നാല്പതാംദിവസം: സംഖ്യ 11 - 14


അദ്ധ്യായം 11

ജനം പരാതിപ്പെടുന്നു

1: കര്‍ത്താവിന് അനിഷ്ടമാകത്തക്കവിധം ജനം പിറുപിറുത്തു. അതുകേട്ടപ്പോള്‍ കര്‍ത്താവിൻ്റെ കോപംജ്വലിച്ചു. അവിടുത്തെയഗ്നി, അവരുടെയിടയില്‍ പടര്‍ന്നുകത്തി. അതു പാളയത്തിൻ്റെ ചില ഭാഗങ്ങള്‍ ദഹിപ്പിച്ചുകളഞ്ഞു. 
2: ജനം മോശയോടു നിലവിളിച്ചു. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. അഗ്നി ശമിക്കുകയുംചെയ്തു.
3: കര്‍ത്താവിയി കോപാഗ്നി അവരുടെയിടയില്‍ ജ്വലിച്ചതിനാല്‍ ആ സ്ഥലത്തിനു 'തബേരാ' എന്നുപേരായി.
4: ഇസ്രായേല്യരുടെയിടയിലുണ്ടായിരുന്ന അന്യവര്‍ഗ്ഗക്കാര്‍ ദുരാഗ്രഹങ്ങള്‍ക്കടിമകളായി. ഇസ്രായേല്യരും സങ്കടംപറച്ചില്‍ തുടര്‍ന്നു.
5: ആരാണു ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസംതരുക? ഈജിപ്തില്‍ വെറുതെകിട്ടിയിരുന്ന മത്സ്യം, വെള്ളരിക്ക, മത്തങ്ങ, സവോള, ചെമന്നുള്ളി, വെള്ളുള്ളി ഇവയൊക്കെ ഞങ്ങള്‍ ഓര്‍ക്കുന്നു.
6: ഇവിടെ ഞങ്ങളുടെ പ്രാണന്‍പോകുന്നു. ഈ മന്നായല്ലാതെ മറ്റൊന്നും കാണാനില്ല.
7: മന്നായ്ക്കു കൊത്തമ്പാലരിയുടെ ആകൃതിയും ഗുല്‍ഗുലുവിൻ്റെ നിറവുമായിരുന്നു.
8: ജനം ചുറ്റിനടന്ന്, അതു ശേഖരിച്ചു തിരികല്ലിലോ ഉരലിലോ ഇട്ടുപൊടിച്ചു കലത്തില്‍വേവിച്ച്, അപ്പമുണ്ടാക്കിപ്പോന്നു. എണ്ണചേര്‍ത്തു ചുട്ട അപ്പത്തിന്റേതുപോലെയായിരുന്നു അതിൻ്റെ രുചി.
9: രാത്രി പാളയത്തിനുമേല്‍ മഞ്ഞുപെയ്യുമ്പോള്‍ മന്നായും പൊഴിയും.
10: ഇസ്രായേല്‍ കുടുംബങ്ങള്‍ ഓരോന്നും സ്വന്തം കൂടാരവാതില്‍ക്കലിരുന്നു വിലപിക്കുന്നതു മോശ കേട്ടു. കര്‍ത്താവിൻ്റെ കോപം ആളിക്കത്തി; മോശയ്ക്കു നീരസംജനിച്ചു.
11: മോശ കര്‍ത്താവിനോടു പറഞ്ഞു: അങ്ങയുടെ ദാസനോട് ഇത്ര കഠിനമായി വര്‍ത്തിക്കുന്നതെന്തുകൊണ്ട്? അങ്ങെന്നോടു കൃപകാട്ടാത്തതെന്തുകൊണ്ട്? ഈ ജനത്തിൻ്റെ ഭാരമെല്ലാം എന്തേ എൻ്റെമേല്‍ ചുമത്തിയിരിക്കുന്നു?
12: ഞാനാണോ ഈ ജനത്തെ ഗര്‍ഭംധരിച്ചത്? അവരുടെ പിതാക്കന്മാര്‍ക്ക് അവിടുന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക്, മുലകുടിക്കുന്ന കുഞ്ഞിനെ ധാത്രിയെന്നപോലെ, മാറില്‍ വഹിച്ചുകൊണ്ടുപോകുകയെന്നെന്നോടു പറയുവാന്‍ ഞാനാണോ അവരെ പ്രസവിച്ചത്?
13: ഈ ജനത്തിനെല്ലാം നല്കാന്‍ എവിടെനിന്നു മാംസം കിട്ടും? ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം തരുകയെന്നുപറഞ്ഞ്, അവര്‍ കരയുന്നു.
14: ഈ ജനത്തെ മുഴുവന്‍ താങ്ങാന്‍ ഞാന്‍ ശക്തനല്ല; അത്, എൻ്റെ കഴിവിനതീതമാണ്.
15: ഇപ്രകാരമാണ്, അവിടുന്നെന്നോടു വര്‍ത്തിക്കുന്നതെങ്കില്‍, കൃപതോന്നി എന്നെയുടനെ കൊന്നുകളയണം. ഈ കഷ്ടത ഞാന്‍ കാണാതിരിക്കട്ടെ.

എഴുപതു നേതാക്കന്മാര്‍

16: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ജനത്തിലെ ശ്രേഷ്ഠന്മാരിലും പ്രമാണികളിലുംനിന്ന് എഴുപതുപേരെ വിളിച്ചുകൂട്ടുക. അവരെ സമാഗമകൂടാരത്തിങ്കല്‍ കൊണ്ടുവരുക. അവര്‍, അവിടെ നിന്നോടൊപ്പം നില്‍ക്കട്ടെ.
17: ഞാനിറങ്ങിവന്നു നിന്നോടു സംസാരിക്കും. നിൻ്റെമേലുള്ള ചൈതന്യത്തില്‍നിന്ന്, ഒരു ഭാഗം അവരിലേക്കു ഞാന്‍ പകരും. ജനത്തിൻ്റെ ചുമതല നിന്നോടൊപ്പം, അവരും വഹിക്കും;
18: നീ ഒറ്റയ്ക്കു വഹിക്കേണ്ടാ. ജനത്തോടു പറയുക: നാളത്തേയ്ക്കു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം ലഭിക്കും. ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം ആരു തരും? ഈജിപ്തില്‍ ഞങ്ങള്‍ സന്തുഷ്ടരായിരുന്നു എന്നു കര്‍ത്താവിനോടു നിങ്ങള്‍ പരാതിപ്പെട്ടു. അതിനാല്‍, കര്‍ത്താവു നിങ്ങള്‍ക്കു മാംസംതരും, നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യും.
19: ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേയ്ക്കല്ല നിങ്ങളതു തിന്നുക.
20: നിങ്ങളുടെ മൂക്കിലൂടെ പുറത്തുവന്ന്, ഓക്കാനംവരുന്നതുവരെ ഒരു മാസത്തേക്കു നിങ്ങളതു ഭക്ഷിക്കും. എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെയിടയില്‍ വസിക്കുന്ന കര്‍ത്താവിനെ നിങ്ങളുപേക്ഷിക്കുകയും ഈജിപ്തില്‍നിന്നുപോന്നതു ബുദ്ധിമോശമായിപ്പോയി എന്നു വിലപിക്കുകയും ചെയ്തു.
21: മോശ കര്‍ത്താവിനോടു പറഞ്ഞു: എന്നോടൊത്ത് ആറുലക്ഷം യോദ്ധാക്കള്‍തന്നെയുണ്ട്. എന്നിട്ടും അങ്ങു പറയുന്നു, ഒരു മാസത്തേയ്ക്ക് അവര്‍ക്കു ഭക്ഷിക്കാന്‍ മാംസം നല്കാമെന്ന്.
22: ആടുകളെയും കാളകളെയും അവര്‍ക്കു മതിയാവോളം അറക്കുമോ? അവര്‍ക്കു തൃപ്തിയാവോളം കടലിലെ മത്സ്യത്തെ ഒരുമിച്ചുകൂട്ടുമോ?
23: കര്‍ത്താവു മോശയോടരുളിച്ചെയ്തു: എൻ്റെ കൈക്കു നീളംകുറഞ്ഞുപോയോ? എൻ്റെ വാക്കു നിറവേറുമോ ഇല്ലയോ എന്നു നീ കാണും.
24: മോശ പുറത്തു ചെന്നു കര്‍ത്താവിൻ്റെ വാക്കുകള്‍ ജനത്തെയറിയിച്ചു. അവരുടെ നേതാക്കളില്‍നിന്ന്, എഴുപതുപേരെ ഒരുമിച്ചുകൂട്ടി കൂടാരത്തിനുചുറ്റും നിറുത്തി. 
25: കര്‍ത്താവു മേഘത്തിലിറങ്ങിവന്ന്, അവനോടു സംസാരിച്ചു. അവിടുന്നു മോശയുടെമേലുണ്ടായിരുന്ന ചൈതന്യത്തില്‍ ഒരു ഭാഗം എഴുപതു നേതാക്കന്മാരുടെമേല്‍ പകര്‍ന്നു. അപ്പോള്‍ അവര്‍ പ്രവചിച്ചു. പിന്നീട്, അവര്‍ പ്രവചിച്ചിട്ടില്ല.
26: എല്‍ദാദ്, മെദാദ് എന്നീ രണ്ടുപേര്‍ പാളയത്തിനുള്ളില്‍ത്തന്നെ കഴിഞ്ഞു. അവര്‍ക്കും ചൈതന്യം ലഭിച്ചു. അവര്‍ പട്ടികയിലുള്‍പ്പെട്ടിരുന്നെങ്കിലും കൂടാരത്തിൻ്റെ സമീപത്തേക്കു പോയിരുന്നില്ല. അവര്‍ പാളയത്തിനുള്ളില്‍വച്ചുതന്നെ പ്രവചിച്ചു.
27: എല്‍ദാദും മെദാദും പാളയത്തില്‍വച്ചു പ്രവചിക്കുന്നുവെന്ന്, ഒരുയുവാവ് ഓടിച്ചെന്നു മോശയോടു പറഞ്ഞു.
28: ഇതുകേട്ടു നൂനിൻ്റെ മകനും മോശയുടെ തെരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകരിലൊരുവനുമായ ജോഷ്വ പറഞ്ഞു: പ്രഭോ, അവരെ വിലക്കുക.
29: മോശ ജോഷ്വയോടു പറഞ്ഞു: എന്നെപ്രതി നീ അസൂയപ്പെടുന്നുവോ? കര്‍ത്താവിൻ്റെ ജനംമുഴുവന്‍ പ്രവാചകന്മാരാവുകയും അവിടുന്നു തൻ്റെ ആത്മാവിനെ അവര്‍ക്കു നല്കുകയും ചെയ്തിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു.
30: മോശയും ഇസ്രായേലിലെ നേതാക്കന്മാരും പാളയത്തിലേക്കു മടങ്ങി.

കാടപ്പക്ഷി

31: പെട്ടെന്നു കര്‍ത്താവൊരു കാറ്റയച്ചു. ആ കാറ്റ്, കടലില്‍നിന്നു കാടപ്പക്ഷികളെ കൊണ്ടുവന്നു. ഒരുദിവസത്തെ യാത്രയുടെദൂരം വ്യാസാര്‍ദ്ധത്തില്‍, കൂടാരത്തിനുചുറ്റും രണ്ടുമുഴം കനത്തില്‍ മൂടിക്കിടക്കത്തക്കവിധം അതുവീണു.
32: ജനം അന്നു പകലും രാത്രിയും പിറ്റേന്നും കാടപ്പക്ഷികളെ ശേഖരിച്ചു. ഏറ്റവും കുറച്ചു ശേഖരിച്ചവനുപോലും പത്തു ഹോമര്‍ കിട്ടി. അവര്‍ അതു പാളയത്തിനു ചുറ്റും ഉണങ്ങാനിട്ടു.
33: എന്നാല്‍, ഇറച്ചി ഭക്ഷിച്ചുകൊണ്ടിരിക്കെത്തന്നെ കര്‍ത്താവിൻ്റെ കോപം ജനത്തിനെതിരേ ആളിക്കത്തി. ഒരു മഹാമാരിയയച്ച്, അവിടുന്നവരെ ശിക്ഷിച്ചു.
34: അത്യാഗ്രഹികളെ സംസ്‌കരിച്ചതുകൊണ്ട് ആ സ്ഥലത്തിനു 'കിബ്രോത്ത് ഹത്താവ' എന്നുപേരിട്ടു.
35: കിബ്രോത്ത് ഹത്താവയില്‍നിന്നു ജനം ഹസേറോത്തില്‍ച്ചെന്നു താമസിച്ചു.

അദ്ധ്യായം 12

മിരിയാം ശിക്ഷിക്കപ്പെടുന്നു

1: മോശയുടെ ഭാര്യയായ കുഷ്യസ്ത്രീയെപ്രതി മിരിയാമും അഹറോനും അവനെതിരായി സംസാരിച്ചു.
2: കര്‍ത്താവു മോശവഴിമാത്രമാണോ സംസാരിച്ചിട്ടുള്ളത്? ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ? എന്ന്, അവര്‍ ചോദിച്ചു.
3: കര്‍ത്താവതുകേട്ടു. മോശ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലുംവച്ചു സൗമ്യനായിരുന്നു.
4: കര്‍ത്താവുടനെതന്നെ മോശയോടും അഹറോനോടും മിരിയാമിനോടും പറഞ്ഞു: നിങ്ങള്‍ മൂവരും പുറത്തു സമാഗമകൂടാരത്തിലേക്കു വരുവിന്‍.
5: അവര്‍ വെളിയില്‍ വന്നു. കര്‍ത്താവു മേഘസ്തംഭത്തിലിറങ്ങിവന്നു സമാഗമകൂടാരവാതില്ക്കല്‍ നിന്നിട്ട്, അഹറോനെയും മിരിയാമിനെയും വിളിച്ചു.
6: അവര്‍ മുന്നോട്ടുചെന്നു. അവിടുന്ന് അരുളിച്ചെയ്തു: എൻ്റെ വചനം ശ്രവിക്കുക; നിങ്ങളുടെയിടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ കര്‍ത്താവായ ഞാന്‍ ദര്‍ശനത്തില്‍ അവന് എന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും; സ്വപ്നത്തില്‍ അവനോടു സംസാരിക്കുകയും ചെയ്യും.
7: എൻ്റെ ദാസനായ മോശയുടെ കാര്യത്തിലങ്ങനെയല്ല. അവനെ, എൻ്റെ ഭവനത്തിൻ്റെ, മുഴുവന്‍ ചുമതലയുമേല്പിച്ചിരിക്കുന്നു.
8: അവ്യക്തമായിട്ടല്ല, സ്പഷ്ടമായി, മുഖാഭിമുഖം അവനുമായി ഞാന്‍ സംസാരിക്കുന്നു. അവന്‍ കര്‍ത്താവിൻ്റെ രൂപം, കാണുകയുംചെയ്യുന്നു. അങ്ങനെയിരിക്കേ എൻ്റെ ദാസനായ മോശയ്‌ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ഭയപ്പെടാതിരുന്നതെന്ത്?
9: കര്‍ത്താവിൻ്റെ കോപം അവര്‍ക്കെതിരേ ജ്വലിച്ചു. അവിടുന്ന്, അവരെ വിട്ടുപോയി.
10: കൂടാരത്തിൻ്റെ മുകളില്‍നിന്നു മേഘം നീങ്ങിയപ്പോള്‍ മിരിയാം കുഷ്ഠംപിടിച്ചു മഞ്ഞുപോലെ വെളുത്തു. അഹറോന്‍ തിരിഞ്ഞുനോക്കിയപ്പേള്‍ അവള്‍ കുഷ്ഠരോഗിണിയായിത്തീര്‍ന്നതു കണ്ടു.
11: അഹറോന്‍ മോശയോടു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ ബുദ്ധിഹീനമായിട്ടാണു പ്രവര്‍ത്തിച്ചത്; ആ പാപം ഞങ്ങളുടെമേല്‍ ചുമത്തരുതേ!
12: ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തുവരുമ്പോള്‍ത്തന്നെ ശരീരം പകുതിയഴുകിയിരിക്കുന്ന, മരിച്ച ശിശുവിനെപ്പോലെ അവളാകരുതേ! 
13: മോശ കര്‍ത്താവിനോടു നിലവിളിച്ചു: ഞാന്‍ കേണപേക്ഷിക്കുന്നു, ദൈവമേ, അവളെ സുഖപ്പെടുത്തണമേ!
14: കര്‍ത്താവു മോശയോടു പറഞ്ഞു: തൻ്റെ അപ്പന്‍ മുഖത്തു തുപ്പിയാല്‍പ്പോലും അവള്‍ ഏഴുദിവസം ലജ്ജിച്ചിരിക്കയില്ലേ? ഏഴു ദിവസം അവളെ പാളയത്തിനു പുറത്തു പാര്‍പ്പിക്കുക; അതിനുശേഷം അകത്തു കൊണ്ടുവരാം.
15: അങ്ങനെ മിരിയാമിനെ ഏഴു ദിവസത്തേക്കു പാളയത്തില്‍നിന്നു പുറത്താക്കി. അവളെ അകത്തു പ്രവേശിപ്പിക്കുന്നതുവരെ ജനം യാത്രപുറപ്പെട്ടില്ല.
16: അതിനുശേഷം അവര്‍ ഹസേറോത്തില്‍നിന്നു പുറപ്പെട്ടു പാരാൻമരുഭൂമിയില്‍ പാളയമടിച്ചു.

അദ്ധ്യായം 13

കാനാന്‍ദേശം ഒറ്റുനോക്കുന്നു.

1: കര്‍ത്താവു മോശയോടരുളിച്ചെയ്തു:
2: ഞാന്‍ ഇസ്രായേലിനു നല്കുന്ന കാനാന്‍ദേശം ഒറ്റുനോക്കാന്‍ ഓരോ ഗോത്രത്തിലുംനിന്ന് ഓരോ നേതാവിനെയയയ്ക്കുക. 
3: കര്‍ത്താവിൻ്റെ കല്പനയനുസരിച്ച്, പാരാന്‍മരുഭൂമിയില്‍നിന്നു മോശ അവരെയയച്ചു. അവര്‍ ഇസ്രായേലിലെ തലവന്മാരായിരുന്നു.
4: അയച്ചതിവരെയാണ്: റൂബന്‍ഗോത്രത്തില്‍നിന്നു സക്കൂറിൻ്റെ മകന്‍ ഷമ്മുവാ;
5: ശിമയോന്‍ഗോത്രത്തില്‍നിന്നു ഹോറിയുടെ മകന്‍ ഷാഫാത്ത്;
6: യൂദാഗോത്രത്തില്‍ നിന്നു യഫുന്നയുടെ മകന്‍ കാലെബ്;
7: ഇസാക്കര്‍ഗോത്രത്തില്‍നിന്നു ജോസഫിൻ്റെ മകന്‍ ഈഗാല്‍;
8: എഫ്രായിംഗോത്രത്തില്‍ നിന്നു നൂനിൻ്റെ മകന്‍ ഹൊഷെയാ;
9: ബഞ്ചമിന്‍ഗോത്രത്തില്‍ നിന്നു റാഫുവിൻ്റെ മകന്‍ പല്‍തി;
10: സെബുലൂണ്‍ഗോത്രത്തില്‍നിന്നു സോദിയുടെ മകന്‍ ഗദ്ദീയേല്‍;
11: ജോസഫിൻ്റെ - മനാസ്സെയുടെ - ഗോത്രത്തില്‍നിന്നു സൂസിയുടെ മകന്‍ ഗദ്ദീ;
12: ദാന്‍ഗോത്രത്തില്‍നിന്നു ഗമല്ലിയുടെ മകന്‍ അമ്മിയേല്‍;
13: ആഷേര്‍ഗോത്രത്തില്‍ നിന്നു മിഖായേലിൻ്റെ മകന്‍ സെത്തൂര്‍;
14: നഫ്താലിഗോത്രത്തില്‍ നിന്നു വോഫെസിയുടെ മകന്‍ നഹ്ബി;
15: ഗാദ്ഗോത്രത്തില്‍നിന്നു മാക്കിയുടെ മകന്‍ ഗവുവേല്‍.
16: ദേശം ഒറ്റുനോക്കാന്‍ മോശ അയച്ചവരാണിവര്‍. നൂനിൻ്റെ മകന്‍ ഹോഷെയായ്ക്കു മോശ, ജോഷ്വ എന്നു പേരു കൊടുത്തു.
17: ചാരവൃത്തിക്കയയ്ക്കുമ്പോള്‍ മോശ അവരോടിങ്ങനെ പറഞ്ഞു: ഇവിടെനിന്നു നെഗെബിലേക്കും തുടര്‍ന്നു മലമ്പ്രദേശത്തേക്കും പോകുവിന്‍.
18: നാട് ഏതു വിധമുള്ളതാണ്; അവിടത്തെ ജനങ്ങള്‍ ശക്തരോ ബലഹീനരോ; അവര്‍ എണ്ണത്തില്‍ കുറവോ കൂടുതലോ;
19: അവര്‍ വസിക്കുന്ന സ്ഥലം നല്ലതോ ചീത്തയോ; അവര്‍ വസിക്കുന്ന നഗരങ്ങള്‍ വെറും കൂടാരങ്ങളോ മതില്‍കെട്ടിയുറപ്പിച്ചതോ;
20: ഭൂമി ഫലപുഷ്ടിയുള്ളതോ അല്ലാത്തതോ; വൃക്ഷസമ്പത്തുള്ളതോ ഇല്ലാത്തതോ എന്നു പരിശോധിക്കണം. ധൈര്യമവലംബിക്കുവിന്‍. ആ ദേശത്തുനിന്നു കുറച്ചു ഫലങ്ങളും കൊണ്ടുവരണം. മുന്തിരി പഴുത്തുതുടങ്ങുന്ന കാലമായിരുന്നു അത്.
21: അവര്‍ പോയി, സിന്‍മരുഭൂമിമുതല്‍ ഹമാത്തിൻ്റെ കവാടത്തിനടുത്തു റഹോബുവരെയുള്ള പ്രദേശം രഹസ്യമായിനിരീക്ഷിച്ചു.
22: അവര്‍ നെഗെബുകടന്നു ഹെബ്രോണിലെത്തി. അവിടെ അനാക്കിൻ്റെ പിന്തുടര്‍ച്ചക്കാരായ അഹിമാന്‍, ഷേഷായി, തല്‍മായി എന്നിവര്‍ വസിച്ചിരുന്നു. ഹെബ്രോണ്‍, ഈജിപ്തിലെ സോവാനിനെക്കാള്‍ ഏഴുവര്‍ഷംമുമ്പു പണിതതാണ്.
23: അവര്‍ എഷ്‌ക്കോള്‍ താഴ്‌വരയില്‍നിന്ന് ഒരു മുന്തിരിക്കൊമ്പു കുലയോടുകൂടെ മുറിച്ചെടുത്ത്, രണ്ടുപേര്‍കൂടെ തണ്ടിന്മേല്‍ ചുമന്നുകൊണ്ടു പോന്നു. കുറെ മാതളപ്പഴവും അത്തിപ്പഴവും അവര്‍ കൊണ്ടുവന്നു.
24: ഇസ്രായേല്‍ക്കാര്‍ മുന്തിരിക്കുല മുറിച്ചെടുത്തതു നിമിത്തം ആ സ്ഥലത്തിന് എഷ്‌ക്കോള്‍താഴ്‌വര എന്നപേരു കിട്ടി.
25: നാല്പതു ദിവസത്തെ രഹസ്യനിരീക്ഷണത്തിനുശേഷം അവര്‍ മടങ്ങി.
26: അവര്‍ പാരാന്‍ മരുഭൂമിയിലുള്ള കാദെഷില്‍ വന്നു മോശയെയും അഹറോനെയും ഇസ്രായേല്‍ജനം മുഴുവനെയും വിവരമറിയിച്ചു. ആ ദേശത്തെ പഴങ്ങള്‍ കാണിക്കുകയും ചെയ്തു.
27: അവരവനോടു പറഞ്ഞു: നീ പറഞ്ഞയച്ച ദേശത്തു ഞങ്ങള്‍ ചെന്നു. പാലും തേനുമൊഴുകുന്നതാണത്. ഇതാ അവിടത്തെ പഴങ്ങള്‍.
28: എന്നാല്‍, അവിടത്തെ ജനങ്ങള്‍ മല്ലന്മാരാണ്. പട്ടണങ്ങള്‍ വളരെ വിശാലവും കോട്ടകളാല്‍ ചുറ്റപ്പെട്ടതുമാണ്. മാത്രമല്ല, അനാക്കിൻ്റെ വര്‍ഗ്ഗക്കാരെയും ഞങ്ങളവിടെക്കണ്ടു.
29: അമലേക്യര്‍ നെഗബിലും; ഹിത്യരും, ജബൂസ്യരും, അമോര്യരും പര്‍വ്വതങ്ങളിലും; കാനാന്യര്‍ കടലോരത്തും ജോര്‍ദ്ദാന്‍ തീരത്തും വസിക്കുന്നു.
30: മോശയുടെ ചുറ്റുംകൂടിയ ജനത്തെ നിശ്ശബ്ദരാക്കിയിട്ടു കാലെബ് പറഞ്ഞു: നമുക്കുടനെ പോയി, ആ ദേശം കൈവശപ്പെടുത്താം. അതു കീഴടക്കാനുള്ള ശക്തി നമുക്കുണ്ട്.
31: എന്നാല്‍, അവിടത്തെ ജനങ്ങളെ കീഴ്‌പ്പെടുത്താന്‍ നമുക്കു കഴിവില്ല; അവര്‍ നമ്മെക്കാള്‍ ശക്തന്മാരാണെന്ന് അവനോടുകൂടെപ്പോയിരുന്നവര്‍ അഭിപ്രായപ്പെട്ടു.
32: അങ്ങനെ, തങ്ങള്‍കണ്ട സ്ഥലത്തെക്കുറിച്ചു ജനത്തിനു തെറ്റായധാരണ നല്കിക്കൊണ്ട്, അവര്‍ പറഞ്ഞു: ഞങ്ങള്‍ ഒറ്റുനോക്കിയ ദേശം അവിടെ വസിക്കാന്‍ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്നതാണ്; അവിടെ ഞങ്ങള്‍കണ്ട മനുഷ്യരോ, അതികായന്മാര്‍!
33: നെഫിലിമില്‍നിന്നു വന്ന അനാക്കിൻ്റെ മല്ലന്മാരായ മക്കളെ അവിടെ ഞങ്ങള്‍ കണ്ടു. അവരുടെ മുമ്പില്‍ ഞങ്ങള്‍ വെറും വിട്ടിലുകളാണെന്നു ഞങ്ങള്‍ക്കു തോന്നി. അവര്‍ക്കു ഞങ്ങളെക്കുറിച്ച് അങ്ങനെതന്നെ തോന്നിയിരിക്കണം.

അദ്ധ്യായം 14

ജനം പരാതിപ്പെടുന്നു

1: രാത്രിമുഴുവന്‍ ജനം ഉറക്കെ നിലവിളിച്ചു.
2: അവര്‍ മോശയ്ക്കും അഹറോനുമെതിരായി പിറുപിറുത്തു. അവര്‍ പറഞ്ഞു: ഈജിപ്തില്‍വച്ചു ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍! ഈ മരുഭൂമിയില്‍വച്ചു ഞങ്ങള്‍ മരിച്ചെങ്കില്‍!
3: വാളിനിരയാകാന്‍ കര്‍ത്താവു ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ശത്രുക്കള്‍ക്കിരയായിത്തീരുമല്ലോ? ഈജിപ്തിലേക്കു തിരികെപ്പോകുന്നതല്ലേ നല്ലത്?
4: അവര്‍ പരസ്പരം പറഞ്ഞു: നമുക്ക്, ഒരു തലവനെ തെരഞ്ഞെടുത്ത്, അവൻ്റെ കീഴില്‍ ഈജിപ്തിലേക്കു തിരികെപ്പോകാം.
5: അപ്പോള്‍ മോശയും അഹറോനും അവിടെ ഒന്നിച്ചുകൂടിയിരുന്ന ഇസ്രായേല്‍ജനത്തിൻ്റെ മുമ്പില്‍ കമിഴ്ന്നുവീണു.
6: ദേശം ഒറ്റുനോക്കാന്‍ പോയവരില്‍പ്പെട്ട നൂനിൻ്റെ മകന്‍ ജോഷ്വയും യഫുന്നയുടെ മകന്‍ കാലെബും തങ്ങളുടെ വസ്ത്രം കീറി.
7: അവര്‍ ഇസ്രായേല്‍സമൂഹത്തോടു പറഞ്ഞു: ഞങ്ങള്‍ ഒറ്റുനോക്കാന്‍പോയ ദേശം അതിവിശിഷ്ടമാണ്.
8: കര്‍ത്താവു നമ്മില്‍ സംപ്രീതനാണെങ്കില്‍ അവിടുന്നു നമ്മെ അങ്ങോട്ടു നയിക്കുകയും തേനും പാലുമൊഴുകുന്ന ആ ദേശം നമുക്കു തരുകയും ചെയ്യും.
9: നിങ്ങള്‍ കര്‍ത്താവിനോടു മറുതലിക്കരുത്; ആ ദേശത്തെ ജനങ്ങളെ ഭയപ്പെടുകയുമരുത്. അവര്‍ നമുക്കിരയാണ്. ഇനി അവര്‍ക്കു രക്ഷയില്ല. കര്‍ത്താവു നമ്മോടുകൂടെയാണ്; അവരെ ഭയപ്പെടേണ്ടതില്ല.
10: എന്നാല്‍ ജോഷ്വയെയും കാലെബിനെയും കല്ലെറിയണമെന്നു സമൂഹം ഒറ്റസ്വരത്തില്‍ പറഞ്ഞു: അപ്പോള്‍ സമാഗമകൂടാരത്തില്‍ കര്‍ത്താവിൻ്റെ മഹത്വം ഇസ്രായേലിനു പ്രത്യക്ഷമായി.

മോശയുടെ മാദ്ധ്യസ്ഥ്യം

11: കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഈ ജനം എത്രത്തോളം എന്നെ പ്രകോപിപ്പിക്കും? അവരുടെമദ്ധ്യേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള അടയാളങ്ങള്‍കണ്ടിട്ടും എത്രനാള്‍ എന്നെയവര്‍ വിശ്വസിക്കാതിരിക്കും?
12: ഞാനവരെ മഹാമാരികൊണ്ടു പ്രഹരിച്ചു നിര്‍മ്മൂലനം ചെയ്യും. എന്നാല്‍, അവരെക്കാള്‍ വലുതും ശക്തവുമായൊരു ജനതയെ നിന്നില്‍നിന്നു പുറപ്പെടുവിക്കും.
13: മോശ കര്‍ത്താവിനോടു പറഞ്ഞു: ഈജിപ്തുകാര്‍ ഇതേപ്പറ്റിക്കേള്‍ക്കും. അവിടുത്തെ ശക്തമായ കരമാണല്ലോ ഈ ജനത്തെ അവരുടെയിടയില്‍നിന്നു കൊണ്ടുപോന്നത്.
14: ഈ ദേശത്തു വസിക്കുന്നവരോടും അവര്‍ ഇക്കാര്യം പറയും. കര്‍ത്താവേ, അങ്ങ് ഈ ജനത്തിൻ്റെ മദ്ധ്യേയുണ്ടെന്ന് അവര്‍ കേട്ടിട്ടുണ്ട്. കാരണം, ഈ ജനം അങ്ങയെ അഭിമുഖം കാണുന്നു; അവിടുത്തെമേഘം ഇവരുടെമുകളില്‍ എപ്പോഴും നില്‍ക്കുന്നു. പകല്‍ മേഘസ്തംഭവും രാത്രിയില്‍ അഗ്നിസ്തംഭവുംകൊണ്ട്, അവിടുന്നിവര്‍ക്കു വഴികാട്ടുന്നു.
15: അതിനാല്‍ ഒരൊറ്റയാളെ എന്നപോലെ അങ്ങ് ഈ ജനത്തെ സംഹരിച്ചുകളഞ്ഞാല്‍ അങ്ങയുടെ പ്രശസ്തി കേട്ടിട്ടുള്ള ജനതകള്‍ പറയും:
16: അവര്‍ക്കു കൊടുക്കാമെന്നു സത്യംചെയ്ത ദേശത്ത്, അവരെയെത്തിക്കാന്‍ കര്‍ത്താവിനു കഴിവില്ലാത്തതുകൊണ്ടു മരുഭൂമിയില്‍വച്ച്, അവനവരെ കൊന്നുകളഞ്ഞു.
17: കര്‍ത്താവേ, അങ്ങ് അരുളിച്ചെയ്തിട്ടുള്ളതുപോലെ അങ്ങയുടെ ശക്തി വലുതാണെന്നു പ്രകടമാക്കണമേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
18: കര്‍ത്താവു ക്ഷമാശീലനും അചഞ്ചല സ്‌നേഹം കവിഞ്ഞൊഴുകുന്നവനുമാണ്. അവിടുന്ന് അകൃത്യവും അപരാധങ്ങളും ക്ഷമിക്കുന്നവനാണ്. എന്നാല്‍ കുറ്റക്കാരനെ വെറുതെവിടാതെ, പിതാക്കന്മാരുടെ അകൃത്യങ്ങള്‍ക്കു മക്കളെ മൂന്നുംനാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
19: അങ്ങയുടെ കാരുണ്യാതിരേകത്തിനു യോജിച്ചവിധം ഈജിപ്തുമുതല്‍ ഇവിടംവരെ ഈ ജനത്തോടു ക്ഷമിച്ചതുപോലെ, ഇപ്പോഴും ഇവരുടെ അപരാധം പൊറുക്കണമെന്ന് അങ്ങയോടു ഞാന്‍ യാചിക്കുന്നു.
20: അപ്പോള്‍ കര്‍ത്താവരുളിച്ചെയ്തു: നിൻ്റെ അപേക്ഷ സ്വീകരിച്ചു ഞാന്‍ ക്ഷമിച്ചിരിക്കുന്നു.
21: എന്നാല്‍ ഞാനാണേ, ഭൂമി നിറഞ്ഞിരിക്കുന്ന എൻ്റെ മഹത്വമാണേ, കര്‍ത്താവായ ഞാന്‍ പറയുന്നു:
22: എൻ്റെ മഹത്വവും, ഈജിപ്തിലും മരുഭൂമിയിലുംവച്ചു ഞാന്‍ചെയ്ത അടയാളങ്ങളും കണ്ടിട്ടും എന്നെ പത്തുപ്രാവശ്യം പരീക്ഷിക്കുകയും എൻ്റെ സ്വരം അവഗണിക്കുകയും ചെയ്ത ഈ ജനത്തിലാരും,
23: അവരുടെ പിതാക്കന്മാര്‍ക്കു ഞാന്‍ വാഗ്ദാനംചെയ്ത ദേശം കാണുകയില്ല.
24: എന്നെ നിന്ദിച്ചവരാരുമതു കാണുകയില്ല. എന്നാല്‍ എൻ്റെ ദാസനായ കാലെബിനെ അവന്‍ ഒറ്റുനോക്കിയ ദേശത്തേക്കു ഞാന്‍ കൊണ്ടുപോകും; അവൻ്റെ സന്തതികള്‍ അതു കൈവശമാക്കും. എന്തെന്നാല്‍, അവനെ നയിച്ച ചൈതന്യം വ്യത്യസ്തമാണ്. അവന്‍, എന്നെ പൂര്‍ണ്ണമായി അനുഗമിക്കുകയും ചെയ്തു.
25: താഴ്‌വരയില്‍ അമലേക്യരും കാനാന്യരും പാര്‍ക്കുന്നതുകൊണ്ടു നാളെ ചെങ്കടലിലേക്കുള്ള വഴിയിലൂടെ മരുഭൂമിയിലേക്കു പിന്തിരിയുക.
26: കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:
27: വഴിപിഴച്ച ഈ സമൂഹം എത്രനാള്‍ എനിക്കെതിരേ പിറുപിറുക്കും. എനിക്കെതിരേ ഇസ്രായേല്‍ജനം പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു.
28: അവരോടു പറയുക: ജീവിക്കുന്നവനായ ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പിറുപിറുത്തതുപോലെ ഞാന്‍ നിങ്ങളോടു ചെയ്യും.
29: നിങ്ങളുടെ ശവങ്ങള്‍ ഈ മരുഭൂമിയില്‍ വീഴും.
30: നിങ്ങളില്‍ ഇരുപതും അതിലേറെയും വയസ്സുള്ളവരില്‍, എനിക്കെതിരായി പിറുപിറുത്ത ഒരാള്‍പോലും, നിങ്ങളെ പാര്‍പ്പിക്കാമെന്നു ഞാന്‍ വാഗ്ദാനംചെയ്ത ദേശത്തു പ്രവേശിക്കുകയില്ല. യഫുന്നയുടെ മകന്‍ കാലെബും നൂനിൻ്റെ മകന്‍ ജോഷ്വയുംമാത്രം അവിടെ പ്രവേശിക്കും.
31: എന്നാല്‍, ശത്രുക്കള്‍ക്കിരയാകുമെന്നു നിങ്ങള്‍ ഭയപ്പെട്ട നിങ്ങളുടെ മക്കളെ ഞാന്‍ അവിടെ പ്രവേശിപ്പിക്കും. നിങ്ങള്‍ തിരസ്‌കരിച്ച ആ ദേശം, അവരനുഭവിക്കും.
32: നിങ്ങളുടെ ശവങ്ങള്‍ ഈ മരുഭൂമിയില്‍വീഴും.
33: നിങ്ങളില്‍ അവസാനത്തെയാള്‍ ഈ മരുഭൂമിയില്‍ വീഴുന്നതുവരെ, നിങ്ങളുടെ അവിശ്വസ്തതയ്ക്കു പ്രായശ്ചിത്തംചെയ്തുകൊണ്ട് നിങ്ങളുടെ മക്കള്‍ നാല്പതു വര്‍ഷം, ഈ മരുഭൂമിയില്‍ നാടോടികളായി അലഞ്ഞുതിരിയും.
34: നാല്പതുദിവസം നിങ്ങള്‍ ആ ദേശം രഹസ്യനിരീക്ഷണം നടത്തി. ഒരു ദിവസത്തിന് ഒരു വര്‍ഷംവീതം നാല്പതു വര്‍ഷത്തേക്കു നിങ്ങളുടെ അകൃത്യത്തിനു നിങ്ങള്‍ പ്രായശ്ചിത്തം ചെയ്യണം. എന്നോടുകാട്ടിയ അവിശ്വസ്തതയുടെ രൂക്ഷത അങ്ങനെ നിങ്ങളറിയും.
35: കര്‍ത്താവായ ഞാനാണു പറയുന്നത്: എനിക്കെതിരേ ഒത്തുചേര്‍ന്ന ദുഷ്ടന്മാരുടെ ഈ കൂട്ടത്തോടു തീര്‍ച്ചയായും ഞാന്‍, ഇതുചെയ്യും. അവരില്‍ അവസാനത്തെ മനുഷ്യന്‍വരെ ഈ മരുഭൂമിയില്‍ മരിച്ചുവീഴും.
36: ദേശം ഒറ്റുനോക്കാന്‍ മോശ അയയ്ക്കുകയും
37: മടങ്ങിവന്നു തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു മോശയ്‌ക്കെതിരേ ജനംമുഴുവന്‍ പിറുപിറുക്കാന്‍ ഇടയാക്കുകയുംചെയ്തവര്‍ മഹാമാരി ബാധിച്ചു കര്‍ത്താവിൻ്റെ മുമ്പില്‍ മരിച്ചുവീണു.
38: ഒറ്റുനോക്കാന്‍ പോയവരില്‍ നൂനിൻ്റെ മകനായ ജോഷ്വയും യഫുന്നയുടെ മകന്‍ കാലെബും മരിച്ചില്ല.
39: മോശ ഇക്കാര്യം ഇസ്രായേല്‍ജനത്തോടു പറഞ്ഞു. അവര്‍ ഏറെ വിലപിച്ചു.
40: പിറ്റേന്ന്, അതിരാവിലെയെഴുന്നേറ്റ് അവര്‍ മലമുകളിലേക്കു പോകാനൊരുങ്ങി. അവര്‍ പറഞ്ഞു: ഞങ്ങള്‍ പാപം ചെയ്തുപോയി! എന്നാല്‍, കര്‍ത്താവു വാഗ്ദാനംചെയ്ത ദേശത്തേക്കു പോകാന്‍ ഇപ്പോഴിതാ ഞങ്ങള്‍ തയ്യാറാണ്.
41: അപ്പോള്‍ മോശ പറഞ്ഞു: നിങ്ങള്‍ എന്തിനു കര്‍ത്താവിൻ്റെ കല്പന ലംഘിക്കുന്നു? അതൊരിക്കലും വിജയിക്കുകയില്ല.
42: ശത്രുക്കളുടെ മുമ്പില്‍ തോല്ക്കാതിരിക്കാന്‍ നിങ്ങളിപ്പോള്‍ മുകളിലേക്കു കയറരുത്. എന്തെന്നാല്‍ കര്‍ത്താവു നിങ്ങളുടെകൂടെയില്ല.
43: അമലേക്യരും കാനാന്യരും നിങ്ങള്‍ക്കെതിരേ നില്ക്കും. നിങ്ങള്‍ അവരുടെ വാളിനിരയാകും. കര്‍ത്താവിനു പുറംതിരിഞ്ഞിരിക്കുന്നതിനാല്‍ അവിടുന്നു നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
44: കര്‍ത്താവിൻ്റെ വാഗ്ദാനപേടകമോ മോശയോ പാളയത്തില്‍നിന്ന് ഇറങ്ങിച്ചെല്ലാതിരുന്നിട്ടും അവര്‍ ധിക്കാരപൂര്‍വം മലയിലേക്കു കയറി.
45: മലയില്‍ പാര്‍ത്തിരുന്ന അമലേക്യരും കാനാന്യരുമിറങ്ങിവന്ന്, അവരെ ഹോര്‍മ്മാവരെ തോല്പിച്ചോടിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ