നൂറ്റിപ്പതിനാറാം ദിവസം: 2 ദിനവൃത്താന്തം 21 - 24


അദ്ധ്യായം 21

യഹോറാം
1: യഹോഷാഫാത്ത് പിതാക്കന്മാരോടു ചേര്‍ന്നു. അവരോടുകൂടെ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടുമകന്‍ യഹോറാം രാജ്യഭാരമേറ്റു.
2: യൂദാരാജാവായിരുന്ന യഹോഷാഫാത്തിന്റെ പുത്രന്മാരായ അവന്റെ സഹോദരന്മാര്‍: അസറിയായഹിയേല്‍, സഖറിയാഅസറിയാമിഖായേല്‍, ഷെഫാത്തിയാ.
3: അവരുടെ പിതാവ് ധാരാളം പൊന്നും വെള്ളിയും അമൂല്യവസ്തുക്കളും അവര്‍ക്കു സമ്മാനമായി നല്കി. കൂടാതെയൂദായിലെ സുരക്ഷിതനഗരങ്ങളും കൊടുത്തു. ആദ്യജാതനായിരുന്നതിനാല്‍രാജസ്ഥാനം യഹോറാമിനാണു ലഭിച്ചത്.
4: യഹോറാം പിതാവിന്റെ സിംഹാസനത്തിലുപവിഷ്ടനായി ഭരണമേറ്റെടുത്തു. തന്റെ നില ഭദ്രമാക്കിയപ്പോള്‍ എല്ലാ സഹോദരന്മാരെയും ഇസ്രായേലിലെ ചില പ്രമാണികളെയും വാളിനിരയാക്കി.
5: രാജാവാകുമ്പോള്‍ യഹോറാമിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. അവന്‍ എട്ടുവര്‍ഷം ജറുസലെമില്‍ വാണു.
6: ആഹാബിന്റെ മകളായിരുന്നു യഹോറാമിന്റെ ഭാര്യ. ആഹാബ് ഭവനത്തെപ്പോലെ അവനും ഇസ്രായേല്‍ രാജാക്കന്മാരുടെ മാര്‍ഗ്ഗത്തില്‍ ചരിച്ചു. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു.
7: എങ്കിലും ദാവീദുമായിചെയ്ത ഉടമ്പടിയോര്‍ത്ത് അവന്റെ ഭവനത്തെ നശിപ്പിക്കാന്‍ കര്‍ത്താവിനു മനസ്സുവന്നില്ല. ദാവീദിന്റെ ഭവനത്തില്‍ ദീപം അണഞ്ഞുപോകുകയില്ലെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നല്ലോ.
8: യഹോറാമിന്റെ കാലത്ത്, ഏദോമ്യര്‍ യൂദാ മേല്‍ക്കോയ്മയ്‌ക്കെതിരേ മത്സരിച്ച്, സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു.
9: യഹോറാമും സൈന്യാധിപന്മാരും രഥങ്ങളോടുകൂടെ അവര്‍ക്കെതിരേ ചെന്നു. തങ്ങളെ വളഞ്ഞ ഏദോമ്യരുടെ നിര അവര്‍ രാത്രിയില്‍ ഭേദിച്ചു.
10: ഏദോമ്യര്‍ ഇന്നും യൂദായുടെ ആധിപത്യത്തെ എതിര്‍ത്തു കഴിയുന്നു. അക്കാലത്ത് ലിബ്‌നായും അവന്റെ ഭരണത്തെ എതിര്‍ത്തു. അവന്‍ തന്റെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെയുപേക്ഷിച്ചതുകൊണ്ടാണിങ്ങനെ സംഭവിച്ചത്.
11: അവന്‍ യൂദാമലമ്പ്രദേശത്തു പൂജാഗിരികള്‍ നിര്‍മ്മിച്ചു. അങ്ങനെ ജറുസലെംനിവാസികളെ അവിശ്വസ്തതയിലേക്കു നയിച്ചുയൂദായെ വഴിതെറ്റിച്ചു.
12: ഏലിയാ പ്രവാചകന്റെ ഒരു കത്ത് അവനു ലഭിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ നിന്റെ പിതാവായ യഹോഷാഫാത്തിന്റെയോ യൂദാരാജാവായ ആസായുടെയോ മാതൃക പിന്‍ചെന്നില്ല.
13: മറിച്ച്ഇസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നുആഹാബ് ഇസ്രായേലിനെയെന്നതുപോലെ, നീ യൂദായെയും ജറുസലെംനിവാസികളെയും അവിശ്വസ്തതയിലേക്കു നയിച്ചുപിതൃഭവനത്തില്‍ നിന്നെക്കാള്‍ ശ്രേഷ്ഠരായിരുന്ന നിന്റെ സഹോദരന്മാരെ നീ കൊന്നുകളഞ്ഞു.
14: ഇതാകര്‍ത്താവു നിന്റെ ജനത്തിന്റെയുംനിന്റെ മക്കളുടെയും ഭാര്യമാരുടെയും വസ്തുവകകളുടെയുംമേല്‍ മഹാമാരി വരുത്തും.
15: നിനക്കു കുടലില്‍ ഒരു കഠിനരോഗമുണ്ടാകുംഅത്, അനുദിനം വര്‍ദ്ധിച്ചു കുടല്‍ പുറത്തുവരും.
16: എത്യോപ്യരുടെ സമീപത്തുവസിച്ചിരുന്ന ഫിലിസ്ത്യരിലും അറബികളിലും കര്‍ത്താവു യഹോറാമിനെതിരേ ശത്രുതയുളവാക്കി.
17: അവര്‍ യൂദായെ ആക്രമിച്ചുരാജകൊട്ടാരത്തില്‍ കണ്ടതെല്ലാം അവര്‍ കൈവശമാക്കി. രാജാവിന്റെ ഭാര്യമാരെയും മക്കളെയും തടവുകാരാക്കി. ഇളയപുത്രനായ യഹോവാഹാസല്ലാതെ ആരുമവശേഷിച്ചില്ല.
18: ഇതിനുശേഷം കര്‍ത്താവ് അവന്റെ കുടലില്‍ ഒരു തീരാവ്യാധി വരുത്തി.
19: രണ്ടുവര്‍ഷംകഴിഞ്ഞ്, രോഗം മൂര്‍ച്ഛിച്ച് കുടല്‍ പുറത്തുവന്നു. കഠിനവേദനയില്‍ അവന്‍ മരിച്ചു. അവന്റെ പിതാക്കന്മാര്‍ക്കുവേണ്ടി നടത്തിയതുപോലെ ജനം തീക്കൂന കൂട്ടി അവനെ ബഹുമാനിച്ചില്ല.
20: ഭരണമേല്‍ക്കുമ്പോള്‍ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു. എട്ടുവര്‍ഷം ജറുസലെമില്‍ വാണു. അവന്റെ വേര്‍പാടില്‍ ആരും ദുഃഖിച്ചില്ല. അവനെ ദാവീദിന്റെ നഗരത്തിലാണ് സംസ്‌കരിച്ചതെങ്കിലും രാജാക്കന്മാരുടെ കല്ലറയിലല്ല.

അദ്ധ്യായം 22

അഹസിയാ
1: അറബികളോടുകൂടെവന്ന അക്രമിസംഘം, യഹോറാമിന്റെ മൂത്തമക്കളെയെല്ലാം വധിച്ചതിനാല്‍, ജറുസലെംനിവാസികള്‍ ഇളയമകനായ അഹസിയായെ രാജാവായി വാഴിച്ചു. അങ്ങനെ യഹോറാമിന്റെ മകന്‍ അഹസിയാ യൂദായില്‍ ഭരണംനടത്തി.
2: ഭരണമേറ്റപ്പോള്‍ അഹസിയായ്ക്ക് നാല്പത്തിരണ്ടു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ ഒരുവര്‍ഷം ഭരിച്ചു. ഇസ്രായേല്‍രാജാവായ ഓമ്രിയുടെ പൗത്രി അത്താലിയാ ആയിരുന്നു അവന്റെയമ്മ.
3: മാതാവിന്റെ ദുഷ്‌പ്രേരണനിമിത്തം അഹസിയാ ആഹാബ്ഭവനത്തിന്റെ മാര്‍ഗ്ഗത്തില്‍ ചരിച്ചു.
4: ആഹാബ്ഭവനത്തെപ്പോലെ കര്‍ത്താവിന്റെമുമ്പില്‍ അവന്‍ തിന്മ പ്രവര്‍ത്തിച്ചു. പിതാവിന്റെ മരണത്തിനുശേഷം ആഹാബിന്റെ ഭവനത്തില്‍പ്പെട്ടവരായിരുന്നു അവന്റെ ആലോചനക്കാര്‍. അത് അവന്റെ അധഃപതനത്തിനു കാരണമായി.
5: അവരുടെ ഉപദേശമനുസരിച്ച്, അവന്‍ ഇസ്രായേല്‍രാജാവും ആഹാബിന്റെ മകനുമായ യോറാമിനോടുകൂടെ റാമോത്ഗിലയാദില്‍ സിറിയാരാജാവായ ഹസായേലിനോടു യുദ്ധംചെയ്യാന്‍പോയി. സിറിയാക്കാര്‍ യോറാമിനെ മുറിവേല്പിച്ചു.
6: റാമായില്‍വച്ചു സിറിയാരാജാവായ ഹസായേലുമായുള്ള യുദ്ധത്തിലേറ്റ മുറിവുകള്‍ ചികിത്സിക്കാന്‍ യോറാം ജസ്രേലിലേക്കു മടങ്ങി. യൂദാരാജാവായ യഹോറാമിന്റെ മകന്‍ അഹസിയാആഹാബിന്റെ മകന്‍ യോറാം കിടപ്പായതിനാല്‍ അവനെ സന്ദര്‍ശിക്കാന്‍ ജസ്രേലിലെത്തി.
7: യോറാമിനെ സന്ദര്‍ശിക്കാന്‍പോയത്, അഹസിയായുടെ പതനത്തിനു കാരണമാകണമെന്നു കര്‍ത്താവു നിശ്ചയിച്ചിരുന്നു. അവിടെവച്ചു നിംഷിയുടെ മകനും ആഹാബ്ഭവനത്തെ നശിപ്പിക്കാന്‍ കര്‍ത്താവ് അഭിഷേകംചെയ്തിരുന്നവനുമായ യേഹുവിനെ നേരിടാന്‍ യോറാമിനോടൊത്ത് അവര്‍പോയി.
8: ആഹാബ്ഭവനത്തിനെതിരേ ശിക്ഷാവിധിനടത്തുമ്പോള്‍ യേഹു യൂദാപ്രഭുക്കന്മാരെയും അഹസിയായുടെ ചാര്‍ച്ചക്കാരായ രാജസേവകന്മാരെയും കണ്ടുമുട്ടി. അവന്‍ അവരെ വധിച്ചു. 
9: സമരിയായില്‍ ഓടിയൊളിച്ച അഹസിയായെ അവര്‍ തിരഞ്ഞുപിടിച്ച് യേഹുവിന്റെ മുമ്പില്‍കൊണ്ടുവന്നു വധിച്ചു. പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ പിഞ്ചെന്ന യഹോഷാഫാത്തിന്റെ പൗത്രനാണ് എന്നതിന്റെപേരില്‍ അവര്‍ അവനെ സംസ്‌കരിച്ചു. രാജ്യംഭരിക്കാന്‍ കഴിവുള്ള ആരും അഹസിയാക്കുടുംബത്തില്‍ അവശേഷിച്ചില്ല.

അത്താലിയാ രാജ്ഞി
10: പുത്രന്‍ മരിച്ചെന്നറിഞ്ഞപ്പോള്‍ അഹസിയായുടെ മാതാവ് അത്താലിയാ, യൂദാരാജകുടുംബത്തില്‍പ്പെട്ട സകലരെയും വധിച്ചു.
11: എന്നാല്‍, രാജകുമാരിയായ യഹോഷാബെയാത്ത് കൊല്ലപ്പെടാന്‍പോകുന്ന രാജകുമാരന്മാരുടെ ഇടയില്‍നിന്ന് അഹസിയായുടെ മകന്‍ യോവാഷിനെയെടുത്ത് ആയയോടൊപ്പം ഒരു ശയനമുറിയില്‍ ഒളിപ്പിച്ചു. യഹോറാം രാജാവിന്റെ മകളും അഹസിയായുടെ സഹോദരിയും യഹോയാദാ പുരോഹിതന്റെ ഭാര്യയുമായ യെഹോഷാബെയാത്ത് യോവാഷിനെ ഒളിപ്പിച്ചതുകൊണ്ട് അത്താലിയായ്ക്ക് അവനെ വധിക്കാന്‍ കഴിഞ്ഞില്ല.
12: ആറുവര്‍ഷം അവന്‍ അവരോടുകൂടെ ദേവാലയത്തില്‍ ഒളിവില്‍ കഴിഞ്ഞു. ആ സമയം അത്താലിയാ രാജ്യം ഭരിച്ചു.

അദ്ധ്യായം 23

1: ഏഴാംവര്‍ഷം യഹോയാദാ പുരോഹിതന്‍, ശതാധിപന്മാരായ ജറോഹാമിന്റെ മകന്‍ അസറിയായഹോഹനാന്റെ മകന്‍ ഇസ്മായേല്‍, ഓബെദിന്റെ മകന്‍ അസറിയാഅദായായുടെ മകന്‍ മാസെയാസിക്രിയുടെ മകന്‍ എലിഷാഫാത്ത് എന്നിവരുമായി ധൈര്യപൂര്‍വ്വം ഉടമ്പടിചെയ്തു.
2: അവര്‍ യൂദായിലെങ്ങും സഞ്ചരിച്ച് നഗരങ്ങളില്‍നിന്ന് ലേവ്യരെയും ഇസ്രായേല്‍ കുടുംബത്തലവന്മാരെയും ജറുസലെമില്‍ വിളിച്ചുകൂട്ടി.
3: സമൂഹംമുഴുവന്‍ ദേവാലയത്തില്‍വച്ച് രാജാവുമായി ഒരുടമ്പടിചെയ്തു. യഹോയാദാ അവരോടു പറഞ്ഞു: ഇതാരാജപുത്രന്‍! ദാവീദിന്റെ സന്തതിയെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നതുപോലെ ഇവന്‍ രാജാവായി വാഴട്ടെ!
4: നിങ്ങള്‍ ചെയ്യേണ്ടതിതാണ്: സാബത്തില്‍ തവണമാറിവരുന്ന പുരോഹിതന്മാരിലും ലേവ്യരിലും മൂന്നിലൊരുഭാഗം ദേവാലയവാതില്‍ക്കല്‍ കാവല്‍ നില്‍ക്കണം.
5: ഒരുഭാഗം രാജകൊട്ടാരം കാക്കണം. മൂന്നാമത്തെ ഭാഗം അടിസ്ഥാനകവാടത്തില്‍ നിലയുറപ്പിക്കണം. ജനം ദേവാലയാങ്കണത്തില്‍ നില്‍ക്കട്ടെ.
6: പുരോഹിതന്മാരും ശുശ്രൂഷനടത്തുന്ന ലേവ്യരുമൊഴികെ ആരും കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിക്കരുത്. അവര്‍ ശുദ്ധിയുള്ളവരായതിനാല്‍ അവര്‍ക്കു പ്രവേശിക്കാം. എന്നാല്‍, ജനം കര്‍ത്താവിന്റെ നിബന്ധനകളനുസരിച്ചു പുറത്തുതന്നെ നില്‍ക്കണം.
7: ലേവ്യര്‍ ആയുധമേന്തി രാജാവിനുചുറ്റും നിലകൊള്ളണം. അകത്ത് ആരെങ്കിലും കടന്നാല്‍ അവനെക്കൊല്ലണം. അവര്‍ സദാ രാജാവിനോടൊപ്പമുണ്ടായിരിക്കണം.
8: ലേവ്യരും യൂദാനിവാസികളും യഹോയാദായുടെ നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിച്ചു. സാബത്തില്‍ ശുശ്രൂഷയുടെ തവണകഴിഞ്ഞവരും തവണതുടങ്ങുന്നവരുമായ എല്ലാവരെയും അവര്‍കൊണ്ടുവന്നു. കാരണംയഹോയാദാ പുരോഹിതന്‍ ആരെയും വിട്ടയച്ചില്ല.
9: ദേവാലയത്തില്‍ സൂക്ഷിച്ചിരുന്നദാവീദു രാജാവിന്റെ കുന്തങ്ങളും ചെറുതും വലുതുമായ പരിചകളുമെടുത്തു യഹോയാദാ നായകന്മാരെ ഏല്പിച്ചു.
10: തെക്കേയറ്റംമുതല്‍ വടക്കേയറ്റംവരെ ബലിപീഠത്തിനും ആലയത്തിനുംചുറ്റും ജനങ്ങളെ ആയുധസജ്ജരാക്കികാവല്‍ നിറുത്തി.
11: അനന്തരംഅവന്‍ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടം ധരിപ്പിച്ചുഅധികാരപത്രവും നല്‍കി. അവര്‍ അവനെ രാജാവായി പ്രഖ്യാപിച്ചു. യഹോയാദായും പുത്രന്മാരുംചേര്‍ന്ന് അവനെ അഭിഷേകംചെയ്തു. രാജാവു നീണാള്‍ വാഴട്ടെയെന്ന് അവര്‍ ആര്‍ത്തുവിളിച്ചു.
12: ജനം ഓടിക്കൂടി രാജാവിനെ സ്തുതിക്കുന്നതിന്റെ ആരവംകേട്ട്അത്താലിയാ കര്‍ത്താവിന്റെ ആലയത്തില്‍ അവരുടെയടുത്തേക്കു ചെന്നു.
13: ദേവാലയകവാടത്തില്‍ സ്തംഭത്തിനുസമീപം രാജാവു നില്‍ക്കുന്നത് അവള്‍ കണ്ടുസേനാനായകന്മാരും കാഹളമൂതുന്നവരും രാജാവിന്റെയടുത്തു നിന്നിരുന്നുജനമെല്ലാം ആഹ്ലാദഭരിതരായി കാഹളംമുഴക്കിക്കൊണ്ടിരുന്നു. ഗായകര്‍ സംഗീതോപകരണങ്ങളുമായി ആഘോഷത്തിനു നേതൃത്വംനല്കി. അത്താലിയാ വസ്ത്രംകീറിരാജദ്രോഹം! രാജദ്രോഹം! എന്നു വിളിച്ചുപറഞ്ഞു.
14: യഹോയാദാപ്പുരോഹിതന്‍ സേനാധിപന്മാരെ വിളിച്ചുപറഞ്ഞു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തുകൊണ്ടുവരുവിന്‍. ആരെങ്കിലും അവളെയനുഗമിച്ചാല്‍ അവനെ വാളിനിരയാക്കുവിന്‍. അവന്‍ തുടര്‍ന്നു: അവളെ കര്‍ത്താവിന്റെ ആലയത്തില്‍വച്ചു കൊല്ലരുത്.
15: അവര്‍ അവളെ പിടിച്ചു കൊട്ടാരത്തിന്റെ അശ്വകവാടത്തിങ്കല്‍കൊണ്ടുവന്നു വധിച്ചു.
16: തങ്ങള്‍ കര്‍ത്താവിന്റെ ജനമായിരിക്കുമെന്നു യഹോയാദായും ജനവും രാജാവുമുടമ്പടിചെയ്തു.
17: ജനമെല്ലാംകൂടെ ബാലിന്റെ ആലയത്തില്‍ക്കടന്ന് അതു തകര്‍ത്തു. അവന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും തച്ചുടച്ചു. ബാലിന്റെ പുരോഹിതനായ മത്താനെ ബലിപീഠത്തിനു മുമ്പില്‍വച്ചു വധിച്ചു.
18: യഹോയാദാ പുരോഹിതന്മാരുടെയും ലേവ്യരുടെയും മേല്‍നോട്ടത്തില്‍ കര്‍ത്താവിന്റെ ആലയത്തിനു കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. ദാവീദു തന്റെ വിധിപ്രകാരം സന്തോഷത്തോടും ഗാനാലാപത്തോടും കൂടെമോശയുടെ നിയമമനുസരിച്ചു കര്‍ത്താവിനു ദഹനബലികള്‍ അര്‍പ്പിക്കുന്നതിനും അവിടുത്തെ ആലയത്തിന്റെ ചുമതല വഹിക്കുന്നതിനും ലേവ്യപുരോഹിതന്മാരെയും ലേവ്യരെയും നിയോഗിച്ചിരുന്നു.
19: ഏതെങ്കിലും വിധത്തില്‍ അശുദ്ധരായവര്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിക്കാതിരിക്കുന്നതിനു വാതില്‍കാവല്‍ക്കാരെയും യഹോയാദാ നിയമിച്ചു.
20: സേനാനായകന്മാര്‍, പൗരമുഖ്യര്‍, ദേശാധിപന്മാര്‍ എന്നിവരുടെയും ജനത്തിന്റെയും അകമ്പടിയോടെ അവന്‍ രാജാവിനെ കര്‍ത്താവിന്റെ ആലയത്തില്‍നിന്ന് ഉപരികവാടത്തിലൂടെ കൊട്ടാരത്തിലേക്കാനയിച്ചു സിംഹാസനത്തില്‍ അവരോധിച്ചു.
21: ജനം ആഹ്ലാദിച്ചു. അത്താലിയാ വാളിനിരയായതോടെ നഗരം ശാന്തമായി.

അദ്ധ്യായം 24

യോവാഷ്
1: യോവാഷ് ഏഴാംവയസ്സില്‍ രാജാവായി. അവന്‍ നാല്പതുവര്‍ഷം ജറുസലെമില്‍ ഭരണംനടത്തി. ബേര്‍ഷെബായിലെ സിബിയാ ആയിരുന്നു അവന്റെ മാതാവ്.
2: യഹോയാദാ പുരോഹിതന്‍ ജീവിച്ചിരുന്നകാലമത്രയും യോവാഷ് കര്‍ത്താവിന്റെ മുമ്പില്‍ നീതി പ്രവര്‍ത്തിച്ചു.
3: രാജാവിനു യഹോയാദാ രണ്ടു ഭാര്യമാരെ തെരഞ്ഞെടുത്തുകൊടുത്തു. അവരില്‍നിന്നു പുത്രന്മാരും പുത്രിമാരും ജാതരായി.
4: യോവാഷ് ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ചെയ്യാന്‍ തീരുമാനിച്ചു.
5: അവന്‍ പുരോഹിതന്മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി പറഞ്ഞു: ആണ്ടുതോറും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് ആവശ്യമായ തുക, യൂദാ നഗരങ്ങളില്‍ച്ചെന്ന്ഇസ്രായേല്‍ജനത്തില്‍നിന്നു പിരിച്ചെടുക്കുവിന്‍. ഇതിനു വിളംബം വരുത്തരുത്. എന്നാല്‍, ലേവ്യര്‍ അത്ര ഉത്സാഹം കാണിച്ചില്ല.
6: അതിനാല്‍, രാജാവ് അവരുടെ നേതാവായ യഹോയാദായെ വിളിച്ചു ചോദിച്ചു: കര്‍ത്താവിന്റെ ദാസനായ മോശ സമാഗമകൂടാരത്തിനുവേണ്ടി ഇസ്രായേല്‍ സമൂഹത്തിന്മേല്‍ ചുമത്തിയിരുന്ന നികുതി യൂദായില്‍നിന്നും ജറുസലെമില്‍നിന്നും പിരിച്ചെടുക്കാന്‍ നീ ലേവ്യരോട് ആവശ്യപ്പെടാതിരുന്നതെന്തുകൊണ്ട്?
7: ദുഷ്ടയായ അത്താലിയായുടെ മക്കള്‍ ദേവാലയത്തിനു നാശനഷ്ടങ്ങള്‍ വരുത്തുകയും അതിലെ പൂജ്യവസ്തുക്കള്‍ ബാലിന്റെ ആരാധനയ്ക്ക് ഉപയോഗിക്കുകയുംചെയ്തു.
8: രാജാവിന്റെ കല്പനയനുസരിച്ച്ദേവാലയ വാതില്‍ക്കല്‍ അവര്‍ ഒരു കാണിക്കപ്പെട്ടി സ്ഥാപിച്ചു.
9: ദൈവത്തിന്റെ ദാസനായ മോശ മരുഭൂമിയില്‍വച്ച് ഇസ്രായേലിന്റെമേല്‍ ചുമത്തിയ നികുതി കര്‍ത്താവിനു നല്‍കണമെന്ന് യൂദായിലും ജറുസലെമിലും വിളംബരംചെയ്തു.
10: പ്രഭുക്കന്മാരും ജനവും സന്തോഷപൂര്‍വ്വം നികുതിദ്രവ്യംകൊണ്ടുവന്നു പെട്ടി നിറയുവോളം നിക്ഷേപിച്ചു.
11: ഏറെപ്പണംവീണെന്നു കാണുമ്പോള്‍ ലേവ്യര്‍, പെട്ടി രാജസേവകരെ ഏല്പിക്കും. രാജാവിന്റെ കാര്യവിചാരകനും പ്രധാനപുരോഹിതന്റെ സേവകനുംകൂടി പണമെടുത്തിട്ടു പെട്ടി പൂര്‍വ്വസ്ഥാനത്തുകൊണ്ടുവന്നു വയ്ക്കും. ദിവസേന ഇങ്ങനെചെയ്ത് അവര്‍ ധാരാളം പണം ശേഖരിച്ചു.
12: രാജാവും യഹോയാദായും അതു കര്‍ത്താവിന്റെ ആലയത്തിലെ ജോലിയുടെ ചുമതലവഹിക്കുന്ന ആളിനെയേല്‍പ്പിച്ചു. അവര്‍ കര്‍ത്താവിന്റെ ആലയം പുനരുദ്ധരിക്കാന്‍ കല്‍പ്പണിക്കാര്‍, മരപ്പണിക്കാര്‍, ഇരുമ്പുപണിക്കാര്‍, പിച്ചളപ്പണിക്കാര്‍ എന്നിവരെ നിയോഗിച്ചു. അവര്‍ ഉത്സാഹപൂര്‍വ്വം പണിചെയ്തതിനാല്‍, പണി പുരോഗമിച്ചു.
13: അങ്ങനെ ദേവാലയം പൂര്‍വ്വസ്ഥിതി പ്രാപിച്ചു ബലവത്തായി.
14: പണിതീര്‍ന്നപ്പോള്‍ ബാക്കിവന്ന തുക അവര്‍ രാജാവിനെയും യഹോയാദായെയും ഏല്‍പ്പിച്ചു. അവര്‍ അതു കര്‍ത്താവിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കും ദഹനബലിക്കും ആവശ്യകമായ ഉപകരണങ്ങള്‍, സുഗന്ധദ്രവ്യത്തിനുള്ള താലങ്ങള്‍, പൊന്നും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങള്‍ എന്നിവ നിര്‍മ്മിക്കാനുപയോഗിച്ചു. യഹോയാദായുടെ ജീവിതകാലമത്രയും കര്‍ത്താവിന്റെ ആലയത്തില്‍ ദഹനബലികള്‍ മുടങ്ങാതെ അര്‍പ്പിച്ചുപോന്നു.
15: യഹോയാദാ പൂര്‍ണ്ണവാര്‍ദ്ധക്യത്തിലെത്തി മരിച്ചു. മരിക്കുമ്പോള്‍ അവനു നൂറ്റിമുപ്പതു വയസ്സായിരുന്നു.
16: അവന്‍ ദൈവത്തെയും അവിടുത്തെ ആലയത്തെയുംപ്രതി ഇസ്രായേലില്‍ ഏറെ നന്മചെയ്തതിനാല്‍, അവരവനെ ദാവീദിന്റെ നഗരത്തില്‍ രാജാക്കന്മാരുടെ ഇടയില്‍ സംസ്‌കരിച്ചു.
17: യഹോയാദായുടെ മരണത്തിനുശേഷം യൂദാപ്രഭുക്കന്മാര്‍ യോവാഷിനെ വന്നുകണ്ട് അഭിവാദനങ്ങളര്‍പ്പിച്ചു. രാജാവ് അവര്‍ പറഞ്ഞതുകേട്ടു.
18: തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിന്റെ ആലയമുപേക്ഷിച്ച്, അവര്‍ വിഗ്രഹങ്ങളെയും അഷേരാപ്രതിഷ്ഠകളെയും സേവിച്ചുതുടങ്ങി. അവരുടെ ഈ അകൃത്യം നിമിത്തം യൂദായുടെയും ജറുസലെമിന്റെയുംമേല്‍ ദൈവകോപമുണ്ടായി.
19: അവരെ തിരികെക്കൊണ്ടുവരാന്‍ കര്‍ത്താവ് അവരുടെ ഇടയിലേക്കു പ്രവാചകന്മാരെ അയച്ചു. പ്രവാചകന്മാര്‍ അവരുടെ തെറ്റു ചൂണ്ടിക്കാണിച്ചു. എന്നാല്‍, അവരതു വകവെച്ചില്ല.
20: യഹോയാദാപ്പുരോഹിതന്റെ മകന്‍ സഖറിയായുടെമേല്‍ ദൈവത്തിന്റെ ആത്മാവുവന്നു. അവന്‍ ജനത്തെ അഭിസംബോധനചെയ്തു പറഞ്ഞു: ദൈവം അരുളിച്ചെയ്യുന്നു: കര്‍ത്താവിന്റെ കല്പനകള്‍ ലംഘിച്ചു നിങ്ങള്‍ക്കുതന്നെ അനര്‍ത്ഥം വരുത്തുന്നതെന്ത്നിങ്ങള്‍ കര്‍ത്താവിനെ ഉപേക്ഷിച്ചതിനാല്‍ അവിടുന്നു നിങ്ങളെയുമുപേക്ഷിച്ചിരിക്കുന്നു.
21: എന്നാല്‍, അവര്‍ സഖറിയായ്‌ക്കെതിരേ ഗൂഢാലോചന നടത്തി. രാജകല്പനപ്രകാരം അവര്‍ അവനെ ദേവാലയാങ്കണത്തില്‍വച്ചു കല്ലെറിഞ്ഞു കൊന്നു.
22: യോവാഷ്‌രാജാവ്യഹോയാദാ തന്നോടു കാണിച്ച, ദയ വിസ്മരിച്ച്, അവന്റെ മകനായ സഖറിയായെ വധിച്ചു. മരിക്കുമ്പോള്‍ അവന്‍ പറഞ്ഞു: കര്‍ത്താവ് ഇതുകണ്ട് പ്രതികാരംചെയ്യട്ടെ!
23: വര്‍ഷാവസാനത്തില്‍ സിറിയാസൈന്യം യോവാഷിനെതിരേ വന്നു. അവര്‍ യൂദായിലെയും ജറുസലെമിലെയും ജനപ്രമാണികളെ വധിച്ചു. അവരുടെ വസ്തുവകകള്‍ കൊള്ളചെയ്തു ദമാസ്‌ക്കസ്‌രാജാവിനു കൊടുത്തു.
24: സിറിയാസൈന്യം എണ്ണത്തില്‍ കുറവായിരുന്നെങ്കിലുംപിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെ പരിത്യജിച്ചതിനാല്‍, യൂദായുടെ വലിയ സൈന്യത്തെ അവിടുന്ന് അവരുടെ കൈയില്‍ ഏല്പിച്ചു. അങ്ങനെ അവര്‍ യോവാഷിന്റെമേല്‍ ശിക്ഷാവിധി നടത്തി.
25: യോവാഷിനെ ദാരുണമായി മുറിവേല്പിച്ചു. ശത്രുക്കള്‍ പോയിക്കഴിഞ്ഞപ്പോള്‍ സേവകന്മാര്‍ ഗൂഢാലോചന നടത്തി. അവനെ കിടക്കയില്‍വച്ചു വധിച്ചു. അങ്ങനെ അവര്‍ യഹോയാദാ പുരോഹിതന്റെ മകന്റെ രക്തത്തിനു പ്രതികാരംചെയ്തു. യോവാഷ് മരിച്ചു. അവര്‍ അവനെ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിച്ചുഎന്നാല്‍, രാജാക്കന്മാരുടെ കല്ലറയിലല്ല.
26: അവനെതിരേ ഗൂഢാലോചനനടത്തിയവര്‍ അമ്മോന്യനായ ഷിമയാത്തിന്റെ മകന്‍ സാബാദും മൊവാബ്യയായ ഷിമ്രിത്തിന്റെ മകന്‍ യഹോസാബാദുമാണ്.
27: യോവാഷിന്റെ പുത്രന്മാരുടെ വിവരങ്ങള്‍, അവനെതിരേയുണ്ടായ അനേകം അരുളപ്പാടുകള്‍, ദേവാലയ പുനര്‍നിര്‍മ്മാണം എന്നിവ രാജാക്കന്മാരുടെ പുസ്തകത്തിന്റെ ഭാഷ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ പുത്രന്‍ അമസിയാ രാജാവായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ