അമ്പതാം ദിവസം: നിയമാവര്‍ത്തനം 9 - 11


അദ്ധ്യായം 9

വിജയം, കര്‍ത്താവിൻ്റെ ദാനം

1: ഇസ്രായേലേ, കേട്ടാലും: നിങ്ങളിന്നു ജോര്‍ദ്ദാന്‍കടന്നു നിങ്ങളെക്കാള്‍ വലുതും ശക്തവുമായ ജനതകളെയും ആകാശത്തോളമുയര്‍ന്ന കോട്ടകളാല്‍വലയംചെയ്യപ്പെട്ട വിശാലമായ പട്ടണങ്ങളെയും കൈവശപ്പെടുത്താന്‍പോവുകയാണ്.
2: ഉയരമേറിയവരും വലിയവരുമായ ആ ജനതകള്‍ നിങ്ങളറിയുന്ന അനാക്കിമുകളാണ്. അനാക്കിമിൻ്റെ മക്കളുടെമുമ്പില്‍ നില്‍ക്കാന്‍ ആര്‍ക്കുകഴിയുമെന്ന് ആരെപ്പറ്റി നിങ്ങള്‍ പറഞ്ഞുകേട്ടിരുന്നുവോ അവരാണിത്.
3: നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്, ദഹിപ്പിക്കുന്ന അഗ്നിയായി നിങ്ങളുടെമുമ്പില്‍പ്പോകുന്നതെന്ന് ഇന്നു നിങ്ങള്‍ മനസ്സിലാക്കണം. അവരെപ്പുറത്താക്കുകയും നശിപ്പിക്കുകയുംചെയ്യാന്‍ നിങ്ങള്‍ മുന്നേറുമ്പോള്‍, കര്‍ത്താവു വാഗ്ദാനംചെയ്തിട്ടുള്ളതുപോലെ നിങ്ങളവരെത്തോല്പിക്കുകയും നിശ്ശേഷം നശിപ്പിക്കുകയുംചെയ്യും.
4: നിങ്ങളുടെ ദൈവമായ കര്‍ത്താവ്, അവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കംചെയ്തുകഴിയുമ്പോള്‍ എൻ്റെ നീതിനിമിത്തമാണ്, കര്‍ത്താവ് ഈ സ്ഥലമവകാശമാക്കാന്‍ എന്നെക്കൊണ്ടുവന്നതെന്നു നിങ്ങള്‍ ഹൃദയത്തില്‍പ്പറയരുത്. ഈ ജനതകളുടെ ദുഷ്ടതനിമിത്തമാണ് അവിടുന്നവരെ നിങ്ങളുടെമുമ്പില്‍നിന്നു നീക്കിക്കളയുന്നത്.
5: നിങ്ങളുടെ നീതിയോ ഹൃദയപരമാര്‍ത്ഥതയോനിമിത്തമല്ല നിങ്ങള്‍, അവരുടെ രാജ്യം കൈവശമാക്കാന്‍പോകുന്നത്; ആ ജനതകളുടെ ദുഷ്ടതനിമിത്തവും, നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരോടു കര്‍ത്താവുചെയ്ത വാഗ്ദാനം നിറവേറ്റുന്നതിനുവേണ്ടിയുമാണ് അവരെയവിടുന്നു നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്നത്. 
6: നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ നീതിനിമിത്തമല്ല, ഈ നല്ല ദേശം നിങ്ങള്‍ക്ക് അവകാശമായിത്തരുന്നതെന്നു മനസ്സിലാക്കിക്കൊള്ളുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ജനമാണ്.

ഹോറെബിലെ വിശ്വാസത്യാഗം

7: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ, മരുഭൂമിയില്‍വച്ചു നിങ്ങള്‍ കോപിപ്പിച്ചതെങ്ങനെയെന്ന് ഓര്‍മ്മിക്കുവിന്‍. അതു മറക്കരുത്. ഈജിപ്തുദേശത്തുനിന്നു പുറത്തുവന്ന ദിവസംമുതല്‍ ഇവിടെയെത്തുന്നതുവരെ, നിങ്ങള്‍ കര്‍ത്താവിനെതിരായി മത്സരിക്കുകയായിരുന്നു.
8: ഹോറെബില്‍വച്ചുപോലും നിങ്ങള്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു; നിങ്ങളെ നശിപ്പിക്കാന്‍തക്കവണ്ണം അവിടുന്നു കോപാകുലനായിരുന്നു.
9: കര്‍ത്താവു നിങ്ങളുമായിനടത്തിയ ഉടമ്പടിയുടെ കല്പലകകള്‍വാങ്ങാനായി മലമുകളില്‍ക്കയറി, തിന്നുകയോ കുടിക്കുകയോചെയ്യാതെ ഞാന്‍ നാല്പതുപകലും നാല്പതുരാവും അവിടെച്ചെലവഴിച്ചു.
10: കര്‍ത്താവു തൻ്റെ കൈവിരല്‍കൊണ്ടെഴുതിയ രണ്ടു കല്പലകകള്‍ എനിക്കുതന്നു; ജനത്തെയെല്ലാം ഒരുമിച്ചുകൂട്ടിയ ദിവസം, മലയില്‍വച്ച്, അഗ്നിയുടെ മദ്ധ്യേനിന്ന് അവിടുന്നു നിങ്ങളോടരുളിച്ചെയ്ത സകലവാക്കുകളും അതിലെഴുതപ്പെട്ടിരുന്നു.
11: നാല്പതുപകലും നാല്പതുരാവും കഴിഞ്ഞപ്പോള്‍, ഉടമ്പടിയുടെ ആ രണ്ടു കല്പലകകള്‍ കര്‍ത്താവെനിക്കു തന്നു.
12: അവിടുന്നെന്നോടു പറഞ്ഞു: എഴുന്നേറ്റ്, അതിവേഗം താഴേക്കുപോകുക; എന്തെന്നാല്‍, നീ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നിൻ്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു; ഞാന്‍ കല്പിച്ച വഴിയില്‍നിന്ന് അവര്‍ പെട്ടെന്നു വ്യതിചലിച്ചു. അവര്‍ തങ്ങള്‍ക്കുവേണ്ടി, ഒരു വിഗ്രഹം വാര്‍ത്തിരിക്കുന്നു.
13: കര്‍ത്താവു വീണ്ടുമെന്നോടു പറഞ്ഞു: ഞാനീ ജനത്തെക്കാണുന്നു, ദുശ്ശാഠ്യക്കാരായൊരു ജനം.
14: അവരെ നശിപ്പിച്ച്, ആകാശത്തിന്‍ കീഴില്‍നിന്ന് അവരുടെ പേരുപോലും ഞാന്‍ നിര്‍മ്മാര്‍ജനംചെയ്യാന്‍പോകുന്നു. എന്നെത്തടയരുത്. അവരെക്കാള്‍ ശക്തവും വലുതുമായൊരു ജനത്തെ നിന്നില്‍നിന്നു ഞാന്‍ പുറപ്പെടുവിക്കും.
15: ഞാന്‍ മലമുകളില്‍നിന്നിറങ്ങിപ്പോന്നു. അപ്പോഴും മല കത്തിയെരിയുകയായിരുന്നു. ഉടമ്പടിയുടെ രണ്ടു പലകകള്‍, എൻ്റെ കൈകളിലുണ്ടായിരുന്നു.
16: കാളക്കുട്ടിയുടെ വിഗ്രഹം വാര്‍ത്ത്, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരായി, നിങ്ങള്‍ പാപംചെയ്തിരിക്കുന്നുവെന്നു ഞാന്‍ കണ്ടു; കര്‍ത്താവു നിങ്ങളോടു കല്പിച്ച വഴിയില്‍നിന്നു നിങ്ങള്‍ ക്ഷണത്തില്‍ അകന്നുകഴിഞ്ഞിരുന്നു.
17: അതുകൊണ്ട്, ഞാന്‍ ഇരുപലകകളും വലിച്ചെറിഞ്ഞു; നിങ്ങളുടെ കണ്മുമ്പില്‍വച്ച് അവയുടച്ചുകളഞ്ഞു.
18: അനന്തരം, മുമ്പിലത്തേതുപോലെ നാല്പതുപകലും നാല്പതുരാവും ഞാന്‍ കര്‍ത്താവിൻ്റെമുമ്പില്‍ പ്രണമിച്ചുകിടന്നു. നിങ്ങള്‍ കര്‍ത്താവിൻ്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു പാപംചെയ്ത്, അവിടുത്തെ കുപിതനാക്കിയതിനാല്‍, ഞാന്‍ തിന്നുകയോ കുടിക്കുകയോ ചെയ്തില്ല.
19: എന്തെന്നാല്‍, നിങ്ങളെ നിശ്ശേഷം നശിപ്പിക്കത്തക്കവിധത്തില്‍ നിങ്ങള്‍ക്കെതിരേ തീവ്രമായ കോപത്താല്‍ കര്‍ത്താവു ജ്വലിക്കുകയായിരുന്നു. അതിനാല്‍, എനിക്കു ഭയമായിരുന്നു. എന്നിട്ടും കര്‍ത്താവ്, എൻ്റെ പ്രാര്‍ത്ഥന കേട്ടു.
20: അഹറോനോടും കര്‍ത്താവു കോപിച്ചു: അവനെ നശിപ്പിക്കാന്‍ അവിടുന്നൊരുങ്ങി. അവനുവേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിച്ചു.
21: ആ നികൃഷ്ടവസ്തുവിനെ, നിങ്ങള്‍ നിര്‍മ്മിച്ച കാളക്കുട്ടിയെ, ഞാന്‍ അഗ്നിയില്‍ ദഹിപ്പിച്ചു. ഞാനതു തച്ചുടച്ചു ചെറിയ കഷണങ്ങളാക്കി; വീണ്ടും പൊടിച്ചു ധൂളിയാക്കി, മലയില്‍നിന്നൊഴുകിവരുന്ന അരുവിയിലൊഴുക്കിക്കളഞ്ഞു.
22: തബേറായിലും മാസായിലും കിബ്രോത്ത്ഹത്താവയിലുംവച്ചു നിങ്ങള്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.
23: ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്ന ദേശം, പോയി കൈവശമാക്കിക്കൊള്ളുവിന്‍ എന്നു പറഞ്ഞു കര്‍ത്താവു നിങ്ങളെ കാദെഷ്ബര്‍ണ്ണയായില്‍നിന്നയച്ചപ്പോള്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ കല്പന നിങ്ങള്‍ ധിക്കരിച്ചു. അവിടുത്തെ നിങ്ങള്‍ വിശ്വസിച്ചില്ല; അനുസരിച്ചുമില്ല.
24: ഞാന്‍ നിങ്ങളെയറിയാന്‍തുടങ്ങിയതുമുതല്‍ നിങ്ങള്‍ കര്‍ത്താവിനെയനുസരിക്കാത്ത ധിക്കാരികളാണ്. 
25: അതുകൊണ്ട്, ആ നാല്പതുരാവും പകലും ഞാന്‍ കര്‍ത്താവിൻ്റെ മുമ്പില്‍ പ്രണമിച്ചു കിടന്നു; എന്തെന്നാല്‍, നിങ്ങളെ നശിപ്പിക്കുമെന്നു കര്‍ത്താവരുളിച്ചെയ്തിരുന്നു.
26: ഞാന്‍ കര്‍ത്താവിനോട്, ഇപ്രകാരം പ്രാര്‍ത്ഥിച്ചു: ദൈവമായ കര്‍ത്താവേ, അങ്ങയുടെ മഹത്വത്താല്‍ അങ്ങു രക്ഷിച്ച്, അവിടുത്തെ ശക്തമായ കരത്താല്‍ ഈജിപ്തില്‍നിന്നുകൊണ്ടുവന്ന അങ്ങയുടെ ജനത്തെയും അവകാശത്തെയും നശിപ്പിക്കരുതേ!
27: അങ്ങയുടെ ദാസന്മാരായ അബ്രാഹമിനെയും ഇസഹാക്കിനെയും യാക്കോബിനെയുമോര്‍ക്കണമേ! ഈ ജനത്തിൻ്റെ ദുശ്ശാഠ്യവും തിന്മയും പാപവും കണക്കിലെടുക്കരുതേ!
28: അല്ലാത്തപക്ഷം, ഞങ്ങളെ എവിടെനിന്നു കൊണ്ടുപോന്നുവോ ആ ദേശത്തുള്ളവര്‍ പറയും, കര്‍ത്താവു വാഗ്ദാനംചെയ്തദേശത്ത്, അവരെയെത്തിക്കാന്‍ അവനു കഴിവില്ലാത്തതുകൊണ്ടും അവരെ വെറുത്തതുകൊണ്ടും മരുഭൂമിയില്‍വച്ചു കൊല്ലാന്‍വേണ്ടിയാണ് അവരെ ഇവിടെനിന്നു വിളിച്ചുകൊണ്ടുപോയത് എന്ന്.
29: എന്നാലും അങ്ങു കരംനീട്ടി, ശക്തിപ്രകടിപ്പിച്ചുകൊണ്ടുവന്ന, അങ്ങയുടെ ജനവും അവകാശവുമാണല്ലോ അവര്‍.

അദ്ധ്യായം 10

വീണ്ടും ഉടമ്പടിപ്പത്രിക

1: കര്‍ത്താവ്, എന്നോടരുളിച്ചെയ്തു: ആദ്യത്തേതുപോലെ രണ്ടു കല്പലകകള്‍ വെട്ടിയെടുത്തുകൊണ്ടു മലയുടെ മുകളില്‍, എൻ്റെയടുത്തു വരുക. മരംകൊണ്ട് ഒരു പേടകവും ഉണ്ടാക്കുക.
2: നീ ഉടച്ചുകളഞ്ഞ ആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകള്‍ ഞാനവയിലെഴുതും; നീയവ, ആ പേടകത്തില്‍ വയ്ക്കണം. 
3: അതനുസരിച്ച്, കരുവേലമരംകൊണ്ടു ഞാനൊരു പേടകമുണ്ടാക്കി, മുമ്പിലത്തേതുപോലെയുള്ള രണ്ടു കല്പലകകളും വെട്ടിയെടുത്തുകൊണ്ടു മലമുകളിലേക്കു പോയി.
4: ജനത്തിൻ്റെ സമ്മേളനദിവസം, നിങ്ങളുടെ ദൈവമായ കര്‍ത്താവ്, മലയില്‍വച്ച്, അഗ്നിയുടെ മദ്ധ്യത്തില്‍നിന്നു നിങ്ങളോടരുളിച്ചെയ്ത പത്തുപ്രമാണങ്ങളും ആദ്യത്തേതുപോലെ ആ പലകകളിലെഴുതി എനിക്കുതന്നു.
5: പിന്നീടു ഞാന്‍ മലയില്‍നിന്നിറങ്ങിവന്നു; ഞാനുണ്ടാക്കിയ പേടകത്തില്‍, ആ പലകകള്‍ നിക്ഷേപിച്ചു. കര്‍ത്താവെന്നോടു കല്പിച്ചതുപോലെ, അവ അതില്‍ സൂക്ഷിച്ചിരിക്കുന്നു.
6: ഇസ്രായേല്‍ജനം, യാക്കാൻ്റെ മക്കളുടെ കിണറുകളുടെ സമീപത്തുനിന്നു മൊസേറയിലേക്കു‌ യാത്രചെയ്തു. അവിടെവച്ച്, അഹറോന്‍ മരിച്ചു; അവിടെത്തന്നെ അവനെ സംസ്‌കരിക്കുകയുംചെയ്തു. അവനുപകരം മകന്‍ എലെയാസര്‍ പുരോഹിതശുശ്രൂഷയേറ്റെടുത്തു.
7: അവിടെനിന്ന് അവര്‍ ഗുദ്‌ഗോദായിലേക്കും ഗുദ്‌ഗോദായില്‍നിന്ന് അരുവികളുടെ നാടായ യോത്ബാത്തായിലേക്കും യാത്രചെയ്തു.
8: അക്കാലത്ത്, കര്‍ത്താവിൻ്റെ ഉടമ്പടിയുടെ പേടകംവഹിക്കാനും അവിടുത്തെ സന്നിധിയില്‍ അവിടുത്തേക്കു ശുശ്രൂഷചെയ്യാനും അവിടുത്തെ നാമത്തില്‍ അനുഗ്രഹിക്കാനുമായി, ലേവിയുടെ ഗോത്രത്തെ കര്‍ത്താവു വേര്‍തിരിച്ചു. ഇവയാണ് ഇന്നോളം അവരുടെ കടമകള്‍.
9: അതിനാല്‍, ലേവ്യര്‍ക്കു തങ്ങളുടെ സഹോദരരോടൊത്ത് ഒരോഹരിയും അവകാശവുമില്ല. നിൻ്റെ ദൈവമായ കര്‍ത്താവരുളിച്ചെയ്തതുപോലെ അവിടുന്നാണ്, അവരുടെയവകാശം.
10: ആദ്യത്തേതുപോലെ നാല്പതുരാവും പകലും ഞാന്‍ മലയില്‍ത്താമസിച്ചു. ആ പ്രാവശ്യവും കര്‍ത്താവ്, എൻ്റെ പ്രാര്‍ത്ഥന കേട്ടു; അവിടുന്നു നിങ്ങളെ നശിപ്പിക്കുകയില്ലെന്നു തീരുമാനിച്ചു.
11: കര്‍ത്താവെന്നോടരുളിച്ചെയ്തു: ഞാനവര്‍ക്കു കൊടുക്കാമെന്ന്, അവരുടെ പിതാക്കന്മാരോടു ശപഥംചെയ്തിട്ടുള്ള ദേശം, അവര്‍പോയി കരസ്ഥമാക്കേണ്ടതിനു നീയെഴുന്നേറ്റ്, അവരെ നയിക്കുക.

അനുസരണമാവശ്യപ്പെടുന്നു

12: ഇസ്രായേലേ, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളില്‍നിന്നാവശ്യപ്പെടുന്നത്, നിങ്ങളവിടുത്തെ ഭയപ്പെടുകയും അവിടുത്തെ മാര്‍ഗ്ഗത്തില്‍ച്ചരിക്കുകയും അവിടുത്തെ സ്‌നേഹിക്കുകയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ അവിടുത്തെ സേവിക്കുകയും,
13: നിങ്ങളുടെ നന്മയ്ക്കായി ഞാനിന്നുനല്കുന്ന കര്‍ത്താവിൻ്റെ കല്പനകളും ചട്ടങ്ങളും അനുസരിക്കുകയുംചെയ്യുകയെന്നതല്ലാതെയെന്താണ്?
14: ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും നിൻ്റെ ദൈവമായ കര്‍ത്താവിന്റേതാണ്.
15: എങ്കിലും കര്‍ത്താവു നിങ്ങളുടെ പിതാക്കന്മാരില്‍ സംപ്രീതനായി, അവരെ സ്‌നേഹിക്കുകയും അവര്‍ക്കുശേഷം അവരുടെ സന്തതികളായ നിങ്ങളെ ഇന്നുംനിങ്ങളായിരിക്കുന്നതുപോലെ, മറ്റെല്ലാ ജനങ്ങള്‍ക്കുമുപരിയായി തിരഞ്ഞെടുക്കുകയുംചെയ്തു.
16: ആകയാല്‍, ഹൃദയം തുറക്കുവിന്‍; ഇനിമേല്‍ ദുശ്ശാഠ്യക്കാരായിരിക്കരുത്.
17: എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു ദൈവങ്ങളുടെ ദൈവവും നാഥന്മാരുടെ നാഥനും മഹാനും ശക്തനും ഭീതിദനുമായ ദൈവവും മുഖംനോക്കാത്തവനും കൈക്കൂലിവാങ്ങാത്തവനുമാണ്.
18: അവിടുന്ന് അനാഥര്‍ക്കും വിധവകള്‍ക്കും നീതിനടത്തിക്കൊടുക്കുന്നു; ഭക്ഷണവും വസ്ത്രവുംനല്കി പരദേശിയെ സ്‌നേഹിക്കുകയും ചെയ്യുന്നു.
19: അതിനാല്‍, പരദേശിയെ സ്‌നേഹിക്കുക; ഈജിപ്തില്‍ നിങ്ങള്‍ പരദേശികളായിരുന്നല്ലോ.
20: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടണം. നിങ്ങള്‍, അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേര്‍ന്നുനില്‍ക്കുകയും അവിടുത്തെ നാമത്തില്‍മാത്രം സത്യംചെയ്യുകയുംവേണം.
21: അവിടുന്നാണു നിങ്ങളുടെയഭിമാനം. നിങ്ങളുടെ കണ്ണുകള്‍ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ ഈ പ്രവൃത്തികള്‍ നിങ്ങള്‍ക്കുവേണ്ടിച്ചെയ്ത, നിങ്ങളുടെ ദൈവമാണവിടുന്ന്. 
22: നിങ്ങളുടെ പിതാക്കന്മാര്‍ എഴുപതുപേരാണ് ഈജിപ്തിലേക്കു പോയത്. എന്നാലിപ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ ആകാശത്തിലെ നക്ഷത്രങ്ങള്‍കണക്കെ, അസംഖ്യമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

അദ്ധ്യായം 11

കര്‍ത്താവിൻ്റെ ശക്തി

1: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ എന്നും സ്‌നേഹിക്കുകയും അവിടുത്തെ അനുശാസനങ്ങളും ചട്ടങ്ങളും നിയമങ്ങളും കല്പനകളും അനുസരിക്കുകയുംചെയ്യുവിന്‍.
2: ഇന്നു നിങ്ങളോര്‍ക്കുവിന്‍: ഇവയൊന്നും കാണുകയോ അറിയുകയോചെയ്തിട്ടില്ലാത്ത നിങ്ങളുടെ മക്കളോടല്ലല്ലോ ഞാന്‍ സംസാരിക്കുന്നത്. 
3: നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ ശിക്ഷണനടപടികള്‍, അവിടുത്തെ മഹത്ത്വം, ശക്തമായ കരംനീട്ടി, ഈജിപ്തില്‍വച്ച്, അവിടത്തെ രാജാവായ ഫറവോയ്ക്കും അവൻ്റെ രാജ്യത്തിനുമെതിരായി അവിടുന്നു പ്രവര്‍ത്തിച്ച അടയാളങ്ങളുമദ്ഭുതങ്ങളും,
4: ഈജിപ്തുകാരുടെ സൈന്യത്തോടും അവരുടെ കുതിരകളോടും രഥങ്ങളോടും പ്രവര്‍ത്തിച്ചത്, അവര്‍ നിങ്ങളെ പിന്തുടര്‍ന്നപ്പോള്‍ ചെങ്കടലിലെ വെള്ളംകൊണ്ടവരെ മൂടിയത്, ഈ ദിവസംവരെ കര്‍ത്താവവരെ നശിപ്പിച്ചത്,
5: നിങ്ങളിവിടെയെത്തുന്നതുവരെ മരുഭൂമിയില്‍വച്ച്, അവിടുന്നു നിങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുള്ളവ,
6: റൂബൻ്റെ മകന്‍ ഏലിയാബിൻ്റെ മക്കളായ ദാത്താനോടും അബീറാമിനോടും അവിടുന്നു ചെയ്തവ, ഇസ്രായേലിൻ്റെ മദ്ധ്യേവച്ചു ഭൂമി വാപിളര്‍ന്ന്, അവരെ, അവരുടെ കുടുംബങ്ങളോടും കൂടാരങ്ങളോടും മനുഷ്യമൃഗാദികളായ സകലസമ്പത്തോടുംകൂടെ വിഴുങ്ങിയത് - ഇവയെല്ലാം നിങ്ങളോര്‍മ്മിക്കുവിന്‍.
7: ദൈവംചെയ്തിട്ടുള്ള മഹനീയകൃത്യങ്ങളെല്ലാം നിങ്ങള്‍ സ്വന്തം കണ്ണുകൊണ്ടു കണ്ടിട്ടുള്ളവയാണല്ലോ.

അനുഗ്രഹവും ശാപവും

8: ഞാനിന്നുതരുന്ന കല്പനകളെല്ലാം നിങ്ങളനുസരിക്കണം; എങ്കില്‍മാത്രമേ നിങ്ങള്‍ ശക്തരാവുകയും നിങ്ങള്‍ കൈവശമാക്കാന്‍പോകുന്ന ദേശം സ്വന്തമാക്കുകയും,
9: നിങ്ങളുടെ പിതാക്കന്മാര്‍ക്കും അവരുടെ സന്തതികള്‍ക്കുമായി നല്കുമെന്നു കര്‍ത്താവു ശപഥംചെയ്ത, തേനും പാലുമൊഴുകുന്ന ആ ഭൂമിയില്‍ നിങ്ങള്‍ ദീര്‍ഘകാലം വസിക്കാനിടയാവുകയുംചെയ്യുകയുള്ളു.
10: നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്നദേശം നിങ്ങളുപേക്ഷിച്ചുപോന്ന ഈജിപ്തുപോലെയല്ല. അവിടെ വിത്തുവിതച്ചതിനുശേഷം, ഒരു പച്ചക്കറിത്തോട്ടത്തെയെന്നപോലെ ക്ലേശിച്ചു നനയ്‌ക്കേണ്ടിയിരുന്നു.
11: എന്നാല്‍, നിങ്ങള്‍ കൈവശമാക്കാന്‍പോകുന്ന ദേശം, ധാരാളം മഴകിട്ടുന്ന കുന്നുകളും താഴ്‌വരകളും നിറഞ്ഞതാണ്. നിങ്ങളുടെ ദൈവമായ കര്‍ത്താവു സദാ പരിപാലിക്കുന്ന ദേശമാണത്.
12: വര്‍ഷത്തിൻ്റെയാരംഭംമുതലവസാനംവരെ എപ്പോഴും അവിടുന്നതിനെ കടാക്ഷിച്ചുകൊണ്ടിരിക്കുന്നു.
13: ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്കുന്ന കല്പനകളനുസരിച്ചു നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുകയാണെങ്കില്‍
14: നിങ്ങള്‍ക്കു ധാന്യങ്ങളും വീഞ്ഞും എണ്ണയും സമൃദ്ധമായി ലഭിക്കത്തക്കവിധം നിങ്ങളുടെ ഭൂമിക്കാവശ്യമായ ശരത്കാലവൃഷ്ടിയും വസന്തകാലവൃഷ്ടിയും യഥാസമയം അവിടുന്നു നല്കും.
15: നിങ്ങള്‍ക്കു ഭക്ഷ്യവിഭവങ്ങള്‍നല്കുന്ന കന്നുകാലികള്‍ക്കാവശ്യമായ പുല്ല്, നിങ്ങളുടെ മേച്ചില്‍സ്ഥലത്തു ഞാന്‍ മുളപ്പിക്കും. അങ്ങനെ നിങ്ങള്‍ സംതൃപ്തരാകും.
16: വഞ്ചിക്കപ്പെട്ടു വഴിതെറ്റി, അന്യദേവന്മാരെ സേവിക്കുകയും അവരുടെമുമ്പില്‍ പ്രണമിക്കുകയുംചെയ്യാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
17: അല്ലെങ്കില്‍, കര്‍ത്താവിൻ്റെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കും. മഴയുണ്ടാകാതിരിക്കാന്‍ അവിടുന്ന് ആകാശം അടച്ചുകളയും; ഭൂമി വിളവു നല്കുകയില്ല; അങ്ങനെ കര്‍ത്താവുനല്കുന്ന വിശിഷ്ടദേശത്തുനിന്നു നിങ്ങള്‍ വളരെ വേഗം അറ്റുപോകും.
18: ആകയാല്‍, എൻ്റെ ഈ വചനം ഹൃദയത്തിലും മനസ്സിലും സൂക്ഷിക്കുവിന്‍. അടയാളമായി അവയെ നിങ്ങളുടെ കൈയില്‍ക്കെട്ടുകയും പട്ടമായി നെറ്റിത്തടത്തില്‍ ധരിക്കുകയുംചെയ്യുവിന്‍.
19: നിങ്ങള്‍ വീട്ടിലായിരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കളെ പഠിപ്പിക്കണം.
20: നിങ്ങളുടെ വീടുകളുടെ കട്ടിളക്കാലുകളിലും പടിവാതിലുകളിലും അവ രേഖപ്പെടുത്തണം.
21: അപ്പോള്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്കുമെന്നു കര്‍ത്താവു ശപഥംചെയ്ത നാട്ടില്‍, നിങ്ങളും നിങ്ങളുടെ മക്കളും ദീര്‍ഘകാലം, ഭൂമിക്കുമുകളില്‍ ആകാശമുണ്ടായിരിക്കുന്നിടത്തോളംകാലം, വസിക്കും.
22: ഞാന്‍ നല്കുന്ന ഈ കല്പനകളെല്ലാം നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വംപാലിച്ച്, നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ മാര്‍ഗ്ഗത്തില്‍ച്ചരിക്കുകയും അവിടുത്തോടു ചേര്‍ന്നുനില്‍ക്കുകയുംചെയ്താല്‍ കര്‍ത്താവ്, ഈ ജനതകളെയെല്ലാം നിങ്ങളുടെ മുമ്പില്‍നിന്നകറ്റിക്കളയും.
23: നിങ്ങളെക്കാള്‍ വലിയവരും ശക്തരുമായ ജനതകളെ നിങ്ങള്‍ കീഴ്‌പ്പെടുത്തുകയും ചെയ്യും.
24: നിങ്ങള്‍ കാലുകുത്തുന്ന സ്ഥലമെല്ലാം, മരുഭൂമിമുതല്‍ ലബനോന്‍വരെയും മഹാനദിയായ യൂഫ്രട്ടീസുമുതല്‍ പശ്ചിമസമുദ്രംവരെയുമുഉള്ള പ്രദേശംമുഴുവന്‍ നിങ്ങളുടേതായിരിക്കും.
25: ആര്‍ക്കും നിങ്ങളെ ചെറുത്തുനില്‍ക്കാന്‍ കഴിയുകയില്ല. നിങ്ങളുടെ ദൈവമായ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ, നിങ്ങള്‍ കാലുകുത്തുന്ന സകലപ്രദേശങ്ങളിലും നിങ്ങളെക്കുറിച്ചു ഭയവും പരിഭ്രാന്തിയും അവിടുന്നു സംജാതമാക്കും.
26: ഇന്നേദിവസം നിങ്ങളുടെ മുമ്പില്‍ ഞാനൊരനുഗ്രഹവും ശാപവും വയ്ക്കുന്നു.
27: ഇന്നു ഞാന്‍ നിങ്ങള്‍ക്കുനല്കുന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ കല്പനകളനുസരിച്ചാല്‍ അനുഗ്രഹം;
28: നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ കല്പനകളനുസരിക്കാതെ, ഞാനിന്നു കല്പിക്കുന്ന മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ച്, നിങ്ങള്‍ക്കജ്ഞാതരായ അന്യദേവന്മാരുടെ പുറകേപോയാല്‍ ശാപം.
29: നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ കൈവശമാക്കാന്‍പോകുന്ന ദേശത്തു നിങ്ങളെ പ്രവേശിപ്പിക്കുമ്പോള്‍ ഗെരിസിംമലയില്‍ അനുഗ്രഹവും ഏബാല്‍മലയില്‍ ശാപവും സ്ഥാപിക്കണം.
30: ഈ മലകള്‍ ജോര്‍ദ്ദാൻ്റെ മറുകരെ, സൂര്യനസ്തമിക്കുന്ന ദിക്കിലേക്കുള്ളവഴിയില്‍, അരാബായില്‍ വസിക്കുന്ന കാനാന്‍കാരുടെ ദേശത്തു സ്ഥിതിചെയ്യുന്നു. ഗില്‍ഗാലിനെതിരേ, മോറെയിലെ ഓക്കുമരത്തിനടുത്താണിവ.
31: നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു നല്കുന്ന ദേശത്തു പ്രവേശിക്കാന്‍, നിങ്ങള്‍ ജോര്‍ദ്ദാന്‍കടന്നുപോകാറായിരിക്കുന്നു. അതു കൈവശപ്പെടുത്തി, നിങ്ങളവിടെ വസിക്കുവിന്‍.
32: ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്കുന്ന ചട്ടങ്ങളും നിയമങ്ങളുമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ