അമ്പത്തൊന്നാം ദിവസം: നിയമാവര്‍ത്തനം 12 - 15


അദ്ധ്യായം 12

ആരാധനാസ്ഥലം

1: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കവകാശമായിനല്കുന്ന ദേശത്ത്, ജീവിതകാലമത്രയുമനുവര്‍ത്തിക്കേണ്ട ചട്ടങ്ങളും നിയമങ്ങളുമിവയാണ്:
2: നിങ്ങള്‍ കീഴടക്കുന്ന ജനതകള്‍, ഉയര്‍ന്ന മലകളിലും കുന്നുകളിലും മരച്ചുവട്ടിലും തങ്ങളുടെ ദേവന്മാരെയാരാധിച്ചിരുന്ന എല്ലാസ്ഥലങ്ങളും നിശ്ശേഷം നശിപ്പിക്കണം.
3: അവരുടെ ബലിപീഠങ്ങള്‍ തട്ടിമറിക്കണം; സ്തംഭങ്ങള്‍, തകര്‍ത്തുപൊടിയാക്കണം; അഷേരാദേവതയുടെ ചിഹ്നങ്ങള്‍ ദഹിപ്പിക്കണം. അവരുടെ ദേവന്മാരുടെ കൊത്തുവിഗ്രഹങ്ങള്‍ വെട്ടിമുറിച്ച്, ആ സ്ഥലങ്ങളില്‍നിന്ന് അവരുടെ നാമം നിര്‍മ്മാര്‍ജനംചെയ്യണം.
4: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെയാരാധിക്കുന്നതില്‍, നിങ്ങളവരെയനുകരിക്കരുത്.
5: നിങ്ങളുടെ ദൈവമായ കര്‍ത്താവു തൻ്റെ നാമം സ്ഥാപിക്കാനും തനിക്കു വസിക്കാനുമായി നിങ്ങളുടെ സകലഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുക്കുന്ന സ്ഥലമേതെന്നന്വേഷിച്ച്, നിങ്ങളവിടേയ്ക്കു പോകണം.
6: നിങ്ങളുടെ ദഹനബലികളും മറ്റുബലികളും ദശാംശങ്ങളും നീരാജനങ്ങളും നേര്‍ച്ചകളും സ്വാഭീഷ്ടക്കാഴ്ചകളും ആടുമാടുകളുടെ കടിഞ്ഞൂല്‍ഫലങ്ങളും അവിടെക്കൊണ്ടുവരണം.
7: നിങ്ങളുടെ സകലപ്രവൃത്തികളിലും നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെയനുഗ്രഹിച്ചതിനാല്‍, നിങ്ങളും കുടുംബാംഗങ്ങളും അവിടെവച്ചു നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍ അവ ഭക്ഷിച്ചു സന്തോഷിക്കണം.
8: ഇന്ന്, ഓരോരുത്തരും താന്താങ്ങള്‍ക്കിഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നതുപോലെ അന്നു നിങ്ങള്‍ ചെയ്യരുത്.
9: എന്തുകൊണ്ടെന്നാല്‍, ഇതുവരെ നിങ്ങള്‍ നിങ്ങളുടെ വിശ്രമസ്ഥാനത്ത്, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കവകാശമായി നല്കുന്ന ദേശത്ത്, എത്തിച്ചേര്‍ന്നിട്ടില്ല.
10: നിങ്ങള്‍ ജോര്‍ദ്ദാന്‍കടന്നു നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കവകാശമായിനല്കുന്ന ദേശത്തു വാസമുറപ്പിക്കും.
11: അപ്പോള്‍, തൻ്റെ നാമം സ്ഥാപിക്കാനായി, നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ഒരു സ്ഥലം തിരഞ്ഞെടുക്കും. ഞാന്‍ നിങ്ങളോടു കല്പിക്കുന്നവയെല്ലാം, നിങ്ങളുടെ ദഹനബലികളും മറ്റു ബലികളും ദശാംശങ്ങളും നീരാജനങ്ങളും കര്‍ത്താവിനുനേരുന്ന എല്ലാ ഉത്തമവസ്തുക്കളും അവിടെക്കൊണ്ടുവരണം.
12: നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ മുമ്പില്‍ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രികളും ദാസന്മാരും ദാസികളും നിങ്ങളുടെ നഗരങ്ങളില്‍ വസിക്കുന്ന ലേവ്യരും സന്തോഷിക്കണം. നിങ്ങള്‍ക്കുള്ളതുപോലെ ലേവ്യര്‍ക്കു സ്വന്തമായി ഒരോഹരിയും അവകാശവുമില്ലല്ലോ.
13: തോന്നുന്നിടത്തൊക്കെ നിങ്ങള്‍ ദഹനബലിയര്‍പ്പിക്കരുത്.
14: നിങ്ങളുടെ ഗോത്രങ്ങളിലൊന്നില്‍നിന്നു കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ ദഹനബലിയര്‍പ്പിക്കുകയും ഞാനാജ്ഞാപിക്കുന്നതെല്ലാം അനുഷ്ഠിക്കുകയുംചെയ്യുവിന്‍.
15: നിങ്ങളുടെ ദൈവമായ കര്‍ത്താവു നല്കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കനുസരിച്ച്, നിങ്ങളുടെ നഗരങ്ങളില്‍ മൃഗങ്ങളെക്കൊന്ന്, ഇഷ്ടാനുസരണം ഭക്ഷിച്ചുകൊള്ളുവിന്‍. കലമാനിനെയും പുള്ളിമാനിനെയുമെന്നപോലെ ശുദ്ധര്‍ക്കുമശുദ്ധര്‍ക്കും അതു ഭക്ഷിക്കാം.
16: രക്തംമാത്രം ഭക്ഷിക്കരുത്; അതു വെള്ളംകണക്കെ നിലത്തൊഴിച്ചുകളയണം.
17: ധാന്യം, വിത്ത്, എണ്ണ ഇവയുടെ ദശാംശം, ആടുമാടുകളുടെ കടിഞ്ഞൂല്‍, നേരുന്ന നേര്‍ച്ചകള്‍, സ്വാഭീഷ്ടക്കാഴ്ചകള്‍, മറ്റു കാണിക്കകളെന്നിവ നിങ്ങളുടെ പട്ടണങ്ങളില്‍വച്ചു ഭക്ഷിക്കരുത്.
18: എന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്ത്, അവിടുത്തെ സന്നിധിയില്‍വച്ച് അവ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രികളും ദാസന്മാരും ദാസികളും നിങ്ങളുടെ നഗരങ്ങളില്‍വസിക്കുന്ന ലേവ്യരും ഭക്ഷിക്കണം. നിങ്ങളുടെ എല്ലാ പ്രവൃത്തികളെയുംപറ്റി, നിങ്ങള്‍ ദൈവമായ കര്‍ത്താവിൻ്റെമുമ്പാകെ സന്തോഷിച്ചു കൊള്ളുവിന്‍.
19: നിങ്ങള്‍ ഭൂമിയില്‍ വസിക്കുന്നിടത്തോളംകാലം, ലേവ്യരെയവഗണിക്കരുത്.
20: നിങ്ങളുടെ ദൈവമായ കര്‍ത്താവ്, തൻ്റെ വാഗ്ദാനമനുസരിച്ചു നിങ്ങളുടെ ദേശം വിസ്തൃതമാക്കുമ്പോള്‍, നിങ്ങള്‍ക്കു മാംസംകഴിക്കാനാഗ്രഹമുണ്ടാകുമ്പോള്‍, ഇഷ്ടംപോലെ ഭക്ഷിച്ചുകൊള്ളുവിന്‍.
21: നിങ്ങളുടെ ദൈവമായ കര്‍ത്താവു തൻ്റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം വിദൂരത്താണെങ്കില്‍, ഞാനാജ്ഞാപിച്ചിട്ടുള്ളതുപോലെ, ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്ന ആടുമാടുകളെക്കൊന്നു നിങ്ങളുടെ പട്ടണത്തില്‍വച്ചുതന്നെ ഇഷ്ടാനുസരണം ഭക്ഷിച്ചുകൊള്ളുവിന്‍.
22: കലമാനിനെയും പുള്ളിമാനിനെയുമെന്നതുപോലെ ശുദ്ധനുമശുദ്ധനും അവ ഭക്ഷിക്കാം.
23: ഒന്നുമാത്രം ശ്രദ്ധിക്കുക - രക്തം ഭക്ഷിക്കരുത്; രക്തം ജീവനാണ്; മാംസത്തോടൊപ്പം ജീവനെയും നിങ്ങള്‍ ഭക്ഷിക്കരുത്.
24: നിങ്ങളതു ഭക്ഷിക്കരുത്; ജലമെന്നതുപോലെ നിലത്തൊഴിച്ചു കളയണം.
25: നിങ്ങളതു ഭക്ഷിക്കരുത്. അങ്ങനെ കര്‍ത്തൃസന്നിധിയില്‍ ശരിയായതു പ്രവര്‍ത്തിക്കുമ്പോള്‍, നിങ്ങള്‍ക്കും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ സന്തതികള്‍ക്കും നന്മയുണ്ടാകും.
26: ദൈവത്തിനു സമര്‍പ്പിച്ചു വിശുദ്ധമാക്കിയ വസ്തുക്കളും നേര്‍ച്ചകളുംമാത്രം അവിടുന്നു തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു നിങ്ങള്‍ കൊണ്ടുപോകണം.
27: അവിടെ നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ ബലിപീഠത്തില്‍ നിങ്ങളുടെ ദഹനബലികള്‍ - മാംസവും രക്തവും - സമര്‍പ്പിക്കണം. നിങ്ങളുടെ ബലിയുടെ രക്തം ദൈവമായ കര്‍ത്താവിൻ്റെ ബലിപീഠത്തിന്മേല്‍ തളിക്കണം. എന്നാല്‍, മാംസം നിങ്ങള്‍ക്കു ഭക്ഷിക്കാം.
28: ഞാന്‍ നിങ്ങളോടു കല്പിക്കുന്ന ഈ കാര്യങ്ങളെല്ലാം ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുവിന്‍. നിങ്ങള്‍ ദൈവമായ കര്‍ത്താവിൻ്റെ മുമ്പില്‍ നന്മയും ശരിയുംമാത്രം പ്രവര്‍ത്തിക്കുമെങ്കില്‍ നിങ്ങള്‍ക്കുശേഷം നിങ്ങളുടെ സന്തതികള്‍ക്കും എന്നേക്കും നന്മയുണ്ടാകും.

ജനതകളെ അനുകരിക്കരുത്

29: നിങ്ങള്‍ കീഴടക്കാന്‍പോകുന്ന ദേശത്തുള്ള ജനതകളെ ദൈവമായ കര്‍ത്താവു നിങ്ങളുടെ മുമ്പില്‍വച്ചു നശിപ്പിക്കും. നിങ്ങള്‍, അവരുടെ ഭൂമി കൈവശമാക്കി, അവിടെ വസിക്കുകയും ചെയ്യും.
30: അവര്‍ നശിച്ചുകഴിയുമ്പോള്‍, അവരെയനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനംചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, അവരെപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചെന്നു നിങ്ങളന്വേഷിക്കരുത്. 
31: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെയാരാധിക്കുന്നതില്‍ നിങ്ങളവരെയനുകരിക്കരുത്. കര്‍ത്താവു വെറുക്കുന്ന സകലമ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടിച്ചെയ്തു; ദേവന്മാര്‍ക്കുവേണ്ടി അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രികളെയുംപോലും തീയില്‍ ദഹിപ്പിച്ചു. 
32: ഞാന്‍ നിങ്ങളോടു കല്പിക്കുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം. ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്.

അദ്ധ്യായം 13

വിഗ്രഹാരാധനയ്ക്കു ശിക്ഷ
1: നിങ്ങളുടെയിടയില്‍നിന്ന്, ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന്, ഒരടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനംചെയ്യുകയും
2: അവന്‍ പറഞ്ഞവിധം സംഭവിക്കുകയുംചെയ്താലും, നിങ്ങള്‍ക്കജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാമെന്ന് അവന്‍ പറയുകയാണെങ്കില്‍
3: നിങ്ങള്‍ ആപ്രവാചകൻ്റെയോ വിശകലനക്കാരൻ്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്നറിയാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ പരീക്ഷിക്കുകയാണ്.
4: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെയനുഗമിക്കുകയും ഭയപ്പെടുകയുംചെയ്യുവിന്‍. നിങ്ങള്‍, അവിടുത്തെ കല്പനകള്‍പാലിക്കുകയും വാക്കുകേള്‍ക്കുകയും അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേര്‍ന്നുനില്‍ക്കുകയും ചെയ്യണം. 
5: അവന്‍ പ്രവാചകനോ, സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം. എന്തെന്നാല്‍, നിങ്ങളെ ഈജിപ്തില്‍നിന്നാനയിച്ചവനും അടിമത്തത്തിൻ്റെ ഭവനത്തില്‍നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ കര്‍ത്താവിനെയെതിര്‍ക്കാനും അവിടുന്നു കല്പിച്ചിട്ടുള്ള മാര്‍ഗ്ഗത്തില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനുമാണ് അവന്‍ ശ്രമിച്ചത്. അങ്ങനെ നിങ്ങള്‍, ആ തിന്മ, നിങ്ങളുടെയിടയില്‍നിന്നു നീക്കിക്കളയണം.
6: നിൻ്റെ സഹോദരനോ, മകനോ, മകളോ, നീ സ്‌നേഹിക്കുന്ന നിൻ്റെ ഭാര്യയോ, ആത്മസുഹൃത്തോ നിനക്കും നിൻ്റെ പിതാക്കന്മാര്‍ക്കും അജ്ഞാതരായ അന്യദേവന്മാരെ നമുക്കുസേവിക്കാമെന്നുപറഞ്ഞു രഹസ്യമായി നിന്നെ വശീകരിക്കാന്‍ ശ്രമിച്ചെന്നുവരാം.
7: ആ ദേവന്മാര്‍ നിനക്കുചുറ്റും അടുത്തോ അകലെയോ വസിക്കുന്ന ജനതകളുടെ ദേവന്മാരായിരിക്കാം.
8: എന്നാല്‍, നീയവനു സമ്മതംനല്കുകയോ അവനെ ചെവിക്കൊള്ളുകയോ അരുത്. അവനോടു കരുണകാട്ടരുത്. അവനെ വെറുതെവിടുകയോ അവൻ്റെ കുറ്റം ഒളിച്ചുവയ്ക്കുകയോ ചെയ്യരുത്.
9: അവനെ കൊല്ലുകതന്നെ വേണം. അവനെ വധിക്കാന്‍ നിൻ്റെ കരമാണ് ആദ്യമുയരേണ്ടത്. പിന്നീട്, ജനം മുഴുവൻ്റെയും.
10: അവനെ നീ കല്ലെറിഞ്ഞു കൊല്ലണം. എന്തെന്നാല്‍, അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ രക്ഷിച്ച, നിൻ്റെ ദൈവമായ കര്‍ത്താവില്‍നിന്നു നിന്നെയകറ്റാനാണവന്‍ ശ്രമിച്ചത്. 
11: ഇസ്രായേല്‍ജനംമുഴുവന്‍ ഇതുകേട്ടു ഭയപ്പെടും. മേലില്‍ ഇതുപോലുള്ള ദുഷ്‌കൃത്യങ്ങള്‍ക്ക് ആരുമൊരുങ്ങുകയില്ല.
12: നിങ്ങള്‍ക്കു വസിക്കാന്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു തന്നിരിക്കുന്ന പട്ടണങ്ങളിലേതിലെങ്കിലും,
13: നിങ്ങളുടെയിടയില്‍നിന്നുപുറപ്പെട്ട ഹീനരായ മനുഷ്യര്‍ചെന്ന്, നിങ്ങളറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരെ സേവിക്കാമെന്നുപറഞ്ഞ്, പട്ടണനിവാസികളെ വഴിതെറ്റിച്ചതായിക്കേട്ടാല്‍,
14: അതിനെപ്പറ്റിയന്വേഷിക്കുകയും പരിശോധിക്കുകയും സൂക്ഷ്മമായി വിചാരണനടത്തുകയും ചെയ്യണം. അങ്ങനെയൊരു ഹീനകൃത്യം നിങ്ങളുടെയിടയില്‍ സംഭവിച്ചെന്നു തെളിഞ്ഞാല്‍, 
15: നിങ്ങള്‍ പട്ടണവാസികളെ മുഴുവന്‍ നിര്‍ദ്ദയം വാളിനിരയാക്കണം. ആ പട്ടണത്തെ സകലജീവികളോടുംകൂടെ നശിപ്പിക്കണം.
16: അവിടെയുള്ള സമ്പത്തെല്ലാം പൊതുസ്ഥലത്ത് കൂട്ടിയിട്ട്, ആ പട്ടണത്തോടൊപ്പം ദഹനബലിയായി നിൻ്റെ ദൈവമായ കര്‍ത്താവിനര്‍പ്പിക്കണം. അത്, എന്നേയ്ക്കുമൊരു നാശക്കൂമ്പാരമായിരിക്കും. അതു വീണ്ടും പണിയപ്പെടരുത്.
17: ശപിക്കപ്പെട്ട, ആ വസ്തുക്കളിലൊന്നുമെടുക്കരുത്, അപ്പോള്‍ കര്‍ത്താവ്, തൻ്റെ ഉഗ്രകോപത്തില്‍നിന്നു പിന്തിരിഞ്ഞു നിങ്ങളോടു കരുണകാണിക്കും. നിങ്ങളില്‍ അനുകമ്പതോന്നി നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനംചെയ്തിട്ടുള്ളതുപോലെ നിങ്ങളെ അവിടുന്നു വര്‍ദ്ധിപ്പിക്കും.
18: അതിനുവേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ വാക്കുകേള്‍ക്കുകയും ഞാനിന്നു നല്കുന്ന അവിടുത്തെ എല്ലാ കല്പനകളും ശ്രദ്ധാപൂര്‍വ്വം പാലിക്കുകയും നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ മുമ്പില്‍ നന്മമാത്രം പ്രവര്‍ത്തിക്കുകയും ചെയ്യണം.

അദ്ധ്യായം 14

വിലാപരീതി

1: നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ മക്കളാണു നിങ്ങള്‍. മരിച്ചവരെപ്രതി നിങ്ങളുടെ ശരീരം മുറിപ്പെടുത്തുകയോ ശിരസ്സിൻ്റെ മുന്‍ഭാഗം മുണ്ഡനംചെയ്യുകയോ അരുത്.
2: എന്തെന്നാല്‍, നിങ്ങളുടെ കര്‍ത്താവിനു പരിശുദ്ധമായൊരു ജനമാണു നിങ്ങള്‍. തൻ്റെ സ്വന്തം ജനമായിരിക്കാന്‍വേണ്ടിയാണ് അവിടുന്നു ഭൂമുഖത്തുള്ള മറ്റെല്ലാ ജനതകളിലുംനിന്നു നിങ്ങളെ പ്രത്യേകം തിരഞ്ഞെടുത്തത്.

ശുദ്ധവും അശുദ്ധവുമായ മൃഗങ്ങള്‍

3: അശുദ്ധമായതൊന്നും ഭക്ഷിക്കരുത്.
4: നിങ്ങള്‍ക്കു ഭക്ഷിക്കാവുന്ന മൃഗങ്ങള്‍ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്,
5: പുള്ളിമാന്‍, കലമാന്‍, കടമാന്‍, കാട്ടാട്, ചെറുമാന്‍, കവരിമാന്‍, മലയാട്;
6: ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ എല്ലാ മൃഗങ്ങളെയും ഭക്ഷിക്കാം.
7: എന്നാല്‍ അയവിറക്കുന്നവയോ ഇരട്ടക്കുളമ്പുള്ളവയോ ആയ മൃഗങ്ങളില്‍ ഒട്ടകം, മുയല്‍, കുഴിമുയല്‍ എന്നിവയെ ഭക്ഷിക്കരുത്. അവ അയവിറക്കുന്നവയെങ്കിലും ഇരട്ടക്കുളമ്പില്ലാത്തതുകൊണ്ട് അശുദ്ധമാണ്.
8: പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അയവിറക്കാത്തതാകയാല്‍ അശുദ്ധമാണ്. അതിൻ്റെ മാംസം ഭക്ഷിക്കുകയോ അതിൻ്റെ ശവം സ്പര്‍ശിക്കുകയോ അരുത്.
9: ജലജീവികളില്‍ ചിറകും ചെതുമ്പലുമുള്ളവയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം.
10: എന്നാല്‍, ചിറകും ചെതുമ്പലുമില്ലാത്തവയെ ഭക്ഷിക്കരുത്. അവ അശുദ്ധമാണ്.
11: ശുദ്ധിയുള്ള എല്ലാ പക്ഷികളെയും ഭക്ഷിച്ചുകൊള്ളുവിന്‍.
12: നിങ്ങള്‍ ഭക്ഷിക്കരുതാത്ത പക്ഷികളിവയാണ്:
13: എല്ലാത്തരത്തിലുംപെട്ട കഴുകന്‍, ചെമ്പരുന്ത്,
14: കരിമ്പരുന്ത്, ഗൃദ്ധ്രം, പ്രാപ്പിടിയന്‍, പരുന്ത്, കാക്ക,
15: ഒട്ടകപ്പക്ഷി, രാനത്ത്, കടല്‍പ്പാത്ത, ചെങ്ങാലിപ്പരുന്ത്,
16, 17: മൂങ്ങ, കൂമന്‍, അരയന്നം, ഞാറപ്പക്ഷി, കരിങ്കഴുകന്‍, നീര്‍ക്കാക്ക,
18: കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീര്‍.
19: ചിറകുള്ള പ്രാണികളെല്ലാം അശുദ്ധമാണ്. അവ ഭക്ഷിക്കരുത്.
20: ശുദ്ധിയുള്ള പറവകളെയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം.
21: തനിയെ ചത്ത ഒന്നിനെയും ഭക്ഷിക്കരുത്. അതു നിങ്ങളുടെ പട്ടണത്തില്‍ താമസിക്കാന്‍വരുന്ന അന്യനു ഭക്ഷിക്കാന്‍കൊടുക്കുകയോ ഏതെങ്കിലും പരദേശിക്കു വില്ക്കുകയോ ചെയ്യുക. എന്തെന്നാല്‍, നിങ്ങള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ വിശുദ്ധജനമത്രേ. ആട്ടിന്‍കുട്ടിയെ അതിൻ്റെ തള്ളയുടെ പാലില്‍ പാകംചെയ്യരുത്.

ദശാംശം

22: വര്‍ഷംതോറും നിൻ്റെ വയലിലെ സകലഫലങ്ങളുടെയും ദശാംശം മാറ്റിവയ്ക്കണം.
23: നിൻ്റെ ദൈവമായ കര്‍ത്താവു തൻ്റെ നാമം സ്ഥാപിക്കുന്നതിനു തിരഞ്ഞെടുക്കുന്ന സ്ഥലത്ത്, അവിടുത്തെ മുന്നില്‍വച്ചു നിൻ്റെ ധാന്യങ്ങളുടെയും വീഞ്ഞിൻ്റെയും എണ്ണയുടെയും ദശാംശവും ആടുമാടുകളുടെ കടിഞ്ഞൂലും നീ ഭക്ഷിക്കണം. നീ അവിടുത്തെ സദാഭയപ്പെടാന്‍ പഠിക്കുന്നതിനുവേണ്ടിയാണിത്.
24: ദൈവമായ കര്‍ത്താവ്, തൻ്റെ നാമംസ്ഥാപിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം നിനക്കു ദശാംശം കൊണ്ടുപോകാന്‍ സാധിക്കാത്തത്ര ദൂരെയാണെങ്കില്‍, നീ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുമ്പോള്‍,
25: ആ ഫലങ്ങള്‍ വിറ്റു പണമാക്കി, അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തേയ്ക്കു പോകണം.
26: അവിടെവച്ച്, ആ പണംകൊണ്ടു നിനക്കിഷ്ടമുള്ള കാളയോ, ആടുകളോ, വീഞ്ഞോ, ശക്തിയുള്ള ലഹരിപാനീയമോ മറ്റെന്തെങ്കിലുമോ വാങ്ങാം. നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ മുമ്പില്‍വച്ചു ഭക്ഷിച്ചു നീയും നിൻ്റെ കുടുംബാംഗങ്ങളും ആഹ്‌ളാദിക്കുവിന്‍.
27: നിൻ്റെ പട്ടണത്തില്‍ത്താമസിക്കുന്ന ലേവ്യരെയവഗണിക്കരുത്. എന്തെന്നാല്‍, നിനക്കുള്ളതുപോലെ ഓഹരിയോ അവകാശമോ അവര്‍ക്കില്ല. 
28: ഓരോ മൂന്നാം വര്‍ഷത്തിൻ്റെയുമവസാനം, ആക്കൊല്ലം നിനക്കു ലഭിച്ച ഫലങ്ങളുടെയെല്ലാം ദശാംശം കൊണ്ടുവന്നു നിൻ്റെ പട്ടണത്തില്‍ സൂക്ഷിക്കണം. 
29: നിൻ്റെ പട്ടണത്തില്‍ത്താമസിക്കുന്ന, നിനക്കുള്ളതുപോലെ ഓഹരിയും അവകാശവുമില്ലാത്ത, ലേവ്യരും പരദേശികളും അനാഥരും വിധവകളും വന്ന്, അവ ഭക്ഷിച്ചു തൃപ്തിയടയട്ടെ. അപ്പോള്‍ നിൻ്റെ ദൈവമായ കര്‍ത്താവ്, എല്ലാ പ്രവൃത്തികളിലും നിന്നെയനുഗ്രഹിക്കും.

അദ്ധ്യായം 15


സാബത്തുവര്‍ഷം

1: ഓരോ ഏഴുവര്‍ഷം തികയുമ്പോഴും ഋണമോചനം നല്കണം.
2: മോചനത്തിൻ്റെ രീതിയിതാണ്: ആരെങ്കിലും അയല്‍ക്കാരനു കടംകൊടുത്തിട്ടുണ്ടെങ്കില്‍, അതിളവുചെയ്യണം. അയല്‍ക്കാരനില്‍നിന്നോ സഹോദരനില്‍നിന്നോ അതീടാക്കരുത്. എന്തെന്നാല്‍, കര്‍ത്താവിൻ്റെ മോചനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
3: വിദേശീയരില്‍നിന്നു കടമീടാക്കിക്കൊള്ളുക. എന്നാല്‍, നിന്റേതെന്തെങ്കിലും നിൻ്റെ സഹോദരൻ്റെ കൈവശമുണ്ടെങ്കില്‍ അതിളവുചെയ്യണം.
4: നിങ്ങളുടെയിടയില്‍ ദരിദ്രരുണ്ടായിരിക്കുകയില്ല.
5: എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കവകാശമായിത്തരുന്ന ദേശത്ത്, നിങ്ങളവിടുത്തെ വാക്കുകേള്‍ക്കുകയും ഞാനിന്നു നല്കുന്ന അവിടുത്തെ കല്പനകളെല്ലാം ശ്രദ്ധാപൂര്‍വ്വം പാലിക്കുകയുംചെയ്താല്‍, അവിടുന്നു നിങ്ങളെ സമൃദ്ധമായനുഗ്രഹിക്കും.
6: നിങ്ങളുടെ ദൈവമായ കര്‍ത്താവു തൻ്റെ വാഗ്ദാനമനുസരിച്ചു നിങ്ങളെയനുഗ്രഹിക്കും. നിങ്ങള്‍ അനേകം ജനതകള്‍ക്കു കടംകൊടുക്കും. നിങ്ങള്‍ ഒന്നും കടം വാങ്ങുകയില്ല. നിങ്ങള്‍ അനേകം ജനതകളെ ഭരിക്കും; നിങ്ങളെ ആരും ഭരിക്കുകയില്ല. 
7: നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു നല്കുന്ന ദേശത്തെ പട്ടണങ്ങളിലേതിലെങ്കിലും ഒരു സഹോദരന്‍ ദരിദ്രനായിട്ടുണ്ടെങ്കില്‍, നീ നിൻ്റെ ഹൃദയം കഠിനമാക്കുകയോ അവനു സഹായം നിരസിക്കുകയോ അരുത്.
8: അവനാവശ്യമുള്ളത് എന്തുതന്നെയായാലും ഉദാരമായി വായ്പകൊടുക്കണം.
9: മോചനത്തിൻ്റെ വര്‍ഷമായ ഏഴാംവര്‍ഷം അടുത്തിരിക്കുന്നുവെന്നു നിൻ്റെ ദുഷ്ടഹൃദയത്തില്‍ച്ചിന്തിച്ച്, ദരിദ്രനായ സഹോദരനെ നിഷ്‌കരുണം വീക്ഷിക്കുകയും അവനൊന്നും കൊടുക്കാതിരിക്കുകയുമരുത്. അവന്‍ നിനക്കെതിരായി കര്‍ത്താവിൻ്റെ സന്നിധിയില്‍ നിലവിളിക്കുകയും അങ്ങനെ അതു നിനക്കു പാപമായിത്തീരുകയുംചെയ്യാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.
10: നീയവന്, ഉദാരമായി കടംകൊടുക്കണം. അതില്‍ ഖേദിക്കരുത്. നിൻ്റെ ദൈവമായ കര്‍ത്താവു നീ ചെയ്യുന്ന എല്ലാ ജോലികളിലും നീയാരംഭിക്കുന്ന എല്ലാ പ്രവൃത്തികളിലും നിന്നെയനുഗ്രഹിക്കും.
11: ഭൂമിയില്‍ ദരിദ്രര്‍ എന്നുമുണ്ടായിരിക്കും. ആകയാല്‍, നിൻ്റെ നാട്ടില്‍ വസിക്കുന്ന അഗതിയും ദരിദ്രനുമായ നിൻ്റെ സഹോദരനുവേണ്ടി കൈയ്യയച്ചു കൊടുക്കുകയെന്നു ഞാന്‍ നിന്നോടു കല്പിക്കുന്നു.

അടിമകള്‍ക്കു മോചനം

12: നിൻ്റെ ഹെബ്രായസഹോദരനോ സഹോദരിയോ നിനക്കു വില്ക്കപ്പെടുകയും നിന്നെ ആറുവര്‍ഷം സേവിക്കുകയുംചെയ്താല്‍, ഏഴാം വര്‍ഷം ആയാള്‍ക്കു സ്വാതന്ത്ര്യം നല്കണം.
13: സ്വാതന്ത്ര്യംനല്കിയയയ്ക്കുമ്പോള്‍ വെറുംകൈയോടെ വിടരുത്.
14: നിൻ്റെ ആട്ടിന്‍പറ്റത്തില്‍നിന്നും മെതിക്കളത്തില്‍നിന്നും മുന്തിരിച്ചക്കില്‍നിന്നും അവന് ഉദാരമായി നല്കണം. നിൻ്റെ ദൈവമായ കര്‍ത്താവു നിനക്കു നല്കിയ ദാനങ്ങള്‍ക്കനുസരിച്ച്, നീ അവനു കൊടുക്കണം.
15: നീയൊരിക്കല്‍ ഈജിപ്തിലടിമയായിരുന്നെന്നും നിൻ്റെ ദൈവമായ കര്‍ത്താവാണു നിന്നെ രക്ഷിച്ചതെന്നുമോര്‍ക്കണം. അതിനാലാണ് ഇന്നു ഞാന്‍ നിന്നോടിക്കാര്യം കല്പിക്കുന്നത്.
16: എന്നാല്‍, അവന്‍ നിന്നെയും നിൻ്റെ കുടുംബത്തെയും സ്‌നേഹിക്കുകയും നിന്നോടുകൂടെത്താമസിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നതുകൊണ്ട്, ഞാന്‍ നിന്നെ പിരിഞ്ഞുപോവുകയില്ല എന്നു പറഞ്ഞാല്‍,
17: അവനെ ഭവനവാതില്‍ക്കല്‍ കൊണ്ടുവന്ന്, ഒരു തോല്‍സൂചികൊണ്ട് നീയവൻ്റെ കാതു തുളയ്ക്കണം; അവനെന്നും നിൻ്റെ ദാസനായിരിക്കും. നിൻ്റെ ദാസിയോടും അപ്രകാരം ചെയ്യുക. 
18: അവനെ സ്വതന്ത്രനാക്കുമ്പോള്‍ നിനക്കു ഖേദം തോന്നരുത്. ഒരു കൂലിക്കാരനു കൊടുക്കേണ്ടതിൻ്റെ പകുതിച്ചെലവിന്, അവന്‍ ആറു വര്‍ഷം നിനക്കുവേണ്ടി ജോലിചെയ്തു. നിൻ്റെ ദൈവമായ കര്‍ത്താവു നിൻ്റെ എല്ലാ പ്രവൃത്തികളിലും നിന്നെയനുഗ്രഹിക്കും.

കടിഞ്ഞൂലുകള്‍

19: നിൻ്റെ ആടുമാടുകളില്‍ ആണ്‍കടിഞ്ഞൂലുകളെയെല്ലാം നിൻ്റെ ദൈവമായ കര്‍ത്താവിനു സമര്‍പ്പിക്കണം. കടിഞ്ഞൂല്‍ക്കാളയെക്കൊണ്ടു പണിയെടുപ്പിക്കരുത്; കടിഞ്ഞൂലാടിൻ്റെ രോമം കത്രിക്കുകയുമരുത്.
20: നിൻ്റെ ദൈവമായ കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അവിടുത്തെ സന്നിധിയില്‍, വര്‍ഷംതോറും നീയും നിൻ്റെ കുടുംബവും അവയെ ഭക്ഷിക്കണം.
21: അവയ്ക്ക് മുടന്തോ അന്ധതയോ മറ്റെന്തെങ്കിലും ന്യൂനതയോ ഉണ്ടെങ്കില്‍ നിൻ്റെ ദൈവമായ കര്‍ത്താവിന്, അവയെ ബലികഴിക്കരുത്.
22: നിൻ്റെ പട്ടണത്തില്‍ വച്ചുതന്നെ അതിനെ ഭക്ഷിച്ചുകൊള്ളുക. ഒരു കലമാനിനെയോ പുള്ളിമാനിനെയോ എന്നതുപോലെ, ശുദ്ധനുമശുദ്ധനും ഒന്നുപോലെ, അതു ഭക്ഷിക്കാം.
23: എന്നാല്‍, രക്തം ഭക്ഷിക്കരുത്. അതു ജലംപോലെ നിലത്തൊഴിച്ചുകളയണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ