നാല്പത്തിയേഴാം ദിവസം: സംഖ്യ 33 - 36


അദ്ധ്യായം 33

യാത്രയിലെ താവളങ്ങള്‍

1: മോശയുടെയും അഹറോൻ്റെയും നേതൃത്വത്തില്‍ ഗണംഗണമായി ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ജനത്തിൻ്റെ യാത്രയിലെ താവളങ്ങളിവയാണ്.
2: യാത്രാമദ്ധ്യേ അവര്‍ പാളയമടിച്ച സ്ഥലങ്ങള്‍ കര്‍ത്താവിൻ്റെ കല്പനയനുസരിച്ചു മോശ ക്രമമായി കുറിച്ചുവച്ചു.
3: ഒന്നാംമാസം പതിനഞ്ചാംദിവസം അവര്‍ റംസെസില്‍നിന്നു യാത്രപുറപ്പെട്ടു. പെസഹായുടെ പിറ്റേന്നാളാണ് ഇസ്രായേല്‍ജനം, ഈജിപ്തുകാര്‍ കാണ്‍കെ, കര്‍ത്താവിൻ്റെ ശക്തമായ സംരക്ഷണത്തില്‍ പുറപ്പെട്ടത്.
4: അപ്പോള്‍ ഈജിപ്തുകാര്‍, കര്‍ത്താവു സംഹരിച്ച തങ്ങളുടെ കടിഞ്ഞൂല്‍സന്താനങ്ങളെ സംസ്‌കരിക്കുകയായിരുന്നു. അവരുടെ ദേവന്മാരെയും കര്‍ത്താവു ശിക്ഷിച്ചു.
5: ഇസ്രായേല്‍ജനം റംസെസില്‍നിന്നു പുറപ്പെട്ടു സുക്കോത്തില്‍ പാളയമടിച്ചു.
6: അവിടെനിന്നു മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള എത്താമിലെത്തി പാളയമടിച്ചു.
7: എത്താമില്‍നിന്നു ബാല്‍സെഫോനു കിഴക്കുള്ള പിഹഹീറോത്തിനുനേരേ യാത്രചെയ്തു മിഗ്‌ദോലിനു മുമ്പില്‍ പാളയമടിച്ചു.
8: അവിടെനിന്നു കടലിനു നടുവിലൂടെ യാത്രചെയ്തു മരുഭൂമിയിലെത്തി. ഏത്താംമരുഭൂമിയിലൂടെ മൂന്നുദിവസം യാത്രചെയ്തു മാറായില്‍ പാളയമടിച്ചു.
9: മാറായില്‍നിന്ന് ഏലിമിലെത്തി, പാളയമടിച്ചു. ഏലിമില്‍ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളുമുണ്ടായിരുന്നു.
10: വീണ്ടും യാത്രപുറപ്പെട്ടു ചെങ്കടലിനരികെ പാളയമടിച്ചു.
11: അവിടെനിന്നു പുറപ്പെട്ട് സിന്‍മരുഭൂമിയിലും
12: അവിടെനിന്നു ദൊഫ്ക്കയിലും,
13: ദൊഫ്ക്കയില്‍നിന്ന് ആലൂഷിലും
14: അവിടെനിന്നു റഫിദീമിലുമെത്തി, പാളയമടിച്ചു. റഫിദീമില്‍ അവര്‍ക്കു കുടിക്കാന്‍ വെള്ളമില്ലായിരുന്നു.
15: റഫിദീമില്‍നിന്നു പുറപ്പെട്ട്, സീനായ്‌മരുഭൂമിയിലും
16: അവിടെനിന്നു കിബ്രോത്ത്ഹത്താവയിലും
17: അവിടെനിന്നു ഹസേറോത്തിലും
18: ഹസേറോത്തില്‍നിന്നു റിത്മായിലും എത്തി, പാളയമടിച്ചു.
19: റിത്മായില്‍നിന്നു പുറപ്പെട്ടു
20: റിമ്മോണ്‍പേരെസിലും അവിടെനിന്നു
21: ലിബ്‌നയിലും ലിബ്‌നയില്‍നിന്നു റിസ്സായിലും പാളയമടിച്ചു.
22: അവിടെനിന്നു കെഹേലാത്തായില്‍ എത്തി, പാളയമടിച്ചു.
23: കെഹേലാത്തായില്‍നിന്നു പുറപ്പെട്ട്
24: ഷേഫെര്‍മലയിലും
25: അവിടെനിന്നു ഹരാദായിലും ഹരാദായില്‍നിന്നു
26: മക്‌ഹേലോത്തിലും അവിടെനിന്നു തഹത്തിലുമെത്തി, പാളയമടിച്ചു.
27: തഹത്തില്‍നിന്നു പുറപ്പെട്ടു തേരഹിലും പാളയമടിച്ചു.
28: അവിടെനിന്നു മിത്കായിലും
29: മിത്കായില്‍നിന്നു ഹഷ്‌മോനായിലും
30: അവിടെനിന്നു മൊസേറോത്തിലുമെത്തി, പാളയമടിച്ചു.
31: മൊസേറോത്തില്‍നിന്നു പുറപ്പെട്ടു ബനേയാക്കാനിലും
32: അവിടെനിന്നു ഹോര്‍ഹഗ്ഗിദ്ഗാദിലും
33: അവിടെനിന്നു യോത്ബാത്തായിലും യോത്ബാത്തായില്‍നിന്ന്
34: അബ്രോനായിലുമെത്തി, പാളയമടിച്ചു.
35: അബ്രോനായില്‍നിന്നു പുറപ്പെട്ട്,
36: എസിയോന്‍ഗേബറിലും അവിടെനിന്നു പുറപ്പെട്ട്,
37: സിന്‍മരുഭൂമിയിലും - കാദെഷിലും – അവിടെനിന്ന് ഏദോംദേശത്തിൻ്റെ അതിര്‍ത്തിയിലുള്ള ഹോര്‍മലയിലുമെത്തി, പാളയമടിച്ചു.
38: പുരോഹിതനായ അഹറോന്‍, കര്‍ത്താവിൻ്റെ കല്പനയനുസരിച്ചു ഹോര്‍മലയില്‍ക്കയറി; അവിടെവച്ചു മരിച്ചു. ഇത്, ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിൻ്റെ നാല്പതാംവര്‍ഷം അഞ്ചാംമാസം ഒന്നാംദിവസമായിരുന്നു.
39: മരിക്കുമ്പോള്‍ അഹറോനു നൂറ്റിയിരുപത്തിമൂന്നു വയസ്സുണ്ടായിരുന്നു.
40: കാനാന്‍ദേശത്തു നെഗെബില്‍ പാര്‍ത്തിരുന്ന കാനാന്യനായ ആരാദുരാജാവ്, ഇസ്രായേല്‍ജനം വരുന്നതറിഞ്ഞു.
41: ഇസ്രായേല്യര്‍ ഹോര്‍മലയില്‍നിന്നു പുറപ്പെട്ടു
42: സല്‍മോനായിലും അവിടെനിന്നു പൂനോനിയിലും
43: അവിടെനിന്ന് ഓബോത്തിലും, ഓബോത്തില്‍നിന്നു
44: മൊവാബിൻ്റെ അതിര്‍ത്തിയിലുള്ള ഇയ്യേഅബാറിമിലുമെത്തി, പാളയമടിച്ചു.
45: അവിടെനിന്നു പുറപ്പെട്ടു ദീബോന്‍ഗാദിലും
46: അവിടെനിന്ന് അല്‍മോന്‍ദിബ്‌ലാത്തായീമിലും
47: അവിടെനിന്ന് അബാറിംമലകളില്‍ നെവോബിനു കിഴക്കുവശത്തുമെത്തി, പാളയമടിച്ചു.
48: അവിടെനിന്നു പുറപ്പെട്ടു ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദ്ദാനരികെയുള്ള മോവാബുസമതലത്തില്‍ പാളയമടിച്ചു.
49: ആ പാളയം ബേത്‌യെഷീമോത് മുതല്‍ ആബേല്‍ഷിത്തീംവരെ വ്യാപിച്ചിരുന്നു.
50: ജറീക്കോയുടെ എതിര്‍വശത്ത്, ജോര്‍ദ്ദാന്‍തീരത്ത്, മൊവാബുസമതലത്തില്‍വച്ചു കര്‍ത്താവു മോശയോടരുളിച്ചെയ്തു:
51: ജോര്‍ദ്ദാന്‍കടന്നു കാനാന്‍ദേശത്തു പ്രവേശിക്കുമ്പോള്‍,
52: തദ്ദേശവാസികളെ ഓടിച്ചുകളഞ്ഞ്, അവരുടെ ശിലാവിഗ്രഹങ്ങളും ലോഹപ്രതിമകളും തകര്‍ക്കുകയും പൂജാഗിരികള്‍ നശിപ്പിക്കുകയുംവേണമെന്ന് ഇസ്രായേല്‍ജനത്തോടു പറയുക.
53: നിങ്ങള്‍ ദേശം കൈവശമാക്കി, വാസമുറപ്പിക്കണം. എന്തെന്നാല്‍, ആ ദേശം ഞാന്‍ നിങ്ങള്‍ക്ക്, അവകാശമായിത്തന്നിരിക്കുന്നു.
54: നിങ്ങള്‍ ഗോത്രംഗോത്രമായി നറുക്കിട്ടു ദേശം അവകാശമാക്കണം. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയ ഗോത്രത്തിനു ചെറിയ അവകാശവും നല്കണം. കുറി എവിടെ വീഴുന്നുവോ, അവിടമായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ചാണു നിങ്ങള്‍ ദേശം അവകാശമാക്കേണ്ടത്.
55: എന്നാല്‍, തദ്ദേശവാസികളെ ഓടിച്ചുകളയാതിരുന്നാല്‍, അവശേഷിക്കുന്നവര്‍ കണ്ണില്‍ മുള്ളുപോലെയും പാര്‍ശ്വത്തില്‍ മുള്‍ച്ചെടിപോലെയും നിങ്ങളെയുപദ്രവിക്കും.
56: ഞാന്‍, അവരോടു ചെയ്യണമെന്നു വിചാരിച്ചതു നിങ്ങളോടു ചെയ്യും.

അദ്ധ്യായം 34

കാനാന്‍ദേശം, അതിരുകള്‍

1: കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങള്‍ എത്തിച്ചേരാന്‍പോകുന്നതും ഞാന്‍ നിങ്ങള്‍ക്ക്, അവകാശമായിത്തരുന്നതുമായ കാനാന്‍ദേശത്തിൻ്റെ അതിരുകളിവയാണ്:
3: തെക്കേ അതിര്, ഏദോമിൻ്റെ അതിര്‍ത്തിയിലുള്ള സിന്‍മരുഭൂമിയായിരിക്കും. കിഴക്ക്, ഉപ്പുകടലിൻ്റെ അറ്റത്തായിരിക്കും അതാരംഭിക്കുക.
4: അവിടെനിന്നു തെക്കോട്ട്, അക്രാബിംചരുവിലേക്കു തിരിഞ്ഞു സിന്‍മരുഭൂമികടന്നു തെക്കുള്ള കാദെഷ്ബര്‍ണ്ണയായിലും അവിടെനിന്നു തിരിഞ്ഞ്, അസാര്‍ അദ്ദാര്‍, ഹസ്‌മോണ്‍ ഇവ കടന്ന്,
5: ഈജിപ്തിലെ അരുവിക്കുനേരേ തിരിഞ്ഞു കടലില്‍ച്ചെന്നതവസാനിക്കും.
6: പടിഞ്ഞാറേ അതിര്‍ത്തി, മഹാസമുദ്രവും അതിൻ്റെ തീരവുമായിരിക്കും.
7: നിങ്ങളുടെ വടക്കേ അതിര്, മഹാസമുദ്രംമുതല്‍ ഹോര്‍മലവരെയും
8: അവിടെനിന്നു ഹമാത്തിൻ്റെ കവാടത്തിലൂടെ സേദാദ് വരെയും,
9: അവിടെനിന്നു സിഫ്രോന്‍കടന്നു ഹസാര്‍ഏനാന്‍വരെയുമാണ്.
10: കിഴക്കേ അതിര് ഹസാര്‍ ഏനാനിലാരംഭിച്ചു ഷെഫാമിലൂടെ താഴോട്ട്,
11: ആയിൻ്റെ കിഴക്കു റിബ്‌ളാ വരെയെത്തി, വീണ്ടും താഴോട്ടിറങ്ങി, കിഴക്കു കിന്നേരത്തു കടലിൻ്റെ കിഴക്കേത്തീരത്തെത്തി,
12: ജോര്‍ദ്ദാന്‍വഴി ഉപ്പുകടലിലവസാനിക്കും. ഇവയായിരിക്കും അതിരുകള്‍.
13: മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: നിങ്ങളുടെ ഒമ്പതരഗോത്രങ്ങള്‍ക്കു കൊടുക്കാന്‍ കര്‍ത്താവു കല്പിച്ചിട്ടുള്ളതും നിങ്ങള്‍ കുറിയിട്ട്, അവകാശപ്പെടുത്തേണ്ടതുമായ ദേശമിതാണ്.
14: റൂബന്‍, ഗാദ്ഗോത്രങ്ങളും മനാസ്സെയുടെ അര്‍ദ്ധഗോത്രങ്ങളും
15: ജോര്‍ദ്ദാനിക്കരെ ജറീക്കോയുടെ കിഴക്കുവശത്ത് അവകാശം സ്വീകരിച്ചുകഴിഞ്ഞല്ലോ.
16: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
17: പുരോഹിതന്‍ എലെയാസറും നൂനിൻ്റെ മകന്‍ ജോഷ്വയുമാണ് നിങ്ങള്‍ക്കു ദേശം അവകാശമായി വിഭജിച്ചുതരേണ്ടത്.
18: അവരോടൊപ്പം ഓരോ ഗോത്രത്തിലുംനിന്ന്, ഓരോ നേതാവിനെ തിരഞ്ഞെടുക്കണം.
19: താഴെപ്പറയുന്നവരാണവര്‍: യൂദാഗോത്രത്തില്‍നിന്നു യഫുന്നയുടെ മകന്‍ കാലെബ്,
20: ശിമയോന്‍ഗോത്രത്തില്‍നിന്ന്, അമ്മിഹൂദിൻ്റെ മകന്‍ ഷെമുവേല്‍,
21: ബഞ്ചമിന്‍ഗോത്രത്തില്‍നിന്നു കിസ്‌ലോൻ്റെ മകന്‍ എലിദാദ്,
22: ദാന്‍ഗോത്രത്തില്‍നിന്നു യൊഗ്‌ളിയുടെ മകന്‍ ബുക്കി,
23: ജോസഫിൻ്റെ പുത്രന്മാരില്‍ മനാസ്സെയുടെ ഗോത്രത്തില്‍നിന്ന് എഫൊദിൻ്റെ മകന്‍ ഹന്നിയേല്‍,
24: എഫ്രായിംഗോത്രത്തില്‍നിന്നു ഷിഫ്താൻ്റെ മകന്‍ കെമുവേല്‍,
25: സെബുലൂണ്‍ഗോത്രത്തില്‍നിന്നു പര്‍നാക്കിൻ്റെ മകന്‍ എലിസാഫാന്‍,
26: ഇസാക്കര്‍ഗോത്രത്തില്‍നിന്ന് അസ്സാൻ്റെ മകന്‍ പല്‍തിയേല്‍,
27: ആഷേര്‍ഗോത്രത്തില്‍നിന്നു ഷെലോമിയുടെ മകന്‍ അഹിഹൂദ്,
28: നഫ്താലിഗോത്രത്തില്‍നിന്ന്, അമ്മിഹൂദിൻ്റെ മകന്‍ പെദാഹേല്‍.
29: ഇസ്രായേല്‍ജനത്തിനു കാനാന്‍ദേശത്ത് അവകാശം ഭാഗിച്ചുകൊടുക്കുന്നതിനു കര്‍ത്താവു നിയമിച്ചതിവരെയാണ്.


അദ്ധ്യായം 35

ലേവ്യരുടെ പട്ടണങ്ങള്‍

1: ജോര്‍ദ്ദാനരികെ, ജറീക്കോയുടെ എതിര്‍വശത്ത്, മൊവാബ് സമതലത്തില്‍വച്ചു കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഇസ്രായേല്‍ജനം തങ്ങളുടെ അവകാശത്തില്‍നിന്നു ലേവ്യര്‍ക്കു വസിക്കാന്‍ പട്ടണങ്ങള്‍ കൊടുക്കണമെന്ന് അവരോടാജ്ഞാപിക്കുക. പട്ടണങ്ങള്‍ക്കുചുറ്റും മേച്ചില്‍സ്ഥലങ്ങളും നിങ്ങളവര്‍ക്കു നല്കണം.
3: പട്ടണങ്ങള്‍, അവര്‍ക്കു താമസിക്കാനും മേച്ചില്‍സ്ഥലങ്ങള്‍, അവരുടെ ആടുമാടുകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും മേയാനുമാകുന്നു.
4: നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളോടുചേര്‍ന്ന്, പട്ടണത്തിൻ്റെ മതില്‍മുതല്‍, പുറത്തേക്ക് ആയിരം മുഴം നീളത്തില്‍, ചുറ്റും മേച്ചില്‍സ്ഥലങ്ങളുണ്ടായിരിക്കണം.
5: പട്ടണത്തിനുചുറ്റും രണ്ടായിരം മുഴംവീതം കിഴക്കും തെക്കും പടിഞ്ഞാറും വടക്കുമളക്കണം. ഇത്, അവരുടെ പട്ടണങ്ങളോടു ചേര്‍ന്ന മേച്ചില്‍പ്പുറമായിരിക്കും:
6: നിങ്ങള്‍ ലേവ്യര്‍ക്കു പട്ടണങ്ങള്‍ നല്കുമ്പോള്‍, അവയിലാറെണ്ണം കൊലപാതകികള്‍ക്ക് ഓടിയൊളിക്കാനുള്ള സങ്കേതനഗരങ്ങളായിരിക്കണം. ഇവയ്ക്കുപുറമേ നാല്പത്തിരണ്ടു പട്ടണങ്ങള്‍കൂടെക്കൊടുക്കണം.
7: അങ്ങനെ, ആകെ നാല്പത്തെട്ടു പട്ടണങ്ങള്‍ അവയുടെ മേച്ചില്‍സ്ഥലങ്ങളോടുകൂടെ ലേവ്യര്‍ക്കു നല്കണം.
8: ഇസ്രായേല്‍ഗോത്രങ്ങളുടെ അവകാശമായ പട്ടണങ്ങളാണ്, അവര്‍ക്കു കൊടുക്കേണ്ടത്; ഓരോ ഗോത്രവും തങ്ങള്‍ക്കു ലഭിച്ച ഓഹരിയനുസരിച്ച്, കൂടുതല്‍ ലഭിച്ചവര്‍ കൂടുതലും കുറച്ചു ലഭിച്ചവര്‍ കുറച്ചും, പട്ടണങ്ങള്‍ കൊടുക്കണം.

സങ്കേതനഗരങ്ങള്‍

9: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക:
10: നിങ്ങള്‍ ജോര്‍ദ്ദാന്‍കടന്നു കാനാന്‍ദേശത്തു പ്രവേശിക്കുമ്പോള്‍,
11: അബദ്ധവശാല്‍, ആരെയെങ്കിലും വധിക്കുന്നവന് ഓടിയൊളിക്കാന്‍ സങ്കേതനഗരങ്ങളായി ചില പട്ടണങ്ങള്‍ തിരഞ്ഞെടുക്കണം.
12: കൊലപാതകി, വിധിനിര്‍ണ്ണയത്തിനായി സമൂഹത്തിൻ്റെ മുമ്പില്‍ നില്‍ക്കുന്നതിനുമുമ്പു വധിക്കപ്പെടാതിരിക്കാന്‍, രക്തത്തിനു പ്രതികാരംചെയ്യുന്നവനില്‍നിന്ന് അഭയംതേടാനുള്ള സങ്കേതങ്ങളായിരിക്കും ഈ പട്ടണങ്ങള്‍.
13: നിങ്ങള്‍ നല്കുന്ന പട്ടണങ്ങളില്‍, ആറെണ്ണം സങ്കേതനഗരങ്ങളായിരിക്കും.
14: സങ്കേതനഗരങ്ങളായി മൂന്നു പട്ടണങ്ങള്‍ ജോര്‍ദ്ദാനിക്കരെയും മൂന്നു പട്ടണങ്ങള്‍ കാനാന്‍ദേശത്തും കൊടുക്കണം.
15: ഇസ്രായേല്‍ജനത്തിലോ അവരുടെയിടയിലുള്ള വിദേശികളിലോ തത്കാല താമസക്കാരിലോപെട്ട ആരെങ്കിലും മനഃപൂര്‍വ്വമല്ലാതെ ആരെയെങ്കിലും വധിച്ചാല്‍ അവന് ഓടിയൊളിക്കാനുള്ള സങ്കേതമായിരിക്കും ഈ ആറു പട്ടണങ്ങള്‍.
16: എന്നാല്‍, ആരെങ്കിലും ഇരുമ്പായുധംകൊണ്ട്, ആരെയെങ്കിലുമടിച്ചിട്ട്, അവന്‍ മരിച്ചാല്‍ അടിച്ചവന്‍ കൊലപാതകിയാണ്; കൊലപാതകി വധിക്കപ്പെടണം.
17: കല്ലുകൊണ്ടുള്ള ഇടികൊണ്ട് ആരെങ്കിലും മരിച്ചാല്‍, ഇടിച്ചവന്‍ കൊലപാതകിയാണ്; കൊലപാതകി വധിക്കപ്പെടണം.
18: മരംകൊണ്ടുള്ള ആയുധത്താല്‍ അടികൊണ്ട് ആരെങ്കിലും മരിച്ചാല്‍, അടിച്ചവന്‍ കൊലപാതകിയാണ്; കൊലപാതകി വധിക്കപ്പെടണം.
19: പ്രതികാരംചെയ്യാന്‍ ചുമതലയുള്ള ബന്ധുതന്നെ ഘാതകനെ വധിക്കണം; കണ്ടുമുട്ടുമ്പോള്‍ അവനെക്കൊല്ലണം.
20: ആരെങ്കിലും വിദ്വേഷംമൂലം ഒരാളെ കുത്തുകയോ, പതിയിരുന്ന് എറിയുകയോ,
21: ശത്രുതനിമിത്തം കൈകൊണ്ട് അടിക്കുകയോ ചെയ്തിട്ട്, അവന്‍ മരിച്ചാല്‍ പ്രഹരിച്ചവന്‍ വധിക്കപ്പെടണം; അവന്‍ കൊലപാതകിയാണ്; പ്രതികാരംചെയ്യാന്‍ ചുമതലപ്പെട്ടവന്‍ കൊലപാതകിയെ കണ്ടുമുട്ടുമ്പോള്‍ അവനെ വധിക്കണം.
22: എന്നാല്‍, ആരെങ്കിലും ശത്രുതകൂടാതെ ഒരുവനെ പെട്ടെന്നു കുത്തുകയോ, പതിയിരിക്കാതെ അവന്റെമേല്‍ എന്തെങ്കിലും എറിയുകയോ,
23: ശത്രുവല്ലാതെയും ദ്രോഹിക്കാന്‍ ആഗ്രഹമില്ലാതെയും, കാണാതെ, മാരകമാംവിധം അവൻ്റെമേല്‍ കല്ലെറിയാനിടയാവുകയോചെയ്തിട്ട് അവന്‍ മരിച്ചാല്‍,
24: ഘാതകനും പ്രതികാരംചെയ്യാന്‍ കടപ്പെട്ടവനും മദ്ധ്യേ, ഈ കല്പനകളനുസരിച്ചു സമൂഹം വിധിപ്രസ്താവിക്കണം.
25: സമൂഹം ആ കൊലപാതകിയെ പ്രതികാരംചെയ്യാന്‍ കടപ്പെട്ടവൻ്റെ കൈകളില്‍നിന്നു രക്ഷിച്ച്, അവനഭയംതേടിയിരുന്ന സങ്കേതനഗരത്തിലേക്കു തിരിച്ചയയ്ക്കണം. വിശുദ്ധതൈലത്താല്‍ അഭിഷിക്തനായ പ്രധാനപുരോഹിതൻ്റെ മരണംവരെ അവന്‍ അവിടെത്തന്നെ താമസിക്കണം.
26: എന്നാല്‍, കൊലപാതകി താനഭയംതേടിയിരുന്ന സങ്കേതനഗരത്തിൻ്റെ അതിര്‍ത്തിവിട്ട്, എപ്പോഴെങ്കിലും പുറത്തുപോവുകയും,
27: പ്രതികാരം ചെയ്യേണ്ടവന്‍ സങ്കേതനഗരത്തിൻ്റെ അതിര്‍ത്തിക്കു പുറത്തുവച്ച് അവനെക്കണ്ടുപിടിച്ചു വധിക്കുകയുംചെയ്താല്‍ അവനു കൊലപാതകക്കുറ്റമുണ്ടായിരിക്കുകയില്ല.
28: കാരണം, പ്രധാനപുരോഹിതൻ്റെ മരണംവരെ അവന്‍ തൻ്റെ സങ്കേതനഗരത്തില്‍ വസിക്കേണ്ടിയിരുന്നു. പുരോഹിതൻ്റെ മരണത്തിനു ശേഷം, തനിക്കവകാശമുള്ള ഭൂമിയിലേക്ക് അവനു തിരിച്ചുപോകാം.
29: ഇവ നിങ്ങളുടെ എല്ലാ വാസസ്ഥലങ്ങളിലും എല്ലാതലമുറകളിലും നിയമവും പ്രമാണവുമായിരിക്കും.
30: ആരെങ്കിലും ഒരുവനെക്കൊന്നാല്‍ കൊലപാതകി സാക്ഷികള്‍ നല്കുന്ന തെളിവിൻ്റെ അടിസ്ഥാനത്തില്‍ വധിക്കപ്പെടണം. ഒരാളുടെമാത്രം സാക്ഷ്യം ആസ്പദമാക്കി ആരെയും വധിക്കരുത്.
31:മരണശിക്ഷയ്ക്കർഹനായ കൊലപാതകിയുടെ ജീവനുവേണ്ടി, മോചനദ്രവ്യം നിങ്ങൾ സ്വീകരിക്കരുത്. അവൻ വധിക്കപ്പെടുകതന്നെവേണം.
32: സങ്കേതനഗരത്തിൽ ഓടിയൊളിച്ചവൻ, മഹാപുരോഹിതൻ്റെ മരണത്തിനുമുമ്പ്, സ്വന്തം ദേശത്തു തിരിച്ചുവന്നു താമസിക്കുന്നതിനുവേണ്ടി, നിങ്ങൾ മോചനദ്രവ്യം സ്വീകരിക്കരുത്.
33: നിങ്ങളധിവസിക്കുന്ന ദേശം, അങ്ങനെയശുദ്ധമാക്കരുത്. എന്തെന്നാല്‍, രക്തം ദേശത്തെ അശുദ്ധമാക്കുന്നു. രക്തം ചൊരിഞ്ഞവൻ്റെ രക്തമല്ലാതെ ദേശത്തുചൊരിയപ്പെട്ട രക്തത്തിനു പ്രായശ്ചിത്തം സാദ്ധ്യമല്ല.
34: കര്‍ത്താവായ ഞാന്‍ ഇസ്രായേല്‍ജനത്തിൻ്റെ മദ്ധ്യേ വസിക്കുന്നതുകൊണ്ടു നിങ്ങള്‍ പാര്‍ക്കുന്ന ഭൂമി, നിങ്ങളശുദ്ധമാക്കരുത്.

അദ്ധ്യായം 36

വിവാഹിതയുടെ അവകാശം

1: ജോസഫിൻ്റെ ഗോത്രത്തില്‍ മനാസ്സെയുടെ മകനായ മാഖീറിൻ്റെ മകന്‍ ഗിലയാദിൻ്റെ കുടുംബത്തലവന്മാര്‍ മോശയുടെയും ഇസ്രായേലിലെ ഗോത്രപ്രമാണികളായ ശ്രേഷ്ഠന്മാരുടെയും മുമ്പാകെ വന്നുപറഞ്ഞു:
2: ഇസ്രായേല്‍ജനത്തിനു ദേശം കുറിയിട്ട് അവകാശമായി കൊടുക്കാന്‍ കര്‍ത്താവ് അങ്ങയോടു കല്പിച്ചല്ലോ. ഞങ്ങളുടെ സഹോദരനായ സെലോഫഹാദിൻ്റെ അവകാശം അവൻ്റെ പുത്രിമാര്‍ക്കു കൊടുക്കാനും കര്‍ത്താവ് അങ്ങയോടു കല്പിച്ചു:
3: എന്നാല്‍, അവര്‍ ഇസ്രായേലിലെ മറ്റു ഗോത്രങ്ങളില്‍പ്പെട്ടവരുമായി വിവാഹിതരായാല്‍ അവരുടെ ഓഹരി, ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തില്‍നിന്നു കൈമാറി, അവര്‍ ബന്ധപ്പെടുന്ന ഗോത്രത്തിൻ്റെ അവകാശത്തോടു ചേരും. അങ്ങനെ, അതു ഞങ്ങളുടെ അവകാശത്തില്‍നിന്നു നീക്കംചെയ്യപ്പെടും.
4: ഇസ്രായേല്‍ജനത്തിൻ്റെ ജൂബിലിവരുമ്പോള്‍ അവരുടെ ഓഹരി അവര്‍ ബന്ധപ്പെടുന്ന ഗോത്രത്തിൻ്റെ അവകാശത്തോടു ചേരുകയും ഞങ്ങളുടെ പിതൃഗോത്രത്തിൻ്റെ അവകാശത്തില്‍നിന്നു വിട്ടുപോവുകയും ചെയ്യും.
5: കര്‍ത്താവിൻ്റെ വചനപ്രകാരം മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: ജോസഫിൻ്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരിതന്നെ.
6: കര്‍ത്താവു സെലോഫഹാദിൻ്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്നതിതാണ്: തങ്ങള്‍ക്കിഷ്ടമുള്ളവരുമായി അവര്‍ക്കു വിവാഹബന്ധമാകാം. എന്നാല്‍, അതു തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബങ്ങളില്‍നിന്നുമാത്രമായിരിക്കണം.
7: ഇസ്രായേല്‍ജനത്തിൻ്റെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊന്നിലേക്കു മാറ്റരുത്; ഇസ്രായേല്യരില്‍ ഓരോരുത്തരും താന്താങ്ങളുടെ പിതൃഗോത്രത്തിൻ്റെ അവകാശത്തോടു ബന്ധപ്പെട്ടിരിക്കണം.
8: ഇസ്രായേല്‍ജനത്തില്‍ ഓരോരുത്തരും താന്താങ്ങളുടെ പിതാക്കന്മാരുടെ അവകാശം നിലനിറുത്തേണ്ടതിന്, ഇസ്രായേല്‍ജനത്തിൻ്റെ ഏതെങ്കിലും ഗോത്രത്തില്‍ അവകാശമുള്ള സ്ത്രീ, സ്വന്തം പിതൃഗോത്രത്തിലെ കുടുംബത്തില്‍ ഒരാളുടെ ഭാര്യയാകണം.
9: അങ്ങനെ ചെയ്താല്‍, അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊന്നിലേക്കു മാറുകയില്ല. ഇസ്രായേല്‍ജനത്തിൻ്റെ ഗോത്രങ്ങളില്‍ ഓരോന്നും സ്വന്തം അവകാശത്തോടു ബന്ധപ്പെട്ടിരിക്കും.
10: സെലോഫഹാദിൻ്റെ പുത്രിമാര്‍ കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ ചെയ്തു.
11: മഹ്‌ലാ, തിര്‍സാ, ഹൊഗ്‌ലാ, മില്‍ക്കാ, നോവാ എന്നിവരായിരുന്നു സെലോഫഹാദിൻ്റെ പുത്രിമാര്‍. അവര്‍ തങ്ങളുടെ പിതൃസഹോദരന്മാരുടെ പുത്രന്മാര്‍ക്കു ഭാര്യമാരായി.
12: ജോസഫിൻ്റെ മകനായ മനാസ്സെയുടെ പുത്രന്മാരുടെ കുടുംബങ്ങളില്‍ത്തന്നെ അവര്‍ വിവാഹിതരാവുകയും അവരുടെ ഓഹരി പിതൃകുടുംബത്തിൻ്റെ ഗോത്രത്തില്‍ത്തന്നെ നിലനില്‍ക്കുകയും ചെയ്തു.
13: ഇവയാണ് ജറീക്കോയുടെ എതിര്‍വശത്ത്, ജോര്‍ദ്ദാനു സമീപം, മൊവാബു സമതലത്തില്‍വച്ചു കര്‍ത്താവു മോശവഴി ഇസ്രായേല്‍ജനത്തിനു നല്കിയ നിയമങ്ങളും ചട്ടങ്ങളും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ