നൂറ്റിയിരുപത്തിരണ്ടാം ദിവസം: എസ്രാ 5 - 7


അദ്ധ്യായം 5

ദേവാലയത്തിന്റെ പണി തുടരുന്നു
1: പ്രവാചകന്മാരായ ഹഗ്ഗായിയും ഇദ്ദോയുടെ മകന്‍ സഖറിയായും ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തില്‍ യൂദായിലും ജറുസലെമിലുമുള്ള യഹൂദരോടു പ്രവചിച്ചു. 
2: ഷെയാല്‍ത്തിയേലിന്റെ മകന്‍ സെറുബാബേലും യോസാദാക്കിന്റെ മകന്‍ യഷുവയും ജറുസലെമില്‍ ദേവാലയത്തിന്റെ പണി പുനരാരംഭിച്ചു. ദൈവത്തിന്റെ പ്രവാചകന്മാരും അവരെ സഹായിച്ചു. 
3: നദിക്കക്കരെയുള്ള പ്രദേശത്തെ അധിപതിയായ തത്തേനായിയും ഷെത്താര്‍ബൊസെനായിയും അനുയായികളും അവരോടു ചോദിച്ചു: ഈ ആലയം പൂര്‍ത്തിയാക്കാന്‍ ആരാണു നിങ്ങള്‍ക്കധികാരം തന്നത്? 
4: കെട്ടിടം പണിയുന്നവര്‍ ആരൊക്കെയെന്നും അവര്‍ തിരക്കി. 
5: എന്നാല്‍, തങ്ങളുടെ ദൈവത്തിന്റെ ദൃഷ്ടി യൂദാശ്രേഷ്ഠന്മാരുടെമേല്‍ ഉണ്ടായിരുന്നതിനാല്‍ദാരിയൂസിനെ വിവരമറിയിച്ചു മറുപടി ലഭിക്കുന്നതുവരെ അവര്‍ തടയപ്പെട്ടില്ല. 
6, 7: നദിക്കക്കരെയുള്ള പ്രദേശത്തിന്റെ അധിപതികളായ തത്തേനായിയുംഷെത്താര്‍ബൊസെനായിയും ഉപാധിപതികളുംകൂടെ, ദാരിയൂസ് രാജാവിനയച്ച കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു: ദാരിയൂസ്‌രാജാവിനു മംഗളാശംസകള്‍! 
8: അങ്ങറിഞ്ഞാലും, ഞങ്ങള്‍ യൂദാദേശത്ത്, അത്യുന്നതദൈവത്തിന്റെ ആലയത്തില്‍ പോയി. അതു വലിയ കല്ലുകള്‍കൊണ്ടാണു പണിയുന്നത്. ഉത്തരം വച്ചുകഴിഞ്ഞു. പണി ഉത്സാഹപൂര്‍വം മുന്നേറിക്കൊണ്ടിരിക്കുന്നു. 
9: ഈ ആലയം പൂര്‍ത്തിയാക്കാന്‍ ആരാണു നിങ്ങള്‍ക്കധികാരംതന്നത് എന്നു ഞങ്ങള്‍ ശ്രേഷ്ഠന്മാരോടു ചോദിച്ചു.  
10: അങ്ങയെയറിയിക്കാന്‍, ഞങ്ങളവരുടെ നേതാക്കന്മാരുടെ പേരുകളാരാഞ്ഞു. 
11: അവരുടെ മറുപടിയിതായിരുന്നു: ഞങ്ങള്‍ ആകാശത്തിന്റെയും ഭൂമിയുടെയും ദൈവത്തിന്റെ ദാസന്മാരാണ്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാനായ ഒരു ഇസ്രായേല്‍രാജാവു പണിതീര്‍ത്ത ആലയം ഞങ്ങള്‍ വീണ്ടും പണിയുന്നു.   
12: ഞങ്ങളുടെ പിതാക്കന്മാര്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ പ്രകോപിപ്പിച്ചതിനാല്‍, അവിടുന്നവരെ കല്‍ദായനായ ബാബിലോണ്‍ രാജാവു നബുക്കദ്‌നേസറിന്റെ കൈകളിലേല്പിച്ചു. അവന്‍ ഈ ആലയം നശിപ്പിക്കുകയും ജനത്തെ ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോവുകയുംചെയ്തു.   
13: എന്നാല്‍, ബാബിലോണ്‍രാജാവായ സൈറസിന്റെ ഒന്നാം ഭരണവര്‍ഷം ഈ ദേവാലയം പുനഃസ്ഥാപിക്കണമെന്ന് അവന്‍ കല്പനപുറപ്പെടുവിച്ചു.   
14: നബുക്കദ്‌നേസര്‍ ജറുസലെമിലെ ദേവാലയത്തില്‍നിന്ന് എടുത്തുകൊണ്ടുപോയി ബാബിലോണിലെ ക്ഷേത്രത്തില്‍വച്ചിരുന്ന സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങള്‍ സൈറസ് രാജാവ്, താന്‍ ദേശാധിപതിയായി നിയമിച്ച ഷെബ്ബസാറിനെ ഏല്പിച്ചു. 
15: സൈറസ് അവനോടു കല്പിച്ചു: ഈ പാത്രങ്ങള്‍ കൊണ്ടുപോയി ജറുസലെമിലെ ആലയത്തില്‍ വയ്ക്കുക. ദേവാലയം യഥാസ്ഥാനം വീണ്ടുംപണിയട്ടെ. 
16: ഷെഷ്ബസാര്‍ ജറുസലെമില്‍വന്ന് ദേവാലയത്തിന് അടിസ്ഥാനമിട്ടു. അന്നുമുതല്‍ പണി നടക്കുന്നു. ഇന്നും പൂര്‍ത്തിയായിട്ടില്ല. 
17: അതിനാല്‍, അങ്ങേയ്ക്ക് ഉചിതമെന്നു തോന്നുന്നെങ്കില്‍, ബാബിലോണിലെ രാജകീയ രേഖകള്‍ പരിശോധിച്ച്, ജറുസലെമില്‍ ദേവാലയം പുനഃസ്ഥാപിക്കാന്‍ സൈറസ് രാജാവു കല്പിച്ചിട്ടുണ്ടോ എന്നുനോക്കി രാജഹിതം ഞങ്ങളെ അറിയിച്ചാലും.


അദ്ധ്യായം 6

1: ദാരിയൂസ് രാജാവിന്റെ കല്പനയനുസരിച്ചു ബാബിലോണില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ പരിശോധിച്ചു. 
2: മേദിയാദേശത്തിന്റെ തലസ്ഥാനമായ എക്ബത്താനായില്‍ കണ്ടെത്തിയ ഒരു ചുരുളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു: 
3: സൈറസ്‌ രാജാവിന്റെ ഒന്നാം ഭരണവര്‍ഷം ജറുസലെം ദേവാലയത്തെക്കുറിച്ചു പുറപ്പെടുവിച്ച കല്പന: കാഴ്ചകളും ദഹനബലികളുമര്‍പ്പിക്കുന്ന ആലയം പുനഃസ്ഥാപിക്കണം. അതിന് അറുപതുമുഴം ഉയരവും അറുപതുമുഴം വീതിയുമുണ്ടായിരിക്കണം. 
4: മൂന്നുനിര കല്ലുകള്‍ക്കുമുകളില്‍ ഒരുനിര തടി എന്ന ക്രമത്തിലായിരിക്കണം പണി. അതിന്റെ ചെലവ്, രാജഭണ്ഡാരത്തില്‍നിന്നായിരിക്കും. 
5: ജറുസലെമിലെ ദേവാലയത്തില്‍നിന്ന് നബുക്കദ്‌നേസര്‍ ബാബിലോണിലേക്കു കൊണ്ടുപോയ വെള്ളിപ്പാത്രങ്ങളും സ്വര്‍ണ്ണപ്പാത്രങ്ങളും ജറുസലെമില്‍ തിരിയെക്കൊണ്ടുവന്ന് ദേവാലയത്തില്‍ യഥാസ്ഥാനം വയ്ക്കണം. 
6: അതിനാല്‍, നദിക്കക്കരെയുള്ള പ്രദേശത്തിന്റെ അധിപനായ തത്തേനായിയും ഷെത്താര്‍ബൊസെനായിയും അനുയായികളും തടസ്സംനില്‍ക്കരുത്. 
7: ദേവലായത്തിന്റെ പണിനടക്കട്ടെ. യഹൂദന്മാരുടെ ദേശാധിപതിയും ശ്രേഷ്ഠന്മാരുംകൂടെ ദേവാലയം യഥാസ്ഥാനം പണിയട്ടെ. 
8: ദേവാലയ പുനര്‍നിര്‍മ്മാണത്തിനു യൂദാശ്രേഷ്ഠന്മാര്‍ക്കു നിങ്ങള്‍ എന്തുചെയ്തുകൊടുക്കണമെന്നു ഞാന്‍ കല്പന നല്കുന്നു: നദിക്കക്കരെയുള്ള പ്രദേശത്തുനിന്നു പിരിച്ച കപ്പം രാജഭണ്ഡാരത്തില്‍നിന്നു ചെലവു പൂര്‍ണ്ണമായി വഹിക്കുന്നതിന് അവരെ താമസമെന്നിയേ ഏല്പിക്കണം. 
9: അവര്‍ക്കാവശ്യമുള്ളതെല്ലാം - സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിനു ദഹനബലിയര്‍പ്പിക്കാന്‍ കാളക്കിടാവ്മുട്ടാട്ചെമ്മരിയാട് എന്നിവയും ജറുസലെമിലെ പുരോഹിതന്മാര്‍ക്ക് ആവശ്യകമായ ഗോതമ്പ്ഉപ്പ്വീഞ്ഞ്എണ്ണ എന്നിവയും അനുദിനം മുടക്കംകൂടാതെ കൊടുക്കണം.   
10: അങ്ങനെ, അവര്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിനു പ്രസാദകരമായ ബലികളര്‍പ്പിക്കുകയും രാജാവിനും പുത്രന്മാര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുകയുംചെയ്യട്ടെ.   
11: ഈ കല്പന ലംഘിക്കുന്നവന്റെ വീടിന്റെ തുലാം വലിച്ചെടുത്ത് അവനെ അതില്‍ കോര്‍ക്കണം. അവന്റെ ഭവനം കുപ്പക്കൂനയാക്കുകയുംവേണം എന്നു ഞാന്‍ കല്പിക്കുന്നു. 
12: ഈ കല്പന ലംഘിക്കുകയോ ജറുസലെമിലെ ദേവാലയം നശിപ്പിക്കാന്‍ ശ്രമിക്കുകയോചെയ്യുന്ന രാജാക്കന്മാരെയും ജനങ്ങളെയുംതന്റെ നാമം അവിടെ സ്ഥാപിച്ച ദൈവം നശിപ്പിക്കട്ടെ. ഞാന്‍, ദാരിയൂസ്പുറപ്പെടുവിക്കുന്ന കല്പന. ഇതു ശ്രദ്ധാപൂര്‍വ്വം നിറവേറ്റണം. 

ദേവാലയപ്രതിഷ്ഠ

13: ദാരിയൂസ്‌ രാജാവിന്റെ കല്പന നദിക്കക്കരെയുള്ള ദേശത്തിന്റെ അധിപതികളായ തത്തേനായിയും ഷെത്താര്‍ബൊസെനായിയും അനുചരന്മാരും സുഹൃത്തുക്കളും ശുഷ്‌കാന്തിയോടെ അനുവര്‍ത്തിച്ചു. 
14: പ്രവാചകന്മാരായ ഹഗ്ഗായിഇദ്ദോയുടെ മകന്‍ സഖറിയാ എന്നിവര്‍ ആഹ്വാനംചെയ്തതനുസരിച്ച്, യൂദാശ്രേഷ്ഠന്മാര്‍ പണി ത്വരിതപ്പെടുത്തി. ഇസ്രായേലിന്റെ ദൈവത്തിന്റെ കല്പനയും പേര്‍ഷ്യാരാജാക്കന്മാരായ സൈറസ്ദാരിയൂസ്അര്‍ത്താക്സെര്‍ക്സസ് എന്നിവരുടെ ആജ്ഞകളുമനുസരിച്ച്, അവര്‍ പണി പൂര്‍ത്തിയാക്കി.   
15: ദാരിയൂസ്‌ രാജാവിന്റെ ആറാം ഭരണവര്‍ഷം, ആദാര്‍മാസം മൂന്നാം ദിവസം, ആലയം പൂര്‍ത്തിയായി. 
16: പുരോഹിതന്മാരും ലേവ്യരും മടങ്ങിയെത്തിയ മറ്റു പ്രവാസികളുമുള്‍പ്പെട്ട ഇസ്രായേല്‍ജനം അത്യാഹ്ലാദപൂര്‍വ്വം ദേവാലയത്തിന്റെ പ്രതിഷ്ഠാകര്‍മ്മമാഘോഷിച്ചു. 
17: ദേവാലയപ്രതിഷ്ഠയ്ക്ക് അവര്‍ നൂറു കാളകളെയും ഇരുനൂറു മുട്ടാടുകളെയും നാനൂറു ചെമ്മരിയാടുകളെയും ബലിയര്‍പ്പിച്ചു. ഇസ്രായേല്‍ജനത്തിനുവേണ്ടി ഗോത്രങ്ങളുടെ എണ്ണമനുസരിച്ചു പന്ത്രണ്ടു മുട്ടാടുകളെ പാപപരിഹാരബലിയായുമര്‍പ്പിച്ചു. 
18: മോശയുടെ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച്, ജറുസലെമില്‍ ദൈവശുശ്രൂഷ ചെയ്യാന്‍ പുരോഹിതന്മാരെ ഗണമനുസരിച്ചും ലേവ്യരെ തവണയനുസരിച്ചും നിയമിച്ചു. 

പെസഹാചരണം
19: തിരിച്ചെത്തിയ പ്രവാസികള്‍ ഒന്നാംമാസം പതിന്നാലാംദിവസം പെസഹാ ആചരിച്ചു. 
20: പുരോഹിതന്മാരും ലേവ്യരുമൊരുമിച്ചു തങ്ങളെത്തന്നെ ശുദ്ധീകരിച്ചു. ശുദ്ധരായിത്തീര്‍ന്ന അവര്‍ തങ്ങള്‍ക്കും സഹപുരോഹിതന്മാര്‍ക്കും പ്രവാസത്തില്‍നിന്നു മടങ്ങിയെത്തിയ എല്ലാവര്‍ക്കുംവേണ്ടി പെസഹാക്കുഞ്ഞാടിനെ കൊന്നു.
21: പ്രവാസത്തില്‍നിന്നു മടങ്ങിയെത്തിയ ഇസ്രായേല്യരും ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കാന്‍ തദ്ദേശവാസികളുടെ മ്ലേച്ഛതകളില്‍നിന്നൊഴിഞ്ഞ്, അവരോടു ചേര്‍ന്നവരും അതു ഭക്ഷിച്ചു. 
22: പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ അവര്‍ ഏഴുദിവസം സന്തോഷപൂര്‍വ്വമാചരിച്ചു. കര്‍ത്താവ്, അവരെയാഹ്ലാദഭരിതരാക്കുകയും ഇസ്രായേലിന്റെ ദൈവത്തിന്റെ ആലയം നിര്‍മ്മിക്കുന്നതില്‍ സഹായിക്കാന്‍ അസ്സീറിയാരാജാവിന്റെ ഹൃദയം അനുകൂലമാക്കുകയും ചെയ്തു. 

അദ്ധ്യായം 7

എസ്രാ ജറുസലേമിൽ
1: പേര്‍ഷ്യാരാജാവായ അര്‍ത്താക്‌സെര്‍ക്സസിന്റെ ഭരണകാലത്തു സെറായായുടെ മകനായ എസ്രാ ബാബിലോണില്‍നിന്നു പുറപ്പെട്ടു. ഹില്‍ക്കിയായുടെ മകന്‍ അസറിയായുടെ മകനായിരുന്നു സെറായാ.   
2: ഹില്‍ക്കിയാ ഷല്ലൂമിന്റെയും അവന്‍ സാദോക്കിന്റെയും സാദോക്ക് അഹിത്തൂബിന്റെയും മകനായിരുന്നു. 
3: അഹിത്തൂബ് അമരിയായുടെയും അവന്‍ അസറിയായുടെയും അസറിയാ മെറായോത്തിന്റെയും മകനായിരുന്നു. 
4: മെറായോത്ത് സെറഹിയായുടെയും അവന്‍ ഉസിയുടെയും ഉസി ബുക്കിയുടെയും മകനായിരുന്നു. 
5: ബുക്കി അബിഷുവയുടെയും അവന്‍ ഫിനെഹാസിന്റെയുംഫിനെഹാസ് എലെയാസറിന്റെയും അവന്‍ പ്രധാനപുരോഹിതനായ അഹറോന്റെയും മകനായിരുന്നു. 
6: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു നല്‍കിയ മോശയുടെ നിയമത്തില്‍ അവഗാഹമുള്ളവനായിരുന്നു എസ്രാ. ദൈവമായ കര്‍ത്താവിന്റെ കരം അവന്റെമേലുണ്ടായിരുന്നതിനാല്‍ അവനാവശ്യപ്പെട്ടതെല്ലാം രാജാവനുവദിച്ചു.  
7: അര്‍ത്താക്സെര്‍ക്സസ് രാജാവിന്റെ ഏഴാം ഭരണവര്‍ഷം കുറെ ഇസ്രായേല്യരും ലേവ്യരും പുരോഹിതരും ഗായകരും വാതില്‍കാവല്‍ക്കാരുംദേവാലയശുശ്രൂഷകരും എസ്രായോടൊപ്പം ജറുസലെമിലേക്കു പോന്നു.   
8: അവന്‍ ജറുസലെമിലെത്തിയത് രാജാവിന്റെ ഏഴാം ഭരണവര്‍ഷം അഞ്ചാം മാസമാണ്. 
9: ദൈവാനുഗ്രഹത്താല്‍ അവന്‍ ഒന്നാംമാസം ഒന്നാംദിവസം ബാബിലോണില്‍നിന്നു യാത്രപുറപ്പെട്ട്അഞ്ചാംമാസം ഒന്നാംദിവസം ജറുസലെമിലെത്തി.   
10: കര്‍ത്താവിന്റെ നിയമം പഠിക്കാനും അനുഷ്ഠിക്കാനും അവിടുത്തെ അനുശാസനങ്ങളും പ്രമാണങ്ങളും ഇസ്രായേലില്‍ പഠിപ്പിക്കാനും അവന്‍ ഉത്സുകനായിരുന്നു. 
11: ഇസ്രായേലിനുവേണ്ടി കര്‍ത്താവു നല്കിയ കല്പനകളും നിയമങ്ങളുംപഠിച്ച, പണ്ഡിതനും പുരോഹിതനുമായ എസ്രായ്ക്ക് അര്‍ത്താക്സെര്‍ക്സസ്‌ രാജാവുനല്കിയ കത്തിന്റെ പകര്‍പ്പ്: 
12: രാജാധിരാജനായ അര്‍ത്താക്സെര്‍ക്സസ്സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ നിയമങ്ങളില്‍ പാണ്ഡിത്യമുള്ള പുരോഹിതന്‍ എസ്രായ്ക്ക് എഴുതുന്നത്: 
13: എന്റെ രാജ്യത്തുള്ള ഏത് ഇസ്രായേല്യനും പുരോഹിതനും ലേവ്യനും ജറുസലെമിലേക്കുപോകാന്‍ ആഗ്രഹമുണ്ടെങ്കില്‍, നിന്നോടുകൂടെ പോന്നുകൊള്ളട്ടെ എന്നു ഞാന്‍ കല്പിക്കുന്നു. 
14: നിങ്ങളുടെ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച നിയമങ്ങളനുസരിച്ച്, യൂദായിലെയും ജറുസലെമിലെയും വിവരങ്ങളാരായാന്‍, രാജാവും തന്റെ ഏഴുപദേശകരും നിങ്ങളെ അയയ്ക്കുന്നു.   
15: ജറുസലെമില്‍ വസിക്കുന്ന ഇസ്രായേലിന്റെ ദൈവത്തിന് രാജാവും ഉപദേശകരും സ്വാഭീഷ്ടക്കാഴ്ചയായി അര്‍പ്പിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും നിങ്ങള്‍ കൊണ്ടുപോകണം. 
16: ബാബിലോണ്‍ദേശത്തുനിന്ന് നിങ്ങള്‍ക്കു ലഭിച്ച സ്വര്‍ണ്ണവും വെള്ളിയുംജറുസലെമിലെ ദേവാലയത്തിനുവേണ്ടി ജനവും പുരോഹിതന്മാരുമര്‍പ്പിക്കുന്ന സ്വാഭീഷ്ടക്കാഴ്ചകളും നിങ്ങള്‍ കൊണ്ടുപോകണം. 
17: ഈ പണംകൊണ്ട്, കാളമുട്ടാട്ചെമ്മരിയാട് എന്നിവയെ ധാന്യബലിക്കും പാനീയബലിക്കും ആവശ്യകമായ വസ്തുക്കളോടുകൂടെ വാങ്ങി ജറുസലെമില്‍ നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ബലിപീഠത്തിലര്‍പ്പിക്കണം. 
18: ശേഷിച്ച സ്വര്‍ണ്ണവും വെള്ളിയുംകൊണ്ട്, നീയും സഹോദരന്മാരും നിങ്ങളുടെ ദൈവത്തിന്റെ ഹിതമനുസരിച്ച്ഉചിതമെന്നു തോന്നുന്നതു ചെയ്തുകൊള്ളുക. 
19: നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായി നല്‍കിയിട്ടുള്ള പാത്രങ്ങള്‍ ജറുസലെമിന്റെ ദൈവത്തിനു സമര്‍പ്പിക്കണം. 
20: കൂടാതെനിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ എന്തെങ്കിലും ആവശ്യംവന്നാല്‍ അതു രാജഭണ്ഡാരത്തില്‍നിന്ന് എടുത്തുകൊള്ളൂ. 
21: നദിക്കക്കരെയുളള ദേശത്തെ ഭണ്ഡാരവിചാരകരോട് ഞാന്‍, അര്‍ത്താക്സെര്‍ക്സസ് രാജാവ്കല്പിക്കുന്നു: പുരോഹിതനും സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ നിയമത്തില്‍ പണ്ഡിതനുമായ എസ്രാ നിങ്ങളോടാവശ്യപ്പെടുന്നതെന്തും - 
22: വെള്ളി നൂറു താലന്തുവരെയുംഗോതമ്പ് നൂറു കോര്‍വരെയുംവീഞ്ഞും എണ്ണയും നൂറു ബത്തുവരെയുംഉപ്പ് ആവശ്യംപോലെയും ശുഷ്‌കാന്തിയോടെ കൊടുക്കണം. 
23: സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ ക്രോധം രാജാവിന്റെയും പുത്രന്മാരുടെയും രാജ്യത്തിന്മേല്‍ പതിക്കാതിരിക്കാന്‍ അവിടുന്നു കല്പിക്കുന്നതെന്തും അവിടുത്തെ ആലയത്തിനുവേണ്ടി കൊടുക്കാന്‍ ശ്രദ്ധിക്കുക. 
24: പുരോഹിതന്മാര്‍, ലേവ്യര്‍, ഗായകര്‍, വാതില്‍കാവല്‍ക്കാര്‍, ദേവാലയശുശ്രൂഷകര്‍, ഇതരസേവകര്‍ എന്നിവരുടെമേല്‍ കപ്പംനികുതിചുങ്കംഇവ ചുമത്തുന്നത് ഞാന്‍ വിലക്കുന്നു. 
25: എസ്രാനിന്റെ ദൈവത്തില്‍നിന്നു നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനമനുസരിച്ച്നദിക്കക്കരെയുള്ള ദേശത്തെ ജനത്തിനു ന്യായപാലനംനടത്താന്‍ നിങ്ങളുടെ ദൈവത്തിന്റെ നിയമം അറിവുള്ളവരില്‍നിന്നു ന്യായാധിപന്മാരെ നിയമിക്കുകയും നിയമപരിജ്ഞാനമില്ലാത്തവരെ അതു പഠിപ്പിക്കുകയും ചെയ്യുക. 
26: നിങ്ങളുടെ ദൈവത്തിന്റെയോ രാജാവിന്റെയോ നിയമം ലംഘിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുക. അവരെ വധിക്കുകയോ നാടുകടത്തുകയോ തടവിലിടുകയോ അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുകയോ ആകാം. 
27: ജറുസലെമില്‍ കര്‍ത്താവിന്റെ ആലയം മനോഹരമായി പണിതുയര്‍ത്തുന്നതിനു രാജാവിനെ പ്രചോദിപ്പിച്ച നമ്മുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! 
28: രാജാവിന്റെയും ഉപദേഷ്ടാക്കളുടെയും സേവകപ്രമുഖരുടെയുംമുമ്പില്‍ അവിടുന്നു തന്റെ അനശ്വരസ്നേഹം എന്റെമേല്‍ ചൊരിഞ്ഞു. എന്റെ ദൈവമായ കര്‍ത്താവിന്റെ കരം എന്റെമേലുണ്ടായിരുന്നതിനാല്‍ പ്രമുഖന്മാരായ ഇസ്രായേല്യരെ കൂട്ടിക്കൊണ്ടു പോകുന്നതിനു ഞാന്‍ ധൈര്യപ്പെട്ടു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ