നാല്പത്തൊന്നാംദിവസം: സംഖ്യ 15 - 17


അദ്ധ്യായം 15

കര്‍ത്താവിനുള്ള കാഴ്ചകള്‍

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക,
3: നിങ്ങള്‍ക്കധിവസിക്കാന്‍ ഞാന്‍തരുന്ന ദേശത്ത്, നേര്‍ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ നിര്‍ദിഷ്ടമായ തിരുനാളുകളില്‍ അര്‍ച്ചനയോ ആയി, കര്‍ത്താവിൻ്റെമുമ്പില്‍ പരിമളംപരത്തുന്നതിനു കന്നുകാലികളില്‍നിന്നോ ആട്ടിന്‍പറ്റത്തില്‍നിന്നോ ദഹനബലിയോ മറ്റു ബലികളോ നിങ്ങളര്‍പ്പിക്കുമ്പോള്‍,
4: വഴിപാടുകൊണ്ടുവരുന്ന ആള്‍, നാലിലൊന്നു ഹിന്‍ എണ്ണചേര്‍ത്ത പത്തിലൊന്ന് എഫാ നേരിയമാവു ധാന്യബലിയായി കൊണ്ടുവരണം.
5: ദഹനബലിയോടും മറ്റു ബലികളോടുമൊപ്പമര്‍പ്പിക്കേണ്ട ബലിക്ക്, ആട്ടിന്‍കുട്ടി ഒന്നിനു നാലിലൊന്നു ഹിന്‍ വീഞ്ഞുവീതം തയ്യാറാക്കണം.
6: മുട്ടാടാണെങ്കില്‍ പത്തില്‍രണ്ട് എഫാ നേരിയമാവില്‍ മൂന്നിലൊന്നു ഹിന്‍ എണ്ണചേര്‍ത്തു ധാന്യബലി തയ്യാറാക്കണം.
7: പാനീയബലിക്കു മൂന്നിലൊന്നു ഹിന്‍ വീഞ്ഞു സൗരഭ്യമായി കര്‍ത്താവിനര്‍പ്പിക്കണം.
8: കര്‍ത്താവിനു നേര്‍ച്ചയോ സമാധാനബലിയോ സമര്‍പ്പിക്കാനായി ഒരു കാളയെ ദഹനബലിയോ മറ്റുബലിയോ ആയിഒരുക്കുമ്പോള്‍
9: അര ഹിന്‍ എണ്ണചേര്‍ത്ത, പത്തില്‍മൂന്ന് എഫാ നേരിയമാവു ധാന്യബലിയായര്‍പ്പിക്കണം.
10: ദഹനബലിയോടൊപ്പം കര്‍ത്താവിൻ്റെമുമ്പില്‍ പരിമളം പരത്താനായി അരഹിന്‍ വീഞ്ഞു പാനീയബലിയായും അര്‍പ്പിക്കണം.
11: കാളക്കുട്ടി, മുട്ടാട്, ആട്ടിന്‍കുട്ടി, കോലാട്ടിന്‍കുട്ടി ഇവയിലേതായാലും ഇപ്രകാരംതന്നെ ചെയ്യണം.
12: അര്‍പ്പിക്കുന്ന ബലിമൃഗങ്ങളുടെ എണ്ണമനുസരിച്ച് ഓരോന്നിനും ഇങ്ങനെ ചെയ്യണം.
13: സ്വദേശികള്‍ കര്‍ത്താവിനു സുഗന്ധവാഹിയായ ദഹനബലിയര്‍പ്പിക്കുമ്പോള്‍ ഇങ്ങനെതന്നെയനുഷ്ഠിക്കണം.
14: തത്കാലത്തേക്കു നിങ്ങളുടെ കൂടെത്താമസിക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയില്‍ സ്ഥിരതാമസമാക്കിയ ഒരുവനോ കര്‍ത്താവിനു സുഗന്ധവാഹിയായ ദഹനബലിയര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതുപോലെതന്നെ അവനുംചെയ്യണം.
15: സമൂഹത്തിനുമുഴുവന്‍, നിങ്ങള്‍ക്കും നിങ്ങളോടുകൂടെവസിക്കുന്ന പരദേശികള്‍ക്കും എക്കാലവും ഒരേനിയമം ആയിരിക്കും. നിങ്ങളും പരദേശികളും കര്‍ത്താവിൻ്റെ മുമ്പില്‍ ഒന്നുപോലെതന്നെ.
16: നിങ്ങള്‍ക്കും നിങ്ങളോടുകൂടെ വസിക്കുന്ന പരദേശികള്‍ക്കും ഒരേനിയമവും ചട്ടവുമായിരിക്കണം.
17: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
18: ഇസ്രായേല്‍ജനത്തോടു പറയുക: ഞാന്‍ കൊണ്ടുപോകുന്ന നാട്ടില്‍ എത്തിക്കഴിഞ്ഞ്
19: അവിടെനിന്ന് ആഹാരംകഴിക്കുമ്പോള്‍, നിങ്ങള്‍ കര്‍ത്താവിനു കാഴ്ചയര്‍പ്പിക്കണം.
20: ആദ്യംകുഴയ്ക്കുന്ന മാവുകൊണ്ട്, ഒരപ്പമുണ്ടാക്കി കര്‍ത്താവിനു കാഴ്ചയായി സമര്‍പ്പിക്കണം. മെതിക്കളത്തില്‍നിന്നുള്ള സമര്‍പ്പണംപോലെ അതും നീരാജനംചെയ്യണം.
21: ആദ്യംകുഴയ്ക്കുന്ന മാവില്‍നിന്നു തലമുറതോറും നിങ്ങള്‍ കര്‍ത്താവിനു കാഴ്ചസമര്‍പ്പിക്കണം.
22: കര്‍ത്താവു മോശവഴിനല്കിയ കല്പനയ്‌ക്കെതിരായി അന്നുമുതല്‍ നിങ്ങളും നിങ്ങളുടെ സന്താനങ്ങളും
23: സമൂഹത്തിൻ്റെ ശ്രദ്ധയില്‍പ്പെടാതെ അബദ്ധവശാല്‍ തെറ്റുചെയ്യാനിടയായാല്‍,
24: സമൂഹം മുഴുവനുംകൂടെ ഒരു കാളക്കുട്ടിയെ കര്‍ത്താവിനു സുഗന്ധവാഹിയായ ദഹനബലിയായര്‍പ്പിക്കണം. അതോടൊപ്പം വിധിപ്രകാരം ധാന്യബലിയും പാനീയബലിയുമര്‍പ്പിക്കണം. പാപപരിഹാരബലിയായി ഒരു മുട്ടാടിനെയുമര്‍പ്പിക്കണം.
25: പുരോഹിതന്‍ ഇസ്രായേല്‍സമൂഹം മുഴുവനുംവേണ്ടി പരിഹാരംചെയ്യണം. അപ്പോള്‍ അവര്‍ക്കു മോചനംലഭിക്കും. കാരണം, അബദ്ധത്തില്‍പ്പിണഞ്ഞ തെറ്റാണത്. അതിന്, അവര്‍ കര്‍ത്താവിനു ദഹനബലിയും പാപപരിഹാരബലിയും സമര്‍പ്പിച്ചു.
26: ഇസ്രായേല്‍ സമൂഹത്തിനും അവരുടെ ഇടയിലെ വിദേശികള്‍ക്കും മോചനം ലഭിക്കും; ജനങ്ങളെല്ലാം തെറ്റിലായിരുന്നല്ലോ.
27: ഒരാള്‍, അറിയാതെ തെറ്റുചെയ്തുപോയാല്‍ അവന്‍ പാപപരിഹാരബലിയായി ഒരു വയസ്സുള്ള പെണ്ണാടിനെ കാഴ്ചവയ്ക്കണം.
28: മനഃപൂര്‍വ്വമല്ലാത്ത തെറ്റിനു പുരോഹിതന്‍ കര്‍ത്തൃസന്നിധിയില്‍ പരിഹാരമനുഷ്ഠിക്കട്ടെ. അവനു മോചനംലഭിക്കും.
29: അറിയാതെചെയ്യുന്ന തെറ്റിന് ഇസ്രായേല്‍ക്കാരനും അവരുടെയിടയില്‍ വസിക്കുന്ന വിദേശിക്കും ഒരേനിയമംതന്നെയാണ്.
30: കരുതിക്കൂട്ടി തെറ്റുചെയ്യുന്ന സ്വദേശിയും വിദേശിയും കര്‍ത്താവിനെ അധിക്ഷേപിക്കുന്നു. അവനെ ജനത്തില്‍നിന്നു വിച്ഛേദിക്കണം.
31: അവന്‍ കര്‍ത്താവിൻ്റെ വചനത്തെ നിന്ദിക്കുകയും അവിടുത്തെ കല്പന ലംഘിക്കുകയുംചെയ്തതുകൊണ്ട് അവനെ തീര്‍ത്തും പുറന്തള്ളണം. സ്വന്തം അകൃത്യത്തിൻ്റെ ഫലം അവനനുഭവിക്കണം.

സാബത്തു ലംഘനം

32: ഇസ്രായേല്‍ജനം മരുഭൂമിയില്‍ കഴിഞ്ഞിരുന്നകാലത്ത് ഒരാള്‍ സാബത്തുനാളില്‍ വിറകു ശേഖരിച്ചു.
33: അതുകണ്ടവര്‍ അവനെ സമൂഹത്തിൻ്റെമുമ്പില്‍ മോശയുടെയും അഹറോൻ്റെയുമടുത്തു കൊണ്ടുവന്നു.
34: എന്തുചെയ്യണമെന്നു വ്യക്തമാകാതിരുന്നതുമൂലം അവരവനെ തടവില്‍വച്ചു.
35: അപ്പോള്‍ കര്‍ത്താവു മോശയോടരുളിച്ചെയ്തു: ആ മനുഷ്യന്‍ വധിക്കപ്പെടണം. പാളയത്തിനു പുറത്തുവച്ച് ജനം ഒന്നുചേര്‍ന്ന്, അവനെ കല്ലെറിയട്ടെ.
36: കര്‍ത്താവു കല്പിച്ചതുപോലെ ജനം പാളയത്തിനു വെളിയില്‍വച്ച് അവനെ കല്ലെറിഞ്ഞുകൊന്നു.
37: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
38: എക്കാലവും തങ്ങളുടെ വസ്ത്രത്തിൻ്റെ വിളുമ്പുകളില്‍ തൊങ്ങലുകള്‍ പിടിപ്പിക്കാനും തൊങ്ങലുകളില്‍ നീലനാടകള്‍കെട്ടാനും ഇസ്രായേല്യരോടു കല്പിക്കുക.
39: ഹൃദയത്തിൻ്റെയും കണ്ണുകളുടെയും ചായ്‌വനുസരിച്ചു യഥേഷ്ടം ചരിക്കാനുള്ള നിങ്ങളുടെ പ്രവണതയെ പിഞ്ചെല്ലാതെ, കര്‍ത്താവിൻ്റെ കല്പനകളെല്ലാം ഓര്‍ത്തു പാലിക്കുന്നതിന് ഈ തൊങ്ങലുകള്‍ അടയാളമായിരിക്കും.
40: അങ്ങനെ നിങ്ങള്‍, എൻ്റെ കല്പനകള്‍, ഓര്‍ത്തനുഷ്ഠിക്കുകയും നിങ്ങളുടെ ദൈവത്തിൻ്റെമുമ്പില്‍ വിശുദ്ധരായിരിക്കുകയുംവേണം.
41: നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ഞാന്‍. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.

അദ്ധ്യായം 16
               
മോശയ്ക്കും അഹറോനുമെതിരേ

1: ലേവിയുടെ മകനായ കൊഹാത്തിൻ്റെ മകന്‍ ഇസ്ഹാറിൻ്റെ മകനായ കോറഹും, റൂബന്‍ ഗോത്രത്തിലെ ഏലിയാബിൻ്റെ പുത്രന്മാരായ ദാത്താന്‍, അബീറാം എന്നിവരും പെലെത്തിൻ്റെ മകന്‍ ഓനും,
2: ഇസ്രായേല്‍സമൂഹത്തിലെ നേതാക്കളും തിരഞ്ഞെടുക്കപ്പെട്ടവരും പ്രസിദ്ധരുമായ ഇരുനൂറ്റമ്പതുപേരും മോശയെ എതിര്‍ത്തു.
3: അവര്‍ മോശയ്ക്കും അഹറോനുമെതിരേ ഒരുമിച്ചുകൂടി പറഞ്ഞു: നിങ്ങള്‍ അതിരുവിട്ടു പോകുന്നു. സമൂഹം, ഒന്നൊഴിയാതെ എല്ലാവരും, വിശുദ്ധരാണ്. കര്‍ത്താവ് അവരുടെ മദ്ധ്യേയുണ്ട്. പിന്നെന്തിനു നിങ്ങള്‍ കര്‍ത്താവിൻ്റെ ജനത്തിനുമീതേ നേതാക്കന്മാരായി ചമയുന്നു?
4: ഇതുകേട്ടപ്പോള്‍ മോശ കമിഴ്ന്നുവീണു.
5: അവന്‍ കോറഹിനോടും അനുചരന്മാരോടും പറഞ്ഞു: തനിക്കുള്ളവനാരെന്നും വിശുദ്ധനാരെന്നും നാളെ പ്രഭാതത്തില്‍ കര്‍ത്താവു വെളിപ്പെടുത്തും. തൻ്റെ തെരഞ്ഞെടുക്കപ്പെട്ടവരെ അടുത്തുവരാന്‍ അവിടുന്നനുവദിക്കും.
6: നാളെ കോറഹും അനുചരന്മാരും കര്‍ത്താവിൻ്റെ മുമ്പില്‍ ധൂപകലശമെടുത്ത്,
7: അതിലെ തീയില്‍ കുന്തുരുക്കമിടട്ടെ. കര്‍ത്താവു തെരഞ്ഞെടുക്കുന്നവനായിരിക്കും വിശുദ്ധന്‍. ലേവിപുത്രന്മാരേ, നിങ്ങളുടെ പ്രവൃത്തി വളരെക്കടന്നുപോയി.
8: മോശ കോറഹിനോടു പറഞ്ഞു: ലേവ്യരേ, ശ്രദ്ധിക്കുവിന്‍.
9: കര്‍ത്താവിൻ്റെ കൂടാരത്തില്‍ ശുശ്രൂഷചെയ്യാനും സമൂഹത്തിനുമുമ്പില്‍നിന്നു സേവനമനുഷ്ഠിക്കാനും ഇസ്രായേലിൻ്റെ ദൈവം സമൂഹത്തില്‍നിന്നു നിങ്ങളെ വേര്‍തിരിച്ചതു നിസ്സാരകാര്യമാണോ?
10: അവിടുന്നു നിന്നെയും നിന്നോടൊപ്പം ലേവിപുത്രന്മാരായ നിൻ്റെ സഹോദരന്മാരെയും തൻ്റെ അടുക്കലേക്കു കൊണ്ടുവന്നില്ലേ? നിങ്ങള്‍ പൗരോഹിത്യംകൂടെ കാംക്ഷിക്കുന്നോ?
11: കര്‍ത്താവിനെതിരേയാണ് നീയും അനുചരന്മാരും സംഘംചേര്‍ന്നിരിക്കുന്നത്. അഹറോനെതിരേ പിറുപിറുക്കാന്‍ അവനാരാണ്?
12: അനന്തരം ഏലിയാബിൻ്റെ മക്കളായ ദാത്താനെയും അബീറാമിനെയും വിളിക്കാന്‍ മോശ ആളയച്ചു. എന്നാല്‍, വരില്ലെന്ന് അവര്‍ പറഞ്ഞു.
13: മരുഭൂമിയില്‍വച്ചു കൊല്ലേണ്ടതിനു തേനുംപാലുമൊഴുകുന്ന നാട്ടില്‍നിന്നു ഞങ്ങളെ കൊണ്ടുവന്നതു നിനക്കു മതിയായില്ലേ? ഞങ്ങളുടെ അധിപതിയാകാന്‍ ശ്രമിക്കുകകൂടെ ചെയ്യുന്നോ?
14: മാത്രമല്ല, നീ ഞങ്ങളെ തേനുംപാലുമൊഴുകുന്ന ദേശത്തെത്തിച്ചില്ല. നിലങ്ങളും മുന്തിരിത്തോട്ടങ്ങളും കൈവശപ്പെടുത്തിത്തന്നതുമില്ല. ഇവരെ അന്ധരാക്കാമെന്നാണോ ഭാവം? ഞങ്ങള്‍ വരുകയില്ല.

മത്സരികള്‍ക്കു ശിക്ഷ

15: മോശ കുപിതനായി. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. കര്‍ത്താവേ, അവരുടെ കാഴ്ചകള്‍ സ്വീകരിക്കരുതേ! ഞാന്‍, അവരുടെ ഒരു കഴുതയെപ്പോലുമെടുത്തിട്ടില്ല; അവരിലാരെയും ദ്രോഹിച്ചിട്ടുമില്ല.
16: മോശ കോറഹിനോടു പറഞ്ഞു: നീയും നിൻ്റെ അനുയായികളും നാളെ കര്‍ത്താവിൻ്റെ മുമ്പില്‍ ഹാജരാകണം. നിങ്ങളോടൊപ്പം അഹറോനുമുണ്ടായിരിക്കും.
17: ഓരോരുത്തനും സ്വന്തം ധൂപകലശത്തില്‍ കുന്തുരുക്കമിട്ടു കര്‍ത്താവിൻ്റെ സന്നിധിയില്‍ കൊണ്ടുവരണം; ആകെ ഇരുനൂറ്റമ്പതു ധൂപകലശങ്ങള്‍. നീയും അഹറോനും സ്വന്തം ധൂപകലശവുമായി വരണം.
18: ഓരോരുത്തനും തൻ്റെ ധൂപകലശമെടുത്ത് അതില്‍ തീയും കുന്തുരുക്കവുമിട്ടു മോശയോടും അഹറോനോടുമൊപ്പം സമാഗമകൂടാരത്തിൻ്റെ വാതില്‍ക്കല്‍ നിന്നു.
19: കോറഹ്, സമൂഹത്തെമുഴുവന്‍ സമാഗമകൂടാരവാതില്‍ക്കല്‍ മോശയ്ക്കും അഹറോനുമെതിരേ ഒരുമിച്ചുകൂട്ടി. അപ്പോള്‍ കര്‍ത്താവിൻ്റെ മഹത്വം സമൂഹത്തിനുമുഴുവന്‍ കാണപ്പെട്ടു.
20: കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:
21: ഞാനിവരെ ഇപ്പോള്‍ സംഹരിക്കും. ഇവരില്‍നിന്നു മാറിനിന്നുകൊള്ളുവിന്‍.
22: അവര്‍ താണുവീണു പറഞ്ഞു: സകലജനത്തിനും ജീവന്‍നല്കുന്ന ദൈവമേ, ഒരു മനുഷ്യന്‍ പാപം ചെയ്തതിന് അങ്ങു സമൂഹംമുഴുവനോടും കോപിക്കുമോ?
23: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
24: കോറഹ്, ദാത്താന്‍, അബീറാം എന്നിവരുടെ വീടുകളുടെ പരിസരത്തുനിന്നു മാറിപ്പോകാന്‍ ജനത്തോടു പറയുക.
25: അപ്പോള്‍ മോശ ദാത്താൻ്റെയും അബീറാമിൻ്റെയും അടുത്തേക്കു ചെന്നു. ഇസ്രായേലിലെ ശ്രേഷ്ഠന്മാര്‍ അവനെയനുഗമിച്ചു.
26: മോശ സമൂഹത്തോടു പറഞ്ഞു: ഇവരുടെ പാപത്തില്‍പ്പെട്ടു നശിക്കാതിരിക്കേണ്ടതിന് ഈ ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുവിന്‍; അവരുടെ വസ്തുക്കളെപ്പോലും സ്പര്‍ശിക്കരുത്.
27: കോറഹ്, ദാത്താന്‍, അബീറാം എന്നിവരുടെ കൂടാരങ്ങളുടെ പരിസരങ്ങളില്‍നിന്നു ജനം ഒഴിഞ്ഞുമാറി. ദാത്താനും അബീറാമും ഭാര്യമാരോടും മക്കളോടും കുഞ്ഞുങ്ങളോടുംകൂടെ പുറത്തുവന്നു തങ്ങളുടെ കൂടാരങ്ങളുടെ വാതില്‍ക്കല്‍ നിന്നു.
28: മോശ പറഞ്ഞു: ഈ പ്രവൃത്തികള്‍ചെയ്യാന്‍ കര്‍ത്താവാണ് എന്നെ നിയോഗിച്ചതെന്നും അവയൊന്നും ഞാന്‍ സ്വമേധയാ ചെയ്തതല്ലെന്നും ഇതില്‍നിന്നു നിങ്ങളറിയും.
29: എല്ലാമനുഷ്യരും മരിക്കുന്നതുപോലെയാണ് ഇവര്‍ മരിക്കുന്നതെങ്കില്‍, എല്ലാ മനുഷ്യരുടെയും വിധിതന്നെയാണ് ഇവര്‍ക്കും സംഭവിക്കുന്നതെങ്കില്‍, കര്‍ത്താവ് എന്നെ അയച്ചിട്ടില്ല.
30: എന്നാല്‍, കര്‍ത്താവിൻ്റെ അദ്ഭുതശക്തിയാല്‍ ഭൂമി വാപിളര്‍ന്ന് അവരെയും അവര്‍ക്കുള്ളവയെയും വിഴുങ്ങുകയും ജീവനോടെ പാതാളത്തിലേക്കു കൊണ്ടുപോവുകയുംചെയ്യുന്നെങ്കില്‍, അവര്‍ കര്‍ത്താവിനെ നിന്ദിച്ചിരിക്കുന്നുവെന്നു നിങ്ങളറിയും.
31: മോശ ഇതു പറഞ്ഞുകഴിഞ്ഞപ്പോഴേക്കും അവര്‍ക്കുതാഴെ നിലം പിളര്‍ന്നു.
32: ഭൂമി വാപിളര്‍ന്നു കോറഹിനെയും അനുചരന്മാരെയും അവരുടെ കുടുംബാംഗങ്ങളോടും വസ്തുവകകളോടുംകൂടെ വിഴുങ്ങിക്കളഞ്ഞു.
33: അവരും അവരോടു ബന്ധപ്പെട്ടവരും ജീവനോടെ പാതാളത്തില്‍ പതിച്ചു. ഭൂമി അവരെ മൂടി. അങ്ങനെ ജനമദ്ധ്യത്തില്‍നിന്ന് അവര്‍ അപ്രത്യക്ഷരായി.
34: അവരുടെ നിലവിളികേട്ടു ചുറ്റുംനിന്ന ഇസ്രായേല്യര്‍ ഭൂമി നമ്മെക്കൂടി വിഴുങ്ങിക്കളയാതിരിക്കട്ടെയെന്നു പറഞ്ഞ്, ഓടിയകന്നു.
35: കര്‍ത്താവില്‍നിന്ന് അഗ്നിയിറങ്ങി, ധൂപാര്‍ച്ചന നടത്തിക്കൊണ്ടിരുന്ന ഇരുനൂറ്റിയമ്പതുപേരെയും ദഹിപ്പിച്ചുകളഞ്ഞു.

ധൂപകലശങ്ങള്‍

36: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
37: പുരോഹിതനായ അഹറോൻ്റെ പുത്രന്‍ എലെയാസറിനോടു പറയുക: അഗ്നിയില്‍നിന്നു ധൂപകലശങ്ങളെടുത്ത്, അവയിലെ തീ, ദൂരെക്കളയുക. എന്തെന്നാല്‍, ആ കലശങ്ങള്‍ വിശുദ്ധമാണ്.
38: ഇവര്‍ പാപംചെയ്തു സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയെങ്കിലും അവരുടെ ധൂപകലശങ്ങള്‍ കര്‍ത്താവിൻ്റെ മുമ്പില്‍ അര്‍പ്പിക്കപ്പെടുകയാല്‍ വിശുദ്ധമാണ്. അവ അടിച്ചുപരത്തി ബലിപീഠത്തിന് ഒരു ആവരണമുണ്ടാക്കുക. അത് ഇസ്രായേല്‍ജനത്തിന് ഒരടയാളമായിരിക്കും.
39: അഗ്നിയില്‍ ദഹിച്ചുപോയവര്‍ അര്‍പ്പിച്ച ധൂപകലശങ്ങളെടുത്ത്, പുരോഹിതനായ എലെയാസര്‍ അതുകൊണ്ടു ബലിപീഠത്തിന് ആവരണമുണ്ടാക്കി.
40: മോശവഴി കര്‍ത്താവു കല്പിച്ചതനുസരിച്ച്, അഹറോൻ്റെ പിന്‍ഗാമിയും പുരോഹിതനുമല്ലാത്തവന്‍ കോറഹിനെയും അനുയായികളെയുംപോലെ, കര്‍ത്താവിൻ്റെ സന്നിധിയില്‍ ധൂപാര്‍ച്ചനചെയ്യാതിരിക്കാന്‍വേണ്ടിയാണിത്.
41: എന്നാല്‍ പിറ്റേന്ന്, ഇസ്രായേല്‍സമൂഹം മോശയ്ക്കും അഹറോനുമെതിരായി പിറുപിറുത്തുകൊണ്ടു പറഞ്ഞു: നിങ്ങള്‍ കര്‍ത്താവിൻ്റെ ജനത്തെ കൊന്നു.
42: സമൂഹം മോശയ്ക്കും അഹറോനുമെതിരായി അണിനിരന്ന് സമാഗമകൂടാരത്തിൻ്റെനേരേ തിരിഞ്ഞു. മേഘം അതിനെ ആവരണം ചെയ്തിരുന്നു; കര്‍ത്താവിൻ്റെ മഹത്വം, അവിടെ പ്രത്യക്ഷപ്പെട്ടു.
43: മോശയും അഹറോനും സമാഗമകൂടാരത്തിൻ്റെ മുമ്പില്‍ വന്നു.
44: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
45: ഈ സമൂഹമദ്ധ്യത്തില്‍നിന്ന് ഓടിയകലുക; നിമിഷത്തിനുള്ളില്‍ ഞാനവരെ നശിപ്പിക്കും; എന്നാല്‍ മോശയും അഹറോനും കമിഴ്ന്നുവീണു.
46: മോശ അഹറോനോടു പറഞ്ഞു: ബലിപീഠത്തില്‍നിന്ന് അഗ്നിയെടുത്തു ധൂപകലശത്തിലിടുക. പരിമളദ്രവ്യംചേര്‍ത്ത്, ഉടനെ സമൂഹത്തിൻ്റെ മദ്ധ്യത്തിലേക്കു കൊണ്ടുപോയി, അവര്‍ക്കുവേണ്ടി പാപപരിഹാരമനുഷ്ഠിക്കുക. കാരണം, കര്‍ത്താവിൻ്റെ കോപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു; മഹാമാരി ആരംഭിച്ചുകഴിഞ്ഞു.
47: മോശ പറഞ്ഞതുപോലെ അഹറോന്‍ ധൂപകലശമെടുത്തു ജനത്തിൻ്റെ നടുവിലേക്ക് ഓടി. ജനത്തെ മഹാമാരി ബാധിച്ചുകഴിഞ്ഞിരുന്നു. അവന്‍ ധൂപാര്‍ച്ചന നടത്തി, ജനത്തിനുവേണ്ടി പാപപരിഹാരം ചെയ്തു.
48: അവന്‍ മരിച്ചുവീണവരുടെയും ജീവനോടിരിക്കുന്നവരുടെയും നടുവില്‍ നിന്നു; മഹാമാരി നിലച്ചു.
49: കോറഹിൻ്റെ ധിക്കാരംകൊണ്ടു മരിച്ചവര്‍ക്കുപുറമേ പതിനാലായിരത്തിയെഴുനൂറുപേര്‍ മഹാമാരിയില്‍ മരണമടഞ്ഞു.
50: മഹാമാരിയവസാനിച്ചപ്പോള്‍ അഹറോന്‍ സമാഗമകൂടാരവാതില്‍ക്കല്‍ മോശയുടെ സമീപം തിരിച്ചെത്തി.

അദ്ധ്യായം 17

അഹറോൻ്റെ വടി

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക, ഗോത്രത്തിന് ഒന്നുവീതം എല്ലാ ഗോത്രനേതാക്കന്മാരിലും നിന്നു പന്ത്രണ്ടു വടി വാങ്ങി, ഓരോന്നിലും പേരെഴുതുക.
3: ലേവിഗോത്രത്തിൻ്റെ വടിയില്‍ അഹറോൻ്റെ പേരെഴുതുക. കാരണം, ഓരോ ഗോത്രത്തലവനും ഓരോ വടി ഉണ്ടായിരിക്കണം.
4: സമാഗമകൂടാരത്തില്‍ ഞാന്‍ നിങ്ങള്‍ക്കു ദര്‍ശനം അനുവദിക്കുന്ന സാക്ഷ്യപേടകത്തിനു മുമ്പില്‍ നീ അവ വയ്ക്കണം.
5: ഞാന്‍ തിരഞ്ഞെടുക്കുന്നവൻ്റെ വടി തളിര്‍ക്കും. അങ്ങനെ നിങ്ങള്‍ക്കെതിരായുള്ള ഇസ്രായേല്‍ജനത്തിൻ്റെ പിറുപിറുപ്പ് ഞാന്‍ അവസാനിപ്പിക്കും. മോശ ഇസ്രായേല്‍ജനത്തോടു സംസാരിച്ചു.
6: എല്ലാ ഗോത്രത്തലവന്മാരും ഗോത്രത്തിന് ഒരു വടി എന്നകണക്കില്‍ പന്ത്രണ്ടുവടി മോശയ്ക്കു കൊടുത്തു. അഹറോൻ്റെ വടി, മറ്റു വടികളോടൊപ്പമുണ്ടായിരുന്നു.
7: സാക്ഷ്യകൂടാരത്തില്‍ കര്‍ത്താവിൻ്റെമുമ്പില്‍ മോശ വടികള്‍ വച്ചു.
8: പിറ്റേദിവസം മോശ സാക്ഷ്യകൂടാരത്തിലേക്കു ചെന്നു. ലേവി കുടുംബത്തിനുവേണ്ടിയുള്ള അഹറോൻ്റെ വടി, മുളപൊട്ടി പൂത്തുതളിര്‍ത്തു ബദാംപഴങ്ങള്‍ കായിച്ചുനിന്നു.
9: മോശ വടികള്‍ കര്‍ത്താവിൻ്റെ സന്നിധിയില്‍ നിന്നെടുത്തു ജനത്തിൻ്റെ അടുത്തേക്കു കൊണ്ടുവന്നു. ഓരോരുത്തനും സ്വന്തം വടി നോക്കിയെടുത്തു.
10: കര്‍ത്താവു മോശയോടരുളിച്ചെയ്തു: അവരുടെ പിറുപിറുപ്പ് അവസാനിപ്പിക്കുന്നതിനും അവര്‍ മരിക്കാതിരിക്കുന്നതിനും കലഹക്കാര്‍ക്ക് ഒരടയാളമായി സൂക്ഷിക്കുന്നതിനുംവേണ്ടി അഹറോൻ്റെ വടി സാക്ഷ്യപേടകത്തിനുമുമ്പില്‍ വയ്ക്കുക.
11: മോശ അപ്രകാരം ചെയ്തു. കര്‍ത്താവു കല്പിച്ചതുപോലെ അവന്‍ പ്രവര്‍ത്തിച്ചു.
12: ഇസ്രായേല്‍ജനം മോശയോടു പറഞ്ഞു: ഇതാ ഞങ്ങള്‍ മരിക്കുന്നു; ഞങ്ങള്‍ നശിക്കുന്നു; ഒന്നൊഴിയാതെ ചത്തൊടുങ്ങുന്നു.
13: കര്‍ത്താവിൻ്റെ കൂടാരത്തെ സമീപിക്കുന്ന ഏവനും മരിക്കുന്നു; ഞങ്ങളെല്ലാവരും നശിക്കണമോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ