നൂറ്റിപ്പതിനഞ്ചാം ദിവസം: 2 ദിനവൃത്താന്തം18 - 20


അദ്ധ്യായം 18

ആഹാബ്

1: യഹോഷാഫാത്തിനു സമ്പത്തും പ്രശസ്തിയും വര്‍ദ്ധിച്ചു. അവന്‍ ആഹാബു കുടുംബവുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടു.
2: ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം യഹോഷാഫാത്ത് സമരിയായില്‍ ആഹാബിനെ സന്ദര്‍ശിച്ചു. ആഹാബ് അനേകം ആടുകളെയും കാളകളെയുംകൊന്ന്, അവനെയും കൂടെയുള്ളവരെയും സത്കരിച്ചു. അങ്ങനെ റാമോത്ത്‌-ഗിലയാദിനെതിരേ യുദ്ധംചെയ്യുവാന്‍ തന്നോടു ചേരുന്നതിന് ആഹാബ് അവനെ പ്രേരിപ്പിച്ചു.
3: ഇസ്രായേല്‍രാജാവായ ആഹാബ് യൂദാരാജാവായ യഹോഷാഫാത്തിനോടു ചോദിച്ചു: റാമോത്ത്‌-ഗിലയാദിലേക്ക് നീ എന്നോടുകൂടെ വരുമോയഹോഷാഫാത്ത് മറുപടി പറഞ്ഞു: നീ തയ്യാറാണെങ്കില്‍ ഞാനും തയ്യാര്‍. എന്റെ സൈന്യം നിന്റെ സൈന്യത്തെപ്പോലെതന്നെ. ഞങ്ങള്‍ നിങ്ങളോടൊത്തു യുദ്ധത്തിനു പോരാം.
4: അവന്‍ തുടര്‍ന്നു: ആദ്യം കര്‍ത്താവിന്റെ ഹിതമാരായാം.
5: അപ്പോള്‍ ഇസ്രായേല്‍രാജാവ് പ്രവാചകന്മാരെ വിളിച്ചുകൂട്ടി. അവര്‍ നാനൂറുപേരുണ്ടായിരുന്നു. അവനവരോടു ചോദിച്ചു: റാമോത്ത്‌-ഗിലയാദിനോടു യുദ്ധംചെയ്യാന്‍ ഞാന്‍ പോകണമോ വേണ്ടായോഅവര്‍ പറഞ്ഞു: പോവുക. ദൈവം അതു രാജാവിന്റെ കൈയിലേല്പിക്കും.
6: അപ്പോള്‍ യഹോഷാഫാത്ത് ചോദിച്ചു: കര്‍ത്താവിന്റെ ഇംഗിതമാരായാന്‍ അവിടുത്തെ പ്രവാചകനായി മറ്റാരുമിവിടെയില്ലേഇസ്രായേല്‍രാജാവു പറഞ്ഞു:
7: കര്‍ത്താവിന്റെ ഹിതമാരായാന്‍ ഒരാള്‍കൂടെയുണ്ട്ഇമ്‌ലായുടെ മകന്‍ മിക്കായാ. എന്നാല്‍, എനിക്കവനോടു വെറുപ്പാണ്. അവന്‍, എനിക്കു തിന്മയല്ലാതെ നന്മ ഒരിക്കലും പ്രവചിക്കുകയില്ല. യഹോഷാഫാത്ത് പറഞ്ഞു: രാജാവ് അങ്ങനെ പറയരുതേ!
8: ആഹാബ് ഒരു ഭൃത്യനെ വിളിച്ച് ഇമ്‌ലായുടെ മകന്‍ മിക്കായായെ വേഗം കൂട്ടിക്കൊണ്ടുവരുവാന്‍ കല്പിച്ചു.
9: ഇസ്രായേല്‍രാജാവും യൂദാരാജാവായ യഹോഷാഫാത്തും രാജകീയവസ്ത്രങ്ങളണിഞ്ഞ്, സമരിയായുടെ കവാടത്തിനടുത്തുള്ള മെതിക്കളത്തില്‍ സിംഹാസനത്തിലുപവിഷ്ടരായി. പ്രവാചകന്മാര്‍ അവരുടെ മുമ്പില്‍ പ്രവചിച്ചുകൊണ്ടിരുന്നു.
10: അവരിലൊരാള്‍ കെനാനയുടെ മകന്‍ സെദെക്കിയാ ഇരുമ്പുകൊണ്ടുള്ള കൊമ്പുകള്‍വച്ച് ആഹാബിനോടു പറഞ്ഞു: കര്‍ത്താവരുളിച്ചെയ്യുന്നു. നീ ഇതുകൊണ്ട് സിറിയാക്കാരെ കുത്തി നശിപ്പിക്കും.
11: എല്ലാ പ്രവാചകന്മാരും അതു ശരിവച്ചു പറഞ്ഞു: റാമോത്ത്‌-ഗിലയാദിനെതിരേ നീങ്ങുക. കര്‍ത്താവ്, അതു രാജാവിന്റെ കൈകളിലേല്‍പ്പിക്കും.
12: മിക്കായായെ വിളിക്കാന്‍ചെന്ന രാജസേവകന്‍ അവനോടു പറഞ്ഞു: എല്ലാ പ്രവാചകന്മാരും ഏകസ്വരത്തില്‍ രാജാവിനനുകൂലമായി പ്രവചിച്ചിരിക്കുന്നു. അങ്ങും അവരെപ്പോലെ അനുകൂലമായി പ്രവചിക്കുക.
13: മിക്കായാ പറഞ്ഞു: കര്‍ത്താവാണേ, എന്റെ ദൈവം അരുളിച്ചെയ്യുന്നതെന്തോ അതു ഞാന്‍ പറയും.
14: അവന്‍ വന്നപ്പോള്‍ രാജാവു ചോദിച്ചു: മിക്കായാഞങ്ങള്‍ റാമോത്ത്‌-ഗിലയാദിനെതിരേ യുദ്ധത്തിനു പോകണമോ വേണ്ടായോമിക്കായാ പറഞ്ഞു: പോയി വിജയംവരിക്കുക. കര്‍ത്താവവരെ നിങ്ങളുടെ കൈകളിലേല്പിക്കും. രാജാവു പറഞ്ഞു:
15: കര്‍ത്താവിന്റെ നാമത്തില്‍ എന്നോടു സത്യമേ പറയാവൂ എന്ന് എത്രപ്രാവശ്യം ഞാനാവശ്യപ്പെടണം.
16: അപ്പോള്‍ മിക്കായാ പറഞ്ഞു: ഇടയനില്ലാത്ത ആടുകളെപ്പോലെ ഇസ്രായേല്‍ജനം പര്‍വ്വതങ്ങളില്‍ ചിതറിക്കിടക്കുന്നതു ഞാന്‍ കണ്ടു. ഇവര്‍ക്കു നാഥനില്ലകര്‍ത്താവരുളിച്ചെയ്തിരിക്കുന്നുഇവര്‍ സ്വഭവനത്തിലേക്ക് സമാധാനത്തോടെ മടങ്ങട്ടെ.
17: ഇസ്രായേല്‍രാജാവ്‌ യഹോഷാഫാത്തിനോടു പറഞ്ഞു: ഇവനെനിക്കു തിന്മയല്ലാതെ, ഒരിക്കലും നന്മ പ്രവചിക്കുകയില്ലെന്നു ഞാന്‍ പറഞ്ഞില്ലേ?
18: മിക്കായാ പറഞ്ഞു: കര്‍ത്താവിന്റെ വചനം ശ്രവിക്കുക. കര്‍ത്താവു തന്റെ സിംഹാസനത്തിലുപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. സ്വര്‍ഗ്ഗീയസൈന്യങ്ങള്‍ അവിടുത്തെ ഇടത്തും വലത്തും നിന്നിരുന്നു.
19: അപ്പോള്‍ കര്‍ത്താവു ചോദിച്ചു: ഇസ്രായേല്‍രാജാവായ ആഹാബ് റാമോത്ത്‌-ഗിലയാദില്‍പോയി വധിക്കപ്പെടാന്‍തക്കവണ്ണം ആരവനെ വശീകരിക്കും?
20: ഓരോരുത്തരും ഓരോവിധത്തില്‍ മറുപടി നല്കി. ഒരാത്മാവു മുമ്പോട്ടുവന്നു പറഞ്ഞു: ഞാന്‍ വശീകരിക്കാം. കര്‍ത്താവു ചോദിച്ചു:
21: എങ്ങനെഅവന്‍ പറഞ്ഞു: ഞാന്‍ പോയി അവന്റെ എല്ലാ പ്രവാചകന്മാരുടെയും അധരങ്ങളില്‍ നുണയുടെ ആത്മാവായി ഇരിക്കും. അവിടുന്നരുളിച്ചെയ്തു: പോയി അവനെ വശീകരിക്കുക.
22: നീ വിജയിക്കും. ഇതാ നിന്റെ ഈ പ്രവാചകന്മാരുടെ അധരങ്ങളില്‍ കര്‍ത്താവു വ്യാജത്തിന്റെ ആത്മാവിനെ നിവേശിപ്പിച്ചിരിക്കുന്നു. നിനക്ക് അനര്‍ത്ഥംവരുത്തുമെന്നു കര്‍ത്താവരുളിച്ചെയ്തിരിക്കുന്നു.
23: അപ്പോള്‍ കെനാനായുടെ മകന്‍ സെദെക്കിയാ അടുത്തുചെന്ന് മിക്കായായുടെ ചെകിട്ടത്തടിച്ചുകൊണ്ടു ചോദിച്ചു: നിന്നോടു സംസാരിക്കാന്‍ കര്‍ത്താവിന്റെ ആത്മാവ് എന്നെവിട്ട് ഏതുവഴിക്കാണു നിന്റെയടുത്തെത്തിയത്?
24: അതിനു മിക്കായാ പറഞ്ഞു: ഒളിക്കാന്‍ ഉള്ളറയില്‍ക്കടക്കുന്ന ദിവസം നീയതറിയും.
25: ഇസ്രായേല്‍രാജാവ് കല്പിച്ചു: മിക്കായായെ പിടിച്ചു നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാഷിന്റെയും മുമ്പില്‍കൊണ്ടുചെന്നു പറയുക:
26: ഞാന്‍ സമാധാനത്തില്‍ തിരിച്ചെത്തുന്നതുവരെ അല്പംമാത്രം അപ്പവും വെള്ളവുംകൊടുത്ത് ഇവനെ കാരാഗൃഹത്തില്‍ സൂക്ഷിക്കുക എന്നു രാജാവാജ്ഞാപിക്കുന്നു.
27: മിക്കായാ പറഞ്ഞു: നീ സമാധാനത്തില്‍ മടങ്ങിയെത്തുമെങ്കില്‍ കര്‍ത്താവല്ല എന്നിലൂടെ സംസാരിച്ചത്. ഇതു ജനംമുഴുവന്‍ കേള്‍ക്കട്ടെ!
28: ഇസ്രായേല്‍രാജാവും യൂദാരാജാവായ യഹോഷാഫാത്തും റാമോത്ത് - ഗിലയാദിലേക്കു പുറപ്പെട്ടു.
29: ഇസ്രായേല്‍രാജാവു യഹോഷാഫാത്തിനോടു പറഞ്ഞു: ഞാന്‍ വേഷപ്രച്ഛന്നനായി യുദ്ധക്കളത്തിലേക്കു പോകാംനീ രാജകീയവസ്ത്രം ധരിച്ചുകൊള്ളൂ. അങ്ങനെ ഇസ്രായേല്‍ രാജാവു വേഷംമാറി. അവര്‍ യുദ്ധത്തിനുപോയി.
30: ഇസ്രായേല്‍ രാജാവിനോടല്ലാതെ വലിയവനോ ചെറിയവനോ ആയ ആരോടും പടപൊരുതരുതെന്നു സിറിയാരാജാവു തന്റെ രഥനായകന്മാരോടു കല്പിച്ചിരുന്നു.
31: യഹോഷാഫാത്തിനെ കണ്ടപ്പോള്‍ ഇതാ ഇസ്രായേല്‍രാജാവ് എന്നു പറഞ്ഞ് അവരവനെ ആക്രമിച്ചു. അപ്പോള്‍ യഹോഷാഫാത്ത് നിലവിളിച്ചു. കര്‍ത്താവ് അവനെ സഹായിച്ചു. അവരില്‍നിന്നു ദൈവം അവനെ വിടുവിച്ചു.
32: അവന്‍ ഇസ്രായേല്‍രാജാവല്ല എന്നു മനസ്സിലാക്കിയപ്പോള്‍ രഥനായകന്മാര്‍ അവനെതിരായുള്ള ആക്രമണത്തില്‍നിന്നു പിന്തിരിഞ്ഞു.
33: എന്നാല്‍, യാദൃച്ഛയാ ഒരു ഭടൻ എയ്ത അമ്പ്, ഇസ്രായേല്‍രാജാവിന്റെ മാര്‍ച്ചട്ടയ്ക്കും കവചത്തിനുമിടയില്‍ തുളച്ചുകയറി. അവന്‍ സാരഥിയോടു പറഞ്ഞു: രഥംതിരിച്ച് എന്നെ യുദ്ധക്കളത്തില്‍നിന്നുകൊണ്ടുപോവുക. എനിക്കു മുറിവേറ്റിരിക്കുന്നു.
34: അന്നു ഘോരയുദ്ധംനടന്നു. സന്ധ്യവരെ ഇസ്രായേല്‍രാജാവ് സിറിയാക്കാര്‍ക്കഭിമുഖമായി രഥത്തില്‍ ചാരിനിന്നു. സൂര്യാസ്തമയത്തോടെ അവന്‍ മരിച്ചു.

അദ്ധ്യായം 19

യഹോഷാഫാത്തിന്റെ നവീകരണം
1: യൂദാരാജാവായ യഹോഷാഫാത്ത് സുരക്ഷിതനായി ജറുസലെമിലെ കൊട്ടാരത്തില്‍ മടങ്ങിയെത്തി.
2: അപ്പോള്‍ ഹനാനിയുടെ മകനായ യേഹുദീര്‍ഘദര്‍ശി അവനെക്കാണുവാന്‍ചെന്നു. അവന്‍ രാജാവിനോടു പറഞ്ഞു: നീ അധര്‍മ്മികളെ സഹായിക്കുകയും കര്‍ത്താവിനെ ദ്വേഷിക്കുന്നവരെ സ്‌നേഹിക്കുകയുംചെയ്യുന്നുവോനിന്റെ ഈ പ്രവൃത്തിമൂലം കര്‍ത്താവിന്റെ ക്രോധം നിനക്കെതിരേ പുറപ്പെട്ടിരിക്കുന്നു.
3: എന്നാലും അഷേരാപ്രതിഷ്ഠകളെ നശിപ്പിക്കുകയും ദൈവഹിതമനുസരിച്ചു ജീവിക്കുവാന്‍ ശ്രമിക്കുകയുംചെയ്തതിനാല്‍, നിന്നില്‍ കുറച്ചുനന്മയുണ്ട്.
4: യഹോഷാഫാത്ത് രാജാവ് ജറുസലെമിലാണു വസിച്ചിരുന്നത്. ജനങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുകൊണ്ടുവരുന്നതിനുവേണ്ടി അവന്‍ ബേര്‍ഷെബാമുതല്‍ എഫ്രായിം മലമ്പ്രദേശംവരെ വീണ്ടും സഞ്ചരിച്ചു.
5: യൂദായിലെ സുരക്ഷിത നഗരങ്ങളിലെല്ലാം ന്യായാധിപന്മാരെ നിയമിച്ചു.
6: അവര്‍ക്ക് ഈ നിര്‍ദ്ദേശവുംകൊടുത്തു: നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കണം. കാരണംനിങ്ങള്‍ മനുഷ്യന്റെ പേരിലല്ലകര്‍ത്താവിന്റെപേരിലാണു വിധിപ്രസ്താവിക്കുന്നത്. വിധിപ്രസ്താവിക്കുമ്പോഴെല്ലാം അവിടുന്നു നിങ്ങളോടുകൂടെയുണ്ട്.
7: നിങ്ങള്‍ കര്‍ത്താവിനെ ഭയപ്പെടണം. ശ്രദ്ധയോടെ പ്രവര്‍ത്തിക്കുവിന്‍. അനീതിയും പക്ഷപാതവും കൈക്കൂലിയും അവിടുന്നു പൊറുക്കുകയില്ല.
8: കര്‍ത്താവിന്റെ നാമത്തില്‍ വിധിക്കുന്നതിനും തര്‍ക്കം തീര്‍ക്കുന്നതിനും യഹോഷാഫാത്ത് ഏതാനും ലേവ്യരെയും പുരോഹിതന്മാരെയും കുടുംബത്തലവന്മാരെയും ജറുസലെമില്‍ നിയമിച്ചു.
9: അവിടെയായിരുന്നു അവരുടെ ആസ്ഥാനം. അവന്‍ അവരോടു നിര്‍ദ്ദേശിച്ചു: ദൈവഭയത്തോടും വിശ്വസ്തയോടും പൂര്‍ണ്ണഹൃദയത്തോടുംകൂടെ നിങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുവിന്‍.
10: ഏതെങ്കിലും പട്ടണത്തില്‍നിന്നു നിങ്ങളുടെ സഹോദരര്‍ കൊലപാതകത്തെയോ നിയമംപ്രമാണംകല്പനചട്ടങ്ങള്‍ എന്നിവയുടെ ലംഘനത്തെയോ സംബന്ധിക്കുന്ന പരാതിയുമായി വരുമ്പോള്‍, കര്‍ത്താവിന്റെമുമ്പില്‍ അവര്‍ കുറ്റക്കാരായിത്തീരുകയും അങ്ങനെ നിങ്ങളുടെയും സഹോദരരുടെയുംമേല്‍ അവിടുത്തെ ക്രോധം പതിക്കുകയും ചെയ്യാതിരിക്കേണ്ടതിന്നിങ്ങള്‍ അവര്‍ക്കുവേണ്ട ഉപദേശം നല്കണം. ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ കുറ്റക്കാരാവുകയില്ല.
11: കര്‍ത്താവിനെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കേണ്ടത് പ്രധാന പുരോഹിതനായ അമരിയാ ആണ്. രാജാവിനെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ അന്തിമതീരുമാനം യൂദാഭവനത്തിലെ അധിപനും ഇസ്മായേലിന്റെ മകനുമായ സെബദിയായും. ലേവ്യര്‍ നിങ്ങളുടെ സേവകരായിരിക്കും. ധൈര്യപൂര്‍വ്വം പ്രവര്‍ത്തിക്കുവിന്‍. കര്‍ത്താവു നീതിമാന്റെ പക്ഷത്തായിരിക്കും.

അദ്ധ്യായം 20

ഏദോമിനെതിരേ യുദ്ധം
1: കുറേക്കാലം കഴിഞ്ഞ്, മൊവാബ്യരും അമ്മോന്യരും മേയൂന്യരും ചേര്‍ന്നു യഹോഷാഫാത്തിനെതിരേ യുദ്ധത്തിനു വന്നു.
2: ചിലര്‍ വന്നു യഹോഷാഫാത്തിനോടു പറഞ്ഞു: കടലിനക്കരെ ഏദോമില്‍നിന്ന് ഒരു വലിയ സൈന്യം നിനക്കെതിരേ വരുന്നു. ഇതാ അവര്‍ ഹാസോന്‍ താമറില്‍, അതായത് എന്‍ഗേദിയില്‍ എത്തിക്കഴിഞ്ഞു.
3: അവന്‍ ഭയന്നു കര്‍ത്താവിങ്കലേക്കുതിരിയാന്‍ തീരുമാനിക്കുകയും യൂദായിലെങ്ങും ഉപവാസം പ്രഖ്യാപിക്കുകയുംചെയ്തു.
4: കര്‍ത്താവിന്റെ സഹായംതേടാന്‍ യൂദാനിവാസികള്‍ ഒരുമിച്ചുകൂടി. അവര്‍ കര്‍ത്താവിനെ അന്വേഷിച്ചു യൂദായിലെ എല്ലാ നഗരങ്ങളിലുംനിന്നു വന്നു.
5: ദേവാലയത്തിന്റെ മുമ്പിലുള്ള പുതിയ അങ്കണത്തില്‍ സമ്മേളിച്ച യൂദാ - ജറുസലെം നിവാസികളെ സംബോധനചെയ്തുകൊണ്ട്‌ യഹോഷാഫാത്ത് പറഞ്ഞു:
6: ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവേഅവിടുന്നു സ്വര്‍ഗ്ഗസ്ഥനായ ദൈവമാണല്ലോ. ഭൂമിയിലുള്ള സകലജനതകളെയും അവിടുന്നാണല്ലോ ഭരിക്കുന്നത്. അങ്ങയുടെ കരം കരുത്തുറ്റതും പ്രബലവുമാണ്. അങ്ങയോട് എതിര്‍ത്തുനില്‍ക്കാന്‍ ആര്‍ക്കു കഴിയും?
7: ഞങ്ങളുടെ ദൈവമേഅങ്ങു സ്വന്തംജനമായ ഇസ്രായേലിന്റെ മുമ്പില്‍നിന്ന് ഈ ദേശത്തെ നിവാസികളെ തുരത്തുകയും അങ്ങയുടെ സ്‌നേഹിതനായ അബ്രാഹമിന്റെ സന്തതികള്‍ക്ക് അതു ശാശ്വതാവകാശമായി നല്‍കുകയും ചെയ്തില്ലേ?
8: അവര്‍ അവിടെ വസിക്കുകയും അങ്ങയുടെ നാമത്തിന് ഒരാലയം പണിയുകയുംചെയ്തു.
9: അവര്‍ പറഞ്ഞു: യുദ്ധംഈതിബാധമഹാമാരിക്ഷാമം എന്നിങ്ങനെ അനര്‍ത്ഥങ്ങള്‍ ഞങ്ങളുടെമേല്‍ പതിക്കുമ്പോള്‍, അങ്ങയുടെ നാമം അധിവസിക്കുന്ന ഈ ആലയത്തിനു മുമ്പില്‍, അങ്ങയുടെ മുമ്പില്‍വന്നു ഞങ്ങള്‍ ഞങ്ങളുടെ ദുരിതങ്ങളുടെ ആഴത്തില്‍നിന്നു വിളിച്ചപേക്ഷിച്ചാല്‍ അങ്ങു ഞങ്ങളുടെ പ്രാര്‍ത്ഥന ശ്രവിച്ചു ഞങ്ങളെ രക്ഷിക്കും.
10: ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പോരുമ്പോള്‍ അങ്ങ് അനുവദിക്കായ്കയാല്‍ ആക്രമിച്ചു നശിപ്പിക്കാതെ ഒഴിവാക്കിയ അമ്മോന്യര്‍, മൊവാബ്യര്‍, സെയിര്‍ പര്‍വ്വത നിവാസികള്‍ എന്നിവര്
11: അങ്ങു ഞങ്ങള്‍ക്ക് അവകാശമായിത്തന്ന ഈ ദേശത്തുനിന്ന് ഞങ്ങളെ തുരത്താന്‍ വന്നിരിക്കുന്നു. ഇതാണ് അവര്‍ ഞങ്ങള്‍ക്കു നല്‍കുന്ന പ്രതിഫലം.
12: ഞങ്ങളുടെ ദൈവമേഅങ്ങ് അവരുടെമേല്‍ ന്യായവിധി നടത്തുകയില്ലേഞങ്ങള്‍ക്കെതിരേവരുന്ന ഈ വലിയ സൈന്യവ്യൂഹത്തോടു പൊരുതാന്‍ ഞങ്ങള്‍ അശക്തരാണ്. എന്തു ചെയ്യേണ്ടു എന്നു ഞങ്ങള്‍ക്കറിയില്ല. എങ്കിലും ഞങ്ങള്‍ അങ്ങയെ അഭയംപ്രാപിക്കുന്നു.
13: യൂദായിലെ പുരുഷന്മാരെല്ലാവരും കുട്ടികളോടും ഭാര്യമാരോടും കുഞ്ഞുങ്ങളോടുംകൂടെ കര്‍ത്താവിന്റെ മുമ്പില്‍ നില്‍ക്കുകയായിരുന്നു.
14: അപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ്സഭാമദ്ധ്യേ നിന്നിരുന്ന ആസാഫ് വംശജനും ലേവ്യനുമായ യഹസിയേലിന്റെമേല്‍ വന്നു. അവന്‍ സഖറിയായുടെയും സഖറിയാ ബനായായുടെയുംബനായാ ജയീയേലിന്റെയും ജയീയേല്‍ മത്താനിയായുടെയും മകനായിരുന്നു.
15: യഹസിയേല്‍ പറഞ്ഞു: യൂദായിലും ജറുസലെമിലും വസിക്കുന്നവരും യഹോഷാഫാത്ത് രാജാവും കേള്‍ക്കട്ടെ! കര്‍ത്താവ് നിങ്ങളോടരുളിച്ചെയ്യുന്നു: നിങ്ങള്‍ ഭയപ്പെടേണ്ടാ. നിങ്ങളല്ലദൈവമാണു പൊരുതുന്നത്. നാളെ അവര്‍ക്കെതിരേ പുറപ്പെടുക.
16: സീസ്‌ കയറ്റം കയറിയായിരിക്കും അവര്‍ വരുന്നത്. യരുവേല്‍ മരുഭൂമിയുടെ കിഴക്ക്, താഴ്‌വര അവസാനിക്കുന്നിടത്തുവച്ചു നിങ്ങള്‍ അവരെ നേരിടും.
17: ഈ യുദ്ധത്തില്‍ നിങ്ങള്‍ പൊരുതേണ്ടിവരുകയില്ല. യൂദാ - ജറുസലെം നിവാസികളേഅണിനിരന്നു കാത്തുനില്‍ക്കുവിന്‍. കര്‍ത്താവുതരുന്ന വിജയം നിങ്ങള്‍ കാണും. നിങ്ങള്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ. നാളെ അവര്‍ക്കെതിരേ നീങ്ങുവിന്‍. കര്‍ത്താവു നിങ്ങളോടുകൂടെയുണ്ട്.
18: അപ്പോള്‍ യഹോഷാഫാത്ത് സാഷ്ടാംഗപ്രണാമംചെയ്തു. യൂദായിലെയും ജറുസലെമിലെയും നിവാസികളും കുമ്പിട്ടു കര്‍ത്താവിനെ വണങ്ങി.
19: കൊഹാത്യരും കോറഹ്യരുമായ ലേവ്യര്‍ എഴുന്നേറ്റുനിന്ന് ഉച്ചത്തില്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ സ്തുതിച്ചു.
20: പിറ്റേദിവസം അതിരാവിലെ അവര്‍ തെക്കോവാ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവര്‍ പുറപ്പെടുമ്പോള്‍ യഹോഷാഫാത്ത് അവരെ അഭിസംബോധനചെയ്തു പറഞ്ഞു: യൂദാ - ജറുസലെംനിവാസികളേ കേള്‍ക്കുവിന്‍. നിങ്ങളുടെ ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കുവിന്‍. നിങ്ങള്‍ സുരക്ഷിതരായിരിക്കുംഅവിടുത്തെ പ്രവാചകന്മാരെ വിശ്വസിക്കുവിന്‍. നിങ്ങള്‍ വിജയംവരിക്കും.
21: വിശുദ്ധവസ്ത്രങ്ങളണിഞ്ഞ്സൈന്യങ്ങളുടെ മുമ്പേ നടന്ന്കര്‍ത്താവിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍. അവിടുത്തെ അചഞ്ചലസ്‌നേഹം ശാശ്വതമാണ് എന്നുപാടാന്‍ ജനങ്ങളുമായി ആലോചിച്ച്അവന്‍ ഗായകരെ നിയോഗിച്ചു.
22: അവര്‍ പാടിസ്തുതിക്കാന്‍ തുടങ്ങിയപ്പോള്‍ യൂദായെ ആക്രമിക്കാന്‍വന്ന അമ്മോന്യര്‍, മെവാബ്യര്‍, സെയിര്‍ പര്‍വ്വത നിവാസികള്‍ എന്നിവര്‍ക്കെതിരേ കര്‍ത്താവു കെണിയൊരുക്കിഅവര്‍ തുരത്തപ്പെട്ടു.
23: അമ്മോന്യരും മൊവാബ്യരും ഒരുമിച്ചു സെയിര്‍ പര്‍വ്വതനിവാസികളോടു പൊരുതി അവരെ നിശ്ശേഷം നശിപ്പിച്ചു. അതിനുശേഷം അമ്മോന്യരും മൊവാബ്യരും അന്യോന്യമാക്രമിച്ച് അവരും നശിച്ചു.
24: യൂദാസൈന്യം മരുഭൂമിയിലെ കാവല്‍ഗോപുരത്തില്‍വന്നു ശത്രുസൈന്യത്തെ നോക്കിയപ്പോള്‍ ശവശരീരങ്ങള്‍ നിലത്തു കിടക്കുന്നതാണു കണ്ടത്. ആരും രക്ഷപെട്ടിരുന്നില്ല.
25: യഹോഷാഫാത്തും സൈന്യവും അവരെ കൊള്ളയടിക്കാന്‍ ചെന്നു. വളരെയധികം ആടുമാടുകളും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വിശിഷ്ടവസ്തുക്കളും അവിടെയുണ്ടായിരുന്നു. ഓരോരുത്തരും ചുമക്കാവുന്നത്ര സാധനങ്ങള്‍ ശേഖരിച്ചു. അവരുടെ കൊള്ള മൂന്നുദിവസം നീണ്ടു. അത്രയേറെയുണ്ടായിരുന്നു അത്.
26: നാലാംദിവസം അവര്‍ ബറാക്കാത്താഴ്‌വരയില്‍ ഒന്നിച്ചുകൂടി. അവിടെ അവര്‍ കര്‍ത്താവിനെ വാഴ്ത്തി. അതുകൊണ്ടാണ്അതിനു ബറാക്കാത്താഴ്‌വര എന്നു പേര്‍ ലഭിച്ചത്.
27: ശത്രുക്കളുടെമേല്‍ കര്‍ത്താവ് നല്കിയ വിജയത്തില്‍ ആഹ്ലാദിച്ചുകൊണ്ടു യൂദാ - ജറുസലെംനിവാസികള്‍ യഹോഷാഫാത്തിന്റെ നേതൃത്വത്തില്‍ ജറുസലെമിലേക്കു മടങ്ങി.
28: വീണകിന്നരംകാഹളം എന്നിവയുടെ അകമ്പടിയോടെ അവര്‍ ജറുസലെമില്‍ കര്‍ത്താവിന്റെ ഭവനത്തിലെത്തി.
29: ഇസ്രായേലിന്റെ ശത്രുക്കള്‍ക്കെതിരേ കര്‍ത്താവു പൊരുതിയെന്നു കേട്ടപ്പോള്‍ ചുറ്റുമുള്ള ജനതകളെയെല്ലാം ദൈവത്തെക്കുറിച്ചുള്ള ഭയം ബാധിച്ചു.
30: യഹോഷാഫാത്തിന്റെ ഭരണം സമാധാനപൂര്‍ണ്ണമായിരുന്നു. അവന്റെ രാജ്യത്തിനുചുറ്റും ദൈവം സ്വസ്ഥത നല്കി.
31: അങ്ങനെ യഹോഷാഫാത്ത് യൂദായില്‍ ഭരണമാരംഭിക്കുമ്പോള്‍ അവനു മുപ്പത്തിയഞ്ചു വയസ്സായിരുന്നു. അവന്‍ ഇരുപത്തിയഞ്ചുവര്‍ഷം ജറുസലെമില്‍ ഭരിച്ചു. ഷില്‍ഹിയുടെ മകള്‍ അസൂബായായിരുന്നു അവന്റെ അമ്മ.
32: അവന്‍ തന്റെ പിതാവായ ആസായുടെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ചില്ല. കര്‍ത്താവിന്റെ മുമ്പാകെ നീതിയായതു പ്രവര്‍ത്തിച്ചു.
33: എങ്കിലും പൂജാഗിരികള്‍ നീക്കംചെയ്തില്ല. തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തില്‍ ജനം ഹൃദയമുറപ്പിച്ചിരുന്നില്ല.
34: യഹോഷാഫാത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യവസാനം ഹനാനിയുടെ മകനായ യേഹുവിന്റെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇസ്രായേല്‍രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നു.
35: ഒടുവില്‍ യൂദാരാജാവായ യഹോഷാഫാത്ത് ഇസ്രായേല്‍രാജാവായ അഹസിയായുമായി സഖ്യത്തിലേര്‍പ്പെട്ടു. അഹസിയാ ദുഷ്‌കര്‍മ്മിയായിരുന്നു.
36: താര്‍ഷീഷിലേക്കു പോകുന്നതിന് എസിയോന്‍ഗേബെറില്‍വച്ച് കപ്പലുകള്‍ നിര്‍മ്മിച്ചത് അവരൊന്നിച്ചാണ്.
37: മരേഷായിലെ ദോദാവാഹുവിന്റെ പുത്രന്‍ എലിയേസര്‍ യഹോഷാഫാത്തിനെതിരേ പ്രവചിച്ചു പറഞ്ഞു: അഹസിയായുമായി സഖ്യംചെയ്തതിനാല്‍ നീ നിര്‍മ്മിച്ചതെല്ലാം കര്‍ത്താവു നശിപ്പിക്കും. ആ കപ്പലുകളെല്ലാം ഉടഞ്ഞുതകര്‍ന്നു. താര്‍ഷീഷിലേക്കു പോകുവാന്‍ അവയ്ക്കു കഴിഞ്ഞില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ