നൂറ്റിപ്പത്തൊമ്പതാം ദിവസം: 2 ദിനവൃത്താന്തം 32 - 33


അദ്ധ്യായം 32

സെന്നാക്കെരിബിന്റെ ആക്രമണം
1: ഹെസെക്കിയായുടെ വിശ്വസ്തതാപൂര്‍ണ്ണമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം അസ്സീറിയാരാജാവായ സെന്നാക്കെരിബ്, യൂദായെ ആക്രമിക്കുകയും അതിലെ സുരക്ഷിതനഗരങ്ങള്‍ കീഴടക്കാമെന്ന പ്രതീക്ഷയോടെ അവയ്‌ക്കെതിരേ പാളയമടിക്കുകയുംചെയ്തു.
2: സെന്നാക്കെരിബ് ജറുസലെം ആക്രമിക്കാന്‍ വരുന്നതുകണ്ട്, ഹെസെക്കിയാ തന്റെ സേവകന്മാരോടും വീരപുരുഷന്മാരോടുമാലോചിച്ചു
3:. നഗരത്തില്‍നിന്നു പുറത്തേക്കൊഴുകിയിരുന്ന നീര്‍ച്ചാലുകള്‍ തടയാന്‍ അവര്‍ തീരുമാനിച്ചു. അവരവനെ സഹായിച്ചു.
4: അനേകമാളുകള്‍ ഒരുമിച്ചുകൂടി. സകല നീര്‍ച്ചാലുകളും തടഞ്ഞു. അസ്സീറിയാ രാജാവിനു നാമെന്തിനു വെള്ളംകൊടുക്കണമെന്ന് അവര്‍ ചോദിച്ചു.
5: നിശ്ചയദാര്‍ഢ്യത്തോടെ അവന്‍ പ്രവര്‍ത്തിച്ചു. പൊളിഞ്ഞുകിടന്ന മതിലിന്റെ കേടുപാടുകള്‍ തീര്‍ത്തു. അതിനു മുകളില്‍ ഗോപുരങ്ങള്‍ പണിതുയര്‍ത്തി. ചുറ്റും ഒരു കോട്ടകൂടെ നിര്‍മ്മിച്ചു. ദാവീദിന്റെ നഗരത്തിലെ മില്ലോ ശക്തിപ്പെടുത്തി. ആയുധങ്ങളും പരിചകളും ധാരാളമായുണ്ടാക്കി.
6: അവന്‍ ജനത്തിനു പടത്തലവന്മാരെ നിയമിച്ചു. നഗരകവാടത്തിലുള്ള അങ്കണത്തില്‍ എല്ലാവരെയും വിളിച്ചുകൂട്ടിഅവരെ ഉത്തേജിപ്പിച്ചുകൊണ്ടു പറഞ്ഞു:
7: ശക്തന്മാരും ധീരന്മാരുമായിരിക്കുവിന്‍. അസ്സീറിയാ രാജാവിനെയും അവന്റെ സൈന്യവ്യൂഹത്തെയുംകണ്ടു ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ. അവനോടുകൂടെയുള്ളവനെക്കാള്‍ ശക്തനായ ഒരുവന്‍ നമ്മോടുകൂടെയുണ്ട്.
8: മാംസളമായ ഹസ്തമാണ് അവനോടൊത്തുള്ളത്. നമ്മോടുകൂടെയുള്ളതു നമ്മുടെ ദൈവമായ കര്‍ത്താവും. അവിടുന്നു നമ്മെ സഹായിക്കുകയും നമുക്കുവേണ്ടി പൊരുതുകയും ചെയ്യും. യൂദാരാജാവായ ഹെസെക്കിയായുടെ വാക്കുകള്‍ ജനത്തിനു ധൈര്യംപകര്‍ന്നു.
9: സൈന്യസമേതം ലാഖീഷ് ഉപരോധിച്ചുകൊണ്ടിരുന്ന അസ്സീറിയാരാജാവായ സെന്നാക്കെരിബ് ജറുസലെമിലേക്കു ദൂതന്മാരെ അയച്ച്യൂദാരാജാവായ ഹെസെക്കിയായോടും യൂദാനിവാസികളോടും പറഞ്ഞു:
10: അസ്സീറിയാ രാജാവായ സെന്നാക്കെരിബ് പറയുന്നുഎന്തിലാശ്രയിച്ചുകൊണ്ടാണു ജറുസലെമില്‍ നിങ്ങള്‍ പ്രതിരോധമേര്‍പ്പെടുത്തുന്നത്?
11: നമ്മുടെ ദൈവമായ കര്‍ത്താവ് അസ്സീറിയാരാജാവിന്റെ കൈകളില്‍നിന്നു നമ്മെ രക്ഷിക്കുമെന്നു പറഞ്ഞ്, നിങ്ങളെ വഞ്ചിച്ച്വിശപ്പും ദാഹവുംമൂലം നിങ്ങള്‍ മരിക്കാന്‍ ഹെസെക്കിയാ വഴിയൊരുക്കുകയല്ലേ?
12: ഈ ഹെസെക്കിയാതന്നെയല്ലേഅവിടുത്തെ പൂജാഗിരികളും ബലിപീഠങ്ങളും നശിപ്പിച്ചതും ഒരേയൊരു ബലിപീഠത്തിനുമുമ്പില്‍ ആരാധിക്കുകയും അവിടെമാത്രം ദഹനബലികളര്‍പ്പിക്കുകയുംചെയ്യണമെന്നു യൂദായോടും ജറുസലെമിനോടും ആജ്ഞാപിച്ചതും?
13: ഞാനും എന്റെ പിതാക്കന്മാരും മറ്റു ജനതകളോടുചെയ്തതെന്തെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടെഅവരുടെ ദേവന്മാര്‍ക്കു തങ്ങളുടെ ദേശത്തെ എന്റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞോ?
14: എന്റെ പിതാക്കന്മാര്‍ നിശ്ശേഷം നശിപ്പിച്ച ആ ജനതകളുടെ ദേവന്മാരില്‍ ആര്‍ക്കാണു തന്റെ ജനത്തെ എന്റെ കൈയില്‍നിന്നു രക്ഷിക്കാന്‍ കഴിഞ്ഞത്പിന്നെനിങ്ങളുടെ ദൈവം എന്റെ കൈയില്‍നിന്നു നിങ്ങളെ രക്ഷിക്കുമെന്നോ?
15: അതിനാല്‍, ഹെസെക്കിയാ നിങ്ങളെ ഇപ്രകാരം വഞ്ചിക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യാതിരിക്കട്ടെ. അവനെ വിശ്വസിക്കരുത്. എന്റെയോ എന്റെ പിതാക്കന്മാരുടെയോ കൈകളില്‍നിന്നു തന്റെ ജനത്തെ രക്ഷിക്കാന്‍ ഒരു ജനതയുടെയും രാജ്യത്തിന്റെയും ദേവനു കഴിഞ്ഞിട്ടില്ല. പിന്നെ നിങ്ങളുടെ ദൈവം എന്റെ കൈകളില്‍നിന്ന് നിങ്ങളെ എങ്ങനെ രക്ഷിക്കും?
16: ദൈവമായ കര്‍ത്താവിനും അവിടുത്തെ ദാസനായ ഹെസെക്കിയായ്ക്കുമെതിരേ ആ ദൂതന്മാര്‍ കൂടുതല്‍ നിന്ദനങ്ങള്‍ചൊരിഞ്ഞു. 
17: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ നിന്ദിച്ചുകൊണ്ട് അസ്സീറിയാരാജാവ് ഇപ്രകാരമെഴുതി: ജനതകളുടെ ദേവന്മാര്‍ തങ്ങളുടെ ജനതകളെ എന്റെ കൈയില്‍നിന്നു രക്ഷിക്കാതിരുന്നതുപോലെഹെസെക്കിയായുടെ ദൈവം തന്റെ ജനത്തെ എന്റെ കൈയില്‍നിന്നു രക്ഷിക്കുകയില്ല.
18: കോട്ടയുടെ മുകളില്‍നിന്ന ജറുസലെംനിവാസികളെ സംഭീതരാക്കിനഗരം പിടിച്ചടക്കാന്‍വേണ്ടി യൂദാഭാഷയില്‍ അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.
19: ജറുസലെമിലെ ദൈവത്തെക്കുറിച്ച്ഭൂമിയിലെ ജനതകളുടെ ദേവന്മാരെക്കുറിച്ചെന്നതു പോലെഅവര്‍ സംസാരിച്ചു. അവയാകട്ടെ മനുഷ്യന്റെ കരവേലമാത്രമാണ്.
20: ഹെസെക്കിയാ രാജാവും ആമോസിന്റെ മകനായ ഏശയ്യാപ്രവാചകനും സ്വര്‍ഗ്ഗത്തിലേക്കു സ്വരമുയര്‍ത്തി പ്രാര്‍ത്ഥിച്ചു.
21: കര്‍ത്താവ് ഒരു ദൂതനെയയച്ചുഅവന്‍ അസ്സീറിയാരാജാവിന്റെ പാളയത്തിലെ വീരയോദ്ധാക്കളെയും സേനാധിപന്മാരെയും സേവകന്മാരെയും വെട്ടിവീഴ്ത്തി. സെന്നാക്കെരിബ് ലജ്ജിച്ചു മുഖംതാഴ്ത്തി സ്വദേശത്തേക്കു മടങ്ങി. അവന്‍ തന്റെ ദേവന്റെ ആലയത്തില്‍ പ്രവേശിച്ചപ്പോള്‍ സ്വപുത്രന്മാരില്‍ ചിലര്‍ അവനെ വാളിനിരയാക്കി.
22: അങ്ങനെ കര്‍ത്താവ് അസ്സീറിയാരാജാവായ സെന്നാക്കെരിബിന്റെയും മറ്റുശത്രുക്കളുടെയും കൈകളില്‍നിന്നു ഹെസെക്കിയായെയും ജറുസലെംനിവാസികളെയും രക്ഷിച്ചു. അവരുടെ അതിര്‍ത്തികളില്‍ സ്വസ്ഥത നല്കി.
23: വളരെപ്പേര്‍ ജറുസലെമില്‍ കര്‍ത്താവിനു കാഴ്ചകള്‍ കൊണ്ടുവന്നു. യൂദാരാജാവായ ഹെസെക്കിയായ്ക്കു വിലപിടിപ്പുള്ള സമ്മാനങ്ങളും നല്കി. അന്നുമുതല്‍ ജനതകളുടെമുമ്പില്‍ അവന്‍ ബഹുമാനിതനായി.
24: ഹെസെക്കിയാ രോഗം പിടിപ്പെട്ട് മരണത്തോടടുത്തു. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. അവിടുന്ന്, അവനുത്തരമരുളിഒരടയാളവും കൊടുത്തു.
25: എന്നാല്‍, അവന്‍ തനിക്കുലഭിച്ച നന്മകള്‍ക്കു നന്ദി പ്രകടിപ്പിച്ചില്ല. അവനഹങ്കരിച്ചു. അതിനാല്‍ അവന്റെയും യൂദായുടെയും ജറുസലെമിന്റെയുംമേല്‍ ക്രോധം ജ്വലിച്ചു.
26: എന്നാല്‍ തന്റെ അഹങ്കാരത്തെക്കുറിച്ച് അവനും അവനോടൊത്തു ജറുസലെംനിവാസികളും അനുതപിച്ചതിനാല്‍ കര്‍ത്താവിന്റെ ക്രോധം ഹെസെക്കിയായുടെകാലത്ത്, അവരുടെമേല്‍ പതിച്ചില്ല.
27: ഹെസെക്കിയാ വളരെ സമ്പന്നനും വലിയ കീര്‍ത്തിമാനുമായിരുന്നു. വെള്ളിസ്വര്‍ണ്ണംരത്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, പരിചകള്‍, വിലപിടിപ്പുള്ള വിവിധതരം പാത്രങ്ങള്‍ എന്നിവ സൂക്ഷിക്കാന്‍ അവന്‍ ഭണ്ഡാരങ്ങള്‍ നിര്‍മ്മിച്ചു.
28: ധാന്യംവീഞ്ഞ്എണ്ണ എന്നിവയ്ക്കായി സംഭരണശാലകളുംആടുമാടുകള്‍ക്ക് ആലകളും പണിതു.
29: അവന്‍ തനിക്കുവേണ്ടി നഗരങ്ങള്‍ പണിയുകയും ആടുമാടുകളെ സമ്പാദിക്കുകയുംചെയ്തു. ദൈവവന് വളരെയധികം സമ്പത്തു നല്കിയിരുന്നു.
30: ഗീഹോന്‍അരുവിയുടെ മുകളിലെ കൈവഴി തടഞ്ഞ്, ജലം ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തേക്കു തിരിച്ചുവിട്ടത് ഈ ഹെസെക്കിയായാണ്. തന്റെ എല്ലാ ഉദ്യമങ്ങളിലും അവനു വിജയമുണ്ടായി.
31: ദേശത്തു സംഭവിച്ച അടയാളത്തെപ്പറ്റി അന്വേഷിക്കുന്നതിനു ബാബിലോണ്‍ പ്രഭുക്കന്മാരയച്ച ദൂതന്മാരുടെ കാര്യത്തില്‍ സ്വന്തം ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ദൈവം അവനെയനുവദിച്ചു. അത്, അവനെ പരീക്ഷിക്കുന്നതിനും അവന്റെ ഉള്ളറിയുന്നതിനുംവേണ്ടിയായിരുന്നു.
32: ഹെസെക്കിയായുടെ ഇതര പ്രവര്‍ത്തനങ്ങളും അവന്‍ചെയ്ത നല്ലകാര്യങ്ങളും ആമോസിന്റെ പുത്രനായ ഏശയ്യാപ്രവാചകന്റെ ദര്‍ശനത്തിലും യൂദായുടെയും ഇസ്രായേലിന്റെയും രാജാക്കന്മാരുടെ പുസ്തകത്തിലും രേഖപ്പെടുത്തിയിരിക്കുന്നു.
33: ഹെസെക്കിയാ പിതാക്കന്മാരോടു ചേര്‍ന്നുഅവനെ ദാവീദിന്റെ പുത്രന്മാരുടെ ശവകുടീരങ്ങളുടെ മേല്‍നിരയില്‍ സംസ്‌കരിച്ചു. യൂദായിലും ജറുസലെമിലുള്ളവര്‍ എല്ലാവരും അവന് അന്ത്യോപചാരങ്ങളര്‍പ്പിച്ചു. പുത്രന്‍ മനാസ്സെ ഭരണമേറ്റു.

അദ്ധ്യായം 33

മനാസ്സെ
1: മനാസ്സെ പന്ത്രണ്ടാംവയസ്സില്‍ രാജാവായി. അവന്‍ ജറുസലെമില്‍ അമ്പത്തിയഞ്ചുവര്‍ഷം ഭരിച്ചു.
2: ഇസ്രായേല്‍ ജനത്തിന്റെ മുമ്പില്‍നിന്നു കര്‍ത്താവു തുരത്തിയ ജനതകളുടെ മ്ലേച്ഛാചാരങ്ങളനുകരിച്ച്, അവന്‍ അവിടുത്തെ സന്നിധിയില്‍ തിന്മപ്രവര്‍ത്തിച്ചു.
3: തന്റെ പിതാവായ ഹെസെക്കിയാ നശിപ്പിച്ച പൂജാഗിരികള്‍ അവന്‍ പുതുക്കിപ്പണിതു. ബാലിനു ബലിപീഠങ്ങള്‍ നിര്‍മ്മിച്ചു. അഷേരാപ്രതിഷ്ഠകള്‍ സ്ഥാപിച്ചുആകാശഗോളങ്ങളെ സേവിക്കുകയും ആരാധിക്കുകയുംചെയ്തു.
4: ജറുസലെമില്‍ എന്റെ നാമം എന്നേയ്ക്കും വസിക്കുമെന്ന് ഏതാലയത്തെക്കുറിച്ചു കര്‍ത്താവരുളിച്ചെയ്തിരുന്നുവോ, ആ ആലയത്തില്‍ അവന്‍ ബലിപീഠങ്ങള്‍ നിര്‍മ്മിച്ചു.
5: ദേവാലയത്തിന്റെ രണ്ടങ്കണങ്ങളിലും അവന്‍ ആകാശഗോളങ്ങള്‍ക്കു ബലിപീഠങ്ങള്‍ പണിതു.
6: സ്വന്തം പുത്രന്മാരെ അവന്‍ ബന്‍ഹിന്നോംതാഴ്‌വരയില്‍ ഹോമിച്ചു. ജ്യോത്സ്യംആഭിചാരംശകുനം എന്നിവ സ്വീകരിക്കുകയും പ്രേതാവിഷ്ടരുടെയും മന്ത്രവാദികളുടെയുമുപദേശമാരായുകയുംചെയ്തു. കര്‍ത്താവിന്റെമുമ്പില്‍ തിന്മപ്രവര്‍ത്തിച്ച്, അവിടുത്തെ പ്രകോപിപ്പിച്ചു.
7: താനുണ്ടാക്കിയ വിഗ്രഹം അവന്‍ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. ഈ ആലയത്തെക്കുറിച്ചാണു ദാവീദിനോടും പുത്രനായ സോളമനോടും ദൈവം ഇപ്രകാരമരുളിച്ചെയ്തത്: ഈ ആലയത്തിലും ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നു ഞാന്‍ തിരഞ്ഞെടുത്ത ജറുസലെമിലും എന്റെ നാമം ഞാന്‍ എന്നേയ്ക്കും പ്രതിഷ്ഠിക്കും.
8: മോശവഴി, ഞാന്‍ നല്കിയ നിയമവും കല്പനകളും ചട്ടങ്ങളും ശ്രദ്ധാപൂര്‍വ്വംപാലിച്ചാല്‍, നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍നല്കിയ ദേശത്തുനിന്ന്, ഇസ്രായേലിന്റെ പാദം ഞാന്‍ ഒരിക്കലുമിളക്കുകയില്ല.
9: ഇസ്രായേല്‍ജനത്തിന്റെമുമ്പില്‍ കര്‍ത്താവു നശിപ്പിച്ച ജനതകള്‍ചെയ്തതിനേക്കാള്‍ വലിയ തിന്മചെയ്യാന്‍ യൂദായെയും ജറുസലെംനിവാസികളെയും മനാസ്സെ പ്രേരിപ്പിച്ചു.
10: കര്‍ത്താവു മനാസ്സെയോടും ജനത്തോടും സംസാരിച്ചു. പക്ഷേഅവര്‍ വകവച്ചില്ല.
11: അതിനാല്‍, കര്‍ത്താവ്, അസ്സീറിയാ രാജാവിന്റെ സേനാധിപന്മാരെ അവര്‍ക്കെതിരേ അയച്ചു. അവര്‍ മനാസ്സെയെ കൊളുത്തിട്ടുപിടിച്ച്, ഓട്ടുചങ്ങലകളാല്‍ ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
12: കഷ്ടതയിലായപ്പോള്‍ അവന്‍ തന്റെ ദൈവമായ കര്‍ത്താവിനോടു കരുണയ്ക്കുവേണ്ടി യാചിക്കുകയും തന്റെ പിതാക്കന്മാരുടെമുമ്പില്‍ തന്നെത്തന്നെ അത്യധികമെളിമപ്പെടുത്തുകയുംചെയ്തു.
13: അവന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു. അവിടുന്നു പ്രാര്‍ത്ഥനകേട്ട്, മനാസ്സെയെ അവന്റെ രാജ്യത്തേക്ക്ജറുസലെമിലേക്കു തിരിയെകൊണ്ടുവന്നു. കര്‍ത്താവാണു ദൈവമെന്ന് അപ്പോളവന്‍ മനസ്സിലാക്കി.
14: അതിനുശേഷം അവന്‍ ദാവീദിന്റെ നഗരത്തിന്, ഒരുപുറംമതില്‍ പണിതു. അതു ഗീബോണിനു പടിഞ്ഞാറുള്ള താഴ്‌വരയില്‍ത്തുടങ്ങി, ഓഫേല്‍ചുറ്റി മത്സ്യകവാടംവരെയെത്തി. അതു വളരെ ഉയരത്തിലാണു കെട്ടിയത്. യൂദായിലെ എല്ലാ സുരക്ഷിതനഗരങ്ങളിലും അവന്‍ സേനാധിപന്മാരെ നിയമിച്ചു.
15: കര്‍ത്താവിന്റെ ആലയത്തില്‍നിന്ന്, അന്യദേവന്മാരെയും വിഗ്രഹത്തെയും അവന്‍ നീക്കംചെയ്തു. ദേവാലയഗിരിയിലും ജറുസലെമിലും താന്‍ നിര്‍മ്മിച്ചിരുന്ന ബലിപീഠങ്ങള്‍ തകര്‍ത്തു നഗരത്തിനു വെളിയിലെറിഞ്ഞു.
16: അവന്‍ കര്‍ത്താവിന്റെ ബലിപീഠം വീണ്ടും പ്രതിഷ്ഠിക്കുകയും അതില്‍ സമാധാനബലികളും കൃതജ്ഞതാബലികളുമര്‍പ്പിക്കുകയുംചെയ്തു. കര്‍ത്താവിനെ സേവിക്കാന്‍ യൂദായോടു കല്പിച്ചു.
17: എങ്കിലും ജനം പൂജാഗിരികളില്‍ ബലിയര്‍പ്പണംതുടര്‍ന്നുഎന്നാല്‍, അതു തങ്ങളുടെ ദൈവമായ കര്‍ത്താവിനായിരുന്നു.
18: മനാസ്സെയുടെ ഇതരപ്രവര്‍ത്തനങ്ങളും അവന്‍ ദൈവത്തോടുചെയ്ത പ്രാര്‍ത്ഥനയും ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ അവനോടു സംസാരിച്ച ദീര്‍ഘദര്‍ശികളുടെ വാക്കുകളും ഇസ്രായേല്‍രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.
19: അവന്റെ പ്രാര്‍ത്ഥനയും ദൈവം അതുകേട്ടവിധവും തന്നെത്തന്നെ എളിമപ്പെടുത്തുന്നതിനുമുമ്പ് അവന്‍ചെയ്ത പാപവും കാണിച്ച അവിശ്വസ്തതയും അവന്‍ പൂജാഗിരികള്‍ നിര്‍മ്മിക്കുകയും അഷേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും സ്ഥാപിക്കുകയുംചെയ്ത സ്ഥലങ്ങളും ദീര്‍ഘദര്‍ശികളുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
20: മനാസ്സെ പിതാക്കന്മാരോടു ചേര്‍ന്നുസ്വഭവനത്തില്‍ സംസ്‌കരിക്കപ്പെട്ടു. പുത്രന്‍ ആമോന്‍ സിംഹാസനാരോഹണംചെയ്തു.

ആമോന്‍
21: ഭരണമാരംഭിച്ചപ്പോള്‍ ആമോന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അവന്‍ രണ്ടുവര്‍ഷം ജറുസലെമില്‍ വാണു.
22: പിതാവായ മനാസ്സെയെപ്പോലെ അവനും കര്‍ത്താവിന്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. തന്റെ പിതാവു നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് അവന്‍ ബലിയര്‍പ്പിക്കുകയും അവയെ സേവിക്കുകയുംചെയ്തു.
23: എന്നാല്‍, പിതാവിനെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ തന്നെത്തന്നെ എളിമപ്പെടുത്തിയില്ല. പ്രത്യുതപൂര്‍വ്വാധികം തിന്മയില്‍ മുഴുകി.
24: സേവകന്മാര്‍ അവനെതിരേ ഗൂഢാലോചന നടത്തിസ്വഭവനത്തില്‍വച്ച് അവനെ വധിച്ചു.
25: ആമോന്‍രാജാവിനെതിരേ ഗൂഢാലോചനനടത്തിയവരെയെല്ലാം ദേശവാസികള്‍ കൊന്നുകളഞ്ഞു. അവന്റെ മകന്‍ ജോസിയായെ അവര്‍ രാജാവാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ