അമ്പത്തിയേഴാം ദിവസം: ജോഷ്വാ 1 - 4


അദ്ധ്യായം 1

കാനാനില്‍ പ്രവേശിക്കാനൊരുങ്ങുന്നു

1: കര്‍ത്താവിൻ്റെ ദാസനായ മോശയുടെ മരണത്തിനുശേഷം, അവൻ്റെ സേവകനും നൂനിൻ്റെ പുത്രനുമായ ജോഷ്വയോടു കര്‍ത്താവരുളിച്ചെയ്തു:
2: എൻ്റെ ദാസന്‍, മോശ മരിച്ചു. നീയും ജനംമുഴുവനും ഉടനെ തയ്യാറായി ജോര്‍ദ്ദാന്‍നദികടന്ന്, ഞാന്‍ ഇസ്രായേല്‍ജനത്തിനു നല്കുന്ന ദേശത്തേക്കുപോവുക.
3: മോശയോടു വാഗ്ദാനംചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ കാലുകുത്തുന്ന ദേശമെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും.
4: തെക്കുവടക്കു മരുഭൂമിമുതല്‍ ലബനോന്‍വരെയും കിഴക്കുപടിഞ്ഞാറ്,‌ യൂഫ്രട്ടീസ് മഹാനദിയും ഹിത്യരുടെ എല്ലാദേശങ്ങളുമടക്കം മഹാസമുദ്രംവരെയും നിങ്ങളുടേതായിരിക്കും.
5: നിൻ്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെയെന്നപോലെ നിന്നോടുകൂടെയുമുണ്ടായിരിക്കും.
6: ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക. ഈ ജനത്തിനു നല്കുമെന്ന്, ഇവരുടെ പിതാക്കന്മാരോടു ഞാന്‍ വാഗ്ദാനംചെയ്തിരുന്നദേശം, ഇവര്‍ക്കവകാശമായി വീതിച്ചുകൊടുക്കേണ്ടതു നീയാണ്.
7: എൻ്റെ ദാസനായ മോശനല്കിയിട്ടുള്ള എല്ലാ നിയമങ്ങളുമനുസരിക്കുകയും ശക്തനും ധീരനുമായിരിക്കുകയും ചെയ്യുക. അവയില്‍നിന്ന്, ഇടംവലം വ്യതിചലിക്കരുത്. നിൻ്റെ ഉദ്യമങ്ങളിലെല്ലാം നീ വിജയംവരിക്കും.
8: ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിൻ്റെയധരത്തിലുണ്ടായിരിക്കണം. അതിലെഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ചു രാവുംപകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയംവരിക്കുകയുംചെയ്യും.
9: ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്പിച്ചിട്ടില്ലയോ? നിൻ്റെ ദൈവമായ കര്‍ത്താവ്, നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെയുണ്ടായിരിക്കും.
10: ജോഷ്വ ജനപ്രമാണികളോടു കല്പിച്ചു:
11: പാളയത്തിലൂടെചെന്നു ജനങ്ങളോട് ഇങ്ങനെയാജ്ഞാപിക്കുവിന്‍: വേഗം നിങ്ങള്‍ക്കാവശ്യമായവ സംഭരിക്കുവിന്‍. നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കവകാശമായി നല്കാന്‍പോകുന്ന ദേശം കൈവശപ്പെടുത്താന്‍, മൂന്നു ദിവസത്തിനുള്ളില്‍ നിങ്ങള്‍ ജോര്‍ദ്ദാന്‍ കടക്കണം.
12: റൂബന്‍, ഗാദ് ഗോത്രങ്ങളോടും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തോടും ജോഷ്വ പറഞ്ഞു:
13: നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു സ്വസ്ഥമായി വസിക്കാന്‍ ഒരു സ്ഥലം തരുകയാണ്; അവിടുന്ന് ഈ ദേശം നിങ്ങള്‍ക്കും തരുമെന്നു കര്‍ത്താവിൻ്റെ ദാസനായ മോശ നിങ്ങളോടു പറഞ്ഞതനുസ്മരിക്കുവിന്‍.
14: നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും ജോര്‍ദ്ദാനിക്കരെ, മോശ നിങ്ങള്‍ക്കു നല്കിയ ദേശത്തു വസിക്കട്ടെ. എന്നാല്‍, നിങ്ങളില്‍ കരുത്തന്മാര്‍ ആയുധംധരിച്ച്, നിങ്ങളുടെ സഹോദരന്മാര്‍ക്കു മുമ്പേ പോകണം.
15: നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കെന്നതുപോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കും ആശ്വാസംനല്കുകയും അവിടുന്ന്, അവര്‍ക്കു കൊടുക്കുന്നദേശം അവര്‍ കൈവശമാക്കുകയുംചെയ്യുന്നതുവരെ നിങ്ങളവരെ സഹായിക്കണം. അനന്തരം മടങ്ങിവന്ന്, ജോര്‍ദ്ദാനിക്കരെ കിഴക്കുവശത്ത്, കര്‍ത്താവിൻ്റെ ദാസനായ മോശ നിങ്ങള്‍ക്ക് അവകാശമായിത്തന്നിരിക്കുന്ന സ്ഥലത്തു വസിച്ചുകൊള്ളുവിന്‍.
16: അവര്‍ ജോഷ്വയോടു പറഞ്ഞു: നീ കല്പിക്കുന്നതെല്ലാം ഞങ്ങള്‍ ചെയ്യാം; അയയ്ക്കുന്നിടത്തേക്കെല്ലാം ഞങ്ങള്‍ പോകാം.
17: മോശയെയെന്നതുപോലെ ഞങ്ങള്‍ എല്ലാക്കാര്യങ്ങളിലും നിന്നെയുമനുസരിക്കും. നിൻ്റെ ദൈവമായ കര്‍ത്താവ്, മോശയോടുകൂടെയെന്നതുപോലെ നിന്നോടുകൂടെയുമുണ്ടായിരിക്കട്ടെ!
18: നിൻ്റെയാജ്ഞകള്‍ ധിക്കരിക്കുകയും നിൻ്റെ വാക്കുകളനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ മരിക്കണം. നീ ധീരനും ശക്തനുമായിരിക്കുക!

അദ്ധ്യായം 2

ജറീക്കോയിലേക്കു ചാരന്മാര്‍

1: നൂനിൻ്റെ മകനായ ജോഷ്വ, ഷിത്തിമില്‍നിന്നു രണ്ടുപേരെ രഹസ്യനിരീക്ഷണത്തിനയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍പോയി നാടുനിരീക്ഷിക്കുവിന്‍, പ്രത്യേകിച്ച് ജറീക്കോ. അവര്‍ പട്ടണത്തിലെത്തി. വേശ്യയായ റാഹാബിൻ്റെ വീട്ടില്‍ രാത്രികഴിച്ചു.
2: നാടൊറ്റുനോക്കാന്‍ ഏതാനുമിസ്രായേല്‍ക്കാര്‍ രാത്രിയില്‍ അവിടെയെത്തിയിട്ടുണ്ടെന്നു ജറീക്കോ രാജാവിനറിവുകിട്ടി.
3: അവനാളയച്ചു റാഹാബിനെയറിയിച്ചു: നിൻ്റെയടുക്കല്‍ വന്നിട്ടുള്ളവരെ വിട്ടുതരുക. അവര്‍ ദേശം ഒറ്റുനോക്കാന്‍ വന്നവരാണ്.
4: ഇരുവരെയും ഒളിപ്പിച്ചിട്ട് അവള്‍ പറഞ്ഞു: ഏതാനുംപേര്‍ ഇവിടെ വന്നു എന്നതു വാസ്തവംതന്നെ. എന്നാല്‍, അവരെവിടത്തുകാരാണെന്ന് എനിക്കറിഞ്ഞുകൂടാ.
5: രാത്രിയില്‍ പട്ടണവാതിലടയ്ക്കുന്നതിനുമുമ്പേ അവര്‍ പുറത്തുപോയി. അവരെങ്ങോട്ടാണു പോയതെന്നും എനിക്കറിഞ്ഞുകൂടാ.
6: വേഗംചെന്നാല്‍ നിങ്ങള്‍ക്കവരെ പിടികൂടാം. അവളാകട്ടെ അവരെ പുരമുകളിലടുക്കിവച്ചിരുന്ന ചണത്തുണ്ടുകള്‍ക്കിടയിലൊളിപ്പിച്ചിരുന്നു.
7: അന്വേഷിച്ചുവന്നവര്‍ ജോര്‍ദ്ദാനിലേക്കുള്ള വഴിയില്‍, കടവുവരെ അവരെ തിരഞ്ഞു. അന്വേഷകര്‍ പുറത്തുകടന്നയുടനെ, പട്ടണവാതിലടയ്ക്കുകയുംചെയ്തു.
8: കിടക്കാന്‍പോകുന്നതിനുമുമ്പു റാഹാബ് അവരുടെയടുക്കല്‍ച്ചെന്നു പറഞ്ഞു:
9: കര്‍ത്താവ് ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നുവെന്നു ഞാനറിയുന്നു. നിങ്ങള്‍ ഞങ്ങളെ ചകിതരാക്കുന്നു; നാടുമുഴുവന്‍ നിങ്ങളെക്കുറിച്ചുള്ള ഭീതിനിറഞ്ഞിരിക്കുന്നു.
10: നിങ്ങള്‍ ഈജിപ്തില്‍നിന്നുപോന്നപ്പോള്‍ കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും, ജോര്‍ദ്ദാനക്കരെ സീഹോന്‍, ഓഗ് എന്നീ രണ്ട് അമോര്യരാജാക്കന്മാരെ നിങ്ങള്‍ നിര്‍മൂലമാക്കിയതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.
11: ഇതുകേട്ടപ്പോള്‍ ഞങ്ങളുടെ മനസ്സു തകര്‍ന്നു. നിങ്ങള്‍നിമിത്തം എല്ലാവരും നഷ്ടധൈര്യരായിത്തീര്‍ന്നു; മുകളിലാകാശത്തിലും താഴെ ഭൂമിയിലും നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെയാണു ദൈവം.
12: അതുകൊണ്ടു ഞാന്‍ നിങ്ങളോടു കാരുണ്യത്തോടെ വര്‍ത്തിക്കുന്നതുപോലെ നിങ്ങള്‍ എൻ്റെ പിതൃഭവനത്തോടും കാരുണ്യപൂര്‍വ്വം വര്‍ത്തിക്കുമെന്നു കര്‍ത്താവിൻ്റെ നാമത്തില്‍ എന്നോടു ശപഥം ചെയ്യുവിന്‍.
13: എൻ്റെ മാതാപിതാക്കളുടെയും സഹോദരീസഹോദരന്മാരുടെയും മറ്റുബന്ധുക്കളുടെയും ജീവന്‍ രക്ഷിക്കുമെന്നതിന്, ഉറപ്പുള്ള അടയാളവും എനിക്കു തരണം.
14: അവര്‍ പറഞ്ഞു: നിങ്ങളുടെ ജീവനുപകരം ഞങ്ങളുടെ ജീവന്‍ കൊടുക്കും. ഇക്കാര്യം നീ ആരോടും പറയാതിരുന്നാല്‍, കര്‍ത്താവ്, ഈ ദേശം ഞങ്ങള്‍ക്കേല്പിച്ചുതരുമ്പോള്‍ നിങ്ങളോടു കാരുണ്യത്തോടും വിശ്വസ്തതയോടുംകൂടെ ഞങ്ങള്‍ വര്‍ത്തിക്കും.
15: മതിലിനോടുചേര്‍ത്തു പണിതതായിരുന്നു അവളുടെ വീട്. ജനലില്‍ക്കൂടെ, കയറുവഴി അവളവരെ താഴേക്കിറക്കിവിട്ടു.
16: അവളവരോടു പറഞ്ഞു: തേടിപ്പോയവര്‍ നിങ്ങളെക്കണ്ടുമുട്ടാതിരിക്കാന്‍, നിങ്ങള്‍ മലമുകളിലേക്കുപോയി, അവര്‍ തിരിച്ചുവരുവോളം, മൂന്നുദിവസം അവിടെയൊളിച്ചിരിക്കുവിന്‍. അതിനുശേഷം നിങ്ങളുടെ വഴിക്കുപോകാം.
17: അവര്‍ പറഞ്ഞു: ഞങ്ങളെക്കൊണ്ടു ശപഥംചെയ്യിച്ച വാഗ്ദാനം, ഞങ്ങള്‍ പാലിക്കും.
18: ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഞങ്ങളെയിറക്കിവിട്ട ജനാലയില്‍, ചുവന്ന ഈ ചരടു കെട്ടിയിരിക്കണം. നിൻ്റെ മാതാപിതാക്കളെയും സഹോദരരെയും പിതൃഭവനത്തിലെ എല്ലാവരെയും നിൻ്റെ വീട്ടില്‍ വിളിച്ചുകൂട്ടണം.
19: ആരെങ്കിലും നിൻ്റെ വീടിൻ്റെ പടിവാതില്‍കടന്നു തെരുവിലേക്കുപോകുന്നുവെങ്കില്‍ അവൻ്റെ മരണത്തിന്, അവന്‍തന്നെ ഉത്തരവാദിയായിരിക്കും; ഞങ്ങള്‍ നിരപരാധരും. എന്നാല്‍, വീട്ടിലായിരിക്കുമ്പോള്‍ നിങ്ങളിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവൻ്റെ രക്തത്തിനു ഞങ്ങളുത്തരവാദികളായിരിക്കും.
20: ഇക്കാര്യം നീ വെളിപ്പെടുത്തിയാല്‍, ഞങ്ങളെക്കൊണ്ടുചെയ്യിച്ച ഈ ശപഥത്തില്‍നിന്ന് ഞങ്ങള്‍ വിമുക്തരായിരിക്കും.
21: അങ്ങനെയാവട്ടെ എന്നുപറഞ്ഞ്, അവളവരെ യാത്രയാക്കി. അവര്‍ പോയി. ആ ചുവന്ന ചരട്, അവള്‍ ജനാലയില്‍ കെട്ടിയിട്ടു.
22: അന്വേഷകര്‍ തിരിച്ചുവരുന്നതുവരെ മൂന്നുദിവസം അവര്‍ മലയിലൊളിച്ചിരുന്നു. തിരഞ്ഞുപോയവര്‍ വഴിനീളേ അന്വേഷിച്ചെങ്കിലും അവരെക്കണ്ടെത്തിയില്ല.
23: അനന്തരം, ചാരന്മാര്‍ മലയില്‍നിന്നിറങ്ങി. നദികടന്നു നൂനിൻ്റെ മകനായ ജോഷ്വയുടെയടുക്കലെത്തി. സംഭവിച്ചതെല്ലാമറിയിച്ചു.
24: അവര്‍ പറഞ്ഞു: ആ ദേശം കര്‍ത്താവു നമുക്ക് ഏല്പിച്ചുതന്നിരിക്കുന്നു; തീര്‍ച്ച. അവിടത്തുകാരെല്ലാം നമ്മെ ഭയപ്പെട്ടാണു കഴിയുന്നത്.

അദ്ധ്യായം 3

ജോര്‍ദ്ദാന്‍ കടക്കുന്നു.

1: ജോഷ്വ അതിരാവിലെയെഴുന്നേറ്റ് സകലഇസ്രായേല്യരോടുംകൂടെ ഷിത്തിമില്‍നിന്നു പുറപ്പെട്ടു ജോര്‍ദ്ദാന്‍നദിക്കരികെ എത്തി.
2: മറുകരകടക്കാന്‍ സൗകര്യംപാര്‍ത്ത്, അവിടെക്കൂടാരമടിച്ചു.
3: മൂന്നുദിവസംകഴിഞ്ഞു പ്രമാണികള്‍ പാളയത്തിലൂടെ നടന്നു ജനത്തോടു കല്പിച്ചു: ലേവ്യപുരോഹിതന്മാര്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ വാഗ്ദാനപേടകം സംവഹിക്കുന്നതു കാണുമ്പോള്‍, നിങ്ങള്‍ അവരെയനുഗമിക്കുവിന്‍.
4: ഈ വഴിയിലൂടെ ഇതിനുമുമ്പു നിങ്ങള്‍ പോയിട്ടില്ലാത്തതിനാല്‍, പോകേണ്ടവഴി അവര്‍ കാണിച്ചുതരും. എന്നാല്‍, നിങ്ങള്‍ക്കും വാഗ്ദാനപേടകത്തിനുമിടയ്ക്കു രണ്ടായിരംമുഴം അകലമുണ്ടായിരിക്കണം. അതിനെ സമീപിക്കരുത്.
5: ജോഷ്വ ജനത്തോടു പറഞ്ഞു: നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെയിടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.
6: വാഗ്ദാനപേടകമെടുത്തു ജനങ്ങള്‍ക്കുമുമ്പേ നടക്കുവിനെന്ന് അവന്‍ പുരോഹിതന്മാരോടു പറഞ്ഞു: അവരപ്രകാരം ചെയ്തു.
7: കര്‍ത്താവു ജോഷ്വയോടു പറഞ്ഞു: ഞാന്‍ മോശയോടുകൂടെയെന്നപോലെ നിന്നോടുകൂടെയുമുണ്ടെന്ന് അവരറിയുന്നതിന്, ഇന്നു നിന്നെ ഞാന്‍ ഇസ്രായേല്‍ജനത്തിൻ്റെ മുമ്പാകെ ഉന്നതനാക്കാന്‍പോകുന്നു.
8: ജോര്‍ദ്ദാനിലെ വെള്ളത്തിനരികിലെത്തുമ്പോള്‍ അവിടെ നിശ്ചലരായി നില്‍ക്കണമെന്ന്, വാഗ്ദാനപേടകം വഹിക്കുന്ന പുരോഹിതന്മാരോടു നീ കല്പിക്കണം.
9: ജോഷ്വ ഇസ്രായേല്യരോടു പറഞ്ഞു: നിങ്ങളടുത്തുവന്നു ദൈവമായ കര്‍ത്താവിൻ്റെ വാക്കു കേള്‍ക്കുവിന്‍.
10: അവന്‍ തുടര്‍ന്നു: ജീവിക്കുന്ന ദൈവം നിങ്ങളുടെയിടയിലുണ്ടെന്നും കാനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരീസ്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, ജബൂസ്യര്‍ എന്നിവരെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു തുരത്തുമെന്നും ഇതിനാല്‍ നിങ്ങളറിയണം.
11: ഭൂമി മുഴുവൻ്റെയും നാഥനായ കര്‍ത്താവിൻ്റെ വാഗ്ദാനപേടകം നിങ്ങള്‍ക്കുമുമ്പേ ജോര്‍ദ്ദാനിലേക്കു പോകുന്നതുകണ്ടാലും.
12: ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്ന്, ഗോത്രത്തിനൊന്നുവീതം, പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുവിന്‍.
13: ഭൂമി മുഴുവൻ്റെയും നാഥനായ കര്‍ത്താവിൻ്റെ പേടകംവഹിക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ ജോര്‍ദ്ദാനിലെ ജലത്തെ സ്പര്‍ശിക്കുമ്പോള്‍ വെള്ളത്തിൻ്റെ ഒഴുക്കു നിലയ്ക്കുകയും മുകളില്‍നിന്നുവരുന്ന വെള്ളം, ചിറപോലെ കെട്ടിനില്‍ക്കുകയും ചെയ്യും.
14: തങ്ങള്‍ക്കുമുമ്പേ വാഗ്ദാനപേടകം വഹിച്ചുകൊണ്ടുപോകുന്ന പുരോഹിതന്മാരുടെകൂടെ ജനം ജോര്‍ദ്ദാന്‍നദി കടക്കുന്നതിനു കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു.
15: വാഗ്ദാനപേടകം വഹിച്ചിരുന്നവര്‍ ജോര്‍ദ്ദാന്‍ നദീതീരത്തെത്തി. പേടകംവഹിച്ചിരുന്ന പുരോഹിതന്മാരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചു - കൊയ്ത്തുകാലം മുഴുവന്‍ ജോര്‍ദ്ദാന്‍ കരകവിഞ്ഞൊഴുകുക പതിവാണ്.
16: വെള്ളത്തിൻ്റെ ഒഴുക്കു നിലച്ചു. സാരെഥാനു സമീപമുള്ള ആദംപട്ടണത്തിനരികെ അതു ചിറപോലെ പൊങ്ങി. അരാബാ ഉപ്പുകടലിലേക്കൊഴുകിയ വെള്ളം, നിശ്ശേഷം വാര്‍ന്നുപോയി. ജനം ജറീക്കോയ്ക്കുനേരേ മറുകര കടന്നു.
17: ഇസ്രായേല്‍ജനം വരണ്ട നിലത്തുകൂടെ നദികടന്നപ്പോള്‍ കര്‍ത്താവിൻ്റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ടു പുരോഹിതന്മാര്‍ ജോര്‍ദ്ദാൻ്റെ മദ്ധ്യത്തില്‍, വരണ്ടനിലത്തു നിന്നു. സര്‍വ്വരും ജോര്‍ദ്ദാന്‍ കടക്കുന്നതുവരെ അവരവിടെ നിന്നു.

അദ്ധ്യായം 4

സ്മാരകശിലകള്‍ സ്ഥാപിക്കുന്നു

1: ജനം, ജോര്‍ദ്ദാന്‍കടന്നുകഴിഞ്ഞപ്പോള്‍, കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു:     
2: ഓരോ ഗോത്രത്തിലുംനിന്ന്, ഒരാളെവീതം ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുക; അവരോടു പറയുക:
3: ജോര്‍ദ്ദാൻ്റെ നടുവില്‍, പുരോഹിതന്മാര്‍ നിന്നിരുന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലുകൊണ്ടുവന്ന്, ഇന്നുരാത്രി നിങ്ങള്‍ താവളമടിക്കുന്ന സ്ഥലത്തു സ്ഥാപിക്കണം.
4: ഗോത്രത്തിനൊന്നുവീതം ഇസ്രായേല്‍ജനത്തില്‍നിന്നു തിരഞ്ഞെടുത്ത പന്ത്രണ്ടുപേരെ ജോഷ്വ വിളിച്ചു;
5: അവനവരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ പേടകത്തിനുമുമ്പേ, ജോര്‍ദ്ദാൻ്റെ മദ്ധ്യത്തിലേക്കു പോകുവിന്‍. അവിടെനിന്ന്, ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണമനുസരിച്ച്, ഓരോരുത്തരും ഓരോ കല്ലു ചുമലിലെടുക്കണം.
6: ഇതു നിങ്ങള്‍ക്കൊരു സ്മാരകമായിരിക്കും.
7: ഇതെന്തു സൂചിപ്പിക്കുന്നുവെന്നു ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ അവരോടു പറയണം: കര്‍ത്താവിൻ്റെ വാഗ്ദാനപേടകം നദികടന്നപ്പോള്‍, ജോര്‍ദ്ദാനിലെ ജലം വിഭജിക്കപ്പെട്ടു. ഈ കല്ലുകളെക്കാലവും ഇസ്രായേല്‍ജനത്തെ ഇക്കാര്യമനുസ്മരിപ്പിക്കും.
8: ജോഷ്വയാജ്ഞാപിച്ചതുപോലെ ജനംചെയ്തു. കര്‍ത്താവു ജോഷ്വയോടു പറഞ്ഞതുപോലെ, ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണമനുസരിച്ച്, അവര്‍ ജോര്‍ദ്ദാനില്‍നിന്നു പന്ത്രണ്ടു കല്ലെടുത്തു; അതു കൊണ്ടുപോയി തങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തു വച്ചു.
9: ജോര്‍ദ്ദാൻ്റെ നടുവില്‍ വാഗ്ദാനപേടകം വഹിക്കുന്ന പുരോഹിതന്മാര്‍ നിന്നിരുന്നിടത്തും ജോഷ്വ പന്ത്രണ്ടു കല്ലു സ്ഥാപിച്ചു. അവയിന്നും അവിടെയുണ്ട്.
10: മോശ, ജോഷ്വയോടു പറഞ്ഞിരുന്നതുപോലെചെയ്യാന്‍ ജനത്തോടു കല്പിക്കണമെന്ന്, കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു. എല്ലാം ചെയ്തുതീരുവോളം പേടകംവഹിച്ചിരുന്ന പുരോഹിതന്മാര്‍ ജോര്‍ദ്ദാനുനടുവില്‍ നിന്നു.
11: ജനം അതിവേഗം മറുകര കടന്നു. ജനം കടന്നുകഴിഞ്ഞപ്പോള്‍ കര്‍ത്താവിൻ്റെ പേടകംവഹിച്ചുകൊണ്ട്, പുരോഹിതന്മാരും നദികടന്ന് അവര്‍ക്കുമുമ്പേ നടന്നു.
12: മോശ കല്പിച്ചിരുന്നതുപോലെ റൂബന്‍, ഗാദു ഗോത്രങ്ങളും മനാസ്സെയുടെ അര്‍ദ്ധഗോത്രവും യുദ്ധസന്നദ്ധരായി ഇസ്രായേല്യര്‍ക്കുമുമ്പേ നടന്നു.
13: ഏകദേശം നാല്പതിനായിരം യോദ്ധാക്കള്‍ കര്‍ത്താവിൻ്റെമുമ്പില്‍ ജറീക്കോ സമതലങ്ങളിലേക്കു നീങ്ങി.
14: അന്നു കര്‍ത്താവ്, ഇസ്രായേല്‍ജനത്തിൻ്റെ മുമ്പാകെ, ജോഷ്വയെ മഹത്വപ്പെടുത്തി; അവര്‍ മോശയെപ്പോലെ അവനെയും ബഹുമാനിച്ചു.
15: കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു:
16: സാക്ഷ്യപേടകംവഹിക്കുന്ന പുരോഹിതന്മാരോടു ജോര്‍ദ്ദാനില്‍നിന്നു കയറിവരാന്‍ കല്പിക്കുക.
17: ജോഷ്വ അവരോടു കയറിവരാന്‍ കല്പിച്ചു.
18: കര്‍ത്താവിൻ്റെ വാഗ്ദാനപേടകം വഹിച്ചിരുന്ന പുരോഹിതന്മാര്‍ ജോര്‍ദ്ദാനില്‍നിന്നു കയറി, കരയില്‍ കാല്‍കുത്തിയപ്പോള്‍ ജോര്‍ദ്ദാനിലെ വെള്ളം, പഴയപടിയൊഴുകി കരകവിഞ്ഞു.
19: ഒന്നാം മാസം പത്താം ദിവസമാണ് ജനം ജോര്‍ദ്ദാനില്‍നിന്നു കയറി ജറീക്കോയുടെ കിഴക്കേ അതിര്‍ത്തിയിലുള്ള ഗില്‍ഗാലില്‍ താവളമടിച്ചത്.
20: ജോര്‍ദ്ദാനില്‍നിന്നു കൊണ്ടുവന്ന പന്ത്രണ്ടു കല്ല്, ജോഷ്വ ഗില്‍ഗാലില്‍ സ്ഥാപിച്ചു.
21: അവന്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: ഭാവിയില്‍ നിങ്ങളുടെ സന്തതികള്‍ പിതാക്കന്മാരോട് ഈ കല്ലുകൾ, എന്തു സൂചിപ്പിക്കുന്നെന്നു ചോദിക്കുമ്പോള്‍,
22: ഇസ്രായേല്‍, ഉണങ്ങിയ നിലത്തുകൂടെ ജോര്‍ദ്ദാന്‍കടന്നു എന്നു നിങ്ങളവര്‍ക്കു പറഞ്ഞുകൊടുക്കണം.
23: ദൈവമായ കര്‍ത്താവ്, ഞങ്ങള്‍ കടന്നുകഴിയുന്നതുവരെ, ചെങ്കടല്‍ വറ്റിച്ചതുപോലെ നിങ്ങള്‍ കടക്കുന്നതുവരെ ജോര്‍ദ്ദാനിലെ വെള്ളവും വറ്റിച്ചു.
24: അങ്ങനെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ എന്നെന്നും ഭയപ്പെടുകയും അവിടുത്തെക്കരങ്ങള്‍ ശക്തമാണെന്നു ലോകമെങ്ങുമുള്ള ജനങ്ങളറിയുകയുംചെയ്യട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ