അമ്പത്തിരണ്ടാം ദിവസം: നിയമാവര്‍ത്തനം 16 - 19


അദ്ധ്യായം 16

പെസഹാത്തിരുനാള്‍

1: അബീബുമാസമാചരിക്കുകയും നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ പെസഹാ ആഘോഷിക്കുകയും ചെയ്യുക; അബീബുമാസത്തിലാണു നിൻ്റെ ദൈവമായ കര്‍ത്താവു രാത്രിയില്‍ നിന്നെ ഈജിപ്തില്‍നിന്നു പുറത്തേക്കു നയിച്ചത്.
2: നിൻ്റെ ദൈവമായ കര്‍ത്താവ്, തൻ്റെ നാമം സ്ഥാപിക്കാന്‍വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലത്ത്, ആടുമാടുകളില്‍നിന്ന്, അവിടുത്തേക്കു പെസഹാബലിയര്‍പ്പിക്കണം.
3: അവയോടുകൂടെ പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്. ഏഴുദിവസം യാതനയുടെ അപ്പമായ പുളിപ്പില്ലാത്ത അപ്പം നീ ഭക്ഷിക്കണം. നീ ഈജിപ്തില്‍നിന്നു പുറത്തുകടന്ന ദിവസത്തെപ്പറ്റി, ജീവിതകാലംമുഴുവന്‍ ഓര്‍മ്മിക്കുന്നതിനുവേണ്ടിയാണിത്. തിടുക്കത്തിലാണല്ലോ ഈജിപ്തില്‍നിന്നു നീ പുറപ്പെട്ടത്.
4: ഏഴുദിവസത്തേക്കു നിൻ്റെ അതിര്‍ത്തിക്കുള്ളില്‍ പുളിമാവു കാണരുത്. പ്രഥമദിവസം സായാഹ്നത്തിലര്‍പ്പിക്കുന്ന ബലിയുടെ മാംസത്തില്‍, അല്പംപോലും പ്രഭാതംവരെയവശേഷിക്കുകയുമരുത്.
5: നിൻ്റെ ദൈവമായ കര്‍ത്താവു നിനക്കുതരുന്ന പട്ടണങ്ങളില്‍ ഏതിലെങ്കിലുംവച്ച്, പെസഹാബലിയര്‍പ്പിച്ചാല്‍പ്പോരാ;
6: നിൻ്റെ ദൈവമായ കര്‍ത്താവു തൻ്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി തിരഞ്ഞെടുത്ത സ്ഥലത്തുവച്ച്, സൂര്യാസ്തമയസമയത്ത്, അതായത്, നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ട സമയത്ത്, പെസഹാബലിയര്‍പ്പിക്കണം.
7: നിൻ്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച്, അതു വേവിച്ചു ഭക്ഷിച്ചതിനുശേഷം രാവിലെയെഴുന്നേറ്റു കൂടാരത്തിലേക്കു മടങ്ങണം.
8: ആറുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാംദിവസം നിൻ്റെ ദൈവമായ കര്‍ത്താവിനുവേണ്ടി, നിങ്ങള്‍, ആഘോഷപൂര്‍വ്വം ഒരുമിച്ചുകൂടണം.
9: അന്നു ജോലിയൊന്നും ചെയ്യരുത്.

ആഴ്ചകളുടെ തിരുനാള്‍

10: ഏഴാഴ്ചകളെണ്ണുക. കൊയ്ത്തുതുടങ്ങിയ ദിവസംമുതലാണ് ആഴ്ചകളെണ്ണേണ്ടത്. അനന്തരം, നിൻ്റെ ദൈവമായ കര്‍ത്താവു നിനക്കുനല്കുന്ന അനുഗ്രഹങ്ങള്‍ക്കൊത്തവിധം സ്വാഭീഷ്ടക്കാഴ്ചകള്‍ സമര്‍പ്പിച്ചുകൊണ്ട്, അവിടുത്തേക്ക് ആഴ്ചകളുടെ തിരുനാള്‍കൊണ്ടാടുക.
11: നിൻ്റെ ദൈവമായ കര്‍ത്താവ്, തൻ്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു നീയും നിൻ്റെ മകനും മകളും ദാസനും ദാസിയും നിൻ്റെ പട്ടണത്തിലുള്ള ലേവ്യനും നിൻ്റെയിടയിലുള്ള പരദേശിയും അനാഥനും വിധവയും അവിടുത്തെ മുമ്പില്‍ സന്തോഷിക്കണം.
12: ഈജിപ്തില്‍, നീ അടിമയായിരുന്നെന്നോര്‍മ്മിക്കുക; ഈ കല്പനകളെല്ലാം ശ്രദ്ധാപൂര്‍വ്വമനുസരിക്കണം.

കൂടാരത്തിരുനാള്‍

13: ധാന്യവും വീഞ്ഞും ശേഖരിച്ചുകഴിയുമ്പോള്‍ ഏഴുദിവസത്തേക്കു കൂടാരത്തിരുനാളാചരിക്കണം.
14: ഈ തിരുനാളില്‍, നീയും നിൻ്റെ മകനും മകളും ദാസനും ദാസിയും നിൻ്റെ പട്ടണത്തിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കണം.
15: നിൻ്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്ത്, അവിടുത്തേക്ക് ഏഴുദിവസം തിരുനാളാഘോഷിക്കണം. നിൻ്റെ എല്ലാ വിളവുകളും പ്രയത്നങ്ങളും നിൻ്റെ ദൈവമായ കര്‍ത്താവനുഗ്രഹിക്കും; നീ സന്തോഷപൂരിതനാവുകയും ചെയ്യും.
16: ആണ്ടില്‍ മൂന്നു പ്രാവശ്യം, പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാളിലും ആഴ്ചകളുടെ തിരുനാളിലും കൂടാരത്തിരുനാളിലും നിൻ്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്ത്, പുരുഷന്മാരെല്ലാവരും സമ്മേളിക്കണം. അവര്‍ കര്‍ത്താവിൻ്റെ മുമ്പില്‍ വെറും കൈയോടെ വരരുത്.
17: നിൻ്റെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു നല്കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കൊത്തവിധം, ഓരോരുത്തരും കഴിവനുസരിച്ചു കാഴ്ചകള്‍ സമര്‍പ്പിക്കണം.

നീതിപാലനം

18: നിൻ്റെ ദൈവമായ കര്‍ത്താവു നല്കുന്ന പട്ടണങ്ങളില്‍ ഗോത്രംതോറും ന്യായാധിപന്മാരെയും സ്ഥാനികളെയും നിയമിക്കണം. അവര്‍ ജനങ്ങള്‍ക്കു നിഷ്പക്ഷമായി നീതി നടത്തിക്കൊടുക്കട്ടെ.
19: നിൻ്റെ വിധികള്‍ നീതിവിരുദ്ധമായിരിക്കരുത്. നീ പക്ഷപാതം കാട്ടുകയോ കൈക്കൂലി വാങ്ങുകയോ അരുത്. എന്തെന്നാല്‍, കൈക്കൂലി, ജ്ഞാനിയെ അന്ധനാക്കുകയും നീതിനിഷേധിക്കാന്‍ പ്രേരിപ്പിക്കുകയുംചെയ്യുന്നു.
20: നീ ജീവിച്ചിരിക്കുന്നതിനും നിൻ്റെ ദൈവമായ കര്‍ത്താവുതരുന്ന രാജ്യം കൈവശമാക്കുന്നതിനുംവേണ്ടി നീതിമാത്രം പ്രവര്‍ത്തിക്കുക.
21: നിൻ്റെ ദൈവമായ കര്‍ത്താവിനു നീയുണ്ടാക്കുന്ന ബലിപീഠത്തിനരികേ, അഷേരാദേവതയുടെ പ്രതീകമായി ഒരു വൃക്ഷവും നട്ടുപിടിപ്പിക്കരുത്.
22: നിൻ്റെ ദൈവമായ കര്‍ത്താവു വെറുക്കുന്ന സ്തംഭവും നീ സ്ഥാപിക്കരുത്.

അദ്ധ്യായം 17

1: ന്യൂനതയോ എന്തെങ്കിലും വൈകല്യമോ ഉള്ള കാളയെയോ ആടിനെയോ നിൻ്റെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കരുത്; എന്തെന്നാല്‍, അതവിടുത്തേക്കു നിന്ദ്യമാണ്.
2: നിൻ്റെ ദൈവമായ കര്‍ത്താവു നിനക്കുതരുന്ന ഏതെങ്കിലും പട്ടണത്തില്‍, സ്ത്രീയോ പുരുഷനോ ആരായാലും, അവിടുത്തെമുമ്പില്‍ തിന്മപ്രവര്‍ത്തിച്ച്, അവിടുത്തെ ഉടമ്പടിലംഘിക്കുകയും
3: ഞാന്‍ വിലക്കിയിട്ടുള്ള അന്യദേവന്മാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ആകാശശക്തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന്
4: ആരെങ്കിലും പറഞ്ഞു നീ കേട്ടാല്‍, ഉടനെ അതിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കണം. ഇസ്രായേലില്‍ അങ്ങനെയൊരു ഹീനകൃത്യം നടന്നിരിക്കുന്നുവെന്നു തെളിഞ്ഞാല്‍,
5: ആ തിന്മ പ്രവര്‍ത്തിച്ചയാളെ പട്ടണവാതില്‍ക്കല്‍ക്കൊണ്ടുവന്നു കല്ലെറിഞ്ഞു കൊല്ലണം.
6: രണ്ടോ മൂന്നോ സാക്ഷികള്‍ അവനെതിരായി മൊഴിനല്കിയെങ്കില്‍മാത്രമേ അവനെ വധിക്കാവൂ. ഒരു സാക്ഷിയുടെമാത്രം മൊഴിയില്‍ ആരും വധിക്കപ്പെടരുത്.
7: സാക്ഷികളുടെ കരങ്ങളാണു വധിക്കപ്പെടേണ്ടവൻ്റെമേല്‍ ആദ്യം പതിയേണ്ടത്. അതിനുശേഷം മറ്റുള്ളവരുടെ കരങ്ങള്‍. അങ്ങനെ നിങ്ങളുടെയിടയില്‍നിന്ന് ആ തിന്മ നീക്കിക്കളയണം.
8: കൊലപാതകം, അവകാശവാദം, ദേഹോപദ്രവം മുതലായ കാര്യങ്ങളിലേതെങ്കിലും നിൻ്റെ പട്ടണത്തില്‍ വ്യവഹാരവിഷയമാവുകയും വിധിപറയുക നിനക്കു ദുഷ്‌കരമാവുകയും ചെയ്താല്‍, നിൻ്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുചെന്ന്,
9: ലേവ്യപുരോഹിതനോടും ന്യായാധിപനോടുമാലോചിക്കണം. അവര്‍ വിധിതീര്‍പ്പു നിന്നെയറിയിക്കും.
10: കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുള്ള, അവരറിയിക്കുന്ന തീരുമാനമനുസരിച്ചു നീ പ്രവര്‍ത്തിച്ചുകൊള്ളുക; അവരുടെ നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്മമായി നടപ്പിലാക്കാന്‍ ശ്രദ്ധിക്കണം.
11: അവരുടെ നിര്‍ദ്ദേശവും ന്യായവിധിയുമനുസരിച്ചു പ്രവര്‍ത്തിക്കുക. അവരുടെ നിശ്ചയത്തില്‍നിന്നു നീ ഇടംവലം വ്യതിചലിക്കരുത്.
12: നിൻ്റെ ദൈവമായ, കര്‍ത്താവിൻ്റെമുമ്പില്‍ പരികര്‍മ്മംചെയ്യുന്ന പുരോഹിതനെയോ ന്യായാധിപനെയോ അനുസരിക്കാതെ ഒരുവന്‍ ധിക്കാരപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍, അവന്‍ വധിക്കപ്പെടണം. അങ്ങനെ ഇസ്രായേലില്‍നിന്ന് ആ തിന്മ നീക്കിക്കളയണം.
13: ജനം ഇതുകേട്ടു ഭയപ്പെടുകയും പിന്നീടൊരിക്കലും ധിക്കാരപൂര്‍വ്വം പെരുമാറാതിരിക്കുകയും ചെയ്യട്ടെ.

രാജാവിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍

14: നിൻ്റെ ദൈവമായ കര്‍ത്താവു നിനക്കുനല്കുന്ന ദേശം കൈവശമാക്കി, നീ താമസമുറപ്പിച്ചുകഴിയുമ്പോള്‍, ചുറ്റുമുള്ള ജനതകള്‍ക്കെന്നതുപോലെ നിനക്കും രാജാവുണ്ടായിരിക്കണമെന്നു നീയാഗ്രഹിച്ചാല്‍,
15: നിൻ്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന ആളെയാണ് രാജാവാക്കേണ്ടത്. നിൻ്റെ സഹോദരരില്‍നിന്നുമാത്രമേ രാജാവിനെ വാഴിക്കാവൂ. പരദേശിയെ ഒരിക്കലും രാജാവാക്കരുത്.
16: രാജാവു കുതിരകളുടെ എണ്ണം വര്‍ദ്ധിപ്പിക്കരുത്. അതിനായി ജനം ഈജിപ്തിലേക്കു മടങ്ങിപ്പോകാന്‍ ഇടയാക്കുകയുമരുത്. ഇനിയൊരിക്കലും ആ വഴിയെ തിരിയെപ്പോകരുതെന്നു കര്‍ത്താവു നിന്നോടു കല്പിച്ചിട്ടുണ്ടല്ലോ.
17: രാജാവിന്, അനേകം ഭാര്യമാരുണ്ടായിരിക്കരുത്. ഉണ്ടെങ്കില്‍ അവൻ്റെ ഹൃദയം വഴിതെറ്റിപ്പോകും. രാജാവു തനിക്കുവേണ്ടി പൊന്നും വെള്ളിയും അമിതമായി സംഭരിക്കരുത്.
18: രാജാവു സിംഹാസനസ്ഥനായിക്കഴിയുമ്പോള്‍, ലേവ്യപുരോഹിതരുടെപക്കല്‍ സൂക്ഷിക്കപ്പെടുന്ന ഈ നിയമത്തിൻ്റെ ഒരു പകര്‍പ്പ്, പുസ്തകച്ചുരുളില്‍ എഴുതിയെടുക്കണം.
19: അവനതു സൂക്ഷിക്കണം; തൻ്റെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടുകയും ഈ നിയമത്തിലെ എല്ലാ അനുശാസനങ്ങളും ചട്ടങ്ങളും ശ്രദ്ധാപൂര്‍വ്വം പാലിക്കുകയുംചെയ്യാന്‍ ജീവിതത്തിലെ എല്ലാദിവസവും അതു വായിക്കുകയുംചെയ്യണം.
20: അങ്ങനെ, തൻ്റെ സഹോദരനെക്കാള്‍ വലിയവനാണു താനെന്ന്, അവന്‍ വിചാരിക്കുകയോ പ്രമാണങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിക്കുകയോ ചെയ്യാതിരിക്കട്ടെ. അപ്പോള്‍ അവനും പുത്രന്മാരും ദീര്‍ഘകാലം ഇസ്രായേലില്‍ രാജാവായി ഭരിക്കും.

അദ്ധ്യായം 18

പുരോഹിതരുടെയും ലേവ്യരുടെയും ഓഹരി

1: പുരോഹിതഗോത്രമായ ലേവിക്ക്, ഇസ്രായേലിൻ്റെ മറ്റു ഗോത്രങ്ങളെപ്പോലെ ഓഹരിയും അവകാശവുമുണ്ടായിരിക്കുകയില്ല. കര്‍ത്താവിൻ്റെ ദഹനബലികളും അവിടുത്തെ അവകാശങ്ങളുമായിരിക്കും അവരുടെയോഹരി.
2: സഹോദരന്മാര്‍ക്കിടയില്‍ അവര്‍ക്ക് ഓഹരിയുണ്ടായിരിക്കുകയില്ല. കര്‍ത്താവരുളിച്ചെയ്തിട്ടുള്ളതുപോലെ, അവിടുന്നായിരിക്കും അവരുടെയോഹരി.
3: ബലിയര്‍പ്പിക്കുന്ന ജനത്തില്‍നിന്നു പുരോഹിതന്മാര്‍ക്കുള്ള വിഹിതമിതായിരിക്കും: ബലികഴിക്കുന്ന കാളയുടെയും ആടിൻ്റെയും കൈക്കുറകുകള്‍, കവിള്‍ത്തടങ്ങള്‍, ഉദരഭാഗം ഇവ പുരോഹിതനു നല്കണം.
4: ധാന്യം, വീഞ്ഞ്, എണ്ണ ഇവയുടെ ആദ്യഫലവും ആടുകളില്‍നിന്ന് ആദ്യം കത്രിച്ചെടുക്കുന്ന രോമവും അവനു കൊടുക്കണം.
5: നിങ്ങളുടെ സകലഗോത്രങ്ങളിലുംനിന്നു തൻ്റെമുന്നില്‍ നില്‍ക്കാനും തൻ്റെ നാമത്തില്‍ ശുശ്രൂഷചെയ്യാനും അവനെയും അവൻ്റെ പുത്രന്മാരെയുമാണല്ലോ എന്നേയ്ക്കുമായി നിൻ്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുത്തിരിക്കുന്നത്.
6: ഇസ്രായേല്‍പ്പട്ടണങ്ങളില്‍ എവിടെയെങ്കിലും താമസിക്കുന്ന ഒരു ലേവ്യന്‍, കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുവരാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ വന്നുകൊള്ളട്ടെ.
7: കര്‍ത്താവിൻ്റെ സന്നിധിയില്‍ ശുശ്രൂഷചെയ്യാനായി നില്ക്കുന്ന സഹോദരലേവ്യരെപ്പോലെ, അവനും നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമത്തില്‍ ശുശ്രൂഷചെയ്യാം.
8: പിതൃസമ്പത്തു വിറ്റുകിട്ടുന്ന തുകയ്ക്കുപുറമേ, ഭക്ഷണത്തില്‍ മറ്റു ലേവ്യരോടൊപ്പം തുല്യമായ ഓഹരി അവനുണ്ടായിരിക്കും.
9: നിൻ്റെ ദൈവമായ കര്‍ത്താവുതരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങളനുകരിക്കരുത്.
10: മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി,
11: വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയിലുണ്ടായിരിക്കരുത്.
12: ഇത്തരക്കാര്‍ കര്‍ത്താവിനു നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്നവരെ നിങ്ങളുടെ മുമ്പില്‍നിന്നു നിഷ്‌കാസനം ചെയ്യുന്നത്.
13: നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ മുമ്പില്‍ നീ കുറ്റമറ്റവനായിരിക്കണം.

മോശയെപ്പോലെ ഒരു പ്രവാചകന്‍

14: നീ കീഴടക്കാന്‍പോകുന്ന ജനതകള്‍, ജ്യോത്സ്യരെയും പ്രാശ്നികരെയും ശ്രവിച്ചിരുന്നു. എന്നാല്‍, നിൻ്റെ ദൈവമായ കര്‍ത്താവു നിന്നെ അതിനനുവദിച്ചിട്ടില്ല.
15: നിൻ്റെ ദൈവമായ കര്‍ത്താവു നിൻ്റെ സഹോദരങ്ങളുടെയിടയില്‍നിന്ന് എന്നെപ്പോലെയുള്ളൊരു പ്രവാചകനെ നിനക്കുവേണ്ടിയയയ്ക്കും. അവൻ്റെ വാക്കാണു നീ ശ്രവിക്കേണ്ടത്. 
16: ഹോറെബില്‍ സമ്മേളിച്ച ദിവസം, നിൻ്റെ ദൈവമായ കര്‍ത്താവിനോടു നീ യാചിച്ചതനുസരിച്ചാണിത്. ഞാന്‍ മരിക്കാതിരിക്കേണ്ടതിന്, എൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സ്വരം വീണ്ടും ഞാന്‍ കേള്‍ക്കാതിരിക്കട്ടെ. ഈ മഹാഗ്നി ഒരിക്കലും കാണാതിരിക്കട്ടെയെന്ന്, അന്നു നീ പറഞ്ഞു.
17: അന്നു കര്‍ത്താവെന്നോടരുളിച്ചെയ്തു: അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു.
18: അവരുടെ സഹോദരന്മാരുടെയിടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എൻ്റെ വാക്കുകള്‍, ഞാനവൻ്റെ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവനവരോടു പറയും.
19: എൻ്റെ നാമത്തിലവന്‍ പറയുന്ന, എൻ്റെ വാക്കുകള്‍ശ്രവിക്കാത്തവരോടു ഞാന്‍തന്നെ പ്രതികാരം ചെയ്യും.
20: എന്നാല്‍, ഒരു പ്രവാചകന്‍ ഞാന്‍ കല്പിക്കാത്ത കാര്യം എൻ്റെ നാമത്തില്‍ പറയുകയോ അന്യദേവന്മാരുടെ നാമത്തില്‍ സംസാരിക്കുകയോചെയ്താല്‍ ആ പ്രവാചകന്‍ വധിക്കപ്പെടണം.
21: കര്‍ത്താവരുളിച്ചെയ്യാത്തതാണ് ഒരു പ്രവാചകൻ്റെ വാക്കെന്നു ഞാനെങ്ങനെയറിയുമെന്നു നീ മനസാ ചോദിച്ചേക്കാം.
22: ഒരു പ്രവാചകന്‍ കര്‍ത്താവിൻ്റെ നാമത്തില്‍ സംസാരിച്ചിട്ട്, അതു സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോചെയ്താല്‍, ആ വാക്കു കര്‍ത്താവരുളിച്ചെയ്തിട്ടുള്ളതല്ല. ആ പ്രവാചകന്‍ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്. നീയവനെ ഭയപ്പെടേണ്ടാ.


അദ്ധ്യായം 19

അഭയനഗരങ്ങള്‍

1: നിൻ്റെ ദൈവമായ കര്‍ത്താവു ജനതകളെ നശിപ്പിച്ച്, അവരുടെസ്ഥലം നിനക്കുതരുകയും നീയതു കൈവശമാക്കി, അവരുടെ പട്ടണങ്ങളിലും ഭവനങ്ങളിലും വാസമുറപ്പിക്കുകയും ചെയ്യുമ്പോള്‍,
2: അവിടുന്നു നിനക്കവകാശമായിത്തരുന്ന ദേശത്തു മൂന്നു പട്ടണങ്ങള്‍ വേര്‍തിരിക്കണം.
3: ആ ദേശത്തെ, മൂന്നായി വിഭജിക്കുകയും ഏതു കൊലപാതകിക്കും ഓടിയൊളിക്കാന്‍വേണ്ടി, അവിടെയുള്ള മൂന്നു പട്ടണങ്ങളിലേക്കും വഴി നിര്‍മ്മിക്കുകയുംവേണം.
4: കൊലപാതകിക്ക് അവിടെ അഭയംതേടി, ജീവന്‍ രക്ഷിക്കാവുന്ന സാഹചര്യമിതാണ്: പൂര്‍വ്വവിദ്വേഷംകൂടാതെ അബദ്ധവശാല്‍ തൻ്റെ അയല്‍ക്കാരനെ കൊല്ലാനിടയാല്‍,
5: ഉദാഹരണത്തിന്, അവന്‍ മരം മുറിക്കാനായി അയല്‍ക്കാരനോടുകൂടെ കാട്ടിലേക്കു പോകുകയും മരം മുറിക്കുന്നതിനിടയില്‍ കോടാലി കൈയില്‍നിന്നു തെറിച്ച്, അയല്‍ക്കാരൻ്റെമേല്‍ പതിക്കുകയും, തന്മൂലം അവന്‍ മരിക്കുകയുംചെയ്താല്‍, അവന്‍ മേല്പറഞ്ഞ ഏതെങ്കിലും പട്ടണത്തില്‍ ഓടിയൊളിക്കട്ടെ.
6: അഭയനഗരത്തിലേക്കുള്ള വഴി ദീര്‍ഘമാണെങ്കില്‍, വധിക്കപ്പെട്ടവൻ്റെ രക്തത്തിനു പ്രതികാരംചെയ്യേണ്ട ബന്ധു, കോപാക്രാന്തനായി ഘാതകൻ്റെ പിറകേ ഓടിയെത്തുകയും പൂര്‍വ്വവിദ്വേഷം ഇല്ലാതിരുന്നതിനാല്‍ മരണശിക്ഷയ്ക്കര്‍ഹനല്ലെങ്കില്‍പ്പോലും അവനെക്കൊല്ലുകയും ചെയ്‌തേക്കാം.
7: അതുകൊണ്ടാണു മൂന്നു പട്ടണങ്ങള്‍ തിരിച്ചിടണമെന്നു ഞാന്‍ കല്പിക്കുന്നത്.
8: ഞാനിന്നു നല്കുന്ന ഈ കല്പനകളെല്ലാം ശ്രദ്ധാപൂര്‍വ്വമനുസരിച്ച്, നിൻ്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും എന്നും അവിടുത്തെ വഴിയില്‍ നടക്കുകയുംചെയ്താല്‍,   
9: നിൻ്റെ ദൈവമായ കര്‍ത്താവു നിൻ്റെ പിതാക്കന്മാരോടു ശപഥംചെയ്തിട്ടുള്ളതുപോലെ നിൻ്റെ രാജ്യത്തിൻ്റെ അതിര്‍ത്തി വിസ്തൃതമാക്കി, നിൻ്റെ പിതാക്കന്മാര്‍ക്കു നല്കുമെന്നു വാഗ്ദാനംചെയ്ത ദേശംമുഴുവന്‍ നിനക്കുതരും. അപ്പോള്‍ മറ്റു മൂന്നു പട്ടണങ്ങള്‍കൂടെ നീ ആദ്യത്തെ മൂന്നിനോടു ചേര്‍ക്കും.
10: നിൻ്റെ ദൈവമായ കര്‍ത്താവു നിനക്ക് അവകാശമായിത്തരുന്ന ദേശത്തു നിര്‍ദ്ദോഷൻ്റെ രക്തമൊഴുകുകയും ആ രക്തത്തിൻ്റെ കുറ്റം നിൻ്റെമേല്‍പ്പതിക്കുകയും ചെയ്യാതിരിക്കേണ്ടതിനാണിത്.
11: എന്നാല്‍, ഒരുവന്‍ തൻ്റെ അയല്‍ക്കാരനെ വെറുക്കുകയും പതിയിരുന്നാക്രമിക്കുകയും മാരകമായി മുറിവേല്പിച്ചു കൊല്ലുകയുംചെയ്തതിനുശേഷം ഈ പട്ടണങ്ങളിലൊന്നില്‍ ഓടിയൊളിച്ചാല്‍,
12: അവൻ്റെ പട്ടണത്തിലെ ശ്രേഷ്ഠന്മാര്‍ അവനെ ആളയച്ചുവരുത്തി രക്തത്തിനു പ്രതികാരംചെയ്യേണ്ടവൻ്റെ കരങ്ങളില്‍ കൊല്ലാനേല്പിച്ചുകൊടുക്കണം.
13: അവനോടു കാരുണ്യം കാണിക്കരുത്; നിഷ്‌കളങ്കരക്തം ചിന്തിയ കുറ്റം ഇസ്രായേലില്‍നിന്നു തുടച്ചുമാറ്റണം. അപ്പോള്‍ നിനക്കു നന്മയുണ്ടാകും.
14: നിൻ്റെ ദൈവമായ കര്‍ത്താവ്, അവകാശമായിത്തരുന്ന ദേശത്തു നിനക്കോഹരി ലഭിക്കുമ്പോള്‍ അയല്‍ക്കാരൻ്റെ അതിര്‍ത്തിക്കല്ലു പൂര്‍വികര്‍ സ്ഥാപിച്ചിടത്തുനിന്നു മാറ്റരുത്.

സാക്ഷികള്‍

15: തെറ്റിൻ്റെയോ കുറ്റത്തിൻ്റെയോ സത്യാവസ്ഥ തീരുമാനിക്കാന്‍ ഒരു സാക്ഷി പോരാ; രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിവേണം.
16: ആരെങ്കിലും വ്യാജമായി ഒരുവനെതിരേ കുറ്റമാരോപിക്കുകയാണെങ്കില്‍
17: ഇരുവരും കര്‍ത്താവിൻ്റെ സന്നിധിയില്‍, അന്നത്തെ പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും അടുത്തുചെല്ലണം.
18: ന്യായാധിപന്മാര്‍ സൂക്ഷ്മമായ അന്വേഷണംനടത്തണം. സാക്ഷി, കള്ളസാക്ഷിയാണെന്നും അവന്‍ തൻ്റെ സഹോദരനെതിരായി വ്യാജാരോപണംനടത്തിയെന്നും തെളിഞ്ഞാല്‍,
19: അവന്‍ തൻ്റെ സഹോദരനോടു ചെയ്യാനുദ്ദ്യേശിച്ചത്, നീയവനോടുചെയ്യണം. അങ്ങനെ, ആ തിന്മ നിങ്ങളുടെയിടയില്‍നിന്നു നീക്കിക്കളയണം. 
20: മറ്റുള്ളവര്‍, ഇതുകേട്ടു ഭയപ്പെട്ട്, ഇത്തരം തിന്മ നിങ്ങളുടെയിടയില്‍ മേലില്‍ പ്രവര്‍ത്തിക്കാതിരിക്കട്ടെ.
21: നീ, അവനോടു കാരുണ്യംകാണിക്കരുത്. ജീവനു പകരം ജീവന്‍, കണ്ണിനു കണ്ണ്, പല്ലിനു പല്ല്, കൈക്കു കൈ, കാലിനു കാല്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ