അമ്പത്തിയൊമ്പതാം ദിവസം: ജോഷ്വാ 9 - 11


അദ്ധ്യായം 9

ഗിബയോന്‍കാരുടെ വഞ്ചന

1: ജോര്‍ദ്ദാൻ്റെ മറുകരയില്‍ മലകളിലും താഴ്‌വരകളിലും ലബനോന്‍വരെ നീണ്ടുകിടക്കുന്ന വലിയ കടലിൻ്റെതീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും പെരീസ്യരും ഹിവ്യരും ജബൂസ്യരുമായ രാജാക്കന്മാരെല്ലാവരും
2: ഇതുകേട്ടപ്പോള്‍ ജോഷ്വയ്ക്കും ഇസ്രായേലിനുമെതിരേ യുദ്ധംചെയ്യാന്‍ ഒരുമിച്ചുകൂടി.
3: എന്നാല്‍, ജറീക്കോയോടും ആയ്‌പട്ടണത്തോടും ജോഷ്വ ചെയ്തതറിഞ്ഞപ്പോള്‍
4: ഗിബയോന്‍നിവാസികള്‍ തന്ത്രപൂര്‍വ്വം പ്രവര്‍ത്തിച്ചു. പഴകിയ ചാക്കുകളില്‍ ഭക്ഷണസാധനങ്ങളും കീറിത്തുന്നിയ തോല്‍ക്കുടങ്ങളില്‍ വീഞ്ഞുമെടുത്ത്, അവര്‍ കഴുതപ്പുറത്തു കയറ്റി.
5: നന്നാക്കിയെടുത്ത പഴയചെരിപ്പുകളും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുംധരിച്ച്, അവര്‍ പുറപ്പെട്ടു. അവരുടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണങ്ങിയതും പൂത്തതുമായിരുന്നു.
6: അവര്‍ ഗില്‍ഗാലില്‍ ജോഷ്വയുടെ പാളയത്തില്‍ച്ചെന്ന് അവനോടും ഇസ്രായേല്‍ക്കാരോടും പറഞ്ഞു: ഞങ്ങള്‍ വിദൂരദേശത്തുനിന്നു വരുകയാണ്. ഞങ്ങളുമായി ഒരുടമ്പടിചെയ്യണം.
7: അപ്പോള്‍ ഇസ്രായേല്‍ജനം ഹിവ്യരോടു പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ സമീപത്തുള്ളവരാണെങ്കിലോ? നിങ്ങളുമായി ഞങ്ങള്‍ക്ക്, ഉടമ്പടിചെയ്യാനാവില്ല.
8: ഞങ്ങള്‍ അങ്ങയുടെ ദാസന്മാരാണെന്ന് അവര്‍ ജോഷ്വയോടു പറഞ്ഞു. അപ്പോള്‍ അവനവരോടു ചോദിച്ചു: നിങ്ങളാരാണ്? എവിടെനിന്നു വരുന്നു? അവര്‍ പറഞ്ഞു:
9: നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ നാമംകേട്ടു വിദൂരദേശത്തുനിന്ന് ഈ ദാസന്മാര്‍ വന്നിരിക്കുന്നു. എന്തെന്നാല്‍, അവിടുത്തെക്കുറിച്ചും അവിടുന്ന് ഈജിപ്തില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ഞങ്ങളറിഞ്ഞു.
10: ജോര്‍ദ്ദാൻ്റെ മറുകരയിലുള്ള അമോര്യരാജാക്കന്മാരായ ഹെഷ്‌ബോനിലെ സീഹോനോടും അഷ്ത്താറോത്തില്‍ താമസിക്കുന്ന ബാഷാന്‍രാജാവായ ഓഗിനോടും പ്രവര്‍ത്തിച്ചതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.
11: ഞങ്ങളുടെ ശ്രേഷ്ഠന്മാരും നാട്ടുകാരും ഞങ്ങളോടു പറഞ്ഞു: യാത്രയ്ക്കുവേണ്ട ഭക്ഷണസാധനങ്ങളെടുത്തുചെന്ന് അവരെക്കണ്ട് ഞങ്ങള്‍ നിങ്ങളുടെ ദാസന്മാരാണ്, അതുകൊണ്ടു ഞങ്ങളുമായി ഒരുടമ്പടിയുണ്ടാക്കുക എന്നു പറയണം.
12: ഇതാ ഞങ്ങളുടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണങ്ങിപ്പൂത്തിരിക്കുന്നു. യാത്രാമദ്ധ്യേ ഭക്ഷിക്കുന്നതിനായി ഞങ്ങളുടെ വീടുകളില്‍നിന്നെടുത്ത ഇവയ്ക്ക്, പുറപ്പെടുമ്പോള്‍ ചൂടുണ്ടായിരുന്നു.
13: ഞങ്ങള്‍ വീഞ്ഞുനിറയ്ക്കുമ്പോള്‍ ഈ തോല്‍ക്കുടങ്ങള്‍ പുതിയവയായിരുന്നു. ഇപ്പോളിതാ, അവ കീറിയിരിക്കുന്നു. സുദീര്‍ഘമായ യാത്രയില്‍ ഞങ്ങളുടെ വസ്ത്രങ്ങളും ചെരിപ്പുകളും കീറി നശിച്ചിരിക്കുന്നു. കര്‍ത്താവിൻ്റെ നിര്‍ദ്ദേശമാരായാതെ ജനം ആ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പങ്കുചേര്‍ന്നു.
14: ജോഷ്വ അവരുടെ ജീവന്‍ രക്ഷിക്കാമെന്നു സമാധാനയുടമ്പടിചെയ്തു.
15: ജനപ്രമാണികളും അങ്ങനെ ശപഥംചെയ്തു.
16: ഉടമ്പടിചെയ്തു മൂന്നുദിവസംകഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ അയല്‍വാസികളും തങ്ങളുടെ മദ്ധ്യേതന്നെ വസിക്കുന്നവരുമാണെന്ന് ഇസ്രായേല്‍ക്കാര്‍ക്കു മനസ്സിലായി.
17: ഇസ്രായേല്‍ജനം യാത്രപുറപ്പെട്ട്, മൂന്നാംദിവസം അവരുടെ പട്ടണങ്ങളായ ഗിബയോന്‍, കെഫീറാ, ബേറോത്ത്, കിര്യാത്ത്‌യയാറിം എന്നിവിടങ്ങളില്‍ എത്തിച്ചേര്‍ന്നു.
18: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമത്തില്‍ ജനപ്രമാണികള്‍ ശപഥംചെയ്തിരുന്നതിനാല്‍ ജനമവരെ വധിച്ചില്ല. സമൂഹംമുഴുവന്‍ ജനപ്രമാണികള്‍ക്കെതിരേ പിറുപിറുത്തു.
19: പ്രമാണികളവരോടു പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമത്തില്‍ ശപഥംചെയ്തതിനാല്‍ ഇപ്പോള്‍ നമ്മളവരെ ഉപദ്രവിച്ചുകൂടാ.
20: നമുക്കിങ്ങനെ ചെയ്യാം. അവര്‍ ജീവിച്ചുകൊള്ളട്ടെ; അല്ലാത്തപക്ഷം ദൈവകോപം നമ്മുടെമേല്‍ പതിക്കും. നാമവരോടു ശപഥംചെയ്തതാണല്ലോ.
21: അവര്‍ ഇസ്രായേല്‍ജനത്തിനുവേണ്ടി വിറകുവെട്ടിയും വെള്ളംകോരിയും ജീവിച്ചുകൊള്ളട്ടെയെന്നു പ്രമാണികള്‍ നിര്‍ദ്ദേശിച്ചു. സമൂഹം അതംഗീകരിച്ചു.
22: ജോഷ്വ അവരെ വിളിച്ചു ചോദിച്ചു: അടുത്തുതന്നെ വസിക്കേ, വളരെ ദൂരത്താണെന്നു പറഞ്ഞു നിങ്ങള്‍ ഞങ്ങളെ വഞ്ചിച്ചതെന്തിന്?
23: അതിനാല്‍, നിങ്ങള്‍ ശപിക്കപ്പെട്ടവരാകട്ടെ! നിങ്ങളെന്നും എൻ്റെ ദൈവത്തിൻ്റെ ഭവനത്തില്‍ വെള്ളംകോരുകയും വിറകുവെട്ടുകയുംചെയ്യുന്ന അടിമകളായിരിക്കും.
24: അവര്‍ ജോഷ്വയോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവു തൻ്റെ ദാസനായ മോശയോട് ഈ ദേശം മുഴുവനും നിങ്ങള്‍ക്കു തരണമെന്നും തദ്ദേശവാസികളെയെല്ലാം നിഗ്രഹിക്കണമെന്നും കല്പിച്ചിട്ടുണ്ടെന്നു നിൻ്റെ ദാസന്മാരായ ഞങ്ങള്‍ക്കറിവുകിട്ടി. അതുകൊണ്ട്, നിങ്ങളുടെ മുന്നേറ്റത്തില്‍ ഭയന്ന്, ജീവന്‍രക്ഷിക്കാന്‍ ഇങ്ങനെ ചെയ്തുപോയി.
25: ഇതാ, ഇപ്പോള്‍ ഞങ്ങള്‍, നിങ്ങളുടെ കരങ്ങളിലാണ്. ന്യായവും യുക്തവുമെന്നു തോന്നുന്നതു ഞങ്ങളോടു ചെയ്യുക.
26: അപ്രകാരംതന്നെ അവനവരോടു പ്രവര്‍ത്തിച്ചു; അവരെ ഇസ്രായേല്‍ജനങ്ങളുടെ കരങ്ങളില്‍നിന്നു മോചിപ്പിച്ചു; അവരെ വധിച്ചില്ല.
27: അന്നു ജോഷ്വ അവരെ ഇസ്രായേല്‍ക്കാര്‍ക്കും കര്‍ത്താവിൻ്റെ ബലിപീഠത്തിനുംവേണ്ടി വിറകുവെട്ടാനും വെള്ളംകോരാനും നിയമിച്ചു. തന്നെയാരാധിക്കാനായി കര്‍ത്താവു തിരഞ്ഞെടുത്ത സ്ഥലത്ത്, അവരിന്നും അതേ ജോലി ചെയ്യുന്നു.

അദ്ധ്യായം 10

അമോര്യരെ കീഴടക്കുന്നു

1: ജോഷ്വ ജറീക്കോയോടും അവിടുത്തെ രാജാവിനോടും പ്രവര്‍ത്തിച്ചതുപോലെ ആയ് പട്ടണം പിടിച്ചടക്കി പരിപൂര്‍ണ്ണമായി നശിപ്പിക്കുകയും അതിന്റെ രാജാവിനെ വധിക്കുകയും ചെയ്തുവെന്നും ഗിബയോനിലെ ജനങ്ങള്‍ ഇസ്രായേല്‍ക്കാരുമായി ഒരു സമാധാനസന്ധിയുണ്ടാക്കി അവരുടെയിടയില്‍ ജീവിക്കുന്നുവെന്നും ജറുസലെം രാജാവായ അദോനിസെദേക്ക് കേട്ടു.
2: അപ്പോള്‍ ജറുസലെംനിവാസികള്‍ പരിഭ്രാന്തരായി. കാരണം, മറ്റേതൊരു രാജകീയപട്ടണവുംപോലെ, ഗിബയോനും ഒരു വലിയ പട്ടണമായിരുന്നു. അത്. ആയ്‌പട്ടണത്തെക്കാള്‍ വലുതും അവിടത്തെ ജനങ്ങള്‍ ശക്തന്മാരുമായിരുന്നു.
3: ജറുസലെംരാജാവായ അദോനിസെദേക്ക് ഹെബ്രോണ്‍രാജാവായ ഹോഹാമിനും യാര്‍മുത്‌രാജാവായ പിറാമിനും ലാഖീഷ്‌രാജാവായ ജഫിയായ്ക്കും എഗ്‌ലോണ്‍രാജാവായ ദബീറിനും ഈ സന്ദേശമയച്ചു.
4: നിങ്ങള്‍വന്ന്, എന്നെ സഹായിക്കുക. നമുക്കു ഗിബയോനെ നശിപ്പിക്കാം. അവര്‍ ജോഷ്വയോടും ഇസ്രായേല്‍ക്കാരോടും സമാധാനസന്ധിചെയ്തിരിക്കുന്നു. 
5: ജറുസലെം, ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവയുടെ അധിപന്മാരായ അഞ്ച് അമോര്യരാജാക്കന്മാര്‍ സൈന്യസമേതംചെന്ന് ഗിബയോനെതിരേ താവളമടിച്ചു യുദ്ധംചെയ്തു.
6: ഗിബയോനിലെ ജനങ്ങള്‍ ഗില്‍ഗാലില്‍ പാളയമടിച്ചിരുന്ന ജോഷ്വയെ അറിയിച്ചു: അങ്ങയുടെ ദാസന്മാരെ കൈവിടരുതേ! വേഗംവന്നു ഞങ്ങളെ രക്ഷിക്കുക; ഞങ്ങളെ സഹായിക്കുക! എന്തെന്നാല്‍, മലമ്പ്രദേശത്തു വസിക്കുന്ന അമോര്യരാജാക്കന്മാര്‍ ഞങ്ങള്‍ക്കെതിരായി സംഘടിച്ചിരിക്കുന്നു.
7: ഉടന്‍തന്നെ ജോഷ്വയും ശക്തന്മാരും യുദ്ധവീരന്മാരുമായ എല്ലാവരും ഗില്‍ഗാലില്‍നിന്നു പുറപ്പെട്ടു.
8: കര്‍ത്താവു ജോഷ്വയോട് അരുളിച്ചെയ്തു: അവരെ ഭയപ്പെടേണ്ടാ. ഞാന്‍ അവരെ നിൻ്റെ കരങ്ങളിലേല്പിച്ചുതന്നിരിക്കുന്നു. നിന്നോടെതിരിടാന്‍ അവരിലാര്‍ക്കും സാധിക്കുകയില്ല.
9: ജോഷ്വ ഗില്‍ഗാലില്‍നിന്നു പുറപ്പെട്ടു രാത്രിമുഴുവന്‍ സഞ്ചരിച്ച് അവര്‍ക്കെതിരേ മിന്നലാക്രമണം നടത്തി.
10: ഇസ്രായേലിൻ്റെമുമ്പില്‍ അമോര്യര്‍ ഭയവിഹ്വലരാകുന്നതിനു കര്‍ത്താവ് ഇടയാക്കി. ഇസ്രായേല്‍ക്കാര്‍ ഗിബയോനില്‍വച്ച് അവരെ വകവരുത്തി. ബത്‌ഹോറോണ്‍ ചുരത്തിലൂടെ അവരെ ഓടിക്കുകയും അസേക്കായിലും മക്കേദായിലുംവച്ചു നിശ്ശേഷം നശിപ്പിക്കുകയും ചെയ്തു.
11: അവര്‍ ഇസ്രായേല്‍ക്കാരില്‍നിന്നു പിന്തിരിഞ്ഞോടി ബത്ഹോറോണ്‍ ചുരം ഇറങ്ങുമ്പോള്‍ അവിടംമുതല്‍ അസേക്കാവരെ അവരുടെമേല്‍ കര്‍ത്താവു കന്മഴ വര്‍ഷിച്ചു. അവര്‍ മരിച്ചുവീണു. ഇസ്രായേല്‍ക്കാര്‍ വാളുകൊണ്ടു നിഗ്രഹിച്ചവരെക്കാള്‍ കൂടുതല്‍പേര്‍ കന്മഴകൊണ്ടു മരണമടഞ്ഞു.
12: കര്‍ത്താവ് ഇസ്രായേല്‍ക്കാര്‍ക്ക് അമോര്യരെ ഏല്പിച്ചുകൊടുത്ത ദിവസം ജോഷ്വ അവിടുത്തോടു പ്രാര്‍ത്ഥിച്ചു. അനന്തരം, അവര്‍ കേള്‍ക്കെപ്പറഞ്ഞു: സൂര്യാ, നീ ഗിബയോനില്‍ നിശ്ചലമായി നില്ക്കുക. ചന്ദ്രാ, നീ അയ്യലോണ്‍താഴ്‌വരയിലും നില്‍ക്കുക.
13: അവര്‍ ശത്രുക്കളോടു പ്രതികാരംചെയ്യുന്നതുവരെ സൂര്യന്‍ നിശ്ചലമായി നിന്നു; ചന്ദ്രന്‍ അനങ്ങിയതുമില്ല. യാഷാറിൻ്റെ പുസ്തകത്തില്‍ ഇതു രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അങ്ങനെ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവനും സൂര്യന്‍ അസ്തമിക്കാതെ നിന്നു.
14: കര്‍ത്താവ്, ഒരു മനുഷ്യൻ്റെ വാക്കുകേട്ട് ഇസ്രായേലിനുവേണ്ടി യുദ്ധംചെയ്ത ആ ദിവസംപോലെ ഒരു ദിവസം അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല.
15: അനന്തരം, ഗില്‍ഗാലിലുള്ള പാളയത്തിലേക്കു ജോഷ്വയും അവനോടൊപ്പം ഇസ്രായേലും തിരികെപ്പോന്നു.
16: ആ അഞ്ചു രാജാക്കന്മാരും മക്കേദായിലുള്ള ഒരു ഗുഹയില്‍ ഓടിയൊളിച്ചു.
17: അവര്‍ ഗുഹയിലൊളിച്ചകാര്യം ജോഷ്വ അറിഞ്ഞു.
18: അവന്‍ പറഞ്ഞു: ഗുഹയുടെ പ്രവേശനദ്വാരത്തില്‍ വലിയ കല്ലുകളുരുട്ടിവച്ച് കാവലേര്‍പ്പെടുത്തുക.
19: നിങ്ങളവിടെ നില്‍ക്കരുത്.
20: ശത്രുക്കളെ പിന്തുടര്‍ന്നാക്രമിക്കുക. പട്ടണങ്ങളില്‍ പ്രവേശിക്കാന്‍ അവരെയനുവദിക്കരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവ്, അവരെ നിങ്ങളുടെ കൈകളിലേല്പിച്ചിരിക്കുന്നു. ശത്രുക്കളെ ഉന്മൂലനംചെയ്യുന്നതുവരെ ജോഷ്വയും ഇസ്രായേല്‍ജനവും സംഹാരം തുടര്‍ന്നു. ഏതാനുംപേര്‍ രക്ഷപെട്ടു കോട്ടയിലഭയംപ്രാപിച്ചു.
21: അനന്തരം, ഇസ്രായേല്‍ക്കാര്‍ സുരക്ഷിതരായി മക്കേദായിലെ പാളയത്തില്‍ ജോഷ്വയുടെ സമീപമെത്തി. അവര്‍ക്കെതിരേ ആരും നാവനക്കിയില്ല.
22: അപ്പോള്‍ ജോഷ്വ കല്പിച്ചു: ഗുഹയുടെ വാതില്‍തുറന്ന്, ആ അഞ്ചു രാജാക്കന്മാരെയും എൻ്റെയടുക്കല്‍ കൊണ്ടുവരുവിന്‍.
23: അവന്‍ പറഞ്ഞതനുസരിച്ച്, ഗുഹയില്‍നിന്ന്, ജറുസലെം, ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവിടങ്ങളിലെ രാജാക്കന്മാരെ അവര്‍ കൊണ്ടുവന്നു.
24: ജോഷ്വ ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടി തന്നോടൊപ്പംപോന്ന യോദ്ധാക്കളുടെ തലവന്മാരോടു പറഞ്ഞു: അടുത്തുവന്ന്, ഈ രാജാക്കന്മാരുടെ കഴുത്തില്‍ ചവിട്ടുവിന്‍. അവരങ്ങനെ ചെയ്തു.
25: ജോഷ്വ അവരോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടുകയോ ചഞ്ചലചിത്തരാവുകയോ വേണ്ടാ. ഉറപ്പും ധൈര്യവുമുള്ളവരായിരിക്കുവിന്‍. നിങ്ങള്‍ നേരിടുന്ന എല്ലാ ശത്രുക്കളോടും ഇപ്രകാരം തന്നെ കര്‍ത്താവു പ്രവര്‍ത്തിക്കും.
26: അനന്തരം ജോഷ്വ അവരെ അടിച്ചുകൊന്ന്, അഞ്ചുമരങ്ങളില്‍ കെട്ടിത്തൂക്കി. സായാഹ്നംവരെ ജഡം മരത്തില്‍ തൂങ്ങിക്കിടന്നു.
27: എന്നാല്‍ സൂര്യാസ്തമയസമയത്ത്, ജോഷ്വയുടെ കല്പനപ്രകാരം വൃക്ഷങ്ങളില്‍നിന്ന് അവയിറക്കി, അവരൊളിച്ചിരുന്ന ഗുഹയില്‍ കൊണ്ടുപോയിട്ടു. അതിൻ്റെ വാതില്‍ക്കല്‍, വലിയ കല്ലുകളുരുട്ടിവച്ചു. അതിന്നുമവിടെയുണ്ട്.
28: അന്നുതന്നെ ജോഷ്വ മക്കേദാ പിടിച്ചടക്കി, അതിനെയും അതിൻ്റെ രാജാവിനെയും വാളിനിരയാക്കി. അവിടെയുള്ള എല്ലാവരെയും നിര്‍മൂലമാക്കി. ആരുമവശേഷിച്ചില്ല. ജറീക്കോ രാജാവിനോടുചെയ്തതുപോലെ മക്കേദാരാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.
29: അനന്തരം, ജോഷ്വയും ഇസ്രായേല്‍ജനവും മക്കേദായില്‍നിന്നു ലിബ്‌നായിലെത്തി അതിനെയാക്രമിച്ചു.
30: ആ പട്ടണത്തെയും അതിൻ്റെ രാജാവിനെയും ഇസ്രായേല്‍ക്കാരുടെ കൈകളില്‍ കര്‍ത്താവേല്പിച്ചു. ആരുമവശേഷിക്കാത്തവിധം, അവര്‍ എല്ലാവരെയും വാളിനിരയാക്കി. ജറീക്കോരാജാവിനോടുചെയ്തതുപോലെ ലിബ്‌നാരാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.
31: ജോഷ്വയും ഇസ്രായേല്‍ജനവും ലിബ്‌നായില്‍നിന്ന് ലാഖീഷിലെത്തി അതിനെയാക്രമിച്ചു.
32: ലാഖീഷിനെയും കര്‍ത്താവ് ഇസ്രായേല്‍ക്കാരുടെ കൈകളിലേല്പിച്ചുകൊടുത്തു. രണ്ടാംദിവസം അവനതു പിടിച്ചടക്കുകയും ലിബ്‌നായോടു ചെയ്തതുപോലെ, അവിടെയുള്ള എല്ലാവരെയും വാളിനിരയാക്കുകയും ചെയ്തു.
33: ഗേസറിലെ രാജാവായ ഹോരാം ലാഖീഷിൻ്റെ സഹായത്തിനെത്തി. എന്നാല്‍, ആരുമവശേഷിക്കാത്തവിധം ജോഷ്വ അവനെയും അവൻ്റെ ജനത്തെയും സംഹരിച്ചു.
34: ജോഷ്വയും ഇസ്രായേല്‍ജനവും, ലാഖീഷില്‍നിന്ന് എഗ്‌ലോണിലെത്തി. അതിനെ ആക്രമിച്ചു കീഴടക്കി.
35: അന്നുതന്നെ അതു പിടിച്ചടക്കുകയും വാളിനിരയാക്കുകയും ചെയ്തു. ലാഖീഷിനോടു ചെയ്തതുപോലെ, അവനന്നുതന്നെ അവരെയും നശിപ്പിച്ചു.     
36: അതിനുശേഷം ജോഷ്വയും ഇസ്രായേല്‍ജനവും എഗ്‌ലോണില്‍നിന്നു ഹെബ്രോണിലെത്തി അതിനെ ആക്രമിച്ചു.
37: അതു പിടിച്ചടക്കി, അതിൻ്റെ രാജാവിനെയും അതിലെ പട്ടണങ്ങളെയും സര്‍വ്വജനങ്ങളെയും വാളിനിരയാക്കി. എഗ്‌ലോണില്‍ പ്രവര്‍ത്തിച്ചതുപോലെ ഒന്നൊഴിയാതെ എല്ലാവരെയും നിശ്ശേഷം നശിപ്പിച്ചു.
38: ജോഷ്വയും ഇസ്രായേല്‍ജനവും ദബീറിൻ്റെനേരേ തിരിഞ്ഞ്, അതിനെയാക്രമിച്ചു.
39: അതിൻ്റെ രാജാവിനെയും സകലപട്ടണങ്ങളെയും പിടിച്ചടക്കി, വാളിനിരയാക്കി. അവിടെ ഒന്നും അവശേഷിച്ചില്ല. ഹെബ്രോണിനോടും ലിബ്‌നായോടും അതിലെ രാജാവിനോടും പ്രവര്‍ത്തിച്ചതുപോലെ ദബീറിനോടും അതിലെ രാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.
40: അങ്ങനെ ജോഷ്വ, രാജ്യംമുഴുവനും മലമ്പ്രദേശങ്ങളും നെഗെബും താഴ്‌വരകളും കുന്നിന്‍ചെരുവുകളും അവയിലെ രാജാക്കന്മാരോടൊപ്പം കീഴടക്കി. ഒന്നൊഴിയാതെ എല്ലാ ജീവികളെയും ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ കല്പനയനുസരിച്ചു നശിപ്പിച്ചു.
41: കാദെഷ്ബര്‍ണിയാ മുതല്‍ ഗാസാവരെയും ഗോഷന്‍മുതല്‍ ഗിബയോന്‍വരെയും ജോഷ്വ പിടിച്ചടക്കി.
42: ഈ രാജാക്കന്മാരെയും അവരുടെ ദേശങ്ങളെയും ഒറ്റപ്പടയോട്ടത്തില്‍ പിടിച്ചെടുത്തു. എന്തെന്നാല്‍, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ്, അവര്‍ക്കുവേണ്ടി യുദ്ധംചെയ്തു.
43: അതിനുശേഷം ജോഷ്വയും ഇസ്രായേല്‍ജനവും ഗില്‍ഗാലില്‍, തങ്ങളുടെ പാളയത്തിലേക്കു തിരിച്ചുപോന്നു.

അദ്ധ്യായം 11

യാബീനും സഖ്യകക്ഷികളും

1: ഹാസോര്‍രാജാവായ യാബീന്‍ ഇതുകേട്ടപ്പോള്‍, മാദോന്‍രാജാവായ യോബാബിനും ഷിമ്രോണിലെയും അക്ഷാഫിലെയും രാജാക്കന്മാര്‍ക്കും
2: വടക്കു മലമ്പ്രദേശത്തും താഴ്‌വരയില്‍ കിന്നരോത്തിനു സമീപം അരാബായിലും പടിഞ്ഞാറ് നഫത്‌ദോറിലുമുള്ള രാജാക്കന്മാര്‍ക്കും
3: കിഴക്കുപടിഞ്ഞാറ് കാനാന്യര്‍ക്കും, മലമ്പ്രദേശത്തുള്ള അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ജബൂസ്യര്‍ എന്നിവര്‍ക്കും മിസ്പാദേശത്ത് ഹെര്‍മോണ്‍താഴ്‌വരയില്‍ വസിച്ചിരുന്ന ഹിവ്യര്‍ക്കും ആളയച്ചു.
4: അവര്‍ സമുദ്രതീരത്തെ മണല്‍ത്തരിപോലെ, എണ്ണമറ്റ സൈന്യത്തോടും വളരെയധികം കുതിരകളോടും രഥങ്ങളോടുംകൂടെ പുറപ്പെട്ടു.
5: ഈ രാജാക്കന്മാര്‍ സൈന്യസമേതം ഇസ്രായേലിനോടു പടവെട്ടുന്നതിന് ഒരുമിച്ചുകൂടി മെറോംനദീതീരത്തു താവളമടിച്ചു.
6: കര്‍ത്താവു ജോഷ്വായോടരുളിച്ചെയ്തു: അവരെ ഭയപ്പെടേണ്ടാ. നാളെ ഈ സമയത്ത്, അവരെ ഇസ്രായേലിൻ്റെമുമ്പില്‍ ഞാന്‍ കൊന്നുനിരത്തും. നിങ്ങളവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടുകയും അവരുടെ രഥങ്ങള്‍ കത്തിക്കുകയുംചെയ്യണം.
7: ഉടനെ ജോഷ്വ യോദ്ധാക്കളുമൊന്നിച്ച്, മെറോംനദീതീരത്തുവന്ന് അവരെയാക്രമിച്ചു.
8: കര്‍ത്താവവരെ ഇസ്രായേലിൻ്റെ കൈകളിലേല്പിച്ചു. ഇസ്രായേല്‍ക്കാര്‍ അവരെ വധിക്കുകയും മഹാസിദോന്‍വരെയും മിസ്‌റെഫോത്ത്മയിംവരെയും കിഴക്കോട്ടു മിസ്പാതാഴ്‌വരവരെയും ഓടിക്കുകയുംചെയ്തു. ഒന്നൊഴിയാതെ എല്ലാവരെയും ഉന്മൂലനംചെയ്തു.
9: കര്‍ത്താവു കല്പിച്ചിരുന്നതുപോലെ, ജോഷ്വ അവരോടു പ്രവര്‍ത്തിച്ചു; കുതിരകളുടെ കുതിഞരമ്പു വെട്ടുകയും രഥങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
10: ജോഷ്വ തിരിച്ചുചെന്ന്, ഹാസോറിനെ കീഴടക്കി. അവിടത്തെ രാജാവിനെ വാളിനിരയാക്കി. ഹാസോര്‍ പണ്ട്, ആ രാജ്യങ്ങള്‍ക്കിടയില്‍ പ്രബലസ്ഥാനം വഹിച്ചിരുന്നു.
11: ജോഷ്വ അവിടെയുണ്ടായിരുന്ന സകലരെയും വാളിനിരയാക്കി നിശ്ശേഷം നശിപ്പിച്ചു. ജീവനുള്ളതൊന്നും അവശേഷിക്കാത്തവിധം ഹാസോറിനെ അഗ്നിക്കിരയാക്കി.
12: കര്‍ത്താവ് തൻ്റെ ദാസനായ മോശയോടു കല്പിച്ചിരുന്നതുപോലെ ജോഷ്വ ആ രാജാക്കന്മാരെയും അവരുടെ പട്ടണങ്ങളെയും ആക്രമിച്ച് വാളിനിരയാക്കി ഉന്മൂലനം ചെയ്തു.
13: എന്നാല്‍, ഉയരത്തില്‍പ്പണിത പട്ടണങ്ങളില്‍ ജോഷ്വ നശിപ്പിച്ച ഹാസോറൊഴികെ ഒന്നും ഇസ്രായേല്‍ക്കാര്‍ അഗ്നിക്കിരയാക്കിയില്ല.
14: ഈ പട്ടണങ്ങളില്‍നിന്നു കൊള്ളവസ്തുക്കളും കന്നുകാലികളും അവര്‍ എടുത്തു. ആരും ജീവനോടെ അവശേഷിക്കാത്തവിധം ഒന്നൊഴിയാതെ എല്ലാവരെയും അവര്‍ വാളിനിരയാക്കി.
15: കര്‍ത്താവ് തൻ്റെ ദാസനായ മോശയോടു കല്പിച്ചതുപോലെ മോശയും ജോഷ്വയോടു കല്പിച്ചു. ജോഷ്വ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. കര്‍ത്താവു മോശയോടു കല്പിച്ചതൊന്നും ജോഷ്വ ചെയ്യാതിരുന്നില്ല.
16: ഇപ്രകാരം ജോഷ്വ, നാടുമുഴുവന്‍ - മലമ്പ്രദേശവും നെഗെബു മുഴുവനും ഗോഷെന്‍ദേശമൊക്കെയും സമതലങ്ങളും അരാബായും ഇസ്രായേലിലെ മലമ്പ്രദേശവും അതിൻ്റെ താഴ്‌വരയും -
17: സെയീര്‍വ്വരെ ഉയര്‍ന്നുനില്‍ക്കുന്ന ഹാലാക്മലയും ഹെര്‍മോണ്‍ മലയ്ക്കു താഴെ ബാല്‍ഗാദ്‌വരെ കിടക്കുന്ന ലബനോന്‍ താഴ്‌വരയും പിടിച്ചെടുത്തു. അവിടത്തെ രാജാക്കന്മാരെയെല്ലാം അവന്‍ വധിച്ചു.
18: ജോഷ്വ വളരെനാള്‍ ആ രാജാക്കന്മാരോടു യുദ്ധംചെയ്തു.
19: ഗിബയോന്‍നിവാസികളായ ഹിവ്യരൊഴികെ ഇസ്രായേല്‍ജനവുമായി വേറെയാരും സമാധാനസന്ധിയുണ്ടാക്കിയിരുന്നില്ല. മറ്റു പട്ടണങ്ങള്‍ അവര്‍ യുദ്ധത്തില്‍ പിടിച്ചടക്കി.
20: എന്തെന്നാല്‍, കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ അവര്‍ കഠിനഹൃദയരാകണമെന്നും ഇസ്രായേലിനെതിരേ യുദ്ധംചെയ്ത്, പരിപൂര്‍ണ്ണമായി നശിക്കണമെന്നും നിഷ്‌കരുണം നിര്‍മൂലമാക്കപ്പെടണമെന്നും കര്‍ത്താവു നിശ്ചയിച്ചിരുന്നു.
21: ഇക്കാലത്തു ജോഷ്വ മലമ്പ്രദേശത്തു - ഹെബ്രോണ്‍, ദബീര്‍, അനാബ് എന്നിവിടങ്ങളിലും യൂദായിലെയും ഇസ്രായേലിലെയും മലമ്പ്രദേശങ്ങളിലും - വസിച്ചിരുന്ന അനാക്കിമുകളെയും അവരുടെ പട്ടണങ്ങളെയും നിശ്ശേഷം നശിപ്പിച്ചു.
22: ഇസ്രായേല്‍ക്കാരുടെ രാജ്യത്ത് അനാക്കിമുകളില്‍ ആരുമവശേഷിച്ചില്ല. ഗാസായിലും ഗത്തിലും അഷ്‌ദോദിലുംമാത്രം ഏതാനുംപേരവശേഷിച്ചു.
23: അങ്ങനെ കര്‍ത്താവു മോശയോടു പറഞ്ഞതുപോലെ ആ ദേശമെല്ലാം ജോഷ്വ പിടിച്ചെടുത്തു. ഇസ്രായേല്‍ക്കാര്‍ക്ക് ഗോത്രമനുസരിച്ചു ജോഷ്വ അത് അവകാശമായി നല്കി. അങ്ങനെ ആ നാടിനു യുദ്ധത്തില്‍നിന്ന് ആശ്വാസംലഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ