അമ്പത്തിനാലാം ദിവസം: നിയമാവര്‍ത്തനം 24 - 27


അദ്ധ്യായം 24

വിവാഹമോചനം

1: ഒരുവന്‍ വിവാഹിതനായതിനുശേഷം ഭാര്യയില്‍ എന്തെങ്കിലും തെറ്റുകണ്ട് അവന്, അവളോടിഷ്ടമില്ലാതായാല്‍, ഉപേക്ഷാപത്രം കൊടുത്ത്, അവളെ വീട്ടില്‍നിന്നു പറഞ്ഞയയ്ക്കട്ടെ.
2: അവൻ്റെ വീട്ടില്‍നിന്നു പോയതിനുശേഷം അവള്‍ വീണ്ടും വിവാഹിതയാകുന്നെന്നിരിക്കട്ടെ.
3: രണ്ടാമത്തെ ഭര്‍ത്താവ്, അവളെ വെറുത്ത് ഉപേക്ഷാപത്രംകൊടുത്ത്, വീട്ടില്‍നിന്നു പറഞ്ഞയയ്ക്കുകയോ അവന്‍ മരിച്ചുപോവുകയോചെയ്താല്‍,
4: അവളെ - ആദ്യമുപേക്ഷിച്ച ഭര്‍ത്താവിന്, അശുദ്ധയായിത്തീര്‍ന്ന അവളെ - വീണ്ടും പരിഗ്രഹിച്ചുകൂടാ; അതു കര്‍ത്താവിനു നിന്ദ്യമാണ്. നിൻ്റെ ദൈവമായ കര്‍ത്താവു നിനക്കവകാശമായിത്തരുന്ന ദേശം, നീ മലിനമാക്കരുത്.

വിവിധ നിയമങ്ങള്‍

5: പുതുതായി വിവാഹംചെയ്ത പുരുഷനെ സൈനികസേവനത്തിനോ മറ്റെന്തെങ്കിലും പൊതുപ്രവര്‍ത്തനത്തിനോ നിയോഗിക്കരുത്. അവന്‍ ഒരുവര്‍ഷം വീട്ടില്‍ ഭാര്യയോടൊന്നിച്ച് സന്തോഷപൂര്‍വ്വം വസിക്കട്ടെ.
6: തിരികല്ലോ അതിൻ്റെ മേല്‍ക്കല്ലോ പണയം വാങ്ങരുത്; ജീവന്‍ പണയംവാങ്ങുന്നതിനു തുല്യമാണത്.
7: ആരെങ്കിലും തൻ്റെ ഇസ്രായേല്യസഹോദരനെ മോഷ്ടിച്ച്, അടിമയാക്കുകയോ വില്‍ക്കുകയോചെയ്താല്‍, അവനെ വധിക്കണം. അങ്ങനെ നിങ്ങളുടെയിടയില്‍നിന്ന് ആ തിന്മ നീക്കിക്കളയണം.
8: കുഷ്ഠം ബാധിച്ചാല്‍, ലേവ്യപുരോഹിതര്‍ നിര്‍ദ്ദേശിക്കുന്നതുപോലെചെയ്യണം. ഞാനവരോടു കല്പിച്ചിട്ടുള്ളതെല്ലാം നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വമനുസരിക്കണം.
9: നിങ്ങള്‍ ഈജിപ്തില്‍നിന്നു പോരുന്നവഴിക്കു നിങ്ങളുടെ ദൈവമായ കര്‍ത്താവു മിരിയാമിനോടു ചെയ്തത് ഓര്‍ത്തുകൊള്ളുക.
10: കൂട്ടുകാരനു വായ്പകൊടുക്കുമ്പോള്‍, പണയംവാങ്ങാന്‍ അവൻ്റെ വീട്ടിനകത്തു കടക്കരുത്.
11: നീ പുറത്തു നില്‍ക്കണം. വായ്പ വാങ്ങുന്നവന്‍ പണയം നിൻ്റെയടുത്തു കൊണ്ടുവരട്ടെ.
12: അവന്‍ ദരിദ്രനാണെങ്കില്‍ പണയംവച്ച വസ്ത്രം, രാത്രിയില്‍ നീ കൈവശം വയ്ക്കരുത്.
13: അവന്‍ തൻ്റെ വസ്ത്രംപുതച്ചുറങ്ങേണ്ടതിന്, സൂര്യനസ്തമിക്കുമ്പോള്‍ നീയതു തിരിയെക്കൊടുക്കണം. അപ്പോള്‍ അവന്‍ നിന്നെയനുഗ്രഹിക്കും. അതു നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍ നിനക്കു നീതിയായിരിക്കുകയും ചെയ്യും.
14: അഗതിയും ദരിദ്രനുമായ കൂലിക്കാരനെ, അവന്‍ നിൻ്റെ സഹോദരനോ നിൻ്റെ നാട്ടിലെ പട്ടണങ്ങളിലൊന്നില്‍ വസിക്കുന്ന പരദേശിയോ ആകട്ടെ, നീ പീഡിപ്പിക്കരുത്.
15: അവൻ്റെ കൂലി, അന്നന്നു സൂര്യനസ്തമിക്കുന്നതിനമുമ്പു കൊടുക്കണം. അവന്‍ ദരിദ്രനും അതിനായി കാത്തിരിക്കുന്നവനുമാണ്. അവന്‍ നിനക്കെതിരായി കര്‍ത്താവിനോടു നിലവിളിച്ചാല്‍ നീ കുറ്റക്കാരനായിത്തീരും.
16: മക്കള്‍ക്കുവേണ്ടി പിതാക്കന്മാരെയോ പിതാക്കന്മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തിനുള്ള മരണശിക്ഷ അവനവന്‍തന്നെ അനുഭവിക്കണം.
17: പരദേശിക്കും അനാഥനും നീതി നിഷേധിക്കരുത്. വിധവയുടെ വസ്ത്രം, പണയംവാങ്ങുകയുമരുത്.
18: നീ ഈജിപ്തില്‍ അടിമയായിരുന്നുവെന്നും നിൻ്റെ ദൈവമായ കര്‍ത്താവു നിന്നെ അവിടെനിന്നു മോചിപ്പിച്ചുവെന്നും ഓര്‍ക്കണം. അതുകൊണ്ടാണ് ഇങ്ങനെചെയ്യണമെന്നു നിന്നോടു ഞാന്‍ കല്പിക്കുന്നത്.
19: നിൻ്റെ വയലില്‍ വിളവുകൊയ്യുമ്പോള്‍ ഒരു കറ്റ അവിടെ മറന്നിട്ടു പോന്നാല്‍ അതെടുക്കാന്‍ തിരിയെപ്പോകരുത്. നിൻ്റെ ദൈവമായ കര്‍ത്താവു നിൻ്റെ സകലപ്രവൃത്തിയിലും നിന്നെയനുഗ്രഹിക്കേണ്ടതിന്, അതു പരദേശിക്കും അനാഥനും വിധവയ്ക്കുമുള്ളതായിരിക്കട്ടെ.
20: ഒലിവുമരത്തിൻ്റെ ഫലം തല്ലിക്കൊഴിക്കുമ്പോള്‍ കൊമ്പുകളില്‍ ശേഷിക്കുന്നതു പറിക്കരുത്. അതു പരദേശിക്കും വിധവയ്ക്കും അനാഥനുമുള്ളതാണ്.
21: മുന്തിരിത്തോട്ടത്തിലെ പഴംശേഖരിക്കുമ്പോള്‍ കാല പെറുക്കരുത്. അതു പരദേശിക്കും അനാഥനും വിധവയ്ക്കുമുള്ളതാണ്.
22: നീ ഈജിപ്തില്‍ അടിമയായിരുന്നുവെന്നോര്‍ക്കണം; അതുകൊണ്ടാണ് ഇപ്രകാരംചെയ്യാന്‍ നിന്നോടു ഞാന്‍ കല്പിക്കുന്നത്.

അദ്ധ്യായം 25

1: രണ്ടുപേര്‍തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ അവര്‍ ന്യായാസനത്തെ സമീപിക്കട്ടെ. ന്യായാധിപന്മാര്‍ നിരപരാധനെ വെറുതെവിടുകയും കുറ്റക്കാരനു ശിക്ഷ വിധിക്കുകയുംചെയ്യണം.
2: കുറ്റക്കാരന്‍ പ്രഹരത്തിനു വിധിക്കപ്പെട്ടാല്‍, ന്യായാധിപന്‍ അവനെ തൻ്റെ സാന്നിദ്ധ്യത്തില്‍ നിലത്തുകിടത്തി അടിപ്പിക്കണം. കുറ്റത്തിൻ്റെ ഗൗരവമനുസരിച്ചായിരിക്കണം അടിയുടെ എണ്ണം.
3: ചാട്ടയടി നാല്പതില്‍ കവിയരുത്. ഇതിലേറെ ആയാല്‍ നീ നിൻ്റെ സഹോദരനെ പരസ്യമായി നിന്ദിക്കുകയായിരിക്കുംചെയ്യുക.
4: മെതിക്കുന്ന കാളയുടെ വായ് കെട്ടരുത്.

ഭര്‍ത്തൃസഹോദരധര്‍മ്മം

5: സഹോദരന്മാര്‍ ഒരുമിച്ചു താമസിക്കുമ്പോള്‍, അവരിലൊരാള്‍ പുത്രനില്ലാതെ മരിച്ചുപോയാല്‍ അവൻ്റെ ഭാര്യ അന്യനെ വിവാഹം ചെയ്തുകൂടാ. ഭര്‍ത്താവിൻ്റെ സഹോദരന്‍ അവളെ പ്രാപിക്കുകയും ഭാര്യയായി സ്വീകരിച്ച്, ഭര്‍ത്തൃസഹോദരധര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്യണം.
6: പരേതനായ സഹോദരൻ്റെ നാമം ഇസ്രായേലില്‍നിന്നു മാഞ്ഞുപോകാതിരിക്കാന്‍ അവളുടെ ആദ്യജാതന് അവൻ്റെ പേരിടണം.
7: സഹോദരൻ്റെ വിധവയെ സ്വീകരിക്കാന്‍ ഒരുവന്‍ വിസമ്മതിക്കുന്നെങ്കില്‍ അവള്‍ പട്ടണവാതില്‍ക്കല്‍ച്ചെന്ന് ശ്രേഷ്ഠന്മാരോട് ഇങ്ങനെ പറയട്ടെ: എൻ്റെ ഭര്‍ത്തൃസഹോദരന്‍ തൻ്റെ സഹോദരൻ്റെ നാമം ഇസ്രായേലില്‍ നിലനിറുത്താന്‍ വിസമ്മതിക്കുന്നു. അവന്‍ ഭര്‍ത്തൃസഹോദരധര്‍മ്മം നിറവേറ്റുന്നില്ല.
8: അപ്പോള്‍ അവൻ്റെ പട്ടണത്തിലെ ശ്രേഷ്ഠന്മാര്‍ അവനെ വിളിപ്പിച്ച് അവനോടു സംസാരിക്കണം. എന്നാല്‍, അവന്‍ തൻ്റെ തീരുമാനത്തില്‍ ഉറച്ചുനിന്നുകൊണ്ട്, ഇവളെ സ്വീകരിക്കാന്‍ എനിക്കിഷ്ടമില്ല എന്നുപറഞ്ഞാല്‍,
9: അവൻ്റെ സഹോദരൻ്റെ വിധവ, ശ്രേഷ്ഠന്മാരുടെ സന്നിധിയില്‍വച്ചുതന്നെ അവൻ്റെയടുക്കല്‍ച്ചെന്ന്, അവൻ്റെ പാദത്തില്‍നിന്നു ചെരിപ്പഴിച്ചുമാറ്റുകയും അവൻ്റെ മുഖത്തു തുപ്പുകയുംചെയ്തതിനുശേഷം സഹോദരൻ്റെ ഭവനം പണിയാത്തവനോട് ഇപ്രകാരം ചെയ്യും എന്നു പറയണം.
10: ചെരിപ്പഴിക്കപ്പെട്ടവൻ്റെ ഭവനമെ ന്ന് അവൻ്റെ ഭവനം ഇസ്രായേലില്‍ വിളിക്കപ്പെടും.

വിവിധ നിയമങ്ങള്‍

11: പുരുഷന്മാര്‍തമ്മില്‍ ശണ്ഠകൂടുമ്പോള്‍ ഒരുവൻ്റെ ഭാര്യ തൻ്റെ ഭര്‍ത്താവിനെ വിടുവിക്കുന്നതിന്, എതിരാളിയുടെ അടുത്തുചെന്ന്, അവൻ്റെ ഗുഹ്യാവയവത്തില്‍ പിടിച്ചാല്‍,
12: അവളുടെ കൈ വെട്ടിക്കളയണം; കാരുണ്യംകാണിക്കരുത്.
13: നിൻ്റെ സഞ്ചിയില്‍ തൂക്കംകൂടിയതും കുറഞ്ഞതുമായ രണ്ടുതരം കട്ടികളുണ്ടായിരിക്കരുത്.
14: നിൻ്റെ വീട്ടില്‍ ചെറുതും വലുതുമായ രണ്ടുതരം അളവുപാത്രങ്ങളുണ്ടായിരിക്കരുത്.
15: നിൻ്റെ ദൈവമായ കര്‍ത്താവു നിനക്കുതരുന്ന ദേശത്തു ദീര്‍ഘായുസ്സോടെയിരിക്കേണ്ടതിനു നിൻ്റെ കട്ടികളും അളവുപാത്രങ്ങളും നിര്‍വ്യാജവും നീതിയുക്തവുമായിരിക്കണം.
16: ഇത്തരം കാര്യങ്ങളില്‍ നീതിരഹിതമായി പ്രവര്‍ത്തിക്കുന്നവരെല്ലാം നിൻ്റെ ദൈവമായ കര്‍ത്താവിനു നിന്ദ്യരാണ്.
17: നീ ഈജിപ്തില്‍നിന്നുപോന്നപ്പോള്‍ വഴിയില്‍വച്ച് അമലേക്ക് നിന്നോടു ചെയ്തതെന്തെന്ന് ഓര്‍ത്തുകൊള്ളുക.
18: ക്ഷീണിച്ചുതളര്‍ന്നിരുന്ന നിന്നെ അവന്‍ ദൈവഭയമില്ലാതെ വഴിയില്‍വച്ചു പിന്നില്‍നിന്നാക്രമിക്കുകയും പിന്‍നിരയിലുണ്ടായിരുന്ന ബലഹീനരെ വധിക്കുകയുംചെയ്തു.
19: ആകയാല്‍, നിനക്ക് അവകാശമായിത്തരുന്ന ദേശത്ത്, നിനക്കു ചുറ്റുമുള്ള ശത്രുക്കളെ നശിപ്പിച്ചു നിൻ്റെ ദൈവമായ കര്‍ത്താവു നിനക്കു വിശ്രമംനല്കുമ്പോള്‍, അമലേക്കിൻ്റെ ഓര്‍മ്മയെ ആകാശത്തിന്‍കീഴേനിന്ന് ഉന്മൂലനം ചെയ്യണം. ഇതു നീ മറക്കരുത്.


അദ്ധ്യായം 26

വിളവുകളുടെ ആദ്യഫലം


1: നിൻ്റെ ദൈവമായ കര്‍ത്താവു നിനക്കവകാശമായിത്തരുന്ന ദേശത്തുചെന്ന്, അതു കൈവശമാക്കി അതില്‍ വാസമുറപ്പിക്കുമ്പോള്‍,
2: അവിടെ നിൻ്റെ നിലത്തുണ്ടാകുന്ന എല്ലാ വിളവുകളുടെയും ആദ്യഫലത്തില്‍നിന്നു കുറെയെടുത്ത്, ഒരു കുട്ടയിലാക്കി, നിൻ്റെ ദൈവമായ കര്‍ത്താവ്, തൻ്റെ നാമംസ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകണം.
3: അന്നു ശുശ്രൂഷചെയ്യുന്ന പുരോഹിതൻ്റെ യടുത്തുചെന്ന് നീയിപ്രകാരം പറയണം: ഞങ്ങള്‍ക്കു തരുമെന്നു കര്‍ത്താവു ഞങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനംചെയ്തിരുന്ന സ്ഥലത്തു ഞാന്‍ വന്നിരിക്കുന്നുവെന്നു നിൻ്റെ ദൈവമായ കര്‍ത്താവിനോടു ഞാനിന്ന് ഏറ്റുപറയുന്നു.
4: പുരോഹിതന്‍ ആ കുട്ട നിൻ്റെ കൈയ്യില്‍നിന്നു വാങ്ങി, നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ ബലിപീഠത്തിനു മുമ്പില്‍വയ്ക്കട്ടെ.
5: പിന്നീട്, നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സന്നിധിയില്‍ നീ ഇങ്ങനെ പറയണം: അലയുന്ന ഒരു അരമായനായിരുന്നു എൻ്റെ പിതാവ്. ചുരുക്കംപേരോടുകൂടെ അവന്‍ ഈജിപ്തില്‍ച്ചെന്ന്, അവിടെ പരദേശിയായി പാര്‍ത്തു. അവിടെ അവന്‍ മഹത്തും ശക്തവും അസംഖ്യവുമായ ഒരു ജനമായി വളര്‍ന്നു.
6: എന്നാല്‍, ഈജിപ്തുകാര്‍ ഞങ്ങളോടു ക്രൂരമായി പെരുമാറുകയും ഞങ്ങളെ മര്‍ദ്ദിക്കുകയും ഞങ്ങളെക്കൊണ്ട് അടിമവേലയെടുപ്പിക്കുകയും ചെയ്തു.
7: അപ്പോള്‍ ഞങ്ങള്‍, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനോടു നിലവിളിച്ചപേക്ഷിച്ചു; അവിടുന്നു ഞങ്ങളുടെ നിലവിളികേട്ടു. ഞങ്ങളനുഭവിക്കുന്ന നിന്ദയും ക്ലേശവും മര്‍ദ്ദനവും അവിടുന്നു കണ്ടു.
8: ശക്തമായ കരംനീട്ടി, ഭീതിജനകമായ അടയാളങ്ങളും അദ്ഭുതങ്ങളുംപ്രവര്‍ത്തിച്ച്, കര്‍ത്താവു ഞങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു.
9: ഇവിടേക്കു കൂട്ടിക്കൊണ്ടുവന്ന്, തേനും പാലുമൊഴുകുന്ന ഈ ദേശം ഞങ്ങള്‍ക്കു തരുകയുംചെയ്തു.
10: ആകയാല്‍, കര്‍ത്താവേ, ഇതാ അവിടുന്നെനിക്കു തന്നിട്ടുള്ള നിലത്തിൻ്റെ ആദ്യഫലം ഞാനിപ്പോള്‍ കൊണ്ടുവന്നിരിക്കുന്നു. അനന്തരം, കുട്ട നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സന്നിധിയില്‍വച്ച്, അവിടുത്തെയാരാധിക്കണം.
11: അവിടുന്നു നിങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും തന്നിട്ടുള്ള എല്ലാ നന്മയെയുംപ്രതി, നിങ്ങളും ലേവ്യരും നിങ്ങളുടെമദ്ധ്യേയുള്ള പരദേശിയും സന്തോഷിക്കണം.
12: ദശാംശത്തിൻ്റെ വര്‍ഷമായ മൂന്നാംവര്‍ഷം എല്ലാ വിളവുകളുടെയും ദശാംശമെടുത്തു നിൻ്റെ പട്ടണത്തിലുള്ള ലേവ്യര്‍ക്കും പരദേശികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും നല്കണം.
13: അവര്‍ ഭക്ഷിച്ചു തൃപ്തരാകുമ്പോള്‍, നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍, ഇപ്രകാരം പറയണം: അങ്ങെനിക്കു നല്കിയിട്ടുള്ള കല്പനകളെല്ലാമനുസരിച്ച് അവിടുത്തേക്കു സമര്‍പ്പിക്കപ്പെട്ടവയെല്ലാം എൻ്റെ വീട്ടില്‍നിന്നു കൊണ്ടുവന്ന്, ലേവ്യനും പരദേശിക്കും അനാഥനും വിധവയ്ക്കും ഞാന്‍ കൊടുത്തിരിക്കുന്നു. ഞാനങ്ങയുടെ കല്പനയൊന്നും ലംഘിക്കുകയോ മറന്നുകളയുകയോ ചെയ്തിട്ടില്ല;
14: എൻ്റെ വിലാപവേളയില്‍ അതില്‍നിന്നു ഭക്ഷിച്ചിട്ടില്ല; അശുദ്ധനായിരുന്നപ്പോള്‍ അതില്‍ ഞാന്‍ സ്പര്‍ശിച്ചിട്ടില്ല; മരിച്ചവനുവേണ്ടി അതില്‍നിന്ന് ഒന്നും കൊടുത്തിട്ടുമില്ല. ഞാന്‍ എൻ്റെ ദൈവമായ കര്‍ത്താവിൻ്റെ വാക്കുകേട്ട്, അവിടുന്നെന്നോടു കല്പിച്ചതുപോലെ ചെയ്തിരിക്കുന്നു.
15: അങ്ങു വസിക്കുന്ന വിശുദ്ധസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്നു കടാക്ഷിക്കണമേ! അങ്ങയുടെ ജനമായ ഇസ്രായേലിനെയും ഞങ്ങളുടെ പിതാക്കന്മാരോടുചെയ്ത ശപഥമനുസരിച്ച്, അങ്ങു ഞങ്ങള്‍ക്കു നല്കിയ നാടായ പാലും തേനുമൊഴുകുന്ന ഈ ദേശത്തെയും അനുഗ്രഹിക്കണമേ.

വിശുദ്ധജനം

16: ഈ ചട്ടങ്ങളും വിധികളുമാചരിക്കാന്‍ ഇന്നേദിവസം നിൻ്റെ ദൈവമായ കര്‍ത്താവു നിന്നോടു കല്പിക്കുന്നു. നീയവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ ശ്രദ്ധാപൂര്‍വ്വം കാത്തുപാലിക്കണം.
17: കര്‍ത്താവാണു നിൻ്റെ ദൈവമെന്നും നീ അവിടുത്തെ മാര്‍ഗ്ഗത്തിലൂടെ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും കല്പനകളും നിയമങ്ങളുമനുസരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യുമെന്നും ഇന്നു നീ പ്രഖ്യാപിച്ചിരിക്കുന്നു.
18: തൻ്റെ വാഗ്ദാനമനുസരിച്ച്, നീ തൻ്റെ പ്രത്യേകജനമാണെന്നും തൻ്റെ കല്പനകളെല്ലാം അനുസരിക്കണമെന്നും ഇന്നു കര്‍ത്താവു നിന്നോടു പ്രഖ്യാപിച്ചിരിക്കുന്നു.
19: മാത്രമല്ല, താന്‍ സൃഷ്ടിച്ച സകലജനതകള്‍ക്കുമുള്ളതിനെക്കാള്‍ ഉന്നതമായ നാമവും ബഹുമതിയും അവിടുന്നു നിങ്ങള്‍ക്കു നല്കും. അവിടുന്ന് അരുളിച്ചെയ്തിട്ടുള്ളതുപോലെ നിൻ്റെ ദൈവമായ കര്‍ത്താവിനു നീ, ഒരു വിശുദ്ധജനമായിരിക്കുകയും ചെയ്യും.


അദ്ധ്യായം 27

നിയമങ്ങള്‍ രേഖപ്പെടുത്തുന്നു

1: മോശ ഇസ്രായേലിലെ ശ്രേഷ്ഠന്മാരോടുചേര്‍ന്ന്, ജനത്തോടിപ്രകാരം കല്പിച്ചു: ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്കുന്ന സകലകല്പനകളും പാലിക്കുവിന്‍.
2: ജോര്‍ദ്ദാന്‍കടന്നു നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കുതരുന്ന ദേശത്തു പ്രവേശിക്കുന്ന ദിവസം നിങ്ങള്‍ വലിയ ശിലകള്‍ സ്ഥാപിച്ച്, അവയ്ക്കു കുമ്മായംപൂശണം.
3: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു തൻ്റെ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കുതരുന്ന തേനും പാലുമൊഴുകുന്ന ആ ദേശത്തെത്തുമ്പോള്‍ ഈ നിയമത്തിലെ ഓരോ വാക്കും നിങ്ങള്‍ അവയിലെഴുതണം.
4: നിങ്ങള്‍ ജോര്‍ദ്ദാന്‍ കടന്നുകഴിയുമ്പോള്‍ ഇന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്നതനുസരിച്ച് ഈ കല്ലുകള്‍ ഏബാല്‍ പര്‍വ്വതത്തില്‍ നാട്ടി, അവയ്ക്കു കുമ്മായം പൂശണം.
5: അവിടെ നിങ്ങളുടെ ദൈവമായ കര്‍ത്താവിനു കല്ലുകൊണ്ടു ബലിപീഠം പണിയണം. അതിന്മേല്‍ ഇരുമ്പായുധം സ്പര്‍ശിക്കരുത്.
6: വെട്ടിമുറിക്കുകയോ ചെത്തിമിനുക്കുകയോചെയ്യാത്ത മുഴുവന്‍ കല്ലുകള്‍കൊണ്ടാണു നിങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിപീഠം പണിയേണ്ടത്. അതിന്മേലായിരിക്കണം നിൻ്റെ ദൈവമായ കര്‍ത്താവിനു ദഹനബലികളര്‍പ്പിക്കുന്നത്.
7: സമാധാനബലികളുമര്‍പ്പിക്കണം. അത്, അവിടെവച്ചു ഭക്ഷിച്ച്, നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ സന്നിധിയില്‍ സന്തോഷിച്ചുകൊള്ളുവിന്‍.
8: ആ ശിലകളില്‍ ഈ നിയമത്തിലെ ഓരോ വാക്കും വ്യക്തമായെഴുതണം.   
9: മോശ ലേവ്യപുരോഹിതന്മാരോടുചേര്‍ന്ന്, ഇസ്രായേല്‍ജനത്തോടു പറഞ്ഞു: ഇസ്രായേലേ, ശ്രദ്ധിച്ചു കേള്‍ക്കുക. ഇന്നു നീ നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ ജനമായിത്തീര്‍ന്നിരിക്കുന്നു.
10: ആകയാല്‍ നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ വാക്കുകേള്‍ക്കുകയും ഇന്നു ഞാന്‍ നിനക്കുനല്കുന്ന അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുക.

പന്ത്രണ്ടുശാപങ്ങള്‍

11: അന്നുതന്നെ മോശ ജനത്തോടു കല്പിച്ചു:
12: നിങ്ങള്‍ ജോര്‍ദ്ദാന്‍ കടന്നുകഴിയുമ്പോള്‍ ജനത്തെ അനുഗ്രഹിക്കാനായി ശിമയോന്‍, ലേവി, യൂദാ, ഇസാക്കര്‍, ജോസഫ്, ബഞ്ചമിന്‍ എന്നിവര്‍ ഗരിസിം പര്‍വ്വതത്തിലും,
13: ശപിക്കാനായി റൂബന്‍, ഗാദ്, ആഷേര്‍, സെബുലൂണ്‍, ദാന്‍, നഫ്താലി എന്നിവര്‍ ഏബാല്‍പര്‍വ്വതത്തിലും നില്‍ക്കട്ടെ.
14: അപ്പോള്‍ ലേവ്യര്‍ ഇസ്രായേല്‍ജനത്തോട് ഉച്ചത്തില്‍ വിളിച്ചുപറയണം:
15: കര്‍ത്താവിനു നിന്ദ്യമായ ശില്പവേല - കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കിയ വിഗ്രഹം - രഹസ്യത്തില്‍ പ്രതിഷ്ഠിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! അപ്പോള്‍ ജനമെല്ലാം ഉത്തരം പറയണം: ആമേന്‍.
16: അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
17: അയല്‍ക്കാരൻ്റെ അതിര്‍ത്തിക്കല്ല് മാറ്റുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
18: കുരുടനെ വഴിതെറ്റിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
19: പരദേശിക്കും അനാഥനും വിധവയ്ക്കും നീതി നിഷേധിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
20: പിതാവിൻ്റെ ഭാര്യയോടുകൂടെ ശയിച്ച്, അവനെ അപമാനിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
21: മൃഗവുമായി ഇണചേരുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
22: തൻ്റെ പിതാവിൻ്റെയോ മാതാവിൻ്റെയോ മകളായ സ്വസഹോദരിയോടൊത്തു ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
23: അമ്മായിയമ്മയോടുകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
24: അയല്‍ക്കാരനെ രഹസ്യമായി വധിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
25: നിര്‍ദ്ദോഷനെക്കൊല്ലാന്‍ കൈക്കൂലിവാങ്ങുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
26: ഈ നിയമം പൂര്‍ണ്ണമായുമനുസരിക്കാത്തവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ