അമ്പത്തിയെട്ടാം ദിവസം: ജോഷ്വാ 5 - 8


അദ്ധ്യായം 5

ഇസ്രായേല്‍ ഗില്‍ഗാലില്‍

1: ഇസ്രായേല്‍ജനത്തിന് അക്കരെ കടക്കാന്‍വേണ്ടി, കര്‍ത്താവു ജോര്‍ദ്ദാനിലെ ജലം വറ്റിച്ചുകളഞ്ഞെന്നുകേട്ടപ്പോള്‍ അതിൻ്റെ പടിഞ്ഞാറെക്കരയിലുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കാനാന്യരാജാക്കന്മാരും അവരെ ഭയപ്പെട്ടു ചഞ്ചലചിത്തരായി.
2: അപ്പോള്‍ കര്‍ത്താവു ജോഷ്വയോടു കല്പിച്ചു: കല്‍ക്കത്തിയുണ്ടാക്കി ഇസ്രായേല്‍ജനത്തെ പരിച്ഛേദനംചെയ്യുക.
3: ജോഷ്വ ഗിബെയാത്ത്-ഹാരലോത്തില്‍, കല്‍ക്കത്തികൊണ്ട് ഇസ്രായേല്‍മക്കളെ പരിച്ഛേദനംചെയ്തു.
4: അവരെ പരിച്ഛേദനംചെയ്യാന്‍ കാരണമിതാണ്: ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍ യുദ്ധംചെയ്യാന്‍പ്രായമായിരുന്ന പുരുഷന്മാര്‍, മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയില്‍ മരിച്ചുപോയി.
5: ഈജിപ്തില്‍നിന്നു പുറപ്പെട്ടവരെല്ലാം പരിച്ഛേദിതരായിരുന്നെങ്കിലും യാത്രാമദ്ധ്യേ ജനിച്ചവര്‍ പരിച്ഛേദിതരായിരുന്നില്ല.
6: ഇസ്രായേല്‍ജനം, നാല്പതു സംവത്സരം മരുഭൂമിയിലൂടെ നടന്നു. ഈജിപ്തില്‍നിന്നു പുറപ്പെട്ട, യുദ്ധംചെയ്യാന്‍പ്രായമായ പുരുഷന്മാരെല്ലാം കര്‍ത്താവിൻ്റെ വാക്കു കേള്‍ക്കാഞ്ഞതുകൊണ്ടു മരിച്ചുപോയി; അവര്‍ക്കു നല്കുമെന്ന്, പിതാക്കന്മാരോടു വാഗ്ദാനംചെയ്ത, തേനും പാലുമൊഴുകുന്ന ദേശം, അവരെക്കാണിക്കുകയില്ലെന്നു കര്‍ത്താവു ശപഥംചെയ്തിരുന്നു.
7: അവര്‍ക്കു പകരം അവകാശികളായുയര്‍ത്തിയ മക്കളെയാണ്, ജോഷ്വ പരിച്ഛേദനം ചെയ്യിച്ചത്; യാത്രാമദ്ധ്യേ, പരിച്ഛേദനകര്‍മ്മംനടന്നിരുന്നില്ല.
8: പരിച്ഛേദനംകഴിഞ്ഞവര്‍ സൗഖ്യംപ്രാപിക്കുന്നതുവരെ അവര്‍ പാളയത്തില്‍ത്തന്നെ താമസിച്ചു.
9: അപ്പോള്‍ കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: ഈജിപ്തിൻ്റെ അപകീര്‍ത്തി ഇന്നു നിങ്ങളില്‍നിന്നു ഞാന്‍ നീക്കിക്കളഞ്ഞിരിക്കുന്നു. അതിനാല്‍, ആ സ്ഥലം ഗില്‍ഗാല്‍ എന്ന്, ഇപ്പോഴുമറിയപ്പെടുന്നു.
10: ഇസ്രായേല്‍ജനം ജറീക്കോസമതലത്തിലെ ഗില്‍ഗാലില്‍ താവളമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവരവിടെ പെസഹാ ആഘോഷിച്ചു.
11: പിറ്റേദിവസം അവര്‍ ആ ദേശത്തെ വിളവില്‍നിന്നുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത ഗോതമ്പും ഭക്ഷിച്ചു.
12: പിറ്റേന്നുമുതല്‍ മന്നാ വര്‍ഷിക്കാതായി. ഇസ്രായേല്‍ജനത്തിനു പിന്നീടു മന്നാ ലഭിച്ചില്ല. അവര്‍ ആ വര്‍ഷംമുതല്‍, കാനാന്‍ദേശത്തെ ഫലങ്ങള്‍കൊണ്ട് ഉപജീവനംനടത്തി.

കര്‍ത്താവിൻ്റെ സൈന്യാധിപന്‍

13: ജറീക്കോയെ സമീപിച്ചപ്പോള്‍ ജോഷ്വ കണ്ണുകളുയര്‍ത്തി നോക്കി; അപ്പോള്‍, കൈയ്യില്‍ ഊരിയ വാളുമായി അതാ ഒരു മനുഷ്യന്‍. ജോഷ്വ അവൻ്റെയടുത്തുചെന്നു; നീ ഞങ്ങളുടെ പക്ഷത്തോ ശത്രുപക്ഷത്തോ എന്നു ചോദിച്ചു.
14: അവന്‍ പറഞ്ഞു: അല്ല, ഞാന്‍ കര്‍ത്താവിൻ്റെ സൈന്യാധിപനാണ്. ജോഷ്വ സാഷ്ടാംഗം പ്രണമിച്ച് അവനോടു ചോദിച്ചു: അങ്ങ് ഈ ദാസനോടു കല്പിക്കുന്നതെന്താണ്?
15: കര്‍ത്താവിൻ്റെ സൈന്യാധിപന്‍ പറഞ്ഞു: നിൻ്റെ പാദങ്ങളില്‍നിന്നു ചെരിപ്പഴിച്ചു മാറ്റുക. നീ നില്‍ക്കുന്ന ഈ സ്ഥലം വിശുദ്ധമാണ്. ജോഷ്വ അങ്ങനെ ചെയ്തു.

അദ്ധ്യായം 6


ജറീക്കോയുടെ പതനം

1: ഇസ്രായേല്‍ജനത്തെ ഭയന്നു ജറീക്കോപ്പട്ടണം അടച്ചുഭദ്രമാക്കിയിരുന്നു. ആരും പുറത്തേക്കുപോവുകയോ അകത്തേക്കു വരുകയോ ചെയ്തില്ല. 
2: കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: ഇതാ ഞാന്‍ ജറീക്കോപ്പട്ടണത്തെ അതിൻ്റെ രാജാവിനോടും യുദ്ധവീരന്മാരോടുംകൂടെ നിൻ്റെ കരങ്ങളിലേല്പിച്ചിരിക്കുന്നു. 
3: നിങ്ങളുടെ യോദ്ധാക്കള്‍ ദിവസത്തിലൊരിക്കല്‍ പട്ടണത്തിനുചുറ്റും നടക്കണം. ഇങ്ങനെ ആറു ദിവസം ചെയ്യണം. 
4: ഏഴു പുരോഹിതന്മാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളവുംപിടിച്ചു വാഗ്ദാനപേടകത്തിൻ്റെ മുമ്പിലൂടെ നടക്കണം. ഏഴാംദിവസം പുരോഹിതന്മാര്‍ കാഹളം മുഴക്കുകയും നിങ്ങള്‍ പട്ടണത്തിനുചുറ്റും ഏഴുപ്രാവശ്യം നടക്കുകയുംവേണം. 
5: അവര്‍ കാഹളംമുഴക്കുന്നതു കേള്‍ക്കുമ്പോള്‍ നിങ്ങളാര്‍ത്തട്ടഹസിക്കണം. അപ്പോള്‍ പട്ടണത്തിൻ്റെ മതില്‍ നിലംപതിക്കും. നിങ്ങള്‍, നേരേ ഇരച്ചുകയറുക. 
6: നൂനിൻ്റെ മകനായ ജോഷ്വ പുരോഹിതന്മാരെ വിളിച്ചു പറഞ്ഞു: വാഗ്ദാനപേടകമെടുക്കുക. ഏഴു പുരോഹിതന്മാര്‍ കര്‍ത്താവിൻ്റെ പേടകത്തിൻ്റെമുമ്പില്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടുനില്‍ക്കട്ടെ. 
7: അവന്‍ ജനത്തോടു പറഞ്ഞു: മുന്നോട്ടുപോകുവിന്‍; പട്ടണത്തിനുചുറ്റും നടക്കുവിന്‍; ആയുധധാരികള്‍ കര്‍ത്താവിൻ്റെ പേടകത്തിനു മുമ്പില്‍ നടക്കട്ടെ. 
8: ജോഷ്വ കല്പിച്ചതുപോലെ ഏഴുപുരോഹിതന്മാര്‍, ആട്ടിന്‍കൊമ്പുകൊണ്ടുള്ള കാഹളംമുഴക്കിക്കൊണ്ടു കര്‍ത്താവിൻ്റെ മുമ്പില്‍ നടന്നു. കര്‍ത്താവിൻ്റെ വാഗ്ദാനപേടകം അവര്‍ക്കു പിന്നാലെയുണ്ടായിരുന്നു. 
9: ആയുധധാരികള്‍, കാഹളംമുഴക്കുന്ന പുരോഹിതരുടെമുമ്പിലും ബാക്കിയുള്ളവര്‍ വാഗ്ദാനപേടകത്തിൻ്റെ പിന്നിലും നടന്നു. കാഹളധ്വനി സദാ മുഴങ്ങിക്കൊണ്ടിരുന്നു. 
10: കല്പന കിട്ടുന്നതുവരെ അട്ടഹസിക്കുകയോ ശബ്ദിക്കുകയോ അരുതെന്നും കല്പിക്കുമ്പോള്‍ അട്ടഹസിക്കണമെന്നും ജോഷ്വ ജനത്തോടു പറഞ്ഞു. 
11: അങ്ങനെ കര്‍ത്താവിൻ്റെ പേടകം പട്ടണത്തിന്, ഒരു പ്രാവശ്യം പ്രദക്ഷിണം വച്ചു. അവര്‍ പാളയത്തിലേക്കു മടങ്ങി, രാത്രികഴിച്ചു. 
12: പിറ്റേദിവസം അതിരാവിലെ ജോഷ്വയുണര്‍ന്നു; പുരോഹിതന്മാര്‍ കര്‍ത്താവിൻ്റെ പേടകമെടുത്തു. 
13: ഏഴു പുരോഹിതന്മാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളങ്ങള്‍ സദാ മുഴക്കിക്കൊണ്ടു കര്‍ത്താവിൻ്റെ പേടകത്തിനുമുമ്പേ നടന്നു. ആയുധധാരികള്‍ അവര്‍ക്കു മുമ്പേയും ബാക്കിയുള്ളവര്‍ വാഗ്ദാനപേടകത്തിൻ്റെ പിമ്പേയും നടന്നു. കാഹളധ്വനി സദാ മുഴങ്ങിക്കൊണ്ടിരുന്നു. 
14: രണ്ടാം ദിവസവും അവര്‍ പട്ടണത്തിനു പ്രദക്ഷിണംവയ്ക്കുകയും പാളയത്തിലേക്കു മടങ്ങുകയുംചെയ്തു. ആറുദിവസം ഇങ്ങനെ ചെയ്തു. 
15: ഏഴാംദിവസം അതിരാവിലെയുണര്‍ന്ന്, ആദ്യത്തേതുപോലെ ഏഴുപ്രാവശ്യം അവര്‍ പ്രദക്ഷിണംവച്ചു. അന്നുമാത്രമേ ഏഴുപ്രാവശ്യം പ്രദക്ഷിണംവച്ചുള്ളു. 
16: ഏഴാംപ്രാവശ്യം പുരോഹിതന്മാര്‍ കാഹളംമുഴക്കിയപ്പോള്‍ ജോഷ്വ ജനത്തോടു പറഞ്ഞു: അട്ടഹസിക്കുവിന്‍. ഈ പട്ടണം കര്‍ത്താവു നിങ്ങള്‍ക്കു നല്കിയിരിക്കുന്നു. 
17: പട്ടണവും അതിലുള്ള സമസ്തവും കര്‍ത്താവിനു കാഴ്ചയായി നശിപ്പിക്കപ്പെടേണ്ടതാണ്. നമ്മുടെ ദൂതന്മാരെ ഒളിപ്പിച്ചതിനാല്‍ വേശ്യയായ റാഹാബും അവളുടെ കുടുംബത്തിലുള്ളവരും ജീവനോടെയിരിക്കട്ടെ. 
18: നശിപ്പിക്കേണ്ട ഈ പട്ടണത്തില്‍നിന്നു നിങ്ങള്‍ ഒന്നുമെടുക്കരുത്; അങ്ങനെചെയ്താല്‍ ഇസ്രായേല്‍പാളയത്തിനു നാശവുമനര്‍ത്ഥവും സംഭവിക്കും. 
19: എന്നാല്‍, വെള്ളിയും സ്വര്‍ണ്ണവും പിച്ചളയും ഇരുമ്പുംകൊണ്ടു നിര്‍മ്മിതമായ പാത്രങ്ങള്‍ കര്‍ത്താവിനു വിശുദ്ധമാണ്; അവ കര്‍ത്താവിൻ്റെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കണം. 
20: കാഹളം മുഴങ്ങി. കാഹളധ്വനികേട്ടപ്പോള്‍ ജനം ആര്‍ത്തട്ടഹസിക്കുകയും മതില്‍ നിലംപതിക്കുകയും ചെയ്തു. അവരിരച്ചുകയറി പട്ടണം പിടിച്ചെടുത്തു. 
21: അതിലുള്ള സമസ്തവും അവര്‍ നിശ്ശേഷം നശിപ്പിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ആടുമാടുകളെയും കഴുതകളെയും അവര്‍ വാളിനിരയാക്കി. 
22: ദേശനിരീക്ഷണത്തിനുപോയ ഇരുവരോടും ജോഷ്വ പറഞ്ഞു: നിങ്ങള്‍ ആ വേശ്യയുടെ വീട്ടില്‍ച്ചെന്ന് അവളോടു സത്യംചെയ്തിരുന്നതുപോലെ അവളെയും കുടുംബാംഗങ്ങളെയും പുറത്തുകൊണ്ടുവരുവിന്‍. 
23: ആ യുവാക്കള്‍ അവിടെച്ചെന്ന്, റാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരരെയും ബന്ധുജനങ്ങളെയും കൊണ്ടുവന്ന് ഇസ്രായേല്‍പ്പാളയത്തിനു പുറത്തു താമസിപ്പിച്ചു. 
24: പിന്നീടവര്‍ ആ പട്ടണവും അതിലുള്ള സമസ്തവും അഗ്നിക്കിരയാക്കി. പിച്ചളയും ഇരുമ്പുംകൊണ്ടുണ്ടാക്കിയ പാത്രങ്ങളും സ്വര്‍ണ്ണവും വെള്ളിയും അവര്‍ കര്‍ത്താവിൻ്റെ ഭണ്ഡാഗരത്തില്‍ നിക്ഷേപിച്ചു. 
25: വേശ്യയായ റാഹാബിനെയും അവളുടെ പിതൃഭവനത്തെയും വസ്തുവകകളെയും ജോഷ്വ സംരക്ഷിച്ചു. എന്തെന്നാല്‍, ജറീക്കോ നിരീക്ഷിക്കുന്നതിനു ജോഷ്വയയച്ച ദൂതന്മാരെ അവളൊളിപ്പിച്ചു. അവളുടെ കുടുംബം ഇസ്രായേലില്‍ ഇന്നുമുണ്ട്. 
26: ജോഷ്വ അന്ന്, അവരോടു ശപഥംചെയ്തുപറഞ്ഞു: ജറീക്കോ പുതുക്കിപ്പണിയാന്‍ തുനിയുന്നവന്‍ ശപ്തന്‍. അതിൻ്റെ അടിസ്ഥാനമിടാന്‍ ഒരുമ്പെടുന്നവന് അവൻ്റെ മൂത്തമകനും, കവാടങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശ്രമിക്കുന്നവന് അവൻ്റെ ഇളയമകനും നഷ്ടപ്പെടും. 
27: കര്‍ത്താവു ജോഷ്വയോടുകൂടെയുണ്ടായിരുന്നു. അവൻ്റെ കീര്‍ത്തി നാട്ടിലെങ്ങും വ്യാപിച്ചു.


അദ്ധ്യായം 7

ആഖാൻ്റെ പാപം

1: തനിക്കു ബലിയായി ദഹിപ്പിക്കേണ്ട ജറീക്കോയില്‍നിന്ന്, ഒന്നുമെടുക്കരുതെന്നു കര്‍ത്താവുനല്കിയ കല്പന ഇസ്രായേല്‍ജനം ലംഘിച്ചു. യൂദാഗോത്രത്തില്‍പ്പെട്ട സേരായുടെ മകന്‍ സബ്ദിയുടെ പൗത്രനും കാര്‍മ്മിയുടെ പുത്രനുമായ ആഖാന്‍, നിഷിദ്ധവസ്തുക്കളില്‍ ചിലതെടുത്തു. തന്മൂലം കര്‍ത്താവിൻ്റെ കോപം ഇസ്രായേല്‍ജനത്തിനെതിരേ ജ്വലിച്ചു.
2: ബഥേലിനു കിഴക്ക്, ബേഥാവനു സമീപത്തുള്ള ആയ്‌പട്ടണത്തിലേക്കു ജറീക്കോയില്‍നിന്ന് ജോഷ്വ ആളുകളെയയച്ചു പറഞ്ഞു: നിങ്ങള്‍പോയി അവിടം രഹസ്യമായി നിരീക്ഷിക്കുവിന്‍.
3: അവരങ്ങനെ ചെയ്തു. അവര്‍ തിരികെവന്നു ജോഷ്വയോടു പറഞ്ഞു. എല്ലാവരും അങ്ങോട്ടു പോകേണ്ടതില്ല; രണ്ടായിരമോ മൂവായിരമോപേര്‍ പോയി, ആയിയെ ആക്രമിക്കട്ടെ. എല്ലാവരും പോയി ബുദ്ധിമുട്ടേണ്ടതില്ല; കാരണം, അവര്‍ കുറച്ചുപേര്‍മാത്രമേയുള്ളു.
4: അങ്ങനെ അവരില്‍നിന്ന്, ഏകദേശം മൂവായിരംപേര്‍ പോയി; എന്നാല്‍ അവര്‍ ആയ്‌പട്ടണക്കാരുടെമുമ്പില്‍ തോറ്റോടി. 
5: ആയ്‌നിവാസികള്‍ മുപ്പത്താറോളംപേരെ വധിച്ചു. അവര്‍ അവരെ നഗരകവാടം മുതല്‍ ഷബാറിംവരെ പിന്തുടരുകയും താഴോട്ടിറങ്ങുമ്പോള്‍ വധിക്കുകയും ചെയ്തു.
6: ജനം ചകിതരായി. ജോഷ്വ വസ്ത്രംകീറി. അവനും ഇസ്രായേലിലെ ശ്രേഷ്ഠന്മാരും ശിരസ്സില്‍ പൊടിവാരിയിട്ടു സായാഹ്നംവരെ കര്‍ത്താവിൻ്റെ വാഗ്ദാനപേടകത്തിനുമുമ്പില്‍ സാഷ്ടാംഗം വീണുകിടന്നു.
7: ജോഷ്വ പ്രാര്‍ത്ഥിച്ചു: ദൈവമായ കര്‍ത്താവേ, അമോര്യരുടെ കരങ്ങളിലേല്പിച്ചു നശിപ്പിക്കുന്നതിന്, അങ്ങ് ഈ ജനത്തെയെന്തിനു ജോര്‍ദ്ദാനിക്കരെ കൊണ്ടുവന്നു? അക്കരെത്താമസിച്ചാല്‍ മതിയായിരുന്നു.
8: കര്‍ത്താവേ, ഇസ്രായേല്‍ക്കാര്‍ ശത്രുക്കളോടു തോറ്റുപിന്‍വാങ്ങിയ ഈയവസരത്തില്‍ ഞാനെന്തുപറയേണ്ടു? 
9: കാനാന്യരും അവിടെയുള്ള മറ്റുള്ളവരും ഇതു കേള്‍ക്കും. അവര്‍ ഞങ്ങളെ വളയുകയും ഞങ്ങളുടെ നാമം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുകയുംചെയ്യുമ്പോള്‍ അങ്ങയുടെ നാമത്തിൻ്റെ മഹത്വംകാക്കാന്‍ എന്തുചെയ്യും?
10: കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: എഴുന്നേല്‍ക്കുക; നീയെന്തിനിങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നു?
11: ഇസ്രായേല്‍ പാപംചെയ്തിരിക്കുന്നു; എൻ്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ച്ചിലത്, അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെവച്ചിട്ടു വ്യാജം പറയുകയുംചെയ്തിരിക്കുന്നു.
12: അതിനാല്‍, ഇസ്രായേല്‍ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെമുമ്പില്‍ തോറ്റു പിന്മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ളൊരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങളെടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍, ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
13: നീയെഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാന്‍ അവരോടു പറയുക. ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലേ, നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയിലുണ്ട്. അത് എടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെനേരിടാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.
14: പ്രഭാതത്തില്‍ ഗോത്രംഗോത്രമായി നിങ്ങള്‍ വരണം. കര്‍ത്താവു ചൂണ്ടിക്കാണിക്കുന്ന ഗോത്രം ഓരോ കുലമായും, കുലം കുടുംബക്രമത്തിലും അടുത്തുവരണം. കര്‍ത്താവു വീണ്ടും ചൂണ്ടിക്കാണിക്കുന്ന കുടുംബത്തില്‍നിന്ന്, ഓരോരുത്തരായി മുന്നോട്ടുവരണം.
15: നിഷിദ്ധവസ്തുക്കളോടുകൂടെ പിടിക്കപ്പെടുന്നവനെ, അവൻ്റെ സകലവസ്തുക്കളോടുംകൂടെ അഗ്നിക്കിരയാക്കണം. എന്തെന്നാല്‍, അവന്‍ കര്‍ത്താവിൻ്റെ ഉടമ്പടി ലംഘിച്ച്, ഇസ്രായേലില്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചിരിക്കുന്നു.
16: ജോഷ്വ അതിരാവിലെയെഴുന്നേറ്റ്, ഇസ്രായേലിനെ ഗോത്രമുറയ്ക്കു വരുത്തി. അതില്‍നിന്നു യൂദാഗോത്രത്തെ മാറ്റിനിര്‍ത്തി.
17: അവനു യൂദായുടെ കുലങ്ങളെ വരുത്തി അതില്‍നിന്നു സേരാകുലത്തെ മാറ്റിനിര്‍ത്തി. പിന്നീട് അവന്‍ സേരാകുലത്തിലെ ഓരോ കുടുംബത്തെയും വരുത്തി, അതില്‍നിന്നു സബ്ദികുടുംബത്തെ വേര്‍തിരിച്ചു.
18: വീണ്ടും സബ്ദികുടുംബത്തില്‍നിന്ന് ഓരോരുത്തരെയും വരുത്തി. യൂദാഗോത്രത്തിലെ സേരായുടെ മകന്‍ സബ്ദിയുടെ പൗത്രനും കാര്‍മ്മിയുടെ പുത്രനുമായ ആഖാനെ മാറ്റിനിറുത്തി. ജോഷ്വ ആഖാനോടു പറഞ്ഞു:
19: എൻ്റെ മകനേ, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തി അവിടുത്തെ സ്തുതിക്കുക. നീ എന്തുചെയ്‌തെന്ന് എന്നോടുപറയുക. എന്നില്‍നിന്ന് ഒന്നും മറച്ചുവയ്ക്കരുത്.
20: ആഖാന്‍ മറുപടി പറഞ്ഞു: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിനെതിരേ ഞാന്‍ പാപംചെയ്തിരിക്കുന്നു. ഞാന്‍ ചെയ്തതിതാണ്:
21: കൊള്ളവസ്തുക്കളുടെകൂടെ ഷീനാറില്‍നിന്നുള്ള അതിവിശിഷ്ടമായൊരു മേലങ്കിയും ഇരുനൂറുഷെക്കല്‍ വെള്ളിയും അമ്പതുഷെക്കല്‍ തൂക്കമുള്ളൊരു സ്വര്‍ണ്ണക്കട്ടിയും ഞാന്‍ കണ്ടു. മോഹംതോന്നി ഞാനവയെടുത്തു. വെള്ളി ഏറ്റവുമടിയിലായി, അവയെല്ലാം എൻ്റെ കൂടാരത്തിനുള്ളില്‍ കുഴിച്ചിടുകയുംചെയ്തു. 
22: ഉടനെ ജോഷ്വ, ദൂതന്മാരെയയച്ചു: അവര്‍ കൂടാരത്തിലേക്കോടി. വെള്ളി ഏറ്റവുമടിയിലായി, അവയെല്ലാമൊളിച്ചുവച്ചിരിക്കുന്നത് അവര്‍ കണ്ടു.
23: അവര്‍ കൂടാരത്തില്‍നിന്നവയെടുത്ത്, ജോഷ്വയുടെയും ഇസ്രായേല്‍ജനത്തിൻ്റെയും മുമ്പാകെ കൊണ്ടുവന്നു; അവരതു കര്‍ത്താവിൻ്റെ മുമ്പില്‍ നിരത്തിവച്ചു.
24: ജോഷ്വയും ഇസ്രായേല്‍ജനവും സേരായുടെ മകനായ ആഖാനെയും അവൻ്റെ പുത്രീപുത്രന്മാരെയും വെള്ളി, മേലങ്കി, സ്വര്‍ണ്ണക്കട്ടി എന്നിവയും, കാള, കഴുത, ആട്, കൂടാരം എന്നിങ്ങനെ അവനുള്ള സമസ്തവസ്തുക്കളെയും ആഖോര്‍താഴ്‌വരയിലേക്കു കൊണ്ടുപോയി.
25: അവിടെയെത്തിയപ്പോള്‍ ജോഷ്വ പറഞ്ഞു: നീയെന്തുകൊണ്ടാണ്, ഞങ്ങളുടെമേല്‍ കഷ്ടതകള്‍വരുത്തിവച്ചത്? നിൻ്റെമേലും ഇന്നു കര്‍ത്താവു കഷ്ടതകള്‍ വരുത്തും. അപ്പോള്‍ ഇസ്രായേല്‍ജനം അവനെയും കുടുംബത്തെയും കല്ലെറിഞ്ഞു; വസ്തുവകകള്‍ അഗ്നിക്കിരയാക്കി.
26: അവരവൻ്റെമേല്‍, ഒരു വലിയ കല്‍ക്കൂമ്പാരമുണ്ടാക്കി. അതിന്നുമവിടെയുണ്ട്. അങ്ങനെ കര്‍ത്താവിൻ്റെ ഉജ്ജ്വലകോപം ശമിച്ചു. ഇന്നും ആ സ്ഥലം ആഖോറിൻ്റെ താഴ്‌വര എന്നറിയപ്പെടുന്നു.

അദ്ധ്യായം 8

ആയ്‌പട്ടണം നശിപ്പിക്കുന്നു

1: കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: എല്ലാ യോദ്ധാക്കളെയുംകൂട്ടി ആയിയിലേക്കു പോവുക. ഭയമോ പരിഭ്രമമോ വേണ്ടാ. ഇതാ, ഞാന്‍ അവിടത്തെ രാജാവിനെയും പ്രജകളെയും പട്ടണത്തെയും രാജ്യത്തെയും നിൻ്റെ കൈകളിലേല്പിച്ചിരിക്കുന്നു.
2: ജറീക്കോയോടും അവിടത്തെ രാജാവിനോടും നീ പ്രവര്‍ത്തിച്ചതുപോലെ ആയിയോടും അവിടത്തെ രാജാവിനോടും പ്രവര്‍ത്തിക്കുക. എന്നാല്‍, കന്നുകാലികളെയും കൊള്ളവസ്തുക്കളെയും നിങ്ങള്‍ക്കെടുക്കാം. പട്ടണത്തെ ആക്രമിക്കുന്നതിന്, അതിനുപിന്നില്‍ പതിയിരിക്കണം.
3: ജോഷ്വയും യോദ്ധാക്കളും ആയ്‌പട്ടണത്തിലേക്കു പുറപ്പെട്ടു. ജോഷ്വ ധീരപരാക്രമികളായ മുപ്പതിനായിരംപേരെ തിരഞ്ഞെടുത്തു രാത്രിയില്‍ത്തന്നെ അയച്ചു.
4: അവന്‍ അവരോടാജ്ഞാപിച്ചു: പട്ടണത്തെ ആക്രമിക്കുന്നതിനു നിങ്ങള്‍ അതിനു പിന്നില്‍ ഒളിച്ചിരിക്കണം. വളരെയകലെപ്പോകരുത്. സദാ ജാഗരൂകരായിരിക്കുകയുംവേണം. 
5: ഞാനും കൂടെയുള്ളവരും പട്ടണത്തെ സമീപിക്കും. അവര്‍ ഞങ്ങള്‍ക്കെതിരേ വരുമ്പോള്‍ മുമ്പിലത്തെപ്പോലെ ഞങ്ങള്‍ പിന്തിരിഞ്ഞോടും.
6: പട്ടണത്തില്‍നിന്നു വളരെയകലെയെത്തുന്നതുവരെ അവര്‍ ഞങ്ങളെ പിന്തുടരും. അപ്പോളവര്‍ പറയും ഇതാ, അവര്‍ മുമ്പിലത്തെപ്പോലെ പരാജിതരായി ഓടുന്നു. ഞങ്ങളങ്ങനെ ഓടും.
7: അപ്പോള്‍ നിങ്ങള്‍ പുറത്തുവന്ന്, പട്ടണം പിടിച്ചടക്കണം. നിങ്ങളുടെ ദൈവമായ കര്‍ത്താവ്, അതു നിങ്ങളുടെ കൈകളിലേല്പിച്ചുതരും.
8: കര്‍ത്താവു കല്പിച്ചതുപോലെ പട്ടണം പിടിച്ചടക്കിയതിനുശേഷം അതഗ്നിക്കിരയാക്കണം. ഞാന്‍ നിങ്ങളോടു കല്പിക്കുന്നു.
9: ജോഷ്വ അവരെ യാത്രയാക്കി. അവര്‍ പോയി, ആയ്‌പട്ടണത്തിനു പടിഞ്ഞാറ്, ആ പട്ടണത്തിനും ബഥേലിനുംമദ്ധ്യേ ഒളിച്ചിരുന്നു. ജോഷ്വ ആ രാത്രിയില്‍ ജനത്തോടുകൂടെത്താമസിച്ചു.
10: അവന്‍ അതിരാവിലെയെഴുന്നേറ്റു യോദ്ധാക്കളെ വിളിച്ചുകൂട്ടി. ഇസ്രായേലിലെ ശ്രേഷ്ഠന്മാരോടുകൂടെ, ജനത്തെ ആയ്‌പട്ടണത്തിലേക്കു നയിച്ചു.
11: അവനും കൂടെയുണ്ടായിരുന്ന യോദ്ധാക്കളും പട്ടണത്തിൻ്റെ പ്രധാനകവാടത്തിനു വടക്കുവശത്തായി പാളയമടിച്ചു. അവര്‍ക്കും ആയ്‌പട്ടണത്തിനുംമദ്ധ്യേ ഒരു താഴ്‌വരയുണ്ടായിരുന്നു.
12: പട്ടണത്തിനു പടിഞ്ഞാറുവശത്ത്, ബഥേലിനും പട്ടണത്തിനുംമദ്ധ്യേ, ഏകദേശം അയ്യായിരം യോദ്ധാക്കളെ അവനൊളിപ്പിച്ചു.
13: പ്രധാനപാളയം പട്ടണത്തിനു വടക്കുഭാഗത്തും ബാക്കിയുള്ളവ പടിഞ്ഞാറുഭാഗത്തുമായിരുന്നു. ജോഷ്വ ആ രാത്രി, താഴ്‌വരയില്‍ത്തന്നെ കഴിച്ചുകൂട്ടി.
14: ആയ്‌രാജാവ് ഇതുകണ്ടപ്പോള്‍ അരാബായിലേക്കുള്ള ഇറക്കത്തില്‍വച്ച് ഇസ്രായേല്‍ക്കാരെ നേരിടാന്‍ സൈന്യസമേതം പുറപ്പെട്ടു. എന്നാല്‍, പട്ടണത്തിൻ്റെ പുറകില്‍ ശത്രുസൈന്യം പതിയിരുന്നത് അവരറിഞ്ഞില്ല.
15: ജോഷ്വയും ജനവും, പരാജിതരായെന്നു നടിച്ചു മരുഭൂമിയുടെനേരേയോടി.
16: അവരെ പിന്തുടരുന്നതിന്, രാജാവു പട്ടണത്തിലുണ്ടായിരുന്നവരെയെല്ലാം വിളിച്ചുകൂട്ടി. അവര്‍ ജോഷ്വയെ പിന്തുടര്‍ന്നു പട്ടണത്തില്‍നിന്നു വളരെ വിദൂരത്തായി.
17: ഇസ്രായേലിനെ പിന്തുടരാത്തവരായി ആരും ബഥേലിലോ ആയ്‌പട്ടണത്തിലോ ഉണ്ടായിരുന്നില്ല. അവര്‍ പട്ടണമടയ്ക്കാതെയാണു പോയത്. 
18: കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: നിൻ്റെ കൈയിലിരിക്കുന്ന കുന്തം ആയ്‌പട്ടണത്തിനുനേരേ ചൂണ്ടുക; ഞാന്‍ പട്ടണം നിൻ്റെ കരങ്ങളിലേല്പിക്കും. ജോഷ്വ അങ്ങനെ ചെയ്തു.
19: അവന്‍ കൈയുയര്‍ത്തിയയുടനെ, ഒളിച്ചിരുന്നവരെഴുന്നേറ്റു പട്ടണത്തിലേക്കു പാഞ്ഞുചെന്ന്, അതു കൈവശപ്പെടുത്തി; തിടുക്കത്തില്‍ പട്ടണത്തിനു തീവച്ചു.
20: ആയ്‌നിവാസികള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട്ടണത്തില്‍നിന്നു പുക ആകാശത്തേക്കുയരുന്നതു കണ്ടു. അവര്‍ക്ക്, അങ്ങോട്ടോ ഇങ്ങോട്ടോ ഓടുന്നതിനു സാധിച്ചില്ല. കാരണം, മരുഭൂമിയിലേക്കോടിയവര്‍ ഓടിച്ചവരുടെനേരേ തിരിഞ്ഞു.
21: പതിയിരുന്നവര്‍ പട്ടണം പിടിച്ചടക്കിയെന്നും അതില്‍നിന്നു പുകപൊങ്ങുന്നെന്നുംകണ്ടപ്പോള്‍ ജോഷ്വയും ഇസ്രായേല്‍ജനവും തിരിഞ്ഞ്, ആയ്‌നിവാസികളെ വധിച്ചു.
22: പട്ടണത്തില്‍ക്കടന്ന ഇസ്രായേല്യരും ശത്രുക്കള്‍ക്കെതിരേ പുറത്തുവന്നു. ആയ്‌നിവാസികള്‍ ഇസ്രായേല്‍ക്കാരുടെ മദ്ധ്യത്തില്‍ക്കുടുങ്ങി. അവരെ ഇസ്രായേല്യര്‍ സംഹരിച്ചു; ആരും രക്ഷപെട്ടില്ല.
23: എന്നാല്‍, രാജാവിനെ ജീവനോടെ പിടിച്ച്, അവര്‍ ജോഷ്വയുടെയടുക്കല്‍ കൊണ്ടുവന്നു.
24: ഇസ്രായേല്‍ തങ്ങളെ പിന്തുടര്‍ന്ന ആയ് പട്ടണക്കാരെയെല്ലാം വിജനദേശത്തുവച്ചു സംഹരിച്ചു. അവസാനത്തെയാള്‍വരെ വാളിനിരയായി. പിന്നീട്, ഇസ്രായേല്യര്‍ ആയ് പട്ടണത്തിലേക്കു മടങ്ങിച്ചെന്ന് അവശേഷിച്ചവരെയും വാളിനിരയാക്കി.
25: ആയ് പട്ടണത്തിലുണ്ടായിരുന്ന പന്തീരായിരം സ്ത്രീപുരുഷന്മാര്‍ അന്നു മൃതിയടഞ്ഞു.
26: ആയ്‌നിവാസികള്‍ പൂര്‍ണ്ണമായി നിഗ്രഹിക്കപ്പെടുന്നതുവരെ കുന്തം നീട്ടിപ്പിടിച്ചിരുന്ന തൻ്റെ കരങ്ങള്‍, ജോഷ്വ പിന്‍വലിച്ചില്ല.
27: കര്‍ത്താവു ജോഷ്വയോടു കല്പിച്ചതനുസരിച്ച് ഇസ്രായേല്‍ക്കാര്‍ പട്ടണത്തില്‍നിന്നു കന്നുകാലികളെയും കൊള്ളവസ്തുക്കളെയുമെടുത്തു.
28: അങ്ങനെ ജോഷ്വ, ആയ്‌പട്ടണത്തിനു തീവച്ച്, അതിനെയൊരു നാശക്കൂമ്പാരമാക്കി. ഇന്നുമത് അങ്ങനെതന്നെ കിടക്കുന്നു.
29: പിന്നീടവന്‍ ആയ്‌രാജാവിനെ ഒരു മരത്തില്‍ തൂക്കിക്കൊന്നു. സായാഹ്നംവരെ, ജഡം അതിന്മേല്‍ തൂങ്ങിക്കിടന്നു. സൂര്യാസ്തമയമായപ്പോള്‍ ശരീരം മരത്തില്‍നിന്നിറക്കി നഗരകവാടത്തില്‍വയ്ക്കാന്‍ ജോഷ്വ കല്പിച്ചു. അവരങ്ങനെ ചെയ്തു. അതിനുമുകളില്‍ ഒരു കല്‍ക്കൂമ്പാരമുയര്‍ത്തി. അത് ഇന്നുമവിടെയുണ്ട്.
30: ജോഷ്വ, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിന്, ഏബാല്‍മലയിലൊരു ബലിപീഠം നിര്‍മ്മിച്ചു.
31: കര്‍ത്താവിൻ്റെ ദാസനായ മോശ ഇസ്രായേല്‍ജനത്തോടു കല്പിച്ചതുപോലെയും മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരുന്നതുപോലെയും ചെത്തിമിനുക്കാത്ത കല്ലുകള്‍കൊണ്ടുള്ളതും ഇരുമ്പായുധം സ്പര്‍ശിക്കാത്തതുമായിരുന്നു അത്. അതിലവര്‍ കര്‍ത്താവിനു ദഹനബലികളും സമാധാനബലികളുമര്‍പ്പിച്ചു. 
32: മോശയെഴുതിയ നിയമത്തിൻ്റെയൊരു പകര്‍പ്പ്, ഇസ്രായേല്‍ജനത്തിൻ്റെ സാന്നിദ്ധ്യത്തില്‍, ജോഷ്വയവിടെ, കല്ലില്‍ കൊത്തിവച്ചു.
33: അവിടെ ഇസ്രായേല്‍ജനം, തങ്ങളുടെ ശ്രേഷ്ഠന്മാര്‍, സ്ഥാനികള്‍, ന്യായാധിപന്മാര്‍ എന്നിവരോടും തങ്ങളുടെയിടയിലുള്ള വിദേശികളോടും സ്വദേശികളോടുംകൂടെ കര്‍ത്താവിൻ്റെ വാഗ്ദാനപേടകംവഹിച്ചിരുന്ന ലേവ്യപുരോഹിതന്മാര്‍ക്കെതിരേ ഇരുവശങ്ങളിലുമായി നിന്നു. അവരില്‍ പകുതി ഗരിസിംമലയുടെ മുമ്പിലും, പകുതി ഏബാല്‍മലയുടെ മുമ്പിലും നിലകൊണ്ടു. കര്‍ത്താവിൻ്റെ ദാസനായ മോശ കല്പിച്ചിരുന്നതുപോലെ അനുഗ്രഹംസ്വീകരിക്കാനായിരുന്നു ഇത്.
34: അതിനുശേഷം അവന്‍ നിയമഗ്രന്ഥത്തിലെ വാക്കുകളെല്ലാം - അനുഗ്രഹവചസ്സുകളും ശാപവാക്കുകളും - വായിച്ചു.
35: മോശകല്പിച്ച ഒരു വാക്കുപോലും, സ്ത്രീകളും കുട്ടികളും തങ്ങളുടെയിടയില്‍ പാര്‍ത്തിരുന്ന പരദേശികളുമടങ്ങിയ ഇസ്രായേല്‍സമൂഹത്തില്‍ ജോഷ്വ വായിക്കാതിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ