നാല്പത്തിയെട്ടാം ദിവസം: നിയമാവര്‍ത്തനം 1 - 4

അദ്ധ്യായം 1
                
നിയമം വിശദീകരിക്കുന്നു

1: മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞ വാക്കുകളാണിവ: ജോര്‍ദ്ദാൻ്റെ അക്കരെ മരുഭൂമിയില്‍, സുഫിന് എതിര്‍വ്വശത്ത് പാറാന്‍, തോഫാല്‍, ലാബാന്‍, ഹസേറോത്ത്, ദിസഹാബ് എന്നിവയ്ക്കുമദ്ധ്യേ അരാബായില്‍വച്ചാണു മോശ സംസാരിച്ചത്.
2: ഹോറെബില്‍നിന്നു സെയിര്‍മലവഴി കാദെഷ്ബര്‍ണ്ണയാവരെ പതിനൊന്നു ദിവസത്തെ യാത്രാദൂരമുണ്ട്.
3: ഇസ്രായേല്‍ജനത്തിനുവേണ്ടി, കര്‍ത്താവു മോശയ്ക്കുനല്കിയ കല്പനകളെല്ലാം, നാല്പതാംവര്‍ഷം പതിനൊന്നാംമാസം ഒന്നാംദിവസം, അവനവരോടു വീണ്ടും പറഞ്ഞു.
4: ഹെഷ്‌ബോണില്‍ വസിച്ചിരുന്ന അമോര്യരുടെ രാജാവായ സീഹോനെയും എദ്‌റേയില്‍വച്ച് അഷ്താരോത്തില്‍ വസിച്ചിരുന്ന ബാഷാനിലെ രാജാവായ ഓഗിനെയും തോല്പിച്ചതിനു ശേഷമാണിത്.
5: ജോര്‍ദ്ദാൻ്റെയക്കരെ മൊവാബുദേശത്തുവച്ചു മോശ നിയമം വിശദീകരിക്കുവാന്‍തുടങ്ങി:
6: നമ്മുടെ ദൈവമായ കര്‍ത്താവ്, ഹോറെബില്‍വച്ചു നമ്മോടരുളിച്ചെയ്തു: നിങ്ങള്‍ ഈ മലയില്‍ വേണ്ടത്രകാലം താമസിച്ചുകഴിഞ്ഞു.
7: ഇനി, ഇവിടംവിട്ട് അമോര്യരുടെ മലമ്പ്രദേശത്തേക്കും അവരുടെ അയല്‍ക്കാര്‍ പാര്‍ക്കുന്ന മരുഭൂമി, മലമ്പ്രദേശം, സമതലം, നെഗെബ്, കടല്‍ത്തീരം എന്നിവിടങ്ങളിലേക്കും പോകുവിന്‍. കാനാന്യരുടെ ദേശത്തേക്കും ലബനോനിലേക്കും മഹാനദിയായ യൂഫ്രട്ടീസുവരെയും നിങ്ങള്‍ പോകുവിന്‍.
8: ഇതാ, ആ ദേശം നിങ്ങള്‍ക്കു ഞാന്‍ വിട്ടുതന്നിരിക്കുന്നു. കര്‍ത്താവു നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹമിനോടും ഇസഹാക്കിനോടും യാക്കോബിനോടും, അവര്‍ക്കും സന്തതികള്‍ക്കുമായി നല്കുമെന്നു വാഗ്ദാനംചെയ്ത ദേശം, ചെന്നു കൈയടക്കുവിന്‍.

ന്യായാധിപന്മാരുടെ നിയമനം

9: അന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു: നിങ്ങള്‍, എനിക്കു തനിയെ താങ്ങാന്‍വയ്യാത്ത ഭാരമാണ്.
10: നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. നിങ്ങളിന്ന്, ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ സംഖ്യാതീതരായിരിക്കുന്നു.
11: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു നിങ്ങളെ ആയിരംമടങ്ങു വര്‍ദ്ധിപ്പിക്കുകയും അവിടുന്നു വാഗ്ദാനംചെയ്തിട്ടുള്ളതുപോലെ നിങ്ങളെയനുഗ്രഹിക്കുകയുംചെയ്യട്ടെ!
12: നിങ്ങളുടെ ഭാരങ്ങളും നിങ്ങളുടെയിടയിലെ കലഹങ്ങളും എനിക്കു തനിയെ താങ്ങാനാവുമോ?
13: നിങ്ങള്‍ അതതു ഗോത്രത്തില്‍നിന്ന് അറിവും വിവേകവും പക്വതയുമുള്ളവരെ തിരഞ്ഞെടുക്കുവിന്‍; അവരെ നിങ്ങളുടെ അധിപന്മാരായി ഞാന്‍ നിയമിക്കാം.
14: നീ നിര്‍ദ്ദേശിച്ച കാര്യം വളരെ നന്ന്, എന്നു നിങ്ങളപ്പോള്‍ പറഞ്ഞു.
15: അതുകൊണ്ട്, ഞാന്‍ വിജ്ഞാനികളും പക്വമതികളുമായ ഗോത്രത്തലവന്മാരെ തിരഞ്ഞെടുത്തു നിങ്ങളുടെ അധിപന്മാരാക്കി. ആയിരങ്ങളുടെയും നൂറുകളുടെയും അമ്പതുകളുടെയും പത്തുകളുടെയും അധികാരികളായി, അവരെ എല്ലാ ഗോത്രങ്ങളിലും നിയമിച്ചു.
16: അക്കാലത്തു ഞാന്‍ നിങ്ങളുടെ ന്യായാധിപന്മാരോടു കല്പിച്ചു: നിങ്ങളുടെ സഹോദരരുടെയിടയിലുള്ള തര്‍ക്കങ്ങള്‍ വിചാരണചെയ്യുവിന്‍. സഹോദരര്‍ തമ്മില്‍ത്തമ്മിലോ പരദേശിയുമായോ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ കേട്ട്, നീതിപൂര്‍വ്വം വിധിക്കുവിന്‍.
17: ന്യായം വിധിക്കുന്നതില്‍ പക്ഷപാതംകാണിക്കാതെ ചെറിയവൻ്റെയും വലിയവൻ്റെയും വാദങ്ങള്‍ ഒന്നുപോലെ കേള്‍ക്കണം. ന്യായവിധി ദൈവത്തിന്റേതാകയാല്‍ നിങ്ങള്‍ മനുഷ്യനെ ഭയപ്പെടേണ്ടാ. നിങ്ങള്‍ക്കു തീരുമാനിക്കാന്‍പ്രയാസമുള്ള തര്‍ക്കങ്ങള്‍ എൻ്റെയടുക്കല്‍ കൊണ്ടുവരുവിന്‍. ഞാനവ തീരുമാനിച്ചുകൊള്ളാം.
18: നിങ്ങളുടെ കര്‍ത്തവ്യങ്ങളെന്തെല്ലാമെന്ന് അന്നു ഞാന്‍ നിങ്ങളെയറിയിച്ചു. 

കാനാനിലേക്കു ചാരന്മാര്‍

19: നമ്മുടെ ദൈവമായ കര്‍ത്താവിൻ്റെ കല്പനയനുസരിച്ച്, നാം ഹോറെബില്‍നിന്നു പുറപ്പെട്ട്, അമോര്യരുടെ മലമ്പ്രദേശത്തേക്കുള്ളവഴിയെ, നിങ്ങള്‍കണ്ട, വിശാലവും ഭയാനകവുമായ മരുഭൂമിയിലൂടെ യാത്രചെയ്ത്, കാദെഷ്ബര്‍ണ്ണയായിലെത്തി.
20: അപ്പോള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു: നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കുതരുന്ന അമോര്യരുടെ മലമ്പ്രദേശംവരെ നിങ്ങളെത്തിയിരിക്കുന്നു.
21: ഇതാ, നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിൻ്റെ ആജ്ഞയനുസരിച്ചുചെന്ന്, അതു കൈവശമാക്കുക; ഭയമോ പരിഭ്രമമോ വേണ്ടാ.
22: അപ്പോള്‍ നിങ്ങളെല്ലാവരും എൻ്റെയടുക്കല്‍വന്നു പറഞ്ഞു: ഈ രാജ്യത്തെക്കുറിച്ചു ഗൂഢമായി അന്വേഷിക്കാന്‍ നമുക്ക് ഏതാനുംപേരെ മുന്‍കൂട്ടിയയയ്ക്കാം. ഏതുവഴിക്കാണു നാം ചെല്ലേണ്ടതെന്നും ഏതു പട്ടണത്തിലേക്കാണു പ്രവേശിക്കേണ്ടതെന്നുമുള്ള വിവരം, അവര്‍ വന്നറിയിക്കട്ടെ.
23: ആ നിര്‍ദ്ദേശം എനിക്കിഷ്ടപ്പെട്ടു. അതിനാല്‍ ഗോത്രത്തിനൊന്നുവച്ച് പന്ത്രണ്ടുപേരെ നിങ്ങളില്‍നിന്നു ഞാന്‍ തിരഞ്ഞെടുത്തു.
24: അവര്‍ മലമ്പ്രദേശത്തേക്കു പുറപ്പെട്ടു. എഷ്‌കോള്‍താഴ്‌വരയിലെത്തി, ആ പ്രദേശത്തെക്കുറിച്ചു രഹസ്യമായന്വേഷിച്ചു.
25: അവര്‍ അവിടെനിന്നു കുറെ ഫലവര്‍ഗ്ഗങ്ങള്‍ കൊണ്ടുവന്നു നമുക്കു തരുകയും നമ്മുടെ കര്‍ത്താവായ ദൈവം നമുക്കുനല്കുന്ന ഭൂമി നല്ലതാണെന്നറിയിക്കുകയും ചെയ്തു.
26: എന്നാല്‍ നിങ്ങള്‍, അങ്ങോട്ടുപോകാന്‍ വിസമ്മതിച്ചുകൊണ്ട്, നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ കല്പന ധിക്കരിച്ചു.
27: നിങ്ങള്‍ കൂടാരങ്ങളിലിരുന്ന് ഇങ്ങനെ പിറുപിറുത്തു: കര്‍ത്താവു നമ്മെ വെറുക്കുന്നു. അതിനാലാണ്, നമ്മെ അമോര്യരുടെ കൈകളിലേല്പിച്ചു നശിപ്പിക്കാനായി ഈജിപ്തില്‍നിന്ന് ഇറക്കിക്കൊണ്ടുവന്നിരിക്കുന്നത്.
28: ആ ജനങ്ങള്‍, നമ്മെക്കാള്‍ വലിയവരും ഉയരംകൂടിയവരുമത്രേ. അവരുടെ നഗരങ്ങള്‍ വലിയവയും ആകാശംമുട്ടുന്ന കോട്ടകളാല്‍ സുരക്ഷിതങ്ങളുമാണ്. അവിടെ ഞങ്ങള്‍ അനാക്കിമിൻ്റെ സന്തതികളെപ്പോലും കണ്ടു. ഇങ്ങനെ പറഞ്ഞു നമ്മുടെ സഹോദരര്‍ നമ്മെ നഷ്ടധൈര്യരാക്കിയിരിക്കുന്നു. നാം എങ്ങോട്ടാണിപ്പോകുന്നത്?
29: അപ്പോള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു: നിങ്ങള്‍ പരിഭ്രമിക്കേണ്ടാ; അവരെ ഭയപ്പെടുകയുംവേണ്ടാ.
30: നിങ്ങളുടെ മുമ്പേപോകുന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ഈജിപ്തില്‍ നിങ്ങളുടെ കണ്മുമ്പില്‍വച്ചു പ്രവര്‍ത്തിച്ചതുപോലെ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്യും.
31: നിങ്ങള്‍ ഇവിടെയെത്തുന്നതുവരെ, കടന്നുപോരുന്നവഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ, ഒരു പിതാവു പുത്രനെയെന്നപോലെ, വഹിച്ചിരുന്നതു മരുഭൂമിയില്‍വച്ചു നിങ്ങള്‍ കണ്ടതാണല്ലോ.
32: എങ്കിലും ഇക്കാര്യത്തില്‍, നിങ്ങള്‍ ദൈവമായ കര്‍ത്താവിനെ വിശ്വസിച്ചില്ല.
33: നിങ്ങള്‍ക്ക് കൂടാരമടിക്കുന്നതിനു സ്ഥലമന്വേഷിച്ചുകൊണ്ട്, അവിടുന്നു നിങ്ങള്‍ക്കുമുമ്പേ നടന്നിരുന്നു. നിങ്ങള്‍ക്കു വഴികാട്ടുവാനായി അവിടുന്നു രാത്രി അഗ്നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കുമുമ്പേ സഞ്ചരിച്ചിരുന്നു.

അവിശ്വസ്തത

34: കര്‍ത്താവു നിങ്ങളുടെ വാക്കുകള്‍കേട്ടു കോപിച്ചു. അവിടുന്നു ശപഥംചെയ്തു പറഞ്ഞു:
35: ഈ ദുഷിച്ച തലമുറയിലെ ഒരുവന്‍പോലും നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍ വാഗ്ദാനം ചെയ്ത, ആ നല്ല ഭൂമി കാണുകയില്ല.
36: യഫുന്നയുടെ മകനായ കാലെബ് മാത്രം അതുകാണും; അവൻ്റെ പാദംപതിഞ്ഞ സ്ഥലം, അവനും അവൻ്റെ മക്കള്‍ക്കുമായി ഞാന്‍ നല്കുകയും ചെയ്യും. എന്തെന്നാല്‍, അവന്‍ കര്‍ത്താവിനെ പൂര്‍ണ്ണമായനുസരിച്ചു.
37: നിങ്ങള്‍നിമിത്തം കര്‍ത്താവ് എന്നോടും കോപിച്ചു. അവിടുന്നു പറഞ്ഞു: നീയും അവിടെ പ്രവേശിക്കുകയില്ല.
38: നൂനിൻ്റെ പുത്രനും നിൻ്റെ സഹായകനുമായ ജോഷ്വ അവിടെ പ്രവേശിക്കും. അവനു നീ ഉത്തേജനം നല്കുക. എന്തെന്നാല്‍, അവന്‍വഴി ഇസ്രായേല്‍ ആ സ്ഥലത്തിന്മേല്‍ അവകാശംനേടും.
39: എന്നാല്‍, ശത്രുക്കള്‍ക്കിരയാകുമെന്നു നിങ്ങള്‍ കരുതിയ നിങ്ങളുടെ ശിശുക്കളും നന്മതിന്മ തിരിച്ചറിയാന്‍ ഇനിയുംപ്രായമാകാത്ത കുട്ടികളും അവിടെ പ്രവേശിക്കും. അവര്‍ക്കു ഞാനതു നല്കും. അവരതു സ്വന്തമാക്കുകയും ചെയ്യും.
40: നിങ്ങളാവട്ടെ ചെങ്കടലിനെ ലക്ഷ്യമാക്കി മരുഭൂമിയിലേക്കു തിരിച്ചുപോകുവിന്‍.
41: ഞങ്ങള്‍ കര്‍ത്താവിനെതിരായി പാപംചെയ്തുപോയി; നമ്മുടെ ദൈവമായ കര്‍ത്താവിൻ്റെ ആജ്ഞകളെല്ലാമനുസരിച്ചു ഞങ്ങള്‍ചെന്നു യുദ്ധംചെയ്തുകൊള്ളാമെന്ന് അപ്പോള്‍ നിങ്ങള്‍ പറഞ്ഞു. നിങ്ങള്‍ ഓരോരുത്തരും ആയുധം ധരിച്ചു; മലമ്പ്രദേശത്തേക്കു കയറിപ്പോകുന്നത് എളുപ്പമാണെന്നു വിചാരിക്കുകയും ചെയ്തു.
42: അപ്പോള്‍ കര്‍ത്താവ് എന്നോടരുളിച്ചെയ്തു: അവരോടു പറയുക: നിങ്ങള്‍ അങ്ങോട്ടു പോകരുത്, യുദ്ധംചെയ്യുകയുമരുത്; എന്തെന്നാല്‍, ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല, ശത്രുക്കള്‍ നിങ്ങളെ തോല്പിക്കും.
43: ഞാന്‍, അതു നിങ്ങളോടു പറഞ്ഞു: നിങ്ങള്‍ ചെവിക്കൊണ്ടില്ല; കര്‍ത്താവിൻ്റെ കല്പന ധിക്കരിച്ച്, അഹങ്കാരത്തോടെ മലമ്പ്രദേശത്തേക്കു കയറി.
44: ആ മലയില്‍ താമസിക്കുന്ന അമോര്യര്‍ അപ്പോള്‍ നിങ്ങള്‍ക്കെതിരേ വന്ന്, തേനീച്ചക്കൂട്ടംപോലെ സെയിറില്‍ ഹോര്‍മവരെ നിങ്ങളെ പിന്തുടര്‍ന്ന് നിശ്ശേഷം തോല്പിച്ചു.
45: നിങ്ങള്‍ തിരിച്ചുവന്നു കര്‍ത്താവിൻ്റെ മുമ്പില്‍ വിലപിച്ചു. എന്നാല്‍, കര്‍ത്താവു നിങ്ങളുടെ ശബ്ദം കേള്‍ക്കുകയോ നിങ്ങളെ ചെവിക്കൊള്ളുകയോ ചെയ്തില്ല.
46: അതിനാലാണ് നിങ്ങള്‍ കാദെഷില്‍ അത്രയും കാലം താമസിക്കേണ്ടിവന്നത്.

അദ്ധ്യായം 2

കാദെഷില്‍നിന്നുള്ള യാത്ര


1: കര്‍ത്താവ് എന്നോടു കല്പിച്ചപ്രകാരം നമ്മള്‍ തിരിച്ചു ചെങ്കടലിലേക്കുള്ള വഴിയിലൂടെ മരുഭൂമിയിലേക്കു യാത്രചെയ്തു. അനേകം ദിവസം നമ്മള്‍ സെയിര്‍മലയ്ക്കു ചുറ്റുംനടന്നു.
2: അപ്പോള്‍ കര്‍ത്താവ് എന്നോടാജ്ഞാപിച്ചു:
3: നിങ്ങള്‍ ഈ മലയ്ക്കുചുറ്റും നടന്നതുമതി; വടക്കോട്ടു തിരിയുവിന്‍.
4: ജനത്തോടു കല്പിക്കുക: സെയിറില്‍ താമസിക്കുന്ന ഏസാവിൻ്റെ മക്കളായ നിങ്ങളുടെ സഹോദരരുടെ അതിര്‍ത്തിയിലൂടെ നിങ്ങള്‍ കടന്നുപോകാന്‍തുടങ്ങുകയാണ്. അവര്‍ക്കു നിങ്ങളെ ഭയമായിരിക്കും. എങ്കിലും നിങ്ങള്‍ വളരെ ജാഗരൂകരായിരിക്കണം. അവരുമായി കലഹിക്കരുത്.
5: ഏസാവിനു സെയിര്‍മല ഞാന്‍ അവകാശമായി നല്കിയിരിക്കുന്നതിനാല്‍ അവരുടെ രാജ്യത്തില്‍ കാലുകുത്തുന്നതിനുവേണ്ട സ്ഥലംപോലും ഞാന്‍ നിങ്ങള്‍ക്കു തരുകയില്ല.
6: നിങ്ങള്‍ക്കാവശ്യമായ ആഹാരം അവരില്‍നിന്നു വിലകൊടുത്തു വാങ്ങണം. കുടിക്കാനുള്ള വെള്ളംപോലും വിലയ്ക്കുവാങ്ങണം.
7: എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ്, നിങ്ങളുടെ എല്ലാ അദ്ധ്വാനങ്ങളിലും നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. വിശാലമായ ഈ മരുഭൂമിയിലൂടെയുള്ള നിങ്ങളുടെ യാത്ര അവിടുന്നു കാണുന്നു. അവിടുന്നു നാല്പതു സംവത്സരവും നിങ്ങളുടെകൂടെയുണ്ടായിരുന്നു. നിങ്ങള്‍ക്ക്, ഒന്നും കുറവുണ്ടായില്ല.
8: അതിനാല്‍ സെയിറില്‍ത്താമസിക്കുന്ന ഏസാവിൻ്റെ മക്കളായ നമ്മുടെ സഹോദരരെക്കടന്ന്, ഏലാത്തില്‍നിന്നും എസിയോന്‍ഗേബറില്‍നിന്നുമുള്ള അരാബാവഴിയിലൂടെ യാത്രചെയ്തതിനുശേഷം, നമ്മള്‍ തിരിഞ്ഞു മൊവാബ് മരുഭൂമിയിലേക്കു നീങ്ങി.
9: അപ്പോള്‍ കര്‍ത്താവ്, എന്നോടരുളിച്ചെയ്തു: മൊവാബ്യരെ ആക്രമിക്കുകയോ അവരോടു ശത്രുതകാട്ടി, യുദ്ധത്തിനൊരുമ്പെടുകയോ അരുത്. അവരുടെ രാജ്യത്തില്‍നിന്ന് അല്പംപോലും നിങ്ങള്‍ക്കു ഞാന്‍ അവകാശമായിത്തരുകയില്ല. എന്തെന്നാല്‍, ലോത്തിൻ്റെ മക്കള്‍ക്ക് അവകാശമായി ഞാന്‍ നല്കിയിരിക്കുന്നതാണ് ആർ ദേശം.
10: പണ്ട്, ഏമ്യര്‍ അവിടെത്താമസിച്ചിരുന്നു. അനാക്കിമിനെപ്പോലെ വലുതും മഹത്തും അസംഖ്യവും ഉയരംകൂടിയതുമായ ഒരു ജനതയായിരുന്നു അവര്‍.
11: അനാക്കിംവംശജരെപ്പോലെ അവരും റഫായിം എന്നപേരില്‍ അറിയപ്പെട്ടിരുന്നെങ്കിലും മൊവാബ്യര്‍ അവരെ ഏമ്യര്‍ എന്നാണു വിളിക്കുന്നത്.
12: ഹോര്യരും പണ്ടു സെയറില്‍ താമസിച്ചിരുന്നു. എന്നാല്‍, ഏസാവിൻ്റെ മക്കള്‍ അവരുടെ രാജ്യം കൈയടക്കുകയും അവരെ നശിപ്പിച്ച്, അവിടെ താമസമുറപ്പിക്കുകയും ചെയ്തു - കര്‍ത്താവു തങ്ങള്‍ക്ക് അവകാശമായിനല്കിയ രാജ്യത്ത് ഇസ്രായേല്യര്‍ ചെയ്തതുപോലെതന്നെ.
13: ഇപ്പോളെഴുന്നേറ്റ്, സെറെദ്അരുവി കടക്കുവിന്‍.
14: അതനുസരിച്ചു നാം സെറെദ് അരുവി കടന്നു. നാം കാദെഷ്ബര്‍ണ്ണയായില്‍നിന്നു പുറപ്പെട്ട് സെറെദ്അരുവി കടക്കുന്നതുവരെ സഞ്ചരിച്ചകാലം മുപ്പത്തെട്ടു വര്‍ഷമാണ്. അതിനിടയില്‍ കര്‍ത്താവ് അവരോടു ശപഥംചെയ്തിരുന്നപ്രകാരം യുദ്ധംചെയ്യാന്‍ കഴിവുള്ള മനുഷ്യരുടെ ഒരു തലമുറ മരണമടഞ്ഞിരുന്നു.
15: എന്തെന്നാല്‍, അവര്‍ പൂര്‍ണ്ണമായി നശിക്കുന്നതുവരെ കര്‍ത്താവിൻ്റെ കരം പാളയത്തില്‍വച്ച് അവരുടെമേല്‍പ്പതിച്ചു.
16: ജനങ്ങളുടെയിടയില്‍നിന്നു യോദ്ധാക്കളെല്ലാം മരിച്ചുകഴിഞ്ഞപ്പോള്‍
17: കര്‍ത്താവ് എന്നോടരുളിച്ചെയ്തു:
18: ഇന്ന് ആര്‍പട്ടണത്തില്‍വച്ച് നീ മൊവാബിൻ്റെ അതിര്‍ത്തികടക്കാന്‍പോവുകയാണ്.
19: നീ അമ്മോൻ്റെ മക്കളുടെ അതിര്‍ത്തിയില്‍ച്ചെല്ലുമ്പോള്‍, അവരെ ആക്രമിക്കുകയോ അവരോടു ശത്രുതപുലര്‍ത്തുകയോ അരുത്. എന്തെന്നാല്‍, അമ്മോൻ്റെ മക്കളുടെ ദേശത്തു യാതൊരവകാശവും ഞാന്‍ നിനക്കു തരുകയില്ല. കാരണം, അതു ഞാന്‍ ലോത്തിൻ്റെ മക്കള്‍ക്ക് അവകാശമായിക്കൊടുത്തതാണ്.
20: അതും റഫായിമിൻ്റെ രാജ്യമെന്നാണറിയപ്പെടുന്നത്. പണ്ടു റഫായിം അവിടെ താമസിച്ചിരുന്നു. അമ്മോന്യര്‍ അവരെ സാസുമ്മി എന്നുവിളിക്കുന്നു.
21: അനാക്കിമിനെപ്പോലെ മഹത്തും അസംഖ്യവും ഉയരംകൂടിയതുമായ ജനതയായിരുന്നു അത്. പക്ഷേ കര്‍ത്താവ്, അമ്മോന്യരുടെ മുമ്പില്‍നിന്ന് അവരെ നശിപ്പിച്ചുകളഞ്ഞു. അവര്‍ ആ രാജ്യം കൈയടക്കുകയും അവിടെത്താമസമുറപ്പിക്കുകയും ചെയ്തു.
22: സെയറില്‍ത്താമസിക്കുന്ന ഏസാവിൻ്റെ മക്കള്‍ക്കുവേണ്ടി കര്‍ത്താവു ചെയ്തതുപോലെയാണിത്. അവിടുന്നു ഹോര്യരെ അവരുടെ മുമ്പില്‍നിന്നു നശിപ്പിക്കുകയും, അങ്ങനെ, അവര്‍ ആ ദേശം കൈവശമാക്കുകയുംചെയ്തു. ഇന്നും അവരവിടെപ്പാര്‍ക്കുന്നു. അവീമ്മ്യരാകട്ടെ, ഗാസവരെയുള്ള ഗ്രാമങ്ങളില്‍ത്താമസിച്ചിരുന്നു.
23: എന്നാല്‍, കഫുത്തോറില്‍നിന്നുവന്ന കഫ്‌ത്തോര്യര്‍ അവരെ നശിപ്പിക്കുകയും അവിടെത്താമസമുറപ്പിക്കുകയും ചെയ്തു.
24: എഴുന്നേറ്റു പുറപ്പെടുവിന്‍. അര്‍നോണ്‍അരുവി കടക്കുവിന്‍. ഹെഷ്‌ബോണിലെ അമോര്യരാജാവായ സീഹോനെയും അവൻ്റെ രാജ്യത്തെയും ഞാന്‍ നിങ്ങളുടെ കൈകളിലേല്പിച്ചുതന്നിരിക്കുന്നു: പടവെട്ടി പിടിച്ചടക്കാന്‍തുടങ്ങുവിന്‍.
25: ഇന്നു ഞാന്‍ ആകാശത്തിന്‍കീഴുള്ള സകലജനങ്ങളിലും നിങ്ങളെക്കുറിച്ചു ഭയവും പരിഭ്രമവുമുളവാക്കാന്‍തുടങ്ങുകയാണ്. നിങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ അവര്‍ ഭയന്നുവിറയ്ക്കുകയും നിങ്ങളുടെ മുമ്പില്‍ വിറങ്ങലിക്കുകയും ചെയ്യും.

സീഹോൻ്റെ രാജ്യം കീഴടക്കുന്നു

26: അപ്രകാരം ഞാന്‍, കെദേമോത്ത്മരുഭൂമിയില്‍നിന്ന്, ഹെഷ്‌ബോണിലെ രാജാവായ സീഹോൻ്റെയടുത്തേക്കു സമാധാനസന്ദേശവുമായി ദൂതന്മാരെയയച്ചു.
27: നിങ്ങളുടെ രാജ്യത്തിലൂടെ ഞാന്‍ കടന്നുപൊയ്‌ക്കൊള്ളട്ടെ; വഴിയിലൂടെമാത്രമേ ഞാന്‍ പോവുകയുള്ളൂ. ഇടംവലം തിരിയുകയില്ല.
28: ഭക്ഷണവും കുടിക്കാന്‍ വെള്ളവും നിങ്ങളില്‍നിന്നു ഞങ്ങള്‍ വിലയ്ക്കു വാങ്ങിക്കൊള്ളാം. കാല്‍നടയായി കടന്നുപോകാന്‍മാത്രമനുവദിച്ചാല്‍മതി.
29: സെയിറില്‍ത്താമസിക്കുന്ന ഏസാവിൻ്റെ മക്കളും ആറില്‍ത്താമസിക്കുന്ന മൊവാബ്യരും എനിക്കുവേണ്ടിച്ചെയ്തതുപോലെ, ജോര്‍ദ്ദാനക്കരെ ഞങ്ങളുടെ ദൈവമായ കര്‍ത്താവു ഞങ്ങള്‍ക്കുനല്കുന്ന ദേശത്തേക്കു കടന്നുപോകാന്‍ ഞങ്ങളെയനുവദിക്കണം.
30: എന്നാല്‍, ഹെഷ്‌ബോണിലെ രാജാവായ സീഹോന്‍, തൻ്റെ ദേശത്തിലൂടെ കടന്നുപോകാന്‍ നമ്മെയനുവദിച്ചില്ല. എന്തുകൊണ്ടെന്നാല്‍, ഇന്നു നിങ്ങള്‍ കാണുന്നതുപോലെ അവനെ നിങ്ങളുടെ കൈയിലേല്പിച്ചുതരാന്‍വേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവ്, അവൻ്റെ മനസ്സു കഠിനമാക്കുകയും ഹൃദയം കര്‍ക്കശമാക്കുകയും ചെയ്തു.
31: കര്‍ത്താവ് എന്നോടരുളിച്ചെയ്തു: ഇതാ സീഹോനെയും അവൻ്റെ ദേശത്തേയും ഞാന്‍ നിനക്ക് ഏല്പിച്ചുതരുന്നു; അവൻ്റെ രാജ്യം പിടിച്ചടക്കി സ്വന്തമാക്കാന്‍ ആരംഭിച്ചുകൊള്ളുക.
32: പിന്നീടു സീഹോനും അവൻ്റെ ജനമൊക്കെയുംകൂടെ നമുക്കെതിരായി യാഹാസില്‍വച്ചു യുദ്ധത്തിനു വന്നു.
33: അപ്പോള്‍ നമ്മുടെ ദൈവമായ കര്‍ത്താവ്, അവനെ നമുക്കേല്പിച്ചുതന്നു. അവനെയും മക്കളെയും അവൻ്റെ ജനത്തെയും നാം തോല്പിച്ചു.
34: അവൻ്റെ സകലപട്ടണങ്ങളും നാം പിടിച്ചടക്കി; സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം അവയിലുണ്ടായിരുന്ന സകലമനുഷ്യരെയും വധിച്ചു; ആരുമവശേഷിച്ചില്ല.
35: കന്നുകാലികളും പിടിച്ചെടുത്ത പട്ടണങ്ങളിലെ മറ്റുകൊള്ളവസ്തുക്കളുംമാത്രം നമ്മളെടുത്തു.
36: അര്‍നോണരുവിക്കരയിലുള്ള അരോവേര്‍ പട്ടണവും അരുവിയുടെ താഴ്‌വരയിലെ പട്ടണവുംമുതല്‍ ഗിലയാദുവരെ നമുക്കു പിടിച്ചടക്കാനാവാത്ത ഒരു പട്ടണവുമുണ്ടായിരുന്നില്ല. നമ്മുടെ ദൈവമായ കര്‍ത്താവ്, അവയെല്ലാം നമ്മുടെ കരങ്ങളിലേല്പിച്ചുതന്നു.
37: യാബോക്കുനദിയുടെ തീരങ്ങളും മലനാട്ടിലെ നഗരങ്ങളുമുള്‍ക്കൊള്ളുന്ന അമ്മോന്യരുടെ രാജ്യത്തേയ്ക്കും, നമ്മുടെ ദൈവമായ കര്‍ത്താവു വിലക്കിയിരുന്ന ഒന്നിലേയ്ക്കും നിങ്ങള്‍ പ്രവേശിച്ചില്ല.


അദ്ധ്യായം 3

ഓഗിനെ കീഴടക്കുന്നു

1: നമ്മള്‍ തിരിഞ്ഞ്, ബാഷാനിലേക്കുള്ളവഴിയിലൂടെ കയറിപ്പോയി; അപ്പോള്‍ ബാഷാന്‍രാജാവായ ഓഗും അയാളുടെ സകലജനവും എദ്‌റേയില്‍വച്ചു നമുക്കെതിരേ യുദ്ധംചെയ്യാന്‍ വന്നു.
2: എന്നാല്‍, കര്‍ത്താവ് എന്നോടു പറഞ്ഞു: അവനെ ഭയപ്പെടേണ്ടാ. എന്തെന്നാല്‍ അവനെയും അവൻ്റെ ജനത്തെയും രാജ്യത്തെയും ഞാന്‍ നിൻ്റെ കരങ്ങളിലേല്പിച്ചിരിക്കുന്നു; ഹെഷ്‌ബോണില്‍ താമസിച്ചിരുന്ന അമോര്യരാജാവായ സീഹോനോടു നിങ്ങള്‍ ചെയ്തതുപോലെ ഇവനോടും ചെയ്യണം.
3: അപ്രകാരം നമ്മുടെ ദൈവമായ കര്‍ത്താവ്, ബാഷാന്‍രാജാവായ ഓഗിനെയും അവൻ്റെ ജനത്തെയും നമ്മുടെ കരങ്ങളിലേല്പിച്ചു തന്നു. നാമവരെ നിശ്ശേഷം സംഹരിച്ചുകളഞ്ഞു.
4: അവൻ്റെ എല്ലാ പട്ടണങ്ങളും അന്നു നാം പിടിച്ചടക്കി; കീഴടക്കാത്ത ഒരു പട്ടണവുമില്ലായിരുന്നു. അറുപതു പട്ടണങ്ങളുള്‍ക്കൊള്ളുന്ന അര്‍ഗോബു പ്രദേശമായിരുന്നു ബാഷാനിലെ ഓഗിൻ്റെ സാമ്രാജ്യം.
5: ഉയര്‍ന്ന കോട്ടകളും വാതിലുകളും ഓടാമ്പലുകളും കൊണ്ടു സുരക്ഷിതമാക്കപ്പെട്ട പട്ടണങ്ങളായിരുന്നു അവ. ഇവയ്ക്കുപുറമേ, കോട്ടകളില്ലാത്ത അനേകം ചെറിയ പട്ടണങ്ങളുമുണ്ടായിരുന്നു.
6: അവയെല്ലാം നമ്മള്‍ നിശ്ശേഷം നശിപ്പിച്ചു; ഹെഷ്‌ബോണിലെ സീഹോനോടു നാം പ്രവര്‍ത്തിച്ചതുപോലെ ഓരോ പട്ടണവും - പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം - നമ്മള്‍ നശിപ്പിച്ചു.
7: എന്നാല്‍, പട്ടണത്തിലെ കന്നുകാലികളും കൊള്ളവസ്തുക്കളും നമ്മളെടുത്തു.
8: ജോര്‍ദ്ദാൻ്റെ അക്കരെ അര്‍നോണ്‍നദിമുതല്‍ ഹെര്‍മോണ്‍ മലവരെയുള്ള പ്രദേശം മുഴുവന്‍, രണ്ട് അമോര്യരാജാക്കന്മാരില്‍നിന്ന് അന്നു നമ്മള്‍ പിടിച്ചടക്കി.
9: ഹെര്‍മോണിനെ സിദോണിയര്‍ സിറിയോണ്‍ എന്നും അമോര്യര്‍ സെനീര്‍ എന്നും വിളിക്കുന്നു.
10: സമതലത്തിലെ എല്ലാ പട്ടണങ്ങളും ഗിലയാദു മുഴുവനും ബാഷാനിലെ ഓഗിൻ്റെ സാമ്രാജ്യത്തിലെ പട്ടണങ്ങളായ സല്‍ക്കായും എദ്‌റെയുംവരെയുള്ള പ്രദേശവും നമ്മള്‍ പിടിച്ചെടുത്തു.
11: റഫായിംവംശത്തില്‍ ബാഷാന്‍രാജാവായ ഓഗുമാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അവൻ്റെ കട്ടില്‍ ഇരുമ്പുകൊണ്ടുള്ളതായിരുന്നു. അതിന്നും അമ്മോന്യരുടെ റബ്ബായിലുണ്ടല്ലോ. സാധാരണയളവില്‍ ഒമ്പതു മുഴമായിരുന്നു അതിൻ്റെ നീളം; വീതി നാലു മുഴവും.

ജോര്‍ദ്ദാനു കിഴക്കുള്ള ഗോത്രങ്ങള്‍

12: ഈ ദേശം അന്നു നാം കൈവശമാക്കിയപ്പോള്‍ അര്‍നോണ്‍നദീതീരത്തുള്ള അരോവേര്‍മുതല്‍ ഗിലയാദുമലനാടിൻ്റെ പകുതിവരെയുള്ള പ്രദേശവും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ റൂബൻ്റെയും ഗാദിൻ്റെയും ഗോത്രങ്ങള്‍ക്കു കൊടുത്തു.
13: ഗിലയാദിൻ്റെ ബാക്കിഭാഗവും ഓഗിൻ്റെ സാമ്രാജ്യമായിരുന്ന ബാഷാന്‍മുഴുവനും - അര്‍ഗോബു പ്രദേശം - മാനാസ്സെയുടെ അര്‍ദ്ധഗോത്രത്തിനു ഞാന്‍ നല്കി. റഫയിമിൻ്റെ ദേശമെന്നാണ് ഇതു വിളിക്കപ്പെടുന്നത്.
14: മനാസ്സെഗോത്രജനായ യായിര്‍, ഗഷുറിയരുടെയും മാക്കത്യരുടെയും അതിര്‍ത്തിവരെയുള്ള അര്‍ഗോബുപ്രദേശം കൈവശമാക്കി. അതിനു തൻ്റെ പേരനുസരിച്ച്, ബാഷാന്‍ ഹബ്ബോത്ത്‌യായിര്‍ എന്നു പേരുകൊടുത്തു. അതുതന്നെയാണ് ഇന്നുമതിൻ്റെ പേര്.
15: മാക്കീറിനു ഞാന്‍ ഗിലയാദ് കൊടുത്തു.
16: ഗിലയാദുമുതല്‍ അര്‍നോണ്‍വരെയുള്ള പ്രദേശം റൂബൻ്റെയും ഗാദിൻ്റെയും ഗ്രോത്രങ്ങള്‍ക്കു ഞാന്‍ കൊടുത്തു. നദിയുടെ മദ്ധ്യമാണ് അതിര്‍ത്തി. അമ്മോന്യരുടെ അതിര്‍ത്തിയിലുള്ള യാബോക്കുനദിവരെയാണ് ഈ പ്രദേശം.
17: ജോര്‍ദ്ദാന്‍ അതിര്‍ത്തിയായി, അരാബായും - കിന്നരെത്തുമുതല്‍ കിഴക്ക് പിസ്ഗാമലയുടെ ചരിവിനുതാഴെ, ഉപ്പുകടലായ അരാബാക്കടല്‍വരെയുള്ള സ്ഥലം - അവര്‍ക്കു കൊടുത്തു.
18: അന്നു ഞാന്‍ നിങ്ങളോടാജ്ഞാപിച്ചു: നിങ്ങളുടെ ദൈവമായ കര്‍ത്താവ്, നിങ്ങള്‍ക്കു കൈവശമാക്കാനായി ഈ ദേശം നല്കിയിരിക്കുന്നു. നിങ്ങളില്‍ ശക്തരായ എല്ലാ പുരുഷന്മാരും ആയുധധാരികളായി നിങ്ങളുടെ സഹോദരരായ ഇസ്രായേല്യരുടെമുമ്പേ പോകണം.
19: എന്നാല്‍, നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും - നിങ്ങള്‍ക്കു ധാരാളം കന്നുകാലികളുണ്ടെന്ന് എനിക്കറിയാം - ഞാന്‍ നിങ്ങള്‍ക്കുനല്കിയിട്ടുള്ള പട്ടണങ്ങളില്‍ത്തന്നെ പാര്‍ക്കട്ടെ.
20: കര്‍ത്താവു നിങ്ങള്‍ക്കു തന്നതുപോലെ, നിങ്ങളുടെ സഹോദരര്‍ക്കും വിശ്രമംനല്കുകയും ജോര്‍ദ്ദാൻ്റെയക്കരെ, നിങ്ങളുടെ ദൈവമായ കര്‍ത്താവ് അവര്‍ക്കുനല്കുന്ന ദേശം അവരും കൈവശമാക്കുകയുംചെയ്യുന്നതുവരെ നിങ്ങളവരുടെ മുമ്പേപോകണം. അതിനുശേഷം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശത്തിലേക്കു നിങ്ങള്‍ക്കു മടങ്ങിപ്പോകാം.
21: അന്നു ഞാന്‍ ജോഷ്വയോടു കല്പിച്ചു: ഈ രണ്ടു രാജാക്കന്മാരോടു നിങ്ങളുടെ ദൈവമായ കര്‍ത്താവു ചെയ്തവയെല്ലാം നിങ്ങള്‍ നേരിട്ടുകണ്ടല്ലോ. അപ്രകാരംതന്നെ നിങ്ങള്‍ കടന്നുപോകുന്ന എല്ലാ രാജ്യങ്ങളോടും കര്‍ത്താവുചെയ്യും.
22: അവരെ ഭയപ്പെടരുത്; എന്തെന്നാല്‍, നിങ്ങളുടെ കര്‍ത്താവായ ദൈവമായിരിക്കും നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്യുന്നത്.

മോശ കാനാനില്‍ പ്രവേശിക്കുകയില്ല

23: അനന്തരം, ഞാന്‍ കര്‍ത്താവിനെ വിളിച്ച്, ഇപ്രകാരമപേക്ഷിച്ചു:
24: ദൈവമായ കര്‍ത്താവേ, അങ്ങയുടെ മഹത്വവും ശക്തമായകരവും അവിടുത്തെ ദാസനെ കാണിക്കാന്‍തുടങ്ങിയിരിക്കുന്നുവല്ലോ. ഇപ്രകാരം ശക്തമായ പ്രവൃത്തിചെയ്യാന്‍ കഴിയുന്ന ദൈവം, അങ്ങയെപ്പോലെ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും വേറെ ആരുള്ളൂ?
25: ജോര്‍ദ്ദാനക്കരെയുള്ള ഫലഭൂയിഷ്ഠമായ സ്ഥലവും മനോഹരമായ മലമ്പ്രദേശവും ലബനോനും പോയിക്കാണാന്‍ എന്നെയനുവദിക്കണമേ!
26: എന്നാല്‍, നിങ്ങള്‍നിമിത്തം കര്‍ത്താവ് എന്നോടു കോപിച്ചിരിക്കുകയായിരുന്നു. അവിടുന്ന്, എൻ്റെയപേക്ഷ സ്വീകരിച്ചില്ല. കര്‍ത്താവെന്നോടു പറഞ്ഞു: മതി, ഇക്കാര്യത്തെക്കുറിച്ച്, ഇനിയെന്നോടു സംസാരിക്കരുത്.
27: പിസ്ഗായുടെ മുകളില്‍ക്കയറി, കണ്ണുകളുയര്‍ത്തി, പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടുംനോക്കി കണ്ടുകൊള്ളുക; എന്തെന്നാല്‍, ഈ ജോര്‍ദ്ദാന്‍ നീ കടക്കുകയില്ല.
28: ജോഷ്വയ്ക്കു നിര്‍ദ്ദേശങ്ങള്‍ നല്കുക; അവനു ധൈര്യവും ശക്തിയുംപകരുക. എന്തെന്നാല്‍, അവന്‍, ഈ ജനത്തെ അക്കരയ്ക്കു നയിക്കുകയും നീ കാണാന്‍പോകുന്ന ദേശം, അവര്‍ക്കവകാശമായി കൊടുക്കുകയും ചെയ്യും.
29: അതിനാല്‍, ബേത്‌പെയോറിനെതിരേയുള്ള താഴ്‌വരയില്‍, നാം താമസിച്ചു.


അദ്ധ്യായം 4

വിശ്വസ്തതപാലിക്കുക

1: ഇസ്രായേലേ, നിങ്ങള്‍ ജീവിക്കേണ്ടതിനും നിങ്ങള്‍ ചെന്നു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവുതരുന്ന ദേശം കൈവശമാക്കേണ്ടതിനും ഞാനിപ്പോള്‍ പഠിപ്പിക്കുന്ന ചട്ടങ്ങളും കല്പനകളുമനുസരിക്കുവിന്‍.
2: ഞാന്‍ നല്കുന്ന കല്പനകളോട്, ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍നിന്നെന്തെങ്കിലും എടുത്തുകളയുകയോ അരുത്. ഞാന്‍ നിങ്ങളെയറിയിക്കുന്ന, നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ കല്പനകളനുസരിക്കുവിന്‍.
3: കര്‍ത്താവ്, ബാല്‍പെയോര്‍നിമിത്തം ചെയ്തതെന്തെന്നു നിങ്ങളുടെ കണ്ണുകള്‍ കണ്ടതാണല്ലോ. ബാല്‍പെയോറിനെ പിന്തുടര്‍ന്നവരെയെല്ലൊം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെയിടയില്‍നിന്നു നശിപ്പിച്ചുകളഞ്ഞു.
4: എന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു ദൃഢമായി ചേര്‍ന്നുനിന്ന നിങ്ങള്‍, ഇന്നും ജീവിക്കുന്നു.
5: ഇതാ, നിങ്ങള്‍ കൈവശമാക്കാന്‍പോകുന്ന രാജ്യത്തു നിങ്ങളനുഷ്ഠിക്കേണ്ടതിന്, എൻ്റെ ദൈവമായ കര്‍ത്താവ്, എന്നോടു കല്പിച്ചപ്രകാരം അവിടുത്തെ ചട്ടങ്ങളും കല്പനകളും നിങ്ങളെ ഞാന്‍ പഠിപ്പിച്ചിരിക്കുന്നു.
6: അവയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. എന്തെന്നാല്‍, അതു മറ്റുജനതകളുടെ ദൃഷ്ടിയില്‍, നിങ്ങളെ ജ്ഞാനികളും വിവേകികളുമാക്കും. അവര്‍ ഈ കല്പനകളെപ്പറ്റിക്കേള്‍ക്കുമ്പോള്‍ മഹത്തായ ഈ ജനത ജ്ഞാനവും വിവേകവുമുള്ളവര്‍തന്നെ എന്നുപറയും.
7: നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ, ദൈവം ഇത്രയടുത്തുള്ള വേറേ ഏതു ശ്രേഷ്ഠജനതയാണുള്ളത്?
8: ഞാനിന്നു നിങ്ങളുടെമുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ, നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്?
9: നിങ്ങളുടെ കണ്ണുകള്‍കണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും ജീവിതകാലംമുഴുവന്‍ അവ ഹൃദയത്തില്‍നിന്നു മായാതിരിക്കാനും ശ്രദ്ധിക്കുവിന്‍; ജാഗരൂകരായിരിക്കുവിന്‍. അവയെല്ലാം നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയുമറിയിക്കണം.
10: ഹോറെബില്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍, നിങ്ങള്‍ നിന്ന ദിവസം, കര്‍ത്താവ് എന്നോടാജ്ഞാപിച്ചു. ജനത്തെ എൻ്റെമുമ്പില്‍ വിളിച്ചുകൂട്ടുക. ഈ ഭൂമുഖത്തു വസിക്കുന്നിടത്തോളംകാലം, എന്നെ ഭയപ്പെടാന്‍ പഠിക്കുന്നതിനും, അവരതു തങ്ങളുടെ മക്കളെപ്പഠിപ്പിക്കുന്നതിനും എൻ്റെ വാക്കുകള്‍, അവര്‍ കേള്‍ക്കട്ടെ.
11: നിങ്ങള്‍ അടുത്തുവന്നു പര്‍വ്വതത്തിൻ്റെ അടിവാരത്തു നിന്നു. ആകാശത്തോളമുയര്‍ന്ന അഗ്നിയാല്‍, പര്‍വ്വതം ജ്വലിച്ചുകൊണ്ടിരുന്നു. അന്ധകാരവും കനത്തമേഘവും അതിനെയാവരണംചെയ്തിരുന്നു.
12: അപ്പോള്‍ അഗ്നിയുടെ മദ്ധ്യത്തില്‍നിന്നു കര്‍ത്താവു നിങ്ങളോടു സംസാരിച്ചു. നിങ്ങള്‍ ശബ്ദംകേട്ടു - ശബ്ദംമാത്രം; രൂപംകണ്ടില്ല.
13: തൻ്റെയുടമ്പടി അവിടുന്നു നിങ്ങളോടു പ്രഖ്യാപിച്ചു. നിങ്ങളോടു്, അനുഷ്ഠിക്കാന്‍ അവിടുന്നാജ്ഞാപിച്ച പത്തു കല്പനകളാണവ. രണ്ടു കല്പലകകളില്‍ അവിടുന്നവയെഴുതി.
14: നിങ്ങള്‍ചെന്നു കൈവശമാക്കുന്ന ദേശത്തു നിങ്ങളനുഷ്ഠിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും നിങ്ങളെപ്പഠിപ്പിക്കാന്‍ കര്‍ത്താവ് അന്നെന്നോടു കല്പിച്ചു.

വിഗ്രഹാരാധനയ്‌ക്കെതിരേ

15: അതിനാല്‍, നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുവിന്‍. ഹോറെബില്‍വച്ച്, അഗ്നിയുടെ മദ്ധ്യത്തില്‍നിന്നു കര്‍ത്താവു നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല.
16: അതിനാല്‍, എന്തിൻ്റെയെങ്കിലും സാദൃശ്യത്തില്‍, പുരുഷൻ്റെയോ സ്ത്രീയുടെയോ
17: ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിൻ്റെയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ
18: നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിൻ്റെയോ ഭൂമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിൻ്റെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
19: നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകളുയര്‍ത്തി, സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും - എല്ലാ ആകാശഗോളങ്ങളെയും - കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയുംചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍. അവ ആകാശത്തിൻ്റെകീഴിലുള്ള എല്ലാ ജനതകള്‍ക്കുംവേണ്ടി, നിങ്ങളുടെ ദൈവമായ കര്‍ത്താവു നല്കിയിരിക്കുന്നവയാണ്.
20: ഇന്നത്തെപ്പോലെ, നിങ്ങള്‍ തൻ്റെ സ്വന്തം ജനമായിരിക്കേണ്ടതിനു കര്‍ത്താവു നിങ്ങളെ സ്വീകരിക്കുകയും ഈജിപ്താകുന്ന ഇരുമ്പുചൂളയില്‍നിന്നു പുറത്തുകൊണ്ടുവരുകയും ചെയ്തിരിക്കുന്നു.
21: മാത്രമല്ല, നിങ്ങള്‍മൂലം കര്‍ത്താവെന്നോടു കോപിച്ചു. ഞാന്‍ ജോര്‍ദ്ദാന്‍കടക്കുകയോ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്ക് അവകാശമായിനല്കുന്ന വിശിഷ്ടദേശത്തു പ്രവേശിക്കുകയോ ചെയ്കയില്ലെന്ന് അവിടുന്നെന്നോടു ശപഥംചെയ്തു.
22: ആകയാല്‍, ഞാന്‍ ഈ ദേശത്തുവച്ചു മരിക്കും; ജോര്‍ദ്ദാന്‍കടന്നുപോകില്ല. എന്നാല്‍, നിങ്ങള്‍ കടന്നുചെന്ന്, ആ വിശിഷ്ടദേശം കൈവശപ്പെടുത്തും.
23: നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുമായുണ്ടാക്കിയ ഉടമ്പടി മറക്കാതിരിക്കാനും അവിടുന്നു വിലക്കിയിട്ടുള്ളതുപോലെ എന്തിൻ്റെയെങ്കിലും സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കുവിന്‍.
24: എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ദഹിപ്പിക്കുന്ന അഗ്നിയാണ്; അസഹിഷ്ണുവായ ദൈവമാണ്.
25: നിങ്ങള്‍ക്കു മക്കളും മക്കളുടെ മക്കളും ജനിക്കുകയും നിങ്ങള്‍ അവിടെ വളരെക്കാലം താമസിക്കുകയുംചെയ്യുമ്പോള്‍ എന്തിൻ്റെയെങ്കിലും സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി, നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ കോപം ജ്വലിക്കുമാറ്, അവിടുത്തെമുമ്പില്‍ തിന്മ പ്രവര്‍ത്തിക്കുകയുംചെയ്താല്‍,
26: ഞാനിന്ന്, ആകാശത്തെയും ഭൂമിയെയും നിങ്ങള്‍ക്കെതിരേ സാക്ഷികളാക്കി പറയുന്നു: ജോര്‍ദ്ദാന്‍ കടന്നു നിങ്ങള്‍ കൈവശമാക്കാന്‍പോകുന്ന ദേശത്തുനിന്നു നിങ്ങളറ്റുപോകും;
27: അവിടെ നിങ്ങള്‍ ദീര്‍ഘകാലം വസിക്കുകയില്ല; നിങ്ങള്‍ നശിപ്പിക്കപ്പെടും. കര്‍ത്താവു നിങ്ങളെ ജനതകളുടെയിടയില്‍ച്ചിതറിക്കും. നിങ്ങളില്‍ ചുരുക്കംപേര്‍മാത്രമവശേഷിക്കും.
28: അവിടെ മനുഷ്യനിര്‍മ്മിതമായ ദൈവങ്ങളെ - കാണുകയോ കേള്‍ക്കുകയോ ഭക്ഷിക്കുകയോ ഘ്രാണിക്കുകയോചെയ്യാത്ത കല്ലിനെയും തടിയെയും - നിങ്ങള്‍ സേവിക്കും.
29: എന്നാല്‍, അവിടെവച്ചു നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെയന്വേഷിച്ചാല്‍, നിങ്ങളവിടുത്തെക്കണ്ടെത്തും.
30: നിങ്ങള്‍ക്കു ക്ലേശമുണ്ടാവുകയും അവസാനനാളുകളില്‍ ഇവയൊക്കെയും നിങ്ങള്‍ക്കു സംഭവിക്കുകയുംചെയ്യുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കുതിരിയുകയും അവിടുത്തെ സ്വരംശ്രവിക്കുകയുംചെയ്യും.
31: നിങ്ങളുടെ ദൈവമായ കര്‍ത്താവു കരുണയുള്ള ദൈവമാണ്. അവിടുന്നു നിങ്ങളെക്കൈവിടുകയോ നശിപ്പിക്കുകയോ നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്തിട്ടുള്ള ഉടമ്പടി വിസ്മരിക്കുകയോ ഇല്ല.
32: കഴിഞ്ഞകാലത്തെപ്പറ്റി, ദൈവം മനുഷ്യനെ ഭൂമുഖത്തു സൃഷ്ടിച്ചതുമുതലുള്ള കാലത്തെപ്പറ്റി, ആകാശത്തിൻ്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ ചോദിക്കുക; ഇതുപോലൊരു മഹാസംഭവം എന്നെങ്കിലുമുണ്ടായിട്ടുണ്ടോ? ഇതുപോലൊന്നു കേട്ടിട്ടുണ്ടോ?
33: ഏതെങ്കിലും ജനത, എന്നെങ്കിലും, അഗ്നിയുടെ മദ്ധ്യത്തില്‍നിന്നു സംസാരിക്കുന്ന ദൈവത്തിൻ്റെ ശബ്ദം നിങ്ങള്‍ കേട്ടതുപോലെ കേള്‍ക്കുകയും പിന്നെ ജീവിച്ചിരിക്കുകയും ചെയ്തിട്ടുണ്ടോ?
34: നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ഈജിപ്തില്‍വച്ച്, നിങ്ങള്‍കാണ്‍കെ നിങ്ങള്‍ക്കുവേണ്ടിച്ചെയ്തതുപോലെ മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, യുദ്ധങ്ങള്‍, കരബലം, ശക്തിപ്രകടനം, ഭയാനക പ്രവൃത്തികള്‍ എന്നിവയാല്‍ തനിക്കായി ഒരു ജനതയെ മറ്റൊരു ജനതയുടെ മദ്ധ്യത്തില്‍നിന്നു തിരഞ്ഞെടുക്കാന്‍, ഏതെങ്കിലും ദൈവം എന്നെങ്കിലുമുദ്യമിച്ചിട്ടുണ്ടോ?
35: കര്‍ത്താവാണു ദൈവമെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും നിങ്ങളറിയാന്‍വേണ്ടിയാണ്, ഇവയെല്ലാം നിങ്ങളുടെ മുമ്പില്‍ക്കാണിച്ചത്.
36: നിങ്ങളെ പഠിപ്പിക്കാന്‍ ആകാശത്തുനിന്ന്, തൻ്റെ സ്വരം നിങ്ങളെക്കേള്‍പ്പിച്ചു. ഭൂമിയില്‍ തൻ്റെ മഹത്തായ അഗ്നികാണിച്ചു. അഗ്നിയുടെ മദ്ധ്യത്തില്‍നിന്ന് അവിടുത്തെ വാക്കുകള്‍ നിങ്ങള്‍ കേട്ടു.
37: അവിടുന്നു നിങ്ങളുടെ പിതാക്കന്മാരെ സ്‌നേഹിച്ചതുകൊണ്ട്, അവര്‍ക്കുശേഷം അവരുടെ സന്താനങ്ങളെത്തിരഞ്ഞെടുത്തു; അവിടുന്നു തൻ്റെ മഹാശക്തിയും സാന്നിദ്ധ്യവും പ്രകടമാക്കിക്കൊണ്ട്, നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവരുകയുംചെയ്തു.
38: നിങ്ങളെക്കാള്‍ വലിയവരും ശക്തരുമായ ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയാനും നിങ്ങളെക്കൊണ്ടുവന്ന്, ഇന്നത്തേതുപോലെ അവരുടെ ദേശം നിങ്ങള്‍ക്ക് അവകാശമായിത്തരാനുംവേണ്ടിയായിരുന്നു അത്.
39: മുകളില്‍ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും കര്‍ത്താവല്ലാതെ മറ്റൊരു ദൈവമില്ലെന്നു ഗ്രഹിച്ച്, അതു ഹൃദയത്തിലുറപ്പിക്കുവിന്‍.
40: ആകയാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ സന്തതികള്‍ക്കും നന്മയുണ്ടാകാനും ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു ശാശ്വതമായിത്തരുന്ന ദേശത്തു ദീര്‍ഘകാലം വസിക്കാനുംവേണ്ടി, കര്‍ത്താവിൻ്റെ ചട്ടങ്ങളും പ്രമാണങ്ങളും പാലിക്കുവിനെന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്നു.

അഭയനഗരങ്ങള്‍

41: പിന്നീട്, ജോര്‍ദ്ദാനക്കരെ കിഴക്കുഭാഗത്ത്, മൂന്നു പട്ടണങ്ങള്‍ മോശ വേര്‍തിരിച്ചു.
42: പൂര്‍വ്വവിരോധംകൂടാതെ അബദ്ധവശാല്‍ തൻ്റെ അയല്‍ക്കാരനെ വധിക്കാനിടയായവന്, ആ പട്ടണങ്ങളിലൊന്നില്‍ ഓടിയെത്തി ജീവന്‍ രക്ഷിക്കാന്‍വേണ്ടിയാണത്.
43: മരുഭൂമിയിലെ സമതലപ്രദേശത്തു സ്ഥിതിചെയ്യുന്ന ബേസര്‍, റൂബന്‍വംശജര്‍ക്കും ഗിലയാദിലുള്ള റാമോത്ത്, ഗാദ്‌വംശജര്‍ക്കും ബാഷാനിലുള്ള ഗോലാന്‍, മനാസ്സെവംശജര്‍ക്കുംവേണ്ടിയാണ്.
44: മോശ ഇസ്രായേല്‍ മക്കള്‍ക്കു കൊടുത്ത നിയമമാണിത്:
45: ഈജിപ്തില്‍നിന്നു പുറത്തുകടന്നതിനുശേഷം കല്പിച്ച അനുശാസനങ്ങളും ചട്ടങ്ങളും നിയമങ്ങളും.
46: ജോര്‍ദ്ദാൻ്റെ മറുകരെ, ബേത്‌പെയോറിനെതിരേയുള്ള താഴ്‌വരയില്‍വച്ചാണ് മോശ ഈ കല്പനകള്‍ നല്കിയത്. ഈജിപ്തില്‍നിന്നു പുറത്തുകടന്നതിനുശേഷം മോശയും ഇസ്രായേല്‍ജനവും തോല്പിച്ച, ഹെഷ്‌ബോണില്‍ വസിച്ചിരുന്ന അമോര്യരാജാവായ സീഹോൻ്റെ രാജ്യത്തിലായിരുന്നു ബേത്‌പെയോര്‍.
47: അവര്‍ സീഹോൻ്റെ രാജ്യവും ബാഷാനിലെ രാജാവായ ഓഗിൻ്റെ രാജ്യവും കൈവശമാക്കി. ജോര്‍ദ്ദാനക്കരെ, കിഴക്കുഭാഗത്തു വസിച്ചിരുന്ന അമോര്യരാജാക്കന്മാരായിരുന്നു അവര്‍.
48: അര്‍നോണ്‍നദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന അരോവേര്‍മുതല്‍ സീയോന്‍മല, അതായത് ഹെര്‍മോണ്‍വരെയും
49: ജോര്‍ദ്ദാൻ്റെ മറുകരെ കിഴക്കുഭാഗത്തുള്ള അരാബാ മുഴുവനും പിസ്ഗായുടെ ചെരിവിനു താഴെയുള്ള അരാബാക്കടല്‍വരെയുമാണ് അവര്‍ കൈവശപ്പെടുത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ