നൂറാം ദിവസം: 2 രാജാക്കന്മാര്‍ 16 - 18


അദ്ധ്യായം 16

ആഹാസ് യൂദാരാജാവ്

1: റമാലിയായുടെ പുത്രനായ പെക്കാഹിൻ്റെ പതിനേഴാം ഭരണവര്‍ഷം യൂദാരാജാവായ യോഥാമിൻ്റെ പുത്രന്‍ ആഹാസ് ഭരണംതുടങ്ങി. 
2: അപ്പോള്‍, അവന് ഇരുപതുവയസ്സായിരുന്നു. അവന്‍ പതിനാറുവര്‍ഷം ജറുസലെമില്‍ ഭരിച്ചു. പിതാവായ ദാവീദിനെപ്പോലെയല്ല അവന്‍ ജീവിച്ചത്. അവന്‍ തൻ്റെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍ നീതി പ്രവര്‍ത്തിച്ചില്ല. 
3: ഇസ്രായേല്‍രാജാക്കന്മാരുടെ പാതയില്‍ അവന്‍ ചരിച്ചു. കര്‍ത്താവ് ഇസ്രായേല്‍ജനത്തിൻ്റെ മുമ്പില്‍നിന്നുച്ചാടനംചെയ്തജനതകളുടെ മ്ലേച്ഛമായ ആചാരമനുസരിച്ച്, അവന്‍ സ്വന്തം പുത്രനെ ബലിയര്‍പ്പിക്കുകപോലുംചെയ്തു. 
4: അവന്‍ പൂജാഗിരികളിലും കുന്നുകളിലും മരച്ചുവട്ടിലും ബലികളും ധൂപവുമര്‍പ്പിച്ചു. 
5: സിറിയാരാജാവായ റസീനും, ഇസ്രായേല്‍രാജാവും റമാലിയായുടെ പുത്രനുമായ പെക്കാഹും ജറുസലെമിനെതിരേവന്ന് ആഹാസിനെയാക്രമിച്ചു; എങ്കിലും തോല്പിക്കാന്‍കഴിഞ്ഞില്ല. 
6: അക്കാലത്ത്, ഏദോംരാജാവ് ഏലാത്തു വീണ്ടെടുത്ത് ഏദോമിനോടു ചേര്‍ക്കുകയും ഏലാത്തില്‍നിന്നു യൂദാജനത്തെ ഓടിച്ചുകളയുകയുംചെയ്തു. ഏദോമ്യര്‍ ഏലാത്തില്‍വന്നു. അവര്‍ ഇന്നോളം അവിടെ താമസിക്കുന്നു. 
7: ആഹാസ് ദൂതന്മാരെയയച്ച് അസ്സീറിയാരാജാവായ തിഗ്ലാത്പിലേസറിനെ അറിയിച്ചു: ഞാന്‍, അങ്ങയുടെ ദാസനും പുത്രനുമാണ്. എന്നെയാക്രമിക്കുന്ന സിറിയാരാജാവിൻ്റെയും ഇസ്രായേല്‍രാജാവിൻ്റെയും കൈകളില്‍നിന്ന് അങ്ങെന്നെ രക്ഷിക്കണം.
8: ആഹാസ് ദേവാലയത്തിലെ സ്വര്‍ണ്ണവും വെള്ളിയും കൊട്ടാരത്തിലെ നിധികളും അസ്സീറിയാരാജാവിനു സമ്മാനമായി അയച്ചു. 
9: അസ്സീറിയാരാജാവ് അപേക്ഷ സ്വീകരിച്ചു. അവന്‍ ചെന്നു ദമാസ്‌ക്കസ് കീഴടക്കി, നിവാസികളെ ബന്ധിച്ചു കീറിലേക്കു കൊണ്ടുപോയി. റസീനെ കൊല്ലുകയുംചെയ്തു. 
10: ആഹാസ്‌രാജാവ് അസ്സീറിയാരാജാവായ തിഗ്ലാത്പിലേസറിനെ സന്ദര്‍ശിക്കാന്‍ ദമാസ്‌ക്കസില്‍ ചെന്നപ്പോള്‍ അവിടത്തെ ബലിപീഠം കണ്ടു. ആഹാസ്‌രാജാവ് പുരോഹിതന്‍ ഊറിയായ്ക്കു ബലിപീഠത്തിൻ്റെ  വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാതൃകയും അളവുകളും കൊടുത്തയച്ചു. 
11: ആഹാസ്‌ രാജാവ് ദമാസ്‌ക്കസില്‍നിന്നു തിരിച്ചെത്തുന്നതിനുമുമ്പ് അവന്‍ കൊടുത്തയച്ച മാതൃകയില്‍ പുരോഹിതന്‍ ഊറിയാ ബലിപീഠം നിര്‍മ്മിച്ചു. 
12: ദമാസ്‌ക്കസില്‍നിന്നു വന്നപ്പോള്‍ രാജാവു ബലിപീഠം നോക്കിക്കണ്ടു. 
13: അവന്‍ അതിന്മേല്‍ ദഹനബലിയും ധാന്യബലിയും പാനീയബലിയും സമാധാനബലിയുടെ രക്തവുമര്‍പ്പിച്ചു. 
14: അവന്‍ കര്‍ത്താവിൻ്റെ മുമ്പിലുണ്ടായിരുന്ന ഓടുകൊണ്ടുള്ള ബലിപീഠം ദേവാലയത്തിൻ്റെയും ബലിപീഠത്തിൻ്റെ യും മദ്ധ്യേനിന്നു മാറ്റി ബലിപീഠത്തിനു വടക്കുവശത്തു സ്ഥാപിച്ചു. 
15: ആഹാസ്‌രാജാവ് പുരോഹിതന്‍ ഊറിയായോടു കല്പിച്ചു: മഹാബലിപീഠത്തില്‍ പ്രഭാതദഹനബലിയും, സായാഹ്നധാന്യബലിയും, രാജാവിൻ്റെ ദഹനബലിയും ധാന്യബലിയും, ജനത്തിൻ്റെ ദഹനബലിയോടും ധാന്യബലിയോടും പാനീയബലിയോടുംചേര്‍ത്ത്, അര്‍പ്പിക്കണം. ദഹനബലിയുടെയും മറ്റുബലികളുടെയും രക്തം അതിന്മേല്‍ തളിക്കണം. ഓട്ടു ബലിപീഠം എനിക്ക് ഉപദേശമാരായാനാണ്. 
16: ആഹാസ് കല്പിച്ചതുപോലെ അവന്‍ പ്രവര്‍ത്തിച്ചു. 
17: രാജാവ് പീഠങ്ങളുടെ ചട്ടം മുറിച്ചുമാറ്റുകയും ക്ഷാളനപാത്രം നീക്കംചെയ്യുകയും ഓട്ടുകാളകള്‍ താങ്ങുന്ന ജലസംഭരണി അവിടെനിന്നെടുത്ത്, കല്ലില്‍തീര്‍ത്ത പീഠത്തിന്മേല്‍ സ്ഥാപിക്കുകയുംചെയ്തു. 
18: സാബത്തിലുപയോഗിക്കാന്‍ കൊട്ടാരത്തില്‍ നിര്‍മ്മിച്ചിരുന്ന മേല്പുരയുള്ള വഴിയും രാജാവിനു ദേവാലയത്തിലേക്കു വരാനുള്ള ബാഹ്യകവാടവും അസ്സീറിയാരാജാവിനെ പ്രീതിപ്പെടുത്താന്‍വേണ്ടി അവന്‍ നീക്കംചെയ്തു. 
19: ആഹാബിൻ്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 
20: ആഹാസ് പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിൻ്റെ നഗരത്തില്‍ അവരോടൊപ്പം സംസ്‌കരിക്കപ്പെട്ടു. പുത്രന്‍ ഹെസക്കിയാ രാജാവായി.

അദ്ധ്യായം 17

ഹോസിയാ ഇസ്രായേല്‍രാജാവ്

1: യൂദാരാജാവായ ആഹാസിൻ്റെ പന്ത്രണ്ടാം ഭരണവര്‍ഷം ഏലായുടെ പുത്രനായ ഹോസിയാ. സമരിയായില്‍ ഇസ്രായേലിൻ്റെ രാജാവായി. 
2: അവന്‍ ഒമ്പതു വര്‍ഷം ഭരിച്ചു. അവന്‍ കർത്താവിൻ്റെമുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു; എങ്കിലും തൻ്റെ മുന്‍ഗാമികളായ ഇസ്രായേല്‍രാജാക്കന്മാരെപ്പോലെയായിരുന്നില്ല. 
3: അസ്സീറിയാരാജാവായ ഷല്‍മനേസര്‍ അവനെതിരേ വന്നു. ഹോസിയാ അവൻ്റെ സാമന്തനായി കപ്പം കൊടുത്തു. 
4: പിന്നീടവന്‍ ഈജിപ്തുരാജാവായ സോയുടെയടുക്കല്‍ ദൂതന്മാരെ അയയ്ക്കുകയും അസ്സീറിയാ രാജാവിനു പ്രതിവര്‍ഷം കൊടുത്തുവന്ന കപ്പം നിര്‍ത്തലാക്കുകയുംചെയ്തു. അവൻ്റെ കുടിലത മനസ്സിലാക്കിയ അസ്സീറിയാ രാജാവ്, അവനെ ബന്ധിച്ചു കാരാഗൃഹത്തിലടച്ചു. 

സമരിയായുടെ പതനം

5: അസ്സീറിയാരാജാവു രാജ്യമാക്രമിക്കുകയും സമരിയായില്‍വന്നു മൂന്നുകൊല്ലത്തേക്ക് ഉപരോധമേര്‍പ്പെടുത്തുകയുംചെയ്തു. 
6: ഹോസിയായുടെ ഒമ്പതാം ഭരണവര്‍ഷം അസ്സീറിയാരാജാവ് സമരിയാ അധീനമാക്കി, ഇസ്രായേല്യരെ അസ്സീറിയായിലേക്കു കൊണ്ടുപോയി ഹാലായിലും ഗോസാനിലെ ഹാബോര്‍നദീതീരത്തും മെദിയാനഗരങ്ങളിലും പാര്‍പ്പിച്ചു. 
7: ഇങ്ങനെ സംഭവിച്ചതിനു കാരണമിതാണ്. തങ്ങളെ ഈജിപ്തില്‍നിന്ന്, ഫറവോരാജാവിൻ്റെ അടിമത്തത്തില്‍നിന്ന്, മോചിപ്പിച്ച തങ്ങളുടെ ദൈവമായ കര്‍ത്താവിനെതിരേ ഇസ്രായേല്‍ജനം പാപംചെയ്തു; 
8: അവര്‍ അന്യദേവന്മാരോടു ഭക്ത്യാദരങ്ങള്‍ കാണിക്കുകയും, കര്‍ത്താവ് ഇസ്രായേല്‍ജനത്തിൻ്റെ മുമ്പില്‍നിന്നുച്ചാടനംചെയ്ത ജനതകളുടെ ആചാരങ്ങളിലും ഇസ്രായേല്‍രാജാക്കന്മാര്‍ ആവിഷ്‌കരിച്ച അനുഷ്ഠാനങ്ങളിലും വ്യാപരിക്കുകയും ചെയ്തു. 
9: ദൈവമായ കര്‍ത്താവിന് അഹിതമായകാര്യങ്ങള്‍ ഇസ്രായേല്‍ജനം രഹസ്യമായിചെയ്തു. കാവല്‍ഗോപുരംമുതല്‍ സുരക്ഷിതനഗരംവരെ എല്ലായിടത്തും അവര്‍ പൂജാഗിരികള്‍ നിര്‍മ്മിച്ചു. 
10: അവര്‍ എല്ലാ കുന്നുകളിലും വൃക്ഷച്ചുവട്ടിലും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും സ്ഥാപിച്ചു. 
11: കര്‍ത്താവ് അവരുടെ മുമ്പില്‍നിന്ന് ഓടിച്ചുകളഞ്ഞ ജനതകള്‍ ചെയ്തതുപോലെ അവര്‍ പൂജാഗിരികളില്‍ ധൂപാര്‍ച്ചനനടത്തി. അവര്‍ ദുഷ്പ്രവൃത്തികള്‍ചെയ്തു കര്‍ത്താവിനെ പ്രകോപിപ്പിച്ചു. 
12: കര്‍ത്താവ് വിലക്കിയിരുന്ന വിഗ്രഹാരാധന അവരനുഷ്ഠിച്ചു. 
13: കര്‍ത്താവ് പ്രവാചകന്മാരെയും ദീര്‍ഘദര്‍ശികളെയുമയച്ച്, ഇസ്രായേലിനും യൂദായ്ക്കും ഇപ്രകാരം മുന്നറിയിപ്പു നല്കിയിരുന്നു: നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ കല്പിക്കുകയും, എൻ്റെ ദാസന്മാരായ പ്രവാചകരിലൂടെയറിയിക്കുകയുംചെയ്ത നിയമങ്ങളനുസരിച്ച് ദുര്‍മ്മാര്‍ഗങ്ങളില്‍നിന്നു പിന്മാറുകയും എൻ്റെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുവിന്‍. 
14: അവരതു വകവച്ചില്ല. ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കാതിരുന്ന തങ്ങളുടെ പിതാക്കന്മാരെപ്പോലെ, അവര്‍ ദുശ്ശാഠ്യക്കാരായിരുന്നു. 
15: തങ്ങളുടെ പിതാക്കന്മാര്‍ക്ക് അവിടുന്നു നല്കിയ കല്പനകളും ഉടമ്പടിയും തങ്ങള്‍ക്കു ലഭിച്ച മുന്നറിയിപ്പുകളും അവരവഗണിച്ചു. അവര്‍ വ്യാജവിഗ്രഹങ്ങളുടെ പിന്നാലെപോയി അവിശ്വസ്തരാവുകയും ചുറ്റുമുള്ള ജനതകളെ അനുകരിക്കുകയുംചെയ്തു. ഈ ജനതകളെപ്പോലെ പ്രവര്‍ത്തിക്കരുതെന്നു കര്‍ത്താവു കല്പിച്ചിരുന്നു. 
16: അവര്‍ ദൈവമായ കര്‍ത്താവിൻ്റെ എല്ലാ കല്പനകളും പരിത്യജിച്ചു തങ്ങള്‍ക്കായി കാളക്കുട്ടികളുടെ രണ്ടു വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കി; അഷേരാപ്രതിഷ്ഠസ്ഥാപിക്കുകയും ആകാശഗോളങ്ങളെ ആരാധിക്കുകയും ബാല്‍ദേവനെ സേവിക്കുകയുംചെയ്തു. 
17: അവര്‍ പുത്രീപുത്രന്മാരെ ദഹനബലിയായി അര്‍പ്പിക്കുകയും ശകുനംനോക്കുകയും മന്ത്രവാദംനടത്തുകയും, കര്‍ത്താവു കാണ്‍കെ തിന്മയ്ക്കു തങ്ങളെത്തന്നെ വില്‍ക്കുകയുംചെയ്ത്, അവിടുത്തെ പ്രകോപിപ്പിച്ചു. 
18: അതിനാല്‍, കര്‍ത്താവ് ഇസ്രായേലിൻ്റെനേരേ ക്രുദ്ധനായി. അവരെ, തൻ്റെ കണ്മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു. യൂദാഗോത്രമല്ലാതെ ഒന്നുമവശേഷിച്ചില്ല. 
19: യൂദായും ദൈവമായ കര്‍ത്താവിൻ്റെ കല്പനകളനുസരിക്കാതെ ഇസ്രായേലിൻ്റെ ആചാരങ്ങളില്‍ മുഴുകി. 
20: കര്‍ത്താവ് ഇസ്രായേലിൻ്റെ സന്തതികളെ ഉപേക്ഷിക്കുകയും ശിക്ഷിക്കുകയും കൊള്ളക്കാരുടെ കൈയിലേല്പിക്കുകയും തൻ്റെ മുമ്പില്‍നിന്നു നിഷ്‌കാസനംചെയ്യുകയും ചെയ്തു. 
21: കര്‍ത്താവ് ഇസ്രായേലിനെ ദാവീദിൻ്റെ ഭവനത്തില്‍നിന്നു വിച്ഛേദിച്ചപ്പോള്‍ അവര്‍ നെബാത്തിൻ്റെ പുത്രനായ ജറോബോവാമിനെ രാജാവാക്കി. അവന്‍ ഇസ്രായേലിനെ കര്‍ത്താവിൻ്റെ മാർഗ്ഗത്തില്‍നിന്നു പിന്തിരിപ്പിച്ച്, വലിയ പാപങ്ങളിലേക്കു നയിച്ചു. 
22: ജറോബോവാംചെയ്ത എല്ലാ പാപങ്ങളും ഇസ്രായേല്‍ജനം ചെയ്തു. 
23: കര്‍ത്താവു തൻ്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ, ഇസ്രായേലിനെ തൻ്റെ മുമ്പില്‍നിന്ന് നിഷ്‌കാസനംചെയ്യുന്നതുവരെ, അവരവയില്‍നിന്നു പിന്തിരിഞ്ഞില്ല. ഇസ്രായേല്‍ ഇന്നും അസ്സീറിയായില്‍ പ്രവാസികളായിക്കഴിയുന്നു. 

സമരിയാക്കാരുടെ ഉദ്ഭവം

24: അസ്സീറിയാരാജാവ് ബാബിലോണ്‍, കുത്താ, അവ്വാ, ഹമാത്, സെഫാര്‍വ്വയിം എന്നിവിടങ്ങളില്‍നിന്ന് ആളുകളെക്കൊണ്ടുവന്ന്, ഇസ്രായേല്‍ജനത്തിനുപകരം സമരിയാനഗരങ്ങളില്‍ പാര്‍പ്പിച്ചു. അവര്‍ സമരിയാ സ്വന്തമാക്കി, അതിൻ്റെ നഗരങ്ങളില്‍ വസിച്ചു. 
25: അവിടെ വാസംതുടങ്ങിയ കാലത്ത്, അവര്‍ കര്‍ത്താവിനോടു ഭക്ത്യാദരങ്ങള്‍ കാണിച്ചില്ല. അതിനാല്‍, അവിടുന്ന് അവരുടെയിടയിലേക്കു സിംഹങ്ങളെയയച്ചു. അവ, അവരില്‍ കുറെപ്പേരെക്കൊന്നു. 
26: സമരിയാനഗരങ്ങളില്‍ക്കൊണ്ടുവന്നു പാര്‍പ്പിച്ച ജനതകള്‍ക്ക്, നാട്ടിലെ ദൈവത്തിൻ്റെ നിയമം അറിവില്ലാത്തതിനാല്‍ അവിടുന്ന്, അവരുടെ ഇടയിലേക്ക് സിംഹങ്ങളെ അയയ്ക്കുകയും അവ, അവരെക്കൊല്ലുകയും ചെയ്യുന്നുവെന്ന് അസ്സീറിയാരാജാവറിഞ്ഞു. 
27: അവന്‍ കല്പിച്ചു: അവിടെനിന്നു കൊണ്ടുവന്ന ഒരു പുരോഹിതനെ അങ്ങോട്ടയ്ക്കുക. അവന്‍ അവിടെത്താമസിച്ച്, ദേശത്തെ ദൈവത്തിൻ്റെ നിയമം അവരെ പഠിപ്പിക്കട്ടെ. 
28: സമരിയായില്‍നിന്നു കൊണ്ടുവന്ന പുരോഹിതന്മാരിലൊരുവന്‍ ബഥേലില്‍ ചെന്നുതാമസിച്ച്, കര്‍ത്താവിനോടു ഭക്ത്യാദരങ്ങള്‍ കാണിക്കേണ്ടതെങ്ങനെയെന്ന് അവരെ പഠിപ്പിച്ചു. 
29: ഓരോ ജനതയും തങ്ങള്‍ താമസിച്ചിരുന്ന നഗരങ്ങളിലെല്ലാം തങ്ങളുടെ ദേവന്മാരെയുണ്ടാക്കി, സമരിയാക്കാര്‍ നിര്‍മ്മിച്ച പൂജാഗിരികളില്‍ പ്രതിഷ്ഠിച്ചു. 
30: ബാബിലോണ്‍കാര്‍, സുക്കോത്ത്‌ബെനോത്തിനെയും കുത്‌ദേശക്കാര്‍ നെര്‍ഗാലിനെയും ഹമാത്യര്‍ അഷിമയെയും അവ്വാക്കാര്‍ നിബ്ബാസ്, താര്‍താക് എന്നിവയേയുമുണ്ടാക്കി. 
31: സെഫാര്‍വ്വയിംകാര്‍ തങ്ങളുടെ ദേവന്മാരായ അദ്രാമെലെക്കിനും അനാമ്മെലെക്കിനും സ്വന്തംമക്കളെ ആഹുതിചെയ്തു. 
32: അവര്‍ കര്‍ത്താവിനോടും ഭക്തികാണിച്ചു. തങ്ങളില്‍നിന്ന് എല്ലാത്തരത്തിലുംപെട്ടവരെ പൂജാഗിരികളില്‍ പുരോഹിതന്മാരായി നിയമിച്ചു. ഇവര്‍ പൂജാഗിരികളില്‍ ബലിയര്‍പ്പിച്ചു. 
33: അങ്ങനെ, അവര്‍ കര്‍ത്താവിനെയാദരിച്ചു. എങ്കിലും, തങ്ങള്‍ വിട്ടുപോന്ന ദേശങ്ങളിലെ ജനതകളുടെ ആചാരമനുസരിച്ച്, സ്വന്തം ദേവന്മാരെയും സേവിച്ചു. 
34: ഇന്നുമവര്‍ അങ്ങനെ തുടരുന്നു. അവര്‍ കര്‍ത്താവിനെ ഭയപ്പെടുന്നില്ല; ഇസ്രായേലെന്ന് അവിടുന്നുവിളിച്ച യാക്കോബിൻ്റെ സന്തതികള്‍ക്ക് അവിടുന്നുനല്കിയ കല്പനയോ നിയമമോ പ്രമാണങ്ങളോ ചട്ടങ്ങളോ അനുസരിക്കുന്നുമില്ല. 
35: കര്‍ത്താവ് അവരുമായി ഉടമ്പടിയുണ്ടാക്കി ഇപ്രകാരം കല്പിച്ചു: നിങ്ങള്‍ അന്യദേവന്മാരെ ആദരിക്കുകയോ അവരെ നമിക്കുകയോ സേവിക്കുകയോ അവയ്ക്കു ബലിയര്‍പ്പിക്കുകയോ ചെയ്യരുത്. 
36: ഈജിപ്തില്‍നിന്നു തൻ്റെ കരുത്തുറ്റ കരംനീട്ടി നിങ്ങളെ മോചിപ്പിച്ച കര്‍ത്താവിനെ, നിങ്ങളാദരിക്കണം. അവിടുത്തെനമിക്കുകയും അവിടുത്തേക്കു ബലിയര്‍പ്പിക്കുകയുംവേണം. 
37: അവിടുന്ന് എഴുതിത്തന്ന കല്പനകളും നിയമങ്ങളും പ്രമാണങ്ങളും ചട്ടങ്ങളും നിങ്ങള്‍ ജാഗരൂകതയോടെ പാലിക്കണം. അന്യദേവന്മാരെ ആദരിക്കരുത്. 
38: ഞാന്‍ നിങ്ങളുമായിചെയ്ത ഉടമ്പടി വിസ്മരിക്കരുത്. അന്യദേവന്മാരെ ആദരിക്കരുത്. 
39: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെയാദരിക്കണം; അവിടുന്നു നിങ്ങളെ ശത്രുക്കളില്‍നിന്നു രക്ഷിക്കും. 
40: അവര്‍ വകവച്ചില്ല; അവര്‍ പഴയപടി ജീവിച്ചു. 
41: അങ്ങനെ ഈ ജനതകള്‍, കര്‍ത്താവിനെ ആദരിക്കുകയും തങ്ങളുടെ കൊത്തുവിഗ്രഹങ്ങളെ സേവിക്കുകയും ചെയ്തു. അവരുടെ മക്കളും മക്കളുടെ മക്കളും തങ്ങളുടെ പിതാക്കന്മാര്‍ ചെയ്തതുപോലെ ഇന്നും ചെയ്തുവരുന്നു.


അദ്ധ്യായം 18

ഹെസക്കിയാ യൂദാരാജാവ്

1: ഇസ്രായേല്‍രാജാവായ ഏലായുടെ പുത്രന്‍ ഹോസിയായുടെ മൂന്നാം ഭരണവര്‍ഷം യൂദാരാജാവായ ആഹാസിൻ്റെ മകന്‍ ഹെസക്കിയാ ഭരണമേറ്റു.
2: അപ്പോളവന്, ഇരുപത്തഞ്ചു വയസ്സായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തൊമ്പതു വര്‍ഷം ഭരിച്ചു. സഖറിയായുടെ മകള്‍ അബി ആയിരുന്നു അവൻ്റെ മാതാവ്.
3: പിതാവായ ദാവീദിനെപ്പോലെ അവന്‍ കർത്താവിൻ്റെമുമ്പില്‍ നീതിപ്രവര്‍ത്തിച്ചു.
4: അവന്‍ പൂജാഗിരികള്‍ നശിപ്പിക്കുകയും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകര്‍ക്കുകയുംചെയ്തു. മോശയുണ്ടാക്കിയ നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടുസര്‍പ്പത്തിൻ്റെമുമ്പില്‍ ഇസ്രായേല്‍ ധൂപാര്‍ച്ചനനടത്തിയതിനാല്‍ അവനതു തകര്‍ത്തു.
5: ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവില്‍ അവന്‍ വിശ്വസിച്ചു. മുന്‍ഗാമികളോ പിന്‍ഗാമികളോആയ യൂദാരാജാക്കന്മാരിലാരും അവനെപ്പോലെ വിശ്വസ്തനായിരുന്നില്ല.
6: അവന്‍ കര്‍ത്താവിനോടൊട്ടിനിന്നു; അവിടുന്നു മോശയ്ക്കു നല്കിയ കല്പനകള്‍ പാലിക്കുകയും അവിടുത്തെ പിന്തുടരുകയുംചെയ്തു.
7: കര്‍ത്താവവനോടുകൂടെയുണ്ടായിരുന്നു അവൻ്റെ ഉദ്യമങ്ങളെല്ലാം ഐശ്വര്യപൂര്‍ണ്ണമായി. അവന്‍ അസ്സീറിയാരാജാവിനെ എതിര്‍ത്തു; അവനെ സേവിച്ചില്ല.
8: അവന്‍ ഫിലിസ്ത്യരെ ഗാസായുടെ അതിര്‍ത്തിവരെയും, കാവല്‍ഗോപുരംമുതല്‍ സുരക്ഷിതനഗരംവരെയും നിഗ്രഹിച്ചു.
9: ഹെസക്കിയാ രാജാവിൻ്റെ നാലാം ഭരണവര്‍ഷം, അതായത്, ഇസ്രായേല്‍രാജാവും ഏലായുടെ പുത്രനുമായ ഹോസിയായുടെ ഏഴാംഭരണവര്‍ഷം, അസ്സീറിയാരാജാവായ ഷല്‍മനേസര്‍ സമരിയായ്‌ക്കെതിരേ ഉപരോധമേര്‍പ്പെടുത്തി.
10: മൂന്നു കൊല്ലത്തിനുശേഷം അവനതു പിടിച്ചടക്കി. ഹെസക്കിയായുടെ ആറാം ഭരണവര്‍ഷം, അതായത്, ഇസ്രായേല്‍രാജാവായ ഹോസിയായുടെ ഒമ്പതാം ഭരണവര്‍ഷം, സമരിയാ അവൻ്റെ അധീനതയിലായി.
11: അസ്സീറിയാരാജാവ് ഇസ്രായേല്‍ക്കാരെ അസ്സീറിയായിലേക്കു കൊണ്ടുപോയി. ഹാലാ, ഗോസാനിലെ ഹാബോര്‍ നദീതീരം, മെദിയാ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചു.
12: കാരണം, അവര്‍ ദൈവമായ കര്‍ത്താവിൻ്റെ സ്വരംശ്രവിക്കാതെ അവിടുത്തെ ഉടമ്പടി ലംഘിക്കുകയും കര്‍ത്താവിൻ്റെ ദാസനായ മോശയുടെ കല്പനകള്‍ പാലിക്കാതിരിക്കുകയുംചെയ്തു. അവര്‍, അവ ശ്രദ്ധിക്കുകയോ അനുസരിക്കുകയോചെയ്തില്ല.

സെന്നാക്കെരിബ് യൂദാ ആക്രമിക്കുന്നു

13: ഹെസക്കിയാരാജാവിൻ്റെ പതിന്നാലാം ഭരണവര്‍ഷം അസ്സീറിയാരാജാവായ സെന്നാക്കെരിബ് യൂദായുടെ സുരക്ഷിതനഗരങ്ങള്‍ ആക്രമിച്ചുകീഴടക്കി.
14: അപ്പോള്‍ യൂദാരാജാവായ ഹെസക്കിയാ അസ്സീറിയാരാജാവിനു ലാഖീഷിലേക്ക് ഈ സന്ദേശമയച്ചു: എനിക്കു തെറ്റുപറ്റി; അങ്ങു പിന്മാറുക. അങ്ങു ചുമത്തുന്ന എന്തും ഞാന്‍ തന്നുകൊള്ളാം. അസ്സീറിയാരാജാവ് യൂദാരാജാവില്‍നിന്നു മുന്നൂറുതാലന്തു വെള്ളിയും മുപ്പതുതാലന്തു സ്വര്‍ണ്ണവും ആവശ്യപ്പെട്ടു.
15: ദേവാലയത്തിലും രാജഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളി ഹെസക്കിയാ അവനു നല്കി.
16: യൂദാരാജാവായ ഹെസക്കിയാ ദേവാലയത്തിൻ്റെ കതകുകളും കട്ടിളക്കാലുകളുംപൊതിഞ്ഞിരുന്ന സ്വര്‍ണ്ണമെടുത്ത്, അസ്സീറിയാരാജാവിനു നല്കി.
17: അസ്സീറിയാരാജാവു ലാഖീഷില്‍നിന്നു താര്‍ത്താന്‍, റബ്‌സാരിസ്, റബ്ഷക്കെ എന്നീ സ്ഥാനികളെ സൈന്യസമേതം ഹെസക്കിയാക്കെതിരേ ജറുസലെമിലേക്കയച്ചു. അവര്‍ ജറുസലെമില്‍ അലക്കുകാരൻ്റെ വയലിലേക്കുള്ള പെരുവഴിയിലൂടെ മുകള്‍ഭാഗത്തെ കുളത്തിലേക്കുള്ള ചാലിനരികെ നിലയുറപ്പിച്ചു.
18: അവര്‍ രാജാവിനെക്കാണണമെന്നാവശ്യപ്പെട്ടപ്പോള്‍ കൊട്ടാരത്തിൻ്റെ മേല്‍നോട്ടക്കാരനും ഹില്‍ക്കിയായുടെ പുത്രനുമായ എലിയാക്കിമും കാര്യസ്ഥനായ ഷെബ്‌നായും, ആസാഫിൻ്റെ മകനും രേഖസൂക്ഷിപ്പുകാരനുമായ യോവാഹും ഇറങ്ങിച്ചെന്നു.
19: റബ്ഷക്കെ അവരോടു പറഞ്ഞു: ഹെസക്കിയായോടു പറയുക: അസ്സീറിയാ മഹാരാജാവു ചോദിക്കുന്നു, നിനക്കിത്ര ധൈര്യമെവിടെനിന്ന്?
20: പൊള്ളവാക്കുകള്‍ യുദ്ധതന്ത്രവും പരാക്രമവുമാണെന്നാണോ വിചാരം? എന്നെയെതിര്‍ക്കാന്‍ നിനക്കാരാണു തുണ?
21: ചാരുന്നവൻ്റെ കൈയ് കുത്തിക്കീറുന്ന ഒടിഞ്ഞ ഞാങ്ങണയാണു നീയാശ്രയിക്കുന്ന ഈജിപ്ത്. ഈജിപ്ത്‌രാജാവായ ഫറവോ, ആശ്രയിക്കുന്നവര്‍ക്കൊക്കെ അങ്ങനെതന്നെയാണ്.
22: എന്നാല്‍, ഞങ്ങളുടെ ദൈവമായ കര്‍ത്താവിലാണു ഞങ്ങള്‍ ആശ്രയിക്കുന്നതെന്നു നിങ്ങള്‍ പറയുന്നെങ്കില്‍, അവിടുത്തെ പൂജാഗിരികളും ബലിപീഠങ്ങളുമല്ലേ, ഹെസക്കിയാ, ജറുസലെമിലെ ഈ ബലിപീഠത്തില്‍ ആരാധിക്കണമെന്നു യൂദായോടും ജറുസലെമിനോടും പറഞ്ഞുകൊണ്ടു നശിപ്പിച്ചുകളഞ്ഞത്?
23: വരുവിന്‍, എൻ്റെ യജമാനനായ അസ്സീറിയാ രാജാവുമായി ഒരു പന്തയം വയ്ക്കുവിന്‍. ഞാന്‍ രണ്ടായിരം കുതിരകളെ തരാം. അവയില്‍ സവാരിചെയ്യാന്‍ നിനക്ക് ആളുകളെക്കിട്ടുമോ?
24: തേരിനും തേരാളിക്കുംവേണ്ടി ഈജിപ്തിനെ ആശ്രയിക്കുന്ന നിനക്ക്, എൻ്റെ യജമാനൻ്റെ സേവകന്മാരില്‍ ഏറ്റവും നിസ്സാരനായ ഒരു സേനാപതിയെ തോല്പിക്കാന്‍കഴിയുമോ?
25: കര്‍ത്താവിനെക്കൂടാതെയാണോ ഈ സ്ഥലം നശിപ്പിക്കാന്‍ ഞാന്‍ വന്നിരിക്കുന്നത്? ഈ ദേശത്തിനെതിരേചെന്ന് അതിനെ നശിപ്പിക്കുകയെന്നു കര്‍ത്താവ് എന്നോടരുളിച്ചെയ്തു.
26: ഹില്‍ക്കിയായുടെ മകന്‍ എലിയാക്കിമും ഷെബ്‌നായും യോവാഹും റബ്ഷക്കെയോടു പറഞ്ഞു: ദയവായി അരമായ ഭാഷയില്‍ സംസാരിക്കുക; ഞങ്ങള്‍ക്കതു മനസ്സിലാകും. കോട്ടമേലുള്ളവര്‍കേള്‍ക്കെ ഞങ്ങളോടു ഹെബ്രായഭാഷയില്‍ സംസാരിക്കരുത്.
27: എന്നാല്‍, റബ്ഷക്കെ അവനോടു പറഞ്ഞു: കോട്ടമേലിരിക്കുന്നവരും സ്വന്തം വിസര്‍ജ്ജനവസ്തുക്കള്‍ ഭുജിക്കാന്‍ നിങ്ങളോടൊപ്പം വിധിക്കപ്പെട്ടിരിക്കുന്നവരുമായ ഇവരോടല്ലാതെ നിങ്ങളോടും നിങ്ങളുടെ യജമാനനോടുംമാത്രം സംസാരിക്കാനാണോ എൻ്റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നത്?
28: റബ്ഷക്കെ നിവര്‍ന്നുനിന്ന് ഉച്ചത്തില്‍ ഹെബ്രായഭാഷയില്‍ വിളിച്ചുപറഞ്ഞു: അസ്സീറിയാ മഹാരാജാവിൻ്റെ വാക്കുകള്‍ ശ്രവിക്കുവിന്‍. രാജാവ് പറയുന്നു,
29: ഹെസെക്കിയാ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. എൻ്റെ കൈയില്‍നിന്നു നിങ്ങളെ രക്ഷിക്കാന്‍ അവനു കഴിവില്ല. കര്‍ത്താവു നമ്മെ നിശ്ചയമായും രക്ഷിക്കും,
30: അസ്സീറിയാ രാജാവിൻ്റെ കൈകളില്‍ നഗരം വിട്ടുകൊടുക്കുകയില്ല എന്നുപറഞ്ഞ് കര്‍ത്താവില്‍ ആശ്രയിക്കാന്‍ ഹെസക്കിയാ നിങ്ങള്‍ക്ക് ഇടയാക്കാതിരിക്കട്ടെ!
31: അവനെ ശ്രദ്ധിക്കരുത്, എന്തെന്നാല്‍, അസ്സീറിയാരാജാവു പറയുന്നു: നിങ്ങള്‍ സഖ്യംചെയ്ത് എന്നോടു ചേരുവിന്‍. അപ്പോള്‍ നിങ്ങള്‍ സ്വന്തം മുന്തിരിയില്‍നിന്നും അത്തിവൃക്ഷത്തില്‍നിന്നും ഭക്ഷിക്കുകയും സ്വന്തം ജലസംഭരണിയില്‍നിന്നു കുടിക്കുകയുംചെയ്യും.
32: അനന്തരം, ഞാന്‍ നിങ്ങളെ ഈ നാടിനു സദൃശമായ ഒരു നാട്ടിലേക്ക്, ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോപ്പുകളും ഒലിവും തേനുമുള്ള ഒരു നാട്ടിലേക്കു കൊണ്ടുപോകും; നിങ്ങള്‍ മരിക്കുകയില്ല, ജീവിക്കും. കര്‍ത്താവു നമ്മെ രക്ഷിക്കുമെന്നുപറഞ്ഞ് നിങ്ങളെ വഴിതെറ്റിക്കുന്ന ഹെസക്കിയായെ ശ്രദ്ധിക്കരുത്.
33: അസ്സീറിയാരാജാവിൻ്റെ കൈകളില്‍നിന്ന് ഏതെങ്കിലും ദേവന്മാര്‍ തങ്ങളുടെ ജനതകളെ രക്ഷിച്ചിട്ടുണ്ടോ?
34: ഹമാത്തിൻ്റെയും അര്‍പാദിൻ്റെയും ദേവന്മാരെവിടെ? സെഫാര്‍വ്വയിം, ഹേനാ, ഇവ്വ എന്നിവയുടെ ദേവന്മാരെവിടെ? അവര്‍ സമരിയായെ എൻ്റെ കൈയില്‍നിന്നു രക്ഷിച്ചോ?
35: ഒരു ദേവനും തൻ്റെ രാജ്യത്തെ എൻ്റെ കൈകളില്‍നിന്നു രക്ഷിക്കാന്‍ കഴിയാതിരിക്കേ, ജറുസലെമിനെ രക്ഷിക്കാന്‍ കര്‍ത്താവിനുകഴിയുമോ?
36: അവനോടു മറുപടി പറയരുതെന്നു രാജാവു കല്പിച്ചിരുന്നതിനാല്‍, ജനം ഒരക്ഷരവും മിണ്ടാതെ നിശ്ശബ്ദരായിരുന്നു.
37: അപ്പോള്‍ കൊട്ടാരവിചാരിപ്പുകാരനും ഹില്‍ക്കിയായുടെ മകനുമായ എലിയാക്കിമും, കാര്യസ്ഥന്‍ ഷെബ്‌നായും ആസാഫിൻ്റെ പുത്രനും രേഖസൂക്ഷിപ്പുകാരനുമായ യോവാഹും വസ്ത്രംകീറി ഹെസക്കിയായുടെ അടുത്തുവന്ന്, റബ്ഷക്കെ പറഞ്ഞതറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ