെതിരായി സംസാരിച്ചു ഞങ്ങള്‍ പാപംചെയ്തു. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കേണമേ! മോശ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു.
8: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഒരു പിച്ചളസര്‍പ്പത്തെയുണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിറുത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെനോക്കിയാല്‍ മരിക്കുകയില്ല.
9: മോശ പിച്ചളകൊണ്ട്, ഒരു സര്‍പ്പത്തെയുണ്ടാക്കി, അതിനെ വടിയിലുയര്‍ത്തിനിറുത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു.

മൊവാബു താഴ്‌വരയിലേക്ക്


10: അനന്തരം, ഇസ്രായേല്‍ജനം യാത്രപുറപ്പെട്ട്, ഓബോത്തില്‍ച്ചെന്നു പാളയമടിച്ചു.
11: അവിടെനിന്നു പുറപ്പെട്ടു മൊവാബിനെതിരേയുള്ള മരുഭൂമിയില്‍ ഇയ്യെഅബറീമില്‍ കിഴക്കുദിക്കിനഭിമുഖം പാളയമടിച്ചു.
12: അവിടെനിന്നു പുറപ്പെട്ട്, സേരെദ്‌താഴ്‌വരയില്‍ പാളയമടിച്ചു.
13: അവിടെനിന്നു പുറപ്പെട്ട്, അര്‍നോണ്‍നദിയുടെ മറുകരയില്‍ പാളയമടിച്ചു. മരുഭൂമിയില്‍, അമോര്യരുടെ അതിര്‍ത്തിയില്‍നിന്നുത്ഭവിക്കുന്ന അര്‍നോണ്‍, അമോര്യരുടെയും മൊവാബ്യരുടെയും മദ്ധ്യേയുള്ള അതിരാണ്.
14: അതിനാല്‍, കര്‍ത്താവിൻ്റെ യുദ്ധങ്ങളുടെ ഗ്രന്ഥത്തില്‍ ഇപ്രകാരമെഴുതിയിരിക്കുന്നു:
15: സൂഫായിലെ വാഹെബുവരെ ഞങ്ങള്‍ മുന്നേറി: അര്‍നോണ്‍താഴ്‌വരയിലൂടെ, ആറിൻ്റെ ആസ്ഥാനംവരെ നീണ്ടുകിടക്കുന്ന താഴ്‌വരയുടെ ചരിവുകളിലൂടെ.
16: അവിടെനിന്ന് അവര്‍ ബേറിലേക്കുപോയി. ജനത്തെ ഒന്നിച്ചുകൂട്ടുക, ഞാനവര്‍ക്കു ജലം നല്കുമെന്നു കര്‍ത്താവു മോശയോടു പറഞ്ഞത്, ഈ കിണറിനെപ്പറ്റിയാണ്‌. 
17: ഇസ്രായേല്‍ അവിടെവച്ച് ഈ ഗാനം പാടി: 'കിണറേ, നിറഞ്ഞുകവിയുക; അതിനെ കീര്‍ത്തിച്ചുപാടുവിന്‍.
18: പ്രഭുക്കന്മാര്‍ കുഴിച്ച കിണര്‍;  ചെങ്കോലും ദണ്ഡുകളുംകൊണ്ടു ജനനേതാക്കള്‍ കുത്തിയ കിണര്‍!' അവര്‍ ബേറില്‍നിന്നു മത്താനായിലേക്കു യാത്രതുടര്‍ന്നു.
19: മത്തനയില്‍നിന്നു നഹലിയേലിലെക്കും അവിടെനിന്നു ബാമോത്തിലേക്കും.
20: ബാമോത്തില്‍നിന്നു മരുഭൂമിക്കെതിരേ സ്ഥിതിചെയ്യുന്ന പിസ്ഗാ ഗിരിശൃംഗത്തിനു താഴെയുള്ള മൊവാബുദേശത്തെ താഴ്‌വരയിലേക്കും പോയി.

സീഹോനും ഓഗും

21: അവിടെനിന്ന് ഇസ്രായേല്‍ അമോര്യരാജാവായ സീഹോൻ്റെയടുക്കല്‍ ദൂതന്മാരെയയച്ചു പറഞ്ഞു: 
22: നിങ്ങളുടെ ദേശത്തിലൂടെ കടന്നുപോകാന്‍ ഞങ്ങളെയനുവദിച്ചാലും. ഞങ്ങള്‍ വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ കടക്കുകയില്ല. കിണറുകളിലെ വെള്ളംകുടിക്കുകയുമില്ല. നിങ്ങളുടെ അതിര്‍ത്തികടക്കുവോളം ഞങ്ങള്‍ രാജപാതയിലൂടെതന്നെ യാത്രചെയ്തുകൊള്ളാം.
23: എന്നാല്‍, തൻ്റെ ദേശത്തിലൂടെ കടന്നുപോകാന്‍ സീഹോന്‍ ഇസ്രായേലിനെയനുവദിച്ചില്ല. അവന്‍ തൻ്റെ ജനത്തെയെല്ലാംകൂട്ടി ഇസ്രായേലിനെതിരേ മരുഭൂമിയിലേക്കു പുറപ്പെട്ടു; യാഹാസില്‍വച്ച് ഇസ്രായേലിനോടു യുദ്ധംചെയ്തു.
24: ഇസ്രായേല്‍ അവനെ വാളിനിരയാക്കി. അര്‍നോണ്‍മുതല്‍ യാബോക്കുവരെ - അമ്മോന്യരുടെ അതിര്‍ത്തിവരെ - വ്യാപിച്ചുകിടക്കുന്ന അവൻ്റെ ദേശം കൈവശപ്പെടുത്തി; യാസേര്‍ ആയിരുന്നു അമ്മോന്യരുടെ അതിര്‍ത്തി.
25: ഇസ്രായേല്‍ ഈ പട്ടണങ്ങളെല്ലാം പിടിച്ചെടുത്തു. ഹെഷ്‌ബോണ്‍ ഉള്‍പ്പെടെയുള്ള അമോര്യരുടെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും അവര്‍ വാസമുറപ്പിച്ചു.
26: ഹെഷ്‌ബോണ്‍ അമോര്യരാജാവായ സീഹോൻ്റെ നഗരമായിരുന്നു. അവന്‍ മൊവാബിലെ മുന്‍രാജാവിനോടു യുദ്ധംചെയ്ത് അര്‍നോണ്‍വരെയുള്ള അവൻ്റെ ദേശമത്രയും പിടിച്ചടക്കിയിരുന്നു.
27: അതുകൊണ്ടാണു ഗായകര്‍ പാടുന്നത്: ഹെഷ്‌ബോണിലേക്കു വരുവിന്‍;
അതു പുതുക്കിപ്പണിയുവിന്‍; സീഹോൻ്റെ നഗരം പുനഃസ്ഥാപിക്കുവിന്‍.
28: എന്തെന്നാല്‍, ഹെഷ്‌ബോണില്‍നിന്ന് അഗ്നി പ്രവഹിച്ചു; സീഹോന്‍ പട്ടണത്തില്‍നിന്ന് അഗ്നിജ്വാലകള്‍ മൊവാബിലെ ആര്‍പട്ടണത്തെ വിഴുങ്ങി; അര്‍നോണ്‍ ഗിരികളെ അതു വലയംചെയ്തു.
29: മൊവാബേ, നിനക്കു ദുരിതം; കെമോഷ് നിവാസികളെ നിങ്ങള്‍ക്കു നാശം; അവന്‍ തൻ്റെ പുത്രന്മാരെ അഭയാര്‍ത്ഥികളും പുത്രിമാരെ വിപ്രവാസികളുമാക്കി, അമോര്യനായ സീഹോന്‍രാജാവിനു നല്കി.
30: നമ്മള്‍ ഹെഷ്‌ബോണിൻ്റെ സന്തതികളെ ദിബോണ്‍വരെ സംഹരിച്ചു. മെദേബവരെ അഗ്നികൊണ്ട്, അവരെ നമ്മള്‍ നശിപ്പിച്ചു.
31: അങ്ങനെ ഇസ്രായേല്‍, അമോര്യരുടെ ദേശത്തു താമസമാക്കി.
32: രഹസ്യനിരീക്ഷണംനടത്താനായി മോശ ആളുകളെ യാസേറിലേക്കയച്ചു. അവര്‍ ഗ്രാമങ്ങള്‍ പിടിച്ചടക്കുകയും അവിടെയുണ്ടായിരുന്ന അമോര്യരെ ഓടിച്ചുകളയുകയുംചെയ്തു.
33: പിന്നീട്, ഇസ്രായേല്‍ക്കാര്‍ ബാഷാനിലേക്കുള്ള വഴിയിലൂടെ യാത്രചെയ്തു. ബാഷാന്‍ രാജാവായ ഓഗ്, തൻ്റെ സകലജനത്തെയും കൂട്ടിവന്ന്, എദ്രേയില്‍വച്ച് അവരുമായി ഏറ്റുമുട്ടി.
34: കര്‍ത്താവു മോശയോടരുളിച്ചെയ്തു: അവനെ ഭയപ്പെടേണ്ടാ, അവനെയും അവന്റെ ജനത്തെയും ദേശത്തെയും നിനക്കു ഞാന്‍ വിട്ടുതന്നിരിക്കുന്നു. ഹെഷ്‌ബോണില്‍ വസിച്ചിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ നിങ്ങള്‍ അവനോടും ചെയ്യണം.
35: അങ്ങനെ ഇസ്രായേല്‍ക്കാര്‍ ഓഗിനെയും അവൻ്റെ പുത്രന്മാരെയും സകലജനത്തെയും ഒന്നൊഴിയാതെ കൊന്നൊടുക്കി; അവൻ്റെ ദേശം കൈവശപ്പെടുത്തുകയും ചെയ്തു.

അദ്ധ്യായം 22

ബാലാക്കും ബാലാമും

1: ഇസ്രായേല്‍ യാത്രതുടര്‍ന്നു. മൊവാബുസമതലത്തില്‍ ജോര്‍ദ്ദാനക്കരെ ജറീക്കോയുടെ എതിര്‍വശത്തു പാളയമടിച്ചു.
2: ഇസ്രായേല്‍ അമോര്യരോടു ചെയ്തതെല്ലാം സിപ്പോറിൻ്റെ മകന്‍ ബാലാക് കണ്ടു.
3: സംഖ്യാബലത്തില്‍ മികച്ചുനിന്ന ഇസ്രായേലിനെ മൊവാബു ഭയപ്പെട്ടു. അവരെപ്രതി അവന്‍ ഭയചകിതനായി.
4: മൊവാബ് മിദിയാനിലെ പ്രമാണികളോടു പറഞ്ഞു: കാള, വയലിലെ പുല്ലുതിന്നുന്നതുപോലെ, ഈ നാടോടികള്‍ നമ്മെ വിഴുങ്ങിക്കളയും. സിപ്പോറിൻ്റെ മകന്‍ ബാലാക് ആയിരുന്നു അക്കാലത്തു മൊവാബ്യരുടെ രാജാവ്.
5: അവന്‍ അമാവിൻ്റെ ദേശത്തു യൂഫ്രട്ടീസ് തീരത്തുള്ള പെത്തോറിലേക്കു ദൂതനെ അയച്ച്, ബയോറിൻ്റെ മകന്‍ ബാലാമിനോടു പറഞ്ഞു: ഈജിപ്തില്‍നിന്ന് ഒരു ജനതവന്നു ഭൂമുഖം മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരായി പാളയമടിച്ചിരിക്കുകയാണ്.
6: അതിനാല്‍, നീ വന്ന്, എനിക്കു കീഴടക്കാന്‍സാധിക്കാത്ത ഈ ജനത്തെ ശപിക്കുക. എങ്കില്‍, അവരെ ഇവിടെനിന്നു തോല്പിച്ചോടിക്കാന്‍ എനിക്കു സാധിച്ചേക്കും. നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെടുന്നു; നീ ശപിക്കുന്നവന്‍ ശപിക്കപ്പെടുന്നു എന്ന്, എനിക്കറിയാം.
7: മൊവാബിലെയും മിദിയാനിലെയും പ്രമാണികള്‍ പ്രശ്നദക്ഷിണയുമായി യാത്രതിരിച്ചു. അവര്‍ ബാലാക്കിൻ്റെ സന്ദേശം ബാലാമിനെ അറിയിച്ചു.
8: ബാലാം അവരോടു പറഞ്ഞു: ഈ രാത്രി ഇവിടെ താമസിക്കുക. കര്‍ത്താവിൻ്റെ അരുളപ്പാടനുസരിച്ചു ഞാന്‍ നിങ്ങള്‍ക്കു മറുപടിതരാം. അങ്ങനെ മൊവാബിലെ പ്രഭുക്കന്മാര്‍ ബാലാമിനോടുകൂടെ താമസിച്ചു.
9: ദൈവം ബാലാമിനു പ്രത്യക്ഷപ്പെട്ടു ചോദിച്ചു: നിൻ്റെകൂടെയുള്ള ഈ മനുഷ്യരാരാണ്?
10: ബാലാം ദൈവത്തോടു പറഞ്ഞു: മൊവാബ് രാജാവായ സിപ്പോറിൻ്റെ മകന്‍ ബാലാക്കയച്ചവരാണിവര്‍.
11: അവര്‍ പറയുന്നു: ഈജിപ്തില്‍നിന്ന് ഒരു ജനതവന്നു ഭൂമുഖം മൂടിയിരിക്കുന്നു. നീ വന്ന്, എനിക്കുവേണ്ടി അവരെ ശപിക്കുക. എങ്കില്‍, യുദ്ധത്തില്‍, അവരെ തോല്പിച്ചോടിക്കാന്‍ എനിക്കു കഴിഞ്ഞേക്കും.
12: ദൈവം ബാലാമിനോടരുളിച്ചെയ്തു: നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയുമരുത്. എന്തെന്നാല്‍ അവരനുഗൃഹീതരാണ്.
13: ബാലാം രാവിലെയെഴുന്നേറ്റു ബാലാക്കിൻ്റെ പ്രഭുക്കന്മാരോടു പറഞ്ഞു: നിങ്ങള്‍ സ്വദേശത്തേക്കു മടങ്ങിപ്പോകുവിന്‍. ഞാന്‍ നിങ്ങളുടെകൂടെവരുന്നതു കര്‍ത്താവു നിരോധിച്ചിരിക്കുന്നു.
14: മൊവാബു പ്രഭുക്കന്മാര്‍ തിരിച്ചുചെന്നു. കൂടെപ്പോരുവാന്‍ ബാലാം വിസമ്മതിക്കുന്നെന്നു ബാലാക്കിനെ അറിയിച്ചു.     
15: ബാലാക് വീണ്ടും അവരെക്കാള്‍ ബഹുമാന്യരായ കൂടുതല്‍ പ്രഭുക്കന്മാരെയയച്ചു. 
16: അവര്‍ ബാലാമിൻ്റെ അടുക്കല്‍വന്നു പറഞ്ഞു, സിപ്പോറിൻ്റെ മകന്‍ ബാലാക്കപേക്ഷിക്കുന്നു: ഒരു കാരണവശാലും എൻ്റെയടുക്കല്‍ വരാതിരിക്കരുത്.
17: ഞാന്‍ നിനക്കു ബഹുമതികള്‍ നല്കാം; നീ എന്തുപറഞ്ഞാലും ഞാന്‍ ചെയ്തുതരാം; വന്ന്, എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക.
18: ബാലാക്കിൻ്റെ സേവകരോടു ബാലാം പറഞ്ഞു: ബാലാക് തൻ്റെ വീടുനിറയെ വെള്ളിയും സ്വര്‍ണ്ണവും എനിക്കുതന്നാലും എൻ്റെ ദൈവമായ കര്‍ത്താവു കല്പിക്കുന്നതില്‍ കൂടുതലോ കുറവോ ചെയ്യുക എനിക്കു സാദ്ധ്യമല്ല.
19: ഈ രാത്രികൂടി നിങ്ങളിവിടെ താമസിക്കുവിന്‍. കര്‍ത്താവു കൂടുതലെന്തെങ്കിലും പറയുമോയെന്നറിയട്ടെ.
20: രാത്രിയില്‍ ദൈവം ബാലാമിനോടു പറഞ്ഞു: ആ മനുഷ്യര്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ എഴുന്നേറ്റ്, അവരോടൊപ്പം പോകുക. എന്നാല്‍, ഞാന്‍ ആജ്ഞാപിക്കുന്നതുമാത്രമേ ചെയ്യാവൂ.

ബാലാമിൻ്റെ കഴുത

21: ബാലാം രാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ടു മൊവാബിലെ പ്രഭുക്കന്മാരോടൊപ്പം പുറപ്പെട്ടു.
22: അവന്‍ പോയതുകൊണ്ടു ദൈവത്തിൻ്റെ കോപം ജ്വലിച്ചു. കര്‍ത്താവിൻ്റെദൂതന്‍ വഴിയില്‍ അവനെതിരേ നിന്നു. കഴുതപ്പുറത്തു സഞ്ചരിച്ചിരുന്ന ബാലാമിൻ്റെകൂടെ രണ്ടു ഭൃത്യന്മാരുണ്ടായിരുന്നു.
23: കര്‍ത്താവിൻ്റെ ദൂതന്‍, ഊരിയവാളുമായി വഴിയില്‍ നില്‍ക്കുന്നതുകണ്ട്, കഴുത വയലിലേക്കു ചാടി. വഴിയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ബാലാം അതിനെയടിച്ചു. 
24: അപ്പോള്‍ കര്‍ത്താവിൻ്റെ ദൂതന്‍ മുന്തിരിത്തോട്ടത്തില്‍ ഇരുവശവും മതിലുള്ള ഇടുങ്ങിയ വഴിയില്‍ നിന്നു.
25: കര്‍ത്താവിൻ്റെ ദൂതനെക്കണ്ടു കഴുത മതിലിനോടുചേര്‍ന്ന് ഒതുങ്ങി. ബാലാമിൻ്റെ കാല്‍ മതിലില്‍ ഉരഞ്ഞു. അവന്‍ കഴുതയെ വീണ്ടും അടിച്ചു.
26: കര്‍ത്താവിൻ്റെ ദൂതന്‍ മുമ്പോട്ടു പോയി ഇടംവലംതിരിയാന്‍ ഇടമില്ലാത്ത ഇടുങ്ങിയ സ്ഥലത്തു നിന്നു.
27: ദൂതനെക്കണ്ടപ്പോള്‍ കഴുത കിടന്നുകളഞ്ഞു. ബാലാമിൻ്റെ കോപം ജ്വലിച്ചു. അവന്‍ വടികൊണ്ടു കഴുതയെ അടിച്ചു.
28: അപ്പോള്‍ കര്‍ത്താവു കഴുതയ്ക്കു സംസാരശക്തി നല്കി. മൂന്നു പ്രാവശ്യം എന്നെ അടിക്കാന്‍ ഞാന്‍ നിന്നോടെന്തു ദ്രോഹംചെയ്തെന്ന് അതു ബാലാമിനോടു ചോദിച്ചു.
29: ബാലാം കഴുതയോടു പറഞ്ഞു: നീയെന്നെ അവഹേളിച്ചു; വാളുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്നെ കൊന്നുകളയുമായിരുന്നു.
30: കഴുത ബാലാമിനോടു ചോദിച്ചു: ഇന്നുവരെ നീ സഞ്ചരിച്ചിരുന്ന നിൻ്റെ കഴുതയല്ലേ ഞാന്‍‍? ഇതിനുമുമ്പ് ഒരിക്കലെങ്കിലും ഞാന്‍ നിന്നോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ? ഇല്ല; ബാലാം സമ്മതിച്ചു.
31: അപ്പോള്‍ കര്‍ത്താവു ബാലാമിൻ്റെ കണ്ണുകള്‍തുറന്നു. ഊരിയവാളേന്തി വഴിയില്‍നില്‍ക്കുന്ന കര്‍ത്താവിൻ്റെ ദൂതനെക്കണ്ട് അവന്‍ കമിഴ്ന്നുവീണു.
32: കര്‍ത്താവിൻ്റെ ദൂതന്‍ ബാലാമിനോടു പറഞ്ഞു: കഴുതയെ മൂന്നുപ്രാവശ്യം അടിച്ചതെന്തിന്? നിൻ്റെ യാത്ര വിവേകശൂന്യമാകയാല്‍ നിന്നെത്തടയാന്‍ ഞാന്‍ വന്നിരിക്കുന്നു.
33: ഈ മൂന്നു പ്രാവശ്യവും കഴുത എന്നെ കണ്ടാണു തിരിഞ്ഞുപോയത്. അങ്ങനെ വഴിമാറിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ കൊല്ലുകയും അതിനെ വെറുതെവിടുകയും ചെയ്യുമായിരുന്നു.
34: അപ്പോള്‍ ബാലാം കര്‍ത്താവിൻ്റെ ദൂതനോടു പറഞ്ഞു: ഞാന്‍ പാപം ചെയ്തുപോയി; അങ്ങ് എനിക്കെതിരേ വഴിയില്‍നിന്നതു ഞാനറിഞ്ഞില്ല. ഇതങ്ങയുടെ ദൃഷ്ടിയില്‍ തിന്മയെങ്കില്‍ ഞാന്‍ തിരിച്ചുപൊയ്‌ക്കൊള്ളാം.
35: കര്‍ത്താവിൻ്റെ ദൂതന്‍ ബാലാമിനോടു പറഞ്ഞു: ഇവരുടെകൂടെ പൊയ്‌ക്കൊള്ളുക; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്ന വചനംമാത്രമേ നീ പറയാവൂ. ബാലാക്കിൻ്റെ പ്രഭുക്കന്മാരുടെകൂടെ ബാലാം പോയി.
36: ബാലാം വരുന്നെന്നു കേട്ടു ബാലാക്, അവനെയെതിരേല്‍ക്കാന്‍ രാജ്യത്തിൻ്റെ അങ്ങേയറ്റത്തെ അതിര്‍ത്തിയിലുള്ള അര്‍നോണ്‍ നദീതീരത്തു സ്ഥിതിചെയ്യുന്ന ഈര്‍മൊവാബുവരെ ചെന്നു.
37: ബാലാക് ബാലാമിനോടു ചോദിച്ചു: നിന്നെ വിളിക്കാന്‍ ഞാന്‍ ആളയച്ചില്ലേ? എന്താണു വരാതിരുന്നത്? നിനക്കുചിതമായ ബഹുമതി നല്കാന്‍ എനിക്കു കഴിവില്ലെന്നോ?
38: ബാലാം ബാലാക്കിനോടു പറഞ്ഞു: ഇതാ ഞാന്‍ വന്നല്ലോ. എന്നാല്‍, സ്വന്തമായി എന്തെങ്കിലും പറയാന്‍ എനിക്കു കഴിവുണ്ടോ? ദൈവം തോന്നിക്കുന്ന വചനമാണ് എനിക്കു പറയാനുളളത്.
39: ബാലാം ബാലാക്കുമൊത്ത് കിരിയാത്ത് ഹൂസോത്തില്‍ ചെന്നു.
40: ബാലാക്, കാളകളെയും ആടുകളെയും ബലികഴിച്ച് ബാലാമിനും കൂടെയുണ്ടായിരുന്ന പ്രഭുക്കന്മാര്‍ക്കും അതില്‍നിന്നു കൊടുത്തയച്ചു.
41: പിറ്റേന്നു ബാലാക്, ബാലാമിനെ ബാമോത്ത്ബാല്‍ എന്ന പൂജാഗിരിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെനിന്ന് അവന്‍ ഇസ്രായേല്‍ പാളയത്തിൻ്റെ ഇങ്ങേയറ്റം കണ്ടു.


അദ്ധ്യായം 23


ബാലാമിൻ്റെ പ്രവചനങ്ങള്‍

1: ബാലാം ബാലാക്കിനോടു പറഞ്ഞു: ഇവിടെ ഏഴുബലിപീഠങ്ങള്‍ എനിക്കായി പണിയുക; ഏഴുകാളകളെയും ഏഴുമുട്ടാടുകളെയും കൊണ്ടുവരുക.
2: ബാലാം പറഞ്ഞതുപോലെ അവന്‍ ചെയ്തു. അവര്‍ ഓരോ ബലിപീഠത്തിന്മേലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിച്ചു.
3: ബാലാം ബാലാക്കിനോടു പറഞ്ഞു: നിൻ്റെ ദഹനബലിയുടെയടുത്തു നില്ക്കുക; ഞാന്‍ പോകട്ടെ. കര്‍ത്താവ് എനിക്കു പ്രത്യക്ഷനായേക്കാം. അവിടുന്നെനിക്കു വെളിപ്പെടുത്തുന്നതെല്ലാം ഞാന്‍ നിന്നെയറിയിക്കാം. ഇതു പറഞ്ഞതിനുശേഷം അവന്‍, ഉയര്‍ന്ന ഒരു സ്ഥലത്തേക്കു പോയി.
4: ദൈവം ബാലാമിനു പ്രത്യക്ഷനായി. ബാലാം അവിടുത്തോടു പറഞ്ഞു: ഞാന്‍ ഏഴു ബലിപീഠങ്ങള്‍ തയ്യാറാക്കി, ഓരോന്നിലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിച്ചു.
5: കര്‍ത്താവു ബാലാമിനോടു തൻ്റെ സന്ദേശമറിയിച്ചുകൊണ്ടു കല്പിച്ചു: ബാലാക്കിൻ്റെയടുക്കലേക്കു മടങ്ങിച്ചെന്നു പറയുക.
6: ബാലാം ബാലാക്കിൻ്റെയടുത്തു ചെന്നു. അപ്പോള്‍ ബാലാക്കും മൊവാബിലെ പ്രഭുക്കന്മാരും ദഹനബലിയുടെയരികില്‍ നില്‍ക്കുകയായിരുന്നു.
7: ബാലാം പ്രവചിച്ചു പറഞ്ഞു: ആരാമില്‍നിന്നു ബാലാക് എന്നെ കൊണ്ടുവന്നു; മൊവാബു രാജാവ് പൗരസ്ത്യഗിരികളില്‍നിന്ന് എന്നെ വരുത്തി, യാക്കോബിനെ എനിക്കുവേണ്ടി ശപിക്കുക; ഇസ്രായേലിനെ ഭര്‍ത്സിക്കുക.
8: ദൈവം ശപിക്കാത്തവനെ ഞാനെങ്ങനെ ശപിക്കും? കര്‍ത്താവു ഭര്‍ത്സിക്കാത്തവനെ ഞാനെങ്ങനെ ഭര്‍ത്സിക്കും?
9: പാറക്കെട്ടുകളില്‍നിന്നു ഞാനവനെ കാണുന്നു; മലമുകളില്‍നിന്നു ഞാനവനെ നിരീക്ഷിക്കുന്നു: വേറിട്ടു പാര്‍ക്കുന്ന ഒരു ജനം; ജനതകളോടിടകലരാത്തൊരു ജനം.
10: യാക്കോബിൻ്റെ ധൂളിയെ എണ്ണാന്‍ ആര്‍ക്കുകഴിയും? ഇസ്രായേലിൻ്റെ ജനസഞ്ചയത്തെ ആരു തിട്ടപ്പെടുത്തും? നീതിമാൻ്റെ മരണം ഞാന്‍ കൈവരിക്കട്ടെ! എൻ്റെ അന്ത്യം, അവന്റേതുപോലെയാകട്ടെ!
11: ബാലാക്, ബാലാമിനോടു ചോദിച്ചു: നീ എന്നോട് എന്താണീ ചെയ്തത്? എൻ്റെ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെ കൊണ്ടുവന്നു; എന്നാല്‍, നീയവരെ അനുഗ്രഹിച്ചു.
12: അവന്‍ പ്രതിവചിച്ചു: കര്‍ത്താവു തോന്നിക്കുന്ന വചനം ഞാന്‍ സംസാരിക്കേണ്ടയോ?
13: ബാലാക് അവനോടു പറഞ്ഞു: എൻ്റെകൂടെ മറ്റൊരു സ്ഥലത്തേക്കു വരുക. അവിടെനിന്നു നിനക്കവരെക്കാണാം. ഏറ്റവും അടുത്തു നില്‍ക്കുന്നവരെമാത്രം കണ്ടാല്‍മതി; എല്ലാവരെയും കാണേണ്ട. അവിടെനിന്ന്, എനിക്കുവേണ്ടി അവരെ ശപിക്കുക.
14: അവന്‍ ബാലാമിനെ സോഫിം വയലില്‍ പിസ്ഗാ മലയിലേക്കു കൊണ്ടുപോയി. അവിടെ ഏഴു ബലിപീഠങ്ങള്‍ നിര്‍മ്മിച്ചു; ഓരോന്നിലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിച്ചു.
15: ബാലാം ബാലാക്കിനോടു പറഞ്ഞു: നിൻ്റെ ദഹനബലിയുടെയരികില്‍ നില്‍ക്കുക. ഞാന്‍ പോയി കര്‍ത്താവിനെ കാണട്ടെ.
16: കര്‍ത്താവു ബാലാമിനു പ്രത്യക്ഷപ്പെട്ടു. അവൻ്റെ നാവില്‍ വചനം നിക്ഷേപിച്ചുകൊണ്ടു പറഞ്ഞു: ബാലാക്കിൻ്റെയടുത്തു മടങ്ങിച്ചെന്നു പറയുക.
17: അവന്‍ വന്നപ്പോള്‍ ബാലാക് മൊവാബ്യപ്രഭുക്കന്മാരോടൊത്തു തൻ്റെ ദഹനബലിയുടെയരികില്‍ നില്ക്കുകയായിരുന്നു. ബാലാക് അവനോടു ചോദിച്ചു: കര്‍ത്താവ് എന്താണരുളിച്ചെയ്തത്?
18: ബാലാം പ്രവചിച്ചു പറഞ്ഞു: ബാലാക് ഉണര്‍ന്നു ശ്രവിക്കുക; സിപ്പോറിൻ്റെ പുത്രാ, ശ്രദ്ധിച്ചു കേള്‍ക്കുക.
19: വ്യാജംപറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കാന്‍ അവിടുന്നു മനുഷ്യപുത്രനുമല്ല. പറഞ്ഞത്, അവിടുന്നു ചെയ്യാതിരിക്കുമോ? പറഞ്ഞതു നിറവേറ്റാതിരിക്കുമോ?
20: ഇതാ അനുഗ്രഹിക്കാന്‍, എനിക്കാജ്ഞ ലഭിച്ചു. അവിടുന്നനുഗ്രഹിച്ചു; അതു പിന്‍വലിക്കാന്‍ ഞാനാളല്ല.
21: യാക്കോബില്‍ അവിടുന്നു തിന്മ കണ്ടില്ല. ഇസ്രായേലില്‍ ദുഷ്ടത ദര്‍ശിച്ചതുമില്ല. അവരുടെ ദൈവമായ കര്‍ത്താവ് അവരോടുകൂടെയുണ്ട്. രാജാവിൻ്റെ അട്ടഹാസം അവരുടെയിടയില്‍ മുഴങ്ങുന്നു.
22: ദൈവം ഈജിപ്തില്‍നിന്ന് അവരെകൊണ്ടുവരുന്നു; കാട്ടുപോത്തിന്റേതിനു തുല്യമായ ബലം അവര്‍ക്കുണ്ട്.
23: യാക്കോബിന് ആഭിചാരമേല്ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല. ദൈവം പ്രവര്‍ത്തിച്ചതു കാണുവിനെന്നു യാക്കോബിനെയും ഇസ്രായേലിനെയുംകുറിച്ചു പറയേണ്ട സമയമാണിത്.
24: ഇതാ, ഒരു ജനം! സിംഹിയെപ്പോലെ അതുണരുന്നു; സിംഹത്തെപ്പോലെ അതെഴുന്നേല്‍ക്കുന്നു; ഇരയെ വിഴുങ്ങാതെ അതു കിടക്കുകയില്ല; രക്തം കുടിക്കാതെ അടങ്ങുകയുമില്ല.
25: ബാലാക്, ബാലാമിനോടു പറഞ്ഞു: നീ അവരെ ശപിക്കുകയുംവേണ്ടാ; അനുഗ്രഹിക്കുകയുംവേണ്ടാ.
26: ബാലാം പറഞ്ഞു: കര്‍ത്താവു കല്പിക്കുന്നതെല്ലാം ചെയ്യേണ്ടതുണ്ടെന്നു ഞാന്‍ പറഞ്ഞില്ലേ?
27: ബാലാക് അവനോടു പറഞ്ഞു: വരുക, മറ്റൊരിടത്തേക്കു നിന്നെ ഞാന്‍ കൊണ്ടുപോകാം. അവിടെനിന്ന് അവരെ ശപിക്കാന്‍ കര്‍ത്താവു സമ്മതിച്ചേക്കും.
28: യഷിമോണിനെതിരേയുള്ള പെയോര്‍ മലമുകളിലേക്കു ബാലാമിനെ അവന്‍ കൊണ്ടുപോയി.
29: ബാലാം അവനോടു പറഞ്ഞു: ഇവിടെ എനിക്കായി ഏഴു ബലിപീഠങ്ങള്‍ നിര്‍മ്മിച്ച് ഏഴു കാളയെയും ഏഴു മുട്ടാടിനെയും കൊണ്ടുവരുക.      
30: ബാലാം പറഞ്ഞതുപോലെ അവന്‍ ചെയ്തു. ഓരോ ബലിപീഠത്തിന്മേലും ഓരോ കാളയെയും മുട്ടാടിനെയും ബലിയര്‍പ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ