അമ്പത്തിമൂന്നാം ദിവസം: നിയമാവര്‍ത്തനം 20 - 23



അദ്ധ്യായം 20

ധീരമായി യുദ്ധംചെയ്യുക

1: നീ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ ശത്രുവിനു നിന്നെക്കാള്‍ക്കൂടുതല്‍ കുതിരകളും രഥങ്ങളും സൈന്യങ്ങളുമുണ്ടെന്നുകണ്ടാലും ഭയപ്പെടരുത്. എന്തെന്നാല്‍, നിന്നെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നിൻ്റെ ദൈവമായ കര്‍ത്താവു നിന്നോടുകൂടെയുണ്ട്.
2: യുദ്ധം തുടങ്ങാറാകുമ്പോള്‍ പുരോഹിതന്‍ മുന്നോട്ടുവന്നു ജനത്തോടു സംസാരിക്കണം.
3: അവനിപ്രകാരം പറയട്ടെ: ഇസ്രായേലേ, കേള്‍ക്കുക, ശത്രുക്കള്‍ക്കെതിരായി നിങ്ങള്‍ യുദ്ധത്തിനിറങ്ങുകയാണ്. ദുര്‍ബ്ബലഹൃദയരാകരുത്; അവരുടെമുമ്പില്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ അരുത്.
4: നിങ്ങളുടെ ദൈവമായ കര്‍ത്താവാണു നിങ്ങളുടെകൂടെവന്നു ശത്രുക്കള്‍ക്കെതിരായി യുദ്ധംചെയ്തു വിജയംനേടിത്തരുന്നത്.
5: അനന്തരം, നായകന്മാര്‍ ജനത്തോടിപ്രകാരം പറയണം: ഭവനം പണിയിച്ചിട്ട് അതിൻ്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കാത്ത ആരാണിക്കൂട്ടത്തിലുള്ളത്? താന്‍ യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ അതിൻ്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കുകയുംചെയ്യാന്‍ ഇടയാകാതിരിക്കേണ്ടതിന്, അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
6: മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചിട്ട്, അതിൻ്റെ ഫലമനുഭവിക്കാത്ത ആരാണിക്കൂട്ടത്തിലുള്ളത്? താന്‍ യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ അതിൻ്റെ ഫലമനുഭവിക്കുകയുംചെയ്യാന്‍ ഇടയാകാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
7: സ്ത്രീയോടു വിവാഹവാഗ്ദാനം നടത്തുകയും എന്നാല്‍ അവളെ സ്വീകരിക്കാതിരിക്കുകയുംചെയ്ത ആരാണിക്കൂട്ടത്തിലുള്ളത്? താന്‍ യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ അവളെ സ്വീകരിക്കുകയുംചെയ്യാതിരിക്കേണ്ടതിന്, അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
8: നായകന്മാര്‍ തുടര്‍ന്നു പറയണം: ദുര്‍ബ്ബലഹൃദയനും ഭീരുവുമായ ആരാണിക്കൂട്ടത്തിലുള്ളത്? അവൻ്റെ സഹോദരന്മാരും അവനെപ്പോലെ ചഞ്ചലചിത്തരാകാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
9: നായകന്മാര്‍ ജനത്തോടു സംസാരിച്ചുകഴിയുമ്പോള്‍, ജനത്തെ നയിക്കുന്നതിനായി പടത്തലവന്മാരെ നിയമിക്കണം.
10: യുദ്ധത്തിനായി നിങ്ങളൊരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാനസന്ധിക്കുള്ള അവസരം നല്കണം.
11: അവര്‍ സമാധാനസന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരുകയുംചെയ്താല്‍, നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ.
12: എന്നാല്‍, ആ നഗരം സന്ധിചെയ്യാതെ, നിനക്കെതിരേ യുദ്ധംചെയ്താല്‍ നീയതിനെ വളഞ്ഞ്, ആക്രമിക്കണം.
13: നിൻ്റെ ദൈവമായ കര്‍ത്താവ്, അതിനെ നിൻ്റെ കൈയിലേല്പിക്കുമ്പോള്‍ അവിടെയുള്ള പുരുഷന്മാരെയെല്ലാം വാളിനിരയാക്കണം.
14: എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവസ്തുക്കളായി എടുത്തുകൊള്ളുക. നിൻ്റെ ദൈവമായ കര്‍ത്താവു നിനക്കുതരുന്ന ശത്രുക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചുകൊള്ളുക.
15: ഈ ദേശക്കാരുടേതല്ലാത്ത വിദൂരസ്ഥമായ പട്ടണങ്ങളോടു നീ ഇപ്രകാരമാണു പ്രവര്‍ത്തിക്കേണ്ടത്.
16: എന്നാല്‍, നിൻ്റെ ദൈവമായ കര്‍ത്താവു നിനക്കവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാനനുവദിക്കരുത്.
17: നിൻ്റെ ദൈവമായ കര്‍ത്താവു കല്പിച്ചിട്ടുള്ളതുപോലെ ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരെ നിശ്ശേഷം നശിപ്പിക്കണം.
18: അവര്‍ തങ്ങളുടെ ദേവന്മാരുടെമുമ്പില്‍ച്ചെയ്യുന്ന മ്ലേച്ഛതകള്‍ നിങ്ങളെ പഠിപ്പിക്കാതിരിക്കാനും അങ്ങനെ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരായി നിങ്ങള്‍ പാപം ചെയ്യാതിരിക്കാനുമാണ് ഇപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ളത്.
19: ഒരു നഗരത്തോടു യുദ്ധംചെയ്ത്, അതു പിടിച്ചെടുക്കാനായി വളരെക്കാലം അതിനെ ഉപരോധിക്കേണ്ടിവരുമ്പോള്‍ അതിലെ വൃക്ഷങ്ങളിലൊന്നും കോടാലികൊണ്ടു വെട്ടിനശിപ്പിക്കരുത്. അവയുടെ ഫലങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷിക്കാം; എന്നാല്‍, അവ വെട്ടിക്കളയരുത്. വയലിലെ മരങ്ങളെ ഉപരോധിക്കാന്‍ അവ മനുഷ്യരാണോ?
20: ഭക്ഷണത്തിനുപകരിക്കാത്ത വൃക്ഷങ്ങള്‍മാത്രം നശിപ്പിക്കുകയോ അവ വെട്ടി, ആ നഗരങ്ങളോടു യുദ്ധംചെയ്യാന്‍ ഉപകരണങ്ങളുണ്ടാക്കുകയോ ചെയ്തുകൊള്ളുക.

അദ്ധ്യായം 21

ഘാതകനെക്കുറിച്ച് അറിവില്ലാത്തപ്പോള്‍

1: നിൻ്റെ ദൈവമായ കര്‍ത്താവു നിനക്കവകാശമായിത്തരുന്ന ദേശത്തു വധിക്കപ്പെട്ട ഒരുവൻ്റെ ശരീരം, തുറസ്സായ സ്ഥലത്തു കാണപ്പെടുകയും ഘാതകനാരെന്ന് അറിയാതിരിക്കുകയും ചെയ്താല്‍,
2: നിൻ്റെ ശ്രേഷ്ഠന്മാരും ന്യായാധിപന്മാരുംവന്നു മൃതശരീരംകിടക്കുന്ന സ്ഥലത്തുനിന്ന്, ചുറ്റുമുള്ള ഓരോ പട്ടണത്തിലേക്കുമുള്ള ദൂരമളക്കണം.
3: മൃതദേഹം കിടക്കുന്ന സ്ഥലത്തോട് ഏറ്റവുമടുത്ത പട്ടണത്തില്‍നിന്ന്, ഒരിക്കലും പണിയെടുപ്പിക്കുകയോ നുകംവയ്ക്കുകയോചെയ്തിട്ടില്ലാത്ത ഒരു പശുക്കുട്ടിയെ പിടിച്ചുകൊണ്ടുവരണം.
4: നീരൊഴുക്കുള്ള ഒരു അരുവിയുടെ തീരത്ത്, ഒരിക്കലും ഉഴുകയോ വിതയ്ക്കുകയോചെയ്തിട്ടില്ലാത്തൊരു സ്ഥലത്ത്, ആ പശുക്കുട്ടിയെക്കൊണ്ടുവന്ന്, അതിൻ്റെ കഴുത്തൊടിക്കണം.
5: നിൻ്റെ ദൈവമായ കര്‍ത്താവ്, തനിക്കു ശുശ്രൂഷചെയ്യാനും തൻ്റെ നാമത്തിലാശീര്‍വ്വദിക്കാനും തിരഞ്ഞെടുത്തിരിക്കുന്ന ലേവ്യപുരോഹിതന്മാര്‍, അടുത്തുവന്നു തര്‍ക്കങ്ങള്‍ക്കുമക്രമങ്ങള്‍ക്കും തീര്‍പ്പു കല്പിക്കട്ടെ. 
6: മൃതദേഹം കിടക്കുന്ന സ്ഥലത്തോട് ഏറ്റവുമടുത്തുള്ള നഗരത്തിലെ എല്ലാ ശ്രേഷ്ഠന്മാരും താഴ്‌വരയില്‍വന്നു കഴുത്തൊടിച്ച പശുക്കിടാവിൻ്റെമേല്‍ കൈകഴുകണം.
7: അനന്തരം, ഇങ്ങനെ പറയട്ടെ: ഞങ്ങളുടെ കരങ്ങള്‍ ഈ രക്തംചൊരിയുകയോ ഞങ്ങളുടെ കണ്ണുകള്‍ ഇതു കാണുകയോ ചെയ്തിട്ടില്ല.
8: കര്‍ത്താവേ, അങ്ങു വീണ്ടെടുത്ത അങ്ങയുടെ ജനമായ ഇസ്രായേലിനോടു ക്ഷമിച്ചാലും. നിര്‍ദ്ദോഷൻ്റെ രക്തംചിന്തിയെന്ന കുറ്റം അവരുടെമേല്‍ ആരോപിക്കരുതേ! നിഷ്‌കളങ്കരക്തം ചിന്തിയ കുറ്റം അവരോടു പൊറുക്കണമേ!
9: കര്‍ത്താവിനിഷ്ടമായതു ചെയ്തുകഴിയുമ്പോള്‍ നിര്‍ദ്ദോഷൻ്റെ രക്തംചിന്തിയ കുറ്റത്തില്‍നിന്നു നീ വിമുക്തനാകും.

യുദ്ധത്തടവുകാര്‍

10: ശത്രുക്കള്‍ക്കെതിരായി യുദ്ധത്തിനുപോകുമ്പോള്‍ നിൻ്റെ ദൈവമായ കര്‍ത്താവ് അവരെ നിൻ്റെ കൈകളിലേല്പിക്കുകയും നീയവരെ അടിമകളാക്കുകയും ചെയ്യും. 
11: അപ്പോള്‍, അവരുടെയിടയില്‍ സുന്ദരിയായ ഒരു സ്ത്രീയെ കാണുകയും അവളില്‍ നിനക്കു താത്പര്യം ജനിക്കുകയും അവളെ ഭാര്യയായി സ്വീകരിക്കാന്‍ ആഗ്രഹിക്കുകയുംചെയ്താല്‍,
12: അവളെ നിൻ്റെ വീട്ടിലേക്കു കൊണ്ടുവരണം. അവള്‍ തലമുണ്ഡനംചെയ്യുകയും നഖംവെട്ടുകയും ചെയ്തതിനുശേഷം,
13: അടിമത്തത്തിൻ്റെ വസ്ത്രം മാറ്റി, ഒരു മാസത്തേക്കു നിൻ്റെ വീട്ടിലിരുന്ന് സ്വന്തം മാതാപിതാക്കളെയോര്‍ത്തു വിലപിക്കട്ടെ. അതിനുശേഷം നിനക്കവളെ പ്രാപിക്കാം; നിങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായിരിക്കും.
14: പിന്നീട്, നിനക്കവളില്‍ പ്രീതിയില്ലെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയയ്ക്കുക. നീയവളെ അപകൃഷ്ടയാക്കിയതിനാല്‍ ഒരിക്കലും അവളെ വില്‍ക്കുകയോ അടിമയായി പരിഗണിക്കുകയോ അരുത്.

ആദ്യജാതൻ്റെ അവകാശം

15: ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടായിരിക്കുകയും, അവന്‍ ഒരുവളെ സ്‌നേഹിക്കുകയും മറ്റവളെ ദ്വേഷിക്കുകയും ഇരുവരിലും അവനു സന്താനങ്ങളുണ്ടാവുകയും ആദ്യജാതന്‍ ദ്വേഷിക്കുന്നവളില്‍നിന്നുള്ളവനായിരിക്കുകയും ചെയ്താല്‍
16: അവന്‍ തൻ്റെ വസ്തുവകകള്‍ പുത്രന്മാര്‍ക്കു ഭാഗിച്ചുകൊടുക്കുമ്പോള്‍ താന്‍ വെറുക്കുന്നവളുടെ മകനും ആദ്യജാതനുമായവനെ മാറ്റിനിറുത്തിയിട്ട് പകരം താന്‍ സ്‌നേഹിക്കുന്നവളുടെ മകനെ ആദ്യജാതനായി കണക്കാക്കരുത്.
17: അവന്‍ തൻ്റെ സകല സമ്പത്തുകളുടെയും രണ്ടോഹരി വെറുക്കുന്നവളുടെ മകനുകൊടുത്ത്, അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് തൻ്റെ പുരുഷത്വത്തിൻ്റെ ആദ്യഫലം. ആദ്യജാതൻ്റെ അവകാശം അവനുള്ളതാണ്.

ധിക്കാരിയായ മകന്‍

18: ഒരുവനു ദുര്‍വാശിക്കാരനും ധിക്കാരിയും മാതാപിതാക്കന്മാരുടെ വാക്കുകേള്‍ക്കുകയോ ശിക്ഷിച്ചാല്‍പ്പോലും അവരെ അനുസരിക്കുകയോ ചെയ്യാത്തവനുമായ ഒരു മകനുണ്ടെന്നിരിക്കട്ടെ.
19: മാതാപിതാക്കന്മാര്‍ അവനെ പട്ടണവാതില്‍ക്കല്‍ ശ്രേഷ്ഠന്മാരുടെയടുക്കല്‍ക്കൊണ്ടുചെന്ന്, 
20: അവരോടു പറയണം: ഞങ്ങളുടെ ഈ മകന്‍ ദുര്‍വാശിക്കാരനും ധിക്കാരിയുമാണ്; അവന്‍ ഞങ്ങളെയനുസരിക്കുന്നില്ല. ഭോജനപ്രിയനും മദ്യപനുമാണ്.
21: അപ്പോള്‍ പട്ടണവാസികള്‍ അവനെക്കല്ലെറിഞ്ഞു കൊല്ലണം. അങ്ങനെ ആ തിന്മ, നിങ്ങളുടെയിടയില്‍നിന്ന് നീക്കിക്കളയണം. ഇസ്രായേല്‍ മുഴുവന്‍ ഇതുകേട്ടു ഭയപ്പെടട്ടെ.
22 : ഒരുവന്‍ മരണശിക്ഷയ്ക്കര്‍ഹമായ കുറ്റം ചെയ്യുകയും മരണത്തിനു വിധിക്കപ്പെടുകയും ചെയ്താല്‍ അവനെ നീ മരത്തില്‍ തൂക്കുക.
23: ശവം, രാത്രിമുഴുവന്‍ മരത്തില്‍ തൂങ്ങിക്കിടക്കരുത്. നിൻ്റെ ദൈവമായ കര്‍ത്താവു നിനക്കവകാശമായിത്തരുന്ന സ്ഥലം അശുദ്ധമാകാതിരിക്കാന്‍ അന്നുതന്നെ അതു മറവുചെയ്യണം. മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്.



അദ്ധ്യായം 22

വിവിധ നിയമങ്ങള്‍

1: നിൻ്റെ സഹോദരൻ്റെ കാളയോ ആടോ വഴിതെറ്റിയലയുന്നതുകണ്ടാല്‍, കണ്ടില്ലെന്നുനടിച്ചു കടന്നുപോകരുത്. അതിനെ നിൻ്റെ സഹോദരൻ്റെയടുക്കല്‍ തിരിച്ചെത്തിക്കണം.
2: അവന്‍ സമീപസ്ഥനല്ലെങ്കില്‍, അഥവാ നീ അവനെയറിയുകയില്ലെങ്കില്‍, അതിനെ വീട്ടിലേക്കു കൊണ്ടുപോയി, അവന്‍ അന്വേഷിച്ചുവരുന്നതുവരെ സൂക്ഷിക്കണം; അന്വേഷിച്ചുവരുമ്പോള്‍ തിരിച്ചുകൊടുക്കുകയും വേണം.
3: അവനു നഷ്ടപ്പെട്ട കഴുത, വസ്ത്രം, മറ്റു സാധനങ്ങള്‍ ഇവയെ സംബന്ധിച്ചും നീ ഇപ്രകാരം ചെയ്യണം; ഒരിക്കലും സഹായം നിരസിക്കരുത്.
4: നിൻ്റെ സഹോദരൻ്റെ കഴുതയോ കാളയോ വഴിയില്‍ വീണുകിടക്കുന്നതുകണ്ടാല്‍ നീ മാറിപ്പോകരുത്. അതിനെയെഴുന്നേല്പിക്കാന്‍ അവനെ സഹായിക്കണം.
5: സ്ത്രീ പുരുഷൻ്റെയോ, പുരുഷന്‍ സ്ത്രീയുടെയോ വേഷമണിയരുത്. അപ്രകാരം ചെയ്യുന്നവര്‍ നിൻ്റെ ദൈവമായ കര്‍ത്താവിനു നിന്ദ്യരാണ്.
6: കുഞ്ഞുങ്ങളുടെയോ മുട്ടകളുടെയോമേല്‍ തള്ളപ്പക്ഷി അടയിരിക്കുന്ന ഒരു പക്ഷിക്കൂട്, വഴിയരികിലുള്ള ഏതെങ്കിലും വൃക്ഷത്തിലോ നിലത്തോ കാണാനിടയായാല്‍ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ എടുക്കരുത്.
7: തള്ളപ്പക്ഷിയെ പറന്നുപോകാനനുവദിച്ചതിനുശേഷം കുഞ്ഞുങ്ങളെ നിനക്കെടുക്കാം. നിനക്കു നന്മയുണ്ടാകുന്നതിനും നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കുന്നതിനുംവേണ്ടിയാണ് ഈ കല്പന.
8: നീ വീടു പണിയുമ്പോള്‍ പുരമുകളില്‍ ചുറ്റും അരമതില്‍ കെട്ടണം. അല്ലെങ്കില്‍ ആരെങ്കിലും താഴേക്കുവീണു രക്തംചിന്തിയ കുറ്റം, നിൻ്റെ ഭവനത്തിന്മേല്‍ പതിച്ചേക്കാം.
9: മുന്തിരിത്തോട്ടത്തില്‍ മറ്റു വിത്തുകള്‍ വിതയ്ക്കരുത്. വിതച്ചാല്‍, വിള മുഴുവന്‍ - നീ വിതച്ചതും മുന്തിരിയുടെ ഫലവും - ദേവാലയത്തിലേക്കു കണ്ടുകെട്ടും.
10: കാളയെയും കഴുതയെയും ഒരുമിച്ചുപൂട്ടി ഉഴരുത്.
11: രോമവും ചണവും ചേര്‍ത്തുനെയ്ത വസ്ത്രം ധരിക്കരുത്.
12: നിൻ്റെ മേലങ്കിയുടെ നാലറ്റത്തും തൊങ്ങലുകളുണ്ടാക്കണം.

ദാമ്പത്യ വിശ്വസ്തത

13: വിവാഹംചെയ്തു ഭാര്യയെ പ്രാപിച്ചതിനുശേഷം അവളെ വെറുക്കുകയും അവളില്‍ ദുര്‍ന്നടത്തമാരോപിക്കുകയും,
14: ഞാന്‍ ഈ സ്ത്രീയെ ഭാര്യയായി സ്വീകരിച്ചു; എന്നാല്‍ അവളെ ഞാന്‍ സമീപിച്ചപ്പോള്‍ അവള്‍ കന്യകയായിരുന്നില്ല എന്നു പറഞ്ഞ്, അവള്‍ക്കു ദുഷ്‌കീര്‍ത്തി വരുത്തുകയുംചെയ്താല്‍,
15: അവളുടെ പിതാവും മാതാവും അവളെ പട്ടണവാതില്‍ക്കല്‍ ശ്രേഷ്ഠന്മാരുടെയടുത്തു കൊണ്ടുചെന്ന്, അവളുടെ കന്യാകാത്വത്തിനുള്ള തെളിവു കൊടുക്കണം.
16: അവളുടെ പിതാവ് ഇപ്രകാരം പറയണം: ഞാന്‍ എൻ്റെ മകളെ ഇവനു ഭാര്യയായി നല്കി. അവന്‍, അവളെ വെറുക്കുകയും
17: നിൻ്റെ മകള്‍ കന്യകയല്ലായിരുന്നെന്നു പറഞ്ഞു അവളില്‍ ദുര്‍ന്നടത്തം ആരോപിക്കുകയും ചെയ്യുന്നു. എന്നാല്‍, എൻ്റെ മകളുടെ കന്യാത്വത്തിനുള്ള തെളിവുകള്‍ ഇവയെല്ലാമാണ് എന്നു പറഞ്ഞ്, പട്ടണത്തിലെ ശ്രേഷ്ഠന്മാരുടെമുമ്പില്‍ വസ്ത്രം വിരിച്ചുവയ്ക്കണം.
18: അപ്പോള്‍ ആ പട്ടണത്തിലെ ശ്രേഷ്ഠന്മാര്‍ കുറ്റക്കാരനെപ്പിടിച്ചു ചാട്ടകൊണ്ടടിക്കണം.
19: ഇസ്രായേല്‍കന്യകകളില്‍, ഒരുവള്‍ക്കു ദുഷ്‌കീര്‍ത്തിവരുത്തിവച്ചതിനാല്‍, അവനില്‍നിന്നു നൂറുഷെക്കല്‍ വെള്ളി പിഴയായിവാങ്ങി, യുവതിയുടെ പിതാവിനു കൊടുക്കണം. ജീവിതകാലം മുഴുവന്‍ അവളവൻ്റെ ഭാര്യയായിരിക്കും. പിന്നീടൊരിക്കലും അവളെയുപേക്ഷിക്കരുത്.
20: യുവതിയില്‍ കന്യാത്വത്തിൻ്റെ അടയാളം കണ്ടില്ലെങ്കില്‍,
21: അവര്‍ ആ യുവതിയെ അവളുടെ പിതൃഭവനത്തിൻ്റെ വാതില്‍ക്കല്‍ കൊണ്ടുപോകുകയും അവളുടെ നഗരത്തിലെ പുരുഷന്മാര്‍ അവളെ കല്ലെറിഞ്ഞു കൊല്ലുകയുംചെയ്യണം. എന്തെന്നാല്‍, പിതൃഗൃഹത്തില്‍വച്ചു വേശ്യാവൃത്തിനടത്തി, അവള്‍ ഇസ്രായേലില്‍ തിന്മ പ്രവര്‍ത്തിച്ചു. അങ്ങനെ നിങ്ങളുടെയിടയില്‍നിന്ന് ആ തിന്മ നീക്കിക്കളയണം.
22: അന്യൻ്റെ ഭാര്യയോടൊത്ത്, ഒരുവന്‍ ശയിക്കുന്നതു കണ്ടുപിടിച്ചാല്‍ ഇരുവരെയും - സ്ത്രീയെയും പുരുഷനെയും - വധിക്കണം. അങ്ങനെ ഇസ്രായേലില്‍നിന്ന് ആ തിന്മ നീക്കിക്കളയണം.
23: അന്യപുരുഷനുമായി വിവാഹവാഗ്ദാനം നടത്തിയ ഒരു കന്യകയെ പട്ടണത്തില്‍വച്ച് ഒരുവന്‍ കാണുകയും അവളുമായി ശയിക്കുകയുംചെയ്താല്‍, ഇരുവരെയും പട്ടണവാതില്‍ക്കല്‍ കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം.
24: പട്ടണത്തിലായിരുന്നിട്ടും സഹായത്തിനുവേണ്ടി നിലവിളിക്കാതിരുന്നതിനാല്‍ അവളും, അവന്‍ തൻ്റെ അയല്‍ക്കാരൻ്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയതിനാല്‍ അവനും വധിക്കപ്പെടണം. അങ്ങനെ ആ തിന്മ നിങ്ങളുടെയിടയില്‍നിന്നു നീക്കിക്കളയണം.
25: എന്നാല്‍, ഒരുവന്‍ അന്യപുരുഷനു വിവാഹവാഗ്ദാനംചെയ്തിരിക്കുന്ന ഒരു യുവതിയെ വയലില്‍വച്ചു കാണുകയും അവളെ ബലാത്സംഗംചെയ്യുകയുംചെയ്താല്‍ അവളോടുകൂടെ ശയിച്ച പുരുഷൻമാത്രം വധിക്കപ്പെടണം. യുവതിയെ നിങ്ങള്‍ ഒന്നുംചെയ്യരുത്.
26: മരണശിക്ഷാര്‍ഹമായ ഒരു കുറ്റവും അവളിലില്ല. അയല്‍ക്കാരനെ ആക്രമിച്ചു കൊല്ലുന്നതുപോലെയാണിത്.
27: എന്തെന്നാല്‍, അവള്‍ വയലിലായിരിക്കുമ്പോഴാണ് അവനവളെക്കണ്ടത്. വിവാഹവാഗ്ദാനംനടത്തിയ അവള്‍, സഹായത്തിനായി നിലവിളിച്ചെങ്കിലും അവളെ രക്ഷിക്കാന്‍ അവിടെയാരുമില്ലായിരുന്നു.
28: ഒരുവൻ‍, വിവാഹവാഗ്ദാനംനടത്തിയിട്ടില്ലാത്ത ഒരു കന്യകയെ കാണുകയും ബലംപ്രയോഗിച്ച് അവളോടുകൂടെ ശയിക്കുകയും അവര്‍ കണ്ടുപിടിക്കപ്പെടുകയുംചെയ്താല്‍,
29: അവന്‍ ആയുവതിയുടെ പിതാവിന് അമ്പതുഷെക്കല്‍ വെള്ളികൊടുക്കുകയും അവളെ ഭാര്യയായി സ്വീകരിക്കുകയുംചെയ്യണം. എന്തെന്നാല്‍, അവനവളെ മാനഭംഗപ്പെടുത്തി. ഒരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
30: ആരും തൻ്റെ പിതാവിൻ്റെ ഭാര്യയെ പരിഗ്രഹിക്കരുത്; അവളെ അനാവരണംചെയ്യുകയുമരുത്.

അദ്ധ്യായം 23

സഭയില്‍ പ്രവേശനമില്ലാത്തവര്‍

1: വൃഷണമുടയ്ക്കപ്പെട്ടവനോ ലിംഗം ഛേദിക്കപ്പെട്ടവനോ കര്‍ത്താവിൻ്റെ സഭയില്‍ പ്രവേശിക്കരുത്.
2: വേശ്യാപുത്രന്‍ കര്‍ത്താവിൻ്റെ സഭയില്‍ പ്രവേശിക്കരുത്. പത്താമത്തെ തലമുറവരെ അവൻ്റെ സന്തതികളും കര്‍ത്താവിൻ്റെ സഭയില്‍ പ്രവേശിക്കരുത്.
3: അമ്മോന്യരോ മൊവാബ്യരോ കര്‍ത്താവിൻ്റെ സഭയില്‍ പ്രവേശിക്കരുത്. അവരുടെ പത്താമത്തെ തലമുറപോലും കര്‍ത്താവിൻ്റെ സഭയില്‍ പ്രവേശിക്കരുത്.
4: എന്തെന്നാല്‍, നിങ്ങള്‍ ഈജിപ്തില്‍നിന്നു പോരുന്നവഴിക്ക്, അവര്‍ നിങ്ങള്‍ക്ക് അപ്പവും വെള്ളവും തന്നില്ല; നിങ്ങളെ ശപിക്കാന്‍വേണ്ടി മെസൊപ്പൊട്ടാമിയായിലെ പെത്തോറില്‍നിന്നു ബയോറിൻ്റെ മകനായ ബാലാമിനെ കൂലിക്കെടുക്കുകയും ചെയ്തു.
5: എങ്കിലും നിങ്ങളുടെ ദൈവമായ കര്‍ത്താവു ബാലാമിൻ്റെ വാക്കുകേട്ടില്ല. നിങ്ങളെ സ്‌നേഹിച്ചതുകൊണ്ട് അവൻ്റെ ശാപത്തെ അവിടുന്ന് അനുഗ്രഹമായി മാറ്റി.
6: ഒരുകാലത്തും അവര്‍ക്കു ശാന്തിയോ നന്മയോ നിങ്ങള്‍ കാംക്ഷിക്കരുത്.
7: ഏദോമ്യരെ വെറുക്കരുത്; അവര്‍ നിങ്ങളുടെ സഹോദരരാണ്. ഈജിപ്തുകാരെയും വെറുക്കരുത്. എന്തെന്നാല്‍, അവരുടെ രാജ്യത്തു നിങ്ങള്‍ പരദേശികളായിരുന്നു.
8: അവരുടെ മൂന്നാംതലമുറയിലെ മക്കള്‍ കര്‍ത്താവിൻ്റെ സഭയില്‍ പ്രവേശിച്ചുകൊള്ളട്ടെ.

പാളയത്തിൻ്റെ വിശുദ്ധി

9: ശത്രുക്കള്‍ക്കെതിരായി പാളയമടിക്കുമ്പോള്‍, നിങ്ങള്‍ എല്ലാ തിന്മകളിലുംനിന്നു വിമുക്തരായിരിക്കണം.
10: സ്വപ്നസ്ഖലനത്താല്‍ ആരെങ്കിലുമശുദ്ധനായിത്തീര്‍ന്നാല്‍ അവന്‍ പാളയത്തിനു പുറത്തുപോകട്ടെ; അകത്തു പ്രവേശിക്കരുത്. 
11: സായാഹ്നമാകുമ്പോള്‍ കുളിച്ചു ശുദ്ധനായി, സൂര്യാസ്തമയത്തിനുശേഷം അവനു പാളയത്തിനകത്തു വരാം.
12: മലമൂത്രവിസര്‍ജനത്തിനായി പാളയത്തിനുപുറത്ത് ഒരു സ്ഥലമുണ്ടായിരിക്കണം.
13: ആയുധങ്ങളോടൊപ്പം നിനക്കൊരു പാരയുമുണ്ടായിരിക്കണം. മലവിസര്‍ജനംചെയ്യുമ്പോള്‍ കുഴിയുണ്ടാക്കി മലം മണ്ണിട്ടു മൂടാനാണത്.
14: നിന്നെ സംരക്ഷിക്കാനും നിൻ്റെ ശത്രുക്കളെ നിനക്ക് ഏല്പിച്ചുതരാനുമായി നിൻ്റെ ദൈവമായ കര്‍ത്താവു പാളയത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. ശുചിത്വമില്ലാത്ത എന്തെങ്കിലും നിങ്ങളുടെയിടയില്‍ക്കണ്ട് അവിടുന്നു നിന്നില്‍നിന്ന് അകന്നുപോകാതിരിക്കേണ്ടതിനായി പാളയം പരിശുദ്ധമായി സൂക്ഷിക്കണം.

വിവിധ നിയമങ്ങള്‍

15: ഒളിച്ചോടിവന്നു നിൻ്റെയടുക്കല്‍ അഭയംതേടുന്ന അടിമയെ, യജമാനന് ഏല്പിച്ചുകൊടുക്കരുത്.
16: നിൻ്റെ ഏതെങ്കിലും ഒരു പട്ടണത്തില്‍ ഇഷ്ടമുള്ളിടത്തു നിന്നോടുകൂടെ അവന്‍ വസിച്ചുകൊള്ളട്ടെ; അവനെ പീഡിപ്പിക്കരുത്.
17: ഇസ്രായേല്‍സ്ത്രീകളിലാരും ദേവദാസികളാവരുത്. ഇസ്രായേല്‍ പുരുഷന്മാരും ദേവന്മാരുടെ ആലയങ്ങളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടരുത്.
18: വേശ്യയുടെ വേതനമോ, നായയുടെ കൂലിയോ നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ ആലയത്തിലേക്കു നേര്‍ച്ചയായി കൊണ്ടുവരരുത്. ഇവ രണ്ടും അവിടുത്തേക്കു നിന്ദ്യമാണ്.
19: നിൻ്റെ സഹോദരന് ഒന്നും - പണമോ ഭക്ഷ്യസാധനങ്ങളോ മറ്റെന്തെങ്കിലുമോ - പലിശയ്ക്കുകൊടുക്കരുത്.
20: വിദേശീയനു പലിശയ്ക്കു കടംകൊടുക്കാം. എന്നാല്‍, നിൻ്റെ സഹോദരനില്‍നിന്നു പലിശ വാങ്ങരുത്. നീ കൈവശമാക്കാന്‍പോകുന്ന ദേശത്തു നിൻ്റെ സകലപ്രവൃത്തികളിലും നിൻ്റെ ദൈവമായ കര്‍ത്താവു നിന്നെ അനുഗ്രഹിക്കേണ്ടതിനാണിത്.
21: നിൻ്റെ ദൈവമായ കര്‍ത്താവിനു നേരുന്ന നേര്‍ച്ചകള്‍ നിറവേറ്റാന്‍ വൈകരുത്; അവിടുന്നു നിശ്ചയമായും അതു നിന്നോടാവശ്യപ്പെടും; നീ കുറ്റക്കാരനാവുകയും ചെയ്യും.
22: എന്നാല്‍, നേര്‍ച്ചനേരാതിരുന്നാല്‍ പാപമാകുകയില്ല.
23: വാക്കുപാലിക്കാന്‍ നീ ശ്രദ്ധിക്കണം. വാഗ്ദാനംചെയ്തപ്പോള്‍ സ്വമേധയാ നിൻ്റെ ദൈവമായ കര്‍ത്താവിനു നേരുകയായിരുന്നു.
24: അയല്‍ക്കാരൻ്റെ മുന്തിരിത്തോട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നിനക്കിഷ്ടമുള്ളിടത്തോളം ഫലങ്ങള്‍ പറിച്ചുതിന്നുകൊള്ളുക. എന്നാല്‍, അവയിലൊന്നുപോലും പാത്രത്തിലാക്കരുത്.
25: അയല്‍ക്കാരൻ്റെ ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ കൈകൊണ്ട് കതിരുകള്‍ പറിച്ചെടുത്തുകൊള്ളുക; അരിവാള്‍കൊണ്ടു കൊയ്‌തെടുക്കരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ