മുപ്പത്തിമൂന്നാം ദിവസം: ലേവ്യര്‍ 16 - 19


അദ്ധ്യായം 16

പാപപരിഹാരദിനം

1: അഹറോൻ്റെ രണ്ടുപുത്രന്മാര്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍വച്ചു മരിച്ചതിനുശേഷം, കര്‍ത്താവു മോശയോടരുളിച്ചെയ്തു: 
2: നിൻ്റെ സഹോദരനായ അഹറോനോട്, അവന്‍ മരിക്കാതിരിക്കേണ്ടതിന്, തിരശ്ശീലയ്ക്കുള്ളിലെ ശ്രീകോവിലില്‍, പെട്ടകത്തിനു മുകളിലെ കൃപാസനത്തിനുമുമ്പില്‍ ഏതു സമയത്തും പ്രവേശിക്കരുതെന്നു നീ പറയണം. കാരണം, കൃപാസനത്തിനുമുകളില്‍ ഒരു മേഘത്തില്‍ ഞാന്‍ പ്രത്യക്ഷപ്പെടും.
3: അഹറോന്‍ ശ്രീകോവിലില്‍ പ്രവേശിക്കേണ്ടതിങ്ങനെയാണ്: പാപപരിഹാരബലിക്ക്, ഒരു കാളക്കുട്ടിയെയും ദഹനബലിക്ക്, ഒരു മുട്ടാടിനെയും കൊണ്ടുവരണം.
4: വിശുദ്ധമായ ചണക്കുപ്പായവും ചണംകൊണ്ടുള്ള കാല്‍ച്ചട്ടയും അരപ്പട്ടയും തൊപ്പിയും ധരിച്ചുവേണം വരാന്‍. ഇവ, വിശുദ്ധവസ്ത്രങ്ങളാണ്. ശരീരം വെള്ളംകൊണ്ടു കഴുകിയതിനുശേഷംവേണം, അവ ധരിക്കാന്‍.
5: ഇസ്രായേല്‍സമൂഹത്തില്‍നിന്ന്, അവന്‍ പാപപരിഹാരബലിക്കായി രണ്ട് ആണ്‍കോലാടുകളെയും ദഹനബലിക്കായി, ഒരു മുട്ടാടിനെയുമെടുക്കണം.
6: അഹറോന്‍ തനിക്കുവേണ്ടി പാപപരിഹാരബലിയായി കാളക്കുട്ടിയെ അര്‍പ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനുംവേണ്ടി പാപപരിഹാരം ചെയ്യണം.
7: അനന്തരം, രണ്ടു കോലാടുകളെയും സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ക്കൊണ്ടുവരണം.
8: അഹറോന്‍ കുറിയിട്ട്, ആടുകളിലൊന്നിനെ കര്‍ത്താവിനും മറ്റേതിനെ അസസേലിനുമായി നിശ്ചയിക്കണം.
9: കര്‍ത്താവിനായിക്കുറിവീണ ആടിനെക്കൊണ്ടുവന്നു പാപപരിഹാരബലിയായര്‍പ്പിക്കണം.
10: എന്നാല്‍, അസസേലിനായി കുറിവീണ ആടിനെ, പാപപരിഹാരം ചെയ്യുന്നതിനും അസസേലിനായി മരുഭൂമിയിലേക്കു വിട്ടയയ്ക്കുന്നതിനുംവേണ്ടി, ജീവനോടെ കര്‍ത്താവിൻ്റെമുമ്പില്‍ നിറുത്തണം.
11: അഹറോന്‍ തനിക്കും കുടുംബത്തിനുംവേണ്ടി പാപപരിഹാരബലിയായി കാളക്കുട്ടിയെ സമര്‍പ്പിക്കണം. അവന്‍, അതിനെക്കൊല്ലണം.
12: അനന്തരം, കര്‍ത്താവിൻ്റെ സന്നിധിയിലെ ബലിപീഠത്തിന്മേലുള്ള, തീക്കനല്‍നിറച്ച ധൂപകലശമേന്തി, സുരഭിലമായ കുന്തുരുക്കപ്പൊടി കൈകളില്‍ നിറച്ച്, തിരശ്ശീലയ്ക്കകത്തു വരണം.
13: താന്‍ മരിക്കാതിരിക്കാന്‍വേണ്ടി, സാക്ഷ്യപേടകത്തിന്മേലുള്ള കൃപാസനത്തെ ധൂപപടലംകൊണ്ടു മറയ്ക്കുന്നതിന്, കര്‍ത്താവിൻ്റെ സന്നിധിയില്‍വച്ച്, അവന്‍ കുന്തുരുക്കം തീയിലിടണം.
14: അനന്തരം, കാളക്കുട്ടിയുടെ കുറേ രക്തമെടുത്തു കൈവിരല്‍കൊണ്ടു കൃപാസനത്തിന്മേല്‍, മുന്‍ഭാഗത്തു തളിക്കണം. അതുപോലെ, കൃപാസനത്തിൻ്റെ മുമ്പിലും ഏഴുപ്രാവശ്യം തളിക്കണം.
15: ജനങ്ങളുടെ പാപപരിഹാരബലിക്കുള്ള കോലാടിനെക്കൊന്ന്, അതിൻ്റെ രക്തം, തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്ന്, കാളക്കുട്ടിയുടെ രക്തംകൊണ്ടു ചെയ്തതുപോലെ, കൃപാസനത്തിന്മേലും കൃപാസനത്തിൻ്റെ മുമ്പിലും തളിക്കണം.
16: അങ്ങനെ, ഇസ്രായേല്‍ജനത്തിൻ്റെ അശുദ്ധിയും തിന്മകളും പാപങ്ങളുംനിമിത്തം അഹറോന്‍ വിശുദ്ധസ്ഥലത്തിനുവേണ്ടി പാപപരിഹാരം ചെയ്യണം. അവരുടെയിടയില്‍, അവരുടെ അശുദ്ധിയുടെമദ്ധ്യേ സ്ഥിതിചെയ്യുന്ന സമാഗമകൂടാരത്തിനുവേണ്ടിയും ഇപ്രകാരംതന്നെ ചെയ്യണം.
17: പുരോഹിതന്‍, തനിക്കും കുടുംബത്തിനും ഇസ്രായേല്‍ജനത്തിനു മുഴുവനുംവേണ്ടി പാപപരിഹാരം ചെയ്യുന്നതിനായി ശ്രീകോവിലില്‍ പ്രവേശിച്ചിട്ടു തിരിച്ചുവരുന്നതുവരെ ആരും സമാഗമകൂടാരത്തിലുണ്ടായിരിക്കരുത്.
18: അനന്തരം, അവന്‍ കര്‍ത്താവിൻ്റെ സന്നിധിയിലുള്ള ബലിപീഠത്തിലേക്കുചെന്ന് അതിനുവേണ്ടിയും പാപപരിഹാരംചെയ്യണം. കാളക്കുട്ടിയുടെയും കോലാടിൻ്റെയും കുറച്ചു രക്തമെടുത്തു ബലിപീഠത്തിൻ്റെ കൊമ്പുകളില്‍ പുരട്ടണം.
19: കുറേ രക്തമെടുത്തു വിരല്‍കൊണ്ട് ഏഴുപ്രാവശ്യം അതിന്മേല്‍ത്തളിച്ച്, അതിനെ ശുദ്ധീകരിക്കുകയും ഇസ്രായേല്‍ജനത്തിൻ്റെ അശുദ്ധിയില്‍നിന്നു പവിത്രീകരിക്കുകയും ചെയ്യണം.
20: ശ്രീകോവിലിനും സമാഗമകൂടാരത്തിനും ബലിപീഠത്തിനുംവേണ്ടി പാപപരിഹാരംചെയ്തതിനുശേഷം, ജീവനുള്ള കോലാടിനെക്കൊണ്ടുവരണം.
21: അതിൻ്റെ തലയില്‍ കൈകള്‍വച്ച്, അഹറോന്‍ ഇസ്രായേല്‍ജനങ്ങളുടെ എല്ലാ അകൃത്യങ്ങളും അക്രമങ്ങളും പാപങ്ങളുമേറ്റുപറയണം. അവയെല്ലാം അതിൻ്റെ ശിരസ്സില്‍ച്ചുമത്തി, ഒരുങ്ങിനില്ക്കുന്ന ഒരാളുടെ കൈവശം, അതിനെ മരുഭൂമിയിലേക്കു വിടണം.
22: കോലാട്, അവരുടെ കുറ്റങ്ങള്‍ വഹിച്ചുകൊണ്ടു വിജനപ്രദേശത്തേക്കു പോകട്ടെ. ആടിനെ നയിക്കുന്ന ആള്‍, അതിനെ മരുഭൂമിയിലുപേക്ഷിക്കണം.
23: അനന്തരം, അഹറോന്‍ സമാഗമകൂടാരത്തില്‍ച്ചെന്ന്, ശ്രീകോവിലില്‍പ്രവേശിച്ചപ്പോള്‍ ധരിച്ചിരുന്ന ചണവസ്ത്രങ്ങള്‍ ഊരിവയ്ക്കണം.
24: അവന്‍ വിശുദ്ധസ്ഥലത്തുവച്ചു ദേഹം വെള്ളംകൊണ്ടുകഴുകി, സ്വന്തം വസ്ത്രംധരിച്ചുവന്നു തനിക്കും ജനത്തിനുംവേണ്ടി ദഹനബലിയര്‍പ്പിച്ചു പാപപരിഹാരം ചെയ്യണം.
25: ബലിമൃഗത്തിൻ്റെ മേദസ്സ്, ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം.
26: കോലാടിനെ അസസേലിനുവേണ്ടിക്കൊണ്ടുപോയവന്‍ തൻ്റെ വസ്ത്രങ്ങളും ദേഹവും വെള്ളത്തില്‍ കഴുകിയതിനുശേഷമേ പാളയത്തിലേക്കു വരാവൂ.
27: ശ്രീകോവിലില്‍ പാപപരിഹാരബലിക്കുള്ള രക്തത്തിനായിക്കൊന്ന, കാളക്കുട്ടിയെയും കോലാടിനെയും പാളയത്തിനുവെളിയില്‍ കൊണ്ടുപോകണം. അവയുടെ തോലും മാംസവും ചാണകവും തീയില്‍ ദഹിപ്പിച്ചുകളയണം.
28: അതു ദഹിപ്പിക്കുന്നവന്‍, തൻ്റെ വസ്ത്രവും ശരീരവും വെള്ളത്തില്‍ കഴുകിയതിനുശേഷമേ പാളയത്തില്‍ പ്രവേശിക്കാവൂ.
29: ഇതു നിങ്ങള്‍ക്ക് എന്നേയ്ക്കുമുള്ള നിയമമാണ്. ഏഴാംമാസം പത്താംദിവസം നിങ്ങളുപവസിക്കണം. നിങ്ങളോ നിങ്ങളുടെയിടയിലുള്ള വിദേശീയരോ അന്നു ജോലിചെയ്യരുത്.
30: പാപങ്ങളില്‍നിന്നെല്ലാം ശുദ്ധീകരിക്കപ്പെടാനായി നിങ്ങള്‍ക്കുവേണ്ടി പരിഹാരംചെയ്യുന്ന ദിവസമാണത്.
31: നിങ്ങള്‍ക്കിത്, വിശ്രമംനല്കുന്ന വിശുദ്ധസാബത്തുദിവസമാണ്. നിങ്ങള്‍ ഉപവാസമനുഷ്ഠിക്കണം.
32: ഇത്, എന്നേയ്ക്കുമുള്ള നിയമമാണ്. സ്വപിതാവിൻ്റെ സ്ഥാനത്ത്, അഭിഷിക്തനായി പ്രതിഷ്ഠിക്കപ്പെട്ട പുരോഹിതന്‍, പരിശുദ്ധമായ ചണവസ്ത്രങ്ങളണിഞ്ഞു പാപപരിഹാരം ചെയ്യണം.
33: ശ്രീകോവിലിനും സമാഗമകൂടാരത്തിനും ബലിപീഠത്തിനും പുരോഹിതന്മാര്‍ക്കും ജനസമൂഹത്തിനുംവേണ്ടി അവന്‍ പാപപരിഹാരം ചെയ്യണം.
34: ഇസ്രായേല്‍ജനത്തിൻ്റെ പാപങ്ങള്‍നിമിത്തം അവര്‍ക്കുവേണ്ടി വര്‍ഷത്തിലൊരിക്കല്‍ പാപപരിഹാരം ചെയ്യണമെന്നത്, നിങ്ങള്‍ക്ക് എന്നേയ്ക്കുമുള്ളൊരു നിയമമാണ്. കര്‍ത്താവു കല്പിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു.

അദ്ധ്യായം 17

രക്തത്തിൻ്റെ പവിത്രത

1: കര്‍ത്താവു മോശയോടു കല്പിച്ചു:
2: അഹറോനോടും പുത്രന്മാരോടും ഇസ്രായേല്‍ജനത്തോടും പറയുക, കര്‍ത്താവു കല്പിക്കുന്നു:
3: ഇസ്രായേല്‍ ഭവനത്തിലെ ആരെങ്കിലും കാളയെയോ ചെമ്മരിയാടിനെയോ കോലാടിനെയോ പാളയത്തിനകത്തോ പുറത്തോവച്ചു കൊല്ലുകയും,
4: ശ്രീകോവിലിനുമുമ്പില്‍ കര്‍ത്താവിനു കാഴ്ചയായി അര്‍പ്പിക്കുന്നതിനു സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ അതിനെക്കൊണ്ടുവരാതിരിക്കുകയുംചെയ്താല്‍ അതിൻ്റെ രക്തത്തിന്, അവനുത്തരവാദിയായിരിക്കും. രക്തംചൊരിഞ്ഞ അവന്‍, സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
5: ഇത്, ഇസ്രായേല്‍ജനം മൃഗങ്ങളെ തുറസ്സായ സ്ഥലത്തുവച്ചു ബലിയര്‍പ്പിക്കാതെ കര്‍ത്താവിൻ്റെമുമ്പില്‍ സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ പുരോഹിതൻ്റെയടുത്തുകൊണ്ടുവന്നു സമാധാനബലിയായി അവിടുത്തേയ്ക്കര്‍പ്പിക്കുന്നതിനുവേണ്ടിയാണ്.
6: പുരോഹിതന്‍, അവയുടെ രക്തം, സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ കര്‍ത്താവിൻ്റെ ബലിപീഠത്തിന്മേല്‍ തളിക്കുകയും മേദസ്സു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യത്തിനായി ദഹിപ്പിക്കുകയും ചെയ്യണം.
7: അവര്‍ ആരുടെ പിറകേ വേശ്യാവൃത്തിക്കായി നടന്നിരുന്നോ, ആ പിശാചുക്കള്‍ക്ക് ഇനി ബലിയര്‍പ്പിക്കരുത്. ഇത്, അവര്‍ക്കു തലമുറതോറും എന്നേയ്ക്കുമുള്ള നിയമമാണ്.
8, 9: നീയവരോടു പറയുക: ഇസ്രായേല്‍വംശത്തില്‍നിന്നോ അവരുടെയിടയില്‍ വസിക്കുന്ന വിദേശികളില്‍നിന്നോ ആരെങ്കിലും ദഹനബലിയോ മറ്റുബലികളോ അര്‍പ്പിക്കുമ്പോള്‍, അതു കര്‍ത്താവിനര്‍പ്പക്കാന്‍ സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ കൊണ്ടുവരാതിരുന്നാല്‍, അവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം. 
10: ഇസ്രായേല്‍വംശത്തിലോ അവരുടെയിടയില്‍ വസിക്കുന്ന വിദേശീയരിലോ ഉള്ള ആരെങ്കിലും ഏതെങ്കിലുംതരം രക്തംഭക്ഷിച്ചാല്‍ അവനെതിരേ ഞാന്‍ മുഖംതിരിക്കും. അവനെ ഞാന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിച്ചുകളയും.
11: എന്തെന്നാല്‍, ശരീരത്തിൻ്റെ ജീവന്‍ രക്തത്തിലാണിരിക്കുന്നത്. അതു ബലിപീഠത്തിന്മേല്‍ ജീവനുവേണ്ടി പാപപരിഹാരംചെയ്യാന്‍ ഞാന്‍ നല്കിയിരിക്കുന്നു. അതില്‍ ജീവനുള്ളതുകൊണ്ടു രക്തമാണു പാപപരിഹാരം ചെയ്യുന്നത്.
12: നിങ്ങളോ നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരിലാരെങ്കിലുമോ രക്തം ഭക്ഷിക്കരുതെന്ന് ഞാന്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞത്, അതുകൊണ്ടാണ്.
13: ഇസ്രായേല്‍ജനത്തില്‍നിന്നോ അവരുടെയിടയില്‍ വസിക്കുന്ന വിദേശീയരില്‍നിന്നോ ആരെങ്കിലും ഭക്ഷിക്കാവുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിച്ചാല്‍ അതിൻ്റെ രക്തമൂറ്റിക്കളഞ്ഞ്, മണ്ണിട്ടുമൂടണം.
14: എന്തെന്നാല്‍, എല്ലാ ജീവികളുടെയും ജീവന്‍ അവയുടെ രക്തത്തിലാണ്. ഒരു ജീവിയുടെയും രക്തം ഭക്ഷിക്കരുതെന്നു ഞാന്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞിരിക്കുന്നതും അതുകൊണ്ടുതന്നെ. ആരെങ്കിലും അതു ഭക്ഷിച്ചാല്‍, അവന്‍ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
15: ചത്തതിനെയോ കാട്ടുമൃഗം കൊന്നതിനെയോ ഭക്ഷിക്കുന്നവന്‍, സ്വദേശിയോ വിദേശിയോ ആകട്ടെ, തൻ്റെ വസ്ത്രമലക്കി, കുളിക്കണം. വൈകുന്നേരംവരെ അവനശുദ്ധനായിരിക്കും. അതിനുശേഷം ശുദ്ധനാകും.
16: എന്നാല്‍, തൻ്റെ വസ്ത്രമലക്കാതെയും കുളിക്കാതെയുമിരുന്നാല്‍ അവന്‍ കുറ്റക്കാരനായിരിക്കും. 

അദ്ധ്യായം 18

ലൈംഗികതയുടെ വിശുദ്ധി

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്.
3: നിങ്ങള്‍ വസിച്ചിരുന്ന ഈജിപ്തുദേശത്തെ ജനങ്ങളെപ്പോലെ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. ഞാന്‍ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന കാനാന്‍ദേശത്തെ ആളുകളെപ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അവരുടെ ചട്ടങ്ങളനുസരിച്ചു നിങ്ങള്‍ വ്യാപരിക്കുകയുമരുത്.
4: നിങ്ങള്‍ എൻ്റെ പ്രമാണങ്ങളും കല്പനകളുമനുസരിച്ചു വ്യാപരിക്കണം.
5: നിങ്ങളുടെ ദൈവമായ കര്‍ത്താവു ഞാനാണ്. നിങ്ങള്‍ എൻ്റെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുക. അവയനുസരിക്കുന്നവന്‍ അതിനാല്‍ ജീവിക്കും. ഞാനാണു കര്‍ത്താവ്. 
6: നിങ്ങളിലാരും തൻ്റെ ചാര്‍ച്ചക്കാരുടെ നഗ്നത അനാവൃതമാക്കാന്‍ അവരെ സമീപിക്കരുത്. ഞാനാണു കര്‍ത്താവ്.
7: നിൻ്റെ മാതാവിൻ്റെ നഗ്നത അനാവൃതമാക്കി, നിൻ്റെ പിതാവിനെയപമാനിക്കരുത്. അവള്‍ നിൻ്റെ അമ്മയായതുകൊണ്ടും അവളുടെ നഗ്നത അനാവൃതമാക്കരുത്.
8: നിൻ്റെ പിതാവിൻ്റെ ഭാര്യയുടെ നഗ്നത, നീ അനാവൃതമാക്കരുത്. അതു നിൻ്റെ പിതാവിൻ്റെതന്നെ നഗ്നതയാണ്.
9: നിൻ്റെ സഹോദരിയുടെ - നിൻ്റെ പിതാവിൻ്റെയോ മാതാവിൻ്റെയോ പുത്രിയുടെ, അവള്‍ സ്വദേശത്തോ അന്യദേശത്തോ ജനിച്ചവളാകട്ടെ - നഗ്നത അനാവൃതമാക്കരുത്.
10: നിൻ്റെ മകൻ്റെ മകളുടെയോ മകളുടെ മകളുടെയോ നഗ്നത നീ അനാവൃതമാക്കരുത്. കാരണം, അവരുടെ നഗ്നത, നിൻ്റെതന്നെ നഗ്നതയാണ്.
11: നിൻ്റെ പിതാവിൻ്റെ ഭാര്യയില്‍ അവനു ജനിച്ച മകള്‍, നിൻ്റെ സഹോദരിയാണ്; നീ അവളുടെ നഗ്നത അനാവൃതമാക്കരുത്.
12: നിൻ്റെ പിതാവിൻ്റെ സഹോദരിയുടെ നഗ്നത, നീ അനാവൃതമാക്കരുത്; അവള്‍ നിൻ്റെ പിതാവിൻ്റെ അടുത്ത ചാര്‍ച്ചക്കാരിയാണ്.
13: നിൻ്റെ മാതാവിൻ്റെ സഹോദരിയുടെ നഗ്നത, നീ അനാവൃതമാക്കരുത്; അവള്‍ നിൻ്റെ മാതാവിൻ്റെ അടുത്ത ചാര്‍ച്ചക്കാരിയാണ്.
14: നിൻ്റെ പിതൃസഹോദരനെ, അവൻ്റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കി അപമാനിക്കരുത്. അവള്‍ നിൻ്റെ ചാര്‍ച്ചക്കാരിയാണ്.
15: നിൻ്റെ മരുമകളുടെ നഗ്നത നീ അനാവൃതമാക്കരുത്. കാരണം, അവള്‍ നിൻ്റെ പുത്രൻ്റെ ഭാര്യയാണ്. അവളുടെ നഗ്നത നീ അനാവൃതമാക്കരുത്.
16: നിൻ്റെ സഹോദരൻ്റെ ഭാര്യയുടെ നഗ്നത നീ അനാവൃതമാക്കരുത്. അതു നിൻ്റെ സഹോദരൻ്റെ നഗ്നതയാണ്.
17: ഒരു സ്ത്രീയുടെയും അവളുടെതന്നെ മകളുടെയും നഗ്നത, നീ അനാവൃതമാക്കരുത്. അവളുടെ പുത്രൻ്റെയോ പുത്രിയുടെയോ മകളുടെ നഗ്നത, നീ അനാവൃതമാക്കരുത്. അവര്‍, അവളുടെ അടുത്ത ചാര്‍ച്ചക്കാരികളാണ്. അതധര്‍മ്മമാണ്.
18: ഭാര്യ ജീവിച്ചിരിക്കുമ്പോള്‍, അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കി, അവളെ നീ പരിഗ്രഹിക്കരുത്.
19: ആര്‍ത്തവംനിമിത്തം അശുദ്ധയായിരിക്കുന്ന സ്ത്രീയുടെ നഗ്നത, നീ അനാവൃതമാക്കരുത്.
20: നിൻ്റെ അയല്‍ക്കാരൻ്റെ ഭാര്യയോടുകൂടെ ശയിച്ച്, അവള്‍നിമിത്തം നീ അശുദ്ധനാകരുത്.
21: നിൻ്റെ സന്തതികളില്‍ ഒന്നിനെയും മോളെക്കിനു ബലിയര്‍പ്പിച്ചു ദൈവനാമത്തെ അശുദ്ധമാക്കരുത്. ഞാനാണു കര്‍ത്താവ്.
22: സ്ത്രീയോടുകൂടെയെന്നതുപോലെ, പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു.
23: സ്ത്രീയോ പുരുഷനോ, മൃഗങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു തന്നെത്തന്നെ അശുദ്ധമാക്കരുത്. അതു ലൈംഗികവൈകൃതമാണ്.
24: ഇവയിലൊന്നുകൊണ്ടും നിങ്ങളശുദ്ധരാകരുത്. ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്ന് അകറ്റിക്കളയുന്ന ജനതകള്‍, ഇവമൂലം തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു.
25: ആ ദേശവും അശുദ്ധമായിരിക്കുന്നു. അതിൻ്റെ അകൃത്യത്തിന്, ഞാനതിനെ ശിക്ഷിക്കും. അത്, അതിലെ നിവാസികളെ പുറന്തള്ളുകയുംചെയ്യും.
26: നിങ്ങളും നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരും എൻ്റെ കല്പനകളും പ്രമാണങ്ങളും പാലിക്കുകയും ഇത്തരം മ്ലേച്ഛമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുകയും വേണം.
27: നിങ്ങള്‍ക്കുമുമ്പ്, ഈ നാട്ടില്‍ വസിച്ചിരുന്നവര്‍ ഈവിധം മ്ലേച്ഛതകള്‍കൊണ്ട്, നാടു മലിനമാക്കി.
28: ആകയാല്‍, ഈദേശം നിങ്ങള്‍ക്കുമുമ്പുണ്ടായിരുന്നവരെ പുറന്തള്ളിയതുപോലെ അതിനെ അശുദ്ധമാക്കുകവഴി, നിങ്ങളെയും പുറന്തള്ളാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
29: ഇത്തരം മ്ലേച്ഛപ്രവൃത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
30: നിങ്ങള്‍ക്കുമുമ്പു നടമാടിയിരുന്ന ഈ മ്ലേച്ഛതകളില്‍ വ്യാപരിച്ച്, നിങ്ങളെത്തന്നെ അശുദ്ധരാക്കരുതെന്ന എൻ്റെ കല്പനയനുസരിക്കുവിന്‍. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.

അദ്ധ്യായം 19

വിവിധ നിയമങ്ങള്‍

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍സമൂഹത്തോടു പറയുക, നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനാണ്.
3: മാതാവിനെയും പിതാവിനെയും ബഹുമാനിക്കുകയും എൻ്റെ സാബത്ത്, ആചരിക്കുകയും വേണം. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
4: വിഗ്രഹങ്ങളെയാരാധിക്കുകയോ ദേവന്മാരുടെ വിഗ്രഹങ്ങള്‍ വാര്‍ത്തെടുക്കുകയോ ചെയ്യരുത്. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
5: കര്‍ത്താവിനു സമാധാനബലിയര്‍പ്പിക്കുമ്പോള്‍, നിങ്ങള്‍ സ്വീകാര്യരാകത്തക്കവിധമര്‍പ്പിക്കുക.
6: അര്‍പ്പിക്കുന്ന ദിവസവും അതിനടുത്ത ദിവസവും നിങ്ങളതു ഭക്ഷിക്കണം. മൂന്നാംദിവസത്തേക്ക് എന്തെങ്കിലുമവശേഷിക്കുന്നെങ്കില്‍ അതു ദഹിപ്പിച്ചുകളയണം. 
7: മൂന്നാംദിവസം അതു ഭക്ഷിക്കുന്നതു നിന്ദ്യമാണ്. അതു സ്വീകാര്യമാവുകയില്ല.
8: അതു ഭക്ഷിക്കുന്നവന്‍ കുറ്റക്കാരനായിരിക്കും. എന്തെന്നാല്‍, അവന്‍ കര്‍ത്താവിൻ്റെ വിശുദ്ധവസ്തു അശുദ്ധമാക്കി. അവന്‍ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
9: നിങ്ങള്‍ ധാന്യം കൊയ്യുമ്പോള്‍ വയലിൻ്റെ അതിര്‍ത്തിതീര്‍ത്തു കൊയ്‌തെടുക്കരുത്.
10: കൊയ്ത്തിനുശേഷം കാലാപെറുക്കുകയുമരുത്. മുന്തിരിത്തോട്ടത്തിലെ ഫലങ്ങളും തീര്‍ത്തുപറിക്കരുത്. വീണുകിടക്കുന്ന പഴം പെറുക്കിയെടുക്കുകയുമരുത്. പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി അതു നീക്കിവയ്ക്കുക. ഞാനാകുന്നു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
11: നിങ്ങള്‍ മോഷ്ടിക്കുകയോ വഞ്ചിക്കുകയോ പരസ്പരം വ്യാജംപറയുകയോ അരുത്.
12: എൻ്റെ നാമത്തില്‍ കള്ളസത്യംചെയ്യരുത്. നിങ്ങളുടെ ദൈവത്തിൻ്റെ നാമം അശുദ്ധമാക്കുകയുമരുത്. ഞാനാണു കര്‍ത്താവ്.
13: നിങ്ങളുടെ അയല്‍ക്കാരെ മര്‍ദ്ദിക്കുകയോ കൊള്ളയടിക്കുകയോ അരുത്. കൂലിക്കാരനു വേതനംനല്കാന്‍ പിറ്റേന്നു രാവിലെവരെ കാത്തിരിക്കരുത്.
14: ചെകിടരെ ശപിക്കുകയോ കുരുടൻ്റെ വഴിയില്‍ തടസ്സം വയ്ക്കുകയോ അരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാനാണു കര്‍ത്താവ്.
15: അനീതിയായി വിധിക്കരുത്. ദരിദ്രനോടു ദാക്ഷിണ്യമോ ശക്തനോടു പ്രത്യേക പരിഗണനയോ കാണിക്കാതെ അയല്‍ക്കാരെ നീതിപൂര്‍വം വിധിക്കണം.
16: ഏഷണി പറഞ്ഞുനടക്കുകയോ അയല്‍ക്കാരൻ്റെ ജീവനെ അപകടത്തിലാക്കുകയോ അരുത്. ഞാനാണു കര്‍ത്താവ്.
17: സഹോദരനെ ഹൃദയംകൊണ്ടു വെറുക്കരുത്. അയല്‍ക്കാരനെ ശാസിക്കണം. അല്ലെങ്കില്‍ അവന്‍മൂലം നീ തെറ്റുകാരനാകും.
18: നിൻ്റെ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിൻ്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഞാനാണു കര്‍ത്താവ്.
19: നിങ്ങള്‍, എൻ്റെ കല്പനകളനുസരിക്കുവിന്‍. ഒരു മൃഗത്തെ മറ്റിനത്തില്‍പ്പെട്ട മൃഗവുമായി ഇണചേര്‍ക്കരുത്. വയലില്‍, വിത്തുകള്‍ കലര്‍ത്തി വിതയ്ക്കരുത്. ചണവും കമ്പിളിയുംചേര്‍ത്തു നെയ്‌തെടുത്ത വസ്ത്രങ്ങള്‍ ധരിക്കുകയുമരുത്.
20: ഒരു പുരുഷനു വിവാഹസമ്മതംനല്കിയിട്ടുള്ളവളും എന്നാല്‍ വീണ്ടെടുക്കപ്പെടാത്തവളും സ്വാതന്ത്ര്യംലഭിക്കാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുവന്‍ ശയിച്ചാല്‍ അന്വേഷണംനടത്തി, അവരെ ശിക്ഷിക്കണം. എന്നാല്‍, അവര്‍ക്കു മരണശിക്ഷ വിധിക്കരുത്. എന്തെന്നാല്‍ അവള്‍ സ്വതന്ത്രയായിരുന്നില്ല.
21: അവന്‍ തനിക്കുവേണ്ടി സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ പ്രായശ്ചിത്തബലിയായി ഒരു മുട്ടനാടിനെ കര്‍ത്താവിനു സമര്‍പ്പിക്കണം.
22: പുരോഹിതന്‍ പ്രായശ്ചിത്തബലിക്കുള്ള മൃഗത്തെ കര്‍ത്താവിൻ്റെമുമ്പില്‍ സമര്‍പ്പിച്ച്, അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവന്‍ചെയ്ത പാപം ക്ഷമിക്കപ്പെടും.
23: നിങ്ങള്‍ ദേശത്തുവന്നു ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ മൂന്നുവര്‍ഷത്തേക്ക് അവയുടെ ഫലങ്ങള്‍ വിലക്കപ്പെട്ടതായി കണക്കാക്കണം. അവ നിങ്ങള്‍ ഭക്ഷിക്കരുത്.
24: നാലാംവര്‍ഷം കര്‍ത്താവിൻ്റെ സ്തുതിക്കായി സമര്‍പ്പിക്കുന്നതിന് അവയുടെ ഫലമെല്ലാം പരിശുദ്ധമായിരിക്കും.
25: അഞ്ചാംവര്‍ഷം, അവയുടെ ഫലങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷിക്കാം. അവ നിങ്ങളെ സമ്പന്നരാക്കും. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
26: നിങ്ങള്‍ രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്. ശകുനംനോക്കുകയോ ആഭിചാരംനടത്തുകയോ അരുത്.
27: ചെന്നി മുണ്ഡനം ചെയ്യരുത്. ദീക്ഷയുടെ അഗ്രം മുറിക്കുകയുമരുത്.
28: മരിച്ചവരെപ്രതി, നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്. ദേഹത്തു പച്ചകുത്തരുത്. ഞാനാണു കര്‍ത്താവ്.
29: നിൻ്റെ പുത്രിയെ വേശ്യാവൃത്തിക്കേല്പിക്കരുത്. അങ്ങനെചെയ്താല്‍ നാടുമുഴുവന്‍ വേശ്യാവൃത്തിയില്‍ മുഴുകുകയും തിന്മകൊണ്ടു നിറയുകയുംചെയ്യാനിടയാകും.
30: നിങ്ങള്‍, എൻ്റെ സാബത്താചരിക്കുകയും വിശുദ്ധസ്ഥലത്തെ ബഹുമാനിക്കുകയും ചെയ്യുവിന്‍. ഞാനാണു കര്‍ത്താവ്.
31: നിങ്ങള്‍ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച് അശുദ്ധരാകരുത്. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
32: പ്രായംചെന്നു നരച്ചവരുടെ മുമ്പില്‍ ആദരപൂര്‍വമെഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയും വേണം. നിൻ്റെ ദൈവത്തെ ഭയപ്പെടുക. ഞാനാണു കര്‍ത്താവ്.
33: നിങ്ങളുടെ നാട്ടില്‍വന്നു താമസിക്കുന്ന വിദേശിയെ ഉപദ്രവിക്കരുത്.
34: നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശിയെ നിങ്ങള്‍ സ്വദേശിയെപ്പോലെ കണക്കാക്കണം. നിങ്ങളെപ്പോലെതന്നെ അവനെയും സ്‌നേഹിക്കണം. കാരണം, നിങ്ങള്‍ ഈജിപ്തുദേശത്തു വിദേശികളായിരുന്നു. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
35: വിധിയിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അനീതി പ്രവര്‍ത്തിക്കരുത്.
36: ശരിയായ തുലാസും കട്ടിയും ഏഫായും ഹിന്നും നിങ്ങള്‍ക്കുണ്ടായിരിക്കണം. ഈജിപ്തുദേശത്തുനിന്നു നിങ്ങളെക്കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവു ഞാനാണ്.
37: നിങ്ങള്‍ എൻ്റെ കല്പനകളും നിയമങ്ങളുമനുസരിച്ചു പ്രവര്‍ത്തിക്കണം. ഞാനാണു കര്‍ത്താവ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ